Saturday, December 17, 2011

അറബ് വസന്തത്തിന്റെ സുഗന്ധം


വിപ്ലവം ഇപ്പോള്‍ തോക്കിന്‍ കുഴലിലൂടെയല്ല വരുന്നത്. അത് മുല്ലപ്പൂവായി വിരിയുകയാണ്. അത് കാടുകളില്‍ പതുങ്ങിയിരിക്കുന്നതിന് പകരം തെരുവില്‍ നൃത്തം ചെയ്യുകയാണ്, നമസ്‌കരിക്കുകയാണ്. വെള്ളിയാഴ്ച പ്രാര്‍ഥനയിലെ പ്രഭാഷണം നടത്തുകയും കേള്‍ക്കുകയുമാണ് ചില സ്വേചാധിപത്യ ഭരണകൂടങ്ങള്‍. അധികാരത്തില്‍ നിന്നും താഴെയിറക്കപ്പെട്ടു, അവിടങ്ങളില്‍ ജനാധിപത്യ ഭരണകൂടങ്ങളോ താല്‍ക്കാലിക ഭരണസംവിധാനങ്ങളോ നിലവില്‍ വന്നു എന്ന് മാത്രമല്ല അറബ് വസന്തത്തെ ചരിത്രപ്രധാനമാക്കിത്തീര്‍ക്കുന്നത്. അപ്രമാദിത്തത്തോടെ നിലനില്‍ക്കുന്ന നിരവധി ധാരണകള്‍ക്ക് ഈ വിപ്ലവം പരിക്കേല്‍പ്പിക്കുന്നുണ്ട്. നിരവധി പുനരാലോചനകള്‍ അറബ് വിപ്ലവം ലോകത്തോടാവശ്യപ്പെടുന്നുണ്ട്. അറബ് ഇസ്‌ലാം സമൂഹങ്ങള്‍ ഒന്നുകില്‍ ഇര അല്ലെങ്കില്‍ അക്രമിയെന്ന ധ്വന്ദത്തില്‍ നിന്നും പുറത്ത് കടന്ന് ക്രിയാത്മകമായ സൃഷ്ടാവ,് പങ്കാളി എന്ന നിലയിലേക്ക് തങ്ങളുടെ സ്ഥാനത്തെ ലോകത്തിന് മുന്നില്‍ നേടിയെടുക്കുകയാണ്. 
അറബ് വസന്തത്തെക്കുറിച്ച ചര്‍ച്ച അറബ് സമൂഹത്തെക്കുറിച്ച മാത്രം ചര്‍ച്ചയല്ല. അത് കേരളത്തെക്കുറിച്ച ചര്‍ച്ചകൂടിയാണ് കാരണം ദേശീയത, മതേതരത്വം, സ്ത്രീ സ്വാതന്ത്ര്യം, തീവ്രവാദവിരുദ്ധത മുതലായ നമ്മുടെ പൊതു മണ്ഡലത്തിലെ പ്രാധാന വ്യവഹാരങ്ങളുമായ് ചില സംവാദങ്ങള്‍ ഈ വിപ്ലവം മുന്നോട്ട് വെക്കുന്നുണ്ട്. അത് ഏറ്റെടുക്കാനുള്ള ധീരത അല്ലെങ്കില്‍ ചരിത്രബോധം നമ്മുടെ വൈജ്ഞാനിക സാംസ്‌ക്കാരിക സമൂഹം പ്രകടിപ്പിക്കേണ്ടതുണ്ട്. അറബ് സമൂഹത്തിലെ ഈ സംഭവവികാസത്തിന് മുമ്പുള്ള കാര്യങ്ങളില്‍  ഒരു സമൂഹമെന്ന നിലക്ക് നാം നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നു. ആ നിലപാടുകളുടെ രാഷ്ട്രീയവും നൈതികതവുമാണ് ഇപ്പോള്‍ ചോദ്യംചെയ്യപ്പെടുന്നത്. 
മതത്തെ ആരാധനക്ക് പുറത്തുള്ള ജീവിതത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്ന മതേരതത്വം മനുഷ്യന് നന്മകള്‍ ചുരത്തുമെന്നും ആരാധനകള്‍ക്കപ്പുറം ജീവിതത്തില്‍ ഇടപെടുന്ന മതം മനുഷ്യന് ദുരിതങ്ങളായിരിക്കും നല്‍കുക എന്ന വിശ്വാസത്തിന്റെ പുറത്താണ് നമ്മുടെ പൊതു മണ്ഡലം തന്നെ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. അറബ് നാടുകളിലെ പുതിയ മാറ്റത്തോടെയെങ്കിലും ഇതിനെതിരായ  ചില വസ്തുതകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ച ഭൗതികവും ആശയപരവുമായ മതില്‍ തകര്‍ച്ചയായിരുന്നുവെങ്കില്‍ അറബ് വിപ്ലവം ആശയപരമായ ഒരു മതില്‍ തകര്‍ച്ചയാണ്.

മുല്ലപ്പൂ വിപ്ലവം പൊട്ടിപ്പുറപ്പെട്ട തുണീഷ്യ ഏറ്റവും ഭീകരമായ മതവിരുദ്ധത അടിച്ചേല്‍പ്പിക്കപ്പെട്ട രാജ്യമാണ്. തുണീഷ്യയില്‍ മാത്രമല്ല, ഈജിപ്്തിലും യമനിലുമെല്ലാം മതേതരത്വത്തിന്റെ ചെലവിലും ന്യായത്തിലുമാണ് അറബ് ഭരണാധികാരികള്‍ എല്ലാ പൗരാവകാശങ്ങളെയും അടിച്ചമര്‍ത്തി ഇക്കാലം വരെ നിലനിന്നിരുന്നത്. അവിടങ്ങളില്‍ ഏറ്റവും വലിയ ചെറുത്തുനില്‍പ് കഴിഞ്ഞ അര മുക്കാല്‍ നൂറ്റാണ്ടുകാലം നടത്തിപ്പോന്നത് ആത്മീയ രാഷ്ട്രീയത്തിന്റെ വക്താക്കളായിരുന്നു. മതേതരത്വം വിമോചനവും മതം അടിമത്വവും എന്ന സൂത്രവാക്യം അറബ് ആഫ്രിക്കന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളവുമെങ്കിലും നേരെ തിരിച്ചായിരുന്നു.  തുനീഷ്യയില്‍ താഴെ ഇറക്കപ്പെട്ട ബിന്‍ അലിക്കും അദ്ദേഹത്തിന്റെ മുന്‍ഗാമി ബുര്‍ഗീബകും ഈജിപ്തിലെ ഹുസ്‌നിമുബാറക്കും അദ്ദേഹത്തിന്റെ മുന്‍ഗാമികളായ അന്‍വര്‍ സാദത്തും ജമാല്‍ അബ്ദുന്നാസിറും   മതേതരത്വത്തിന്റെ കറതീര്‍ത്ത പ്രതീകങ്ങളാണ്. തുനീഷ്യയില്‍ ഇപ്പോള്‍ അധികാരത്തില്‍ വന്ന അന്നഹ്ദയുടെ നേതാവ് റാഷിദുല്‍ ഗനൂഷിയും ഈജിപ്തിലെ പഴയ ഭരണകൂടങ്ങളുടെ യഥാര്‍ഥ പ്രതിപക്ഷമായ ബ്രദര്‍ഹുഡും സാമ്പ്രദായിക വ്യവഹാരങ്ങളില്‍ മതമൗലിക വാദത്തിന്റെ പ്രതീകങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ മൂന്നാം ലോകരാജ്യങ്ങളില്‍ നടത്തിയ കോളനിവാഴ്ചക്ക് ചില താത്വിക അടിത്തറകള്‍ ഉണ്ടായിരുന്നു. അതേപോലെ സാമ്രാജ്യത്വ പിന്‍ബലത്തോടെ അറബ് ആഫ്രിക്കന്‍ നാടുകളില്‍ നിലനിന്നു പോന്ന മര്‍ദകപ്രത്യയശാസ്ത്രമായിരുന്നു ആത്മീയ രാഷ്ട്രീയത്തിനെതിരായ തീവ്ര മതേതരത്വം. അവിടങ്ങളില്‍ ഇത്തരം ഭരണകൂടങ്ങള്‍ തകരുമ്പോള്‍ ഭരണകൂടം മാത്രമല്ല തകരുന്നത് ഭരണകൂട പ്രത്യയശാസ്ത്രം കൂടിയാണ്. അതുകൊണ്ടാണ് വിപ്ലവാനന്തരം തുണീഷ്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആ ജനത 'അന്നഹ്ദ' എന്ന മതമൗലിക വാദം ആരോപിക്കപ്പെട്ട്, ഇത്രയും കാലം നിരന്തരം അടിച്ചമര്‍ത്തപ്പെട്ട സംഘടനക്ക് മുന്‍തൂക്കം നല്‍കിയത്. കാരണം അവരെ അടിച്ചമര്‍ത്തിയത് മത വിരുദ്ധതയായിരുന്നെങ്കില്‍ അവരുടെ ചെറുത്തു നില്‍പ്പുകളെ നയിച്ചത് മതമായിരുന്നു. 
2001 ല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പൊടുന്നനെ സംഭവിച്ച ഒരു മുന്നേറ്റമാണിതെന്ന് മനസ്സിലാക്കുന്നത് അങ്ങേയറ്റം ചരിത്ര വിരുദ്ധമായിരിക്കും. ഈ രാജ്യങ്ങള്‍ സ്വതന്ത്രമായതു തന്നെ തദ്ദേശീയ കൊളോണിയലിസത്തിന്റെ കൈകളിലേക്കായിരുന്നു. പട്ടാളമായിരുന്നു ഈ ആഭ്യന്തര കൊളോണിയലിസത്തിന്റെ കൈയ്യാളുകള്‍. ജനാധിപത്യ അവകാശങ്ങളുടെ നിരന്തരലംഘനത്തിന്റെതാണ് ഈ ഭരണകൂടങ്ങളുടെ ചരിത്രം. എന്നാല്‍ ബ്രദര്‍ഹുഡും സമാന സംഘടനകളും സമാധാനപരമായ രീതിയില്‍ അതിനെ നിരന്തരം ചെറുത്തുകൊണ്ടിരുന്നു. ആ മുക്കാല്‍ നൂറ്റാണ്ടുകളോളം വരുന്ന ചെറുത്തുനില്‍പ്പുകളുടെ മൂലധനത്തിലാണ് അറബ് വിപ്ലവം ഉണ്ടായത്. ആ സഹനസപര്യയാര്‍ന്ന പ്രതിരോധത്തിന്റെ വിളവെടുപ്പാണ് ഇപ്പോള്‍ സംഭവിച്ച അറബ് വസന്തം
 സഹനത്തിന്റെ കൊടുമുടികള്‍ താണ്ടിക്കൊണ്ട് ഈ ചെറുത്തുനില്‍പ്പുകള്‍ നടക്കുമ്പോള്‍ പ്രബുദ്ധമായ ഒരു ജനത എന്ന നിലക്ക് നാം എവിടെയായിരുന്നു. നമ്മുടെ സാമൂഹികപ്രസ്ഥാനങ്ങള്‍ ഏതുപക്ഷത്തായിരുന്നു എന്നാലോചിക്കേണ്ടതാണ്. 1966ല്‍ സാഹിത്യനിരൂപകനും ഖുര്‍ആനിന് സൗന്ദര്യാത്മക വ്യാഖ്യാനം എഴുതിയ പണ്ഡിതനും നിരവധിഗ്രന്ഥങ്ങളുടെ കര്‍ത്താവും ബ്രദര്‍ഹുഡിന്റെ സംഘാടകരില്‍ ഒരാളുമായിരുന്ന സയ്യിദ് ഖുതുബിനെ ജമാല്‍ അബ്ദുന്നാസറിന്റെ ഭരണകൂടം വഴിയടയാളങ്ങള്‍ എന്നപേരില്‍ മലയാളത്തിലടക്കം വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു പുസ്തകത്തിന്റെ പേരില്‍ കഴുമരത്തിലേറ്റി.  ആ രക്തമാണ് അത്തരം നിരവധി രക്തസമര്‍പ്പണമാണ് ഇപ്പോള്‍ മുല്ലപ്പൂവായി വിടര്‍ന്ന് പരിലസിച്ചത്. പുസ്തകം ആധുനികമായ ഒരു സാംസ്‌കാരിക രൂപമാണ്. പ്രബുദ്ധതയുടെ ചിഹ്നമാണ്. സംവാദത്തിനുള്ള ക്ഷണമാണ്. വിയോജിപ്പിനുള്ള സാധ്യതയാണ്. സയ്യിദ് ഖുതുബ് ആരുടെയും ഒരുതുള്ളി ചോരയും ചിന്തിയിട്ടില്ല. ആരുടെയും ചോരക്കുവേണ്ടി കൊലവിളി നടത്തിയിട്ടില്ല. പകരം 'ഇസ്‌ലാമിലെ സാമൂഹ്യനീതി'പോലെ സാമൂഹ്യ സാമ്പത്തിക സമത്വത്തിന്റെ ദൈവശാസ്ത്രം വാദിച്ചുറപ്പിച്ച ഗ്രന്ഥത്തിന്റെ  രചയിതാവാണ് അദ്ദേഹം. ഖുര്‍ആനിന്റെ അലൗകിക സംഗീതത്തെ, ദിവ്യമായ കവിതയെ ഇത്രയേറെ ആസ്വദിപ്പിച്ച മറ്റൊരു ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം ഈ കുറിപ്പുകാരന്റെ ഓര്‍മകളുടെ ഷെല്‍ഫില്‍ ഏതായാലും ഇല്ല. പുസ്തകത്തിന് ജീവന്‍ വിലയായി കൊടുത്ത എഴുത്തുകാരനാണ് സയ്യിദ് ഖുത്വുബ്.

അന്ന് നമ്മള്‍, നമ്മുടെ ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങള്‍ ഏതുപക്ഷത്തായിരുന്നു. നമ്മുടെ രാഷ്ട്രീയ ഭാവുകത്വം അന്ന് നാസറിനെ ആഘോഷിക്കുകയായിരുന്നു. നാസറായിരുന്നു നമുക്ക് താരം. മൂന്നാം ലോകത്തിലെ പുതിയ  ജനാധിപത്യത്തിന്റെ  ജനനായകന്‍ നെഹ്‌റു, ടിറ്റോ, നാസര്‍ അച്ചുതണ്ടിനെ ആഘോഷിക്കുകയായിരുന്നു നാം. സയ്യിദ് ഖുതുബ്, നാസര്‍ എന്ന മതേതര ജനാധിപത്യവാദിയാല്‍ കൊലചെയ്യപ്പെടേണ്ട, കൊലചെയ്യപ്പെടാവുന്ന ഒരു ഭീകരന്‍ മാത്രമായിരുന്നു. അതല്ലെങ്കില്‍ നാം അറിയുകപോലും ചെയ്യേണ്ടതില്ലാത്ത ഒരാളായിരുന്നു. 
1984ല്‍ ശ്രീമാന്‍ ഇ.എം.എസ്.നമ്പൂതിരിപ്പാട് കേരളത്തിലെ, ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് കൊടുത്ത ഒരു ഉപദേശം ഇങ്ങനെ വായിക്കാം. ''എന്റെ അഭിപ്രായത്തില്‍ ജാതിയെയും മതത്തെയും ആസ്പദമാക്കി പ്രത്യേകമായി നിലനിന്നിരുന്ന നിയമങ്ങള്‍ക്ക് മുതലാളിത്തത്തിന്റെയും അതിന്റെ തന്നെ ഭാഗമായ സോഷ്യലിസത്തിന്റെയും ഉയര്‍ച്ചയോടുകൂടി പ്രസക്തി ഇല്ലാതായിട്ടുണ്ട്. അതുകൊണ്ടാണ് മുക്കാല്‍ നൂറ്റാണ്ട് മുമ്പ് തുര്‍ക്കിയില്‍ തുടങ്ങി സാമൂഹികപരിഷ്‌കാരപരമായ നിയമനിര്‍മാണങ്ങള്‍ ബലത്തില്‍ വന്നിട്ടുണ്ട്. കേരളമടക്കം ഇന്ത്യയിലാകട്ടെ, നായര്‍ നിയമം, നമ്പൂതിരി നിയമം മുതലായ വിവിധ ജാതികള്‍ക്ക് വെവ്വേറെ നിയമമുണ്ടായിരുന്നത് ഏകീകരിച്ച് ഒരു ഹിന്ദുകോഡ് നിലവില്‍ വന്നിരിക്കുന്നു. അത് മുസ്‌ലിം സമുദായത്തിലും അധികം ചെല്ലുന്നതിനുമുമ്പ് വരുമെന്നാണ് എന്റെ വിശ്വസം''
മതനിയമങ്ങള്‍ക്ക് എതിരായ ബലപ്രയോഗം തുര്‍ക്കിക്ക് ശേഷം ഏറ്റവും തീവ്രമായി നടന്ന രാജ്യമാണ് തുനീഷ്യ, പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കുന്നത് നിയമപരമായി വിലക്കപ്പെട്ട രാജ്യത്തെ, രാജ്യങ്ങളെ ജനവിഭാഗങ്ങള്‍ക്ക് മാതൃകയായി നിര്‍ദേശിക്കാന്‍ ഒരു ജനാധിപത്യവാദിക്ക് എങ്ങനെ  കഴിയും. ഇ.എം.എസ് മാതൃകയായി സമര്‍പ്പിച്ച തുര്‍ക്കിയില്‍ മതവിരുദ്ധ പട്ടാള സേച്ഛാധിപത്യത്തെ ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള എ.കെ. പാര്‍ട്ടി മറികടന്നുകഴിഞ്ഞിരിക്കുന്നു. തുര്‍ക്കിയില്‍ ഇപ്പോള്‍ ശരീഅത്ത് വേണ്ടവര്‍ക്ക് അതനുസരിച്ചും വേണ്ടാത്തവര്‍ക്ക് 
അതില്ലാതെയും ജീവിക്കാവുന്ന മതം വാഗ്ദാനം ചെയ്യുന്ന ജനാധിപത്യമാണ് പുലരുന്നത്. അതോടൊപ്പം പുതിയ ഭരണകൂടം സാമ്രാജ്യത്വത്തിനും  സയണിസത്തിനും എതിരെ പഴയ ഭരണകൂടങ്ങളുടെ റാന്‍മൂളി നയത്തിന് തീര്‍ത്തും എതിരായ നിലപാടുകള്‍ സ്വീകരിക്കുന്നു. മതത്തിന്റെ വിമോചനപരതയെ, നൈതിക ബോധത്തെ തുര്‍ക്കി ഇപ്പോള്‍ രാഷ്ട്രീയമായി ആവിഷ്‌കരിക്കുകയാണെന്നര്‍ത്ഥം. ഏറ്റവും ഭീകരമായി കൊണോളിയന്‍ സെക്യുരിസം നടപ്പിലാക്കപ്പെട്ട രാജ്യങ്ങളില്‍ തന്നെയാണ് ഏറ്റവും ആദ്യം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അധികാരത്തില്‍ എത്തുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. 1984-86 കാലത്തെ ശരീഅത്ത് വിവാദത്തില്‍ ഏറ്റവും വലിയ മാതൃകയായി സെക്യുലര്‍ സമൂഹം  മുസ്‌ലിം സമൂഹത്തിന് മുന്നില്‍ നിര്‍ദ്ദേശിച്ച രണ്ട് രാഷ്ട്രസമൂഹമാതൃകകളായിരുന്നു തുര്‍ക്കിയും തുനീഷ്യയും ആ മതേതരത്വത്തിന്റെ തിണ്ണബലം കൊടിയ സേഛാധിപത്യമായിരുന്നു. അതിനെ താങ്ങിനിര്‍ത്തിയിരുന്നത് സാമ്രാജ്യത്വമായിരുന്നു. മതം ആശയപരമായും പ്രായോഗിമായും ചെറുത്തുനില്‍ക്കുകയായിരുന്നു.മതത്തെ പ്രതിനിധീകരിക്കുക എന്നതുതന്നെ അവിടങ്ങളില്‍ ചെറുത്തു നില്‍പ്പായിരുന്നു. പക്ഷേ നുക്ക് മതം, പ്രത്യേകിച്ച് സാമൂഹിക രാഷ്ടീയ ഉള്ളടക്കമുള്ള മതം വെറുക്കപ്പടേണ്ടതും മര്‍ദ്ദക മതേതരത്വം ഹസ്തദാനം ചെയ്യപ്പെടേണ്ട സുഹൃത്തുമായിരുന്നു. 
അറബ് രാഷ്ടീയത്തിന്റെ പൂക്കാലം അഹിംസാത്മകമായതും യാദൃശ്ചികമല്ല. ഈ ആഭ്യന്തര കൊളോണിയസത്തിനെതിരെ ഈജിപ്തിലെ ബ്രദര്‍ഹുഡും മറ്റ് അയല്‍രാജ്യങ്ങളിലെ സമാന പ്രസ്ഥങ്ങളും നടത്തിക്കൊണ്ടിരുന്ന ചെറുത്തു നില്‍പ്പുകള്‍ ഏകപക്ഷീയ സമാധാനത്തില്‍ അധിഷ്ടിതമായിരുന്നു. അതൊരിക്കലും ഭീകരവാദത്തിനെതിരായ അമേരിക്കന്‍ പ്രചാരണ യുദ്ധത്തിന്റെയോ മതേതര  സമ്മര്‍ദ്ദത്തിന്റെയോ ഫലമായി ഉണ്ടായതല്ല. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തുടക്കം മുതല്‍ അവരുടെ റഫറന്‍സുകള്‍ മുന്നില്‍വെച്ചെടുത്ത തീരുമാനമായിരുന്നു അത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഗുരുവെന്ന് വിശേഷിപ്പിക്കാവുന്ന ഭീകരവാദത്തിന്റെ മാസ്റ്റര്‍ ബ്രെയ്ന്‍ എന്ന് എതിരാളികള്‍ വിശേഷിപ്പിക്കുന്ന സയ്യിദ് അബുല്‍ അഅലാ മൗദൂദി സായുധ വിപ്ലവത്തിലൂടെ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനു നല്‍കിയ മറുപടി സിയാവുദ്ദീന്‍ സര്‍ദാര്‍ ഉദ്ധരിക്കുന്നുണ്ട്.
''നാം സ്വീകരിക്കേണ്ട ശരിയായ പാത അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ' എന്നായിരുന്നു ഒരു നിമിഷം പോലും സംശയിക്കാതെയുള്ള അദ്ദേഹത്തിന്റെ മറുപടി. അത്തരം ഒരു നയം എന്തെങ്കിലും ഗുണം ചെയ്യുന്നതിനു പകരം അത്യന്തം ഹാനികരമായി പതിക്കും. സായുധ വിപ്ലവത്തിലൂടെ നിങ്ങള്‍ക്ക് ഒരു ഇസ്‌ലാമിക രാഷ്ട്രം സാഥാപിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ഇസ്‌ലാമിക രീതിയില്‍ രാഷ്ട്രത്തിന്റെ ഭരണകാര്യങ്ങള്‍ നടത്തിക്കൊണ്ടുപൊകാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞുകൊള്ളമണമെന്നില്ല. കാരണം വളരെ ലളിതം സമൂഹവും സമൂഹത്തിലെ വിവിധ വിഭാഗങ്ങളും ഇസ്‌ലാം ഉന്നം വെക്കുന്ന ധാര്‍മിക പരിവര്‍ത്തനത്തിന് സജ്ജമായിട്ടുണ്ടാവില്ല. അധികാരം പിടിച്ചടക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ മറ്റുള്ളവരുടെ മുമ്പിലും  സായുധ വിപ്ലവം തുറന്നുകിടക്കുന്നുണ്ട്. അപ്പോള്‍ മുസ്‌ലിം രാജ്യങ്ങള്‍ വിപ്ലവങ്ങളുടെയും പ്രതിവിപ്ലവങ്ങലുടെയും ഗൂഡാലോചനകളുടെയും പ്രതിഗൂഡാലോചനയുടെയും ദൂഷിത വലയത്തില്‍ അകപ്പെടലായിരിക്കും ഫലം. മാത്രവുമല്ല, സായുധവിപ്ലവം നടത്തണമെങ്കില്‍ ഗൂഡ സംഘങ്ങളുടെ രീതിയില്‍ നിങ്ങളുടെ പ്രസ്ഥാനത്തെ നിങ്ങള്‍ക്ക് സംഘടിപ്പിക്കേണ്ടി വരും. അതിന് അതിന്റെതായ ചില പെരുമാറ്റ രീതികളുണ്ട്, അത്തരം സംഘങ്ങള്‍ വിയോജിപ്പിനെയും ഭിന്നവീക്ഷണങ്ങളെയും പൊറുപ്പിക്കുകയില്ല. വിമര്‍ശന ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടും. അതിന്റെ അഭാവത്തില്‍ തുറന്ന ചര്‍ച്ചകള്‍ തടസ്സപ്പെടും. രഹസ്യസംഘടനകളുടെ ആന്തര യുക്തി ആവശ്യപ്പെടുന്ന മറ്റൊരു സംഗതികൂടിയുണ്ട്. ചതി, കള്ളം. വ്യാജവത്കരണം, രക്തചൊരിച്ചില്‍ തുടങ്ങി ഇസ്‌ലാം അനുദിക്കാത്ത പലതും പ്രവര്‍ത്തകര്‍ക്ക് അതനുവദിച്ചുകൊടുക്കും എന്നതാണത്. വെടിയുണ്ടയിലൂടെ നിലവില്‍ വരുന്ന ഒരു വ്യവസ്ഥ വെടിയുണ്ടയിലൂടെ മാത്രമേ നിലനിര്‍ത്താന്‍ കഴിയൂ എന്നത് അതിന്റെ സഹജപ്രകൃതമാണ്. സമാധാനപരമായി ഇസ്‌ലാമിക വ്യവസ്ഥിതിയലേക്കുള്ള മാറ്റത്തെ അസാധ്യമാക്കുന്ന ഒരു കാലാവസ്ഥ ഇത് സൃഷ്ടിക്കും''
 ഈ അക്രമരഹിത നിലപാടിന്റെ കാരണങ്ങള്‍ തീര്‍ത്തും അവരുടേത് തന്നെയായിരുന്നു. അതിന്റെ അച്ചുതണ്ട് ധാര്‍മികതയാണ്. അഹിംസയുടെ നൂറ്റാണ്ടോളം വരുന്ന ഈ പോരാട്ട നിക്ഷേപമാണ് അറബ് രാഷ്ട്രീയ വിപ്ലവത്തെ രക്തരഹിതമായ പൂക്കാലമാക്കിയത്.

