Monday, February 20, 2012

യേശുവും മാര്‍ക്‌സിസവും തമ്മില്‍







സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ഫോട്ടോ പ്രദര്‍ശനത്തില്‍ യേശുക്രിസ്തുവിന്റെ പടം ഉള്‍പ്പെടുത്തിയതിനെതിരെ കത്തോലിക്കാസഭയും ഓര്‍ത്തഡോക് സഭയും കെ.പി.സി.സിയും മുഖ്യമന്ത്രിയും പ്രതികരിച്ചു. യേശു ചരിത്രത്തിലെ ഏറ്റവും വലിയ വിമോചന പോരാളിയാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അതിന് മറുപടി പറഞ്ഞത്.
വിവാദത്തില്‍ ഇടപെട്ടുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് സി.പി.ഐ.എമ്മിന്റെ നിലപാട് മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നാണ്. തൊട്ടാല്‍ പൊട്ടിത്തെറിക്കുന്ന മതവികാരമാണ് മലയാളികളായ എല്ലാ മതസ്ഥര്‍ക്കുമുള്ളതെന്നാണ് ഉമ്മന്‍ചാണ്ടി നിരന്തരം അവകാശപ്പെടാന്‍ ശ്രമിക്കുന്നത്. ഇത് മതത്തേയും സമുദായത്തേയും സംബന്ധിച്ച എല്ലാ ചര്‍ച്ചകളെയും മതവികാരം പറഞ്ഞ് നിശബ്ദമാക്കാനുള്ള ശ്രമമാണ്. കേരളത്തിന്റെ സംവാദമണ്ഡലത്തെ മതവികാരം പറഞ്ഞ് പുറകോട്ടു പിടിച്ചു വലിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് മതവികാരത്തിന്റെ വിഷയമല്ല. മതത്തേയും മാര്‍കിസത്തേയും കുറിച്ച ആഴമേറിയ ഒരു സംവാദത്തിന്റെ, അന്വേഷണത്തിന്റെ വിഷയമാണ്.
വിമോചന പോരാളിയായെങ്കിലും സി.പി.ഐ.എം യേശുവിനെ അംഗീകരിക്കുന്നത് പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് എം.എം ഹസന്റെ പ്രസ്താവന അവാസ്തവമാണെന്ന് മാത്രമല്ല, കാര്യം നേരെ മറിച്ചാണ്. സി.പി.ഐ.എം എങ്ങനെയാണ് യേശുവിന്റെ വഴിയില്‍ വന്നുപെട്ടതന്ന് വഴിയേ വിവരിക്കാം. കമ്യൂണിസത്തിന്റെ ആത്മാവ് അറിയുന്നവരെ സംബന്ധിച്ചിടത്തോളം അതൊരു സ്വാഭാവിക കാര്യം മാത്രമാണ്. പക്ഷെ, കോണ്‍ഗ്രസ്സ് ഇതിനെ വിവാദമാക്കാന്‍ ശ്രമിക്കുന്നത് പിറവത്ത് എല്ലാ സഭകളിലുമുള്ള ക്രൈസ്തവവോട്ടില്‍ കണ്ണുവെച്ചാണ്.
പക്ഷെ, പിണറായി വിജയന്‍ നിലപാടു വ്യക്തമാക്കേണ്ട ഒരു വിഷയം ഇതിലുണ്ട്. മതം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല എന്നദ്ധേഹം നിരന്തരം പറയാറുണ്ട്. ഇതാണ് ഇക്കാര്യത്തിലെ കമ്യൂണിസ്റ്റ് മാര്‍കിസ്റ്റ് പാര്‍ട്ടികളുടെ നിലപാട്. എങ്കില്‍ രാഷ്ട്രീയം മതത്തില്‍ ഇടപെടാന്‍ പാടുണ്ടോ? മതം പാലിക്കേണ്ട മര്യാദ രാഷട്രീയവും പാലിക്കേണ്ടതില്ലേ? ഈ വിഭജന സിദ്ധാന്തപ്രകാരം യേശുവിന്റെ ശരീരമായ സഭക്കാണല്ലോ യേശു ആരാണെന്ന് പറയാന്‍ അവകാശം. അതില്‍ ഇടപെടാന്‍ രാഷ്ട്രീയക്കാരായ കമ്യൂണിസ്റ്റുകള്‍ക്കെന്തവകാശം. പക്ഷെ സഭ, മതം എന്നും വിശ്വാസം എന്നും പറയുന്ന ഒരു കാര്യം കമ്യൂണിസ്റ്റുകള്‍ക്ക് രാഷ്ട്രീയ പ്രശ്‌നവും പ്രത്യേയശാസ്ത്ര വിഷയവുമാവാം. അപ്പോള്‍ തിരിച്ച് കമ്യൂണിസ്റ്റുകാരും മറ്റു രാഷ്ട്രീയക്കാരും രാഷ്ട്രീയ വിഷയമാണെന്ന് മനസ്സിലാക്കുന്ന ഒരു കാര്യം ചില മതവിശ്വാസികള്‍ക്ക് മതവിഷയമാവാം. മനുഷ്യവിമോചനമെന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാഷ്ട്രീയ വിഷയമായിരിക്കും. വിമോചന മതധാരകളെ സംബന്ധിച്ചിടത്തോളം അവര്‍ക്കത് മതവിഷയം കൂടിയാണ്. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയും പിണറായി വിജയനും യേശുവിന്റെ കാര്യത്തില്‍ ഇടപെടുന്നതിലൂടെ അവര്‍ സമ്മതിക്കുന്നത് മതവും രാഷ്ട്രീയവും അങ്ങനെ വെള്ളം ചോരാത്ത കള്ളികളായി വേര്‍തിരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണെന്നാണ്. കമ്യൂണിസത്തെ സംബന്ധിച്ചിടത്തോളം ജീവിതം വിഭജനങ്ങളെ അപ്രസക്തമാക്കുന്ന സാകല്യമാണ്. രാഷട്രീയം മതത്തില്‍ ഇടപെടരുതെന്ന സിദ്ധാന്തത്തിന്റെ ബലത്തിലാണ് കത്തോലിക്ക സഭ ഈ വിഷയത്തില്‍ സംസാരിക്കുന്നത്. രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് ഇടയലേഖനമിറക്കാന്‍ പാടുണ്ടോ എന്ന് അപ്പോള്‍ തിരിച്ചു ചോദിക്കേണ്ടി വരും. മതത്തിന് രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ടാവാം. രാഷ്ട്രീയത്തിന് മതകാഴ്ചപ്പാടുകളുമുണ്ടാവാം. മതത്തെക്കുറിച്ച സൃവൃകതമായ കാഴ്ചപ്പാടുകളുള്ള രാഷ്ട്രീയമാണ് മാര്‍കിസം. രാഷ്ട്രീയത്തിന് പിണറായി വിജയന്‍ വകവെച്ചുകൊടുക്കുന്ന, സ്വയം കയ്യാളുന്ന മതരാഷ്ട്രീയ വിഭനത്തിന്റെ വേലി ഭേദിക്കാനുള്ള അവകാശം മതത്തിനും വകവെച്ചുകൊടുക്കാന്‍ അദ്ധേഹവും പാര്‍ട്ടിയും സന്നദ്ധമാവണം. അതാണ് ജനാധിപത്യ മര്യാദ, അതുതന്നെയാണ് ശരിയായ മാര്‍ക്കിസ്റ്റ് സമീപനവും. മതരാഷട്ര വിഭജന വാദം മുതലാളിത്ത മതേതരത്വത്തിന്റെ വാദഗതി മാത്രമാണ്. രാഷ്ട്രീയം മതത്തിലിടപെടും, എന്നാല്‍ മതം രാഷ്ട്രീയത്തിലടപെടാന്‍ പാടില്ല എന്നാണ് നിലപാടെങ്കില്‍ അത് ഫാഷിസമാണ്.
