Wednesday, July 20, 2011

മഅ്ദനി: ഈ അന്യായത്തടവില്‍ നമ്മളും കുറ്റവാളികളാണ്


നിഷ്ഠൂരനായ ഭരണാധികാരിയില്‍ നിന്ന് ഹിംസ്ര ജന്തുവില്‍ നിന്നെന്നപോലെ ജനം ഓടിയകലുമെന്ന് പറഞ്ഞത് ചൈനയിലെ പഴയ തത്വജ്ഞാനി കണ്‍ഫ്യൂഷ്യസാണ്. ഓടിപ്പോകാതിരിക്കാന്‍ പിന്നീട് ഭരണാധികാരികള്‍ ജയിലുകള്‍ പണിതു. കണ്‍ഫ്യൂഷ്യസ് തന്നെ പറഞ്ഞ ഒരു കഥയുണ്ട്. കാട്ടില്‍വെച്ച് ഭാര്യയെയും കുഞ്ഞിനെയും കരടി പിടിച്ചുതിന്ന് കരഞ്ഞിരിക്കുന്ന ഒരു മനുഷ്യന്റെ കഥ. അവനോട് എന്നിട്ടും  നിങ്ങളെന്താണ് നാട്ടില്‍ പോകാതെ ഇവിടെത്തന്നെ ഇരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു. നാട്ടില്‍ പോകാന്‍ പാടില്ല, അവിടെ ഭരണാധികാരിയുണ്ട്. മനുഷ്യനെ കൊന്നുതിന്നുന്ന കരടിയേക്കാള്‍ ഭീകരരായ ഭരണകൂടങ്ങള്‍. സ്വന്തം പ്രജകളെ തിന്ന് അധികാരത്തിന്റെ വിശപ്പ് മാറ്റുന്ന ഭരണാധികാരികള്‍. അധികാരം ഒരാസക്തിയാണ്. ആ ആസക്തിയില്‍ കൊല്ലപ്പെടുന്നവനും തിന്നുന്നവനുമുണ്ട്.
എല്ലാവരുടെയും സുരക്ഷക്ക് മനുഷ്യന്‍ കണ്ടുപിടിച്ച സംവിധാനമാണ് ആധുനിക ജനാധിപത്യ ഭരണകൂടമെന്നത്. എന്നാല്‍ പ്രയോഗത്തില്‍ അത് പലപ്പോഴും ഒരു കെണിയാണ്. ദുര്‍ബല ജനവിഭാഗങ്ങള്‍ ചെന്നുകുരുങ്ങുന്ന കെണി. അഴിക്കാനാവാത്ത കുരുക്കായി അവരുടെ ജീവിതത്തെ മുറുക്കുന്ന കെണി. ഈയൊരു പാഠത്തിന്റെ പാഠപുസ്തകമാണ് മഅ്ദനി. ഒരു മഹാ മഞ്ഞുമലയുടെ മുകളില്‍ കാണാന്‍ കഴിയുന്ന മുകള്‍പ്പരപ്പ് മാത്രമാണ് മഅ്ദനി. നമുക്ക് പേരറിയാത്ത, നമ്മുടെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം പേരുപോലുമില്ലാത്ത ആയിരക്കണക്കിന് ചെറുപ്പക്കാര്‍, മുതിര്‍ന്നവര്‍ ജനാധിപത്യത്തിന്റെ ജയിലറകളിലുണ്ട്. മഅ്ദനിക്കുവേണ്ടിയുള്ള മുഴുവന്‍ സമരങ്ങളും ഈ നിരപരാധികള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ കൂടിയാണ്.
അടിയന്തിരാവസ്ഥയിലെ തടവുകാര്‍ നമുക്ക് കവിതയുടെ ഇതിവൃത്തവും സിനിമക്ക് താരക്കഥയുമാണ്. അവര്‍ കേരളത്തിന്റെ ഒരളവിലും നക്‌സലൈറ്റുകള്‍ അല്ലാത്തവരുടെ ഉള്‍പ്പെടെ ദേശീയ പുരുഷന്മാരാണ്. മണിപ്പൂരിലെ ഇറോം ചാനു ശര്‍മിളയെക്കുറിച്ച് ബംഗാളി സാഹിത്യത്തിലെ അമ്മ മാഹേശ്വതദേവി ഇങ്ങ് കേരളത്തില്‍ വന്ന് സംസാരിക്കുന്നുണ്ട്. ഇവിടെ ഇവിടുത്തെ മണ്ണിന്റെ ഒരു പുത്രന്‍ കര്‍ണ്ണാടകയില്‍ ജയിലില്‍ കിടക്കുമ്പോഴാണ് മഹേശ്വതാദേവി ഇതുപറയുന്നത് എന്ന് ഓര്‍ക്കുക മാത്രമാണ്.
മലയാളിക്ക് ഏറ്റവും പേടി പോലീസിനെയാണ്. അഥവാ ഭരണകൂടത്തെ. അവന്‍/അവള്‍ എന്നും ആരാധനയോടെ നോക്കിക്കണ്ടിരുന്നത് അധികാരത്തെയാണ്. അധികാരം ഒരാളെ കുറ്റവാളി എന്നുവിളിച്ചാല്‍ അവനുവേണ്ടി ശബ്ദിക്കാന്‍ ധൈര്യപ്പെടാതിരിക്കാന്‍ മാത്രം ഭരണകൂടം ഭീകരമായ സാന്നിധ്യമാണ് നമ്മുടെ സമൂഹത്തില്‍. അതിനെ മുറിച്ചുകടന്നേ ജനാധിപത്യത്തെ അര്‍ഥപൂര്‍ണമാക്കാനാവൂ.
ഒരു മനുഷ്യനെ പത്ത് കൊല്ലത്തോളം വിചാരണത്തടവുകാരനായി തൊട്ടടുത്ത ഒരു സംസ്ഥാനത്ത് ജയിലില്‍ പാര്‍പ്പിക്കുക, പിന്നെ നിരപരാധിയാണെന്ന് പറഞ്ഞ് വിട്ടയക്കുക. ഒന്നോ രണ്ടോ കൊല്ലത്തിനുശേഷം തൊട്ടടുത്ത മറ്റൊരു സംസ്ഥാനത്ത് വീണ്ടും വിചാരണത്തടവുകാരനായി ജയിലിലിടുക. എന്നിട്ട് നമുക്കൊന്നും തോന്നാതിരിക്കുക. ഇത് ചികിത്സ ആവശ്യപ്പെടുന്ന ഒരു സമൂഹ മനോരോഗമല്ലേ?
മഅ്ദനി ഒരു മുസ്‌ലിമാണ്. അതുകൊണ്ട്, കുറ്റവാളിയല്ല എന്ന് തെളിയുന്നതുവരെ കുറ്റവാളിയാകാന്‍ സാധ്യതയുള്ള ഒരാളാണ്. മുസ്‌ലിം മൗലികമായി ഭീകരനാണെന്ന സാമ്രാജ്യത്വ സിദ്ധാന്തവും ഫാഷിസ്റ്റ് പ്രചാരണവും നാം സാമ്രാജ്യത്വവിരുദ്ധരും ഫാഷിസത്തിന്റെ എതിരാളികളും ആയിരിക്കെത്തന്നെ നമ്മുടെ കൂടി ബോധമാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
തീവ്രവാദം ഒരു വ്യവസായമാണ്. ഭരണകൂടം തന്നെ നോക്കിനടത്തുന്ന ഒരു വ്യവസായം. യഥാര്‍ഥ തീവ്രവാദികള്‍ അതിലെ പാര്‍ട്‌ണേഴ്‌സാണ്. അറിഞ്ഞും അറിയാതെയും ഈ കച്ചവടത്തില്‍ പങ്കാളികളാവുന്ന പാര്‍ട്‌ണേഴ്‌സ്. ഈ വ്യവസായത്തിന് അസംസ്‌കൃത വസ്തുക്കളെ ആവശ്യമുണ്ട്. കാശ്മീര്‍ താഴ്‌വരയില്‍ പോയി ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍, കോഴിക്കോട് നഗരത്തില്‍ ഇരട്ട സ്‌ഫോടനം നടത്താന്‍. അങ്ങനെ മുസ്‌ലിം ജനവിഭാഗത്തെ മുഴുവന്‍ എഴുതപ്പെടാത്ത കുറ്റപത്രത്തിലെ പ്രതികളാക്കി മാറ്റാന്‍. ഇസ്‌ലാമിന്റെ എല്ലാ പ്രതിനിധാനങ്ങളെയും ഭീകരവാദത്തിന്റെ പ്രതീകങ്ങളാക്കിത്തീര്‍ക്കാന്‍. തീവ്രവാദം നമ്മുടെ പോലീസ് അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒരു വരുമാന സ്രോതസ്സാണ്. എന്തിന് മഅ്ദനിയെ അന്യായമായി അകത്തിടുന്നു. രോഷാകുലരാവുന്ന ചെറുപ്പക്കാരില്‍ കുറച്ചുപേരെങ്കിലും നമ്മുടെ ജനാധിപത്യത്തില്‍ നിരാശരായി തീവ്രവാദികളായി കിട്ടിയാലോ എന്ന ആശയാണ് ഈ തടവിന്റെ പ്രേരകം. തീവ്രവാദം എന്ന വ്യവസായത്തിന് കുറേക്കൂടി അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കാനുള്ള ഒരാസൂത്രിത ശ്രമം. ഭരണകൂട ഭീകരതയെ ഭീകരവാദം കൊണ്ടല്ല ജനാധിപത്യം കൊണ്ട് ചികിത്സിച്ച് മുസ്‌ലിം സമുദായത്തെയും ജനാധിപത്യത്തെയും അബ്ദുന്നാസിര്‍ മഅ്ദനിയെയും നമുക്ക് ഒരേസമയം രക്ഷിക്കേണ്ടതുണ്ട്. ്

Wednesday, July 13, 2011

ഇത്തരമൊരു പ്രസ്ഥാനം തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവന

ഈ പ്രസ്താവന കേവലാര്‍ഥത്തില്‍ പ്രതിലോമകരമാണെന്നറിയാം.  കാരണം പ്രസ്ഥാനം പ്രസ്ഥാനത്തിനുവേണ്ടിയല്ല.  അത് മഹത്തായ ചില ലക്ഷ്യങ്ങള്‍ക്കുള്ള ഉപകരണമാണ്.  പക്ഷേ, നമ്മുടെ സംഘടനാ കാലുഷ്യങ്ങള്‍ക്കിടയിലിരുന്ന് ആലോചിക്കുമ്പോള്‍ ഈ പ്രസ്താവന ഏറെ പ്രസക്തമാണ്.  ഇസ്‌ലാമിന്റെ സമകാലിക പ്രതിനിധാനത്തിനുള്ള ആത്മാര്‍ഥ ശ്രമമാണ് ഇസ്‌ലാമിക പ്രസ്ഥാനം. ഇസ്‌ലാമിന്റെ സമകാലിക പ്രതിനിധാനത്തെക്കുറിച്ച് ഇങ്ങനെ അന്വേഷണം നടത്താനും ചര്‍ച്ച ചെയ്യാനും വേദിയൊരുക്കുന്ന ഒരു പ്രസ്ഥാനം എന്നതു തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ സംഭാവന. സംവാദാത്മകത എന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം ഒഴിവാക്കാനാവാത്ത സഹജഗുണമാണ്.  ജമാഅത്തെ ഇസ്‌ലാമിയോട് വിയോജിപ്പിന്റെ വലിയ വിടവുകള്‍ ഉള്ളവരാണെങ്കിലും യോജിപ്പിന്റെ എന്തെങ്കിലും ബിന്ദുക്കളുണ്ടെങ്കില്‍ പ്രസ്ഥാനവുമായി പ്രാസ്ഥാനികമായി തന്നെ സംസാരിക്കാം.
സംഘടനയുടെ ബുദ്ധിയും വിഭവശേഷിയും മാത്രമുപയോഗിച്ചല്ല പ്രസ്ഥാനം  ഒരിക്കലും മുന്നോട്ടുപോവാന്‍ ശ്രമിച്ചത്. വിമര്‍ശകരെ വരെ ശ്രവിച്ചും ശ്രദ്ധിച്ചുമാണ് അത് എന്നും അതിന്റെ മൂലധനം സ്വരൂപിച്ചത്.  ഇങ്ങനെ നമുക്കൊരു ഇസ്‌ലാമിക പ്രസ്ഥാനമുണ്ട്.  അതിന്റെ തന്നെ പേജിലും വേദിയിലും സഭാമര്യാദകള്‍ പാലിച്ചുകൊണ്ട് നിങ്ങള്‍ക്കതിനെ വിമര്‍ശിക്കാം, നിരൂപണം ചെയ്യാം, കൂട്ടിച്ചേര്‍ക്കാം,  ശക്തിപ്പെടുത്താം.  കാരണം, അത് പ്രതിനിധീകരിക്കുന്ന ഇസ്‌ലാം സംഘടനയുടെ സ്വകാര്യസ്വത്തല്ല.  അതിന്റെ അടിത്തറയില്‍ അത് ലക്ഷ്യം വെക്കുന്ന മനുഷ്യവിമോചനവും എല്ലാവരുടെയും ആവശ്യമാണ്.  അതുകൊണ്ട് തന്നെ ഈ പ്രസ്ഥാനത്തില്‍ ആര്‍ക്കുമിടപെടാം.  എന്തെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും ഇത്തരമൊരു പ്രസ്ഥാനം നമുക്കുണ്ട് എന്നത് ഏതൊരു ഇസ്‌ലാം സ്‌നേഹിയെ സംബന്ധിച്ചും ജനാധിപത്യവാദിയെ സംബന്ധിച്ചും സന്തോഷകരമാണ്.  ആ സന്തോഷത്തിന്റെ പങ്കുവെയ്പായിരുന്നു കഴിഞ്ഞ ലക്കങ്ങളില്‍ പ്രബോധനത്തില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച. ഒരു പ്രസിദ്ധീകരണം എന്ന നിലക്ക് അത് അനിശ്ചിതമായി തുടരുന്നതിന് പ്രബോധനത്തിന് പരിമിതികള്‍ ഉണ്ടാവാം.  ഒരു സംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമി ഇത്തരം ചര്‍ച്ച മറ്റു രീതിയില്‍ തുടരാന്‍ തന്നെയാണ് സ്വാഭാവികമായും ആഗ്രഹിക്കുന്നത്.
മലയാളത്തിലെ ചില മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ നിരന്തരമായ ജമാഅത്ത് വിരുദ്ധ കാമ്പയിന്‍ ഇപ്പോള്‍ പ്രത്യേകമായി സംഘടിപ്പിക്കുന്നുണ്ട്. ഒരു മുജാഹിദ് ഗ്രൂപ്പാണ് ഇപ്പോള്‍ അതില്‍ ഓടി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. പ്രബോധനം ജമാഅത്തെ ഇസ്‌ലാമിയെത്തന്നെ ചര്‍ച്ചക്കെടുത്തപ്പോള്‍ ശബാബിന്റെ ഇക്കാലയളവിലെ ചര്‍ച്ചാ വിഷയവും ജമാഅത്തെ ഇസ്‌ലാമി തന്നെയായിരുന്നു.  അതില്‍ ചിലര്‍ ഇപ്പോഴും ഇസ്‌ലാമിസ്റ്റുകളായി തുടരുന്നവരാണ്.  ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശത്തെ തള്ളിപ്പറയാത്തവരാണ്.  നയനിലപാടുകളില്‍ വിയോജിപ്പുള്ളവരാണ്. മറ്റു ചിലര്‍ സാമൂഹിക മണ്ഡലത്തില്‍ ജമാഅത്തുമായും അതിന്റെ വിദ്യാര്‍ഥി യുവജനസംഘടനകളുമായും പ്രശ്‌നാധിഷ്ഠിതമായി സഹകരിക്കുന്നവരാണ്. ഈ പ്രശ്‌നമുഖത്തൊന്നും മുജാഹിദിന്റെ ഈ യുവസുഹൃത്തുക്കളെ കാണാറുമില്ല. ജമാഅത്തും ഇത്തരം സുഹൃത്തുക്കളും തമ്മിലെ വിശദാംശത്തിലെ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ താല്‍ക്കാലികമായ ചില അഭിപ്രായാന്തരങ്ങളെ ആഘോഷിക്കുന്നതില്‍ ഈ മുജാഹിദ് യുവതെക്കെന്താണ് കാര്യം? കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനം ആശയപരമായും പ്രായോഗികമായും ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്കും ചര്‍ച്ച ചെയ്യാനുള്ളത് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് തന്നെയാണ്.  കേരളത്തിലെ മുസ്‌ലിം മതസംഘടനകള്‍ ജമാഅത്ത് നോക്കി പ്രസ്ഥാനങ്ങളായി മാറുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. ജമാഅത്തിന്റെ ആദര്‍ശം പോലുമല്ല, അതിന്റെ സൂക്ഷ്മ നയനിലപാടുകളാണ് ഇതര സംഘടനാ പ്രസിദ്ധീകരണങ്ങളുടെ പ്രധാന ഇതിവൃത്തം. ഇതൊരു സംഘടന നേടിയെടുത്ത വളര്‍ച്ചയുടെ അടയാളം കൂടിയാണ്.