ഇതിനിടയില്‍ സായുധലൈന്‍ സംബന്ധിയായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കകത്ത് പല സംവാദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ചില ഗ്രൂപ്പുകള്‍ തെറ്റിപ്പിരിഞ്ഞുപോകുന്നുണ്ട്. അപ്പോഴെല്ലാം മാതൃപ്രസ്ഥാനങ്ങള്‍ ഈ നിലപാടില്‍ ഉറച്ചുനിന്നു. സായുധലൈന്‍ സ്വീകരിച്ച ചില ഗ്രൂപ്പുകള്‍ ഈജിപ്തില്‍ വിപ്ലവത്തിന്റെ ഒന്നുരണ്ടുവര്‍ഷം മുമ്പ് തങ്ങളുടെ വഴിയെകുറിച്ച് മതപരമായി പുനരാലോചനകള്‍ നടത്തുകയും അത്തരം ആഭ്യന്തരചര്‍ച്ചകളുടെ രേഖകള്‍ പബ്ലിക്കില്‍ പ്രസിദ്ധീകരിക്കുകയും അക്രമരാഹിത്യത്തിന്റെ വഴിയിലേക്ക് തിരികെ പോരുകയും ചെയ്തിട്ടുണ്ട്.
വിപ്ലവം ബഹുവചനമാണ്. എന്നതാണ് ഈ മുല്ലപ്പൂവുകള്‍ സുഗന്ധം പരത്തിപറയുന്നത്. ഇടതുപക്ഷവും ഇസ്‌ലാമിസ്റ്റുകളും ലിബറല്‍ സെക്യുരലിസ്റ്റുകളും നവസാമൂഹിക ഗ്രൂപ്പുകളും എല്ലാം ഒത്തുചേര്‍ന്നതിന്റെ ഫലമാണ് ഈ ചരിത്രസംഭവം. അറബ് ആഫ്രിക്കന്‍ നാടുകളില്‍ ഇസ്‌ലാമിസ്റ്റുകളുമായി സഹകരിക്കുയില്ലായെന്ന് ഏതെങ്കിലും സാമൂഹ്യ പ്രസ്ഥാനങ്ങള്‍ തീരുമാനിച്ചാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ കുറിച്ച്  ഒ.വി വിജയന്‍ ഒരിക്കല്‍ പറഞ്ഞത് പോലെ 'എങ്കില്‍ ചരിത്രത്തിന്റെ പുറം പോക്കില്‍ പ്രകടനം നടത്താനായിരിക്കും അവര്‍ക്ക് വിധി.' 
മുതലാളിത്തത്തിന്റെ അതേസമീപനം മറ്റുപല കാര്യങ്ങളിലെന്നപോലെ മതസാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കാര്യത്തിലും സ്വീകരിച്ചു എന്നതാണ് കമ്യൂണിസ്റ്റുകള്‍ക്കും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും സംഭവിച്ച അബന്ധം. വികസനത്തിന്റെ കാര്യത്തില്‍ മുതലാളിത്തത്തില്‍ നിന്ന് വ്യത്യസ്ഥമായ ഒരു കമ്യൂണിസ്റ്റ് തനതുസമീപനം വികസിപ്പിക്കാന്‍ കഴിയാതെ പോയതാണ് സോവിയറ്റുയൂണിയന്റെ തകര്‍ച്ചക്കു തന്നെ കാരണമായതും പിന്നീട് പരിസ്ഥിതി പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്നതില്‍ നിന്നും കമ്മ്യൂണിസ്റ്റുകാരെ തടഞ്ഞതും. അതുപോല ആത്മീയ രാഷ്ട്രീയത്തിന്റെ കാര്യത്തിലോ അത്തരം അടിസ്ഥാനങ്ങളുള്ള പ്രസ്ഥാനങ്ങളുടെ കാര്യത്തിലോ മുതലാളിത്തത്തില്‍ നിന്നും  വ്യത്യസ്ഥമായ  തനതു കമ്യൂണിസ്റ്റ് ശൈലി വികസിപ്പിക്കന്‍ കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പലപ്പോഴും കഴിഞ്ഞില്ല. അതുകൊണ്ട്, ഇസ്‌ലാമിസ്റ്റുകളും സാമ്രാജ്യത്വവും തമ്മിലുള്ള, ഇസ്‌ലാമിസ്റ്റുകളും ഏകാധിപധികളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഏകാധിപത്യത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും പക്ഷത്ത് അവര്‍ക്ക് നില്‍ക്കേണ്ടി വന്നു. അറബ് ആഫ്രിക്കന്‍ നാടുകളില്‍  ഈ വിഷയത്തില്‍ അവര്‍ നടത്തിയ തിരുത്തലിന്റെ ഫലവും വിളംബരവും കൂടിയാണ് അറബ് വിപ്ലവം. 
രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെ ഭയപ്പെടാനുള്ള അമേരിക്കന്‍ ശിക്ഷണത്തില്‍ നിന്ന് ചരിത്രത്തിന്റെ കുതറി ചാട്ടമാണ് തുണീഷ്യയില്‍ 'അന്നഹ്ദ' നേടിയ വിജയം 
സ്വേഛാധിപത്യ അറബ് ഭരണകൂടങ്ങള്‍ തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളെയെല്ലാം അടക്കിയത് തങ്ങളില്ലാതായാല്‍ പകരം വരുന്നത് രാഷ്ട്രീയ ഇസ്‌ലാമായിരിക്കും എന്ന് പറഞ്ഞാണ്. ഇതുതന്നെയാണ് സാമ്രാജ്യത്വം അവരെ താങ്ങി നിര്‍ത്തുന്നതിന് പറഞ്ഞ ന്യായവും. ലിബറലുകള്‍ ഇത്തരം ഭരണകൂടങ്ങളെ പിന്തുണക്കാന്‍ പറഞ്ഞ യുക്തിയും. കേരളത്തിലെ മുസ്‌ലിം ലീഗ് അവരുടെ സ്വയം കൃതാനാര്‍ഥങ്ങളാല്‍ വെല്ലുവിളികള്‍ നേരിടുമ്പോഴെല്ലാം നമ്മുടെ ഒരു വിഭാഗം ലിബറല്‍ ബുദ്ധിജീവികള്‍ ലീഗിനെ പിന്തുണച്ചു കൊണ്ട് പറയാറുള്ളതും ഇതേകാര്യമാണ്. ലീഗിന് ഒരുപാട് കുഴപ്പങ്ങളുണ്ട്. പക്ഷേ ലീഗ് തകര്‍ന്നാല്‍ പകരം വരുന്നത് രാഷ്ട്രീയ ഇസ്‌ലാമായിരിക്കും/ മുസ്‌ലിം തീവ്രവാദമായിരിക്കും. ഇതേ ന്യായവാദമാണ് ഇത്രയും കാലം അറബ് രാഷ്ട്രീയ ജീര്‍ണതകളെ നിലനിര്‍ത്തിയത്. അറബ് വിപ്ലവത്തെക്കുറിച്ച ചര്‍ച്ച ഇങ്ങനെ വിവിധ തലങ്ങളിലാണ് കേരളത്തെക്കുറിച്ച് ചര്‍ച്ച കൂടിയാവുന്നത്.
ഈജിപ്തിലെ മര്‍ദക ഭരണകൂടത്തിന്റെ പീഢനം കാരണം നാടുവിടേണ്ടിവന്ന അന്നാട്ടുകാരനായ ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖര്‍ദാവി സമര വിജയത്തിന്റെ സന്ദര്‍ഭത്തില്‍ തഹ്‌രീര്‍ സ്‌ക്വയറിലെത്തി വെള്ളിയാഴ്ച പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുകയും പ്രാര്‍ഥനാ പ്രഭാഷണം നടത്തുകയും ചെയ്തത് മതയിടം ഢ െപൊതുയിടം എന്ന അതിര്‍വരമ്പുകളെ ലംഘിക്കുന്ന സുപ്രധാന സംഭവമാണ്.  ഇസ്‌ലാം മത വിശ്വാസികള്‍ മാത്രമല്ല  ഈജിപ്ഷ്യന്‍ ക്രൈസ്തവരും  പൊതു സമര ഇടത്തില്‍ നടന്ന ആ മത ചടങ്ങില്‍ പങ്കെടുത്തു. ഖര്‍ദാവി പ്രാര്‍ഥനാ പ്രഭാഷണത്തില്‍ അഭിസംബോധന ചെയ്തത് ഇസ്‌ലാം മത വിശ്വാസികളെ മാത്രമല്ല. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള അവിടെ ഒരുമിച്ച് കൂടിയ മുഴുവന്‍ ഈജിപ്ഷ്യരെയുമായിരുന്നു. വെള്ളിയാഴ്ച പ്രാര്‍ഥന പള്ളിക്ക് പുറത്ത് നടത്താന്‍ പാടില്ല എന്ന മതപൗരോഹിത്യ വിലക്കിനെയും പൊതു ഇടം മത മുക്തമായിരിക്കണമെന്ന മതേതരതിട്ടൂരത്തെയുമാണ് അന്ന് ഈജിപ്തുകാര്‍ ഒന്നിച്ചത് വെല്ലുവിളിച്ചത്. 
അറബ് പത്രപ്രവര്‍ത്തകര്‍ ഫഹ്മീ ഹുവൈദി ചൂണ്ടിക്കാട്ടിയ കാര്യം കേരളത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണങ്ങള്‍ക്ക് സാധ്യതയുള്ളത് ഒരു ആദര്‍ശവിഭാഗത്തിലെ മിത വാദഗ്രൂപ്പും തീവ്രവാദഗ്രൂപ്പുകള്‍ക്കുമിടയിലല്ല. വ്യത്യസ്ത ആദര്‍ശവിഭാഗങ്ങളുടെ മിതവാദികള്‍ക്കിടയിലാണ് .നമുക്കിടിയല്‍ സംവാദങ്ങള്‍ നടക്കുന്നത് ഒരു ആദര്‍ശ പ്രത്യയശാസ്ത്രത്തിനകത്തെ തീവ്രധാരകളും മിത ധാരകളും തമ്മിലാണ്, അതല്ലെങ്കില്‍ എല്ലാ ആദര്‍ശങ്ങളും മാറ്റിവെച്ചുകൊണ്ടുള്ള ജീര്‍ണതകളുടെ ഒത്തുചേരലാണ്. ഇരുപത്തിഒന്നാം നൂറ്റാണ്ട് ആദര്‍ശാധിഷ്ടിത മിതവാദങ്ങളുടെ നൂറ്റാണ്ടാവാന്‍ തന്നെയാണ് സാധ്യതയെന്നാണ് പുലരികണ്ടിട്ട് തോന്നുന്നത്. പുതിയ തലമുറക്ക് തോക്കും വരട്ടുവാദവും ഒരു പ്രലോഭനമല്ല. തോക്കിനെയും ആക്രോശത്തെയും അപ്രസക്തമാക്കുന്ന ഒരു സുരഭില നിമിഷത്തില്‍ വെച്ചാണ് മനുഷ്യ സംസ്‌കൃതിക്ക് പ്രായപൂര്‍ത്തി സംഭവിക്കുക.