യേശുവിന്റെ പടം വെക്കാന്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടിക്ക് വല്ല അവകാശവും ഉണ്ടോ എന്ന ചോദ്യത്തെ യേശു ചരിത്രത്തിലെ വലിയ വിമോചകാണെന്ന മറുപടിയിലൂടെ പിണറായി വിജയന്‍ അഭിമുഖീകരിക്കാന്‍ ശ്രമിച്ചത്. മാര്‍ക്‌സിസത്തിന്റെ ആത്മാവ് എന്ന് അപനിര്‍മ്മാണ സിദ്ധാന്തത്തിന്റെ പിതാവായ ദരിദെ നിരീക്ഷിച്ച വിമോചനം എന്ന ആശയം അതിന്റെ മൂലരൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് യഹൂദ ക്രിസ്തീയ സംസ്‌കാരത്തിലായിരുന്നു. ബുദ്ധമതത്തിലെ നിര്‍വാണത്തില്‍ നിന്നും ഹിന്ദുമതത്തിലെ മോക്ഷത്തില്‍ നിന്നും വ്യത്യസ്തമാണ് മാര്‍കസിസതിലേയും സെമിറ്റിക് മതങ്ങളിലേയും മോചനസങ്കല്‍പ്പമെന്ന് ധാരാളമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മാര്‍കിസത്തിനു പിറകിലെ യഹുദ പ്രചോദനത്തെക്കുറിച്ച് പ്രമുഖ ചരിത്രകാരനായ ആര്‍നോള്‍ഡ് ടോയന്‍ബി പറയുന്നുണ്ട്. അതിശക്തമായ  വിപ്ലവത്തെ സംബന്ധിച്ച വെളിപാടാണ് മാര്‍കസിസതിലെ യഹൂദ ഘടകമായ് ടോയന്‍ബി തിരിച്ചറിയുന്നത്. യഹോവക്ക് പകരം ഈ വിപ്ലവത്തില്‍ മാര്‍കസ് എടുക്കുന്നത് 'ചരിത്രപരമായ ആവശ്യകത'യെയാണ്. അതേപോലെ യഹൂദ ജനത്തിനു പകരം ആധുനിക മുതലാളിത്ത സമൂഹത്തിലെ തൊഴിലാളി വര്‍ഗത്തെയും എടുക്കുന്നു. മാര്‍കിസിസം സെമിറ്റിക് വെളിപാടിന്റെ ഭൗതികമായ പ്രഛന്ന വേഷമാണെന്ന് ടോയന്‍ബി പറയുന്നു. ചരിത്രത്തേയും ഭൂതഭാവികളെയും സംബന്ധിക്കുന്ന യഹൂദ ഘടന എല്ലാ കാലത്തെയും ഭാഗ്യഹീനര്‍ക്കും മര്‍ദ്ധിതര്‍ക്കും അത്യധികം ആകര്‍ഷകമായി അനുഭവപ്പെട്ടിരുന്നുവെന്ന് ബര്‍ടണ്‍ റസല്‍ എഴുതുന്നു. 
മാര്‍കസിസതിന്റെ ആത്മാവ് മാത്രമല്ല പാര്‍ട്ടിയുടെ ശരീരവും സെമിറ്റിക് ആണ് എന്നാണ് ബര്‍ടന്‍ റസല്‍ പറയുന്നത്. മാര്‍കസിനെ മനശാസ്ത്രപരമായി മനസ്സിലാക്കാന്‍ താഴെ പറയുന്ന നിഘണ്ടു ഉപയോഗിക്കാം എന്ന് റസല്‍ പറയുന്നു. 
യഹോവ- വൈരുദ്ധ്യാത്മക ഭൗതിക വാദം
മശീഹ- മാര്‍ക്‌സ്
നിയുക്ത ജനത- അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗം
പള്ളി- കമ്യൂണിസ്റ്റ് പാര്‍ട്ടി
രണ്ടാം വരവ്- വിപ്ലവം
നരകം - മതലാളിമാര്‍ക്കുള്ള ശിക്ഷ
ദൈവരാജ്യം- കമ്യൂണിസ്റ്റ് സമൂഹം
(അവലംബം: പ്രതാവാദങ്ങള്‍, വി.സി ശ്രീജന്‍)
വിമോചനം, പൂര്‍ണ്ണ സമൂഹം എന്നീ ആശയങ്ങള്‍ തന്റെ തന്നെ സെമിറ്റിക് പാരമ്പര്യത്തില്‍ നിന്നാണ് മാര്‍കസ് എടുത്തിരിക്കുന്നതെന്ന് കെ.എന്‍ രാജ് നിരീക്ഷിക്കുന്നുണ്ട്. മാര്‍ക്‌സ് ഒരു ഇന്ത്യനായിരുന്നുവെങ്കില്‍ പൂര്‍ണതയുള്ള സമൂഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നില്ല എന്നാണ് രാജ് പറയുന്നത്. അത് സെമിറ്റിക് മതഗ്രന്ഥങ്ങള്‍ മുന്നോട്ടുവെക്കുന്ന ഒരു സങ്കല്‍പ്പമാണ്. അതേപോലെത്തന്നെ വിമോചനം ഒരു സെമിറ്റിക് ആശയമാണ്. ഞാറാഴ്ച പള്ളിയില്‍ പോകാറുണ്ടായിരുന്ന തന്റെ പെങ്ങളോട് പള്ളിയില്‍ പോകേണ്ട; നിര്‍ബന്ധമാണെങ്കില്‍ പകരം ബൈബിള്‍ പഴയ നിയമത്തിലെ 'പ്രവാചകന്മാരുടെ പുസ്തകങ്ങള്‍' വായിച്ചാല്‍ മതി എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു എന്ന് മാര്‍കസിന്റെ ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്.