വിമര്‍ശനത്തിന്റെ സമകാലിക   പരിസരം
ജമാഅത്തെ ഇസ്‌ലാമി വളരെ ശക്തമായി വിമര്‍ശിക്കപ്പെടുന്ന സന്ദര്‍ഭമാണിത്.  ജമാഅത്തെ ഇസ്‌ലാമി പൊതു സമൂഹവുമായി ഏറ്റവുമടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ കാലവുമാണിത്. ഇവിടത്തെ പൊതുമണ്ഡലത്തിന്റെ ആരോഗ്യത്തിന് ഹാനികരമായ വാക്കോ പ്രവൃത്തിയോ ജമാഅത്തിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല.  എന്നല്ല, ജാതിമതഭേദമന്യേ മനുഷ്യരുടെ നിരവധി പ്രശ്‌നങ്ങളില്‍ നിരന്തരമായി അത് ഇടപെട്ടുകൊണ്ടിരിക്കുന്നു. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല എന്ന് മാത്രമല്ല, സാധ്യമാവുന്ന സേവനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏത് സംഘടനയായാലും അത് രാഷ്ട്രീയ സംഘടനയാവട്ടെ, മതസംഘടനയാവട്ടെ, അതിനാല്‍ അനാഥരാക്കപ്പെട്ടവരോ വിധവകളാക്കപ്പെട്ടവരോ ആയി ചിലരെങ്കിലും കേരളത്തിലുണ്ടാവും;  ഉണ്ട്.  ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചും പോഷക സംഘടനകളെക്കുറിച്ചുമുള്ള സാക്ഷ്യം നേര്‍വിപരീതമാണ്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്റെ ഇര ഉദയന്റെ അമ്മ പറയുന്നു: ''ഞങ്ങള്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം സോളിഡാരിറ്റിയാണ്. ആ അമ്മ നന്ദിയോടെ ഓര്‍ക്കുന്നു. വീടിന്റെ മുഴുവന്‍ ചെലവും പഠനച്ചെലവും പൂര്‍ണമായും വഹിക്കുന്നത് ഈ സംഘടനയാണ്. ഉദയന് നടക്കാന്‍ അവര്‍ നല്‍കിയ താങ്ങില്‍ ഊന്നിനടന്ന് അവന്‍ തന്റെ ആഹ്ലാദം ഞങ്ങളോട് പങ്കുവെച്ചു''  (മധുരാജ്, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ഡിസംബര്‍ 26).
എന്നിട്ടും മറ്റേതൊരു പ്രസ്ഥാനത്തേക്കാളും അത് വിമര്‍ശിക്കപ്പെടുന്നതിന് ഒറ്റക്കാരണമേ ഉള്ളൂ.  അത് സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നു എന്നതു മാത്രമാണ്. അതുകൊണ്ട് തന്നെ ഈ വിമര്‍ശനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയെ ഒട്ടും പ്രയാസപ്പെടുത്തുന്നില്ല. പൊതുമണ്ഡലത്തിലെ ഈ വിമര്‍ശനങ്ങളെ അത് സന്തോഷപൂര്‍വം എതിരേല്‍ക്കുന്നു.
ഇപ്പോള്‍ ജമാഅത്ത് വിമര്‍ശനം കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ രണ്ട് കാരണങ്ങളിലൊന്ന്  ആഗോള വ്യാപകമായി സാമ്രാജ്യത്വം ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന  ഇസ്‌ലാമോഫോബിയയാണ്. ഈ ചര്‍ച്ചക്ക് തുടക്കം കുറിച്ച് കൊണ്ട് ഡോ. പി.എ അബൂബക്കര്‍ സൂചിപ്പിച്ചത് പോലെ, ജമാഅത്ത് വിമര്‍ശകരില്‍ അധികപേരും യഥാര്‍ഥത്തില്‍ വിമര്‍ശിക്കുന്നത് ജമാഅത്തിനെയല്ല, ഇസ്‌ലാമിനെയാണ്. ഏറ്റവും ചുരുങ്ങിയത് സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെയെങ്കിലുമാണ്. മുസ്‌ലിം സമൂഹത്തിലെ സഹോദര സംഘടനകള്‍ അറിഞ്ഞും അറിയാതെയും അതിന് കോറസ് പാടുന്നു എന്നു മാത്രം.
1987 മുതല്‍ ജമാഅത്തെ ഇസ്‌ലാമി തുടര്‍ച്ചയായി ഇവിടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുന്നുണ്ട്. നേരത്തെ അത് ഉണ്ടാക്കാത്ത വിവാദങ്ങള്‍ ഇപ്പോള്‍ ഉണ്ടാവുന്നതിന്റെ ഒരു കാരണം സംഘടന നേടിയ വളര്‍ച്ചയും വിപുലമായ ജനശ്രദ്ധയുമാണ്. അതിനേക്കാള്‍ പ്രധാനമായ മറ്റൊരു കാരണം ഇപ്പോള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമോ ഫോബിയയാണ്. ഇസ്‌ലാമിനെ അതിന്റെ ഏറ്റവും സാന്ദ്രതയില്‍ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി തന്നെയാണ് അതിന്റെ ആക്രമണത്തിന് വിധേയനാവാന്‍ ഏറ്റവും യോഗ്യന്‍.
എതിര്‍പ്പിന്റെ തന്നെ മറ്റൊരു രൂപമാണ് തമസ്‌ക്കരണം. പ്രത്യേകിച്ച് മാധ്യമ തമസ്‌ക്കരണം. ജമാഅത്തും പോഷക സംഘടനകളും സംഘടിപ്പിക്കുന്ന ശ്രദ്ധേയമായ പൊതുജനോപകാര പ്രധാനമായ പരിപാടികളെ നമ്മുടെ മാധ്യമങ്ങള്‍ അവഗണിക്കാറാണ് പതിവ്. ഇസ്‌ലാമിക സാമൂഹികതയോടും രാഷ്ട്രീയത്തോടുമുള്ള ഭയവും ശത്രുതയും മാത്രമാണതിന് കാരണം. ഈ ശത്രുതയും ഭയവുമാകട്ടെ സാമ്രാജത്വം ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതുമാണ്. സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര മാധ്യമ പിന്തുണ ലഭിക്കുന്നില്ലെന്ന് ചില അഭ്യുദയകാംക്ഷികള്‍ പരിഭവം പ്രകടിപ്പിക്കാറുണ്ട്. ഇസ്‌ലാമിക സാമൂഹിക മുന്നേറ്റങ്ങളെ ഭയപ്പെടുന്ന സാമൂഹിക സാഹചര്യമാണ് ഈ തമസ്‌ക്കരണത്തിന്റെ യഥാര്‍ഥ കാരണം. ഇസ്‌ലാമിനു കൂടി സ്വതന്ത്രമായി പങ്കുചേരാവുന്ന പൊതുമണ്ഡലം രൂപപ്പെടുന്ന സമയത്ത് മാത്രമേ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ മാധ്യമ പിന്തുണ ലഭിക്കുകയുള്ളൂ. പ്രസ്ഥാനം ഈ അവഗണനക്കെല്ലാമിടയിലും നടത്തുന്ന മുന്നേറ്റങ്ങളും ബദല്‍ മാധ്യമങ്ങളിലൂടെ (പോസ്റ്റര്‍, തെരുവ്‌യോഗം, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, ജനസമ്പര്‍ക്ക പരിപാടികള്‍) അത് നേടിയെടുക്കുന്ന തുറസ്സും ജനപിന്തുണയും തുളകള്‍ വീഴ്ത്തുന്നത് ഇസ്‌ലാമോഫോബിയയുടെ ഘനാന്ധകാരത്തിനാണ്. പൊതുമണ്ഡലത്തില്‍ പ്രസ്ഥാനം വെക്കുന്ന ഓരോ ചുവടും അത് നേടുന്ന ചെറിയ വിജയവും ഇസ്‌ലാമോഫോബിയക്കേല്‍പ്പിക്കുന്ന പ്രഹരങ്ങളാണ്. ഇത്തരം നിരവധി മുന്നേറ്റങ്ങളിലൂടെയാണ് ഇസ്‌ലാം പേടിയുടെ ധൂമപടലം വകഞ്ഞുമാറ്റപ്പെടുക. ജമാഅത്തെ ഇസ്‌ലാമിക്കെതിരായ ആക്ഷേപത്തിനും അവഗണനക്കും അതിനുമപ്പുറത്തെ മാനങ്ങളുണ്ടെന്നര്‍ഥം. ജമാഅത്തെ ഇസ്‌ലാമി ഒരേസമയം ഇസ്‌ലാമോഫോബിയയുടെ ഇരയും അതിനെ പതുക്കെ പതുക്കെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന പടയാളിയുമാണ്.
പ്രസ്ഥാനം ഇപ്പോള്‍ തീവ്രമായി എതിര്‍ക്കപ്പെടുന്നതിന്റെ മറ്റൊരു കാരണം അത് പ്രായോഗിക രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. അഥവാ അതിന്റെ മുന്‍കൈയില്‍ ചില പ്രായോഗിക രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നു എന്നതാണ്. കിനാലൂര്‍ പ്രശ്‌നത്തിന്റെയും 'കോട്ടക്കല്‍ ഇടയലേഖന'ത്തിന്റെയും കാരണം പ്രായോഗിക രാഷ്ട്രീയ നീക്കങ്ങളാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശത്തിനോ ലക്ഷ്യത്തിനോ അടിസ്ഥാന സാഹിത്യങ്ങള്‍ക്കോ പുതുതായി എന്തോ സംഭവിച്ചതല്ല ഈ എതിര്‍പ്പിന്റെ കാരണം. മതവേഷമണിഞ്ഞാടുന്ന വിമര്‍ശന ശകാരകോലങ്ങളുടെ പിന്നിലുള്ളതും കക്ഷി രാഷ്ട്രീയം തന്നെയാണ്.
ഇസ്‌ലാമിന്റെ മൂല്യങ്ങളും വിമോചനപരതയും രാഷ്ട്രീയ മണ്ഡലത്തിലേക്ക് കൊണ്ടുവരിക എന്നത് അതിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതുവഴി ദൈവിക മൂല്യങ്ങളും നിയമങ്ങളും രാജ്യത്ത് സംസ്ഥാപിക്കുക എന്നതും. അതുകൊണ്ട് തന്നെ ഒരിക്കലും സമുദായത്തിലെ മറ്റു മതസംഘടനകളെ പോലെ സാമുദായിക കക്ഷി രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉപഗ്രഹ സംഘടനയായല്ല അത് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഏറ്റവും ശക്തമായി രംഗത്തുവരുന്നതും സ്ഥിരം ജമാഅത്ത് വിമര്‍ശകരുടെ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്നതും മുസ്‌ലിം ലീഗാണ്.
പക്ഷേ, ലീഗില്‍ നിന്ന് വിഭിന്നമായ രാഷ്ട്രീയ നിലപാടുകള്‍ ജമാഅത്ത് സ്വീകരിക്കുന്നു എന്നത് പുതിയ സംഭവവികാസമല്ല. വിഭജനം മുതല്‍ അടിയന്തരാവസ്ഥവരെയും തര്‍ക്കഭൂമിയില്‍ നടന്ന ശിലാന്യാസം മുതല്‍ ഐസ്‌ക്രീം പാര്‍ലര്‍വരെയും ഇതിന്റെ പൂര്‍വ ദൃഷ്ടാന്തങ്ങളാണ്. അത്തരമൊരു രാഷ്ട്രീയം കുറേക്കൂടി പ്രായോഗിക രൂപത്തിലേക്ക് വികസിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. അതിന്റെ സ്വാഭാവിക സംഘര്‍ഷങ്ങള്‍ മാത്രമാണ് ലീഗിനും ജമാഅത്തിനുമിടയില്‍ നടക്കുന്നത്. അതില്‍ ലീഗ് ഇസ്‌ലാമോഫോബിയയുടെ സാധ്യതകളെ പരമാവധി ജമാഅത്തിനെതിരെ പ്രയോജപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നുമാത്രം.
ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെല്ലാം അവയുടെ ചരിത്രത്തിലെ രണ്ടാംദശ എന്ന അര്‍ഥത്തില്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. അത് സ്വാഭാവികമായും അങ്ങേയറ്റം ബഹുസ്വരവും മാനവികവുമാണ്. ശരിയായ ഇസ്‌ലാമിക രാഷ്ട്രീയത്തിന് അങ്ങനെയാവാനേ കഴിയൂ.
മാഫിയാരാഷ്ട്രീയം മതമൂല്യങ്ങളുടെ ഈ രാഷ്ട്രീയവല്‍ക്കരണത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതില്‍ പ്രത്യേകിച്ചൊരത്ഭുതത്തിനും വകയില്ല. ഇത്തരമൊരു സംഘര്‍ഷം ഇസ്‌ലാമിക സാമൂഹിക പ്രസ്ഥാനത്തിന് നീട്ടിവെക്കാന്‍ കഴിയുമായിരുന്നില്ല. അതിലൂടെ കടന്നുപോവുകയും അതിജീവിക്കുകയും ചെയ്യുക എന്നതു തന്നെയാണ് അതിന്റെ ചരിത്ര ദൗത്യം. മതമൂല്യങ്ങളുടെ രാഷ്ട്രീയവല്‍ക്കരണമെന്നത് രാജ്യത്തോടും ജനങ്ങളോടും അതിനു നിര്‍വഹിക്കാനുള്ള അടിയന്തര കര്‍ത്തവ്യമാണ്.
ശക്തിപ്പെടുന്ന ജമാഅത്ത് വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ഇത്തരമൊരു സ്ഥൂല രാഷ്ട്രീയം മാത്രമല്ല ശക്തമായ ചില സൂക്ഷ്മ രാഷ്ട്രീയങ്ങളുമുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനം വെല്ലുവിളിയായിത്തീരുന്നത് സാമ്രാജ്യത്വത്തിനു മാത്രമല്ല, ഇവിടത്തെ സവര്‍ണ ഏക സംസ്‌ക്കാരവാദത്തിനു കൂടിയാണ്. അതേപോലെ ഭരണകൂട ഭീകരതയെ ധീരമായി ചെറുക്കാന്‍ ശ്രമിക്കുന്ന, അത്തരം ശ്രമങ്ങളെ ധീരമായി ചെറുക്കുന്നതിന് നിര്‍ലോഭമായി പിന്തുണക്കുന്ന ഒരു ഗ്രൂപ്പ് എന്ന നിലയില്‍ ഭരണകൂട ഭീകരതയുടെ ഏജന്‍സികളുടെ എക്കാലത്തെയും പ്രധാന ശത്രുവാണ് ഈ പ്രസ്ഥാനം.  ഇപ്പോള്‍ ഭരണകൂട ഭീകരതയും അതിനെതിരായ ചെറുത്തുനില്‍പ്പുകളും ശക്തിപ്പെട്ട സാഹചര്യത്തില്‍ ആ എതിര്‍പ്പിന്റെ വീര്യവും വര്‍ധിച്ചിരിക്കുന്നു. കേരളത്തിലെ സ്ഥിരം ജമാഅത്ത് വിമര്‍ശകരെ പരിശോധിച്ചാല്‍ അവര്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരായാലും, ദേശീയം എന്ന ചെലവില്‍ സവര്‍ണ, മൃദുഹിന്ദുത്വ താല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുന്നവരാണെന്നു കാണാന്‍ കഴിയും. അവര്‍ ദുര്‍ബല ജനവിഭാഗത്തെ വേട്ടയാടുന്ന ഭരണകൂടത്തിന്റെ പൊതുസമൂഹ പ്രതിനിധികളാണ്. മലയാളത്തിലെ പ്രമുഖനായ ഒരു ജമാഅത്ത് വിമര്‍ശകന്റെ, ഈയിടെ പുറത്ത് വന്ന ജമാഅത്ത് വിമര്‍ശന പുസ്തകം പ്രമോട്ട് ചെയ്യുന്ന ഏജന്‍സികളിലൊന്ന് സര്‍ക്കാര്‍ ഇന്റലിജന്‍സ്. ഭരണകൂട ഭീകരതയുടെ ശാസ്ത്രീയ വിതരണക്കാരാണിവര്‍. വ്യാജ ഇടതുപക്ഷ വേഷമിട്ട്, ജനതക്കെതിരെ യുദ്ധം ചെയ്യുന്ന ഭരണകൂടത്തിന്റെ പേറോളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരം വിമര്‍ശകര്‍.
ഈ രണ്ട് സാമൂഹിക വിരുദ്ധശക്തികളുടെയും വേട്ടയാടലുകള്‍ അനുഭവിക്കുന്നതിലും ജമാഅത്തെ ഇസ്‌ലാമിക്ക് ഹൃദയം നിറഞ്ഞ സന്തോഷം മാത്രമേയുള്ളൂ. മാവോ സേതുങ് പറഞ്ഞ പോലെ, ശത്രുവിനാല്‍ എതിര്‍ക്കപ്പെടുക എന്നത് ഒരു മോശം കാര്യമല്ല. ഈ പ്രതിലോമശക്തികളാല്‍ രൂക്ഷമായി എതിര്‍ക്കപ്പെടാന്‍ മാത്രം ജമാഅത്ത് സാമൂഹിക പ്രസക്തമാണ് എന്നതില്‍ സംഘടനക്ക് സന്തോഷമുണ്ട്. ജമാഅത്ത് വിരോധത്തിന്റെ സാമൂഹിക പശ്ചാത്തലവും മനശ്ശാസ്ത്രവും ഇനിയും ആഴത്തില്‍ പഠിക്കപ്പെടേണ്ടതുണ്ട്. അവയില്‍ മിക്കതും ഒരിക്കലും കേവല സംഘടനാ വിമര്‍ശനങ്ങള്‍ അല്ല.
ഈ ചര്‍ച്ചയില്‍ ആരോഗ്യകരമായ പല നിരൂപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പല വീക്ഷണങ്ങളുള്ളവര്‍ പങ്കുചേരുന്ന ഒരു ചര്‍ച്ച എന്ന നിലയില്‍ അവക്കിടയില്‍ വൈരുധ്യങ്ങള്‍ ഉണ്ടാവുക എന്ന സ്വാഭാവികതയും ഇവിടെ ഉണ്ട്. പാരമ്പര്യം എന്ന പേരില്‍ അരങ്ങുവാണ ജീര്‍ണതകള്‍ക്കെതിരായ തീക്ഷ്ണ പോരാട്ടത്തിനിടയില്‍ പാരമ്പര്യവുമായി ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഉണ്ടാവേണ്ടിയിരുന്ന ജൈവികമായ ബന്ധത്തിന് കുറച്ചിലുകള്‍ സംഭവിച്ചിട്ടുണ്ട്. അത് പരിഹരിക്കാന്‍ ദേശീയ തലത്തില്‍ തന്നെ സംഘടന ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്.
ആത്മീയതയെക്കുറിച്ച് പറയുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ പ്രവര്‍ത്തനത്തിനിടയില്‍ സവിശേഷമായ ഒരാത്മീയ സംസ്‌ക്കാരം വളര്‍ത്തിയെടുത്തിട്ടുണ്ട്. ഇബ്‌റാഹീം ബേവിഞ്ച സൂചിപ്പിച്ചപോലെമതസംഘടനകള്‍ വരെ അധികാരപ്പോരില്‍നെടുകെപിളരുമ്പോള്‍, പിളര്‍പ്പിന്റെ ദുര്‍ഗന്ധം കാരണം സമൂഹം ഇസ്‌ലാമിക സംഘടനകളെയും നേതാക്കന്മാരെയും വെറുക്കുന്ന കാലത്ത് ഒരാഭ്യന്തര സംഘര്‍ഷവുമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയുന്നത് സംഘടനയുടെ ഈ ആത്മീയ ബലം കൊണ്ടാണ്.
ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധത്തിന്റെ സംസ്‌കാരം പ്രായോഗിക തലത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംഭാവന ചെയ്തിട്ടുണ്ട്. സ്ത്രീയെ ശരീരം മാത്രമായി നോക്കികാണുന്ന പുരോഹിത വീക്ഷണത്തിനും മുതലാളിത്തക്കാഴ്ചക്കുമെതിരായ സമരവും തിരുത്തുമാണ് ജമാഅത്ത് വിജയകരമായി വളര്‍ത്തിയെടുത്ത ഈ സ്ത്രീ പുരുഷ ബന്ധ സംസ്‌കാരം. ആണും പെണ്ണും ഒരുമിച്ചു ചേര്‍ന്നാല്‍ നടക്കുക ആഭാസകരമായ കാര്യങ്ങളാണെന്ന സംസ്‌കാര ശൂന്യതയുടെ മനോഘടനയെ പ്രായോഗിക മാതൃകയിലൂടെ തകര്‍ക്കാനാണ് ജമാഅത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതും ലോകവ്യാപകമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നല്‍കിയ സാംസ്‌കാരിക സംഭാവനയാണ്. ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധം സാംസ്‌ക്കാരത്തിന്റെ ഏറ്റവും വലിയ സൂചകമാണ്. ഇസ്‌ലാമിന്റെ ഇത്തരമൊരു പ്രായോഗികാവിഷ്‌ക്കാരം ജമാഅത്ത് നിരന്തരം നിര്‍വഹിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്‌ലാം വിമര്‍ശകരുടെ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് പ്രായോഗികമായ മറുപടി ഇതില്‍ ഉള്ളടങ്ങിയിട്ടുണ്ട്.
പ്രബോധനം പല ചര്‍ച്ചകള്‍ക്കും വേദിയൊരുക്കിയിട്ടുണ്ട്. ഇപ്പോള്‍ പ്രസ്ഥാനത്തെക്കുറിച്ചു തന്നെയുള്ള ഒരു പരമ്പരയായി എന്നുമാത്രം. ഈ ചര്‍ച്ചയെയും പ്രയോജനപ്പെടുത്തി പ്രസ്ഥാനം അതിന്റെ പ്രയാണം തുടരും. മനുഷ്യന്റെ എല്ലാ ആവിഷ്‌ക്കാരത്തിനും ഒരു അപൂര്‍ണതയുണ്ട്. അതിനെ പൂര്‍ണമാക്കാനുള്ള തീരാത്ത ദാഹമാണ് അവന്റെ ഊര്‍ജസ്രോതസ്സ്. ദൈവിക മാര്‍ഗദര്‍ശനത്തെ നമ്മുടെ സാമൂഹിക സന്ദര്‍ഭത്തിനകത്ത് ആവിഷ്‌ക്കരിക്കുകയാണ്, പ്രതിനിധാനം ചെയ്യുകയാണ് ഇസ്‌ലാമിക പ്രസ്ഥാനം ചെയ്യുന്നത്. മനുഷ്യന്റെ പരിശ്രമം എന്ന നിലക്കുള്ള അതിന്റെ അപൂര്‍ണതയെ, പോരായ്മയെ ദൈവിക വെളിച്ചത്തിലേക്ക് നിരന്തരം നവീകരിക്കേണ്ടതുണ്ട്, വളര്‍ത്തേണ്ടതുണ്ട്. അപൂര്‍ണതയില്‍ നിന്ന് പൂര്‍ണതയിലേക്കുള്ള, ഒരിക്കലും പൂര്‍ത്തിയാവാത്ത നിരന്തര പ്രയാണമാണ് മനുഷ്യന്റെ നൈതികവും ദൈവികവുമായ ഏത് സര്‍ഗാവിഷ്‌ക്കാരവും. അപൂര്‍ണതയുടെ പൂര്‍ണതയിലേക്കുള്ള ഈ സഞ്ചാരവഴിയില്‍ എല്ലാ നിരൂപകരും വിമര്‍ശകരും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ  സഹായികളാണ്.

Sunday, May 29, 2011

മൗദൂദിചിന്ത: ചോരണവാദത്തിന്റെ ഉപരിപ്ലവത


ഏത് പുരോഗമനാശയവും യൂറോപ്പില്‍ നിന്നേ ഉദിക്കൂ എന്ന അന്ധവിശ്വാസം ഒഴിയാ ബാധയായിത്തുടരുന്ന കുറേ പേര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഇനി യൂറോപ്പിനു പുറത്താണെങ്കില്‍ അത് യൂറോപ്യന്‍ ആശയാവലികളുടെ അനുകരണമാവാനേ തരമുള്ളൂ എന്ന യൂറോസെന്‍ട്രിസത്തിന്റെ മാറ്റൊലിയാണ് ഹമീദ് ചേന്ദമംഗല്ലൂര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2011 ജനുവരി 2) എഴുതിയ ലേഖനം. അബുല്‍ അഅ്‌ലാ മൗദൂദിയുടെ ആശയാവലികള്‍ കാള്‍മാക്‌സ്, ഹെഗല്‍, അന്റോണിയോ ഗ്രാംഷി എന്നിവരുടെ അനുകരണവും ചോരണവുമായിരുന്നു എന്നാണ് ഹമീദ് ആരോപിക്കുന്നത്. 
ഖുര്‍ആനെക്കുറിച്ചുതന്നെ ഹമീദിന്റെ ഗുരുവര്യന്‍മാര്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അത് ബൈബിളിന്റെ വികൃതാനുകരണം മാത്രമാണ്. അഥവാ പാശ്ചാത്യരുടെ മതസംസ്‌കൃതിയായ യഹൂദ ക്രൈസ്തവ പാരമ്പര്യത്തിന്റെ കോപ്പിയടിയാണ്. ഇത്തരം വാദഗതികള്‍ ഉല്‍പാതിപ്പിച്ച് വിതരണം ചെയ്യുന്ന പാശ്ചാത്യ പഠനശാഖയായ ഓറിയന്റലിസത്തെ ചോദ്യം ചെയ്യുന്ന പോസ്റ്റ്‌കൊളോണിയല്‍, പോസ്റ്റ്‌മോഡേണ്‍ ചിന്തകളോടുള്ള തന്റെ പക ഹമീദ് ചേന്ദമംഗല്ലൂര്‍ പലവട്ടം വെളിപ്പെടുത്തിയതാണ്.