Sunday, October 30, 2011

ദൈവത്തിന്റെ കൂട്ടുകാരനും ജനതയുടെ നായകനുമായ ഇബ്രാഹീം

ദൈവത്തിന്റെ കൂട്ടുകാരന്‍, ജനതയുടെ നായകന്‍. ഇതാണ് ഇബ്രാഹീം നബിയെക്കുറിച്ചുള്ള ഖുര്‍ആനിന്റെ രണ്ട് വിശേഷണങ്ങള്‍. ഇത് ഇബ്രാഹീം സരണിയുടെ(മില്ലത്തു ഇബ്രാഹീം) രണ്ട് മുഖമല്ല. ഒരേ മുഖത്തിന്റെ വിശദീകരണമാണ്. ദൈവത്തിന്റെ കൂട്ടുകാരന്‍ ജനതയുടെ നായകനായേ പറ്റൂ. കാരണം ഒരാള്‍ക്ക് ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയുക ജനതക്ക് നേതൃത്വം നല്‍കിയും സേവനം ചെയ്തുമാണ്. പല ദൈവങ്ങളില്ലാത്ത പോലെ അയാള്‍ക്ക് പല ജനതകളുമില്ല. ഏകദൈവവിശ്വസം ഏകമാനവിക വാദവും ബോധവും കൂടിയാണ്.
ഇബ്രാഹീം ചരിത്രത്തില്‍ നിന്നു ജനതയെ ഏറ്റവും തിളക്കത്തോടെ വീണ്ടെടുത്ത പ്രവാചകനാണ് ഇബ്രാഹീമും നംറൂദ്ആസര്‍മാരുമായുള്ള സംഘര്‍ഷം കൂലീനതയും ജനകീയതയും തമ്മിലുള്ള സംഘര്‍ഷം കൂടിയാണ്. ബഹുദൈവത്വം അവിടെ ഒരു ദൈവശാസ്ത്ര പ്രശ്‌നം മാത്രമായിരുന്നില്ല. ഒരു രാഷ്ട്രീയ നാഗരിക വിഷയമായിരുന്നു. ജനവിരുദ്ധ വരേണ്യ രാഷ്ട്രീയത്തിന്റെ അടിത്തറയായിരുന്നു വിഗ്രഹം. ഭൗതിക ജീവിതത്തിലെ പരസ്പര സ്‌നേഹത്തിന്റെ, ബന്ധത്തിന്റെ അടിത്തറയായി വിഗ്രഹത്തെ നിങ്ങള്‍ സ്വീകരിക്കുന്നു എന്ന് സൂറ അന്‍കബൂത്തില്‍ 25ാം വാചകത്തില്‍ അല്ലാഹു അവരെക്കുറിച്ച് പറയുന്നുണ്ട്.
വിഗ്രഹം പ്രതിനിധീകരിക്കുന്നത് ഒരു ദൈവശാസ്ത്രത്തെ മാത്രമല്ല. ഒരു സാമൂഹ്യ ശാസ്ത്രത്തെ കൂടിയാണ്. ബഹുദൈവത്തം ഗോത്രവ്യവസ്ഥയുടെയും നാടുവാഴിത്തത്തിന്റെയും പ്രത്യേയശാസ്ത്രമാണ്. ഏകദൈവത്തം ഗോത്രാതീതമായ ബഹുജന രാഷ്ട്രീയത്തിന്റെ പ്രത്യേയശാസ്ത്രമാണ്. ബഹുദൈവത്വത്തില്‍ ദൈവമുള്ളത് കുലത്തിനും ഗോത്രത്തിനുമാണ്. ആ ദൈവം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടിരിക്കുന്നത്, സംരക്ഷിക്കുമെന്ന് ഭക്തന്‍ പ്രതീക്ഷിക്കുന്നത് വ്യക്തിയുടെയും കുലത്തിന്റെയും ന്യായവും അന്യായവുമായ താല്‍പ്പര്യങ്ങളാണ്. അതിനു പകരം ലോകത്തിനു മുഴുവന്‍ ഒരൊറ്റ ദൈവം എന്നത് ബഹുദൈവ സമൂഹങ്ങള്‍ക്ക് അപരിചിതവും മനസ്സിലാക്കാന്‍ കഴിയാത്തതുമായിരുന്നു. അതുകൊണ്ടാണ് ഫറോവ ചോദിക്കുന്നത് ലോകരക്ഷിതാവോ, അതെന്താണ്? (അശ്ശുഅറാഅ് 23). കുലദൈവങ്ങളല്ലാതെ ലോകദൈവം ഫറോവക്ക് അപരിചിതവും അംഗീകരിക്കാന്‍ കഴിയാത്തതുമായിരുന്നു. കുലദൈവം കുലത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ബാധ്യതപ്പെടുമ്പോള്‍ ലോകരുടെ ദൈവമായ ഏകദൈവം ലോകരുടെ മുഴുവന്‍ താല്‍പര്യം സംരക്ഷിക്കാന്‍ ബാധ്യത ഏറ്റെടുത്തവനാണ്. അത്‌കൊണ്ട് തന്നെ എല്ലാവരുടെയും ന്യായമായ താല്‍പര്യം മാത്രം സംരക്ഷിക്കുന്ന ദൈവമാണത്. ഏകദൈവത്തം ഗോത്രവാദത്തിനു പകരം മാനവികതയെ സാധ്യമാക്കുകയാണ്. ഏറ്റവും നൈതികമായ മാനവികതയെ. നൈതികതയുടെ അടിത്തറയില്‍ മാത്രമേ യാഥാര്‍ത്ഥ മാനവികത സാക്ഷാല്‍ക്കരിക്കാന്‍ കഴിയൂ. ഏകദൈവ വിശ്വാസത്തിന്റെ അനുഭവതലമാണ് മാനവികതയും നൈതികതയും.
അതുകൊണ്ടാണ് ഇബ്രാഹീം പ്രവാചകന്റെ ചെറുമകന്റെ മകന്‍ യൂസുഫ് (അ) തന്റെ ജനതയോട് ചോദിച്ചത്. 'വിഭിന്നങ്ങളായ പല ദൈവങ്ങളാണോ, അതല്ല ഏകനും സര്‍വ്വാധിപതിയുമായ ഒറ്റദൈവമാണോ മനുഷ്യരാശിക്ക് ഗുണകരമായതെന്ന്' (യൂസുഫ് 39)
ജനതയെക്കുറിച്ച് ഏറെ സംസാരിച്ച വേദമാണ് ഖുര്‍ആന്‍. കാരുണ്യവാനും കരുണാവാരിധിയുമായ ദൈവത്തിന്റെ നാമത്തില്‍ തുടങ്ങുന്നു എന്നു പ്രഖ്യാപിച്ച ശേഷം ഖുര്‍ആന്‍ പറയുന്നത് ലോകരുടെ നാഥനായ ദൈവത്തിന് സര്‍വ്വസ്തുതിയുമെന്നാണ്. ഖുര്‍ആനിലെ സമാപന സൂക്തത്തിന്റെ പേര് 'ബഹുജനം' എന്നാണ്. അതില്‍ ദൈവത്തെ പരിചയപ്പെടുത്തുന്നത് പൊതുജനത്തിന്റെ നാഥന്‍, പൊതുജനത്തിന്റെ ഭരണാധികാരി, പൊതുജനത്തിന്റെ ദൈവം എന്നു പറഞ്ഞുകൊണ്ടാണ്. ആമുഖാധ്യായവും സമാപനധ്യായവും പ്രാര്‍ത്ഥനാ രൂപത്തിലുള്ള അദ്ധ്യായങ്ങളാണ്. ഏറ്റവും അധ്യാത്മികയുള്ള സ്വരൂപത്തിനകത്താണ് പൊതുജനമെന്ന കാഴ്ചപ്പാട് ഏറെ ശക്തിയോടെ അവതരിപ്പിക്കപ്പെടുന്നത്.
ഇസ്‌ലാമിന്റെ ആത്മാവ് തുടിക്കുന്ന എല്ലാ അടയാളങ്ങളെയും പൊതുജനമെന്ന സങ്കല്‍പ്പത്തോട് ചേര്‍ത്തുവെച്ച് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത് കാണാന്‍ കഴിയും. പ്രവാചകനെ കുറിച്ച് പറയുന്നു' മുഴുലോകത്തിനും വേണ്ടിയല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല. (സബഅ് 28 )ഖുര്‍ആനെക്കുറിച്ച് പറയുന്നു. ജനത്തിന് സന്മാര്‍ഗ്ഗവും സന്മാര്‍ഗത്തിന്റെ വിശദീകരണവുമായാണ് ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്'(അല്‍ ബഖറ 185). മുസ്‌ലിം സമുദായം പൊതുജനത്തിനു വേണ്ടി ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട സമൂഹമാണ്. (ആലു ഇംറാന്‍ 110) സത്യത്തിന്റെ പല സവിശേഷതകളിലൊന്നായി വിശുദ്ധവേദം പറയുന്നത് അത് ജനത്തിന് ഉപകാരം ലഭിക്കുന്നതാണെന്നാണ്. അതുകൊണ്ട് അത് ഭൂമിയില്‍ നിലനില്‍ക്കുമെന്നാണ്  (അറഅ്ദ് 17). ഗോത്രത്തെക്കുറിച്ചും കുലത്തെക്കുറിച്ചും വംശത്തെക്കുറിച്ചുമുള്ള വിഭാവനകള്‍ ലോകത്ത് മുറ്റിനില്‍ക്കുകയും പൊതുമണ്ഡലത്തെക്കുറിച്ചും പൊതുജനത്തെക്കുറിച്ചുമുള്ള ആശയധാരകള്‍ ഇല്ലാതെയുമിരുന്ന ഒരു കാലത്താണ് ഖുര്‍ആന്‍ ഈ പ്രസ്താവനകള്‍ നടത്തുന്നത്.
ഇന്ന് ലോകം ആശയതലത്തിലെങ്കിലും ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. പഴയ സാമ്രാട്ടുകള്‍ ചോദിച്ചതുപോലെ എന്ത് പൊതുജനം എന്ന് ഇന്ന് ഒരു സാമ്രാട്ടിനും പരസ്യമായി ചോദിക്കാന്‍ കഴിയില്ല. എല്ലാ ജനവിരുദ്ധരും ഇന്ന് ആണയിടുന്നത് പൊതുജനത്തിന്റെ പേരിലാണ്. എല്ലാ ഉപരിവര്‍ഗ സ്വാര്‍ത്ഥതകളും ഒളിച്ചുകടത്തപ്പെടുന്നത് സാധരണ മനുഷ്യരുടെ , ബഹുജനത്തിന്റെ ചെലവിലാണ്. നൂഹ് നബിയോട് ബഹുദൈവവിശ്വാസികളും പൊതുജന വിഭാവനാവിരുദ്ധതയുമായിരുന്ന എതിരാളികള്‍ പറഞ്ഞത് പോലെ സാധാരണക്കാരെ മാറ്റിനിര്‍ത്തിയാലേ നിന്നെ കേള്‍ക്കാന്‍ ഞങ്ങള്‍ വരൂ  എന്ന് പറയാന്‍ ഒരു ജനവിരുദ്ധനും ഇന്ന് ധൈര്യമുണ്ടാവില്ല. ഇത് ലോകത്തിനു സംഭവിച്ച ഖുര്‍ആനികമായ ഒരു പാരഡൈം ശിഫ്റ്റാണ്. തത്വത്തില്‍ ഉണ്ടായ ഈ മാറ്റം പ്രയോഗത്തില്‍ കൂടി ഉണ്ടാവുമ്പോഴാണ് ഖുര്‍ആനിന്റെ യഥാര്‍ത്ഥമായ രാഷ്ട്രീയ സാക്ഷാത്കാരം ലോകത്തുണ്ടാവുക. തത്വത്തിലുണ്ടായ മാറ്റം അത്തരമൊരു രാഷ്ട്രീയമാറ്റത്തിനനുകൂലമായ അന്തരീക്ഷത്തെ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. 
മനുഷ്യന്‍ ഒറ്റ സ്പീഷിസാണെന്നത് മതേതര ആധുനികതയുടെ കണ്ടുപിടുത്തമാണെന്ന അവകാശവാദം. അത് അപരവല്‍ക്കരിച്ച, ഇസ്ലാമിനെക്കുറിച്ച് അജ്ഞതയുടെയോ അവഗണനയുടെയോ പുറത്തുമാത്രം നിലനില്‍ക്കുന്ന ഒന്നാണ്. മനുഷ്യന്‍ ഒറ്റ സ്പീഷിസാണെന്നത് ചരിത്ര വികാസത്തിലൂടെ ആധുനിക മതേതരയുഗത്തില്‍ അവര്‍ നേടിയെടുത്ത  പ്രബുദ്ധതയല്ല. ഭൂമിയിലേക്കുള്ള അവന്റെ ദൈവിക പ്രാതിനിധ്യത്തിന്റെ ഒന്നാം നാളിലെ ദൈവത്താല്‍ പഠിക്കപ്പെട്ട ദിവ്യബോധനമാണ്. ഇബ്രാഹിം ചരിത്രത്തിലെ ഒരു കൊടിയ ജനവിരുദ്ധ കാലത്തിലെ അതിന്റെ അത്യുജ്വല പ്രതിനിധാനമാണ്.
ഇബ്രാഹിം വിഗ്രഹത്തിനും പുരോഹിതനുമെതിരായിരുന്നു ഏറ്റവുമേറെ പൊരുതിയത്. അതിന്റെ രണ്ടിന്റെയും കാവലാളും സ്വയം തന്നെ രാഷ്ട്രീയ ദിവ്യത്വം അവകാശപ്പെട്ട രാജാവിനുമെതിരെ. വിഗ്രഹം ധന-വിഭവ കേന്ദ്രീകരണത്തിന്റെ ആല്‍മീയമായ ഉപകരണമായിരുന്നു. ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ആത്മീയ ഉപകരണം. എല്ലാ നല്ല വിഭവവും അര്‍പ്പിക്കപ്പെടുന്നത് വിഗ്രഹത്തിനാണ്. ഭൂമിയും പൊന്നും ദേവസ്വത്തിനും ബ്രഹ്മസ്വത്തിനും പള്ളിക്കും സഭക്കും അവകാശപ്പെട്ടതാണ്. വിഗ്രഹം തിന്നുകയും കുടിക്കുകയും ചെയ്യാത്ത സുഖിക്കുകയും ഭോഗിക്കുകയും ചെയ്യാത്ത നിര്‍ജ്ജീവതയാണ്. വിഗ്രഹത്തിന്റെ പേരില്‍ സമ്പത്തും സൗകര്യവും സുഖാനുഭൂതികളും കേന്ദ്രീകരിക്കപ്പെട്ടത് പുരോഹിതനിലാണ്. ചിലയിടങ്ങളില്‍ ദൈവ പ്രാതിനിത്യമുള്ള രാജാക്കന്മാരിലും. ഫ്യൂഡല്‍ നാടുവാഴി കാലത്ത് സമ്പത്തിന്റെയും വിഭവത്തിന്റെയും ഭൂരിഭാഗം അമ്പലത്തിന്റെതും പള്ളയുടേതുമായിരുന്നു. ദൈവത്തിനെന്തിനാ പൊന്‍കുരിശ് എന്നുചോദിച്ചിട്ടു കാര്യമില്ല. അതിന് പുരോഹിതരെന്ന അവകാശിയും അനുഭവക്കാരമുണ്ട്.
ദൈവത്തിന് ശരീരം സമര്‍പ്പിച്ച ദേവദാസികളുടെ യഥാര്‍ത്ഥ അനുഭവക്കാര്‍ പുരോഹിതരായിരുന്നു. വിശ്വാസത്തിന്റെ തരംഗങ്ങള്‍ ശക്തിപ്പെടുന്നതനുസരിച്ച് നാട്ടിലെ വിഭവങ്ങള്‍ കൂടുതല്‍ കൂടുതല്‍ പുരോഹിതനിലും രാജാവിലും കേന്ദ്രീകരിക്കപ്പെട്ടു. അതുകൊണ്ടാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറകള്‍ ഒരു ജനാധിപത്യ കാലത്ത് നമ്മെ വിസ്മയഭരിതമാക്കുന്നത്. ഗുഹാവാസികള്‍ കാലം മാറി എഴുന്നേറ്റു വന്നതുപോലെ ഒരു ക്ഷേത്ര കലവറ കാലം മാറി എഴുന്നേറ്റുവരികയായിരുന്നു. അത്, ഇന്ന് ഒരു മതപ്രശ്‌നം മാത്രമായി അനുഭവപ്പെടുന്നുണ്ടാകാം. എന്നാല്‍ അത് സംഭവിച്ച കാലത്ത് അതിതീക്ഷണമായ രാഷ്ട്രീയ വസ്തുതയാണ്. ജനത്തിന്റെ സമ്പത്ത് ആത്മീയവും രാഷ്ട്രീയവുമായ ഹിംസയിലൂടെ സമാഹരിച്ചതിന്റെ വിലപിടിച്ച സ്വര്‍ണരേഖകളാണത്.
ഏകദൈവികത വിഭവങ്ങളെ വികേന്ദ്രീകരിക്കാനാണ് അതിന്റെ വിശ്വാസം കൊണ്ട്തന്നെ ശ്രമിക്കുന്നത്. ബലിയെക്കുറിച്ച് ദൈവം പറയട്ടെ.‘ബലിമൃഗങ്ങളെ നിങ്ങള്‍ അല്ലാഹുവിന്റെ പേരുച്ചരിച്ച് ബലിയറുക്കുക, അങ്ങനെ അവ വീണുകഴിഞ്ഞാല്‍ നിങ്ങള്‍ അവയുടെ മാംസം ഭക്ഷിക്കുക. ഉള്ളതില്‍ തൃപ്തരായ് കഴിക്കുന്ന ദരിദ്രരെയും ചോദിച്ചുവരുന്ന ദരിദ്രരെയും ഭക്ഷിപ്പിക്കുക,.... അവയുടെ രക്തമോ മാംസമോ അല്ലാഹുവിലേക്ക് എത്തിച്ചേരുന്നില്ല. നിങ്ങളുടെ ഭക്തിയാണ് അല്ലാഹുവിലേക്കെത്തിച്ചേരുന്നത്.... അവന്‍ നിങ്ങളെ നേര്‍വഴിലാക്കിയതിന് നിങ്ങളവന്റെ മഹത്വം പ്രകീര്‍ത്തിക്കാന്‍ വേണ്ടിയാണിത്.’ (അല്‍ ഹജ്ജ് 36-37)
ബഹുദൈവ നാഗരികതയില്‍ ബലിമാംസം വിഗ്രഹത്തിനാണര്‍പ്പിക്കുന്നത്. അതിന്റെ രക്തം വിഗ്രഹത്തിനുപുറത്ത് പുരട്ടപ്പെടുന്നു. മാംസത്തിന്റെ ഗുണഭോക്താക്കള്‍ പുരോഹിതന്മാരാണ്. ഏക ദൈവികതയില്‍, ഏക മാനവികതയില്‍ അത് അര്‍പ്പിക്കപ്പെടുന്നത് ദൈവത്തിനു തന്നെയാണ്. പക്ഷെ അതിന്റെ ഉപഭോക്താവ് ബലിയറുത്ത ഭക്തനായ മനുഷ്യനും അയാള്‍ക്ക് ചുറ്റുമുള്ള ദരിദ്രരുമാണ്. ദൈവത്തിന് രക്തമോ മാംസമോ ആവശ്യമില്ല. നിങ്ങളുടെ ദൈവവിശ്വാസവും മാനവിക ബോധവുമാണാവശ്യം. വിഭവത്തെ അത് കേന്ദ്രീകരിക്കുകയല്ല ജനങ്ങളിലേക്ക്, ദരിദ്രരിലേക്ക് വികേന്ദ്രീകരിക്കുകയാണത് ചെയ്യുന്നത്. പള്ളികള്‍ ധനകേന്ദ്രീകരണത്തിന്റെ കലവറകളല്ല. ധനവികേന്ദ്രീകരണത്തിന്റെ, ദാനധര്‍മത്തിന്റെ, ധനികന്റെ സമ്പത്ത് ദരിദ്രന് നല്‍കുന്നതിന്റെ വിതരണകേന്ദ്രങ്ങളാണ്.
മുതലാളിത്തത്തിന്റെ പ്രവര്‍ത്തനരീതിയും ബഹുദൈവത്തവത്തിന്റെ പ്രവര്‍ത്തനരീതിയും ഒന്നുതന്നെയാണ്. ദരിദ്രന്റെ ധനം കൂടി ധനികന്റെതാക്കിമാറ്റുന്ന പ്രവര്‍ത്തന രീതിശാസ്ത്രമാണത്. ബഹുദൈവത്തം ആത്മീയമായ ഭാഷ സംസാരിക്കുന്ന മുതലാളിത്തമാണ്. മുതലാളിത്തം ദൗതിക ഭാഷ സംസാരിക്കുന്ന ബഹുദൈവത്വമാണ്. ദൈവാധികാരത്തില്‍ സമ്പത്തിനെ പകരം വെക്കുകയാണ്, പങ്കുകാരനാക്കുകയാണ് മുതലാളിത്തം ചെയ്യുന്നത്.
വിപണി മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിനുവേണ്ടിയുള്ള ഒരു സംവിധാനമായിരുന്നു. എനിക്ക് ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് അപരനു നല്‍കി അവന്റെ മിച്ചത്തില്‍ എനിക്കാവശ്യമുള്ളത് ഞാന്‍ വാങ്ങുക. ഇതാണ് വിപണിയുടെ ആത്മാവ്. ദൈവിക മൂല്യവും മാനവിക ആവശ്യവുമായ വിപണികളുടെ ഈ ആത്മാവിനെ വിപണിയുടെ ലക്ഷ്യം വിപണി തന്നെയാണെന്ന് അട്ടിമറിക്കുകയാണ് മുതലാളിത്തം ചെയ്തത്. മാനവികതക്ക് പകരം, മനുഷ്യന്റെ അവശ്യനിര്‍വഹണത്തിനു പകരം ലാഭമാണ് വിപണിയുടെ ലക്ഷ്യമെന്ന് അത് നിശ്വയിച്ചു. മുതലാളിത്തം വിപണിയെ മൂല്യരഹിതമാക്കി വിപണിയുടെ ദൈവം വിപണി തന്നെയാണെന്ന് നിശ്ചയിക്കുകയായിരുന്നു.
വര്‍ഗീയത, മുതലാളിത്തം മുതലായ എല്ലാ ജനവിരുദ്ധതകളുടെയും അടിവേരറുത്തുകൊണ്ടാണ് ഇബ്രാഹിം പ്രബോധനം പുരോഗമിക്കുന്നത്. വര്‍ഗീയതയുടെ ഏറെ സൂക്ഷ്മരൂപമായ നിരുപദ്രവമെന്നു തോന്നാവുന്ന സാമുദായിക വാദത്തെ പോലും ഇബ്രാഹീമിസരണയില്‍ വെച്ച് ദൈവം നിരാകരിക്കുന്നു.
ഓര്‍ക്കുക, ഇബ്രാഹിമിനെ അദ്ദേഹത്തിന്റെ നാഥന്‍ ചില കല്‍പ്പനകളിലൂടെ പരീക്ഷിച്ചു. അദ്ദേഹം അതൊക്കെയും വിജയകരമായി പൂര്‍ത്തികരിച്ചു. അപ്പോള്‍ അല്ലാഹു അരുളി ‘ഞാന്‍ നിന്നെ ലോകരുടെ നേതാവാക്കിയിരിക്കുന്നു. ഇബ്രാഹിം ചോദിച്ചു. എന്റെ മക്കളേയും അല്ലാഹു അറിയിച്ചു. എന്റെ കരാര്‍ അക്രമികള്‍ക്ക് ബാധകമല്ല’. (അല്‍ ബഖറ: 124)
ഏകദൈവത്തം ഒരു കേവല പാരമ്പര്യത്തിന്റെ പേരല്ല. അത് തത്വത്തിന്റെ പേരാണ്. തത്വം പിന്തുടരുന്ന ആര്‍ക്കും അതിന്റെ അനന്തരാവകാശികളാകാം. തത്വങ്ങളെ കൈവെടിയുന്നവര്‍ക്ക് സത്യത്തില്‍ മുന്നില്‍ നടന്ന പിതാക്കളുടെ ജനിതക പാരമ്പര്യമുണ്ടെങ്കിലും വളരെ സ്വാഭാവികമായി ഇതില്‍ നിന്നു പുറത്തുപോവുന്നു. ഏകദൈവത്തം തത്വാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ ഒരു കരാറാണ്.
ലോകവ്യാപകമായ്, പ്രത്യേകിച്ച് അറബ് മുസ്‌ലിം നാടുകളില്‍ സേഛാധിപത്യങ്ങളെ കടപ്പുഴക്കി ജനാധിപത്യം പുലരുമ്പോള്‍ ബഹുദൈവത്വത്തിന്റെ രാഷട്രീയത്തിനെതിരെ ഏകദൈവത്വത്തിന്റെ രാഷട്രീയം വിജയം വരിക്കുകയാണു ചെയ്യുന്നത്. ഒരു വ്യക്തിക്കും കുടുംബത്തിനും ദൈവം സവിശേഷമായ അധികാരങ്ങള്‍ നല്‍കിയിട്ടില്ല. ദൈവം ഭൂമിയുടെ പ്രതിനിധികളാക്കിയത് എല്ലാമനുഷ്യരെയുമാണ്. രാഷ്ട്രീയാധികാരിയായ ഖലീഫയും ഭരണകൂടവുമുണ്ടാവുന്നത് അടിസ്ഥാനപരമായ് അവര്‍ അധികാരകളായതുകൊണ്ടല്ല. ജനത്തിന് നല്‍കപ്പെട്ട അധികാരം അവരുടെ പൊതു ആവശ്യത്തിനുവേണ്ടി അവരെല്ലാവരും അല്ലെങ്കില്‍ അവരുടെ ഭൂരിപക്ഷം ഒരു ഭരണാധികാരിക്ക്, ഭരണകൂടത്തിന് നല്‍കുമ്പോഴാണ്. ജനം, അവരിലെ ഭൂരിപക്ഷം പിന്‍വലിച്ചാല്‍ അവസാനിക്കുന്നതാണ് അവരുടെ അധികാരം.
ഇബ്രാഹീം നബി പ്രതിനിധീകരിച്ചത് ബഹുജനത്തിന്റെ ആത്മീയതയെയും രാഷ്ട്രീയത്തെയുമായിരുന്നു. അതിന് അക്കാലത്ത് എത്ര ജനപിന്തുണ ലഭിച്ചു എന്നത് പരിശോധന അര്‍ഹിക്കുന്ന കാര്യമാണ്. നംറൂദ് ഇബ്രാഹീം(അ)മനെ തീയിലെറിഞ്ഞു. അല്ലാഹു അദ്ദേഹത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ ശേഷവും ഏറെ ജനപിന്തുണയില്ലാതെ നാടുപേക്ഷിക്കുകയായിരുന്നു. അദ്ദേഹം ഇബ്രാഹീം (അ)മിന്റെ പലായനശേഷം അവിടുത്തെ ദൈവപ്രാതിനിധ്യമുണ്ടെന്നു വിശ്വസിക്കപ്പെട്ട രാജകുടുംബത്തിനും സമുദായത്തിനും തുടരെത്തുടരെ വിനാശങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. എലേമ്യര്‍ ഊര്‍ പട്ടണത്തെ നശിപ്പിച്ചു. നംറൂദിനെ നന്നാറിന്റെ വിഗ്രഹസമേതം പിടിച്ചു. ശത്രുക്കള്‍ അവരുടെ ഭരണം സ്ഥാപിച്ചു. അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു. ‘അനന്തരഘട്ടങ്ങളില്‍ ഇബ്രാഹീം നബി (അ) ശിക്ഷണങ്ങള്‍ ആ ജനത എത്ര അളവില്‍ സ്വീകരിച്ചുവെന്ന് തീര്‍ത്തു പറയാന്‍ സാധ്യമല്ലെങ്കിലും ക്രി.മുമ്പ് 1910ല്‍ ബാബിലോണിയയിലെ ഹമ്മുറാബി എന്ന രാജാവ് കോഡീകരിച്ച നിയമസംഹിത സാക്ഷ്യം വഹിക്കുന്നുണ്ട്, അതിന്റെ ക്രോഡീകരണത്തില്‍ പ്രത്യക്ഷ്യമായോ പരോക്ഷമായോ പ്രവാചകത്വത്തിന്റെ ദീപ്തിപ്രസരം കുറേയധികം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് (തഫ്ഹീമുല്‍ ഖുര്‍ആന്‍ ഒന്നാം ഭാഗം, അല്‍ അന്‍ആം, വ്യാഖ്യാനക്കുറിപ്പ് 52)’
അപ്പോള്‍ ഒരു പ്രത്യയശാസ്ത്രവും രാഷ്ട്രീയവും ജനപക്ഷത്താണോ ജനവിരുദ്ധ പന്തിയിലാണോ എന്നളക്കേണ്ടത് അതിനു ജനപിന്തുണ ഉണ്ടോ ഇല്ലേ എന്നു നോക്കിയല്ല. ജനപക്ഷത്തുനില്‍ക്കുന്ന ആശയധാര ജനങ്ങളാല്‍ തന്നെ തിരസ്‌ക്കരിക്കപ്പെടാം. സ്വീകരിക്കപ്പെടുകയും ചെയ്യാം. ഒരു കാലത്തെ ജനങ്ങളുടെ പൊതുബോധത്തിനൊപ്പം നില്‍ക്കുന്നതിന്റെ പേരല്ല ജനകീയ രാഷട്രീയമെന്നത്. അത് ഒരു മൂല്യവ്യവസ്ഥയും പ്രത്യയശാസ്ത്രവുമാണ്. പ്രയോഗത്തില്‍ ജനമത് സ്വീകരിക്കുകയും നിരാകരിക്കുകയുമെല്ലാം ചെയ്യാം. ഇത്തരമൊരു ആശയാവലി ആര്‍ക്കു വേണ്ടിയാണോ പൊരുതുന്നത് അവരെ അത് ബോധ്യപ്പെടുത്തുകയും അവരെ അതില്‍ നിന്നു തടയുന്ന ആത്മീയവും രാഷ്ട്രീയവുമായ ശക്തികള്‍ക്കെതിരെ നിരന്തരം തളരാതെ പൊരുതുകയും ചെയ്യുക എന്നതാണ് ജനപക്ഷ ആത്മീയതയുടെയും രാഷ്ട്രീയത്തിന്റെയും ഉത്തരവാദിത്തം. ഇത് ലളിതമായ ഒരു പ്രവര്‍ത്തനമല്ല. പ്രവാചകസ്വരവും അതിന്റെ അര്‍പ്പണവും ആവശ്യമുള്ള ഒന്നാണ്. ‘സ്വയം വിഢിയായവനല്ലാതെ ആരാണ് ഇബ്രാഹീമിന്റെ മാര്‍ഗ്ഗത്തെ ഇഷ്ടപ്പെടാതിരിക്കുക, അദ്ദേഹത്തെ നാം ഈ ലോകത്തെ മികവുറ്റവനാക്കുകയും മറുലോകത്ത് സുകൃതവാന്മാരിലായിരിക്കുകയും ചെയ്യും.’ (അല്‍ ബഖറ:130)