വിമോചനപരത നഷ്ടപ്പെട്ട ക്രൈസ്തവതക്കകത്തേക്ക് മാര്‍കസിസത്തെ കൊണ്ടുവന്ന് അതിനെ വീണ്ടും രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമമായിരുന്നു വിമോചന ദൈവശാസ്ത്രം. സ്വന്തം രീതിശാസ്ത്രമുപയോഗിച്ച് രാഷട്രീയ വല്‍ക്കരിക്കാനുള്ള അശക്തികളുടെ അനിവാര്യത കൂടിയായിരുന്നു വിമോചന ദൈവശാസ്ത്രം. എന്തെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും ക്രൈസ്തവതയും മാര്‍കസിസവും തമ്മില്‍ ഒരിക്കല്‍കൂടി മറ്റൊരു രീതിയില്‍ സന്ധിച്ച ചരിത്ര പ്രതിഭാസമാണ് വിമോചന ദൈവശാസ്ത്രം. വളരെ പരസ്പരവിരുദ്ധമെന്നു തോന്നുന്ന സെമിറ്റിക് മതങ്ങള്‍ക്കും മാര്‍കസിസതിനുമിടയില്‍ പാരസ്പര്യതിന്റേതായ നിരവധി ഘടകങ്ങളുണ്ട്. സി.രാധാകൃഷ്ണന്‍ എഴുതുന്നു''കമ്യൂണിസം ക്രിസ്തുമതത്തിന്റെ ഒരു അവാന്തര വിഭാഗം തന്നെയാണ്. ജൂതക്രൈസ്തവ മതങ്ങളുടെ കാതലായ ദൈവനീതി അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും സ്വര്‍ഗരാജ്യം എന്നതാണ്. ഇക്കൂട്ടര്‍ വ്യാപകമായ് ചൂഷണം ചെയ്യപ്പെടുകയും മര്‍ദ്ധിതരായി ദുരിതമനുഭവിക്കുകയും ചെയ്യുന്നത് ദൈവനിഷേധമാണ്. ചൂഷകര്‍ സാത്താന്റെ അവതാരങ്ങളാണ്. ചൂഷകരെ ഉന്മൂലനം ചെയ്യുന്നത് പുണ്യകര്‍മ്മമാണ്. ദൈവനീതിയില്‍ വിശ്വസിക്കുന്നവര്‍ സംഘടിതമായി ഇത് നിറവേറ്റണം. എന്നിട്ട് അവരുടെ സേഛ്വഭരണം നടപ്പിലാക്കണം. ഇതുകഴിഞ്ഞാല്‍ സര്‍ക്കാര്‍ പോലും കൊഴിഞ്ഞുപോയി ദൈവനീതി താനേ നടപ്പില്‍ വരും. സംശയമൊന്നുമില്ല, ക്രൈസ്തവ മൗലികതയിലാണ് കമ്യൂണിസത്തിന്റെ വേരുകള്‍. ക്രിസ്തുമതവും ചൂഷണവും ദാരിദ്ര്യവും ഒരുമിച്ചുണ്ടായ നാടുകളിലാണ് കമ്യൂണിസം ആദ്യമായി പടര്‍ന്നുപിടിച്ചത്. ഇതിന് അപവാദം ചൈന മാത്രമാണ്. മറ്റെല്ലായിടത്തും കമ്യൂണിസം ഏതാണ്ടവസാനിച്ചിട്ടും ചൈനയില്‍ അത് തുടരുന്നത് അതിന്റെ ആണിക്കല്ല് ബുദ്ധമതത്തിലെ ഭൗതികതയാണ് എന്നതുകൊണ്ടാണ്. കമ്യൂണിസത്തിന്റെ തകര്‍ച്ച എന്നാല്‍ മാതൃമതത്തലേക്ക് തിരികെ പോകുക എന്നാണ് ലളിതമായ അര്‍ത്ഥം. കേരളത്തില്‍ കമ്യൂണിസത്തിന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖരായവര്‍ ക്രൈസ്തവ മതത്തില്‍ ജനിച്ചവരായിരുന്നു.''(ഇങ്ങനെ തുടങ്ങിയാല്‍)
യേശുവുമായും മറ്റു പ്രവാചകന്മാരുമായും മാര്‍കിസ്റ്റ് പാര്‍ട്ടിയും കത്തോലിക്കസഭയും മനസ്സിലാക്കുന്നതിനേക്കാള്‍ ആഴത്തിലുള്ള ബന്ധം മാര്‍കസസത്തിനുണ്ട്. മാര്‍കസിസതിന്റെ ഉല്‍ഭവത്തെക്കുറിച്ചറിയുന്നവര്‍ക്ക് പാര്‍ട്ടി സമ്മേളനത്തില്‍ യേശുവിന്റെ പടം വെക്കുന്നതില്‍ ഒരത്ഭുതവും തോന്നുകയില്ല. ഒരസാംഗത്യവും കാണുകയുമില്ല. 
എവിടെയെങ്കിലും മതത്തിന്റെ സ്വന്തം അടിത്തറിയില്‍ വിമോചന പോരാട്ടങ്ങള്‍ നടന്നാല്‍ അപ്പോള്‍ മാര്‍ക്കിസ്റ്റുകള്‍ പറയും, അവര്‍ ഞങ്ങളെ കോപ്പിയടിക്കുകയാണ്, ഞങ്ങളുടെ ആശയങ്ങള്‍ മോഷ്ടിക്കുകയാണെന്ന്. യഥാര്‍ത്ഥത്തില്‍ മോഷണക്കുറ്റത്തിനു ശിക്ഷിക്കേണ്ടതുണ്ടെങ്കില്‍ അത് മാര്‍കസിസത്തെയാണ്. മതം ജനകീയ സമരങ്ങളിലൂടെ, വിമോചന പോരാട്ടത്തിലൂടെ അതിന്റെ ആദിമസത്തയിലേക്ക് തിരിച്ചു പോവുകയാണ് ചെയ്യുന്നത്.
വര്‍ഗരഹിത സമൂഹത്തിലെ സദാചാരത്തെക്കുറിച്ച് ഏംഗള്‍സ് എഴുതുന്നു.'' പുതിയൊരു തലമുറ ജീവിതത്തിലൊരിക്കലും ഒരു സ്ത്രീയെ പണത്തിന്റേയോ മറ്റേതെങ്കിലും സാമൂഹ്യ ശക്തികളുടേയോ സ്വാധീനം ഉപയോഗിച്ച് വിധേയരാക്കാന്‍ അവസരം കിട്ടിയില്ലാത്ത പുരുഷന്മാരുടേയും അതുപോലെത്തന്നെ യഥാര്‍ത്ഥ പ്രേമമല്ലാത്ത മറ്റെന്തെങ്കിലും പരിഗണനകള്‍ വെച്ചുകൊണ്ട് യാതൊരു പുരുഷനും വിധേയരാകാത്ത സ്ത്രീകളുടേയും ഒരു തലമുറ വളര്‍ന്നു വന്നതിനുശേഷമേ അത് തീരുമാനിക്കാന്‍ കഴിയൂ. (കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം)
ഏംഗല്‍സിന്റെ ഈ നിലപാടില്‍ ആദ്യകാല ക്രിസ്ത്യന്‍ ധാര്‍മികതയുടെ സ്വാധീനമുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. പൗരോഹിത്യം ഒഴിവാക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ക്രൈസ്തവ ധാര്‍മികതയാണിത്. (ലൈഗിംകത നിലപാടുകളുടെ രാഷ്ട്രീയം, ജോജി കുട്ടുമ്മേല്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്)


മതത്തിന്റെ ആത്മാവും ഭൗതികമായ ശരീരവുമാണ് മാര്‍കസിസം. ആത്മീയമായ ലക്ഷ്യത്തിനുവേണ്ടി തീര്‍ത്തും ഭൗതികമായ വഴി കണ്ടെത്തുയാണ് മാര്‍കസ് ചെയ്തത്. പരിഹരിക്കാന്‍ കഴിയാതെ പോയ ഈ വൈരുദ്ധ്യത്തിന്റെ പ്രതിസന്ധിയാണ് കമ്യൂണിസത്തിന്റെ സമകാലിക പ്രതിസന്ധി.