''1962 ല്‍ താഖി നബാനി രൂപം നല്‍കിയ ഹിസ്ബുത്വാഹിര്‍'' എന്ന് ഹമീദ് എഴുതുന്നുണ്ട്. തഖിയുദ്ദീന്‍ നബാനിയാണ് സ്ഥാപകന്‍. താഖി നബാനിയല്ല, സംഘടനയുടെ പേര്‍ ഹിസ്ബു ത്വാഹിര്‍എന്നല്ല. ഹിസ്ബുത്തഹ്‌രീര്‍ എന്നാണ്. ത്വാഹിര്‍ എന്ന അറബി പദത്തിന്റെ അര്‍ത്ഥം ശുദ്ധിയുള്ളവന്‍ എന്നാണ്. തഹ്‌രീര്‍ എന്നാല്‍ സ്വാതന്ത്ര്യം. അറബി വികൃതമായും തെറ്റായും  എഴുകയും പറയുകയും ചെയ്താലേ വെസ്റ്റേണ്‍ സ്റ്റാന്റേഡ് ഉണ്ടാകൂ എന്ന പാശ്ചാത്യാനുരാഗത്തിന്റെ അല്‍പത്തമാണ് ഈ വികൃതാവതരണത്തിന്റെ കാരണം.
വൈജ്ഞാനിക രംഗത്ത് ഓറിയന്റലിസത്തെയും സാംസ്‌കാരിക രംഗത്ത് സവര്‍ണ മുഖ്യധാരയേയും രാഷ്ട്രീയ രംഗത്ത് ഭരണകൂട പ്രത്യയശാസ്ത്രത്തെയും കൃത്യമായി പിന്തുടരുന്ന ഒരാളാണ് ലേഖകന്‍. ഈ മൂന്നിനെതിരെയും ഉയരുന്ന എല്ലാ ശബ്ദങ്ങള്‍ക്കുമെതിരെ പൊരുതുക എന്നതാണ്   ഹമീദ് ചേന്ദമംഗല്ലൂര്‍ ഏറ്റെടുത്ത സാംസ്‌കാരിക രാഷ്ട്രീയ ദൗത്യം. പുതിയലോകത്തിന്റെ എല്ലാ ചിന്താ ഉണര്‍വ്വുകളോടും  ശത്രുത പ്രഖ്യാപിക്കുകയും ഒരുമാറ്റത്തിനും വിധേയനാകാതിരിക്കുകയും ലോകത്തിനോ ഇസ്‌ലാമിസ്റ്റുകള്‍ക്കോ സംഭവിക്കുന്ന ഗുണകരമായ  ഒരു മാറ്റത്തെയും മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്ന മരവിപ്പിന്റെ മലയാള അക്ഷരപ്രതിനിധാനമാണ് ഹമീദ് ചേന്ദമംഗല്ലൂര്‍. അദ്ദേഹം തന്റെ ലേഖനത്തില്‍ ഒന്നിലധികം തവണ ഉദ്ധരിക്കുന്ന ഇര്‍ഫാന്‍ അഹ്മദിന്റെ ISLAM AND DEMOCECY IN INDIA The Transformation of Jamaathe Islami എന്ന പുസ്തകം മുന്നോട്ടു വെക്കുന്ന കേന്ദ്രാശയം കഴിഞ്ഞ അറുപത് വര്‍ഷമായി ജമാഅത്തെ ഇസ്‌ലാമിയും പൊതുസമൂഹവും തമ്മിലുള്ള സംവാദത്തിന്റെയും ഇടപഴകലിന്റെയും ഫലമായി ജമാഅത്തിനും പൊതുസമൂഹത്തിനുമുണ്ടായ ഗുണപരമായ മാറ്റങ്ങളാണ്.
മാറ്റങ്ങളുടെ വൈരാളിയാണ് ഹമീദ്. പക്ഷെ അദ്ദേഹത്തിന് അദ്ദേഹം പോലുമറിയാതെ മാറേണ്ടിവരുന്നു എന്നതിന്റെ സാക്ഷ്യം കൂടിയാണീ ലേഖനം എന്നതാണ് രസകരമായ വസ്തുത. മൗദൂദി ഗോള്‍വാള്‍ക്കറുടെ ഇസ്‌ലാം പതിപ്പാണെന്നാണ് ഹമീദ് ഇക്കാലമത്രയും പറഞ്ഞതും എഴുതിയതും. ഗോള്‍വാള്‍ക്കര്‍ കാള്‍മാക്‌സിനെയും ഗ്രാംഷിയെയും അനുകരിച്ചതായി പറഞ്ഞുകേട്ടിട്ടില്ല. ഹിറ്റ്‌ലറെയും മുസ്സോളിനിയെയും അനുകരിച്ചു എന്നാണ് സത്യം. മൗദൂദിയുടെ അസ്സല്‍ ഗോള്‍വാള്‍ക്കറാണെന്ന നിരന്തര പ്രചരണത്തില്‍ നിന്ന് അത് ഹെഗല്‍ മുതല്‍ ഗ്രാംഷി വരെയുള്ളവരാണെന്ന അഭിപ്രായമാറ്റം ശ്രദ്ധേയമാണ്. ഒരു മാറ്റത്തിനും ഒരുക്കമല്ലാത്തവരെ പോലും മാറ്റിക്കളയുന്ന ചരിത്രത്തിന്റെ ഡൈനാമിക്‌സ് അത്യുജ്വലമാണ്, പ്രതീക്ഷാ നിര്‍ഭരമാണ്.
ഹെഗലിനെയും മൗദൂദിയെയും താരതമ്യം ചെയ്യുന്ന ലേഖകന്റെ വാദമുഖം മാത്രം പരിശോധിച്ചാല്‍ ഈ മോഷണാരോപണം എത്ര ഉപരിപ്ലവമാണെന്ന് ബോധ്യമാകും.''ഇന്ന് മനസ്സിലാക്ക പ്പെടുന്ന അര്‍ത്ഥത്തിലുള്ള സ്റ്റേറ്റ് എന്ന സങ്കല്‍പം ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്തോ തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ലെന്ന വസ്തുത മൗദൂദി വിസ്മരിക്കുന്നു. പക്ഷെ പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്റ്റേറ്റിനെ ദൈവത്തിന്റെ അടയാളമായി ഹെഗല്‍ അവതരിപ്പിച്ചിട്ടുണ്ട്. മൗദൂദിയുടെ ഇസ്‌ലാമികസ്റ്റേറ്റിന് അതിനോടാണ് സാമ്യം''.എന്നാണ് ലേഖകന്‍ പറയുന്നത്. രാഷ്ട്രമാണ് ആത്യന്തികമായ ആശയത്തിന്റെ (idea) അല്ലെങ്കില്‍ ആത്മാവിന്റെ (soul) പ്രകാശിത രൂപം എന്നാണ് ഹെഗല്‍ സിദ്ധാന്തിച്ചത്. കാള്‍മാക്‌സ് ഇതിനെ വിമര്‍ശിച്ചുകൊണ്ട് പറയുന്നത് ജനങ്ങളല്ല രാഷ്ട്രമാണ് പ്രധാനമെന്ന് ഹെഗല്‍ വിവക്ഷിക്കുന്നു വെന്നാണ്. രാഷ്ട്രമെന്ന യാഥാര്‍ത്ഥ്യം ആത്മാവിന്റെ ദൃഷ്ടി പ്രകടനമാണെങ്കില്‍ അതിന് അതിന്റേതായ ഇച്ഛാശക്തിയുണ്ടായിരിക്കണം. ഇച്ഛാശക്തിയുടെ (will) ദൃഷ്ടിരൂപമാണ് പരമാധികാരം. (soveriengty ) എന്ന് ഹെഗല്‍ വാദിച്ചു. അപ്പോള്‍ രാഷ്ട്രമുണ്ടാകുന്നത് ജനങ്ങളില്‍ നിന്നല്ല. ആത്മാവാകുന്ന യാഥാര്‍ത്ഥ്യം ദൃഷ്ടരൂപം കൈകൊള്ളുന്നതാണ് രാഷ്ട്രം. ആ ദൃഷ്ട യാഥാര്‍ത്ഥ്യത്തിന്റെ ഇഷ്ടികകള്‍ മാത്രമാണ് വ്യക്തികളും കുടുംബങ്ങളുമെന്ന് ഹെഗല്‍ ചിന്തിച്ചതായി തോന്നുമെന്ന് മാര്‍ക്‌സ് നിരീക്ഷിക്കുന്നു. ഹെഗലിന്റെ ചിന്തയില്‍ രാജാവെന്നു പറയുന്ന യാഥാര്‍ത്ഥ്യം സമൂഹത്തില്‍നിന്നുണ്ടാവുന്നതല്ല. അത് സ്വയംഭൂ ആണെന്നു വദിക്കുവാന്‍ മാത്രം അത്രക്ക് ആസ്ത്രിയന്‍ മൊണാര്‍ക്കിയുടെ അടിമയായിരുന്നു ഹെഗലെന്ന് മാര്‍ക്‌സ് നിരൂപിക്കുന്നുണ്ട്.
ഇനി അധികാരത്തെക്കുറിച്ച് ഇസ്‌ലാം മുന്നോട്ടു വെക്കുന്നതും മൗദൂദി ആധുനിക രാഷ്ട്രീയ ചര്‍ച്ചാമണ്ഡലത്തില്‍ അവതരിപ്പിച്ചതുമായ കാഴ്ചപ്പാട് എന്തായിരുന്നു ?. അധികാരത്തിന്റെ പ്രഭവ കേന്ദ്രം ദൈവമാണ്. ഭൂമിയില്‍ അതവന്‍ നല്‍യിരിക്കുന്നത് മനുഷ്യര്‍ക്കാണ് (ഖുര്‍ആന്‍ 2:30). ദൈവത്തെ അംഗീകരിക്കുന്നവര്‍ക്കാണ്. ''ഇത്തരം ഒരു സൊസൈറ്റിയാല്‍ ഒരു വ്യക്തിയുടെയോ വിഭാഗത്തിന്റെയോ ഏകാധിപത്യത്തിന് തീരെ പഴുതുണ്ടാവുകയില്ല. ഇവിടെ ഓരോ വ്യക്തിയും ഖലീഫയാണ്. മുസ്‌ലിംജനസാമാന്യത്തിന്റെ ഖിലാഫത്തധികാരം അപഹരിച്ച് സ്വയം ഏകാധിപതി ചമയുവാന്‍ യാതൊരാള്‍ക്കും അവകാശമില്ല. ഇവിടെ എല്ലാ മുസ്‌ലിംകളും സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍, എല്ലാ ദൈവ പ്രതിനിധികളും തങ്ങളുടെ പ്രാതിനിധ്യാവകാശം  യഥാഹിധം ഒരു വ്യക്തിയില്‍ അര്‍പിച്ചിരിക്കയാണ്. അഥവാ കേന്ദ്രീകരിച്ചിരിക്കയാണ്. ഭരണ സൗകര്യത്തിനു വേണ്ടി. ഈ വ്യക്തിയാവട്ടെ ഒരുവശത്ത് ദൈവത്തോടും മറുവശത്ത് തന്നില്‍ ഖിലാഫത്തധികാരമേല്‍പിച്ച പൊതു ഖലീഫമാരോടും തികച്ചും ഉത്തരവാദപ്പെട്ടവനും. ഇതാണ് ഇസ്‌ലാമിലെ ഭരണാധികാരിയുടെ യഥാര്‍ത്ഥനിലപാട്'' (ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം: അബുല്‍ അഅ്‌ലാ മൗദൂദി). മനുഷ്യനെ ഭൂമിയിലെ പ്രതിനിധി എന്ന അര്‍ത്ഥത്തില്‍ ഖലീഫ എന്നാണ് ഇസ്‌ലാം വിളിക്കുന്നത്. ഭരണാധികാരിയെ വിവക്ഷിക്കാനും ഖലീഫ എന്നപദമാണ് സാങ്കേതികമായി ഉപയോഗിക്കുന്നത്. ജനത്തിന്റെ പ്രാതിനിധ്യാവകാശത്തില്‍ നിന്നുമാത്രം ഉല്‍ഭൂതമാവുന്നതാണ് ഭരണാധികാരികളുടെ അധികാരം. സത്താപരമായി അധികാരം ജനത്തിന്റെതാണ്.
മൗദൂദി ഇവിടെ പറയുന്ന മുസ്‌ലിം സമൂഹം കേവല പാരമ്പര്യ വംശീയ സമുദായമല്ല, ആദര്‍ശസമൂഹമാണ്. ഇക്കാര്യം ഹമീദ്തന്നെ സമ്മതിക്കുന്നുണ്ട്. മൗദൂദി ഇസ്‌ലാമിനെ മതമല്ലാതാക്കുകയും മുസ്‌ലിംകളെ സമുദായമല്ലാതാക്കുകയും ചെയ്യുന്നു എന്നാണ് ഹമീദ് ഇതേക്കുറിച്ച്  വലിയ ഒരാരോപണമായ് അദ്ദേഹം പറയുന്നത്. ഹെഗല്‍ രാഷ്ട്രത്തെ ദൈവത്തിന്റെ അടയാളമായിക്കണ്ടു എന്ന തീര്‍ത്തും ഉപരിപ്ലവമായ ഒരു വാചകസാദൃശ്യത്തിന്റെ പേരില്‍ മൗദൂദി ഹെഗലിനെപകര്‍ത്തുകയായിരുന്നു വെന്ന് ഒരു വൈജ്ഞാനിക ഉത്തരവാദിത്തവുമില്ലാതെ അലസമായി ആരോപിക്കുകയാണ് ലേഖകന്‍ ചെയ്യുന്നത്. സി.പി.എം പാര്‍ട്ടികോണ്‍ഗ്രസെന്നുകേട്ടാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഒന്നാണെന്നുപറയുന്ന വങ്കത്തം പോലെ ഒന്നുമാത്രമാണിത്.
ഇന്നു കാണുന്ന രീതിയിലുള്ള സ്റ്റേറ്റ് ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലത്തില്ലായിരുന്നു എന്ന വസ്തുത മൗദൂദി മറക്കുന്നു എന്നാണ് മറ്റൊരാരോപണം. ഇന്നുകാണുന്ന രീതിയിലുള്ള മാര്‍ക്കറ്റോ ഭരണ രീതിയോ പള്ളിപോലുമോ അന്നുണ്ടായിരുന്നില്ല എന്നത് ഇസ് ലാമില്‍ അതൊന്നുമില്ല എന്നതിന് തെളിവാകുന്നില്ല. സാമൂഹിക പരിണാമങ്ങള്‍കൊപ്പം വികസിക്കാന്‍ ശേഷിയുണ്ടെന്നതാണ് പ്രവാചക മതത്തിന്റെ സവിശേഷത. മതത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് മദീനയില്‍ പ്രവാചകന്‍ ലിഖിത ഭരണഘടനയുള്ള ഒരു ബഹുമതരാഷ്ട്രം സ്ഥാപിച്ചു. ഹമീദ് പറയുന്നത് കേട്ടാല്‍ തോന്നുക ഇസ്‌ലാമില്‍ രാഷ്ട്രമുണ്ടെന്ന് ആദ്യമായും പുതുതായും പറഞ്ഞവ്യക്തിയാണ് മൗദൂദി  എന്നാണ്. പ്രവാചകന്‍ മുഹമ്മദിന്റെ കാലം മുതല്‍ ഇന്നുവരെയുള്ള ഒരു ആധികാരിക പണ്ഡിതനെ പോലും ഇസ്‌ലാമിനെക്കുറിച്ച് മൊത്തത്തില്‍ സംസാരിച്ചിട്ട്, രാഷ്ട്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കാത്തതായ് കാണാന്‍കഴിയില്ല. രാഷ്ട്രവും രാഷ്ട്രീയവും ഇസ്‌ലാമിന്റെ അവിഭാജ്യതയാണ്. അതിനെ ആധുനിക സന്ദര്‍ഭത്തില്‍ അവതരിപ്പിക്കുക മാത്രമാണ് മൗദൂദി ചെയ്യുന്നത്.
എ.ഡി. 14-ാം നൂറ്റാണ്ടില്‍ ജനിച്ച പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സാമൂഹ്യശാസ്ത്രത്തിന്റെ പിതാവെന്ന് യൂറോപ്പ് തന്നെ വിളിക്കാറുള്ള മനീഷിയുമായ ഇബ്‌നുഖല്‍ദൂന്‍ (1332-1406) തന്റെ വിഖ്യാതമായ മുഖദ്ദിമയില്‍ എഴുതുന്നു ''രാഷ്ട്രമെന്നാല്‍ മനുഷ്യന്റെ സാമൂഹികമായ അനിവാര്യതയാണ്. അടിച്ചമര്‍ത്താനും മറ്റുള്ളവരുടെ മേല്‍ അധികാരം വാഴാനുമുള്ള മനുഷ്യന്റെ അഭിവാഞ്ചയാണ് അതിന്റെ പ്രേരകം. അവയാകട്ടെ ദ്വേഷവികാരത്തില്‍ നിന്നുടലെടുക്കുന്നതും തിര്യക് സഹജവുമായ സ്വഭാവവിശേഷത്തിന്റെ പ്രതിഫലനങ്ങളുമാണ്. അങ്ങിനെ വരുമ്പോള്‍ രാഷ്ട്രമേധാവിയുടെ അനുശാസനകള്‍ മിക്കപ്പോഴും സത്യത്തിന്റെ പരിധിലംഘിക്കുകയും പ്രജകളുടെ ജീവിതസാഹചര്യങ്ങളില്‍ അക്രമം കെട്ടിയേല്‍പിക്കുന്നതുമായിരിക്കും. കാരണം, മിക്കപ്പോഴും സ്വാഭീഷ്ടങ്ങള്‍ക്കും സ്വേഛകള്‍ക്കും അനുസരിച്ച് അവരുടെ കഴിവിന്നതീതമായത് അയാള്‍ അവരെ വഹിപ്പിക്കും. അപ്പോള്‍ ഭരണാധികാരിയെ അനുസരിക്കുക പ്രയാസകരമായിത്തീരുകയും കലാപത്തിലേക്കും കുരുതിയിലേക്കും നയിക്കുന്ന സംഘബോധം ഉടലെടുക്കുകയും ചെയ്യുന്നു. തദവസരത്തില്‍ എല്ലാവര്‍ക്കും ബാധകമായ രാഷ്ട്രീയ നിയമങ്ങള്‍ അവലംബിക്കാന്‍ നിര്‍ബന്ധമാകുന്നു.....  ഈ നിയമങ്ങള്‍ രാഷ്ട്രത്തിലെ പ്രമാണിവര്‍ഗവും ബുദ്ധിജീവികളുമാണ് രൂപവല്‍ക്കരിക്കുന്നതെങ്കില്‍ അത് ബൗദ്ധിക രാഷ്ട്രീയമായിരിക്കും.
അവ ദൈവത്തിങ്കല്‍ നിന്ന് അനുശാസിതമാവുകയും ഒരു നിശ്ചിതവക്താവിലൂടെ അത് നടപ്പില്‍ വരുത്തുകയുമാണെങ്കില്‍ ഐഹിക ജീവിതത്തിലും പാരത്രിക ജീവിതത്തലും ഒരുപോലെ പ്രയോജനപ്രദമായ മതാത്മക രാഷ്ട്രീയമായിരിക്കും അത്. കാരണം സൃഷ്ടിയുടെ ലക്ഷ്യം ഈ ലോകത്ത്മാത്രം പരിമിതമല്ല.... മനുഷ്യന് പാരത്രിക സൗഭാഗ്യം നേടിക്കൊടുക്കുന്നത് മതമാണ്; ആകാശഭൂമികളിലുള്ള സകലത്തിന്റെയും ഉടമയായ ദൈവത്തിന്റെ പാത. അതിന്നായി ദൈവത്തിന്റെ നിയമങ്ങള്‍ അവതീര്‍ണമായി; ആരാധനകളും ലൗകിക വ്യവഹാരങ്ങളും തൊട്ട് മാനവ സാമൂഹ്യതയുടെ  സഹജ പ്രതിഭാസമായ രാഷ്ട്രംവരെയുള്ള എല്ലാകാര്യങ്ങളിലും. ആ നിയമങ്ങള്‍ രാഷ്ട്രത്തെ മതത്തിന്റെ പന്ഥാവിലൂടെ നടത്തിച്ചു..... അതിനാല്‍ മനുഷ്യന്‍ സ്വയം നിയമങ്ങളാവിഷ്‌കരിക്കല്‍ ദൈവത്തിങ്കല്‍ ആക്ഷിപ്തമായ കാര്യമത്രെ. എന്ത് കൊണ്ടെന്നാല്‍ അത് ദൈവത്തിന്റെ വെളിച്ചം സ്വീകരിക്കാതെയുള്ള വിചിന്തനമാണ്. സാക്ഷാല്‍ പരമാധികാരിയായ ദൈവം മാത്രമാണ് എല്ലാവരുടെയും നന്മകള്‍ ഏതില്‍ സ്ഥിതിചെയ്യുന്നു എന്നതിനെക്കുറിച്ച് അഭിജ്ഞന്‍''.(മുഖദ്ദിമ. ഖിലാഫത്തും ഇമാമത്തും എന്ന അദ്ധ്യായം)
രാഷ്ട്രമുള്‍പ്പെടെയുള്ള ജീവിതത്തിലെ പരമാധികാരം എന്നത് മൗദൂദി റൂസോയില്‍നിന്നോ മറ്റു പാശ്ചാത്യ പണ്ഡിതരില്‍ നിന്നോ പകര്‍ത്തിയതാണെന്നുപറയാന്‍ ഇസ്‌ലാമിക വൈജ്ഞാനിക ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയുടെ അപാരതയും യൂറോപ്യന്‍ ആരാധനയുടെ മതിഭ്രമത്തിനും മാത്രമേ സാധിക്കൂ. ശരീഅത്തിന്റെ സമഗ്രതയെക്കുറിച്ച ഏതുകാലത്തെ എത്ര പണ്ഡിതപ്രസ്താവനകള്‍ വേണമെങ്കിലും ഉദ്ധരിക്കാന്‍ കഴിയും. ഹമീദ് ഇപ്പോള്‍ അവതരിപ്പിക്കുന്നപോലെ ഇസ്‌ലാമെന്നാല്‍ പൊതുജീവിതവ്യവഹാര മുക്തമായ മതവിശ്വാസാരാധന ക്രമം മാത്രമാണെന്ന് പറഞ്ഞ ഒരു ക്ലാസിക്കല്‍ പണ്ഡിതനെയും ഉദ്ധരിക്കാന്‍ കഴിയില്ല.
മൗദൂദി മതത്തെ രാഷ്ട്രീയത്തിലേക്ക് ന്യൂനീകരിച്ചു എന്ന ആരോപണം ഉന്നയിക്കുന്നത് ഇസ്‌ലാമിനെ പ്രാര്‍ത്ഥന, വ്രതം, തീര്‍ത്ഥാടനം തുടങ്ങിയ ആരാധനാനുഷ്ഠാനങ്ങളില്‍ ന്യൂനീകരിക്കാനുള്ള തന്റെ ശ്രമത്തെ മറച്ചുവെക്കാനാണ്. ഇതൊരു സ്ഥിര തസ്‌കരസൂത്രമാണ്. മറ്റൊരുത്തനെ നോക്കി കള്ളന്‍ കള്ളന്‍ എന്നാര്‍ത്തുവിളിച്ച് തന്റെ കളവില്‍ നിന്ന് ജനശ്രദ്ധതിരിക്കുന്ന രീതി. ഇസ്‌ലാമെന്നാല്‍ ഒരു രാഷ്ട്രീയ വ്യവസ്ഥ മാത്രമാണെന്ന് മൗദൂദി ഒരിക്കലും വാദിച്ചിട്ടില്ല. വാദിച്ചിട്ടില്ലെന്ന് ലേഖകനു തന്നെ സമ്മതിക്കേണ്ടിവരുന്നുണ്ട്. മൗദൂദിയുടെ പ്രസിദ്ധ ദൈവശാസ്ത്ര ഗ്രന്ഥമായ ഖുര്‍ആനിലെനാലു സാങ്കേതിക ശബ്ദങ്ങളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു. ''ഈ ചതുഷ്പദ വ്യാഖ്യാനത്തിലൂടെ ദൈവത്തെ അതിഭൗതികതലത്തില്‍ (ആത്മീയ) തലത്തില്‍ നിന്ന് ഭൗതിക (രാഷ്ട്രീയ) തലത്തിലേക്ക് ഇറക്കിക്കൊണ്ടു വരികയാണ് ജമാഅത്ത് ഗുരു ചെയ്യുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആധ്യാത്മിക ലോകത്തിന്റെയും രാഷ്ട്രീയം ഉള്‍പെടുന്ന ഭൗതികലോകത്തിന്റെയും പരമാധികാരി ദൈവമാണ്''.
ആധ്യാത്മിക ലോകത്തിന്റെ പരമാധികാരത്തിന്റെ അംഗീകാരവും അതിനോടുള്ള സ്‌നേഹവുമായാണ് ഇസ്‌ലാം വിശ്വാസികള്‍ ദൈവത്തിന് ആരാധനകള്‍ അര്‍പിക്കുന്നത്. അപ്പോള്‍ അധ്യാത്മിക ലോകത്തെ മാറ്റിവെച്ച് ഭൗതിക ലോകത്തെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയല്ല മൗദൂദി ചെയ്തതെന്ന് വിമര്‍ശകനുതന്നെ സമ്മതിക്കേണ്ടിവരികയാണ്.
സത്യാസത്യ സംഘര്‍ഷം എന്നത് ഹെഗല്‍, മാര്‍ക്‌സ് തുടങ്ങിയ യൂറോപ്യന്‍ ധിഷണാശാലികളില്‍നിന്ന് മുറിച്ചെടുത്ത് മൗദൂദി ഇസ്‌ലാമില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു എന്ന വിമര്‍ശനത്തെ ഖുര്‍ആനിനെ റഫറന്‍സാക്കി പരിശോധിക്കാം. ഖുര്‍ആനിലെ പ്രവാചകന്‍മാര്‍ എന്ന അദ്ധ്യായത്തിലെ 17,18 വാചകങ്ങളില്‍ പറയുന്നു. ''പ്രപഞ്ച സൃഷ്ടിപ്പിലൂടെ ഒരു വിനോദം ഉണ്ടാക്കുവാന്‍ നാം ഉദ്ധേഷിച്ചിരുന്നെങ്കില്‍ അത് നമ്മുടെ അടുക്കല്‍ തന്നെ ഉണ്ടാകുമായിരുന്നു. നാം (അത്) ചെയ്യുന്നതല്ല. എന്നാല്‍ നാം സത്യമായുള്ളത് കൊണ്ട് അസത്യമായുള്ളതിന്‍മേല്‍ എറിയുന്നു. അപ്പോള്‍ അതു (സത്യം) അതിനെ തകര്‍ത്തുകളയുന്നു. അപ്പോഴേക്കും അതാ അത് നാമാവശേഷമായി പോകുന്നു. (പരിഭാഷ: മുഹമ്മദ് അമാനി മൗലവി, എ. അലവി മൗലവി, പി.കെ.മൂസ മൗലവി. പ്രസാധകര്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍). ഇത് ഹെഗല്‍ മൗദൂദിയെയും മൗദൂദി കേരളത്തിലെ മുജാഹിദ് പണ്ഡിതന്‍മാരെയും സ്വാധീനിച്ചു എന്ന് ഹമീദ് പറഞ്ഞുകളയുമോ ആവോ ?.