Thursday, October 6, 2011

വിധവയും വിഭാര്യനും


ജീവിതം എല്ലാവര്‍ക്കും ഒരു നേര്‍രേഖ ആയിരിക്കണമെന്നില്ല. വളവും തിരിവും ചുഴികളും സങ്കീര്‍ണതകളുമെല്ലാം അതിനിടയില്‍ രൂപപ്പെടാം. അത്തരമൊരു പ്രയാണമാണ് വൈധവ്യം. ഒറ്റയടിപ്പാതയല്ലാതെ പോവുന്ന ജീവിതത്തിന്റെ സങ്കീര്‍ണതകളില്‍ വ്യക്തികളെ സഹായിക്കാന്‍ സാമൂഹ്യനിയമങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാധിക്കണം. തന്റേതല്ലാത്ത കുറ്റത്തിന് വിധവയായിത്തീരുന്നവര്‍ക്ക് വൈധവ്യം ഒരു ശിക്ഷയാക്കിത്തീര്‍ക്കാനാണ് സമൂഹമെന്ന സ്ഥാപനം മിക്കപ്പോഴും ശ്രമിക്കാറുള്ളത്. സതി മുതല്‍ വിധവാവിവാഹ നിരുത്സാഹം വരെ ഇതിന്റെ അടയാളങ്ങളാണ്. അതേ സമയം വിഭാര്യനായ പുരുഷന്റെ കാര്യത്തില്‍ കുറച്ചുകൂടി ഉദാരത കാണിക്കാന്‍ സമൂഹം സന്നദ്ധമാവാറുണ്ട്.
വൈധവ്യം ഒരു ശാപമോ ശകുനമോ അല്ല. ജീവിതത്തില്‍ ആര്‍ക്കും വന്നുചേരാവുന്ന പല അവസ്ഥകളില്‍ ഒന്നു മാത്രമാണ്. അതിനെ ധീരമായും മനോഹരമായും അഭിമുഖീകരിക്കുക എന്നതാണ് മനുഷ്യന്‍ എന്ന നിലയില്‍ നമ്മുടെ ബാധ്യത. അതുതന്നെയാണ് ജീവിതം നല്‍കുന്ന സാധ്യതയും.
ഇസ്‌ലാമിക ചരിത്രത്തില്‍ രക്തസാക്ഷികളുടെ ഭാര്യ എന്നറിയപ്പെടുന്ന സ്ത്രീയാണ് ആതിഖ ബിന്‍ത് സൈദ്. അവരുടെ ആദ്യ ഭര്‍ത്താവ് അബ്ദുല്ലാഹിബ്‌നു അബീബക്കര്‍(റ) ത്വാഇഫില്‍ വെച്ചു നടന്ന  ഏറ്റുമുട്ടലില്‍ രക്തസാക്ഷിയായി. ശേഷം ഉമര്‍(റ) അവരെ വിവാഹം ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹവും രക്തസാക്ഷിയായി. തുടര്‍ന്ന് സുബൈറുബ്‌നുല്‍ അവാം (റ) അവരുടെ ജീവിത പങ്കാളിയായി. ജമല്‍ യുദ്ധത്തില്‍ സുബൈര്‍(റ)വും രക്തസാക്ഷിയായി. പിന്നെ മുഹമ്മദുബ്‌നു അബീബക്കര്‍(റ) വിവാഹം ചെയ്തു. ഈജിപ്തില്‍ വെച്ചു നടന്ന ഒരു യുദ്ധത്തില്‍ അദ്ദേഹം രക്തസാക്ഷിയായി. പിന്നീട് ഹസന്‍(റ) അല്ലെങ്കില്‍ ഹുസൈന്‍(റ) വിവാഹം ചെയ്തു എന്ന് ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ഓരോ ഭര്‍ത്താക്കന്‍ന്മാര്‍ മരിക്കുമ്പോഴും അവരെക്കുറിച്ച് മനോഹരമായ വിലാപകാവ്യങ്ങള്‍ പാടിയിരുന്നു സുന്ദരിയായ ആതിഖ(റ). ഒടുവില്‍ വിവാഹാഭ്യര്‍ത്ഥനയുമായി വന്നവരെ അവര്‍ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. 
ജീവിതത്തെ ഇത്ര ആര്‍ജവത്തോടെ, സൗന്ദര്യത്തോടെ, ആഘോഷത്തോടെ സമീപിച്ച  മറ്റേത് ജീവിതരീതിയായിരിക്കും ലോകത്തുണ്ടാവുക. ജീവിതത്തിന്റെ ഒരു സാധ്യതയെയും നിരാകരിക്കുകയല്ല, നിയന്ത്രിച്ച് മനോഹരമാക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. മനോഹരമായ ജീവിതത്തിനുവേണ്ടിയുള്ള നിയന്ത്രണങ്ങള്‍.
വിവാഹമോചനം കാരണമോ ഭര്‍ത്താവിന്റെ വിയോഗം നിമിത്തമോ ദീക്ഷ ആചരിക്കുന്ന സ്ത്രീയോട് വിവാഹാഭ്യര്‍ത്ഥന നടത്തരുതെന്ന് ഖുര്‍ആന്‍ പറയുന്നു: ''നിങ്ങളുടെ അഭിലാഷങ്ങള്‍ അവരോട് സൂചിപ്പിക്കാം. കാരണം, നിങ്ങളുടെ ഉള്ളിലുള്ളത് അറിയുന്നവനാണവന്‍, നിങ്ങള്‍ അവരെ ഓര്‍ത്തുകൊണ്ടിരിക്കുന്നുവെന്ന് അല്ലാഹുവിനറിയാം.''(അല്‍ബഖറ-235) ദീക്ഷ ആചരിക്കുന്ന സ്ത്രീയെ ഒരന്യപുരുഷന്‍ കാണുന്നതു തന്നെ സദാചാരവിരുദ്ധമായാണ് പലപ്പോഴും കണക്കാക്കപ്പെടാറ്. ഇവിടെയാണ് ഖുര്‍ആന്‍ പറയുന്നത,് ദീക്ഷാ അവധി തീരും വരെ വിവാഹാവശ്യം തെളിയിച്ചു പറയുകയോ വിവാഹ ഉടമ്പടിയില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. നിങ്ങളുടെ അഭിലാഷം അവരോട് വ്യംഗമായി സൂചിപ്പിക്കാം. ഉദാഹരണം, നിങ്ങള്‍ ഇപ്പോഴും സുന്ദരിയാണ്, അല്ലെങ്കില്‍ യുവതിയാണ്, നിങ്ങളെപ്പോലെ നല്ലവളായ ഒരു സ്ത്രീയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക എന്നൊക്കെ പറയാം. ഭര്‍ത്താവിന്റെ മരണം സ്ത്രീകളുടെ ദാമ്പത്യജിവിതത്തിന്റെയും മരണമായിരിക്കണമെന്ന കാഴ്ചപ്പാടിനെ ഇസ്‌ലാം സമൂലമായി നിരാകരിക്കുന്നു. വിവാഹമോചിതരായ ആദ്യ ഭാര്യാഭര്‍ത്താക്കന്മാരും കുടുംബങ്ങളും തികഞ്ഞ ശത്രുക്കളെപ്പോലെ പെരുമാറുന്നതാണ് നമ്മുടെ ശീലവും വഴക്കവും. എന്നാല്‍ ആദ്യഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരുന്ന് തങ്ങളുടെ സന്താനത്തിന്റെ മുലയൂട്ടലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു സുന്ദരചിത്രം ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. (അല്‍ ബഖറ 233)
മക്കളെച്ചൊല്ലിയാണ് പലരുടെയും വിവാഹങ്ങള്‍ തടസ്സപ്പെടുന്നത്. അല്ലെങ്കില്‍ വിവാഹത്തോട് വിമുഖരാവുന്നത്. മേല്‍ സൂചിപ്പിക്കപ്പെട്ട ദിവ്യപാഠത്തില്‍ അല്ലാഹു പറയുന്ന ഒരു കാര്യമുണ്ട്, മാതാവോ പിതാവോ മക്കള്‍ കാരണത്താല്‍ ഉപദ്രവിക്കപ്പെടരുത്. വിധവകളും മാതാക്കളുമായ സ്ത്രീകളുടെ വിവാഹ പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാണുന്ന ഒരു പ്രവണതാവാചകമുണ്ട്. അതിങ്ങനെയാണ്: കുട്ടികളുടെ ബാധ്യത ഏറ്റെടുക്കേണ്ടതില്ല. വിധവ വിവാഹിതയാവണമെങ്കില്‍ അവള്‍ നൊന്തുപെറ്റ കുഞ്ഞുങ്ങളെ നിത്യജീവിതത്തില്‍ നിന്നുപേക്ഷിക്കണം. എന്നിട്ട് തന്റേതല്ലാത്ത കുഞ്ഞുങ്ങളെ പലപ്പോഴും അവള്‍ വളര്‍ത്തുകയും വേണം. കുട്ടികളെ വളര്‍ത്തുക എന്നത് മാതാക്കളുടെ ഉത്തരവാദിത്തമാണെന്ന് ശഠിക്കുന്ന ഒരു സമൂഹമാണ് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത്. ഒറ്റപ്പെട്ട ഔന്നിത്യമുള്ള അപവാദങ്ങള്‍ ഇല്ലെന്നു പറയുന്നില്ല. അനാഥ സംരക്ഷണത്തിന്റെ പുണ്യത്തെക്കുറിച്ച വലിയ ബോധം മുസ്‌ലിം സമൂഹ മനസ്സിനകത്തുണ്ട്. ആ ബോധം ഒട്ടും ജൈവമല്ലാതായി പോവുകയാണ്. അനാഥസംരക്ഷണത്തെ ജീവിതത്തില്‍ നിന്നും മുറിച്ചെടുത്ത് നാം യതീംഖാനകളില്‍ നിക്ഷേപിക്കുകയാണ്.
വിവാഹമോചിതയെ, വിധവയെ പുതിയ വിവാഹത്തില്‍ നിന്നു തടഞ്ഞുനിര്‍ത്തരുതെന്ന് വ്യത്യസ്തമായ ഒരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഖുര്‍ആന്‍ പറയുന്നുണ്ട്(നിസാഅ് 19). മറ്റൊരര്‍ത്ഥത്തില്‍ നമ്മുടെ സാമൂഹിക മനസ്സിനെതിരായ വിമര്‍ശനവും തിരുത്താനുള്ള പ്രേരണയുമായാണ് ആ ഖുര്‍ആനിക പാഠം സമകാലികമാവുന്നത്.
വിവാഹമെന്ന സ്ഥാപനത്തിന്റെ അതിരുകടന്ന പവിത്രീകരണമാണ് പുനര്‍വിവാഹങ്ങളെ തടസ്സപ്പെടുത്തുന്ന ഒരു ഘടകം. വിവാഹം പവിത്രമാണെന്ന് വിശ്വസിക്കുകയും അത് ആദ്യവിവാഹം മാത്രമാണെന്നു കരുതുകയും ചെയ്യുന്ന പ്രവണത ഇവിടെ കാണാന്‍ കഴിയും. ഇത് പ്രശ്‌നസങ്കീര്‍ണതകളെ പ്രസവിക്കുന്ന ഒരന്ധവിശ്വാസമാണ്. ഇസ്‌ലാം പവിത്രമായി കരുതുന്നത് വിവാഹക്കരാറിനെയാണ്. അതാകട്ടെ ഒരു ജനാധിപത്യ സംവിധാനവുമാണ്.
വിവാഹത്തിന്റെ സാമൂഹികപരതയെ അംഗീകരിച്ചുകൊണ്ടു തന്നെ പറയേണ്ട ഒരു കാര്യമുണ്ട്. വളരെ അടിസ്ഥാനപരമായി വ്യക്തിപരമായ ഒരു കാര്യത്തിനുള്ള സാമൂഹികാംഗീകാരം മാത്രമാണ് വിവാഹത്തിന്റെ സാമൂഹികത. അതിന്റെ മേല്‍ അനാവശ്യമായ സാമൂഹിക നിയന്ത്രണങ്ങള്‍, അനാചാരങ്ങള്‍ കൊണ്ടുവരുന്നു എന്നതാണ് നമ്മുടെ പ്രശ്‌നം. വ്യക്തിപരതക്ക് നല്‍കേണ്ട ഒരംഗീകാരവും സംരക്ഷണവും നല്‍കാന്‍ സമൂഹമെന്ന നിലയില്‍ നമുക്ക് സാധിക്കാതെ പോവുന്നു. വൈവിധ്യത്തോടുള്ള ജീവിത വിരുദ്ധസമീപനം മുസ്‌ലിം സമൂഹത്തിന് സവര്‍ണസംസ്‌കൃതിയില്‍ നിന്നു പകര്‍ന്നു കിട്ടിയതാണ്.
ഇണ നഷ്ടപ്പെട്ടതിന്റെ വ്യക്തി ദുഃഖത്തിനപ്പുറമുള്ള സാമൂഹ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാര്‍ കൂടിയാണ്. ചെറുപ്പക്കാരല്ലാത്തവരുടെ പുനര്‍വിവാഹത്തെ പുരുഷന്റെ കാര്യത്തിലും പൊതുവെ പ്രോത്സാഹിപ്പിക്കുന്നില്ല. ഭാര്യ മരണപ്പെട്ടശേഷം പുനര്‍വിവാഹിതയായാല്‍ തന്നെ അതില്‍ സന്താനങ്ങള്‍ ഉണ്ടാവുന്നതിനെ സാംസ്‌കാരികവും സാമ്പത്തികവുമായ കാരണത്താല്‍ നാം വെറുക്കുകയാണ് ചെയ്യുന്നത്. അത്തരം ദാമ്പത്യങ്ങള്‍ ലൈംഗികരഹിത ദാമ്പത്യങ്ങള്‍ ആവണമെന്നതാണ് പൊതു അഭിലാഷം. പ്രായമുള്ള ദമ്പതികളുടെ പ്രണയത്തെയോ രതിയെയോ ഉള്‍കൊള്ളാന്‍ ഒരു സമൂഹമെന്ന നിലക്ക് നാം അപ്രാപ്തരാണ്. ഈ സാമൂഹ്യ അടിച്ചമര്‍ത്തല്‍ കാരണം ശാരീരികവും മാനസികവുമായ സമ്മര്‍ദങ്ങള്‍ പേറി ജീവിക്കുന്ന എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. സാങ്കേതികതക്കപ്പുറം പ്രായോഗികമായി വളരെ ചുരുങ്ങിയ ആയുസ്സുള്ള ദാമ്പത്യമാണ് നമ്മുടെ ദാമ്പത്യങ്ങള്‍. ജീവിത പങ്കാളി മരണപ്പെട്ടുപോവാതെ തന്നെ ഒരു തരം വിധവകളും വിഭാര്യരും ആയിത്തീരുന്നവരാണ് നാം. ദാമ്പത്യത്തിന്റെ അകാല മരണം ഇവിടുത്തെ സാമൂഹ്യ പ്രതിഭാസമാണ്. ദാമ്പത്യത്തിന്റെ ആയുര്‍ദൈര്‍ഘ്യം എങ്ങനെ വര്‍ധിപ്പിക്കാം, ദാമ്പത്യത്തിന്റെ ആയുസ്സ് ദമ്പതികളുടെ ആയുസ്സ് തന്നെയാക്കി മാറ്റാം എന്നത് സാമൂഹ്യ ശാസ്ത്രജ്ഞമാരും സാമൂഹ്യപ്രവര്‍ത്തകരും ഗൗരവത്തില്‍ ആലോചിക്കേണ്ടതാണ്.
അമ്മയുടെ മരണശേഷം അച്ഛന്‍ ഒരു ചെറുപ്പക്കാരിയെ വിവാഹം ചെയ്യുന്നു. മക്കള്‍ മുഴുവന്‍ അമേരിക്കയിലും യൂറോപ്പിലും. വിവാഹത്തിന് മക്കള്‍ കഠിനമായി എതിരായിരുന്നു. അച്ഛന്റെ പുതിയ വിവാഹത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മക്കള്‍ മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വിവാഹ വാര്‍ഷിക ആശംസാ പരസ്യം നല്‍കി. ഇതൊരു പ്രതികാര നടപടിയായിരുന്നു. ആ മനുഷ്യന്റെ ഏകാന്തതയോ അഭിലാഷങ്ങളോ അംഗീകരിക്കാന്‍ മക്കള്‍ ഒരുക്കമായിരുന്നില്ല. എന്നല്ല അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് തങ്ങളുടെ അച്ഛന്‍ എന്നതിനപ്പുറം എന്തെങ്കിലുമൊരസ്തിത്വമുള്ളതായി പോലും അവര്‍ അംഗീകരിക്കുന്നില്ലെന്നര്‍ത്ഥം. തങ്ങളുടെ സാമൂഹ്യ മാന്യതക്ക് കളങ്കമേല്‍പ്പിച്ചു എന്നതു മാത്രമാണ് അച്ഛനെതിരായ അവരുടെ പ്രതികാര നടപടിക്ക് കാരണം. അവരുടെ സാമൂഹ്യ മാന്യതക്ക് അച്ഛന്‍ കൊടുക്കേണ്ടിവരുന്ന വൈകാരികമായ വിലയെക്കുറിച്ച് അവര്‍ ഒരിക്കലും ആലോചിക്കാന്‍ ഒരുക്കമായിരുന്നില്ല.
ഇസ്‌ലാം വിമോചന പ്രത്യയശാസ്ത്രമാവുന്നത് അതിന്റെ സ്ഥൂലാര്‍ഥത്തില്‍ മാത്രമല്ല, അടിമ മോചനവും മര്‍ദിതന്റെ രാഷ്ട്രീയ വിമോചനവും മാത്രമല്ല ഇസ്‌ലാം വാഗ്ദാനം ചെയ്യുന്നത്. ഇസ്‌ലാം വിമോചന പ്രത്യയശാസ്ത്രമാവുന്നത് സൂക്ഷ്മാര്‍ഥത്തില്‍ കൂടിയാണ്. അത് വിധവകളുടെയും വിധുരരുടെയും ജീവിതത്തിന്റെ മുതുകുകളെ ഞെരുക്കുന്ന ഭാരങ്ങളെ ഇറക്കിവെക്കുന്ന ജീവിത ദര്‍ശനമാണ്. വൈധവ്യത്തെയോ വിഭാര്യതയെയോ ഇസ്‌ലാം ഒരിക്കലും ഉദാത്തമാക്കുന്നില്ല. വിവാഹത്തെ ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നുമില്ല. തീര്‍ച്ചയായും അത് പ്രോത്സാഹിപ്പിക്കുന്നത് വിവാഹത്തെയാണ്.
യഥാര്‍ത്ഥത്തില്‍ എല്ലാ അനുരഞ്ജന ശ്രമങ്ങള്‍ക്കും ഒടുവില്‍ ഉണ്ടാവുന്ന വിവാഹമോചനം ഒരു കുടുസ്സ് എന്നതിനേക്കാള്‍ തുറസ്സാണ്. പ്രശ്‌നം എന്നതിനേക്കാള്‍ സാധ്യതയാണ്. ഒരു ജനാധിപത്യ അവകാശമാണ്. അതിനെ ശാപമാക്കി മാറ്റുന്നത് പുനര്‍വിവാഹത്തോടുള്ള നമ്മുടെ വിമുഖ സമീപനമാണ്. നമ്മുടെ നാട്ടിലെ ഇദ്ദാചരണത്തില്‍ വരെ സവര്‍ണ  സംസ്‌കൃതികളുടെ സ്വാംശീകരണം കാണാന്‍ കഴിയും. വിധവകളുടെ ജീവിതത്തെ ഇദ്ദകളുടെ ഒരു നീള്‍ച്ച (extention)യാക്കി മാറ്റാനാണ് നാം ശ്രമിക്കുന്നത്. കഴിഞ്ഞ ജീവിതത്തിനും പുതിയ ജീവിത സാധ്യതക്കുമിടയിലെ ഒരിടക്കാലം മാത്രമാണത്. അതിലൂടെ അവള്‍ പുതിയ ജീവിതത്തിലേക്ക് ഒരുങ്ങുക കൂടിയാണ് ചെയ്യുന്നത്.
വിവാഹം നമുക്ക് പ്രണയത്തിനും ലൈംഗികതക്കുമെന്നതിനേക്കാള്‍ സംരക്ഷണത്തിനും പരിചരണത്തിനുമാണ്. കുറച്ചു മുതിര്‍ന്നവര്‍ക്ക്, ചിലപ്പോള്‍ ഏറെയൊന്നും മുതിരാത്ത സ്ത്രീകള്‍ക്കും ഇതിന് വേറെ വഴികളുണ്ടെങ്കില്‍ പിന്നെ വിവാഹത്തിന്റെ വാതില്‍ അടച്ചിടാനാണ് പൊതു മനസ്സ് താല്‍പര്യപ്പെടുന്നത്. വിവാഹത്തില്‍, അല്ല മനുഷ്യജീവിതത്തില്‍ പ്രണയവും ലൈംഗികതയും സ്ത്രീ-പുരുഷന്മാര്‍ തമ്മിലെ സവിശേഷ കാരുണ്യവും പരമപ്രധാനമാണ്. അതിനെ നട്ടെല്ലു നിവര്‍ത്തി നിന്ന് അഭിമുഖീകരിക്കാനാണ് ഒരു ജനത എന്ന നിലക്ക് നാം ശ്രമിക്കേണ്ടത്. ചുരുക്കത്തില്‍ വിധവക്കും വിഭാര്യനും സമ്പൂര്‍ണ മനുഷ്യ പദവി തിരിച്ചു നല്‍കാന്‍ നാം സന്നദ്ധമാകണം.
|