കമ്യൂണിസ്റ്റ് വ്യവസ്ഥയിലെ കര്‍മ്മപ്രചോദനമെന്ത് എന്ന വിഷയം കമ്യൂണിസത്തിനകത്തുതന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. മുതലാളിത്തത്തില്‍ അത് ലാഭമോഹമാണ്. കമ്യൂണിസത്തില്‍ സ്വകാര്യ ഉടമസ്ഥയില്ലാതിരിക്കുമ്പോള്‍ കര്‍മ്മ പ്രചോദനം എന്തായിരിക്കും. സോവിയറ്റ് യൂനിയനില്‍ പൊതു ഉടമസ്ഥതാ സമ്പ്രദായം നിലവില്‍ വന്നു കുറച്ചു കഴിഞ്ഞപ്പോള്‍ ആളുകള്‍ ജോലിയില്‍ അലസരാവാന്‍ തുടങ്ങി. ഇതിനെ മറികടക്കാന്‍ ക്രൂഷ്‌ചേവ് ഭൗതിക പ്രചോദനം എന്ന സമീപനം സ്വീകരിച്ചു. കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് കൂടുതല്‍ നല്‍കുക എന്നതായിരുന്നു അത്. അതാണ് സോവിയറ്റ് യൂനിയന്റെ മുതലാളിത്ത വല്‍ക്കരണത്തിന്റെ തുടക്കം. സോവിയറ്റ് റഷ്യയെ മുതലാളിത്ത വല്‍ക്കരിച്ചതിന് ആദ്യം വിചാരണ ചെയ്യേണ്ടത് ഗോര്‍ബച്ചേവിനെയല്ല. ക്രൂഷചേവിനെയാണ്. പക്ഷെ, ആ സത്യസന്ധമായ വിചാരണ ചെന്നവസാനിക്കുക കമ്യൂണിസത്തിന്റെ തന്നെ ആന്തരിക പ്രതിസന്ധിയിലാണ്. ചൈനയില്‍ മാവോ ഭൗതികപ്രചോദനം മുതലാളിത്തപരമാണെന്ന് പറഞ്ഞ് ധാര്‍മിക പ്രചോദന സമീപനം മുന്നോട്ടുവെച്ചു. അത് മാര്‍കസിയന്‍ ഭൗതികവാദ സമീപനം എന്നതിനേക്കാള്‍ മതാത്മക സമീപനമായിരുന്നു. മൂര്‍ത്തവും വസ്തുനിഷ്ടവുമായ ഭൗതിക സാഹചര്യം പ്രചോദനമായി വര്‍ത്തിക്കുമ്പോഴേ അത് മാര്‍കസിയന്‍ ആവുകയുള്ളൂ. കമ്യൂണിസത്തിന്റെ ധാര്‍മികത എന്ത് എന്ന മൗലികമായ ചോദ്യം ഈ പ്രശ്‌നം ഉന്നയിക്കുന്നുണ്ട്.
മാര്‍കസിത്തിന് നിരവധി ആത്മചൈന്യങ്ങളുണ്ട്. അതില്‍ ഏറെ ക്രിയാത്മകമായ ഒന്നാണ് മാനവമോചനം എന്നാണ് ദെറിദെ പറയുന്നത്. മാനവമോചനം ഒരു മതസങ്കല്‍പ്പമാണ്. മതങ്ങളുമായുള്ള കുറേക്കൂടി അര്‍ത്ഥപൂര്‍ണ്ണമായ സംവാദത്തിലൂടെ മാത്രമേ മാര്‍കസിസത്തിന് ഇനി സ്വയം നവീകരിക്കാനും വിമോചനത്തെ സാക്ഷത്ക്കരിക്കാനും കഴിയൂ. കേരളത്തിലെ വിമോചന ദൈവശാസ്ത്രകാരനായിരുന്ന പൗലോസ്, മാര്‍ പൗലോസ് ഞാന്‍ മൂലധനത്തിന്റെ വെളിച്ചത്തില്‍ ബൈബിള്‍ വായിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ബൈബിളിന്റേയും ഖുര്‍ആനിന്റേയും ഗീതയുടെയും വെളിച്ചത്തില്‍ മൂലധനവും മാനിഫെസ്റ്റോയും വായിക്കുന്ന ഒരു പുതിയ മര്‍ക്കിസ്റ്റ് സമീപനത്തിനു മാത്രമേ വിമോചന മാര്‍കിസത്തെ ഇനി രക്ഷപ്പെടുത്താന്‍ കഴിയൂ. അപ്പോള്‍ പാര്‍ട്ടി സമ്മേളന പ്രദര്‍ശനത്തിലെ യേശുവിന്റെ പടം ഒരു പടത്തിന്റെ പ്രശ്‌നമല്ല, ആഴമേറിയ ഒരു സംവാദത്തിന്റെ വിഷയമാണ്. മാര്‍കസത്തിന്റെ ഉറവിടവും ഒഴുക്കുമായും ബന്ധപ്പെട്ട, പൈതൃകവും വികാസവുമായി ബന്ധപ്പെട്ട വിഷയമാണ്. പില്‍ക്കാല ചൈന മനസ്സിലാക്കിയതുപോലെ മാര്‍കസിസത്തിന്റെ ആന്തര ചൈതന്യം ഭൗതികവാദമാണെന്നാണ് സി.പി.ഐ.എം മനസ്സിലാക്കുന്നതെങ്കില്‍ വെറുതെ യേശുവിന്റെ മേല്‍ അവകാശ വാദമമുന്നയിക്കാതെ അതിനെ മതത്തിനു തന്നെ വിട്ടുകൊടുത്തേക്കുക. ആ പ്രാക്തന വിമോചനത്തിന്റെ പടം പാര്‍ട്ടി പ്രദര്‍ശനത്തില്‍ നിന്നും പിന്‍വലിച്ചേക്കുക. പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷം കേരള കോണ്‍ഗ്രസ്സിനെ മുന്നണിയില്‍ ചേര്‍ത്ത് ഭരണാരോഹണം നടത്താനുള്ള ശ്രമത്തിന്റെ ചിന്ന സൂചന മാത്രമാണ് എങ്കില്‍ ഈ പടത്തിലോ പടവിവാദത്തിലോ ആശയപരമായി ഗൗരവപരമായ കാര്യങ്ങളൊന്നും ഇല്ല. ഉമ്മന്‍ ചാണ്ടിയുടെ ജീവല്‍മരണ പ്രതിരോധം സ്വാഭാവികം മാത്രമാണ്. അതിനു പകരം ഇതിനെ സ്വന്തം സ്രോതസ്സുമായി ബന്ധപ്പെട്ട ഒരു സംവാദത്തിന്റെ സൂചനയായി ഏറ്റെടുക്കാനുള്ള ആന്തരിക ശേഷി പാര്‍ട്ടിക്കുണ്ടെങ്കില്‍ ആ ചിത്രത്തിന് നിന്ദക്കും ആരാധനക്കും അപ്പുറത്തുള്ള ഒരുപാട് ആശയ തലങ്ങളുണ്ട്.
യേശുവിനെ മാര്‍കിസത്തിന്റെ പക്ഷത്തുനിന്ന് വായിക്കാന്‍ പാര്‍ട്ടിക്കവകാശമുള്ളതുപൊലെ മാര്‍ക്‌സിനെ മതത്തിന്റെ പക്ഷത്തുനിന്ന് വായിക്കാന്‍ വിശ്വാസിക്ക് അവകാശമുണ്ടെന്നതും ഈ ചര്‍ച്ചയില്‍ പ്രധാനമാണ്. ഈ വായനകളെല്ലാം ആരുടെയങ്കിലും മത-മതേതര(സഭ-പാര്‍ട്ടി) വികാരങ്ങളെ വ്രണപ്പെടുത്തുകയല്ല; മനുഷ്യനെക്കുറിച്ച സംവാദങ്ങളെ വികസിപ്പിക്കുകയാണ് ചെയ്യുക.