മാര്‍ക്‌സിസവും ഇസ്‌ലാമും
വിമോചനം അടിസ്ഥാനപരമായി ദൈവികമായ ഒരാശയമാണ്. പ്രവാചകന്‍മാരാണ് ചരിത്രത്തില്‍ അതിന്റെ കൊടിവാഹകര്‍. മതം ജീര്‍ണിച്ചപ്പോള്‍ അതിന് വിമോചനാത്മകത ചോര്‍ന്നു പോവുകയായിരുന്നു. അത്തരമൊരു മത ജീര്‍ണതയുടെ കരാളകാലത്താണ് യൂറോപ്പില്‍ മാര്‍ക്‌സിസം കടന്നുവരുന്നത്. ജീര്‍ണിച്ചമതം ചൂഷകന്റെ കയ്യിലെ മികച്ച ഉപകരണമാണ്.
യഥാര്‍ത്ഥത്തില്‍ മര്‍ദകശക്തികള്‍ക്കെതിരായ പോരാട്ടം, മര്‍ദ്ദിതന്റെ വിമോചനം മുതലായ ആശയങ്ങള്‍ മൗദൂദി മാര്‍ക്‌സില്‍ നിന്നെടുത്തതല്ല. തിരിച്ച് മാര്‍ക്‌സ് മതത്തില്‍ നിന്നെടുത്തതാണ്. വിമോചനചിന്തയുടെകാര്യത്തില്‍ തന്റെ സെമിറ്റിക് മതപാരമ്പര്യം മാര്‍ക്‌സിനെ അഗാധമായി സ്വാധീനിച്ചിരുന്നു എന്ന് ധാരാളമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മാര്‍ക്‌സിസത്തിന്റെ ആത്മാവ് ആത്മീയവും അതിന്റെ ശരീരം ഭൗതികവുമാണ്. ആ ആത്മാവാകട്ടെ മതത്തില്‍ നിന്നും സ്വീകരിക്കപ്പെട്ടതുമാണ്.
മാക്‌സിസത്തെ സെമിറ്റിക് മതത്തോട് സാദൃശ്യപ്പെടുത്തുന്നതില്‍ ചിലത് ഹമീദിന്റെ ജമാഅത്ത്-പാശ്ചാത്യ ചിന്താസമീകരണവാദം പോലെത്തന്നെ ബാലിശമാണ്. മാര്‍ക്‌സിസത്തിനു പിറകിലെ യഹൂദ 
പ്രചോദനത്തെപറ്റി -അഥവാ വേദപ്രവാചക- പ്രചോദനത്തെപറ്റി പ്രസിദ്ധ ചരിത്രകാരന്‍ ആര്‍നോള്‍ഡ് ടോയന്‍ബി പറയുന്നുണ്ട്. പുരോഹിതവല്‍ക്കരിക്കപ്പെടാത്ത യഹൂദ മതമാണ് മാര്‍ക്‌സിസത്തിന്റെ രൂപത്തില്‍ ആധുനിക വേഷത്തില്‍ രൂപപ്പെട്ടതെന്ന് ടോയന്‍ബി പറയുന്നു.
മതത്തിന്റെ ജീര്‍ണകാലത്ത് അതില്‍ നിന്നെടുത്ത വിമോചനമെന്ന ആശയം പില്‍കാലത്ത് ജമാഅത്തെ ഇസ്‌ലാമി പോലുള്ള പ്രസ്ഥാനങ്ങളില്‍ തുടിച്ചുകാണുമ്പോള്‍ ഇത് മാര്‍ക്‌സിസത്തില്‍ നിന്നെടുത്തതാണെന്ന് പറയുന്നവര്‍ക്ക് ആശയ ചരിത്രത്തെക്കുറിച്ച് ആഴത്തില്‍ ഒന്നുമറിയില്ലെന്നതാണ് വസ്തുത.
 മാര്‍ക്‌സിസത്തിന്റെ മാത്രമല്ല നേരത്തെ ഹമീദ് ഉദ്ധരിച്ച റൂസോയില്‍ തന്റെ വിമോചന സങ്കല്‍പ  രൂപീകരണത്തില്‍ പ്രവാചകന്റെ സ്വാധീനത്തെക്കുറിച്ചും പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനര്‍ത്ഥം മാര്‍ക്‌സിസം, സോഷ്യലിസം, ആധുനിക ശാസ്ത്രം ഇതെല്ലാം പണ്ട് ഖുര്‍ ആന്‍ പറഞ്ഞതാണെന്ന ഭൂതകാലാരാധനാ വാദമല്ല. പുതിയ ഏത് ശാസ്ത്രകണ്ടു പിടുത്തം നടത്തിയാലും അത് ഖുര്‍ആനിലുണ്ട് പുരാണത്തിലുണ്ട് എന്ന് അവകാശപ്പെടുന്ന മതമനോരോഗം ഇവിടെ നിലവിലുണ്ട്. ഇതേപോലെ ഒരു മതേതരമനോരോഗമാണ് ഹമീദ് പ്രകാശിപ്പിക്കുന്നത്. മതസമൂഹങ്ങളും പ്രസ്ഥാനങ്ങളും പ്രകടിപ്പിക്കുന്ന എല്ലാ ധനാത്മകതകളും പാശ്ചാത്യ ഭൗതിക നാഗരികതയില്‍ പണ്ടേയുള്ളതാണെന്നാണ് ലേഖകന്‍ പ്രകടിപ്പിക്കുന്ന ഭൗതിക അന്ധവിശ്വാസം. ഹമീദ് ചേന്ദമംഗല്ലൂര്‍ ഉന്നയിക്കുന്ന സാമ്യതാവാദം ചിലത് കേവലം ഉപരിപ്ലവത മാത്രമാണ്. ഹെഗലിനും മാര്‍ക്‌സിനും ഗ്രാംഷിക്കും മുമ്പേവന്ന ആശയരൂപങ്ങള്‍ എന്ന നിലക്ക് ഇസ്‌ലാം അവയെ സ്വാധീനിച്ചതാവാനുള്ള സാധ്യത ഹമീദിന് ചിന്തിക്കാന്‍ പോലും സാധ്യമല്ലെങ്കിലും ഒരു യാഥാര്‍ത്ഥ്യമാണ്. യൂറോപ്യന്‍ നവോഥാനം രൂപപ്പെടുന്നതില്‍ ഇസ്‌ലാം വഹിച്ച പങ്ക് പ്രസിദ്ധമാണ്. 
അബുല്‍ അഅലാ മൗദൂദിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും ചരിത്രപരമായ പ്രാധാന്യം അത് യൂറോപ്യന്‍ നവോഥാനത്തോടെയും കോളനിവല്‍കരണത്തിലൂടെയും സംഭവിച്ച ആശയമണ്ഡലത്തിലെ പാരഡൈം ഷിഫ്റ്റിനെ ഇസ്‌ലാമിന്റെ പക്ഷത്തുനിന്നുകൊണ്ട് അഭിമുഖീകരിച്ചു എന്നതാണ്. ആധുനികമായ എല്ലാ ആശയാവലികളോടും ഉയര്‍ന്ന സംവേദനക്ഷമതയും സംവാദാത്മകതയുമാണ് അത് പുലര്‍ത്തിയത്. ആധുനികതയില്‍ നിന്ന് സ്വാംശീകരിക്കാവുന്നതെല്ലാം തീര്‍ച്ചയായും സ്വന്തം അടിത്തറയില്‍ കാലുറപ്പിച്ച് നിന്ന്‌കൊണ്ട് അത് സ്വീകരിച്ചിട്ടുണ്ട്. ഇത് ഇസ്‌ലാമിന്റെ പാരമ്പര്യമാണ്. സ്വന്തം അടിത്തറയില്‍ ഉറച്ചുനിന്ന് പല നാഗരികതകളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും സ്വാംശീകരിച്ച് പുഷ്‌കലമായതാണ് ഇന്നുകാണുന്ന ഇസ്‌ലാമിക സംസ്‌കൃതി. ഇതിനര്‍ത്ഥം ഹമീദ് പലപ്പോഴും പറയാറുള്ള പോലെ തനതായ, യഥാര്‍ത്ഥവുമായ ഇസ്‌ലാമിക സംസ്‌കൃതി എന്ന ഒന്നില്ല എന്നല്ല. യഥാര്‍ത്ഥമായ ഇസ്‌ലാമികമായ സംസ്‌കൃതി എന്ന ഒന്നുണ്ടങ്കില്‍ അതിന് സ്വാംശീകരണ ശേഷിയും സംവാദക്ഷമതയും ഉണ്ടാവില്ല എന്ന വാദത്തിന്റെ മറുപുറം തന്നെയാണത്. സ്വന്തം ആശയാടിത്തറകളില്‍ നിന്നു വഴുതാതെ തന്നെ മറ്റുപലതിനെയും സ്വാംശീകരിക്കുമ്പോഴാണ് അത് ഇസ്‌ലാമിക സംസ്‌കാരമാവുന്നത്.
സംവാദാത്മകതയും നവീനപരതയും
മതത്തിന് നവീകരിക്കാനും പുതിയ പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും പ്രാപ്തി ഉണ്ടോ ഇല്ലേ എന്നതാണ് ഹമീദ് ചേന്ദമംഗല്ലൂരിനും ജമാഅത്തെ ഇസ്‌ലാമിക്കുമിടയിലെ അടിസ്ഥാന തിര്‍ക്കവിഷയം. ഇസ്‌ലാമിന് അടിസ്ഥാനപരമായിത്തന്നെ ഈ നവീകരണക്ഷമതയും ഇലാസ്തികതയും സംവാദാത്മകതയും സ്വാംശീകരണസ്വഭാവവും ഉണ്ടെന്നതിനെയാണ് ജമാഅത്തെ ഇസ്‌ലാമി സൈദ്ധാന്തികമായും പ്രായോഗികമായും പ്രതിനിധീകരിക്കുന്നത്. അത്‌കൊണ്ട് തന്നെ ഏറ്റവും പുതിയ സാമൂഹ്യ സിദ്ധാന്തങ്ങളോടും അത് സംവാതാത്മക ബന്ധം പുലര്‍ത്തുന്നതു. മതം വികാസക്ഷമോ സംവാദ സാധ്യതയുള്ളതോ പുതിയകാലത്ത് ആരാധനക്കപ്പുറം സാമൂഹ്യ രാഷ്ട്രീയ ജീവിതത്തില്‍ എന്തെങ്കിലും പങ്ക് നിര്‍വ്വഹിക്കാന്‍ കഴിയുന്നതോ അല്ലെന്നാണ് ഹമീദ് നിരന്തരംപറയാന്‍ശ്രമിക്കുന്നത്. തന്റെ വാദമുഖം സമര്‍ത്ഥിക്കാന്‍ അദ്ദേഹം മുന്നോട്ടുവെക്കുന്ന തെളിവുകള്‍ ബുദ്ധിപരമായി സത്യസന്ധമോ ആശയപരമായി സൂക്ഷമത പുലര്‍ത്തുന്നവയോ അല്ല. ചില ഉദ്ധരണികള്‍ അവിടെനിന്നുമിവിടെനിന്നും എടുത്ത് വാചകത്തിലും ശൈലിയിലുമുള്ള ചില സാദൃഷ്യങ്ങള്‍ ചേര്‍ത്തുവെച്ച് വലിയ സിദ്ധാന്തം രൂപീകരിക്കുന്ന വൈജ്ഞാനിക നിലവാരമില്ലായ്മ മാത്രമാണത്. ജമാഅത്തെ ഇസ്‌ലാമിക്കും മറുവാദക്കാര്‍ക്കുമിടയില്‍ പൊതുമണ്ഡലത്തില്‍ ഗൗരവപൂര്‍ണവും സത്യന്ധവുമായ സംവാദങ്ങള്‍ നടന്നാല്‍ അത് രണ്ട് കൂട്ടര്‍ക്കും സമൂഹത്തിനു പൊതുവിലും പ്രയോജനപ്പെടും. ഇത്തരമൊരു ക്രിയാത്മക സംവാദത്തിനുമുന്നിലെ മാര്‍ഗതടസ്സത്തെക്കുറിച്ച് ഇര്‍ഫാന്‍ അഹമ്മദ് എഴുതുന്നു ''യൂറോപ്പിലെ സെക്യുലര്‍ വാദങ്ങളോട് അവിടങ്ങളിലെ കുടിയേറ്റക്കാരും ന്യൂനപക്ഷങ്ങളും എങ്ങിനെയാണ് പ്രതികരിക്കുന്നത് എന്നത് കൗതുകരമാണ്. മതവൈവിധ്യങ്ങളോട് തുറന്നസമീപനം രൂപ പ്പെടുത്താനും ചരിത്രോചിതമായി സ്വയം നവീകരിക്കാനും സെക്ക്യുലര്‍വാദികള്‍ക്ക് കഴിയേണ്ടതുണ്ട്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, യൂറോപ്പിനെ സംബന്ധിച്ചിടത്തോളം മതേതരത്വം ഇനിയും മതേതരവല്‍ക്കരിക്കപ്പെടാനുണ്ട്! നിലവില്‍ അധീശ സാംസ്‌കാരിക വാദങ്ങളാണ് സെക്യുലറിസം എന്ന വ്യാജേന അവിടെ നടപ്പിലാക്കപ്പെടുന്നത്. നാഗരികനിയമങ്ങള്‍ രൂപപ്പെടുത്തുന്നതുപോലും ആ സംസ്‌കാരത്തിന്റെ സാമൂഹിക പ്രതിഫലനമായിട്ടാണ്. നമ്മള്‍ മുന്‍ധാരണകളൊക്കെയും മാറ്റിവെച്ച് നിരന്തരം ജനാധിപത്യവല്‍കരിക്കപ്പെടേണ്ടതുണ്ട്. എല്ലാ ആശയധാരകളോടും തുറന്ന സമീപനം സ്വീകരിക്കേണ്ടതുണ്ട്. നിലവില്‍ മതേതര ഉദാരവാദികളെ അപേക്ഷിച്ച് മതസമൂഹങ്ങളാണ് ഈ സമീപനം സൂക്ഷിക്കുന്നത് എന്നാണ് യാഥാര്‍ത്ഥ്യം. ഇന്ന് പൊതുവെ മതത്തിന്റെ ആളുകള്‍ തുറന്ന സംവാദമനസ്സ് കാത്തുസൂക്ഷിക്കുമ്പോള്‍ നമ്മുടെ കൊട്ടിഘോഷിക്കപ്പെടുന്ന ലിബറല്‍  സെക്യുലറിസ്റ്റ് ബുദ്ധിജീവികള്‍ അതിന് ശ്രമിക്കുന്നതേയില്ല''