Monday, September 26, 2011

കേരളത്തില്‍ സാമ്രാജ്യത്വ വിരുദ്ധസമരങ്ങള്‍ മാത്രമല്ല അതിന്റെ ഒറ്റുകാരുമുണ്ട്‌കേരളത്തിലെ പൊതുമണ്ഡലത്തോട് സവിശേഷ താല്‍പര്യം അമേരിക്കക്ക് എന്നുമുണ്ടായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയവും അമേരിക്കിന്‍ സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധവും അതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലും പുതിയതല്ല. ഐക്യകേരളത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരെ നടന്ന വിമോചന സമരത്തെ സി.ഐ.എ സഹായിച്ചിരുന്നു എന്ന് സമരനായകരിലൊരാളായ ഫാദര്‍ വടക്കന്‍ പിന്നീട് വെളിപ്പെടുത്തുന്നുണ്ട്. അമേരിക്കന്‍ സാമ്രാജത്വത്തോട് എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനത്തെ സംബന്ധിച്ച് മൂല്യ നിര്‍ണയത്തില്‍ വളരെ പ്രധാനമാണ്.

കേരളം എക്കാലത്തും സാമ്രാജത്വവിരുദ്ധ സമരത്തിന്റെ ഒരു രംഗഭൂമിയാണ്. 1498ല്‍ കിഴക്കന്‍ രാജ്യങ്ങളിലേക്കുള്ള പാശചാത്യ സാമ്രാജത്വ ശക്തികളുടെ കോളനി പ്രവേശനത്തിന് നന്ദിക്കുറിക്കപ്പെട്ടത് കേരളതീരത്താണ്. സാമ്രാജത്വവിരുദ്ധ സമരത്തിന്റെ ചരിത്രവും അടുത്ത സമയം മുതല്‍ തന്നെ ആരംഭിക്കുകയാണ്. ഇസ്‌ലാം മത പ്രത്യേയശാസ്ത്രവും ദേശാഭിമാന പ്രചോദനവും ഒത്തുചേര്‍ന്ന സമരങ്ങളാണ് അന്ന് നടന്നത്. ദേശീയ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും പിന്നീട് ജനകീയ സമരങ്ങളും ഈ സമരത്തുടര്‍ച്ച നിലനിര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സാമ്രാജ്യത്വത്തിന്റെ ചാരക്കണ്ണിലെ പ്രധാനമായ ഒരു ഭൂപടമാണ് കേരളം.  ഇത് കേരളത്തിലെ സാമ്രാജ്യത്വവിരുദ്ധ പോരാളികള്‍ക്ക് നല്ല നിശ്ചയമുള്ള കാര്യമാണ്. അത് അമേരിക്കയുടെ ഭാഗത്ത് നിന്നുതന്നെ രേഖാപരമായി വെളിപ്പെട്ടു എന്നതാണ് വിക്കിലിക്‌സ് വെളിപ്പെടുത്തലിന്റെ രാഷ്ട്രീയ പ്രാധാന്യം.
ലോകാടിസ്ഥാനത്തില്‍ തന്നെ അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഏറെ പ്രയാസപ്പെടുത്തിയ സമരമാണ് പ്ലാച്ചിമട. കേരളത്തിന് ലോകത്തിനു മുന്നില്‍ അഭിമാനിക്കാവുന്ന ഒരു സമരവും സമരവിജയവുമാണത്. ആ സമരം ഇനിയും കൂടുതല്‍ മാധ്യമ ശ്രദ്ധയില്‍ നില്‍ക്കുന്നത് ലോകവ്യാപകമായി കൊക്കക്കോള കമ്പനിക്കും സമാനസ്ഥാപനങ്ങള്‍ക്കും ദോഷം ചെയ്യുമെന്ന് അവര്‍ തന്നെ നിരീക്ഷിക്കുന്നതായി വിക്കിലിക്‌സ് രേഖ പറയുന്നുണ്ടല്ലോ?  പ്ലാച്ചിമട സമരത്തെക്കുറിച്ച് പിണറായി വിജയന്‍ പറയുന്നത് കേവല പ്രാദേശിക സമരമാണെന്നാണെന്ന് രേഖ വെളിപ്പെടുത്തുന്നു. പ്ലാച്ചിമട സമരത്തെ ട്രേഡ്‌യൂനിയന്‍ പക്ഷത്തുനിന്നുകൊണ്ട് ആദ്യം എതിര്‍ക്കുകയും പിന്നെ അനുകൂലിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സി.പി.ഐ.എം. അനുകൂലിച്ചതിന്റെ കാരണം ഇപ്പോള്‍ സുവ്യക്തമായി വെളിപ്പെട്ടു എന്നു മാത്രം. അവിടുത്തെ ജനങ്ങളെല്ലാം കമ്പനിക്കെതിരാണ്. അതു കൊണ്ട് പാര്‍ട്ടി എതിരാണ്. അതിനപ്പുറം ആ എതിര്‍പ്പിന് ആശയമോ ആഴമോ ഇല്ല.
പ്രാദേശിക വിഭവങ്ങള്‍ക്കുമേല്‍ ഒന്നാമതായി അധികാരവും അവകാശവും മൂലധനത്തിനാണോ അതോ തദ്ദേശവാസികള്‍ക്കോ എന്ന രാഷ്ട്രീയ വിഷയമാണ് പ്ലാച്ചിമട സമരം ഉന്നയിച്ചിട്ടുള്ളത്. വിഭവാധികാരത്തിനു വേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു അത്. അതുകൊണ്ടാണ് പെരുമാട്ടി പഞ്ചായത്തിന്റെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വിഭവങ്ങളില്‍ ഇന്ന് ഏറെ നിര്‍ണ്ണായകമായതാണ് വെള്ളം. ഇനിയൊരു ലോകയുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ഈ നീലപൊന്നിനെ ചൊല്ലിയായിരിക്കുമെന്ന പ്രവചനം വിരല്‍ ചൂണ്ടാന്‍ ശ്രമിച്ചത് ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ്. കോളകള്‍ അധിനിവേശത്തിന്റെ ബോട്ടില്‍ ശരീരമാണ്. ഇവിടുത്തെ വെള്ളം തന്നെ ഊറ്റിയെടുത്ത് വളരെ കൃത്രിമവും അപകടകരവുമായ ഒരു കുടിശീലം ഇവിടെ വളര്‍ത്താനുള്ള ശ്രമമാണ് കോളവ്യവസായം. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ നടത്താന്‍ കഴിയുന്ന ഒരു സാമ്പത്തിക സമരം കൂടിയായിരുന്നു കൊക്കക്കോള വിരുദ്ധസമരം.  
പക്ഷെ, അടിത്തട്ടിലുള്ള ജനങ്ങള്‍ അവരുടെ ജീവിതത്തിന്റെ സ്വാഭാവികതയില്‍ നിന്ന് ഉയര്‍ത്തികൊണ്ടുവരുന്ന സമരങ്ങളെ മനസ്സിലാക്കാനുള്ള രാഷ്ട്രീയ ഇന്ദ്രീയം സി.പി.ഐ.എംമിന് ഇല്ലാതെ പോയതിന്റെ ഫലമാണ് പ്ലാച്ചിമട സമരത്തെക്കുറിച്ചുള്ള പിണറായി വിജയന്റെ വിശകലനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലല്ലാതെ നടക്കുന്ന ഇത്തരം സമരങ്ങലെല്ലാം സാമ്രാജത്വം തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നതാണെന്ന് പറയാനാണ് പാര്‍ട്ടി എന്നും താല്‍പര്യം കാണിച്ചത്. വര്‍ഗസമരത്തിനും അതിന്റെ ഔദ്യോഗിക ഏജന്‍സിയായ പാര്‍ട്ടിക്കുമപ്പുറത്തുള്ള ഒന്നിനേയും കാണാതിരിക്കാനുള്ള അന്ധതയുടെ ഫലമാണിത്. തൊഴിലാളി വര്‍ഗ്ഗമെന്നാല്‍ ട്രേഡ് യൂനിയനാണ്. വര്‍ഗ്ഗസമരമെന്നാല്‍ ട്രേഡ് യൂനിയന്‍ സമരമാണ്. അവരാകട്ടെ തൊഴില്‍പരമായ കാരണത്താല്‍ മൂലധനത്തിന്റെ പക്ഷത്തുമാണ്. അതുകൊണ്ട് തന്നെ ജനകീയ സമരങ്ങളുടെ എതിര്‍പക്ഷത്ത് നിലയുറപ്പിക്കാനാണ് നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രനിയോഗം.
മുസ്‌ലിം ലീഗിന്റെ പുതിയാപ്പളമുഖവും പുരോഗമന മുഖവുമാണ് മന്ത്രി മുനീര്‍. സുന്ദരമുഖത്തിന്റെ പിന്നാമ്പുറം പിന്തിരിപ്പതരത്തിന്റേതാണെന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. സാമ്രാജ്യത്വത്തോടും സവര്‍ണ്ണ മൃതുഹിന്ദുത്വത്തോടും ഭരണകൂട ഭീകരതയോടും പുലര്‍ത്തുന്ന ഉദാസീന നിലപാടാണ് മുനീറിനെ ലീഗില്‍ പ്രിയപ്പെട്ടതാക്കി തീര്‍ക്കുന്നതും. ആഗോളവ്യാപകമായി മുസ്‌ലിം സമൂഹവും ഇസ്‌ലാമും മര്‍ദ്ദക ശക്തികള്‍ക്കെതിരെ നടത്തുന്ന ചെറുത്തുനില്‍പ്പുകളെ ഇവിടെ മുസ്‌ലിം ലീഗിനെ പ്രമോട്ട് ചെയ്തുകൊണ്ട് ഷണ്ഡീകരിക്കാന്‍ കഴിയുമെന്നതാണ് ലീഗിന് അമേരിക്കന്‍ സാമ്രാജ്യത്വത്തിനടുത്ത് വരെ സ്വീകാര്യത ലഭിക്കാന്‍ കാരണം. അറബ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മുല്ലപ്പൂ വിപ്ലവം നടന്നപ്പോള്‍ ലീഗ്മാധ്യമങ്ങള്‍ അതിന്റെ എതിര്‍ പക്ഷത്താണ് നിലയുറപ്പിച്ചത്. ഇപ്പോള്‍ അമേരിക്കക്ക് വേണ്ടി ചാരപ്പണി ചെയ്യുന്ന ഉത്തരവാദിത്വവും ലീഗിനുണ്ടെന്നു വെളിപ്പെട്ടിരിക്കുന്നു. സമകാലിക ഇന്ത്യയിലെ ഏറ്റവും വലിയ മര്‍ദ്ധനോപകരണങ്ങളില്‍ സുപ്രധാനവും ഇപ്പോള്‍ ഏറെ പ്രശ്‌നവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞതുമായ ഇന്റലിജന്‍സ് ഏജന്‍സികളുമായി മൂനിര്‍ ഗ്രൂപ്പിലെ ലീഗ് നേതാക്കളുടെ ബന്ധം അവര്‍ തന്നെ നേരത്തെ തുറന്നു സമ്മതിച്ചതാണ്.  
ലോകത്തിലെ തന്നെ ശ്രദ്ധേയമായ ഒരു മുസ്‌ലിം ജനവിഭാഗത്തെ രാഷ്ട്രീയമായി പ്രതിനിധാനം ചെയ്യുന്ന ലീഗിന് സാമ്രാജ്യത്വ വിരുദ്ധ സ്വഭാവമില്ലാത്തത് വെറുതയല്ല എന്നതാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത്. ഈ ജനവിഭാഗമാകട്ടെ സാമ്രാജ്യത്വവിരുദ്ധ പോരട്ടത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ പിന്തുടര്‍ച്ചക്കാരുമാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെ ഉറഞ്ഞുതുള്ളാന്‍ എം.കെ മുനീറിന് സവിശേഷമായ ഊര്‍ജ്ജം ലഭിക്കുന്നത് എവിടെ നിന്നാണെന്നാണ് ഇപ്പോള്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. എം.കെ മുനീറിനെപ്പോലെ സാമ്രാജജ്യത്വവും മുസ്‌ലിം ഭീകരതയെക്കുറിച്ചാണ് നിരന്തരം സംസാരിക്കാറുള്ളത്. തീവ്രവാദത്തിനെതിരായ പോരാട്ടമാണ് അമേരിക്കയുടെ ഏറ്റവും വലിയ സൈദ്ധാന്തിക മുഖം എം.കെ മുനീറിന് ഈ സാമ്രാജ്യത്വത്തേക്കാളും ഫാഷിസത്തേക്കാളും ഭരണകൂട ഭീകരതയേക്കാളുമെല്ലാം വലിയ സാമൂഹ്യപ്രശ്‌നം ഇസ്‌ലാമാകുന്ന മതമൗലികവാദമാണ്. സാമ്രജ്യത്വത്തിനും മുനീറിനുമിടയിലെ ഈ പൊരുത്തം യാദൃശികമല്ലെന്നാണ് വിക്കിലിക്‌സ് രേഖകള്‍ വെളിപ്പെടുത്തുന്നത്. മുനീര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടേ ഇല്ല എന്നാണ്. രണ്ട്, പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരില്‍ ഒരു സെക്രട്ടറി പറഞ്ഞത്. എന്നാല്‍ തലേന്ന് മുനീര്‍ പറഞ്ഞത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ട് എന്നാണ്. ഉണ്ടായ സാഹചര്യത്തെ പരസ്പരപൊരുത്തക്കേടില്ലാതെ വിശദീകരിക്കാന്‍ പോലും പാര്‍ട്ടിക്കാവുന്നില്ല. 
വയനാടന്‍ മലനിരകളില്‍ എന്‍.ഡി.എഫിന്റെ സായുധ പരിശീലന ക്യാംപ് നടന്നതായി മുനീര്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുന്നുണ്ട്. രാജ്യത്തെ സുരക്ഷാ ഉദ്ധ്യോഗസ്ഥരോടോ പബ്ലിക്കിനോടോ വെളിപ്പെടുത്താതെ തനിക്കറിയാവുന്ന ഇക്കാര്യം യു.എസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതിന്റെ കാരണം അങ്ങേയറ്റം ദുരൂഹമാണ്. മുനീര്‍ ഒന്നുകില്‍ ക്രമസമാധാനപരമായി പ്രാധ്യാന്യമുള്ള ഒരു വിവരം രാജ്യത്തിനു മുന്നില്‍ മറച്ചുവെച്ചു. അല്ലെങ്കില്‍ രാജ്യത്തെക്കുറിച്ച് വിദേശശക്തികള്‍ക്ക് തെറ്റായ വിവരം നല്‍കി. രണ്ടായാലും ഇത്തരമൊരാളെ മന്ത്രിസഭയില്‍ ഇരുത്താന്‍ കൊള്ളില്ല. ഇത്തരമൊരാള്‍ ക്യാബിനറ്റിലിരുന്നാല്‍ എന്തെല്ലാം വിവരങ്ങള്‍ നാളെ ആര്‍ക്കെല്ലാം നല്‍കുമെന്ന് ആരറിഞ്ഞു. വിക്കിലീക്‌സിന്റെ കേരളത്തെക്കുറിച്ച് പുറത്തുവന്ന രണ്ട് കേബിളുകളിലും എം.കെ മുനീറിന്റെ പേരുണ്ട്. അതേ പോലെ മറ്റുരാഷ്ട്രീയ നേതാക്കള്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി ഒപചാരികമായ് സംസാരിക്കുകയും അവരുടെ പാര്‍ട്ടി നിലപാടുകള്‍ വ്യക്തമാക്കുകയുമാണ് ചെയ്യുന്നത്. മുനീറിന്റെ സംഭാഷണം വ്യക്തിപരവും രഹസ്യാത്മകവുമാണ്. ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നത് മുനീര്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കേരളത്തിലെ ഇന്‍ഫോര്‍മര്‍ ആണെന്നാണ്. കെ.എം ഷാജി ഇന്റലിജന്‍സ് ഇന്‍ഫോര്‍മറാണെന്ന പോലെ. ഏതായാലും മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലെ യാത്രികനാവാനാണ് ഈ സമുദായരാഷ്ട്രീയ നേതാവിന്റെ ചരിത്രനിയോഗം. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയുടെ മുഴുവന്‍ ലക്ഷണങ്ങളും ചരിത്രത്തിന്റെ ചക്രവാളത്തില്‍ പ്രത്യക്ഷമാവുന്ന കാലത്തിന്റെ ശുഭദിനമാണിത്.
ലീഗിനകത്തെ സമരം അധാര്‍മികതയും അധാര്‍മികതയും തമ്മിലുള്ള സമരമാണെന്നതാണ് ഏറ്റവും ദുഃഖകരം. കുഞ്ഞാലിക്കുട്ടിക്ക് ബന്ധം എന്‍.ഡി.എഫുമായാണെങ്കില്‍ എം.കെ മുനീറിന് ബന്ധം അമേരിക്കയുമായാണ്. കുഞ്ഞാലിക്കുട്ടി ഐസ്‌ക്രിം കേസില്‍ ആരോപിതനാണെങ്കില്‍ മുനീര്‍ ചെക്ക് കേസിലെ പ്രതിയാണ്. ഈ ചക്കളത്തിപ്പോരില്‍ നിന്ന് പൊതുസമൂഹത്തനോ മുസ്‌ലിം സമൂഹത്തിനോ ഗുണകരമായ ഒന്നും ലഭിക്കാനില്ല. ലീഗ് അകപ്പെട്ട ജീര്‍ണ്ണതകളുടെ ആഴത്തെക്കുറിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഇടയ്ക്കിടക്ക് കേള്‍ക്കേണ്ടി വരുമെന്നു മാത്രം.

Tuesday, August 23, 2011

നിനക്കറിയുമോ ലൈലത്തുല്‍ഖദര്‍ എന്താണെന്ന്?

ഈ ഖുര്‍ആന്‍ 
ഒരു പര്‍വതത്തിന്റെ മുകളില്‍ 
നാം ഇറക്കിയിരുന്നെങ്കില്‍
ദൈവഭയത്താല്‍ ചകിതമായി 
അത് തരിപ്പണമാകുന്നത് 
നിനക്കു കാണാമായിരുന്നു.
ജനം ആലോചിക്കാനാണ്
ഈ ഉദാഹരണം നാമവര്‍ക്ക് 
വിവരിച്ചുകൊടുക്കുന്നത്.