Wednesday, February 1, 2012

ഇമെയില്‍ വിവാദം : ഗവണ്‍മെന്റ് പറയുന്നതിന്റെ പൊരുള്‍


മാധ്യമം റിപ്പോര്‍ട്ട് ചെയ്ത ഇമെയില്‍ ചോര്‍ത്തല്‍ വിഷയം സമുദായ സൗഹാര്‍ദം തകര്‍ക്കാനുള്ള ഹീനശ്രമമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാരും പൗരസമൂഹത്തിലെ കുറേ പൗരന്‍മാരും തമ്മിലുള്ള പ്രശ്‌നമാണിത്. ആ പൗരന്മാരിലെ മഹാഭൂരിഭാഗവും മുസ്‌ലിം ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരാണെന്ന വസ്തുതയാണ് പ്രസ്തുത റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്. അതിലെ മുസ്‌ലിംകളുടെ എണ്ണത്തെക്കുറിച്ച് ഇനിയും തര്‍ക്കങ്ങളും എതിരഭിപ്രായങ്ങളുമുണ്ടാവാം. അവരില്‍ മഹാഭൂരിഭാഗം മുസ്‌ലംകളുമാണെന്ന റിപ്പോര്‍ട്ട് ഉന്നയിക്കുന്ന രാഷ്ട്രീയത്തെ ഈ എതിരഭിപ്രായങ്ങളും വസ്തുതാപരമായി രദ്ദുചെയ്യുന്നില്ല. ചില നോട്ടപ്പിശകുകള്‍ റിപ്പോട്ടിനുണ്ട് എന്നത് മാത്രമാണ് അതുകൊണ്ട് വന്നു ചേരുന്നത്. ഈ പട്ടികയിലെ വലിയ ഭൂരിഭാഗം മുസ്‌ലിംകളാണ് എന്നു ചൂണ്ടികാട്ടിയാല്‍ അതൊരിക്കലും മറ്റൊരു സമുദായത്തെ ബാധിക്കുന്ന വിഷയമേ അല്ല. അതുകൊണ്ട് തന്നെ അത് സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്ന സര്‍ക്കാര്‍ വാദം യുക്തിരഹിതമാണ്.
അതേസമയം സര്‍ക്കാര്‍ നിരന്തരം നടത്തുന്ന ഈ പ്രചരണത്തിന് ഒരു യുക്തിയുണ്ട്. സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ പറയുന്നത് മാധ്യമം' റിപ്പോര്‍ട്ട് പട്ടികയിലുണ്ടായിരുന്ന 10 പേരെ വിട്ടുകളഞ്ഞു എന്ന വിഷയമല്ല. അഥവാ ഒന്നാമത്തെ റിപ്പോര്‍ട്ടില്‍ തന്നെ 10 പേരുടെ പേരും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ ഭമാധ്യമ'ത്തിനെതിരെ ഇതേ ക്യാപെയിന്‍ നടത്തുമായിരുന്നു. സര്‍ക്കാര്‍ നടത്തുന്ന ക്യാംപെയിന്‍ മാധ്യമം' ഇതിനെ മുസ്‌ലിംകള്‍ക്കെതിരായ് നടത്തുന്ന ടാര്‍ഗറ്റിംഗായി അവതരിപ്പിച്ചു എന്നത് അപകടകരമാണ് എന്ന പ്രചാരണമാണ്. പത്തുപേരെ വിട്ടുപോയി എന്ന കാര്യം മേല്‍പ്പറഞ്ഞ ഗവണ്‍മെന്റ് സിദ്ധാന്തം എളുപ്പം വിനിമയം ചെയ്യാനുള്ള ഉപായമാക്കി അവര്‍ ഉപയോഗിക്കുകയായിരുന്നു.
ഒരു പട്ടികയിലെ ഭൂരിഭാഗം മുസ്‌ലിംകളോ മറ്റോ ആണെങ്കില്‍ അക്കാര്യം ചൂണ്ടി കാട്ടാന്‍ ആര്‍ക്കും അവകാശമുണ്ട്. അത് ലേഖകന്‍ ആരോപിക്കുന്നത് പോലെ ഒരു ഗൂഢാലോചനയുടെ ഭാഗമല്ലെങ്കില്‍ സര്‍ക്കാര്‍ അക്കാര്യം വിശദീകരിക്കാവുന്നതാണ് . അതിനുപകരം അത്തരമൊരു നിരൂപണം നടത്തുന്നത് തന്നെ അപകടകരമാണെന്ന് പറയുന്നതിന്റെ പിന്നില്‍ വളരെ മലിനമായ സിദ്ധാന്തം അടങ്ങിയിട്ടുണ്ട്.
ഇത് സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുമെന്ന് സര്‍ക്കാര്‍ പറയുന്നത് അതിന്റെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥത്തിലല്ല. മറിച്ച്, മുസ്‌ലിംകള്‍ വളരെ അപകടകരമായ ഒരു സമുദായമാണ്. ഒരു ഭീകരവാദ ഗോത്രമാണ്. അവര്‍ വളരെ പെട്ടന്ന് പ്രകോപിതരാവുന്നവരാണ്. പ്രകോപനങ്ങള്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഭീകരവാദത്തിനാണ് വഴിവെക്കുക. അവര്‍ ഭീകര പ്രവണത കാണിച്ചാല്‍ അവരെ സഹായിക്കാന്‍ നിരവധി വിദേശശക്തികള്‍ കാത്തിരിക്കുകയാണ്. ഉടനെ കള്ളപ്പണം ഇവിടുത്തേക്ക് പമ്പ് ചെയ്യപ്പെടും. ആയുധങ്ങള്‍ പറന്നെത്തും. ഭീകരവാദക്ഷമത വളരെ അധികമുള്ള സമൂഹമാണവര്‍. ഈ സാധ്യതയെ ത്വരിപ്പിക്കുന്നതാണ് പ്രസ്തുത റിപ്പോര്‍ട്ട്. അത് മുസ്‌ലിംകളെ ഭീകരവാദികളാക്കി മാറ്റും. ഭീകരവാദം സമുദായ സൗഹാര്‍ദ്ദം തകര്‍ക്കും. ആ വഴിക്കാണ് റിപ്പോര്‍ട്ട് സമുദായ സൗഹാര്‍ദ്ദം തകക്കുന്നതാകുന്നത്.
ഇവിടുത്തെ ഗവണ്‍മെന്റുകള്‍ ഈ അപകട സമുദായത്തെ വളരെ ബുദ്ധിപൂര്‍വ്വകമായി മാനേജ് ചെയ്തുകൊണ്ടിരിക്കുകയാണ്. അവരുടെ ഈമെയില്‍ ചോര്‍ത്തിയും അപകടകാരികളെ കണ്ടെത്തി നിയന്ത്രിച്ചും, അതിനെ നിങ്ങള്‍ കയറി കുളമാക്കാന്‍, അലമ്പാക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ അവരുടെ അപകടകാരിത മാനേജ് ചെയ്യാന്‍ കഴിയാത്തവരായ് ഗവണ്‍മെന്റുകള്‍ മാറും.
ലൗ ജിഹാദ് പോലെയുള്ള ഈ കുറ്റവാളി ഗോത്രത്തിനെതിരായ മാധ്യമ ക്യാപെയിനുകള്‍ വസ്തുതാപരമല്ലെങ്കിലും അത് തെറ്റല്ല. കാരണം അവരില്‍ കുറ്റമാരോപിക്കുന്നത് അവരെ സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുകയാണ് ചെയ്യുക. യഥാര്‍ത്ഥത്തില്‍ തന്നെ സമുദായങ്ങള്‍ക്കിടയില്‍ സംശയം സൃഷ്ടിക്കുന്ന, ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്ന അത്തരം പ്രചരണങ്ങള്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഹീനശ്രമമല്ല. കാരണം അവ സാമുദായിക സൗഹാര്‍ദ്ദതിന്റെ യഥാര്‍ത്ഥ ശത്രുക്കളായ ഒരു സമുദായത്തെ കൂടുതല്‍ നിയന്ത്രിക്കാന്‍ സര്‍ക്കാറിനെ സഹായിക്കുകയാണ് ചെയ്യുന്നത്. ലൗ ജിഹാദ് എന്ന കള്ള പ്രചരണം ഒരു മാധ്യമ കുറ്റകൃത്യമല്ലാതാവുന്നതും ഇമെയില്‍ ചോര്‍ത്തല്‍ എന്ന സര്‍ക്കാര്‍ ഇപ്പോഴും നിഷേധിച്ചിട്ടില്ലാത്ത രേഖ പുറത്തുവിടുന്നതും സ്വയം സംസാരിക്കുന്ന അതിന്റെ മതത്തെ വിശദീകരിക്കുന്നതും അത് മറ്റൊരു മതസ്ഥരുമായ് ബന്ധപ്പെട്ടതല്ലാതിരിക്കതന്നെ സമുദായ സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഹീനശ്രമവുമാകുന്നതിന്റെ കാരണമതാണ്.