Monday, May 2, 2011

വികസന ഫോറത്തിന്റെ പ്രത്യാശകള്‍




വികസനം എന്ന നാലക്ഷരത്തിന് ഒരു സമൂഹത്തിന്റെ മൊത്തം ഗതിയെ നിര്‍ണയിക്കാനുള്ള കരുത്തുണ്ട്. ഒരു ജനതയുടെ മുന്നോട്ടുപോക്കിനെക്കുറിച്ച മുഴുവന്‍ പ്രത്യാശകളും ഉള്‍ക്കൊള്ളുന്ന വ്യവഹാരമാണ് വികസനം. മുതലാളിത്ത വ്യവസ്ഥക്കകത്ത് അറിവിന്റെ വമ്പിച്ച അധികാരം ഘനീഭവിക്കുന്ന ആശയമാണ് വികസനം. അതിന് മുതലാളിത്തത്തിനകത്ത് നിര്‍ണിതമായ അര്‍ഥങ്ങളുണ്ട്. അതിനെ എതിര്‍ക്കുന്നവരെ വികസന വിരുദ്ധരെന്ന അറിവധികാര പ്രയോഗം കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് കുടിയൊഴിപ്പിക്കും. വികസനം എന്ന സങ്കല്‍പത്തിനു മുന്നില്‍, തലമുറകളായി പാര്‍ക്കുന്ന ആവാസവ്യവസ്ഥകള്‍ക്കകത്തുനിന്ന് നിങ്ങള്‍ പറിച്ചെറിയപ്പെടാം. മലയും പാടവും പുഴയും സമനിരപ്പാക്കാനുള്ള ശേഷി ആ വാക്കിനുണ്ട്. ഫാഷിസ്റ്റ് ഭരണാധികാരികളുടെ മനുഷ്യവിരുദ്ധതകളെ വെള്ളപൂശാനുള്ള കഴിവ് വികസനമെന്ന വിഭാവനക്കുണ്ട്. നരേന്ദ്രമോഡി ഫാഷിസ്റ്റാണെങ്കിലും നമ്മുടെ വികസനത്തിന്റെ പ്രതീകമാണ്. ഒരുപാട് നിലവിളികളെ നിശ്ശബ്ദമാക്കാന്‍ കഴിയുന്ന ഒരു പ്രയോഗമാണത്. ആധുനികയുഗം വികസനത്തിന്റെ യുഗം കൂടിയാണ്. ആധുനിക യുഗത്തെ സൃഷ്ടിച്ചത് വികസനം എന്ന പ്രത്യയശാസ്ത്രമാണ്. മുതലാളിത്തത്തിന് പര്യായമായി പറയാവുന്ന വാക്ക്. വികസിത രാഷ്ട്രം, വികസ്വരരാഷ്ട്രം, അവികസിത രാഷ്ട്രം എന്നതിന്റെ ശരിയായ വിവര്‍ത്തനം മുതലാളിത്തവത്കരിക്കപ്പെട്ട രാഷ്ട്രം, മുതലാളിത്തവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രം, മുതലാളിത്തവത്കരിക്കപ്പെടാത്ത രാഷ്ട്രം എന്നാണ്. മുതലാളിത്തത്തില്‍ സമൂഹങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡാണ് വികസനം. മുതലാളിത്തത്തിന്റെ അച്ചുതണ്ടില്‍ കറങ്ങുന്ന ലോകത്തെ സൃഷ്ടിച്ചത് വികസനമെന്ന ആശയാവലിയാണ്. മുതലാളിത്തത്തിന്റെ കോളനിയാത്രകള്‍ എന്നും ന്യായീകരിക്കപ്പെട്ടത് വികസനം എന്ന ആദര്‍ശത്തിന്റെ പേരിലാണ്. മുസ്‌ലിം സ്ത്രീയെ വിമോചിപ്പിക്കാനാണ് ഒബാമ അഫ്ഗാനില്‍ സ്വന്തം പട്ടാളത്തെ തീറ്റിപ്പോറ്റുന്നത്.
മറുഭാഗത്ത് അല്ല, അതേ ഭാഗത്ത് കാലാവസ്ഥാ വ്യതിയാനം മുതല്‍ ആവര്‍ത്തിക്കപ്പെടുന്ന സൂനാമികള്‍ വരെ ഈ വികസനത്തിന്റെ സംഭാവനകളാണ്. റാഷല്‍ ഗരോഡിയുടെ ഭാഷയില്‍ 'ജീവിക്കാന്‍ കാരണമില്ലാത്തത് കൊണ്ട് ആത്മഹത്യ ചെയ്യുന്ന പാശ്ചാത്യ ഭൗതിക സമൂഹത്തെ' നിര്‍മിച്ചത് ഈ വികസന സങ്കല്‍പമാണ്.
പാവപ്പെട്ടവനെ കുടിയൊഴിപ്പിക്കുന്ന, കീഴടക്കലിന്റെ പടയോട്ടങ്ങള്‍ക്ക് ന്യായമൊരുക്കുന്ന, പണക്കാരനെ പ്രബലനും പാവപ്പെട്ടവനെ അധമനുമാക്കുന്ന, പ്രകൃതിയെ കാര്‍ന്നുതിന്നുന്ന വികസനം എന്ന ജ്ഞാനാധികാരത്തെ അപനിര്‍മിച്ചും പുനര്‍നിര്‍മിച്ചും മാത്രമേ യഥാര്‍ഥ മനുഷ്യനും പ്രകൃതിക്കും നിലനില്‍ക്കാനും മുന്നോട്ടു പോകാനും കഴിയൂ. സമരത്തിനപ്പുറം, ആശയപരമായ മുതലാളിത്തത്തിന്റെ മേല്‍ക്കോയ്മയെ തകര്‍ത്തു മാത്രമേ മനുഷ്യന്റെ കൊടി ഇനി ഉയര്‍ത്താനാവൂ.
വികസനം എന്ന സങ്കല്‍പത്തിന്റെ ഗുണപരമായ വശം, അത് നിശ്ചലതയെ നിരാകരിക്കുന്നു എന്നതാണ്. ആ പദം മുന്നോട്ടുപോക്കിനെക്കുറിച്ച പ്രത്യാശയാണ് വിനിമയം ചെയ്യുന്നത്. മുതലാളിത്തത്തിന് എതിര് പറയുമ്പോഴും സമൂഹത്തിന്റെ മുന്നോട്ടുപോക്കിനെ നിരാകരിക്കാനാവില്ല. മുതലാളിത്തത്തെ മറികടക്കാനുള്ള വഴി അതിന്റെ രചനാത്മകതയെ പ്രതിരോധ പ്രവര്‍ത്തകര്‍ സ്വാംശീകരിക്കുക എന്നതാണ്. മുതലാളിത്തത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് സമരത്തിന്റെ ഭാഷയില്‍ മാത്രമല്ല, വികസനത്തിന്റെ ഭാഷയിലും സംസാരിക്കാന്‍ സാധിക്കേണ്ടതുണ്ട്. അങ്ങനെ വികസനമെന്ന ജ്ഞാനാധികാരത്തെ അട്ടിമറിക്കാന്‍ കഴിയണം. ജ്ഞാനത്തിന്റെ ബുള്‍ഡോസറാണ് സാമാന്യ ജനത്തിനും പ്രകൃതിക്കുമെതിരെ ആദ്യമായി പ്രയോഗിക്കപ്പെടുന്നത്. അതിനെ തടഞ്ഞുനിര്‍ത്താന്‍ സമരത്തെ ജ്ഞാനത്തിന്റെ മണ്ഡലത്തിലേക്ക് വികസിപ്പിക്കേണ്ടതുണ്ട്. ഇരകളുടെ അനുഭവങ്ങളെ അറിവുകളാക്കി മാറ്റേണ്ടതുണ്ട്. അനുഭവങ്ങളെ അറിവുകളാക്കി മൊഴിമാറ്റം ചെയ്യുന്ന പ്രക്രിയക്ക് സമരസമൂഹം നേതൃത്വം നല്‍കണം. ഇപ്പോള്‍ അറിവ് മുതലാളിത്തത്തിനും അനുഭവം ഇരക്കുമാണ്.
സോളിഡാരിറ്റി ഒരു സംഘടന എന്ന നിലയില്‍ പിറന്നു വീണതുതന്നെ വികസന സംവാദത്തിനകത്താണ്. കേരളത്തിലെ വികസനത്തിന്റെ പ്രതിപക്ഷം നയിക്കുന്ന അതിജീവന സമരങ്ങളുടെ തോഴനും തേരാളിയുമായാണ് അത് തുടക്കം മുതലേ മുന്നോട്ടുപോയത്. 2004-ല്‍ പാലക്കാട്ട് വെച്ച് നടന്ന അതിന്റെ പ്രഥമ സംസ്ഥാന സമ്മേളനം കൈമാറിയ സന്ദേശം 'മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത്' എന്നതായിരുന്നു. കേരളത്തിന് വേണ്ടാത്ത വികസനത്തിനെതിരെ അത് ഒരുപാട് സംസാരിച്ചിട്ടുണ്ട്. സമരങ്ങള്‍ വെറും സമരം മാത്രമല്ല, അത് വികസനത്തെക്കുറിച്ച പ്രതികാഴ്ചപ്പാട് കൂടിയാണ്.
വികസനം എന്ന പരികല്‍പനയെ മുതലാളിത്തത്തിന്റെ അച്ചുകൂടത്തില്‍ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. കാരണം ആ വാക്ക് ഒരു നാടിന്റെ വളര്‍ച്ചയെക്കുറിച്ച സ്വപ്നങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. അവരുടെ ഭാവിയെ നിശ്ചയിക്കുന്നുണ്ട്. ജനങ്ങളുടെ യഥാര്‍ഥവും ആരോഗ്യകരവുമായ സ്വപ്നങ്ങളെ വരക്കാനുള്ള കാന്‍വാസായി അതിനെ പുതുക്കിപ്പണിയണം. അത്തരമൊരു ശ്രമമാണ് മാര്‍ച്ച് 11-13 തീയതികളില്‍ എറണാകുളത്ത് വെച്ച് സോളിഡാരിറ്റി സംഘടിപ്പിച്ച പുതിയകേരളം വികസന ഫോറവും ജനപക്ഷ വികസന സമ്മേളനവും. മൂന്ന് ദിവസം സമരങ്ങളെ, മുതലാളിത്തത്തിനെതിരായ വിമര്‍ശനങ്ങളെ വികസനത്തിന്റെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. കേരളത്തിനെന്തുവേണ്ട എന്നായിരുന്നു സോളിഡാരിറ്റി ഇതുവരെ പറഞ്ഞതെങ്കില്‍ കേരളത്തിന് യഥാര്‍ഥത്തില്‍ എന്താണ് വേണ്ടതെന്ന് വിശദമായി പറയാനാണ് വികസന ഫോറം ശ്രമിച്ചത്.
അതിവേഗം ബഹുദൂരം വികസിക്കുന്ന മുതലാളിത്തത്തെ പിടിച്ചുകെട്ടുക എന്നതുതന്നെ വലിയ ഒരു നൈതിക പ്രവര്‍ത്തനമാണ്. പക്ഷേ, അതുകൊണ്ട് മാത്രം മുതലാളിത്തത്തെ തോല്‍പിക്കാനാവില്ല. വികസനം അഥവാ വളര്‍ച്ച എന്ന ഊര്‍ജം മുതലാളിത്തത്തിന്റെ അതിജീവനശേഷിയുടെ വലിയ ഒരു കാരണമാണ്. എത്ര വിനാശകരമാണെങ്കിലും അത് മുന്നോട്ടുപോക്കിനെ പ്രതിനിധീകരിക്കുന്നു. മുതലാളിത്തത്തെ ചെറുക്കുന്നവര്‍ക്ക് എങ്ങനെ മുന്നോട്ടു പോവരുത് എന്നതിനപ്പുറം എങ്ങനെ മുന്നോട്ടുപോവണം എന്നു പറയാനുള്ള ബാധ്യത കൂടിയുണ്ട്. അപ്പോഴാണ് ഇപ്പോള്‍ മുതലാളിത്തത്തിന്റെ കൈയിലുള്ള സമൂഹഗാത്രത്തിന്റെ മൂക്കുകയര്‍ അതിനെ പ്രതിരോധിക്കുന്നവരുടെ കൈകളില്‍ വന്നുചേരുക.
സോളിഡാരിറ്റി വികസനഫോറത്തിന്റെ ഏറ്റവും വലിയ സവിശേഷത നമ്മുടെ വികസന വ്യവഹാരങ്ങളില്‍ ഇടം ലഭിക്കാത്ത നിരവധി വിഷയങ്ങളെ അത് വികസന വ്യവഹാരത്തിനകത്തേക്ക് കൊണ്ടുവന്നു എന്നതാണ്. വികസനത്തെ ഒരു സമൂഹത്തിന്റെ എല്ലാ നല്ല സ്വപ്നങ്ങളെയും ഉള്‍ക്കൊള്ളുന്ന വാക്കാക്കി വികസിപ്പിച്ചു എന്നതാണ്.
കേരള വികസനമോഡലിന്റെ അപരമായി പോലും വികസന ചര്‍ച്ചയില്‍ ഇതുവരെ മലബാര്‍ കടന്നുവന്നിട്ടില്ല. എന്നാല്‍ മലബാറിനോടുള്ള വിവേചനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് വികസന ഫോറം ചര്‍ച്ചക്കെടുത്തത്. മലയാള മാനക ഭാഷയുടെ രൂപീകരണത്തില്‍ പോലും മലബാറിന്റെ ഉപഭാഷകള്‍, ഭാഷാ ഭേദങ്ങള്‍ എങ്ങനെയാണ് പുറംതള്ളപ്പെട്ടത് എന്ന് ഫോറം വിശദമാക്കി. സംവരണം വികസനത്തിന്റെ വിലങ്ങുതടിയായാണ് മനസ്സിലാക്കപ്പെടുന്നത്. സവര്‍ണ പൊതുബോധം വികസനത്തെക്കുറിച്ചും മെറിറ്റിനെക്കുറിച്ചും സൃഷ്ടിച്ച അന്ധവിശ്വാസമായിരുന്നു അത്. കേരള വികസനവും സംവരണവും എന്ന വിഷയം ചരിത്രത്തിലാദ്യമായി ഫോറം ചര്‍ച്ചക്കെടുത്തു. ലിംഗ പ്രശ്‌നങ്ങള്‍ നമുക്ക് വികസന പ്രശ്‌നമാണ്. സംവരണ പ്രശ്‌നങ്ങള്‍ വികസന വിഷയങ്ങളേയല്ല.
മാനവിക വികസനത്തില്‍ ഒരു സമൂഹത്തിന്റെ മനുഷ്യാവകാശ സംരക്ഷണത്തിന്റെ തോത് ഒരു സൂചകമായി പരിഗണിക്കപ്പെടണമെന്ന നവീനാശയവും അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തെക്കുറിച്ച വിലയിരുത്തലും മാനവിക വികസന ചര്‍ച്ചയില്‍ നടന്നു. വികസനത്തെ ഇങ്ങനെ നോക്കിക്കണ്ടാല്‍ നരേന്ദ്രമോഡി വികസനത്തിന്റെ ഉടല്‍ രൂപമാവില്ല. വിദ്യാഭ്യാസത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞ പോലെ ഒരു സമൂഹത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയായിരിക്കണം വികസനം. കേരളത്തിലെ മുസ്‌ലിം സ്ത്രീ വികസന വിശകലനങ്ങളിലെ അപരമായി മാറുന്നതിന്റെ കാരണവും മുസ്‌ലിം സ്ത്രീകളുടെ യഥാര്‍ഥമായ പ്രശ്‌നങ്ങളും പ്രതിവിധികളും ഫോറം ചര്‍ച്ചക്കെടുത്തു. മാറേണ്ടത് മുസ്‌ലിം സ്ത്രീ മാത്രമല്ല, മുസ്‌ലിം സ്ത്രീയെക്കുറിച്ച പൊതു സമൂഹത്തിന്റെ ശാഠ്യങ്ങള്‍ കൂടിയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് വേറിട്ട വഴികള്‍ നിര്‍ദേശിച്ചു. എന്താണ് വികസനമെന്ന ചോദ്യം ഫോറം ഉറക്കെ ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു. ജി.ഡി.പി വളര്‍ച്ച സമം വികസനം എന്ന സൂത്രവാക്യത്തെ, മുഖ്യധാരാ വികസന വ്യവഹാരത്തിന്റെ താക്കോല്‍ വാക്കിനെ അത് യുക്തിഭദ്രമായി ഖണ്ഡിച്ചു.
വരവ് വെക്കപ്പെടാത്ത ഒരുപാട് കര്‍മശേഷികള്‍ നമ്മുടെ വികസന ചര്‍ച്ചക്ക് പുറത്തുണ്ട്. കുടുംബത്തെയും ജനകീയ ആരോഗ്യ പ്രവര്‍ത്തനത്തെയുമെല്ലാം വികസന വ്യവഹാരത്തിനകത്ത് ദൃശ്യവത്കരിക്കാന്‍ ഫോറം ശ്രമിച്ചു. വികസനം അദൃശ്യമാക്കിയവരെ വികസനത്തിനകത്തുതന്നെ ദൃശ്യമാക്കുക എന്നതായിരുന്നു ഫോറം നിര്‍വഹിച്ച ദൗത്യം.
സമരപക്ഷത്തിന് പ്രതിപക്ഷമാവാനുള്ള ശേഷി മാത്രമല്ല ഭരണപക്ഷമാവാനുള്ള പ്രാപ്തിയുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വികസന ഫോറം. ഓരോ സമരവും ഒരു സ്‌കൂളാണ്. അല്ലെങ്കില്‍ സര്‍വകലാശാലയാണ്. അത് ഉല്‍പാദിപ്പിക്കുന്ന അറിവുകളെ ഓരോ രംഗത്തും അത് മുന്നോട്ടുവെച്ചു. വികസനാനന്തര ലോകത്തിന്റെ വികസന കാഴ്ചപ്പാടുകളും മതേതരാനന്തര കാലത്തിന്റെ മത രാഷ്ട്രീയ കാഴ്ചപ്പാടുകളുമായിരുന്നു ഫോറവും സമ്മേളനവും പൊതുസമൂഹത്തോട് പങ്കുവെച്ചത്. അപ്പോള്‍ സോളിഡാരിറ്റി ഒരു സംഘടന മാത്രമല്ല, ഒരു വിദ്യാലയം കൂടിയാണ്. പ്രതിജ്ഞാനത്തെയും ജ്ഞാനിമത്തെയും (വിജ്ഞാനത്തിന്റെ ചട്ടക്കൂട്, അടിസ്ഥാന കാഴ്ചപ്പാട്) ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന കലാശാല. കേരളത്തിന്റെ വളര്‍ച്ചയുടെ സമഗ്രമായ ഉത്തരവാദിത്വമാണ് പരിപാടിയിലൂടെ സോളിഡാരിറ്റി കേരളത്തിലെ പൗരസമൂഹത്തിനു വേണ്ടി ഏറ്റെടുത്തത്. കേരളത്തിലെ ഇസ്‌ലാമിക സമൂഹിക മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ കേരളീയ സമൂഹത്തെക്കുറിച്ച സര്‍വതല സ്പര്‍ശിയും ഉത്തരവാദിത്വപൂര്‍ണവുമായ കാല്‍വെപ്പാണ് വികസന ഫോറം. കേരളത്തെ ഭൗതികമായും സാംസ്‌കാരികമായും മുന്നോട്ടു നയിക്കാനുള്ള ചുമതല പഠനപൂര്‍വം അത് ഏറ്റെടുക്കുകയാണ്. കേരള വികസന ചര്‍ച്ച ഇനി മുതല്‍ ഇത്രമേല്‍ നൈതികമായിരിക്കും. കേരളത്തെക്കുറിച്ച എല്ലാം സോളിഡാരിറ്റിയുടെ പ്രധാന വിഷയങ്ങളാണ്. സമൂഹത്തിന്റെ ഏതെങ്കിലും ഇടങ്ങളില്‍ ഒതുങ്ങിനിന്ന് പ്രവര്‍ത്തിക്കാനല്ല അത് ശ്രദ്ധിക്കുന്നത്. മൗലികാശയത്തില്‍ നിന്ന് അതിന്റെ പ്രയോഗതലത്തിലേക്കുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ വഴിയിലെ നാഴികക്കല്ലായിരിക്കും പുതിയ കേരളം വികസന ഫോറവും വികസന സമ്മേളനവും. സമരത്തിലും രാഷ്ട്രീയത്തിലും സേവന രംഗത്തും മാത്രമല്ല, വൈജ്ഞാനിക രംഗത്തും അതിന് നിരവധി സുഹൃത്തുക്കള്‍ ഉണ്ടെന്ന് തെളിയിച്ച പരിപാടിയായിരുന്നു അത്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബഹുസ്വര പരിപാലനശേഷിയെ അടിവരയിട്ട് തെളിയിച്ച പരിപാടി കൂടിയായിരുന്നു അത്. വിശ്വാസികളും അവിശ്വാസികളും പലതരം വിശ്വാസികളും സ്ത്രീകളും പുരുഷന്മാരും എല്ലാം പങ്കുചേര്‍ന്ന വൈജ്ഞാനിക സംഗമമായിരുന്നു വികസന ഫോറം. പ്രതിരോധത്തിന്റെയും സമന്വയത്തിന്റെയും കലയും സംഗീതവും പരിപാടികളുടെ സൗന്ദര്യത്തിന് ഏറെ മാറ്റുകൂട്ടി.

Wednesday, April 6, 2011

ഇസ്‌ലാം വിരുദ്ധരുടെ ഒളിസങ്കേതം ഇപ്പോള്‍ മുസ്‌ലിംലീഗാണ്.