ഒരു വര്‍ഷത്തിലെ ഏറ്റവും മൂല്യവത്തായ സമയമേത് എന്ന ചോദ്യത്തിന് വേദം നല്‍കുന്ന ഉത്തരമാണ് ലൈലത്തുല്‍ ഖദ്ര്‍. മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവമേത് എന്ന ആലോചനയുടെ മറുപടി ഖുര്‍ആന്റെ അവതരണം എന്നതാണ്. ദൈവത്തിന്റെ കണക്കുകള്‍ക്കതീതമായ കാരുണ്യമാണ് ഈ അവതരണത്തിന്റെ കാരണമെന്ന് ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നു. മനുഷ്യന്‍ സമാഹരിക്കുന്ന മുഴുവന്‍ ഭൗതികവിഭവങ്ങളേക്കാള്‍ ഉത്തമമാണിതെന്ന് പ്രസ്താവിക്കുന്നു. ഇതിനെ ആത്മാവില്‍ ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യുന്നു (യൂനസ് 57-58). എന്താണ് ഖുര്‍ആന്‍? നമ്മുടെ നിത്യപരിചയത്തെ ഈ ചോദ്യം കൊണ്ട് പുതുക്കേണ്ടതുണ്ട്.
ഖുര്‍ആന്‍ അടിമുടി ദൈവികമാണ്. അതിലെ ഓരോ അക്ഷരവും അക്ഷരക്കൂട്ടകളും വാക്കുകളുടെ ചേരുവയും എല്ലാം അല്ലാഹുവിന്റേതാണ്. ഖുര്‍ആനിന്റെ ഉള്ളടക്കം മാത്രമല്ല, അതിന്റെ ഭാഷാശരീരവും ദൈവികമാണ്. അതിലെ എല്ലാ അക്ഷരക്രോമസോമുകളും ദൈവികമായ കയ്യൊപ്പ് പതിഞ്ഞവയാണ്.
ഇതുപോലെ മറ്റൊന്ന് കൊണ്ടുവരിക എന്നത് ഖുര്‍ആന്റെ നിരന്തര വെല്ലുവിളിയാണ്. ബദല്‍ സാധ്യമല്ല എന്നു ഖുര്‍ആന്‍ പറയുന്നത് ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ചു മാത്രമല്ല. കാരണം അത് ഖുര്‍ആന്റെ അവതരണ ശേഷമെങ്കിലും സാധ്യമാണല്ലോ? ഈ ഭാഷാസ്വരൂപത്തോട് കൂടിയ മറ്റൊന്നിനെയാണ് അസാധ്യമെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നത്.
അതുകൊണ്ടുതന്നെ സത്യവിശ്വാസിക്ക് ഖുര്‍ആന്റെ ഉള്ളടക്കപരമായ ആത്മാവിനോട് മാത്രമല്ല ബന്ധമുള്ളത് അതിന്റെ അക്ഷരശരീരവുമായി കൂടിയാണ്. ദൈവത്തിന്റെതാണെന്ന ഒറ്റക്കാരണത്താല്‍ ഓരോ അക്ഷരവുമായുള്ള ഒരു വൈകാരികബന്ധമാണത്. ഖുര്‍ആന്‍ പാരായണത്തിന് ഓരോ അക്ഷരത്തിനും പ്രതിഫലമുണ്ടെന്ന് പ്രവാചകന്‍ പറയുന്നുണ്ടല്ലോ? ലോകത്തിന്റെ നാനാഭാഗത്തുമുള്ള എത്രയോ അനറബി സാധാരണക്കാര്‍ അര്‍ഥമറിയാതെ ഖുര്‍ആന്‍ പാരയണം ചെയ്ത് ഭക്തിയുടെ കൊടുമുടികള്‍ താണ്ടുന്നതിന്റെ പൊരുളിതാണ്. വായനക്ക് തന്നെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട ഏക ഗ്രന്ധമാണ് ഖുര്‍ആന്‍. ഒരു പുസ്തകത്തിന്റെ പാരായണം മതാനുഷ്ഠാനമാകുന്ന ഇസ്‌ലാമിലെ ഏക പുസ്തകം. ഖുര്‍ആനിലേക്ക് നോക്കുക എന്നത് അനുഗ്രഹീതമായ കര്‍മമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നുണ്ട്. കാരണം പ്രതീകമില്ലാത്ത ദൈവത്തിന്റെ അക്ഷരപ്രതീകമാണ് ഖുര്‍ആന്‍. ദൈവത്തെ കാണേണ്ടവര്‍, അനുഭവിക്കേണ്ടവര്‍ ഖുര്‍ആനിലേക്ക് കണ്ണുതിരിക്കുക. അതൊരു കടുത്ത പെരുംമലമുകളില്‍ വന്നിറങ്ങിയിരുന്നെങ്കില്‍ അത് ഛിന്നഭിന്നമായിപ്പോകാന്‍ മാത്രം അലൗകിക ഊര്‍ജപ്രവാഹമുള്ള ഒന്നാണത്. ഭൂമിയില്‍ ദൈവത്തെ ഏറ്റവും മൂര്‍ത്തമായി പ്രതിനിധീകരിക്കുന്നത് ഖുര്‍ആനാണ്. അല്ലാഹുവിന്റെ പേരുകേട്ടാന്‍ കിടിലം കൊള്ളുന്നവരും അല്ലാഹുവിന്റെ വാചകങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിതമായിത്തീരുന്നവരുമാണ് സത്യവിശ്വാസികള്‍ (അല്‍ അന്‍ഫാല്‍ 2) എന്നതിന്റെ വചനപ്പൊരുള്‍ ഇത്രമേല്‍ അഗാധമാണ്.
മനുഷ്യന്റെ ഭാഷാ വ്യവഹാരങ്ങള്‍ ഗദ്യമോ പദ്യമോ ആയിരിക്കും. ഖുര്‍ആന്‍ അങ്ങനെയല്ല. എന്നാല്‍ അതിന് അലൗകികമായ ഒരു സംഗീതമുണ്ട്. ഒരു ഡിവൈന്‍ മെലഡി. ആ സംഗീതം ഒരു മുസ്‌ലിമിന് അര്‍ഥം പോലുമറിയാതെ അനുഭൂതികള്‍ നല്‍കുന്ന ഒന്നാണ്. ഈ അലൗകിക അനുഭൂതി വിശദീകരിച്ചുകൊണ്ട് അലിജാ ഇസ്സത്ത് ബഗോവിച്ച് എഴുതുന്നു.
‘‘ഖുര്‍ആന്‍ ഓതേണ്ട വിധം വിശദീകരിക്കുമ്പോള്‍ അതിന്റെ ശബ്ദമധുരമായ പാരയണവും കേള്‍വിയും പരാമര്‍ശിക്കേണ്ടതുണ്ട്. ഭൂരിപക്ഷം മുസ്‌ലിംകള്‍ക്കും അര്‍ഥമറിയാത്തതിനാല്‍ അത് നിഷ്പ്രയോജനമാണെന്ന് ചിലര്‍ പറയുന്നു. തുറന്നു പറയട്ടെ, എനിക്ക് ഈ അഭിപ്രായത്തോട് യോജിപ്പില്ല. ഒരിക്കലും മറക്കാനിടയില്ലാത്ത ഒരനുഭവം പറയനേ ഇപ്പോള്‍ നിവൃത്തിയുള്ളൂ.”
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എനിക്കവസരം കിട്ടി. ഇസ്‌ലാമിക നവോത്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസ്സങ്ങളുമായിരുന്നു വിഷയം. ഒരു പ്രശസ്ത പണ്ഡിതന്മാരും ചിന്തകന്മാരും അതില്‍ പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഓരോ ദിവസവും ആരംഭിച്ചതും അവസാനിച്ചതും ഒരു പ്രസിദ്ധ ‘ഖാരിഇ’ന്റെ ഖുര്‍ആന്‍ പാരായണത്തോടെയായിരുന്നു.
പ്രഭാഷകരുടെ വാക്കുകള്‍ സദസ്സ് സാകൂതം ശ്രദ്ധിച്ചിരുന്നു. എന്നിട്ടും നൂറുകണക്കിന് ആളുകളുടെ സാന്നിധ്യം ഞങ്ങള്‍ക്കനുഭവപ്പെട്ടു. ഒരാള്‍ തൊട്ടടുത്തിരിക്കുന്നവരോട് സ്വകാര്യം പറയുന്നു. മറ്റൊരാള്‍ കസേര വലിച്ചൊതുക്കിയിടുന്നു. വേറൊരാള്‍ കടലാസുകള്‍ ചിക്കിച്ചികയുന്നു... ഖുര്‍ആന്‍ പാരായണമങ്ങ് തുടങ്ങേണ്ട താമസം, എല്ലാ ചലനങ്ങളും ഞൊടിയിടയില്‍ നിലച്ചുപോയി. ഗാംഭീര്യത്തില്‍ ചാലിച്ച ശാന്തത സദസ്സിനെ കീഴടക്കി. ഓത്തുകാരന്‍ ശ്വാസമയക്കാനായി ഒന്നു നിര്‍ത്തിയപ്പോള്‍ മറ്റൊരു ശബ്ദവും കേള്‍ക്കുന്നില്ല. എന്നല്ല, സദസ്യരുടെ മുഴുവന്‍ ശ്വാസം നിലച്ചുപോയതുപോലെ. ആളുകള്‍ ശാന്തമായിരുന്ന് തങ്ങളുടെ ഹൃദയമിടിപ്പുകള്‍ ശ്രദ്ധിക്കുന്നു. ശാന്തത! ആ പാരയണം ഒഴുകുന്ന നദിയായിരുന്നു. ചിലപ്പോഴത് ശാന്തമായൊഴികി. മറ്റു ചിലപ്പോള്‍ ശൂരതയോടെ കുലം കുത്തിയൊഴികി. അവാച്യമായ അനുഭവം അതിന്റെ മൂര്‍ധന്യത പ്രാപിച്ചത് അവസാന ദിവസമാണ്. വിടപറയും മുമ്പ് ‘ഖാരിഅ്’ ഒരു പ്രത്യേക സമ്മാനം തന്ന് ഞങ്ങളെ സന്തോഷിപ്പിച്ചു. അന്നദ്ദേഹം തെരഞ്ഞെടുത്തത് ‘അര്‍റഹ്മാന്‍’ അധ്യായമാണ്. ശൈലീഭംഗികൊണ്ടും കോര്‍വ കൊണ്ടും സുന്ദരവും സുപ്രസിദ്ധവുമായ അധ്യായം! അപ്പോഴത്തെ എന്റെ മാനസികാവസ്ഥയും അനുഭൂതിയും വിവരിക്കുക അസാധ്യം. ഫബി അയ്യി ആലാഇ റബ്ബികുമാ തുകദ്ദിബാന്‍... ആവര്‍ത്തിച്ചു വരുന്ന ഈ വചനമൊഴിച്ച് മറ്റൊന്നിന്റെയും അര്‍ഥമെനിക്കറിയില്ലായിരുന്നു. എന്നിട്ടും മുഴുവന്‍ വചനങ്ങളുടെയും അര്‍ഥം എനിക്ക് മനസ്സിലാകുന്നതുപോലെ തോന്നി. സമ്മേളനം നടന്ന ഓരോ ദിവസവും ഖുര്‍ആന്‍ പാരായണം കഴിയുമ്പോള്‍ ഞാന്‍ അവിടെ കൂടിയവരുമായി കൂടുതല്‍ കൂടുതല്‍ അടുക്കുന്നു! ഈ അനുഭൂതി മറ്റുള്ളവര്‍ക്കുമുണ്ടെന്ന് അവരുടെ മുഖഭാവങ്ങളില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. ‘‘കാണുന്നില്ലേ! നമ്മളൊക്കെ ഇസ്‌ലാമിക സഹോദരങ്ങളല്ലേ?’’ അവര്‍ പറയാന്‍ വെമ്പുന്നപോലെ.
ഈ സംഭവത്തിന് ശേഷം, അര്‍ഥം മനസ്സിലായില്ലെങ്കിലും ഖുര്‍ആന്‍ പാരയണം കേള്‍ക്കുന്നതിന്റെ പ്രാധാന്യം കുറച്ചുകാണാന്‍ ഞാന്‍ ധൈര്യപ്പെട്ടിട്ടില്ല. കാരണം, മുഴുവന്‍ മുസ്‌ലിംഹൃദങ്ങള്‍ക്കും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഖുര്‍ആന്‍ മനസ്സിലാവുന്നുണ്ട്. (നവോത്ഥാന ചിന്തകള്‍)
ദൈവത്തിന്റേത് മാത്രമായ അക്ഷരക്കൂട്ടും പദവിന്യാസവുമാണ് ഖുര്‍ആന്‍. മാനുഷികമായ മാധ്യമത്തില്‍ (ഭാഷ) അല്ലാഹു നടത്തിയ ദൈവികമായ മാന്ത്രകതയാണ് ഖുര്‍ആന്‍. ഈ കാര്യം ഖുര്‍ആനിലെ ചില അധ്യാങ്ങളുടെ തുടക്കത്തിലുള്ള കേവലാക്ഷരങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇബ്‌നുകസീറിനെപ്പോലുള്ള പൂര്‍വസൂരികള്‍ പറഞ്ഞുവെച്ചിട്ടുണ്ട്. കേവലാക്ഷരങ്ങള്‍ വിളിച്ചുപറയുന്ന, വിളംബരപ്പെടുത്തുന്ന കാര്യമിതാണ്. ഹേ മനഷ്യരേ, നിങ്ങള്‍ സംസാരിക്കുന്ന, കവിത കെട്ടിച്ചൊല്ലുന്ന, തെറിപറയുന്ന അതേ അക്ഷരങ്ങള്‍ കൊണ്ടുതന്നെയാണ് അല്ലാഹുവും സംസാരിക്കുന്നത്. പക്ഷേ മനുഷ്യന്‍ സംസാരിക്കുമ്പോള്‍ അത് കേവല സംസാരമാണെങ്കില്‍ അതേ അക്ഷരങ്ങള്‍ ഉപോയഗിച്ച് അല്ലാഹു സംസാരിക്കുമ്പോള്‍ തുല്യമായ മറ്റൊരു വാചകം അസാധ്യമായ ഖുര്‍ആനാവുകയാണ്. ദൈവവും മനുഷ്യനും സംസാരിക്കുന്നത് അതേ ഇരുപത്തെട്ട് അക്ഷരങ്ങള്‍ കൊണ്ടാണ്. പക്ഷേ അവക്കിടയിലെ അന്തരം ദൈവത്തിനും മനുഷ്യനുമിടയിലെ അന്തരം തന്നെയാണ്. മനുഷ്യന്റെ വാക്കുകള്‍ മാനുഷികതയുടെ കണ്ണാടിക്കൂട്ടങ്ങളാണെങ്കില്‍ ദൈവത്തിന്റെ വചനം ദൈവികതയുടെ, അമാനുഷികതയുടെ കണ്ണാടികളാണ്. അതില്‍ പ്രതിബിംബിക്കുന്നത് അതുപോലെ മര്‌റൊന്നില്ലാത്ത ദൈവത്തിന്റെ കരുത്തും സൗന്ദര്യവുമാണ്. നിങ്ങള്‍ ഉപയോഗിക്കുന്ന അതേ അക്ഷരങ്ങള്‍ കൊണ്ടാണ് അല്ലാഹവും ഇത് രചിച്ചിരിക്കുന്നത്. പക്ഷെ ഇതേ അക്ഷരങ്ങള്‍ കൊണ്ട് ഇതുപോലൊരു വാചകം നിങ്ങള്‍ക്ക് ചമക്കുക സാധ്യമല്ല. ഈ സാധ്യതയെ ഖുര്‍ആന്‍ നിരന്തരം വെല്ലുവിളിക്കുന്നുണ്ട്. കേവലാക്ഷരങ്ങള്‍ക്ക് ശേഷം ഖുര്‍ആനില്‍ ഭൂരിഭാഗം സ്ഥലത്തും തുടര്‍ന്നുപറയുന്നത് ഖുര്‍ആനിന്റെ അപാരതയെക്കുറിച്ചും അലൗകികതയെക്കുറിച്ചുമാണ് എന്ന് ഇബ്‌നുകസീര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ കാര്യം സയ്യിദ് ഖുത്വുബ് കുറേക്കൂടി ഭാവദീപ്തമായി വിവരിക്കുന്നുണ്ട്. ഒരേ മണ്ണുകൊണ്ടാണ് ദൈവവും മനുഷ്യനും സൃഷ്ടി നടത്തുന്നത്. കളിമണ്ണു കൊണ്ട് മനുഷ്യന്‍ സൃഷ്ടി നടത്തുമ്പോള്‍ അത് നിര്‍ജീവമായ പാവയും പാത്രവും പ്രതിമയും കെട്ടിടങ്ങളുമായിത്തീരുന്നു. അതേ കളിമണ്ണുകൊണ്ട് ദൈവം സൃഷ്ടിക്കുമ്പോള്‍ ജീവന്‍ സ്പന്ദിക്കുന്ന മനുഷ്യനും സൃഷ്ടിജാലങ്ങളുമായിത്തീരുന്നു. ഒന്ന് നിര്‍ജീവമാണെങ്കില്‍ മറ്റേത് ജീവന്‍ തുടിക്കുന്നതാണ്. ഖുര്‍ആനും മനുഷ്യന്റെ ഭാഷാവ്യവഹാങ്ങളും തമ്മിലെ വ്യത്യാസം നിര്‍ജീവരൂപവും മിടിക്കുന്ന ജീവനും തമ്മിലുള്ള വ്യത്യാസമാണ്. മനുഷ്യന് കരഗതമല്ലാത്ത ദൈവത്തിന്റെ രഹസ്യമാണ് ജീവന്‍. ജീവന്റെ ദൈവിക രസതന്ത്രം തന്നെയാണ് ഖുര്‍ആനിന്റെ അമാനുഷികതയുടെയും രസതന്ത്രം.
വിശ്വാസം ബുദ്ധിയുടെ ബോധ്യം മാത്രമല്ല. ആത്മാവിന്റെ അനുഭവം കൂടിയാണ്. അത് ദൈവവുമായുള്ള വിനിമയമാണ്. സത്യവിശ്വാസികളുടെ ഏറ്റവും വലിയ സൗഭാഗ്യം ഈ അലൗകിക വിനിമയത്തിന്റെ സൗഭാഗ്യമാണ്. വിശ്വാസത്തില്‍ കലര്‍പ്പുകള്‍ വീണ് അതിന്റെ സ്വച്ഛത നഷ്ടപ്പെട്ടവന്‍ ആകാശലോകവുമായുള്ള അലൗകിക ചരട് മുറിഞ്ഞ് പോയവനാണെന്ന്, ആകാശത്തുനിന്ന് വീണവനെപ്പോലെയാണെന്ന് ഖുര്‍ആന്‍ പറയുന്നതിന്റെ കാരണമിതാണ്. അവനെ ലൗകികാസക്തിയുടെ ഏതു പരുന്തും എപ്പോഴും റാഞ്ചിക്കൊണ്ടുപോകും (അല്‍ഹജ്ജ് 31) അവന്റെ ജീവിത വണ്ടിക്കുമുന്നില്‍ ദേഹഛയുടെ പച്ചപ്പുല്ല് കെട്ടിവെക്കപ്പെടും.
അലൗകിക ലോകവുമായുള്ള ഈ ആശയവിനിമയമാണ് സത്യവിശ്വാസിയെ മറ്റു മനുഷ്യരില്‍ നിന്ന് വേറിട്ടവരാക്കുന്നത്. ലോകത്തിലെ പലതരം ദൈവാനുഭവങ്ങളില്‍ ഏറ്റവും തീവ്രമായ ദൈവാനുഭവമാണ് ഖുര്‍ആന്‍. ദൈവം വിശ്വാസിയോട് സംസാരിക്കുകയാണ്. വിശ്വാസിയുടെ മനസ്സിലൂടെ സഞ്ചരിക്കുകയാണ്. ദൈവവുമായുള്ള ഈ വിനിമയത്തിന് മനുഷ്യനെ പ്രാപ്തനാക്കുന്ന ആറാം ഇന്ദ്രിയമാണ് വിശ്വാസം. വിശ്വാസിക്ക് ദൈവാനുഭവത്തിനുവേണ്ടി പല ഉപാധികള്‍ ഒരുക്കപ്പെട്ടിട്ടുണ്ട്. ഇതിലൊന്ന് അല്ലാഹുവിന്റെ അയാളക്കുറികളാണ് (ആയാത്ത്). ഭൗതികപ്രപഞ്ചം കാണുമ്പോള്‍ അവിശ്വാസിയില്‍ ഉണരുന്ന നിര്‍ജീവവും കേവലഭൗതികവുമായ പ്രതികരണമല്ല സത്യവിശ്വാസിയില്‍ അത് ഉണര്‍ത്തുന്നത്. പ്രപഞ്ചക്കാഴ്ചകള്‍ അവനില്‍ ഉണര്‍ത്തുന്നത് അതിന്റെ പൊരുളിനെക്കുറിച്ച ആലോചനകളാണ് (ആലുഇംറാന്‍ 191). പക്ഷേ ആരാധനകള്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ ദൈവാനുഭവങ്ങളിലേക്കും അവനെ കൈപിടിച്ചുയര്‍ത്തുന്ന ഏറ്റവും വലിയ ദൈവാനുഭവമാണ് ഖുര്‍ആന്‍. ആരാധനയിലും പ്രപഞ്ചനോട്ടത്തിലും ചരിത്രപഠനത്തിലുമെല്ലാം അവനെ സഹീയിക്കുന്ന ദൈവത്തിന്റെ കൈത്താങ്ങാണ് ഖുര്‍ആന്‍.