ഇസ്‌ലാമോഫോബിയയുടെ ചന്തയിലെ ഈ ചരക്കാണ് കേരള ഗവണ്‍മെന്റ് വ്യാപകമായി വിറ്റഴിക്കാന്‍, സൗജന്യമായ് വിതരണം ചെയ്യാന്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ നടപടികളിലെ ജാതിയും മതവുമൊക്കെ അന്വേഷിക്കപ്പെടുന്നത് കേരള ചരിത്രത്തിലാദ്യമായല്ല. നായര്‍സമുദായത്തിന് സര്‍ക്കാര്‍ മികച്ച പരിഗണനയാണ് നല്‍കുന്നത് എന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് എന്‍.എസ്.എസ് ആണ്. നായന്മാര്‍ക്കെതിരെ വിവേചനം നടക്കുന്നു എന്നും ചില ഘട്ടങ്ങളില്‍ എന്‍.എസ്.എസ് പരസ്യമായ് പരാതി പറഞ്ഞിട്ടുണ്ട്. െ്രെകസ്തവസഭകള്‍ കഴിഞ്ഞ ഇടത് ഗവണ്‍മെന്റ് സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നടത്തിയ മുഴുവന്‍ നീക്കങ്ങളേയും െ്രെകസ്തവ, ന്യൂനപക്ഷ വിരുദ്ധം എന്നു പറഞ്ഞാണ് ചെറുക്കാന്‍ ശ്രമിച്ചത്. അന്നൊന്നും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഹീന ശ്രമമാണെന്ന് ആരും പറഞ്ഞിട്ടില്ല. കാരണം അവയൊന്നും അപകട സമുദായങ്ങള്‍ അല്ല. പക്ഷെ, അത്തരം വിഷയങ്ങള്‍ മുസ്‌ലിം സമുദായം ഉന്നയിക്കരുത്. ഇത്തരം വാര്‍ത്തകള്‍ അവരെ എളുപ്പത്തില്‍ ഭീകരവാദികളാക്കി മാറ്റാന്‍ ഇടയുണ്ട് . എല്ലാവര്‍ക്കും അതിനെക്കുറിച്ച് ജാഗ്രതയുണ്ടാവണം. ഒരു കുറ്റവാളി ഗോത്രം പാലിക്കേണ്ട അച്ചടക്കം പാലിച്ചില്ല എന്നതാണ് ഭമാധ്യമം' ഈ വിഷയത്തില്‍ ചെയ്ത തെറ്റ്. അതുകൊണ്ട് ഭമാധ്യമം' തെറ്റുതിരുത്തുകയാണ് ചെയ്യേണ്ടത് എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നത്. തെറ്റുതിരുത്തിയാല്‍ പോരാ, ഈ തെറ്റുകാരെ അന്താരാഷ്ട്ര നിലവാരത്തില്‍ ശിക്ഷിക്കുക തന്നെ വേണമെന്നാണ് ഇസ്‌ലാമോ ഫോബിയ തലക്കുപിടിച്ച യു.ഡി.എഫിലെ ചിലര്‍ പറയുന്നത്. അതേ പോലെ ഈ ലോകസാഹചര്യത്തെ രാഷട്രീയമായ് ഉപോയഗപ്പെടുത്താന്‍ തീരുമാനിച്ചവരും പറയുന്നത്, ഇസ്‌ലാമോ ഫോബിയയുടെ വക്താക്കളില്‍ ചിലര്‍ മുസ്‌ലിംകളുമാണ് എന്നതില്‍ ഒരത്ഭുതവുമില്ല. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ഒപ്പവും ജൂതന്മാരുണ്ടായിരുന്നു. ജൂതരോട് വിദ്വേഷമുള്ള ജൂതന്മാര്‍. ഹിറ്റ്‌ലര്‍ക്കും സ്വീകര്യരായ ജൂതന്മാര്‍. ഒരു കുറ്റവാളി ഗോത്രം പാലിക്കേണ്ട അച്ചടക്കം പാലിക്കുന്നു എന്നതാണ് മുസ്‌ലിം ലീഗിനെ ഈ മുസ്‌ലിം പ്രതികൂല മണ്ഡലത്തിലും സ്വീകാര്യമാക്കുന്ന കാര്യം.
ഈ കുറ്റവാളി ഗോത്രസിദ്ധാന്തമാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണപ്പെട്ടപ്പോള്‍ കേരളം ആഘോഷിച്ചത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഇന്ത്യയിലെ മറ്റുഭാഗങ്ങളില്‍ നിന്നും വ്യത്യസതമായി കേരളം കത്താതിരുന്നത് പാണക്കാട്ടെ തങ്ങളുണ്ടായിരുന്നത് കൊണ്ടാണെന്നത് മതേതര കേരളം പൊതുവില്‍ അംഗീകരിച്ച ഒരു അനുശോചന പ്രമേയമായിരുന്നു. ഇത് ഒരു സമുദായ നേതാവിനുള്ള സ്തുതിയുടെ വേഷത്തില്‍ ആടിയ സമുദായത്തിനെതിരായ നിന്ദയായിരുന്നു പാണക്കാട് തങ്ങള്‍ എന്ന ഒരു വേറിട്ട സാന്നിധ്യം ഇല്ലായിരുന്നെങ്കില്‍ കേരള മുസ്‌ലിംകള്‍ ബാബരി തകര്‍ച്ചയെ തുടര്‍ന്ന് മറ്റു സമുദായത്തിനെതിരെ വലിയ ആക്രമണങ്ങള്‍ നടത്തുമായിരുന്നു. ഈ കുറ്റവാളീ ഗോത്രത്തെ ആ വലിയ ആക്രമണത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത് പാണക്കാട് തങ്ങള്‍ എന്ന സൗമ്യസാന്നിധ്യമാണ്. പാണക്കാട് തങ്ങള്‍ സാനിധ്യമല്ലാത്ത ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ ബാബരി ധ്വംസനാനന്തരം വ്യാപകമായ ആക്രമണങ്ങള്‍ നടത്തുകയായിരുന്നു എന്ന നിന്ദ കൂടി ഉള്‍കൊള്ളുന്നതാണ് ഈ വ്യക്തിസ്തുതി. അതാകട്ടെ അങ്ങേയറ്റം വസ്തുതാവിരുദ്ധവുമാണ്. ബാബരി ആക്രമണാനന്തരം കേരളത്തിനു പുറത്ത് മുസ്‌ലിംകള്‍ എവിടേയും ആക്രമണങ്ങള്‍ സംഘടിപ്പിച്ചിട്ടില്ല. അവര്‍ പള്ളി തകര്‍ത്ത ഫാഷിസ്റ്റുകളാല്‍ ആക്രമിക്കപ്പെടുകയുമാണുണ്ടായത്. പക്ഷെ, സാമ്രാജ്യത്വം പ്രചരിപ്പിച്ചും ഇസ്‌ലാം പേടിയുടെ അന്തരീക്ഷം വസ്തുതകളെ പരിഗണിക്കാതെ തന്നെ മുസ്‌ലിം പൊതുവില്‍ ചില അപവാദങ്ങളെ മാറ്റി വെച്ചാല്‍ അപകടകാരികളാണെന്ന പ്രചാരണം പൊതുസമൂഹത്തിന്റെ വിശ്വാസമാക്കിമാറ്റുകയാണ്. ബാബരി മസ്ജിദ് ഫാഷിസ്റ്റുകള്‍ തകര്‍ത്ത കാലത്ത് പാണക്കാട് തങ്ങളെക്കുറിച്ച പ്രസ്തുത പ്രസ്താവന ആദ്യം നടത്തിയത് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്നു. ഇസ്‌ലാമോ ഫോബിയയുടെ അന്തരീക്ഷം കനംവെച്ചുവരുന്നതിനനുസരിച്ച്, ക്രമേണ അത് നമ്മുടെ പൊതുസമൂഹത്തിന്റെ തന്നെ ബോധവും പ്രസ്താവനയുമായ് മാറുകയായിരുന്നു.