ഹമീദ് ചേന്ദമംഗല്ലൂരിന്റെ പുതിയ പുസ്തകം പുറത്തുവന്നിരിക്കുന്നു.  'ദൈവത്തിന്റെ രാഷ്ട്രീയം.'  പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഏറെ ശ്രദ്ധേയമായിരുന്നു.  കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ സാംസ്‌കാരിക സഖ്യത്തിന്റെ പ്രകടനമായിരുന്നു പ്രകാശനവേദി.  ഗ്രന്ഥകര്‍ത്താവിനു പുറമെ യുക്തി വാദി സംഘത്തിന്റെ സംസ്ഥാന നേതാവ് യു.കലാനാഥന്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.കെ. മുനീര്‍ എന്നിവരായിരുന്നു വേദിയിലെ പ്രമുഖര്‍.  എം.കെ. മുനീറിന്റെ ജമാഅത്ത് വിമര്‍ശന പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതൊരു പുതിയ സാംസ്‌കാരിക ഐക്യമുന്നണിയാണ്.  ഇതിലെ സഖ്യകക്ഷികള്‍ക്കിടയില്‍ സമ്പര്‍ക്കങ്ങളും ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുന്നുണ്ട്.  മുഖ്യശത്രുവിനെതിരെ ഒരുമിച്ച് നെഞ്ചുവിരിക്കുന്ന സാംസ്‌കാരിക സൗഹൃദം.  ഇത്തരമൊരു സൗഹൃദത്തില്‍ എടുക്കലും കൊടുക്കലുമൊക്കെ നടക്കും.  പക്ഷെ ഇതില്‍ മുസ്‌ലിംലീഗിന് കൊടുക്കാന്‍ ഏറെയൊന്നുമില്ല.  മതത്തിന്റെ ധാര്‍മികതക്കും വിമോചന മൂല്യങ്ങളും പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരാത്ത ഒരു കേവല സാമുദായിക മതേതര പ്രസ്ഥാനം എന്നതാണ് ഈ കൂടായ്മയില്‍ പങ്കുചേരാനുള്ള ലീഗിന്റെ പ്രാഥമിക യോഗ്യത.  മതത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യരാഷ്ട്രീയ ഉണര്‍വുകളെ തടഞ്ഞു നിര്‍ത്താനുള്ള ഉപകരണമായ് പ്രവര്‍ത്തിക്കാന്‍ ലീഗിനു കഴിയും എന്നതാണ് ഈ കൂട്ടായ്മയില്‍ ലീഗ് ഉള്‍പ്പെടുന്നതിന്റെ മറ്റൊരു കാരണം.  യുക്തിവാദവും മതവിമര്‍ശകരും മുസ്‌ലിം ലീഗും ഒരുമിച്ചിരിക്കുന്നു പ്രത്യക്ഷ ബിന്ദു മതസാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാട് ആപല്‍ക്കരമാണെന്നാശയമാണ്.  മതവിമര്‍ശകരെയും യുക്തിവാദികളെയും സംബന്ധിച്ചെടുത്തോളം കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം ബഹുജന പ്രസ്ഥാനമായ മുസ്‌ലിംലീഗിനെ കൂട്ടുപിടിച്ച് പൂര്‍ണമതവാദത്തെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ദൂരത്തിന്റെ വലിയൊരു കാതം പിന്നിടാന്‍ അവര്‍ക്ക് കഴിയും.  മതത്തെ തന്നെ പൂര്‍ണമായി തകര്‍ക്കുക എന്നതാണ് അവരുടെ അത്യന്തിക ലക്ഷ്യം.  മതത്തിന്റെ പ്രത്യേകിച്ച് ഇസ്‌ലാമിന്റെ ഏറ്റവും ചടുലവും ശ്രദ്ധേയവുമായ ഭാഗത്തെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ പണി എളുപ്പമാണ്.  പ്രത്യേകിച്ച് യുക്തിവാദികള്‍ മതങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉന്നംവെക്കാറുള്ളത് ഇസ്‌ലാമിനെയാണ്.  ഇസ്‌ലാമില്‍ അവരെ ഏറ്റവും അസ്വസ്ഥപ്പെടുത്താറുള്ളത് അതിന്റെ സാമൂഹിക രാഷ്ട്രീയ ഭാവങ്ങളുടെ പ്രതിനിധാനത്തെയാണ്. മതവിശ്വാസികളെ തന്നെ  കൂട്ടുപിടിച്ച് മതത്തെ തകര്‍ക്കാന്‍ കഴിയുക എന്നത് വലിയ സൗഭാഗ്യമായി അവര്‍ കണക്കാക്കുന്നുണ്ടാവണം.
അറബി ഭാഷയിലുള്ള ബാങ്ക് ഇവിടെ നടപ്പാക്കപ്പെടുന്ന സാംസ്‌കാരികമായ അറേബ്യന്‍ കോളനി വല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് വാദിക്കുന്ന, ഖുര്‍ആനിലെ ജിഹാദിപരാമര്‍ശങ്ങളുള്ള മുഴുവന്‍ ആയത്തുകളും എഡിറ്റ് ചെയ്‌തൊഴിവാക്കണം എന്നാലേ മുസ്‌ലിം സമൂഹത്തിന് ഭീകരവാദാരോപണത്തില്‍ നിന്നു മുക്തരാവാനാവൂ എന്നുവാദിക്കുന്ന, ഹമീദ് ചേന്ദമംഗല്ലൂരിനും ദൈവംതന്നെ മിഥ്യയാണെന്നും മതം മനുഷ്യന്റെ ശത്രുവാണെന്നും പ്രചരിപ്പിക്കുന്ന യുക്തിവാദികള്‍ക്കും മതത്തെ അതിന്റെ ഏറ്റവും സജീവവും സമ്പൂര്‍ണ്ണവുമായ സ്വഭാവത്തില്‍ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ഒന്നാമത്തെ ശത്രുവാകുക സ്വാഭാവികമാണ്.  കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനത്തെ തെരുവിലും എഴുത്തിലും പ്രൗഡവും ശക്തവുമായ ശൈലിയില്‍ ഏറ്റവുമധികം നേരിട്ടത് ജമാഅത്തെ ഇസ്‌ലാമിയാണ്.  കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ തകര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ശരീഅത്ത് വിവാദകാലത്ത് ഹമീദ്‌ചേന്ദമംഗല്ലൂര്‍ ഉള്‍പ്പെടെയുള്ള മതവിരുദ്ധ ബുദ്ധി ജീവികളെ അത് ഫലപ്രദമായി പ്രതിരോധിച്ചു.  അന്ന് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ഈ സാംസ്‌കാരിക സമരത്തില്‍ സഖ്യകക്ഷികളായിരുന്നു.  കാല്‍ നൂറ്റാണ്ടിനപ്പുറം കാലവും കഥകളും മാറിയിരിക്കുന്നു.  ജമാഅത്തെ ഇസ്‌ലാമിക്കെതിരെ മതവിരുദ്ധരും മുസ്‌ലിംലീഗും കൈകൊടുക്കുന്നു.  ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയില്‍ സംഘടനക്ക് ഏറെ അഭിമാനിക്കാവുന്നതാണ്. 
മുസ്‌ലിം ലീഗ് മുമ്പും ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചിട്ടുണ്ട്. തിരിച്ചും.  പക്ഷേ ലീഗിന്റെ ജമാഅത്ത് വിമര്‍ശനത്തിന്റെ അടിസ്ഥാനം മതവിരുദ്ധതയായിരുന്നില്ല. അത് മതവിരുദ്ധരെ കൂട്ടുപിടിച്ചുമായിരുന്നില്ല.  അവര്‍ക്കിടയില്‍ പങ്കുവെക്കാന്‍ ഏറെയൊന്നുമുണ്ടായിരുന്നില്ല.  1969, 70 കാലത്ത് എം.ഇ.എസി നെതിരെ ലീഗ് ശക്തമായ നിലപാടെടുക്കാനും അത് എം.ഇ.എസ് ലീഗ് സംഘര്‍ഷങ്ങളിലേക്ക് നയിക്കാനും കാരണമായത് മതവിരുദ്ധതയോട് ബാഖഫിതങ്ങള്‍ സ്വീകരിച്ച ഉറച്ച നിലപാടായിരുന്നു.  ഇസ്‌ലാം ഏന്റ് മേഡേണ്‍ എയ്ജ് സൊസൈറ്റിയെ എം.ഇ.എസ് പിന്തുണച്ചു എന്നതിന്റെ പേരിലായിരുന്നു എം.ഇ.എസി നെതിരെ തങ്ങള്‍ കടുത്ത നിലപാട് സ്വീകരിച്ചത്.
മോഡേണ്‍ എയ്ജ് സൊസൈറ്റിയും മുഖ്യശത്രുവായി കണ്ടിരുന്നത് ജമാഅത്തെ ഇസ്‌ലാമിയെയായിരുന്നു.  സംഘടനയുടെ മുഖപത്രമായിരുന്ന 'നിരീക്ഷണം'മാസിക, ജമാഅത്തെ ഇസ്‌ലാമി വിമര്‍ശിക്കപ്പെടുന്നു എന്ന കവര്‍‌സ്റ്റോറിയോടെ പ്രത്യേകപതിപ്പ് തന്നെ പുറത്തിറക്കിയിരുന്നു.  അക്കാര്യത്തില്‍ അവരോട് യോജിച്ചുകളയാമെന്നല്ല മതഭക്തനായ ബാഖഫിതങ്ങള്‍ തീരുമാനിച്ചത്.  മോഡേണ്‍ എയ്ജ് സൊസൈറ്റിയുടെ തകര്‍ച്ചക്ക് കാരണമായത് 70കളില്‍ അവരുടെ തന്നെ സമ്മേളനത്തിലെ ശരീഅത്ത് സംവാദത്തില്‍ ഒ. അബ്ദുറഹ്മാന്‍ സാഹിബ് നടത്തിയ പ്രഭാഷണമായിരുന്നു. 
ഹമീദ് ചേന്ദമംഗല്ലൂരിന്റെ എഴുത്തിന് രണ്ട് ഘട്ടങ്ങളുണ്ട്.  ഒന്ന് ഇസ്‌ലാമിനെ നേര്‍ക്കുനേരെ തുറന്നെതിര്‍ക്കുന്ന ഒന്നാംഘട്ടം. പക്ഷെ പില്‍ക്കാല ഹമീദ് ചേന്ദമംഗല്ലൂര്‍ ശ്രമിച്ചത് ഞാന്‍ ഇസ്‌ലാമിന്റെ അകത്തുതന്നെയാണെന്നുവരുത്തി അതിന്റെ അന്തസത്തയെ തകര്‍ക്കാന്‍ ശ്രമിക്കുക എന്നതാണ്. 'ബഹുവാദത്തിന്റെ പുസ്തകം വായിക്കണം' എന്ന പേരില്‍ 2008 ല്‍ എഴുതിയ ലേഖനത്തില്‍ ഇസ്‌ലാമിലെ മതവിരുദ്ധസ്വതന്ത്ര ചിന്തയുടെ (സെന്‍ദക്ക)ചരിത്രത്തെ ഒരുത്തമ മാതൃകയായി പരിചയപ്പെടുത്തുകയാണ്.  ലേഖനം മുന്നോട്ട് വെക്കുന്ന മറ്റൊരു വിശിഷ്ട പുസ്തകം അബ്ദുറഹ്മാന്‍ബദവിയുടെ ഇസ്‌ലാമിലെ നാസ്തിക വാദത്തിന്റെ ചരിത്രമാണ്.  (ജനാധിപത്യം അനതമിക്കാതിരിക്കാന്‍ പേജ് 121,122)മേഡോണ്‍ എയ്ജ്കാര്‍ ചെയ്യാന്‍ ശ്രമിച്ചത് കുറേക്കൂടി സാന്ദ്രതയില്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കാനാണ് പില്‍ക്കാല ഹമീദ് ചേന്ദമംഗല്ലൂര്‍ ശ്രമിക്കുന്നത്. 
മോഡേണ്‍ എയ്ജ് സൊസൈറ്റിയേക്കാള്‍ മതവിരുദ്ധനായ ഹമീദ് ചേന്ദമംഗല്ലൂരുമായ് ഒന്നിച്ചു ചേരാന്‍ പുതിയ ലീഗ് സെക്രട്ടിക്ക് ഒരു പ്രയാസവുമില്ല. ഇപ്പോള്‍ ലീഗിനും മതവിരുദ്ധര്‍ക്കുമിടയില്‍ പങ്കുവെക്കാന്‍ പലതുമുണ്ട്.  ആഗോളതലത്തില്‍ ശക്തിപ്പെടുന്ന സാമ്രാജ്യത്വ വിരുദ്ധവും ജനാധിപത്യപരവുമായ ഇസ്‌ലാമിക നവോത്ഥാന മുന്നേറ്റത്തെ സാധ്യമാവുന്നത്ര തടഞ്ഞു നിര്‍ത്തുക എന്നതാണ് ഇവര്‍ക്കിടയിലെ പൊതു അജണ്ടകളിലൊന്ന്.
ഇസ്‌ലാമിക അടിത്തറയിലെ ജനാധിപത്യ മുന്നേറ്റത്തിനെതിരായ കൂട്ടായ്മയിലെ പ്രധാന കക്ഷിയാണിപ്പോള്‍ മുസ്‌ലിം ലീഗ്.  അറബ് മുസ്‌ലിം നാടുകളില്‍ മുല്ലപ്പൂ വിപ്ലവമുണ്ടായപ്പോള്‍ അതിനെ അനുകൂലിച്ച് ലീഗോ അതിന്റെ ഏതെങ്കിലും പോഷകസംഘടനയോ തെരുവിലിറങ്ങിയില്ല.  പാര്‍ട്ടിപത്രം ഈ ജനകീയ സമരത്തിനെതിരെ ലേഖനംവരെ പ്രസിദ്ധീകരിച്ചുകളഞ്ഞു. (ചന്ദ്രിക ദിനപത്രം, 23.1.11)
ലീഗിത്രയും മുന്നോട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ അവര്‍ വളരേണ്ട അടുത്തഘട്ടം അല്ലെങ്കില്‍ ലീഗിന്റെ ഇപ്പോഴത്തെ ജമാഅത്ത് വിരുദ്ധ പ്രചാരണം യുക്തിബദ്രവും ഫലപ്രദവുമാവണമെങ്കില്‍ ലീഗ് ചെയ്യേണ്ട കാര്യങ്ങള്‍ അവരുടെ പുതിയ ഗുരു ഹമീദ് ചേന്ദമംഗല്ലൂര്‍ ആര്‍.എസ്.എസിന്റെ മുഖപത്രത്തില്‍ വിശദമാക്കുന്നുണ്ട്.''ജമാഅത്തെ ഇസ്‌ലാമിയെ താത്വികമായി എതിര്‍ക്കാന്‍ മുസ്‌ലിം ലീഗിന് കഴിയാത്തതാണ് അടിസ്ഥാന പ്രശ്‌നം.  ഇസ്‌ലാം സമ്പൂര്‍ണ ജീവിതവ്യവസ്ഥയല്ലെന്ന് പറയാനുള്ള ധീരത ലീഗ് കാണിക്കണം.  ഇതിനുപകരം ഹിന്ദുക്കള്‍ ഭൂരിപക്ഷമായതുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് പ്രായോഗികമല്ല എന്നാണ് ലീഗുകാര്‍ കരുതുന്നത്.  ഇത് തികച്ചും അപര്യാപ്തമാണ്.''  (കേസരി വാരിക. 2010 മെയ് 30)മുസ്‌ലിംലീഗിനും ഹമീദ് ചേന്ദമംഗല്ലൂരിനുമിടയിലെ സൗഹാര്‍ദ്ദവും സംവാദവും വികസിക്കുന്നതിങ്ങനെയാണ്.
 ഹമീദ് പറഞ്ഞ ലീഗിന്റെ ജമാഅത്ത് വിമര്‍ശനത്തിന്റെ അപര്യാപ്തത മുനീറും ഷാജിയും ചേര്‍ന്ന് ഇപ്പോള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.  ജമാഅത്തെ ഇസ്‌ലാമിയെ താത്വികമായ് എതിര്‍ക്കാനുള്ള ശേഷി ലീഗ് ഹമീദില്‍നിന്ന് പതിയെ പതിയെ ആര്‍ജിച്ചുകൊണ്ടിരിക്കുകയാണ്.
ഈ സൗഹൃദ കൂട്ടായ്മക്ക് മറ്റൊരാശയാടിത്തറ കൂടിയുണ്ട്.  മതേതരത്തം എന്ന പേരില്‍ സവര്‍ണ, മൃദു ഹന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്നവരാണിവരെല്ലാം.  കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സുഹൃത്തുക്കള്‍ സംഘ്പരിവാറാണ്. കുപ്രസിദ്ധമായ ലൗജിഹാദ് പ്രചാരണക്കാലത്ത് സംഘ്പരിവാറിനെ തോല്‍പ്പിക്കുന്ന വിധത്തില്‍ യുക്തിവാദി സംഘടന മുസ്‌ലിം വിരുദ്ധ പ്രചാരണം നടത്തുകയായിരുന്നു.
ഹിന്ദു ഐക്യവേദിയും യുക്തിവാദി സംഘടനയും ചില ക്രിസ്ത്യന്‍ സംഘടനകളും ഒരുമിച്ച് ലൗജിഹാദ് പ്രചാരണകാലത്ത് പത്രസമ്മേളനം നടത്തുകയുണ്ടായി.  ചിന്‍വാദ്പാലം എന്ന പ്രവാചകനിന്ദ പുസ്തകത്തിനുവേണ്ടിയും ഇവര്‍ ഒരുമിച്ച് രംഗത്തുവന്നിരുന്നു.  യുക്തിവാദികള്‍ക്കും സംഘ്പരിവാരത്തിനും വളരെ വേഗത്തില്‍ ഒരുമിക്കാന്‍ കഴിയും. സംഘ്പരിവാരത്തിന്റെ ആത്മസത്തയില്‍ യഥാര്‍ഥത്തില്‍ ആത്മീയതയോ അലൗകികതയോ നൈതികതയോ ഒന്നുമില്ല.  തീര്‍ത്തും ഭൗതികമായ ഒരു സാംസ്‌കാരിക വംശീയ മേല്‍ക്കോയ്മാ വാദം മാത്രമാണത്.  മതപരമായ ഉള്ളടക്ക ശൂന്യത കാരണം അതിനോട് താദാത്മ്യപ്പെടാന്‍ ലീഗിനും ഏറെ എളുപ്പമാണ്.   ആശയപരമായ ഒരടിത്തറയുമില്ലാത്ത ലീഗിന് ഹമീദ് ചേന്ദമംഗല്ലൂരും എം.കെ മുനീറും, കെ.എം. ഷാജിയും ചേര്‍ന്ന് ആശയാടിത്തറ നിര്‍മ്മിച്ച് നല്‍കുകയാണ്.  മൃദുഹിന്ദുത്വതിന്റെതായ ആശയാടിത്തറ. 
സവര്‍ണ സംസ്‌ക്കാര പാദസേവയുടെ ഉദാഹരണമാണ് ഹമീദ് ചേന്ദമംഗല്ലരിന്റെ സംവരണ വിരുദ്ധവാദഗതി.  വരേണ്യ സംസ്‌കാരം എന്നും സാമൂഹ്യനീതിയുടെ മുഖം മൂടി ധരിച്ചുതന്നെയാണ്  സംവരണത്തെ അക്രമിക്കാറ്.  ഐ.ഐ.ടി, ഐ.ഐ.എം., കേന്ദ്രസര്‍വ്വകലാശാലകള്‍ തുടങ്ങി കേന്ദ്രധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27% സംവരണം നല്‍കാനുള്ള കേന്ദ്രനിയമം സുപ്രീം കോടതി ശരിവെച്ചതിനെതിരെ സംവരണമല്ല അവസരങ്ങളാണ് വേണ്ടത് ഹമീദ് രംഗത്തുവരികയുണ്ടായി.  (ജനാധിപത്യം അസ്തമിക്കാതിരിക്കാന്‍ പേജ് 89- 92)  അവസര സമത്വത്തിന് സാമൂഹ്യനീതിയിലും മര്‍ദ്ധിത വിമോചനത്തിലും വിശ്വസിച്ച രാഷ്ട്ര ശില്‍പികള്‍ കണ്ട വഴിയായിരുന്നു സംവരണം.  സംവരണം മോശമാണെന്ന് സ്ഥാപിക്കുന്നതിലൂടെ മേല്‍ക്കോയ്മ വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയും.  അധസ്ഥിത ജനവിഭാഗങ്ങളില്‍ അപകര്‍ഷതാ ബോധം സൃഷ്ടിക്കാന്‍ സാധിക്കും.  ഐ.ഐ.ടി. ഐ.ഐ.എം മുതലായ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കിയാല്‍ അത് മെറിറ്റിനെയും അതുവഴി സ്ഥാപനത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും എന്നാണ് ഹമീദ് പറയുന്നത്.  ഇതിനു പകരം അവസരസമത്വം സൃഷിടിക്കാന്‍ സംവരണേതര മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നഭിപ്രായപ്പെടുന്നു.  സംവരണതിനെതിരായ ഏറ്റവും വലിയ പടക്കോപ്പാണ് മെരിറ്റ് വാദം.  സംവരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണമേന്മയെ കുറച്ചിട്ടില്ല എന്ന് എത്രയോ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ട കാര്യമാണ്.
മുസ്‌ലിം പേരില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന വരേണ്യമുഖ്യധാരക്കുവേണ്ടിയുള്ള സാംസ്‌കാരിക പ്രവര്‍ത്തനത്തിന് ഒരു പുതിയ സഖ്യകക്ഷിയെക്കൂടി ലഭിച്ചിരിക്കുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്.  സാമൂഹ്യനീതി പറഞ്ഞ് ജനിച്ച പാര്‍ട്ടിക്ക് വരേണ്യ സംസ്‌കാരത്തിന്റെ പുതിയ ഗുരുക്കന്മാര്‍ ജനിക്കുന്നു. ചില പതനങ്ങളുടെ ഒരു അപഹാസ്യത നോക്കണേ!  ജമാഅത്ത് വിമര്‍ശനം ഈ കങ്കാണിപ്പണിയുടെ ഒരു മാധ്യമം മാത്രമാണ്.  ജമാഅത്തിനെ വിമര്‍ശിക്കുമ്പോള്‍ അവര്‍ ജമാഅത്തിനെയല്ല വിമര്‍ശിക്കുന്നത് വരേണ്യതക്കും ഭരണകൂട താല്‍പര്യത്തിനുമെതിരെ ഉയരുന്ന ശബ്ദങ്ങളെ വിമര്‍ശിച്ചൊതുക്കാന്‍ ശ്രമിക്കുകയാണ്.
കേരളത്തില്‍ മതവിരുദ്ധരുടെ സങ്കേതം കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു.  സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാനന്തര കാലത്ത് ഇടതുപക്ഷത്തിന് മതത്തിന്റെ കാര്യത്തില്‍ സാരമായ അശയമാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.  ചില മതമില്ലാത്ത ജീവനുകളുടെ പഴയപുളിപ്പ് ഇടക്ക് തികിട്ടിവരാറുണ്ടെങ്കിലും അത് അപവാദം മാത്രമാണ്.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ ഒരു ശരീഅത്ത് വിരുദ്ധ പ്രസ്ഥാനമല്ല. സര്‍ക്കാര്‍ തലത്തില്‍ ശരീഅത്തധിഷ്ഠിത ധനകാര്യ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടുന്ന പ്രസ്ഥാനമാണ്.   ഇസ്‌ലാമിന്റെ ആത്മീയ രാഷട്രീയവുമായ് സംവാദാത്മകമായ ബന്ധം സ്ഥാപിക്കാന്‍ അവര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്.  മതകാഴ്ച്ചപ്പാടുകളെക്കൂടി ഉള്‍ക്കൊണ്ടേ പൊതുമണ്ഡലത്തിന് വികസിക്കാനും മുന്നോട്ട് പോവാനം ജനാധിപത്യപരമാവാനും കഴിയൂ എന്ന തിരിച്ചറിവ് അഗോളതലത്തിലും അതിന്റെ ഭാഗമായി കേരളത്തിലും കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇന്നുണ്ട്.
പ്രമുഖ ഇടതുപക്ഷ ചിന്തകനും ഭാഷാഇന്‍സിറ്റിറ്റിയൂട്ട് ഡയറക്ടറുമായ ഡോ: പി.കെ. പോക്കര്‍ ഇന്‍സിറ്റിയൂട്ട് പ്രസിദ്ധീകരണമായ 'വിജ്ഞാന കൈരളി'' യുടെ മുഖ്യ പ്രസംഗത്തില്‍ ജീവിച്ചിരിക്കുന്ന പ്രമുഖ ജര്‍മ്മന്‍ മാര്‍ക്കിസ്റ്റ് മനീഷിയായ ഹേബര്‍മാസിന്റെ പൊതുമണ്ഡലത്തെക്കുറിച്ച നവീന കാഴ്ച്ചപാട് അവതരിപ്പിച്ചു കൊണ്ടെഴുതുന്നു: ''പങ്കാളിത്ത പൗരത്വം(shared citzenship)എന്ന ജനാധിപത്യം വ്യവസ്ഥ അനിവാര്യമാക്കുന്ന ആശയത്തെയാണ് ഹെബര്‍മാസ്  മുന്നോട്ട് വെക്കുന്നത്.  പഴയ കടുംപിടുത്തപരമായ മതനിരപേക്ഷനിലപാടില്‍ നോക്കിയാല്‍ ഒരു വിശ്വാസിയുടെ മനോനില(midset)  അംഗീകരിക്കാന്‍ മതേതരവാദികള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരിക്കും.  എന്നാല്‍ രണ്ട് കാരണങ്ങള്‍ കൊണ്ട് മതത്തിനും മതവിശ്വാസത്തിനും ജനാധിപത്യ വ്യവസ്ഥയില്‍ തുല്യമായ സ്ഥാനം നല്‍കണമെന്നാണ് ഹെബര്‍മാസ് സിദ്ധാന്തിക്കുന്നത്.  ഒന്ന് ശാസ്ത്രീയമായി സാധൂകരണം സാധ്യമല്ലെങ്കിലും മതത്തിനും മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തിനും ധാര്‍മികമായ ചോദനകള്‍ സംഭാവ ചെയ്യാന്‍ കഴിയും.  രണ്ട് . വിശ്വാസവും അറിവും തമ്മിലുള്ള ബന്ധത്തെ അവരുടെ കാഴ്ച്ചപാടില്‍ വ്യാഖ്യാനിച്ചു കൊണ്ട് സ്വയം വിമര്‍ശാത്മകമായി ഒരുമിച്ച് ജീവിക്കാനും എല്ലാം നല്ല നിലയില്‍ നടക്കാനും (all is to go well)ഇതാവശ്യമാണ്.  പശ്ചാത്യരാജ്യങ്ങള്‍ മാത്രമല്ല. പൗരസ്ത്യ രാജ്യങ്ങളും തകരാതിരിക്കാന്‍ ഹെബര്‍മാസിന്റെ നിര്‍ദേശം പ്രസക്തമാണ്.''  മാര്‍ച്ച് 2011)
കേരളത്തിലെ ഇസ്‌ലാം വിരുദ്ധരുടെ ഒളി സങ്കേതം ഇപ്പോള്‍ മുസ്‌ലിം ലീഗാണ്.

Saturday, April 2, 2011

സ്ത്രീയില്ലാത്ത ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക



ലോകത്തിലെ തന്നെ ഏറെ ഉന്മേഷമുള്ള രണ്ട് മുസ്‌ലിം സ്ത്രീ സമൂഹങ്ങളാണ് ഇറാനിലെയും കേരളത്തിലെയും മുസ്‌ലിം സ്ത്രീ സമൂഹങ്ങളെന്ന് പറഞ്ഞത് പ്രശസ്ത സ്ത്രീപക്ഷ പണ്ഡിത ജെ. ദേവികയാണ്.  കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ ശിരോവസ്ത്രമണിഞ്ഞ് ഉന്നത വിദ്യാഭ്യാസം നടത്തുന്ന മുസ്‌ലിം പെണ്‍കുട്ടികളെ കുറിച്ചെഴുതിയത് പ്രമുഖ സാമൂഹ്യ ശാസ്ത്രക്കാരന്‍ രാമചന്ദ്രഗുഹയാണ്.  മുസ്‌ലിം പെണ്‍കുട്ടികള്‍ അടുത്ത കാലത്തായി സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെ ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.  അതിനാനുപാതികമായി രാഷ്ട്രീയ പ്രാതിനിത്യം കേരളത്തിലെ മുസ്‌ലിം സ്ത്രീക്ക് ലഭിക്കാതെ പോകുന്നതെന്തുകൊണ്ട്? 
അതിന്റെ പ്രധാന ഉത്തരവാദി മുസ്‌ലിം രാഷ്ട്രീയത്തെ കുത്തകയായിക്കിയിരിക്കുന്ന മുസ്‌ലിംലീഗാണ് 2001ല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 33%  സംവരണമേര്‍പ്പെടുത്തി.  കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ അത് 50% മായി ഉയര്‍ത്തി.  ഇതിലൂടെയൊക്കെ ധാരാളം മുസ്‌ലിം സ്ത്രീകള്‍ ലീഗിന്റെ ബാനറില്‍ തന്നെ അധികര രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്.  ഭരണ നൈപുണ്യം തെളിയിച്ച എത്രയോ സ്ത്രീകള്‍ ഉണ്ട്.  പക്ഷേ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇതിന്റെയൊന്നും ഒരു പ്രതിഫലനവും കാണാന്‍ കഴിയില്ല.  സി.പി.ഐ.എം ന്റെ പട്ടികയില്‍ രണ്ട് മുസ്‌ലിം സ്ത്രീകളും കോണ്‍ഗ്രസിന്റെ പട്ടികയില്‍ ഒരു മുസ്‌ലിം സ്ത്രീയും  ഉണ്ടായിരിക്കെയാണ് ലീഗ് പട്ടിക മുസ്‌ലിം സ്ത്രീകളുടെ പ്രാതിനിധ്യത്തില്‍ ശൂന്യമായിരിക്കുന്നത്.  അഖിലേന്ത്യാലീഗിന്റെ മൂന്ന് എം.എല്‍.എ മാര്‍ ഉള്‍പ്പെടെ 69 എം.എല്‍.എ മാരെയാണ് ലീഗിതുവരെ സൃഷ്ടിച്ചത്.  അതില്‍ ഒരു സ്ത്രീ പോലുമില്ല.  അതേ സമയം കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും പോലെ ലീഗിന്റെയും ജനകീയാടിത്തറയില്‍ വലിയ പങ്ക് സ്ത്രീകളാണ്.  ലീഗിലെ സര്‍വ്വപുരുഷന്മര്‍ക്കും വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് സ്ത്രീകളാണ്.  
പൗരത്വം ഇന്ന് വലിയ പഠനവിഷയമായി വികസിച്ചിട്ടുണ്ട്.  ഒരാള്‍ക്ക് പാസ്‌പോര്‍ട്ട് ഉണ്ടോ ഇല്ലേ എന്നതിലപ്പുറം പൗരത്വത്തിന്റെ സാധ്യതകള്‍ ചിലജനവിഭാഗങ്ങള്‍ക്ക് എങ്ങനെയാണ് തടയപ്പെടുന്നത്.  ഇത് അനാവരണം ചെയ്യപ്പെടുന്നുണ്ട്.  കേരളത്തില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പൗരത്വത്തെ നമ്മള്‍ എങ്ങനെയൊക്കയാണ് നിര്‍വീര്യമാക്കുന്നത് എന്നതിനെക്കുറിച്ച പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.  അതേപോലെ പൗരത്വ പ്രശ്‌നമനുഭവിക്കുന്നവരാണ് പ്രവാസികള്‍.  പൗരത്വപ്രശ്‌നമനുഭവിക്കുന്ന കേരളത്തിനകത്തെ മറ്റൊരു സാമൂഹ്യജനവിഭാഗമാണ് ലീഗ്‌വനിതകള്‍. അവരിന്നും ലീഗ് പുരുഷന്റെ പ്രജമാത്രമാണ്.  
നമ്മുടെ മുഖ്യധാര ആരോപിക്കുന്നത് പോലെ മുസ്‌ലിം സ്ത്രീപിന്നോക്കാവസ്ഥയുടെ പ്രതീകമല്ല.  1925 ല്‍ മുസ്‌ലിം മഹിള, 1929 ല്‍ നിസാഉല്‍ഇസ്‌ലാം എന്നീ സത്രീ അനുകാലികങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.  മുസ്‌ലിം സ്ത്രീകള്‍ ധാരാളമായി അതില്‍ എഴുതുന്നുണ്ട്. മുസ്‌ലിം സ്ത്രീകളുടെ  ഉദ്യോഗാവസരത്തിനുവേണ്ടി 1938 ല്‍ ഹലീമ ബീവിയെപ്പോലെയുള്ള ചില മുസ്‌ലിം നവോത്ഥാന നായികകളുടെ  നേതൃത്വത്തില്‍ തിരുവല്ലയില്‍ ചേര്‍ന്ന മുസ്‌ലിം വനിതാസമ്മേളനം ശക്തമായി ശബ്ദമുയര്‍ത്തുന്നുണ്ട്.