മനുഷ്യന്റെ ഭൗതിക ഇന്ദ്രിയങ്ങള്‍ക്കോ അതിന്റെ നീള്‍ച്ചകളായ സാങ്കേതിക ഉപകരണങ്ങള്‍ക്കോ ഒരിക്കലും കാണിച്ചുതരാനാവാത്ത ഒരുപാട് ഒരുപാട് കാഴ്ചകള്‍ ഖുര്‍ആന്‍ നമുക്ക് കാണിച്ചുതരുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അത് നമ്മെ നാം ഇരിക്കുന്നേടത്ത് നിന്ന് ഉയര്‍ത്തി സ്വര്‍ഗത്തിന്റെ ഇറുമ്പില്‍ കൊണ്ടുപോയി നിര്‍ത്തും. അവിടെ നിന്ന് നമ്മുടെ കൈപിടിച്ച് സ്വര്‍ഗത്തിലെ നൂറായിരം അതിശയിപ്പിക്കുന്ന കാഴ്ചകള്‍ കാണിച്ചുതന്ന് നാം ഇരിക്കുന്നേടത്തു തന്നെ തിരിച്ച് കൊണ്ടുവന്നാക്കും. അതു പോലെ നരകത്തെ, നമ്മുടെയൊക്കെ സ്വന്തം മരണത്തെ. മനുഷ്യന്റെ മരണത്തെക്കുറിച്ച് ഒരു മെഡിക്കല്‍ സയന്‍സും രേഖപ്പെടുത്തിയിട്ടില്ലാത്ത വിവരങ്ങള്‍ ഖുര്‍ആന്‍ രേഖപ്പെടുത്തുന്നു.
ഈ പ്രപഞ്ചത്തിന്റെ അന്ത്യത്തെ ഇപ്പോള്‍തന്നെ, മുന്‍കൂട്ടി നേരില്‍ കാണാനുള്ള ഒറ്റവഴി ഖുര്‍ആനാണ്. പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു: അന്ത്യനാളിനെ കണ്ണുകൊണ്ട് കാണും പോലെ കാണാന്‍ സന്തോഷമുള്ളവന്‍ സൂറത്തുല്‍ ഇന്‍ഫിത്വാറും സൂറത്തുല്‍ ഇന്‍ശിഖാഖും പാരായണം ചെയ്തുകൊള്ളട്ടെ. ഒരു ശാസ്ത്രത്തിനും കാണിച്ചുതരാനാവാത്ത കാഴ്ചകള്‍ കാണിച്ചുതരുന്നു എന്നതാണ് ഖുര്‍ആന്റെ സവിശേഷത. ഭൗതികമായ ഒന്നിനും നല്‍കാനാവാത്ത അനുഭവങ്ങള്‍ നല്‍കുന്ന ഗ്രന്ഥം.
ലൈലത്തുല്‍ ഖദ്ര്‍
‘ലൈലത്തുല്‍ ഖദ്ര്‍ എന്താണെന്ന് നിനക്കറിയാമോ’ എന്ന കരളില്‍ ചെന്നു തറക്കുന്ന ഒരു ചോദ്യം ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അല്‍ഭുതമാണീ ഖുര്‍ആന്‍. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവം ഖുര്‍ആന്റെ അവതരണമാണ്. പിന്നീട് ഒരുപാട് കാലത്തേക്ക് ചരിത്രത്തിന്റെ വിധി നിശ്ചയിക്കാന്‍ പ്രാപ്തിയുള്ള പുസ്തകമാണത്. മനുഷ്യന്‍ അത് ഏറ്റെടുക്കുകയും ചരിത്രത്തില്‍ സാക്ഷാല്‍കരിക്കുകയും ചെയ്യണമെന്നു മാത്രം. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യമായ റോമിന്റേയും മറ്റൊരു സമകാലിക സാമ്രാജ്യമായിരുന്ന പേര്‍ഷ്യയുടെയും അറബ് ഈജിപ്ഷ്യന്‍ ഫലസ്തീനിയന്‍ സംസ്‌കാരങ്ങളുടെയും വിധി നിര്‍ണയിക്കപ്പെട്ട രാവാണ് ചരിത്രപരമായി ലൈലത്തുല്‍ ഖദ്ര്‍. ചരിത്രത്തില്‍ ഇനിയും ഏറ്റെടുക്കാന്‍ മനുഷ്യരുണ്ടെങ്കില്‍ നാഗരികതകളുടെ ഭാഗധേയം നിര്‍ണയിക്കുക ഖുര്‍ആന്‍ തന്നെയായിരിക്കും.
അല്ലാഹുവിന്റെ അദൃശ്യലോകം മറകള്‍ നീക്കി മനുഷ്യരോട്, മനുഷ്യന്റെ ദൃശ്യലോകത്തോട് സംസാരിച്ച അനുഭവമാണ് ഖുര്‍ആന്‍. അതിന്റെ സമാരംഭമാണ് ലൈലത്തുല്‍ ഖദ്ര്‍.
ഹിറാ ഗുഹയില്‍ പ്രവാചകന് ഖുര്‍ആന്‍ വന്നിറങ്ങിയതിന്റെ വാര്‍ഷികമാണ് ഓരോ വര്‍ഷവും ആവര്‍ത്തിക്കപ്പെടുന്ന ലൈലത്തുല്‍ ഖദറുകള്‍. വലിയ ചരിത്ര സംഭവങ്ങളുടെ ഓര്‍മകള്‍ അതേ ദിനങ്ങളില്‍ എല്ലാ കൊല്ലവും പുതുക്കുക എന്നത് നമുക്ക് പരിചിതമാണ്. പക്ഷേ ഈ പുതുക്കലുകള്‍ പ്രതീകാത്മകം മാത്രമാണ്. ഒരിക്കലും ഓര്‍മിക്കപ്പെടുന്ന സംഭവം തുടര്‍വര്‍ഷങ്ങളില്‍ സംഭവിക്കുന്നില്ല. 1947 ആഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. പിന്‍ വര്‍ഷങ്ങളില്‍ ആഗസ്റ്റ് 15 കളില്‍ സ്വാതന്ത്ര്യം ലഭിക്കുക എന്ന സംഭവം ഒരളവിലും ആവര്‍ത്തിക്കപ്പെടുന്നില്ല, അനുസ്മരിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ ലൈലത്തുല്‍ ഖദ്‌റില്‍ അദൃശ്യലോകം ഭൂമിയെ ചുംബിച്ചുണര്‍ത്തിയ രംഗം ഓരോ വര്‍ഷവും ആവര്‍ത്തിക്കുകയാണ്. ജിബ്‌രീല്‍ പരിവാര സമേതം അല്ലാഹുവിന്റെ അംറുമായി വീണ്ടും ഭൂമിയിലേക്കിറങ്ങുകയാണ്. ഖുര്‍ആന്‍ അവതരിച്ച ഒന്നാം രാവിന്റെ അതേ ആത്മീയ വില അതിന്റെ എല്ലാ വാര്‍ഷികാവര്‍ത്തന രാവുകള്‍ക്കും അല്ലാഹു വകവെച്ചു നല്‍കുകയാണ്.
ഖുര്‍ആനിലെ ഒരു വാചകം മനുഷ്യരുടെ ആയിരം വാചകങ്ങളേക്കാള്‍ ഉത്തമമാണത്. ഖുര്‍ആന്‍ അവതരിച്ച രാവ് മനുഷ്യരുടെ മറ്റ് ആയിരം രാവുകളെക്കാള്‍ പവിത്രമാണ്. പുണ്യഭരിതമാണ്. അലൗകികതയുടെ വെളിച്ചവും സമാധനവും സാധാരണമല്ലാത്ത കണക്കില്‍ ഭൂമിയിലേക്ക് പ്രവഹിക്കുന്ന രാത്രിയാണത്. ഭൂമി പുലരും വരെ ദിവ്യസമാധാനം കൊണ്ട് നിറഞ്ഞ് കവിയുന്ന നേരം. ഖുര്‍ആനിന്റെ അവതരണത്തിന്റെ അത്യുജ്വലമായ, വാക്കുകള്‍ക്കതീതമായ ഓര്‍മയെ മറ്റൊരു അലൗകിക ഉത്സവമാക്കുകയാണ് അല്ലാഹു. ആകാശം ഭൂമിയോട് ഏറ്റവും അടുക്കുന്ന, കരുണ കാട്ടുന്ന നിമിഷങ്ങളാണത്. ആകാശവും ഭൂമിയും തമ്മില്‍ ഏറ്റവും തീവ്രമായ വിനിമയങ്ങള്‍ നടക്കുന്ന മണിക്കൂറുകള്‍. പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടുന്ന, മനുഷ്യന്റെ ഭാഗധേയങ്ങള്‍ നിശ്ചയിക്കപ്പെടുന്ന യാമമാണത്. കാലത്തിന്റെ വര്‍ഷവളയത്തില്‍ ഇതിനേക്കാള്‍ ആഴവും ഉയരവും സൗന്ദര്യവും വിലയുമുള്ള മറ്റൊരു പന്ത്രണ്ട് മണിക്കൂര്‍ ഇല്ല തന്നെ. ഭൂമിയില്‍ ഓരോ ചരാചരവും ആ ഊര്‍ജപ്രവാഹത്തില്‍ കോരിത്തരിച്ചുപോകുന്ന മണിക്കൂറുകളാണത്.
ആ രാവിനെ ആത്മീയമായ മുന്നൊരുക്കമില്ലാതെ മനുഷ്യനു സ്വീകരിക്കുക സാധ്യമല്ല. അവന്റെ ക്ലാവു പിടിച്ച ഹൃദയത്തെ തേച്ചുമിനുക്കി വെച്ചാലേ അതിനെ അറിയാനും സ്വീകരിക്കാനും കഴിയൂ. അതിനായിരിക്കാം വിധി നിര്‍ണയ രാവിനു മുമ്പേ അവനെ നോമ്പിന്റെ സംസ്‌കരണത്തിലൂടെ കടത്തിക്കൊണ്ടുപോകുന്നത്. 20 ദിവസത്തെ നോമ്പിലൂടെ ഹൃദയത്തെ കഴുകിയവനാണ് ലൈലത്തുല്‍ ഖദ്‌റിനെ കാത്തിരിക്കുന്നത്. അഥവാ നോമ്പ് ഒരര്‍ഥത്തില്‍ ആ രാവിനെ സ്വീകരിക്കാനുള്ള മുന്നൊരുക്കമാണ്. ഭൗതിക കാമനകളെ പരമാവധി നിയന്ത്രിച്ച് മനസ്സിന്റെ അഭൗതിക തലത്തെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കുകയാണ്, കൂടുതല്‍ സംവേദന ശേഷിയുള്ളതാക്കുകയാണ് റമദാന്‍ ചെയ്യുന്നത്. ആ ശേഷി നേടുമ്പോഴേ ഒരാള്‍ക്ക് ലൈലതുല്‍ ഖദ്‌റിനെ അറിയാനും അനുഭവിക്കാനും കഴിയൂ.
ഹിറാ ഗുഹയില്‍ ഖുര്‍ആനുമായി വന്നിറങ്ങിയ ജിബ്രീല്‍ വീണ്ടും നമ്മുടെ ജീവിതത്തിലേക്ക് വന്നിറങ്ങുന്നതിന് കാതോര്‍ക്കുക. ഖുര്‍ആനിലൂടെ അല്ലാഹുവിന്റെ ചാരത്തിരുന്ന് അവന്റെ വാക്കുകള്‍ക്ക് ചെവികൊടുത്തും അവന്റെ ഗാംഭീര്യത്തെ ഒന്നും ബാക്കിവെക്കാതെ സമ്മതിച്ചും സ്വന്തം പാപത്തെ കണ്ണുനീരുകൊണ്ട് കഴുകിത്തുടച്ചും സമാധാനത്തിന്റെ നിറമുള്ള ആ രാവില്‍ നാം ഉണ്ടെന്ന് ഉറപ്പാക്കുക. കാരണം ഇതിനേക്കാള്‍ വില പിടിച്ച മറ്റൊന്നും നമുക്ക് നഷ്ടപ്പെടാനില്ല. വരുന്ന ഒരു വര്‍ഷത്തെ നമ്മുടെ ഭാഗധേയം അവന്റെയടുത്ത് നിശ്ചയിക്കപ്പെടുന്ന, നമ്മുടെ സമയപാത്രങ്ങള്‍കൊണ്ട് അളന്നെടുക്കാന്‍ കഴിയാത്ത, നമ്മുടെ ഘടികാരങ്ങള്‍ക്ക് രേഖപ്പെടുത്താനാവാത്ത, മനുഷ്യന്റെ വാക്കുകള്‍കൊണ്ട് പകര്‍ന്നുവെക്കാനാവാത്ത രാവാണത്. ആ ഒറ്റ രാത്രി ബാക്കി റമദാനിനേക്കാള്‍ വലുതാണ്.

Monday, August 8, 2011

നോമ്പിലൂടെ നാം മഹത്വത്തിലേക്ക് ചിറകുകെട്ടുകയാണ് ചെയ്യുന്നത്.