ഇമെയില്‍ ചോര്‍ത്തലിനെക്കുറിച്ച ചര്‍ച്ച എത്രയും വേഗം അവസാനിപ്പിക്കുക എന്നതാണ് സമുദായ സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാനുള്ള വഴി എന്ന് മുസ്‌ലിം ലീഗ് സംസ്ഥാനകമ്മറ്റി പറയുന്നു. ഇന്ത്യയിലെ പോലീസ്, രഹസ്യപോലീസ് സംവിധാനത്തിലെ മുസ്‌ലിം വിരുദ്ധത ആദ്യമായ് പറഞ്ഞത് ഭമാധ്യമം' വാരികയല്ല. മുസ്‌ലിം ലീഗ് നേതാവും സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖ അംഗവുമായ എം.കെ മുനീര്‍ തലവനായ ഒലീവ് ബുക്‌സ് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച, അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ അധ്യാപകനായിരുന്ന ഉമര്‍ ഖാലിദിയുടെ ഭകാക്കിയും വര്‍ഗീയ കലാപങ്ങളും ഇന്ത്യയില്‍' (Khaki and Ethnic Violence in India: Armed forces, Police and Paramilitary During Communal Risto) ഈ വിഷയത്തിലെ മികച്ച രചനയാണ്. ഇന്ത്യയിലെ പ്രമുഖ യുവപത്രപ്രവര്‍ത്തകന്‍ അജിത്‌സാഹി തെഹല്‍കയുടെ 2008ലെ 51, 52, 53 ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച സിമി നിരോധം നേരും നുണയും എന്ന റിപ്പോര്‍ട്ട് പരമ്പര മറ്റൊരു ഉദാഹരണമാണ്. പോലീസിന്റെയും അന്വേഷണ ഏജന്‍സികളുടെയും മുസ്‌ലിം വിരുദ്ധതയുടെ നിരവധി കഥകളാണ് ആ റിപ്പോര്‍ട്ട് അനാവരണം ചെയ്യുന്നത്. സിമിയെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ പോലും ഈ റിപ്പോര്‍ട്ട് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഹീനശ്രമമാണെന്ന് പറയാന്‍ ധൈര്യപ്പെട്ടിട്ടില്ല. പരസ്യ പോലീസിലേയും രഹസ്യപോലീസിലേയും മറ്റും മുസ്‌ലിം വിരുദ്ധ ഘടകം പറഞ്ഞേതീരൂവെന്ന് ആര്‍ക്കും ഇവിടെ ഒരു നിര്‍ബന്ധവുമില്ല. അത് പരിഹരിക്കപ്പെടണം എന്നതിലാണ് നിര്‍ബന്ധമുള്ളത്. മുസ്‌ലിം ലീഗ് പറയുന്നത് പോലെ, അവര്‍ ചെയ്യാറുള്ളത് പോലെ ഇത് പറയാതിരുന്നാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമോ എന്നതാണ് പ്രസ്‌കതമായ ചോദ്യം.
അടിയന്തിരാവസ്ഥ ഇതേപോലെ പൗരസമൂഹത്തിന് പൊതുവിലും ന്യൂനപക്ഷ സമൂഹത്തിന് സവിശേഷവുമായ പീഢനങ്ങള്‍ അനുഭവിക്കേണ്ടിവന്ന കിരാത കാലമായിരുന്നു. ദല്‍ഹിയിലെ തുര്‍ക്കുമാന്‍ ഗേറ്റില്‍ സഞ്ജയ് ഗാന്ധി മുസ്‌ലിം ചെറുപ്പക്കാരെ നിര്‍ബന്ധ വന്ധീകരണത്തിനു വിധേയമാക്കിയ കാര്യം പുറത്തുവന്നപ്പോള്‍ മുസ്‌ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് തുര്‍ക്കുമാന്‍ ഗേറ്റ് ഇന്ത്യയിലല്ല, തുര്‍ക്കിയിലാണ് എന്നായിരുന്നു. മുസ്‌ലിം ലീഗിന്റെ മറച്ചുവെക്കല്‍ സിദ്ധാന്തം ഇന്ത്യക്കോ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കോ ഒരുപകാരവും ചെയ്തില്ല. പകരം അടിയന്തിരാവസ്ഥക്കും അതിന്റെ സ്വാഭാവികമായ മുസ്‌ലിം വിരുദ്ധതക്കുമെതിരെ നടത്തിയ പോരാട്ടമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് ശക്തി പകര്‍ന്നത്.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ തര്‍ക്കഭൂമിയില്‍ ശിലാന്യാസം നടന്നു. മുസ്‌ലിം ലീഗും ചന്ദ്രികാ ദിനപത്രവും ശിലാന്യാസം നടന്നത് തര്‍ക്ക ഭൂമിയിലല്ല എന്നു പ്രചാരണം നടത്തി. ആ പ്രചാരണം ബാബരി മസ്ജിദിനെ രക്ഷിച്ചില്ല. എന്നല്ല സംഘപരിവാര്‍ കോടതിയില്‍ ചന്ദ്രിക റിപ്പോര്‍ട്ട് അവര്‍ക്കനുകൂലമായ തെളിവായ് ഉദ്ധരിക്കുക വരെ ചെയ്തു.
ഉത്തരേന്ത്യയില്‍ പി.എ.സി എന്ന സ്‌പെഷ്യല്‍ പോലീസ് മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗ്ഗീയ കലാപങ്ങളില്‍ നടത്തുന്നതും പങ്കുചേരുന്നതും മുസ്‌ലിം ഗ്രൂപ്പുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും എത്രയോ കാലമായ് ചൂണ്ടിക്കാട്ടുന്ന വസ്തുതയായിരുന്നു. പിന്നീടത് ഒരു രാഷ്ട്രീയ മുദ്രാവാക്യമായ് ജനദാള്‍ എസ്.പി, ബി.എസ്.പി കക്ഷഇകള്‍ ഏറ്റെടുത്തതോടെയാണ് ഉത്തരന്ത്യയിലെ നിരന്തര വര്‍ഗീയാക്രമണങ്ങള്‍ക്കും പോലീസിന്റെ പങ്കാളിത്തത്തിനും നല്ലൊരു പരിധി വരെ പരിഹാരമുണ്ടായത്. ജാതി മത വ്യത്യാസങ്ങള്‍ക്കതീതമായി ജനങ്ങള്‍ക്ക് ഇത്തരം ഭരണകൂട നടപടികള്‍ക്കെതിര രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കി അണിനിരത്തുമ്പോഴാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുക. ഗുജറാത്തില്‍ മോഡിക്കെതിരെ പല കാരണങ്ങളാല്‍ ഇത്തരമൊരു രാഷ്ട്രീയ സമരത്തിന് പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് സന്നദ്ധമല്ലാ എന്നതാണ് മഹാത്മജിയുടെ ജന്മനാടിനെ ഇന്ത്യയുടെ ദുരന്തവും കണ്ണീരുമാക്കി ഇന്നും അവശേഷിപ്പിക്കുന്നത്. മുസ്‌ലിം ചെറുപ്പക്കാര്‍ അസിമാനന്ദയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നിരപരാധികളായി വിട്ടയക്കപ്പെട്ട മക്കമസ്ജിദ് സ്‌ഫോടനമുള്‍പ്പെടുള്ളവയില്‍ പ്രതിചേര്‍ക്കപ്പെട്ട് പീഢിപ്പിക്കപ്പെട്ട സമയത്ത് സിമി ബന്ധവും ഇമെയില്‍ പ്രമാണവും അവര്‍ക്കെതിരെ നിരത്തപ്പെട്ട വലിയ തെളിവുകളായിരുന്നു എന്ന് നാം ഓര്‍ക്കണം. മുസ്‌ലിം പ്രശ്‌നങ്ങളിലെ മുസ്‌ലിം ലീഗിന്റെ അരാഷ്ട്രീയ സമീപനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവരെപ്പോലും സഹായിക്കാന്‍ പര്യാപ്തമല്ല. അത് സഹായിക്കുക അമേരിക്കന്‍ സാമ്രാജ്യത്വത്തേയും ഇസ്രായേലിനെയും അവര്‍ക്ക് വേണ്ടി ദാസ്യവേല ചെയ്യുന്ന അഭ്യന്തര ശക്തികളെയും മാത്രമാണ്.