ഇതിനുതുടര്‍ച്ചയായി ഉണ്ടാവേണ്ട വികാസമായിരുന്നു മുസ്‌ലിം സ്ത്രീകളുടെ ഭരണ പങ്കാളിത്തം.  ഇതിനെ തടഞ്ഞു നിര്‍ത്തിയത് മുസ്‌ലിം ലീഗാണ്.  ലീഗിലെ പുരോഗമനത്തിന്റെ പടക്കുതിരകളാണ് യൂത്ത്‌ലീഗുകാര്‍ എന്നാണ് അവര്‍ സ്വയം അവകാശപ്പെടുന്നത്.  സ്ഥാനാര്‍ഥി പട്ടികയില്‍ യൂത്ത് ലീഗിന് രണ്ട് പേരുടെ പ്രാതിനിധ്യമുണ്ട്.  അവര്‍ക്കും തോന്നിയിട്ടില്ല ലീഗ് വനിതക്ക് സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന് പാര്‍ട്ടികകത്ത് ആവശ്യപ്പെടാന്‍.  ലീഗില്‍ രണ്ട് ഗ്രൂപ്പുകള്‍ ഉണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.  കുഞ്ഞാലിക്കുട്ടിയുടെ ഗ്രൂപ്പും എം.കെ.മുനീര്‍ ഉള്‍ക്കൊള്ളുന്ന വിഭാഗവും. ഇങ്ങനെ ഉണ്ടെന്ന സന്ദേശം നല്‍കാന്‍ മുനീറും സുഹൃത്തുക്കളും പരമാവധി ശ്രമിക്കാറുമുണ്ട്. ഇതില്‍ രണ്ട് കൂട്ടരും ഈ പൗരത്വനിഷേധത്തില്‍ ഒറ്റക്കെട്ടാണ്. അറിയപ്പെടുന്ന ഇസ്‌ലാമിക് ഫെമിനിസ്റ്റായ ഫാതിമ മെര്‍നിസിയുടെ പുസ്തകത്തിന്റെ മലയാള പ്രസാധകന്‍ എം.കെ മുനീറായിരുന്നു.  അതില്‍ പ്രവാചകനിന്ദാപരമായ പരാമര്‍ശങ്ങള്‍ ഉണ്ട് എന്നതിന്റെ പേരില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.  മുനീറിനെ സംബന്ധിച്ചെടുത്തോളം പ്രസാധനവും മാധ്യമപ്രവര്‍ത്തനവും അദ്ദേഹം തന്നെ പറഞ്ഞ പോലെ 'അലങ്കാരികത' മാത്രമാണ്.  പുരോഗമനപരമായ കാര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടികകത്ത് സമരസമ്മര്‍ദ്ധങ്ങള്‍ സൃഷിടിക്കാനുള്ള ആന്തരികമായ ഒരു ശേഷിക്കും മുനീറിനോ ഷാജിക്കോ ഇല്ല.  യാഥാസ്ഥിക വിഭാഗവും മുനീര്‍ ഷാജി ടീമും തമ്മിലുള്ള സഖ്യമാണ് ലീഗിലിപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്.  ഈ സഖ്യത്തിന് പാര്‍ട്ടികകത്തെ കുഞ്ഞാലിക്കുട്ടി പ്രഭാവത്തെ ദുര്‍ബലമാക്കാന്‍ സാധിച്ചിട്ടുണ്ട്.  മുനീര്‍ ഷാജി ടീമിന്റെ പുരോഗമന മുഖം മുഖമൂടിയാണെന്ന് തെളിയിക്കുന്നതാണ് ഈ ഉള്‍പാര്‍ട്ടി സഖ്യം. മുനീര്‍ ഷാജി ഗ്രൂപ്പിന്റെ നിലപാടുകള്‍ എല്ലാം പാര്‍ട്ടികകത്തെ അധികാര ബലതന്ത്രവുമായ് ബന്ധപ്പെട്ടതാണ്. 

നമ്മുടെ മുഖ്യധാര സാസ്‌കാരിക മാധ്യമലോകത്തിന് ഏറെ പ്രിയപ്പെട്ട പാര്‍ട്ടിയാണ് ലീഗ്.  പ്രത്യേകിച്ച് അതില്‍ എം.കെ മുനീറും കെ.എം. ഷാജിയും മുഖ്യധാര സംസ്‌കാരത്തിന്റെ വലിയ ഉല്‍ക്കണ്ഡകളിലൊന്നാണ് മുസ്‌ലിം സ്ത്രീ എന്നത്.  
മുസ്‌ലിം സ്ത്രീയെക്കുറിച്ച പൊതുബോധത്തിന്റെ ആകുലതകളില്‍ പലതും അസ്ഥാനത്താണെന്ന് ശരീഅത് വിവാദവും തുടര്‍സംഭവങ്ങളും തെളിയിച്ചതാണ്.  ഷബാനു കേസിലെ കോടതി വിധിയേക്കാള്‍ പുരോഗമനപരം മതവിശ്വാസികളുടെ ആവശ്യപ്രകാരവതരിപ്പിച്ച ബില്ലായിരുന്നു എന്ന് ഇപ്പോള്‍ അനുഭവങ്ങളിലൂടെ വ്യക്തമായിരിക്കയാണ്.  എങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ പൊതുമുഖ്യധാരക്കും മുസ്‌ലിം സമൂഹത്തിനും ഇടയില്‍ ഒരു സംവാദം നടക്കേണ്ടതുതന്നെയാണ്.  മുസ്‌ലിംസമൂഹം അത്തരമൊരു സംവാദത്തിലൂടെ കടന്നുപോവുക തന്നെ ചെയ്യേണ്ടതാണ്.  മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ മുഖ്യധാര സ്വന്തം ഛായയില്‍ അവളുടെ വിവാഹമോചനം പോലുള്ള ചില പ്രശ്‌നങ്ങളെ സാകല്യത്തില്‍നിന്നടര്‍ത്തി നോക്കിക്കാണുന്നതിന്റെ പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്.  ഒപ്പം മുസ്‌ലിംസമൂഹം തിരുത്തേണ്ട പല കാര്യങ്ങളെയും ഈ സംവാദം ഉന്നയിക്കുന്നുണ്ട്.  സവര്‍ണ സാംസ്‌കാരിക മുഖ്യധാരക്ക് ഏറെ പ്രിയങ്കരമായ മുസ്‌ലിം സംഘടനയണ് മുസ്‌ലിം ലീഗ്.  ആ ബന്ധം ലീഗിനെ മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ ഒരു തിരുത്തലിനും പ്രേരിപ്പിക്കുന്നില്ല എന്നത് വിശകലനം ചെയ്യേണ്ട കാര്യമാണ്. അതിനു കാരണം അത് സവര്‍ണ സാംസ്‌ക്കാര മുഖ്യധാരയുമായി സംവാദത്തിലേര്‍പ്പെടുകയല്ല ശൃംഗാരത്തിലേര്‍പ്പെടുകയാണ് ചെയ്യുന്നത് എന്നതാണ്.  
മുഖ്യധാരക്കും ലീഗിനുമിടയില്‍ ഇത്തരം കാര്യങ്ങളില്‍ പരമാവധി പരസ്പര വിമര്‍ശിക്കാതിരിക്കുക എന്ന ഉടമ്പടി നിലവിലുണ്ട്.  അതു കൊണ്ടാണ് നമ്മുടെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ലീഗിനെ വെറുതെ വിട്ടത്.  
പുരോഹിതരും മാഫിയകളുമാണ് ഇപ്പോള്‍ ലീഗ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്.  പുരോഗമനവാദിയായ് ആലങ്കാരികമായ് വേഷം കെട്ടിയാടുന്ന എം.കെ മുനീറും, ലീഗിലെ ഏറ്റവും യാഥാസ്ഥികരും തമ്മിലുള്ള സഖ്യമാണ് ലീഗിനകത്തെ ബലതന്ത്രത്തിലെ പുതിയ സമവാക്യം. അതേ മുനീര്‍ പൊതുമണ്ഡലത്തില്‍ മതവിരുദ്ധരുടെ സഹകാരിയും സുഹൃത്തുമാണ്.  രചനാത്മകമായ മതത്തെയോ മതേതരത്തെയോ പ്രതിനിധീകരിക്കാന്‍ കഴിയാത്ത മുസ്‌ലിംസ്വത്വ പ്രതിസന്ധികളുടെ രാഷ്ട്രീയമാണ് മുസ്‌ലിംലീഗ്. 
  




Monday, February 28, 2011

ഇത് നിലപാടില്ലായ്മയുടെ അനിവാര്യ ദുരന്തം


രണ്ടാഴ്ച മുമ്പുവരെ മുസ്‌ലിംലീഗ് കേരളത്തില്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കാലത്തിലൂടെ ആര്‍ത്തുല്ലസിച്ച് ആമോദപൂര്‍വ്വം കടന്നു പോവുകയായിരുന്നു.  കേരളത്തിന്റെ പൊളിറ്റിക്കല്‍ സൈക്കനുസരിച്ച്  നിയമസഭയില്‍ അടുത്ത ഊഴം യു.ഡി.എഫിന്റേതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം അതിന്റെ പ്രഖ്യാപനമായിരുന്നു.  തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം അതിന് അടിവരയിട്ടു.  ലീഗിതര മുസ്‌ലിം രാഷ്ട്രീയ ഗ്രൂപ്പുകളെ തകര്‍ത്ത് കയ്യില്‍ കൊടുക്കുന്നതില്‍ ലീഗ് അസാമാന്യ മിടുക്ക് കാട്ടി.  ലീഗിതര മുസ്‌ലിം രാഷ്ട്രീയ മഖ്ബറയിലെ പുതിയ മീസാന്‍ കല്ലുകളെ ചൂണ്ടി ലീഗിതര മുസ്‌ലിം രാഷ്ട്രീയം അസാധ്യതയുടെ രാഷ്ട്രീയ നാമമാണെന്ന് അവര്‍ ആവര്‍ത്തിച്ചു.  ഐ.എന്‍.എല്‍ രൂപീകരിക്കപ്പെട്ട സമയത്ത് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അതിനു പറഞ്ഞ ഒരു പൂര്‍ണ്ണ നാമമുണ്ടായിരുന്നു.  'ഇന്നല്ലെങ്കില്‍ നാളെ ലീഗിലേക്ക്' അത് ഒരു പകുതി മുക്കാല്‍ ശരിയെന്ന്  ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ കുടുംബത്തെ തന്നെ അണിനിരത്തി തെളിയിക്കാന്‍ ലീഗിനു കഴിഞ്ഞു.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഭരണം വിടാതിരുന്ന ലീഗ് വലിയ പ്രതിരോധത്തിലായിരുന്നു.  1992 ല്‍ നിന്ന് 2008 ഉം 10ഉം ആകുമ്പോഴേക്ക് ആ നിലപാടായിരുന്നു ശരിയെന്ന് ചളപ്പില്ലാതെ പറയാനുള്ള ആത്മധൈര്യം ലീഗിന് തിരിച്ചു കിട്ടി.  കുറേ വലതുപക്ഷ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ ലീഗിന്റെ 'മിതവാദ'ത്തെ പാടിപ്പുകഴ്ത്താന്‍തുടങ്ങി.  ലീഗിനറിയില്ലെങ്കിലും ലീഗ് മഹാസംഭവമാണെന്നവര്‍ ഉപന്യസിച്ചു.  ലീഗിന്റെ ആദര്‍ശമില്ലായ്മ അത്യുജ്വലമായ ആദര്‍ശമാണെന്നവര്‍ പ്രബന്ധിച്ചു.  ലീഗിന്റെ നിലപാടില്ലായ്മ എന്ന ഏറ്റവും മതേതരവും ജനാധിപത്യപരവുമായ നിലപാടുകാരണമാണ് കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ തടുത്തുനിര്‍ത്തപ്പെടുന്നവര്‍ നിരീക്ഷിച്ചു.  പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണപ്പെട്ടപ്പോള്‍ തങ്ങളുള്ളതു കൊണ്ടാണ് കേരളം കത്താതെ പോയതെന്ന്  കേരളീയ പൊതുബോധം അനുശോചന പ്രമേയം പാസാക്കി.
ഒരു പാര്‍ട്ടിക്ക് ആനന്ദതുന്ദിലരാവാന്‍ ഇതിനപ്പുറമൊക്കെ എന്താണ് വേണ്ടത്.  ഇക്കാര്യത്തിലൊക്കെ ലീഗ് ഒറ്റക്കെട്ടായിരുന്നു.  പാളയത്തില്‍ പടയില്ല.  തെരഞ്ഞെടുപ്പ് നടക്കുക എന്ന ഒറ്റ കാര്യം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.  ലീഗ് നിയ്യത്തുകൊണ്ട് ഭരണകക്ഷിയായി കഴിഞ്ഞിട്ട് മാസങ്ങള്‍ കുറേ കഴിഞ്ഞിരുന്നു.  ആര്‍ക്കും തടുക്കാനാവാത്ത ജൈത്രയാത്രയുടെ ലഹരിയിലായിരുന്നു പാര്‍ട്ടി.  ആ സുന്ദര സ്വപ്നത്തിനിടയിലാണ് അളിയന്‍ റഊഫ് ലീഗിനെ വിളിച്ചുണര്‍ത്തിയത്. ഞെട്ടിപ്പിക്കുന്ന ചില യാഥാര്‍ഥ്യങ്ങളിലേക്ക്. അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിക്കുകയോ ജയിക്കാതിക്കുകയോ ചെയ്യാം.  പക്ഷെ ഒരു കാര്യം ഉറപ്പ്.  വഴി അത്ര എളുപ്പമല്ല.  ലീഗ് മാഹാത്മ്യം വഞ്ചിപ്പാട്ടുപാടിയ സാംസ്‌കാരിക നായകര്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നതല്ല പ്രശ്‌നം.
കേരളീയ രാഷ്ട്രീയത്തില്‍ അടുത്ത കാലത്ത് ഉയര്‍ന്ന് ഏറ്റവും ഗുരുതരമായ ആരോപണമിശ്രിതമാണ് ലീഗ് നേതാവിനെതിരെ ഇപ്പോള്‍  സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ ഉയര്‍ന്നിരിക്കുന്നത്.  ഒരു വ്യഭിചാര കേസ് എന്നതിനേക്കാള്‍ വലിയ ഗൗരവം ഇതിനു വന്നു ചേര്‍ന്നിരിക്കുകയാണ്.  കൈകൂലി മുതല്‍ കൊലപാതകം വരെ അധികാര ദുര്‍വിനിയോഗം ജുഡീഷ്യറിയെ സ്വാധീനിക്കല്‍ ഉള്‍പ്പെടെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലുണ്ട്.  എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുണ്ടെന്ന് തന്നെയാണിപ്പോള്‍ കേരളം വിശ്വസിക്കുന്നത്.  ഉന്നയിക്കപ്പെട്ട ആരോപണത്തിന്റെ വിശദാംശങ്ങളും യാഥാര്‍ഥ്യ പരിശോധനയും ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ല.  പകരം എന്താണ് ഒരു സംഘടന എന്ന നിലക്ക് ലീഗിന് സംഭവിച്ചത് എന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
''മുസ്‌ലിം ലീഗിനെ സംബന്ധിച്ചെടുത്തോളം സിദ്ധാന്തമൊന്നുമില്ല.  കോണ്‍ഗ്രസ്‌പോലെ കേരളാ കോണ്‍ഗ്രസ്‌പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണത്.  പക്ഷെ ആ പാര്‍ട്ടി നിലനില്‍ക്കേണ്ടത് എന്റെയും നിങ്ങളുടെയും ആവശ്യമാണ്.  ആ പാര്‍ട്ടി ഇല്ലെങ്കില്‍ സ്ഥിതി ഇപ്പോഴത്തേതിനേക്കാള്‍ മോശമാകും.'' അഡ്വ: എ. ജയശങ്കര്‍. മാതൃഭൂമി ആഴ്ച്ചപതിപ്പ് 2011 ജൂണ്‍ 23
ആദര്‍ശമില്ലായ്മയും നിലപാടില്ലായ്മയും ഒരു മഹാകാര്യമാണെന്ന് പൊതുബോധ ഉപാസകരായ സാംസ്‌കാരിക പ്രവര്‍ത്തര്‍ ലീഗിനെക്കുറിച്ച് പറഞ്ഞു.  പൊതുസമൂഹത്തെ പഠിപ്പിച്ചു.  ലീഗില്ലാതായാല്‍ തീവ്രവാദികള്‍ കേരള മുസ്‌ലിംകളെ റാഞ്ചുമെന്നവര്‍ മുന്നറിയിപ്പു നല്‍കി.   ഇതേ കാര്യമാണ് ഈജിപ്ത് ഉള്‍പ്പടെയുള്ള മുസ്‌ലിം രാജ്യങ്ങളിലെ മര്‍ദ്ധക സേഛാധിപത്യ ഭരണ കൂടങ്ങള്‍ അവരുടെ ഭരണത്തിനു ന്യായമായി പറഞ്ഞിരുന്നത്.  ഞങ്ങള്‍ അധികാരമൊഴിഞ്ഞാല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വരും.  മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം സേഛാധിപത്യവും എത്ര രാഷ്ട്രീയ ജീര്‍ണതയും എത്ര മതേതരമാണെന്നാലോചിക്കുക.

മുസ്‌ലിംലീഗിന്റെ നിലപാടില്ലായ്മകള്‍.
ലോക വ്യാപകമായ് ഇന്ന് മുസ്‌ലിം സമൂഹം അങ്ങേയറ്റം വൈമ്പ്രന്റ്റായ ഒരു സമുദായമാണ്.  സാമ്രാജ്യത്താല്‍ ടാര്‍ഗേറ്റ് ചെയ്യപ്പെടുന്ന സമുദായം, സാമ്രാജ്യത്വത്തെ ഏറ്റവും ശക്തമായ് പ്രതിരോധിക്കുന്ന ജനത.  പക്ഷെ ഇതൊന്നും മുസ്‌ലിംലീഗിന് ബാധകമായ കാര്യമേ അല്ല.  സാമ്രാജത്വം, അങ്ങനെ ഒരു സാധനമുണ്ടോ എന്ന് ലീഗ് നേതാക്കള്‍ പരസ്യമായും രഹസ്യമായും ചോദിക്കാറുണ്ട്.  സാമ്രാജത്വ  അധിനിവേശങ്ങളും വിരുദ്ധ പോരാട്ടങ്ങളും കേരളത്തില്‍ അടുത്ത കാലത്ത് പലപ്പോഴും തെരഞ്ഞെടുപ്പ് വിഷയം വരെ ആയിട്ടുണ്ട്.  ലീഗപ്പോഴെല്ലാം മിഴിച്ചു നോക്കുകയോ അല്ലെങ്കില്‍ അതിലൊന്നും വലിയ കാര്യമില്ലെന്ന നിലപാടിലോ ആയിരുന്നു.
ഉത്തരേന്ത്യയില്‍ നടന്ന ഭീഭത്‌സമായ വര്‍ഗീയാക്രമണങ്ങളോട് നിസ്സംഗത പുലര്‍ത്തുക എന്നതായിരുന്നു ലീഗ് നയം.  ഈ നിസ്സംഗതയെ നമ്മുടെ ചില സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ മിതവാദമെന്ന നാമധേയത്തില്‍ ആഘോഷിച്ചു.  ബാബരി ആക്രമണാനന്തര കേരളം കത്താതിരുന്നത് പാണക്കാട് തങ്ങള്‍ ഉണ്ടായിരുന്നത്‌കൊണ്ടാണെന്നു പറഞ്ഞത് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്നു.  പിന്നീട് വലതു പക്ഷ മതേതര മുഖ്യധാര അതേറ്റെടുത്തു.  പിന്നീട് ലീഗത് ഒരഭിമാനമായി കൊണ്ടുനടന്നു.  പാണക്കാട്ടെ തങ്ങള്‍ ഇല്ലാത്ത ഉത്തരേന്ത്യയിലെ അല്ലെങ്കില്‍ കേരളത്തിനുപുറത്തുള്ള മുസ്‌ലിംകള്‍ ബാബരി ആക്രമണാന്തരം വമ്പിച്ച കലാപം അഴിച്ചു വിടുകയായിരുന്നു എന്ന അവാസ്തവത്തിനു മുകൡലാണ് ഈ ലീഗ് മഹാത്മ്യം നിലനില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍ ലീഗിന് കഴിയുമായിരുന്നില്ല.
ഉത്തരേന്ത്യയിലെങ്ങാനും ഒരു പള്ളിപൊളിച്ചതിന് കേരളത്തില്‍ എന്തിനാണ് ഭരണം വിടുന്നതെന്നതായിരുന്നു ലീഗിന് ഒരിക്കലും മനസ്സിലാവാത്ത യുക്തി.  അത് ഒരു പ്രതിഷേധവും സമരവുമാണെന്ന് സ്വന്തം അഖിലേന്ത്യ പ്രസിഡന്റും പാര്‍ട്ടിയിലെ ഒരു വിഭാഗവും പറഞ്ഞത് ലീഗ് അംഗീകരിക്കാതിരുന്നത് അധികാര ലഹരികാരണമാണെന്നതിനൊപ്പം സമരത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഷ മനസ്സിലാക്കാനുള്ള ശേഷിയില്ലായ്മ കൊണ്ടുകൂടിയാണ്.  അധികാരത്തിന്റെ രാഷ്ട്രീയമല്ലാതെ പ്രതിഷേധത്തിന്റെയും പ്രഷോഭത്തിന്റെയും രാഷ്ട്രീയം ലീഗിന് വഴങ്ങുന്ന കാര്യമായിരുന്നില്ല.  രാഷ്ട്രീയമെന്നാല്‍ നിലപാടിനുവേണ്ടിയുള്ളതല്ല അധികാരത്തിനുവേണ്ടിയുള്ളതാണെന്ന സമവായത്തിലേക്ക് ലീഗെത്തി എന്നതാണ് 92ല്‍ സംഭവിച്ചത്.
91 ലെ തെരഞ്ഞെടുപ്പില്‍ ബേപ്പൂരിലും വടകരയിലും ബി.ജെ.പി ആവശ്യപ്പെട്ട സ്ഥാനാര്‍ഥികളെ ലീഗ് മുന്‍കൈയ്യില്‍ ബി.ജെ.പി പിന്തുണയുള്ള യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിപ്പിച്ചു.  ലീഗീ തര മുസ്‌ലിം- രാഷ്ട്രീയം അതിനെതിരെ ആഞ്ഞടിച്ചു.  ആ ക്യാംപയിന്‍ വടകര ബേപ്പൂര്‍ ലോകസഭാനിയമസഭാ മണ്ഡലങ്ങളിലെ മുസ്‌ലിം സാമാന്യജനത്തിനു മതേതര സമൂഹത്തിനും മനസ്സിലായി.  ലീഗിനത് ഇപ്പോഴും മനസ്സിലായിരിക്കാനിടയില്ല.  ലീഗ് ആലോചിച്ചിട്ടുണ്ടാവുക സ്ഥിരമായ് എല്‍.ഡി.എഫ് ജയിക്കുന്ന ഒരു ലോകസഭ മണ്ഡലത്തിലും നിയമസഭാമണ്ഡലത്തിലും ബി.ജെ.പി വോട്ട് കൂടി വാങ്ങി യു.ഡി.എഫ് സ്വതന്ത്രര്‍ ജയിക്കുക എന്നത് രാഷ്ട്രീയമായി ഗുണകരമായ കാര്യമല്ലേ? അതിലെന്താണ് കുഴപ്പം? അത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും ഹൈന്ദവഫാസിസം പരോക്ഷമായ് നിയമസഭയില്‍ എക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുകയാണ് എന്ന നിരീക്ഷണങ്ങളൊന്നും ലീഗിന്റെ റെയ്ഞ്ചിനകത്തുള്ള കാര്യങ്ങളല്ല.   കാരണം ഫാസിസത്തെക്കുറിച്ച നിതാന്ത ജാഗ്രത ഒരു രാഷ്ട്രീയ കാഴച്ചപ്പാടായ് ഒരു വിഭാഗത്തിനില്ലാതാവുന്നതോടെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഏത് ഫാസിസവുമായ ധാരണയാവാമെന്ന നിലപാടില്ലായ്മയിലേക്ക് അവര്‍ എത്തിച്ചേരും.
2004 ലെ തെരഞ്ഞെടുപ്പില്‍ സ്വന്തം അഖിലേന്ത്യാ പ്രസിഡന്റിന് മഞ്ചേരിയില്‍ സീറ്റ് നിഷേധിച്ചു.  തുടര്‍ന്നൊഴിവുവന്ന രാജ്യസഭയിലും അദ്ദേഹത്തിന് ടിക്കറ്റ് നല്‍കിയില്ല.  പകരം ലീഗിലെ വ്യവസായ പ്രമുഖന് നല്‍കി.  സീറ്റ് നിഷേധിക്കപ്പെട്ട ജി.എം ബനാത്‌വാല ഇന്ത്യയിലെ തന്നെ മികച്ച പാര്‍ലമെന്റ് മെമ്പര്‍മാരില്‍ ഒരാളാണ്.  പാര്‍ലമെന്റിലെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ശക്തമായ പ്രതിനിധാനമാണ്.  85 ലെ ശരീഅത്ത് വിവാദവുമായ് ബന്ധപ്പെട്ട രണ്ട് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മികച്ച പര്‍ലമെന്റേറിയന്‍ ജി.എം. ബനാത്‌വാലയെക്കുറിച്ച് മുസ്‌ലിംലീഗിന്റെ ചരിത്രകാരനും സൈദ്ധാന്തികനുമായ എം.സി വടകര എഴുതുന്നു.