മുസ്‌ലിംകളെ അപകട സമുദായമായി കാണുന്നതിനു പകരം ഇസ്‌ലാമോ ഫോബിയയുടെ പശ്ചാതലത്തില്‍ അവരനുഭവിക്കുന്ന വിവേചനങ്ങളേയും പീഢനങ്ങളേയും പൊതുസമൂഹത്തിനു മുന്നില്‍ അനാവരണം ചെയ്ത് ജനാധിപത്യപരമായും മതേതരമായും അത് പരിഹരിക്കാന്‍ സാമുദായവും സമുദായത്തിന് പുറത്തുള്ളവരും ഒരുമിച്ച് ശ്രമിക്കുകയാണ് വേണ്ടത്. ന്യൂനപക്ഷം അഭിമുഖീകരിക്കുന്ന ഇത്തരം പ്രയാസങ്ങളുടെ പക്ഷത്ത് മതേതരപാര്‍ട്ടികളും പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളും അണിനിരക്കുക എന്നതാണ് പ്രശ്‌നം വര്‍ഗ്ഗീയ വല്‍ക്കരിക്കപ്പെടാതിരിക്കാനുള്ള വഴി. ഇമെയില്‍ വിവാദത്തില്‍ ഇടതുപക്ഷ മതേതര പ്രസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാട് ഈ അര്‍ത്ഥത്തില്‍ ഏറെ ഗുണപരമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ പ്രശ്‌നത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടതുപക്ഷം പ്രശ്‌നത്തെ മതേതര വല്‍ക്കരിക്കുകയായിരുന്നു. മതേതരമായ് സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ പ്രചാരണത്തിലൂടെ രൂപപ്പെടുത്തുന്ന വര്‍ഗീയതയെ, ന്യൂനപക്ഷവിരുദ്ധതയെ ചെറുക്കാന്‍ ഇടതുപക്ഷത്തിന്റേയും മാധ്യമപ്രവര്‍ത്തകരുടേയും പൗരാവകാശ പ്രവര്‍ത്തകരുടേയും ഈ നിലപാടുകള്‍ ഏറെ സഹായകമായിട്ടുണ്ട്. അവരെല്ലാവരും ചേര്‍ന്ന് സര്‍ക്കാര്‍ പ്രചാരണത്തിലൂടെ ഉണ്ടാകാന്‍ വലിയ സാധ്യത ഉണ്ടായിരുന്ന ഒരു വര്‍ഗീയ ധ്രുവീകരണത്തെ തടയിടുകയായിരുന്നു. സര്‍ക്കാര്‍ പറയുന്നതുപോലെ ഇത് ഒരു മുസ്‌ലിം അമുസ്‌ലിം പ്രശ്‌നമല്ല എന്നവരുടെ ഇടപെടലുകള്‍ പ്രഖ്യാപിച്ചു. അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായ് നടന്ന ഭരണകൂട ഭീകര നടപടികള്‍ സമുദായത്തെ പൊതുവില്‍ അപകടകരമായ പ്രവണതകളിലേക്കല്ല നയിച്ചത്. വലിയ ജനാധിപത്യ മതേതര പോരാട്ടങ്ങളിലേക്കാണ്.ഓരോ ദിവസം കഴിയുംന്തോറും അതിന്റെ ക്യാന്‍വാസ് മതേതരമായ് കൂടുതല്‍ കൂടുതല്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്.
സര്‍ക്കാരുകളുടെ മുസ്‌ലിം വിദുദ്ധ നീക്കങ്ങള്‍ക്ക് ഭീകരവാദത്തിന്റെ പരിഹാരം മാത്രമേയുള്ളൂ എന്ന ഭീകരവാദികളുടെ വാദമുഖം തന്നെയാണ് സര്‍ക്കാര്‍ ക്യാപെയ്‌നും വ്യംഗ്യാര്‍ത്ഥത്തില്‍ പങ്കുവെക്കുന്നത്. ഭമാധ്യമ' റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് മുസ്‌ലിം പ്രശ്‌നം എന്ന ഒന്ന് ഉണ്ട്. അത് ജനാധിപത്യപരമായും മതേതരമായും പരിഹരിക്കപ്പെടണമെന്നാണ്. അല്ലാതെ ആരെങ്കിലും തോക്കെടുത്തിട്ട് എന്തെങ്കിലും കാര്യം നേടാന്‍ കഴിയുമെന്നല്ല. മുസ്‌ലിമിന്റെ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞാല്‍ അവന്‍ ഉടന്‍ തോക്കെടുക്കുമെന്ന സാമ്രാജ്യത്വ പ്രചാരണത്തെ ഒരു മതേതര ജനാധിപത്യ സര്‍ക്കാര്‍ എന്താവശ്യത്തിനു വേണ്ടിയാണെങ്കിലും ഏറ്റു പിടിക്കരുതായിരുന്നു. ഇസ്‌ലാമോഫോബിയ ബാധിച്ച ചില ഉദ്ധ്യോഗസ്ഥന്മാര്‍ ആരുടെയൊക്കയോ താല്‍പ്പര്യപ്രകാരം ചെയ്ത ഒരു മുസ്‌ലിം വിരുദ്ധ നടപടി പുറത്തായപ്പോള്‍ അതിനേക്കാള്‍ കടുത്ത മുസ്‌ലിം വിരുദ്ധ ക്യാപെയ്ന്‍ നടത്തി നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തങ്ങള്‍ എത്രയോ കാലമായി നടത്തിപ്പോരുന്ന പൗരാവകാശ ലംഘനത്തെയും മുസ്‌ലിം വിരുദ്ധതയേയും കുറിച്ച ഒരു അനിഷേധ്യ രേഖ ഒരിക്കലും പ്രതീക്ഷിക്കാതെ പുറത്തുവന്ന് പ്രസിദ്ധീകരിക്കപ്പെട്ട വെപ്രാളത്തില്‍ അതിനെ പ്രതിരോധിക്കാന്‍ കടുത്ത ഇസ്‌ലാം വിരുദ്ധതയെ വ്യംഗഭംഗിയോടെ എടുത്തുപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രയോഗത്തിലും പ്രചാരണത്തിലും സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധ വര്‍ഗീയ നീക്കങ്ങള്‍ ഉപേക്ഷിച്ച് മതേതര നിലപാടുകളിലേക്ക് വരിക എന്നതാണ് പ്രശ്‌നത്തിന്റെ പരിഹാരം.