''ഇന്ന് നടക്കുന്ന സംവാദത്തിന്റെ ശ്രദ്ധാ ബിന്ദു. ജ:ജി.എം ബനാത്ത്‌വാല സാഹിബാണല്ലോ.  രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രീയ സംഘടനയുടെ ജനറല്‍ സിക്രട്ടറിയാണദ്ദേഹം.  ഭരണഘടനയില്‍ നിന്ന് നാല്‍പത്തിനാലാം. അനുച്ഛേദം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട്‌കൊണ്ട് അദ്ദ്ഹം ലോക്‌സഭയില്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലും പുതിയ സുപ്രീം കോടതിവിധിയുടെ വെളിച്ചത്തില്‍ ക്രിമിനല്‍ നടപടിക്രമത്തിലെ 125 വകുപ്പിന്റെ ആക്രമണത്തില്‍ നിന്ന് മുസ്‌ലിം വ്യക്തി നിയമത്തെ സംരക്ഷിക്കാനുദ്ദേശിച്ചുകൊണ്ട് അദ്ദേഹം തന്നെ അവതരിപ്പിച്ച മറ്റൊരു ബില്ലും സമകാലീന മുസ്‌ലിം രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ്.  ഇത് സംബന്ധമായി അദ്ദേഹം ലോക്‌സഭയില്‍ ചെയ്ത ആലോചനാമൃതങ്ങളായ അഞ്ച് പ്രാഭാഷണങ്ങള്‍ ശരീഅത്തിന്റെ ശത്രുക്കളെപ്പോലും വിസ്മയിപ്പിക്കതക്കതായിരുന്നു.  മഹാരാഷ്ട്രത്തിന്റെ ആ വീര പുത്രന്‍ ഇന്ന് മുസ്‌ലിം ഭരതത്തിന്റെ മുഴുവന്‍ വാത്സല്യ ഭാജനമായിക്കഴിഞ്ഞു.  ഖാഇദമില്ലെത്തിന്റെ കാല്‍പാടുകളിലൂടെ ലക്ഷ്യബോധത്തിന്റെ വെട്ടം വിതറിയ കാല്‍പടവുകൡലൂടെ ധീരമായി മുന്നേറിക്കൊണ്ട് സാഹസികനായ ആ മെലിഞ്ഞ് വിളര്‍ത്ത മനുഷ്യന്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പോരാട്ടം നമ്മുടെ ചരിത്രത്തിന്റെ പുളകമാണ്.''(ശരീഅത്തിന്റെ രാഷ്ട്രീയം 1985)
ഇന്നത്തെ മുസ്‌ലിംലീഗിനെ സംബന്ധിച്ചെടുത്തോളം ഒരാളെ പാര്‍ലമെന്റംഗമാക്കുന്നതിന്റെ മാനദണ്ഡം പാര്‍ലമെന്ററി പ്രാത്ഭമല്ല.  കാരണം പാര്‍ലമെന്റില്‍ പോയിട്ട് അങ്ങനെ കാഴ്ച്ചപ്പാടോടെ എന്തെങ്കിലും ചെയ്യണമെന്ന് അത് ആഗ്രഹിക്കുന്നേയില്ല.  ഇന്ത്യന്‍ മുസ്‌ലിംകള്‍ ലീഗിന്റെ പരിഗണനയേ അല്ലാതായിട്ട് കൊല്ലങ്ങള്‍ കുറേയായി.  അങ്ങനെയാണ് സേട്ടു സാഹിബെന്ന അഖിലേന്ത്യാ പ്രസിഡന്റ് പാര്‍ട്ടിക്ക് പുറത്താവുന്നത്.  ബനാത്‌വാല എന്ന പ്രസിഡണ്ടിന് പാര്‍ലമെന്റില്‍ സീറ്റ് നിഷേധിക്കപ്പെടുന്നത്.  ഒരു പാര്‍ലമെന്റേറിയനേ അല്ലാത്ത വലിയ ഒരു പൊതു പവര്‍ത്തകന്‍പോലുമല്ലാത്ത ലീഗ് വ്യവസായി പാര്‍ലമെന്റംഗമാവുന്നത്.
കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങളായി മുസ്‌ലിം സമൂഹം കടന്നു പോയ സങ്കീര്‍ണമായ നിരവധി പ്രശ്‌നങ്ങളുണ്ട്.  പ്രത്യേകിച്ച് ആഗോളവത്ക്കരണത്തിനും ഇസ്രായേലുമായുള്ള നയതന്ത്രബന്ധസ്ഥാപനത്തിനും ശേഷം അരങ്ങേറിയ സമുദായത്തിനെതിരായ ഭരണകൂടഭീകരതകള്‍. ബട്‌ല ഹൗസ് മുതല്‍ അബ്ദുന്നാസര്‍ മഅ്ദനി വരെയുള്ള.  അതിനപ്പുറവും ഇപ്പുറവുമുള്ള നിരവധി സംഭവങ്ങള്‍.  പൗരാവകാശ പ്രവര്‍ത്തകരുടെയും മുസ്‌ലിം സമൂഹത്തിലെ ചില ഗ്രൂപ്പുകളുടെയും സാഹസികവും നിരന്തരവുമായ ശ്രമഫലമായ് ഇപ്പോള്‍ ഇക്കാര്യം പൊതുസമൂഹത്തിനും ഒടുവില്‍ സര്‍ക്കാരിനു തന്നെയും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു.  ഈയടുത്ത കാലത്ത് ഏറ്റവുമധികം രക്തസാക്ഷികള്‍ സൃഷ്ടിക്കപ്പെട്ട ജനാധിപത്യ പോരാട്ടമാണത്.  ഇന്റലിജന്‍സിന്റെയും പോലീസിന്റെയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കേസ് നടത്തിയ ബോംബയിലെ ഷാഹിദ് ആസമി എന്ന യുവ അഭിഭാഷകന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു.  കൊല്ലപ്പെടുന്ന വിവരാവകാശ പ്രവര്‍ത്തകരുടെ സംഖ്യ വര്‍ദ്ധിക്കുകയാണ്.  ഭരണകൂട ഭീകരതക്കെതിരെ മുസ്‌ലിംലീഗ് ചെറുവിരലനക്കിയതായി കാണാന്‍ കഴിയില്ല.  എന്നല്ല അത്തരം ഘട്ടങ്ങളില്‍ ഭരണകൂടത്തിന്റെ പക്ഷത്തുനിന്നു ഇരകളെ ഭര്‍ത്സിക്കുക എന്നതായിരുന്നു ലീഗിന്റെ നയം.  രാജ്യത്ത് ഇനിയും കടുത്ത കരിനിയമങ്ങള്‍ വേണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് ലേഖനം എഴുതുന്നു.  ഒപ്പം ലീഗ് വിദ്യാര്‍ഥി സംഘടന ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ ഇറോം ശര്‍മിളക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്് എ.എഫ്.എഫ്.സി.എ എന്ന കരിനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സായാഹ്ന സാംസ്‌കരിക പരിപാടി നടത്തുന്നു.

സപ്തംബര്‍ 11ന് ശേഷം കൊടുമ്പിരിക്കൊണ്ട ഇസ്‌ലാമോ ഫോബിയയുടെ രാഷ്ട്രീയത്തെ തിരിച്ചറിയാനല്ല ലീഗ് ശ്രമിച്ചത് അതിനെ ഉപയോഗപ്പെടുത്തി സാമ്രാജത്യത്തിനും മുഖ്യധാരക്കും പ്രിയപ്പെട്ട 'നല്ല മുസ്‌ലിം' ആയിത്തീരാനാണ്.  ഇസ്‌ലാമോ ഫോബിയയുടെ ഉഷ്ണകാലത്ത് വെയിലത്ത് നിര്‍ത്തപ്പെടുന്ന ഇതര മുസ്‌ലിം സംഘടനകളെ സാമ്രാജ്യത്വത്തിനും മുഖ്യധാരകളുമൊപ്പം നിന്ന് അക്രമിക്കാനാണ്.  ഇത് ധാര്‍മ്മിക ജീര്‍ണത എന്നതിനേക്കാള്‍ ഗൗരവത്തിലും സത്യസന്ധമായും സൈദ്ധാന്തികമായും സാഹചര്യങ്ങളെ വിശകലനം ചെയ്ത് നിലപാടു സ്വീകരിക്കാതിരിക്കുന്നതിന്റെ അനിവര്യ ഫലമാണ്.
ലോകത്തിലെ പുതിയ വൈജ്ഞാനിക രാഷ്ട്രീയ പ്രവണതകളോട് ഏറ്റവും ഉയര്‍ന്ന സംവേദനം പുലര്‍ത്തുന്നവരാണ് വര്‍ത്തമാന മുസ്‌ലിം സമൂഹം.  പരസ്ഥിതി, സ്ത്രീ, ദളിത് സമീപനങ്ങളുമായ്,  മനുഷ്യാവകാശ ആക്റ്റിവിസവുമായ് ഒക്കെ വലിയ ബന്ധങ്ങള്‍ ഒരു സമൂഹം എന്ന നിലക്ക് തന്നെ അവര്‍ പുലര്‍ത്തുന്നുണ്ട്.  ലീഗുമായ് ബന്ധമുള്ളതുതന്നെയായ മതസംഘടനകള്‍ പ്രകടിപ്പിക്കുന്ന നവീനതയും  ചലനാത്മകതയും പോലും ലീഗിനോ അതിന്റെ പോഷക സംഘടനകള്‍ക്കോ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല.  എല്ലാവരും എന്തൊക്കയോ ചെയ്യുന്നു എന്ന തോന്നലിന്റെ പേരില്‍ ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്തുനോക്കാറുണ്ട്.  അതിന് ഒരു മുനയോ മുഖമോ തുടര്‍ച്ചയോ ഉണ്ടാവാറില്ല.  ഉണ്ടാകാനാവശ്യമായ ഒരു സാംസ്‌കാരിക മൂലധനവും ലീഗിന്റെ വശമില്ല.
കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ മത്സരിച്ച് സാംസ്‌കാരിക പ്രസിദ്ധീകരണങ്ങള്‍ ഇറക്കുകയും തങ്ങളുടെ പരമ്പരാഗത പത്രമാസികകളെ ആ സ്വഭാവത്തില്‍ പുനക്രമീകരിക്കുകയും ചെയ്യുന്ന കാലത്ത് ഏറെ പാരമ്പര്യമുണ്ടായിരുന്ന ചന്ദ്രിക ആഴ്ചപതിപ്പ് അടച്ചു പൂട്ടുകയാണ് ലീഗ് ചെയ്തത്.  പി.സുരേന്ദ്രന്‍ ഒരിക്കല്‍ എഴുതിയ പോലെ ഭരണത്തില്‍ വരുമ്പോഴെല്ലാം സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മുതലായ ഔദ്ധ്യോഗിക സാംസ്‌കാരിക സ്ഥാപനങ്ങളില്‍  നിന്നെല്ലാം സുരക്ഷിതമായ അകലം പാലിക്കാന്‍ ലീഗ് ശ്രമിച്ചു പോരാറുണ്ട്.  കേരളത്തിലെ മുസ്‌ലിം മത സാമൂഹ്യ സംഘടനകളുടെ സര്‍ഗാത്മകതയുടെ അളവ് ലീഗുമായുള്ള അകലത്തിന്റെ അനുപാതതിനുസരിച്ചാണെന്ന് അവയെ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ബോധ്യമാവും.
പരിസ്ഥിതി വികസന വിഷയത്തില്‍ ഇടപെടമണെന്ന ചെറിയ ആഗ്രഹങ്ങള്‍ ഇപ്പോള്‍ ലീഗിനുണ്ട്.  കേരള വികസനവുമായ് ബന്ധപെട്ട ചില പരിപാടികള്‍ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.  വികസനത്തെക്കുറിച്ച്  ലീഗിന് സവിശേഷമായ് എന്താണ് പറയാനുള്ളതെന്ന് കേരളത്തിനിതുവരെ ബോധ്യമായിട്ടില്ല.  ലീഗിനുതന്നെയും ബോധ്യമായിട്ടുണ്ടാവില്ല.  കെ.ടി. ജലീല്‍ ലീഗിലുണ്ടായിരുന്ന അവസാന കാലത്ത് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ലീഗ് യോഗത്തില്‍ പറഞ്ഞതായി പത്ര വാര്‍ത്ത വന്നിരുന്നു.  ''ജലീലെന്തോ പരിസ്ഥിതി എന്നൊക്കെ പറയുന്നുണ്ട്, അതും ലീഗും തമ്മിലെന്താണ് ബന്ധമെന്നെനിക്ക് മനസ്സിലായിട്ടില്ല.''
അഞ്ചു വര്‍ഷം മുമ്പ് ലീഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോള്‍, കുഞ്ഞാലിക്കുട്ടി മുതല്‍ മുനീര്‍ വരെ എല്ലാ സമുന്നത നേതാക്കളും ജനവിധിക്കു മുന്നില്‍ അടിയറവു പറഞ്ഞപ്പോള്‍ ലീഗിന് ചില ബോധോദയങ്ങള്‍ ഉണ്ടായ പോലെ അനുഭവപ്പെട്ടിരുന്നു.  മുസ്‌ലിം സമൂഹത്തിലെ ബുദ്ധിജീവികളെയും മറ്റും തൃശൂരില്‍ വിളിച്ചു കൂട്ടിയിരുന്നു.  അതിനു മുമ്പ് കോട്ടക്കലില്‍ യോഗം ചേര്‍ന്ന് തെറ്റു തിരുത്താനും പുതിയ നയ സമീപനങ്ങള്‍  സ്വീകരിക്കാനും തീരുമാനിച്ചിരുന്നു.  അതു നടപ്പിലാക്കാനുള്ള ജൈവശേഷി ലീഗിനില്ല എന്നതായിരുന്നു അതു നടപ്പിലാവാതെ പോയതിന്റെ ഒന്നാമത്തെ കാരണം.  രണ്ടാമതായി കാലം ഇത്തിരി മുന്നോട്ട് പോയപ്പോള്‍ രാഷ്ട്രീയ കാലവസ്ഥയില്‍ സാരമായ മാറ്റം വന്നതായി ലീഗിനു ബോധ്യമായി.  അടുത്ത ഭരണം യു.ഡി.എഫിനു തന്നെ. ഇനി തിരിഞ്ഞു നോക്കേണ്ടതില്ല.  പുനര്‍ വിചാരത്തിന് പ്രസക്തിയില്ല.  ആവശ്യമില്ല, ലീഗിന്റെ വിവാദ നയങ്ങളെല്ലാം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുന്നു.
അനുഭവം  മികച്ച ഗുരുനാഥനാണ്.  പക്ഷേ ഏറ്റവും ക്രൂരമായാണ് അത് പഠിപ്പിക്കുക എന്നു മാത്രം. അതേ അഞ്ചുവര്‍ഷം കറങ്ങി പൂര്‍ത്തിയാവും മുമ്പ് ലീഗിലെന്തെക്കേയോ പുഴുക്കുത്തുകളുണ്ടെന്ന പ്രതീതി അവഗണിക്കാനാവാത്ത വിധം. വീണ്ടും ശക്തിപ്പെട്ടിരിക്കുന്നു.  കേവല പ്രായോഗികതയില്‍ കെട്ടിപ്പടുത്താല്‍ കുറേ കഴിയുമ്പോള്‍ അത് അപ്രായോഗികമായിത്തീരും.  കാരണം കേവല പ്രായോഗികത എന്നാല്‍ ജീര്‍ണതയെയും അധാര്‍മികതയെയും ചെറുക്കാനുള്ള മുഴുവന്‍ പ്രതിരോധശേഷിയും നഷ്ടപ്പെടുന്ന അവസ്ഥയാണ്.  അധാര്‍മികതയുടെ പ്രതിരോധം തത്വാധിഷ്ഠിത നിലപാടുകളാണ്.
ഇപ്പോഴെത്തെ ലീഗിനേക്കാള്‍ ധാര്‍മ്മികതയും സാംസ്‌കാരിക നിലവാരവും വര്‍ത്തമാന കേരളത്തിലെ മുസ്‌ലിം സമൂഹത്തിനുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ ഭാവുകത്വ വികാസത്തിനൊപ്പം വളരാന്‍  ലീഗിനു കഴിഞ്ഞില്ല.  ലീഗിനേക്കാള്‍ നല്ല  രാഷ്ട്രീയ പ്രതിനിധാനം കേരളത്തിലെ മുസ്‌ലിം സമൂഹം അര്‍ഹിക്കുന്നുണ്ട്.
ഇപ്പോഴെത്തെ വെളിപ്പെടുത്തലുകളില്‍, അല്ല ഇതിനു മുമ്പുള്ള അനാവരണങ്ങളിലും സത്യത്തിന്റെ എത്രയെങ്കിലും അംശമുണ്ടെങ്കില്‍ 92 ഡിസംബര്‍ 6 ശേഷം മുസ്‌ലിം സമൂഹം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ നാളുകളില്‍ ലീഗ് നേതൃത്വം എന്തെടുക്കുകയായിരുന്നു എന്നതിന്റെ നഗനവാര്‍ത്തകളായിരിക്കുമത്്.  നിലപാടില്ലായ്മ ഒരുപാര്‍ട്ടിക്ക്  അലങ്കാരമാണെങ്കില്‍ ഈ വിവാദം അതിന്റെ തൊങ്ങലും.  തോരണങ്ങളുമാണ്.
മുസ്‌ലിം ലീഗ് നേതൃനിരിയില്‍ തന്നെയുള്ള എന്റെ സുഹൃത്ത് പറഞ്ഞത് പോലെ ദൗത്യമവസാനിച്ചു പോയ, അജണ്ട തീര്‍ന്നു പോയ പ്രസ്ഥാനമാണ് ലീഗ്.  വെള്ളം കോരികളും വിറകുവെട്ടികളുമായിരുന്ന ഒരു സമുദായത്തെ മുഖ്യധാരയില്‍ എത്തിക്കുക എന്നതായിരുന്നു അതേറ്റടുത്ത ദൗത്യം. ലീഗിനാവുന്ന അളവില്‍ ലീഗത് ചെയ്തു കഴിഞ്ഞു.  അതിനുവേണ്ടി നേതാക്കള്‍ ത്യാഗം ചെയ്തു.  ലീഗിനെക്കൊണ്ടാവുന്ന വിധത്തില്‍ അവര്‍ സമുദായത്തെ മുഖ്യധാരയില്‍ കൊണ്ടു വന്നു.  ഇനി ഇതിലപ്പുറം എന്തെങ്കിലും ചെയ്യാനുള്ള ഉള്‍ക്കാഴ്ച്ചയോ സര്‍ഗശേഷിയോ ലീഗിനില്ല.  മിഷനും അജണ്ടയും തീര്‍ന്നപ്പോള്‍ ഒരു സംഘടന എന്ന നിലക്ക് ജീര്‍ണ്ണിച്ചു തീരുക എന്നതുമാത്രമാണ് അതിനു മുന്നിലെ ഏക വഴി.

മുസ്‌ലിം സമൂഹത്തില്‍ നിന്നും കോണ്‍ഗ്രസ്സും കേരളകോണ്‍ഗ്രസ്സും പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അഡ്വ: ജയശങ്കറിനും വലതുപക്ഷ പൊതുബോധത്തിനും ആവശ്യമുണ്ടായിരിക്കാം.  പക്ഷെ മുസ്‌ലിം സമൂഹത്തിന് അതാവശ്യമേയില്ല.  അതായിരുന്നു അവരുടെ ആവശ്യമെങ്കില്‍ അവര്‍ ലീഗ് കെട്ടിപ്പടുക്കുകയോ അതില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുയോ ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല.  കോണ്‍ഗ്രസ്സിലോ കേരളാകോണ്‍ഗ്രസ്സിലോ ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മതിയായിരുന്നു.  മുസ്‌ലിം സമൂഹത്തിന്റെ സവിശേഷമായ ഉല്‍ക്കര്‍ഷങ്ങളും അഭിലാഷങ്ങളും പ്രതിനിധീകരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ മാത്രമേ അവരെ സംബന്ധിച്ചെടുത്തോളം ഇത്തരമൊരു പാര്‍ട്ടിക്ക് പ്രസക്തിയുള്ളൂ.