കളിമണ്ണും ദിവ്യാത്മാവും ഇതിന്റെ മനോഹര സചേതന ചേരുവയാണ് മനുഷ്യന്‍. മനുഷ്യന്റെ ജീവിതം ഈ ഇരട്ടകളുടെ സംഘര്‍ഷ സ്ഥലവുമാണ്. മതം സമാഗതമായത് കളിമണ്ണില്‍ ആത്മാവിനെ സാക്ഷാത്കരിക്കനാണ്. കളിമണ്ണു കൊണ്ട്  ആത്മാവിന്റെ സചേതനമായ ശില്‍പ്പം നിര്‍മിക്കാന്‍. അപ്പോഴും ശരീരം അതിന്റെ ഹൃദയശ്യൂന്യമായ മൃഗീയതയുമായി കടന്നുവരും. അന്നേരവും ശരീരത്തിന്റെ പുസ്തകത്തില്‍ ആത്മാവിന്റെ മഷികൊണ്ടെഴുതണം.
ശരീരം, ആത്മാവ് എന്ന വിഭജനത്തെ മറികടക്കാനാണ് ഇസ്‌ലാം ശ്രമിക്കുന്നത്. ഓരോന്നായി എടുത്താല്‍ പരസ്പരവൈരുദ്ധ്യമുള്ളവയെ സാകല്യത്തിനകത്ത് മനോഹരമായി സമന്വയിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. വ്യക്തിക്കും സമൂഹത്തിനുമിടയിലെ, പ്രണയത്തിനും ദാമ്പത്യത്തിനുമിടയിലെ, സ്വതന്ത്ര്യത്തിനും സദാചാരത്തിനുമിടയിലെ, ഏകസത്യവാദത്തിനും സമാധാനത്തിനുമിടയിലെ........
ഈ വൈരുദ്ധ്യത്തിന് ചിലര്‍ നിര്‍ദേശിച്ച പരിഹാരം സന്യാസമാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ആത്മീയമായ ഒളിച്ചോട്ടം. ഇസ്‌ലാമില്‍ സന്യാസമില്ല. സന്യാസമില്ലാത്ത ഇസ്‌ലാമിന് ഒരു സന്യാസമുണ്ടെങ്കില്‍ അത് നോമ്പാണ്. വ്രതത്തെ സൂചിപ്പിക്കാന്‍ സന്യാസമെന്ന അര്‍ത്ഥത്തില്‍ ഭാഷയില്‍ ഉപയോഗിക്കുന്ന സിയാഹത്ത് (‡MnƒÇp¡S) എന്ന പദം ഖുര്‍ആന്‍ സൂറ:അത്തഹ്‌രീമിലെ അഞ്ചാം വാചകത്തില്‍ ഉപയോഗിക്കുന്നുണ്ട്. ആയിശ (റ) പറയുന്നു. ഈ സമുദായത്തിന്റെ സന്യാസം വ്രതാനുഷ്ഠാനമാകുന്നു. സന്യാസത്തിന്റെ അംശങ്ങള്‍ ആരോഗ്യകരമായ അളവില്‍ നോമ്പിലുണ്ട്. അധികമായി പോവാതിരിക്കാനുള്ള മുന്‍കരുതലുകളും നോമ്പിനകത്ത് കാണാന്‍ കഴിയും. രാത്രിയില്‍ ഭക്ഷണവും മൈഥുനവും അനുവദിക്കുന്നു. രാത്രിയിലും അത് അധികരിച്ച ആരാധനയെ പ്രോല്‍സാഹിപ്പിക്കുന്നു. സന്യാസം അതിന്റെ ഏറ്റവും സാന്ദ്രതയില്‍ അനുഭവഭേദ്യമാകുന്ന നോമ്പിലെ സവിശേഷ ആരാധനയാണ് ഇഅ്തികാഫ് (പള്ളിയിലെ ഭജനമിരിക്കല്‍) വര്‍ജനത്തിനുപകരം നിയന്ത്രണം എന്നതാണ് ഭൗതികാവശ്യങ്ങളോടുള്ള ഇസ്‌ലാമിക സമീപനം. വെറും നിയന്ത്രണമല്ല. നിയന്ത്രിച്ച് ഭൗതികമായതിനെത്തന്നെ ആത്മീയമാക്കി മാറ്റുന്ന ദിവ്യതയാണ് ഇസ്‌ലാം.അങ്ങനെ ഭൗതികതക്കും ആത്മീയതക്കുമിടയിലെ സഹജ വൈരുദ്ധ്യത്തെ പരഹരിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്.
ലഹരി ഒഴിച്ച് ഒരു ലൗകികാനുഭവത്തെയും ഇസ്‌ലാം കേവലമായ്, പൂര്‍ണ്ണമായി വിലക്കിയിട്ടില്ല. പലിശ നിരോധിക്കുമ്പോഴും പണസമാഹരണത്തിന്റെ മറ്റ് പല രൂപങ്ങളെ അത് അത് അനുവദിക്കുന്നു. വ്യഭിചാരത്തെ പാപമായി പ്രഖ്യാപിക്കുമ്പോഴും വിവാഹത്തെ പ്രോല്‍സാഹിപ്പിക്കുന്നു. ഇസ്‌ലാം കേവലമായി വിലക്കിയ ഏക ലൗകികാനുഭവം ലഹരിയാണ്.ബാക്കി ലൗകികാനുഭവങ്ങളില്‍ അതിന്റെ ചില രൂപങ്ങളെ മാത്രമാണ് ഇസ്‌ലാം നിഷിദ്ധമാക്കിയത്. ആസക്തിക്കും വിരക്തിക്കുമിടയില്‍ ഒരു ഇസ്‌ലാമികമാര്‍ഗം അത് രചിച്ചെടുക്കുന്നു.
ശരീരത്തിനു മുകളില്‍ ആത്മാവിന്റെ പ്രാധാന്യത്തെ ഉറപ്പിച്ചു പ്രഖ്യാപിക്കുകയാണ് നോമ്പ് ചെയ്യുന്നത്. ആത്മാവ് ഉടമയും ശരീരം അടിമയുമാണെന്ന പ്രഖ്യാപനം.
നോമ്പിനെ രണ്ടുതരത്തില്‍ മനസ്സിലാക്കാം. ഒന്ന് അത് ഒരു കേവലാരാധനയാണ്. അത് അതിനു വേണ്ടിതന്നെയാണ്. നോമ്പിന് നോമ്പിനപ്പുറം മാനങ്ങള്‍ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. രണ്ടാമത്തേത് നോമ്പിന് ഒരു ആത്മാവുണ്ട്. അത് നോമ്പിനപ്പുറവും ബാധകമാണ്. അത് ജീവിതത്തില്‍ വെളിച്ചം പ്രസരിപ്പിക്കേണ്ട ഒന്നാണ്. ആ വെളിച്ചത്തെക്കുറിച്ചാണ് ദൈവഭക്തി(തഖ്‌വ) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. അത് കരാഗതമാവാനാണ് മുന്‍കഴിഞ്ഞവര്‍ക്കെന്ന പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്.
നോമ്പ് നല്‍കുന്ന ദൈവഭക്തിയുടെ പരിശീലനമെന്താണ്? ദൈവം പറഞ്ഞാല്‍ എന്തും മാറ്റിവെക്കാനുള്ള സന്നദ്ധതകളുടെ പരിശീലനം. ഒഴിവാക്കാനാവത്തതായി ഒന്നുമില്ല എന്നാണ് നോമ്പ് തെളിയിക്കുന്നത്. ഏറ്റവും അടിസ്ഥാനപരമായ ശാരീരികാവശ്യങ്ങള്‍ മാറ്റിവെച്ചുകൊണ്ട് അത് തെളിയിക്കുകയാണ് നോമ്പുകാരന്‍ ചെയ്യുന്നത്. ശാരീരികാവശ്യങ്ങളില്‍ തുടങ്ങി മാനസിക പ്രലോഭനങ്ങളേയും അത് തടഞ്ഞുനിര്‍ത്തുന്നു. ഉപോക്ഷിക്കലിലൂടെ മാത്രമേ ഉന്നതമായ ഒരു ജീവിതം നേടിയെടുക്കാനാവൂ. സാഹചര്യം വെച്ചുനീട്ടുന്ന പലതിനേയും ഉപേക്ഷിച്ചേ ഉന്നതങ്ങളുടെ പടവുകള്‍ ചവിട്ടിക്കയറാനാവൂ. ഉപേക്ഷിക്കലിന്റെ, ത്യാഗത്തിന്റെ ഇതിഹാസങ്ങള്‍ നിറഞ്ഞതാണ് മതജീവിതത്തിന്റെ ചരിത്രം.
ത്യജിക്കലിന്റെ പാഠശാലയാണ് റമദാന്‍. ദൈവത്തെചൊല്ലി എന്തും ത്യജിക്കാന്‍ കഴിയുമെന്നാണ് റമദാന്‍ പരിശീലിപ്പിക്കുന്നത്. ഇത് വിശ്വാസത്തില്‍ തന്നെ അന്തര്‍ഹിതമായ ഒരു മനോവികാരമാണ്. അതിനെ ഒരു പരിശീലന പദ്ധതിയാക്കുകയാണ് നോമ്പ് ചെയ്യുന്നത്. റമദാന്‍ സ്വബറിന്റെ മാസമാണെന്ന് പ്രവാചകന്‍ പറയുന്നുണ്ട്.(é¡ŸdG ™Á¡T)തിന്മക്കതിരിലും നന്മക്കനുകൂലവുമായ നെഞ്ചുറപ്പിനെയാണ് ആ പദം പ്രതിനിധീകരിക്കുന്നത്. ക്ഷമ രണ്ടു വിധമുണ്ടെന്ന് ഇമാം ഗസ്സാലി പറയുന്നു.“ഒന്ന് ശാരീരികം, അതായത് പ്രയാസങ്ങങ്ങള്‍ സഹിക്കുക. അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുക. അത് ഒന്നുകില്‍ ആരാധനകളോ മറ്റു വിഷമകരമായ പ്രവര്‍ത്തനങ്ങളോ നിര്‍വഹിക്കുന്നതിലൂടെയാവാം. അല്ലെങ്കില്‍ ശക്തമായ മര്‍ദ്ദന പീഢനങ്ങള്‍ എല്‍ക്കേണ്ടി വരുമ്പോഴോ ഗുരുതരമായ രോഗം ബാധിക്കുമ്പോഴോ അപകടങ്ങള്‍ സംഭവിക്കുമ്പോഴോ ആവാം. എന്നാല്‍ ഏറ്റവും സ്തുത്യര്‍ഹമായത് രണ്ടാമത്തെ ഇനം ക്ഷമയാണ്. മനസ്സിന്റെയും ശരീരത്തിന്റെയും ആസക്തികള്‍ ഉപേക്ഷിച്ചുകൊണ്ടുള്ള ആത്മീയ ക്ഷമ”. ത്യാഗത്തിനുള്ള സജ്ജമാകലാണ് ക്ഷമ. അത് ത്യാഗത്തിന്റെ ഉറവിടമാണ്. വളക്കൂറുള്ള മണ്ണാണ്. എന്തിനു ക്ഷമിക്കണം എന്നു ചോദിച്ചാല്‍ ത്യാഗത്തിനു വേണ്ടി ക്ഷമിക്കണം എന്നാണുത്തരം.
മാറണമെന്നാഗ്രാഹമുണ്ട്, മാറാന്‍ കഴിയുന്നില്ല എന്നു സങ്കടം പറയുന്നവരെ കണ്ടുമുട്ടാറുണ്ട്. നിങ്ങള്‍ നോമ്പെടുക്കുന്നവരാണെങ്കില്‍ ഈ സങ്കടം പറച്ചിലിന് ഒരു പ്രസക്തിയുമില്ല. എന്തും ഒഴിവാക്കാനാവും എന്നാണ് നോമ്പ് നമ്മെ അനുശീലിപ്പിച്ചത്. ജീവിതത്തില്‍ മദ്യപിക്കുകയും റമദാനില്‍ നോമ്പെടുക്കുകയും ചെയ്യുന്ന ചിലരെങ്കിലുമുണ്ട്. അവരും പരിതപിക്കുന്നത് നിര്‍ത്താന്‍ കഴിയുന്നില്ല എന്നാണ്. നോമ്പിന്റെ പകലില്‍ പച്ചവെള്ളം പോലും വേണ്ടെന്ന്‌വെച്ചവന് ജീവിതത്തില്‍ മദ്യം  വേണ്ടെന്നുവെക്കാന്‍ കഴിയാതെ പോകുന്നത് നോമ്പിനെ വെറും അര്‍ത്ഥം കെട്ട ആചാരമായി അനുഷ്ഠിക്കുന്നത് കൊണ്ടാണ്. പുകവലി നിര്‍ത്താനുള്ള സുവര്‍ണ്ണാവസരമാണ് റമദാന്‍. പകലില്‍ വേണ്ടെന്ന്‌വെച്ചയാള്‍ രാത്രികൂടി വേണ്ടെന്നുവെച്ചാല്‍ ഒരു മാസം കൊണ്ട് ഒരാള്‍ക്ക് പുകകുടിക്കുന്നതില്‍ നിന്ന് മുക്തനാവാം.
ഖുര്‍ആനും റമദാനും തമ്മില്‍ നിരവധി ബന്ധങ്ങളുണ്ട്. ചരിത്രപരമായ ബന്ധം മാത്രമല്ല ഉള്ളത്. മനുഷ്യനില്‍ വിശ്വാസവും ഭക്തിയും സൃഷ്ടിക്കാനാണ് ഖുര്‍ആന്‍ അവതരിച്ചത്. ഖുര്‍ആനിക വിദ്യഭ്യാസം ആശയപരമാണ്. ഖുര്‍ആന്‍ സംസാരിക്കുന്നത് മസ്തിഷ്‌കത്തോടും ഹൃദയത്തോടുമാണ്. അതേ വിദ്യാഭ്യാസം ശരീരപ്രധാനമായ പരിശീലനത്തിലൂടെ നല്‍കുകയാണ് റമദാന്‍ ചെയ്യുന്നത്. ഖൂര്‍ആന്‍  കുറേക്കൂടി ആശയപരമായ വിദ്യാഭ്യാസമാണെങ്കില്‍ റമദാന്‍ അനുഭവപരമായ വിദ്യാഭ്യാസമാണ്. ഒരു സമഗ്ര വിദ്യാഭ്യാസ പദ്ധതിയെ സംബന്ധിച്ചെടുത്തോളം ആശയപരമായ പഠനവും ശാരീരികമായ പരിശീലനവും പ്രധാനമാണ്. നോമ്പിന്റെ നോട്ടുപുസ്തകം ശരീരം തന്നെയാണ്. അതിലാണ് നാം പ്രപഞ്ചത്തോളം ഗംഭീരമായ ആശയങ്ങള്‍ എഴുതിയും വരച്ചും വെട്ടിയും പിന്നെയും ശരിയാക്കിയും പഠിക്കുന്നത്. ഖുര്‍ആനിന്റെ പ്രായോഗിക പരിശീലന കാലമാണ് റമദാന്‍. ഖുര്‍ആനികാശയങ്ങള്‍ ലോകവ്യാപകമായി മിഴിവുറ്റ നിറച്ചാര്‍ത്തുകളില്‍ പ്രയോഗവല്‍ക്കരിക്കപ്പെടുന്ന ആത്മീയമായ ഋതു. വിട്ടുവീഴ്ച മുതല്‍ പോരാട്ടതിനുവരെ റമദാന്‍ സവിശേഷമായ ഊര്‍ജം നല്‍കും. ഭംഗിപകരും.
ഇതിഹാസങ്ങളെ ഗര്‍ഭം ധരിക്കുന്ന ആരാധനയാണ് നോമ്പ്. എപ്പോഴും ഒരു ബദറിനെ അത് ഉള്ളില്‍ വഹിക്കുന്നുണ്ട്. ത്യഗത്തിന്റെ അസ്തിവാരത്തില്‍ കെട്ടിപടുത്ത പോരാട്ടങ്ങള്‍ നോമ്പിന്റെ ബീജത്തില്‍ തന്നെയുള്ളതാണ്. ചരിത്രം സമഷ്ടിയുടെ ചരിത്രമായതുകൊണ്ട് കാണാതെ പോവുന്ന, വ്യക്തികള്‍ ജീവിതം കൊണ്ട് രചിക്കുന്ന മാനവികതയുടെ എത്രയോ വര്‍ണ്ണകാഴ്ചകള്‍ക്ക് നോമ്പ് നിമിത്തവും പശ്ചാതലവുമാവുന്നുണ്ട്. പിശാചിനു മാത്രമല്ല അന്യായമായി അധികാരം കയ്യടക്കിവെച്ചവര്‍ക്കും നോമ്പിനെ ഭയമായിരുന്നു. നോമ്പ് പോരാളികളുടെ ആത്മീയമായ ആയുധപുരയാണ്. നോമ്പിന്റെ പാഠശാലയിലെ വിദ്യാര്‍ത്ഥികള്‍ വിട്ടുവീഴ്ചകൊണ്ടും ചരിത്രത്തെ വിസ്മയിപ്പിച്ചുകളഞ്ഞിട്ടുണ്ട്. വ്യക്തിപരമായ അതിക്രമങ്ങളോട് അവന്‍/അവള്‍ പറഞ്ഞ ഒരു മറുവാക്കുണ്ട്. ഞാന്‍ നോമ്പുകാരനാണ്,നോമ്പുകാരിയാണ്. നിരാലംബര്‍ക്ക് നോമ്പ് തണല്‍ മരമാണ്. കാലത്തിന്റെ നാട്ടുവഴിയില്‍ പൂക്കുന്ന തണല്‍മരം. കാരണം ഖുര്‍ആന്‍ ഏറ്റവും ദീപതമായി സാക്ഷാല്‍ക്കരിക്കപ്പെടുന്ന കാലമാണ് റമദാന്‍.
ത്യാഗമാണ് ജീവിതത്തെ ഉദാത്തമാക്കുന്നത്. ത്യാഗത്തിന്റെ വര്‍ണ്ണനൂലുകള്‍കൊണ്ടാണ് മഹത്വത്തിന്റെ മുഴുവന്‍ ഉടയാടകളും തുന്നിയുണ്ടാക്കുന്നത്. ത്യാഗത്തെ അനുഷ്ഠാനമാക്കുകയാണ് നോമ്പ് ചെയ്യുന്നത്. ഭക്ഷണത്തെ, വെള്ളത്തെ, ലൈംഗികതയെ, സംസാരത്തിന്റെ പ്രലോഭനത്തെ, ഉറക്കത്തെ ത്യജിച്ചുണ്ടാക്കുന്ന ഉപാസനയാണ് നോമ്പ്. താന്‍ ആവശ്യക്കാരനായിരിക്കെത്തന്നെ മറ്റുള്ളവര്‍ക്കായി നല്‍കുന്നിടത്താണ് മനുഷ്യന്‍ മഹത്വത്തിന്റെ ഉന്നതികളിലേക്ക് പറന്നുയരുന്നത്. മണ്ണിലേക്ക് അള്ളിപ്പിടിക്കുന്നതിലല്ല ആകാശത്തിലേക്ക് പറന്നുയരുന്നതിലാണ് മനുഷ്യന്റെ മഹത്വം.
വ്രതം മനുഷ്യന്റെ പൂര്‍ണതയിലേക്കുള്ള പ്രയാണവഴിയില്‍ പ്രധാനമായ ഒരനുഭവമാണ്. മനുഷ്യസത്തയെ മനസ്സിലാക്കുന്നതില്‍ ഏറെ സഹായകമാണ്. അലീജാ അലി ഇസ്സത് ബെഗോവിച്ച് തന്റെ ജയില്‍ കുറപ്പുകളില്‍ എഴുതുന്നു. “വ്രതത്തിന് മാനവികതയുമായി ബന്ധപ്പെട്ട ചില പ്രധാന വശങ്ങളുണ്ട്. അത് വിശകലന വിധേയമല്ലാത്ത തീര്‍ത്തും വ്യക്തിപരമായ അനുഭവമാണ്. ഞാന്‍ ജയിലിലായിരുന്ന സമയത്ത് ചില സമയങ്ങളില്‍ മാസികമായ ഡിപ്രഷന് വിധേയമാകാറുണ്ടായിരുന്നു. അത്തരമൊരു അവസ്ഥയില്‍ ഏതൊരാള്‍ക്കും സംഭവിക്കാവുന്ന ഒന്നാണത്. വയറു നിറഞ്ഞ അവസ്ഥ എന്റെ ആ മാനസികാവസ്ഥയെ മൂര്‍ച്ചിപ്പിക്കുകയാണ് പതിവ്. വീട്ടില്‍ നിന്ന് വരുന്ന വിഭവ സമൃദ്ധമായ ഒരു പാര്‍സലിനേക്കാള്‍ ഇത്തരം ഒരു സമത്ത് എന്നെ സഹായിക്കാറുള്ളത് വിഷപ്പാണ്. ഒഴിഞ്ഞ ആത്മാവും നിറഞ്ഞ വയറും എന്നത് ഏറെ മോശമായ ഒരു ചേരുവയാണ്. ഇതെന്തുകൊണ്ട്? മനുഷ്യസത്തയെക്കുറിച്ച ഏതൊരു തത്വശാസ്ത്രചര്‍ച്ചയേക്കാളും അതിനെ മനസ്സിലാക്കുന്നതില്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുക ഇതിനെക്കുറിച്ച ആലോചനകള്‍ക്കാണ്.” 
മനുഷ്യാസ്തിത്വമെന്നത് മൃഗത്തിന്റെയും മലക്കിന്റെയും അസ്തിത്വത്തില്‍ നിന്ന് വിഭിന്നമായി മനുഷ്യന്‍ നിരന്തരമായി അധ്വാനിച്ച്, ശ്രദ്ധിച്ച് ധ്യാനപൂര്‍വ്വം സാക്ഷാത്കരിക്കേണ്ട ഒന്നാണ്. അസ്തിത്വ പരമായ ഇത്തരം ഒരു വെല്ലുവിളി അല്ലെങ്കില്‍ ഒരു സാധ്യത മൃഗത്തിനും മലക്കിനുമില്ല. അവ അവയുടെ ശാരീരികതയില്‍ വെറുതെ ജീവിച്ചാല്‍തന്നെ നല്ല മൃഗമോ മലക്കോ ആയിരിക്കും. മനുഷ്യന്‍ മനുഷ്യനായി തീരാന്‍ നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്. ഈ പരിശ്രമത്തിന്റെ മാര്‍ഗത്തിലെ കൈത്താങ്ങാണ് തീവ്രമായ ഒരനുഭവമാണ് വ്രതം. മനുഷ്യന്‍ എന്നതിനെ, അവന്റെ ഉണ്‍മയെ, സത്തയെ മനസ്സിലാക്കുക എന്നതു തന്നെ ഒരു വലിയ മാനുഷിക പ്രവര്‍ത്തനമാണ്. ഇമാം ഗസ്സാലി പറയുന്നു. “ സുഖസൗകര്യങ്ങളില്‍ ക്ഷമ പാലിക്കുന്നവനാണ് പൂര്‍ണമനുഷ്യന്‍”. ക്ഷമയിലൂടെ നേടിയെടുക്കുന്ന ഉന്നതാവസ്ഥയാണ് മനുഷ്യന്‍. അതുകൊണ്ട് തന്നെ ഔന്നിത്യത്തിനുള്ള പരിശ്രമം അഥവാ ക്ഷമ മനുഷ്യന്റെ മാത്രം സവിശേഷതയാണ്. ഇമാം ഗസ്സാലി പറയുന്നു. “ക്ഷമ മനുഷ്യനുമാത്രമുള്ള ഗുണ വിഷേഷമാണ്. മൃഗങ്ങളില്‍ രൂപപ്പെടാത്തത് അതിന്റെ അപൂര്‍ണതകൊണ്ടാണ്. മലക്കുകളില്‍ രൂപപ്പെടാത്തത് അതിന്റെ പൂര്‍ണത കൊണ്ടും.” പൂര്‍ണ മനുഷ്യനിലേക്ക് ശരീരം കൊണ്ട് നടത്തുന്ന ആത്മീയമായ സഞ്ചാരമാണ് വ്രതം. അത് ക്ഷമയുടെ ആരാധനാരൂപമുള്ള ദിവ്യമായ ആവിഷ്‌കാരണ്. 
ഒരു സന്ദര്‍ഭം വന്നാല്‍, ഒരാവശ്യം നേരിട്ടാല്‍ എന്തും മാറ്റിവെക്കാനും ത്യജിക്കാനും കഴിയുമെന്നതാണ് നോമ്പിന്റെ ആത്മാവ്. നോമ്പിലൂടെ സാധിക്കേണ്ടത് ഈ ആത്മാവിന്റെ സ്വായത്തമാക്കലാണ്. ഹിജറയെയും ജിഹാദിനെയും സാധ്യമാക്കുന്ന വിശ്വാസത്തിന്റെ ഹൃദയമാണത്. പാപത്തില്‍ നിന്ന് വിശ്വസിയെ അകലെനിര്‍ത്തുന്ന ചൈതന്യമാണത്. വിശ്വാസിയെ മഹത്വത്തിന്റെ ഇതിഹാസങ്ങള്‍ രചിക്കാന്‍ സജ്ജരാക്കിയത് ത്യാഗത്തിന്റെ ഈ ഒരുക്കമാണ്.
യര്‍മൂക്ക് യുദ്ധാനുഭവം മാനവികതയുടെ ചരിത്രത്തിലെത്തന്നെ അനശ്വര അധ്യായമാണ്. യര്‍മൂക്കില്‍ വെട്ടേറ്റുവീണവരാണ് ചരിത്രത്തില്‍ ഇതിഹാസപുരഷന്‍മാരായത്. അവരെ വെട്ടിയവരും വെന്നവരും ചരിത്രതാളുകളില്ല. യര്‍മൂക്കിലെ രക്തസാക്ഷികള്‍ ചരിത്രത്തിന്റെ താരാപഥത്തിലെ ധ്രുവനക്ഷത്രങ്ങളായത് അവരുടെ ത്യാഗത്തിന്റെ മങ്ങാത്ത വെളിച്ചം കൊണ്ടാണ്. മരണം തൊണ്ടക്കുഴിയില്‍ എത്തിയ മനുഷ്യന് ഈ ലോകത്ത് എറ്റവും വിലപ്പെട്ടത് ഒരു ഇറക്ക് ദാഹജലമാണ്. അത് അന്യന് വേണ്ടി മറ്റിവെക്കുകയായിരുന്നു അവരോരുത്തരും. അവരാരും കുടിക്കാതെ ഒടുവില്‍ മണ്ണില്‍ ഒഴികിപ്പോയ ആ ഒരു കുടന്ന വെള്ളം മനുഷ്യമഹത്വത്തിന്റെ നിറപ്രതീകമാണ്. നാമൊക്കെ കുടിച്ചു വറ്റിക്കുന്ന എത്രയോ ഗാലന്‍ വെള്ളത്തേക്കാള്‍ മഹത്തരമാണ്. മനുഷ്യമഹത്വത്തിന്റെ നിത്യപ്രതീകമാണ്.
യര്‍മൂഖിലെ രക്തസാക്ഷികള്‍, അവര്‍ നോമ്പിന്റെ പാഠശാലയിലെ പഠിതാക്കളായിരുന്നു. പരിശീലിതരായിരുന്നു. ദൈവത്തയും അവന്റെ അടിയാറുകളെയും ചൊല്ലി പ്രിയപ്പെട്ടവയെ മാറ്റിവെക്കാന്‍ അവര്‍ റമദാനില്‍ നിന്ന് പഠിച്ചവരാണ്. നോമ്പിന്റെ ആത്മാവ് നോമ്പിന്റെ പുറത്തും കെട്ടുപോകാതെ ജ്വലിച്ചതുകൊണ്ടാണ് യര്‍മൂക്കിന്റെ ഇതിഹാസം വിരചിതമായത്. നോമ്പിലൂടെ നാം മഹത്വത്തിലേക്ക് ചിറകുകെട്ടുകയാണ് ചെയ്യുന്നത്.
ബലിപെരുന്നാള്‍ ഒരു മഹാ ത്യാഗത്തിന്റെ ഓര്‍മ്മപ്പെരുന്നാളാണ്. നോമ്പ് പെരുന്നാളും ആഘോഷിക്കുന്നത് ത്യഗത്തെ തന്നെയാണ്. ബലിപെരുന്നാള്‍ ഒരു ചരിത്രപുരുഷന്റെ ത്യാഗത്തിന്റെ സ്മരണോല്‍ത്സവമാണെങ്കില്‍ ഈ പെരുന്നാള്‍ ഓരോ നോമ്പുകാരനും നേടിയെടുക്കുന്ന ത്യാഗവിജയത്തിന്റെ വിജയാഹ്ലാദമാണ്. ബലിപെരുന്നാള്‍ സാമൂഹികതയുടെ ഉല്‍സവമാണ്. ചെറിയപെരുന്നാള്‍ വ്യക്തിപരതയുടെ ഉല്‍സവവും. ബലിപെന്നാളിനെ നോമ്പും നമസ്‌കാരവും തക്ബീറും ബലിയും കൊണ്ട് വൈയക്തികം കൂടിയാക്കി മാറ്റുന്നു. റമദാന്‍ പെരുന്നാളിനെ അതിന്റെ സമയപരമായ ഏകീകരണം കൊണ്ടും സംഘടിത നമസ്‌കാരംകൊണ്ടും സാമൂഹികവുമാക്കി മാറ്റുന്നു. അങ്ങനെ വ്യക്തി സമൂഹ വിഭജനത്തെ റദ്ദാക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. ഏറ്റവും ആഘോഷിക്കേണ്ട ജീവിത വിജയം ത്യഗമാണ്.വെറുമൊരു ശരാശരി സാധാരണ മനുഷ്യനാവാന്‍ നോമ്പ് പോലെ ഇത്ര വലിപ്പമുള്ള ഒരു ആരാധനയുടെ ആവശ്യമില്ല. നോമ്പ് ഉന്നം വെക്കുന്നത് മാനവിക മഹത്വത്തിലേക്ക് ചിറകടിച്ചുപറക്കുന്ന ഔന്നിത്യമുള്ള മനുഷ്യനെയാണ്. പൂര്‍ണമനുഷ്യനെ.
  

Wednesday, July 20, 2011

മഅ്ദനി: ഈ അന്യായത്തടവില്‍ നമ്മളും കുറ്റവാളികളാണ്


നിഷ്ഠൂരനായ ഭരണാധികാരിയില്‍ നിന്ന് ഹിംസ്ര ജന്തുവില്‍ നിന്നെന്നപോലെ ജനം ഓടിയകലുമെന്ന് പറഞ്ഞത് ചൈനയിലെ പഴയ തത്വജ്ഞാനി കണ്‍ഫ്യൂഷ്യസാണ്. ഓടിപ്പോകാതിരിക്കാന്‍ പിന്നീട് ഭരണാധികാരികള്‍ ജയിലുകള്‍ പണിതു. കണ്‍ഫ്യൂഷ്യസ് തന്നെ പറഞ്ഞ ഒരു കഥയുണ്ട്. കാട്ടില്‍വെച്ച് ഭാര്യയെയും കുഞ്ഞിനെയും കരടി പിടിച്ചുതിന്ന് കരഞ്ഞിരിക്കുന്ന ഒരു മനുഷ്യന്റെ കഥ. അവനോട് എന്നിട്ടും  നിങ്ങളെന്താണ് നാട്ടില്‍ പോകാതെ ഇവിടെത്തന്നെ ഇരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു. നാട്ടില്‍ പോകാന്‍ പാടില്ല, അവിടെ ഭരണാധികാരിയുണ്ട്. മനുഷ്യനെ കൊന്നുതിന്നുന്ന കരടിയേക്കാള്‍ ഭീകരരായ ഭരണകൂടങ്ങള്‍. സ്വന്തം പ്രജകളെ തിന്ന് അധികാരത്തിന്റെ വിശപ്പ് മാറ്റുന്ന ഭരണാധികാരികള്‍. അധികാരം ഒരാസക്തിയാണ്. ആ ആസക്തിയില്‍ കൊല്ലപ്പെടുന്നവനും തിന്നുന്നവനുമുണ്ട്.
എല്ലാവരുടെയും സുരക്ഷക്ക് മനുഷ്യന്‍ കണ്ടുപിടിച്ച സംവിധാനമാണ് ആധുനിക ജനാധിപത്യ ഭരണകൂടമെന്നത്. എന്നാല്‍ പ്രയോഗത്തില്‍ അത് പലപ്പോഴും ഒരു കെണിയാണ്. ദുര്‍ബല ജനവിഭാഗങ്ങള്‍ ചെന്നുകുരുങ്ങുന്ന കെണി. അഴിക്കാനാവാത്ത കുരുക്കായി അവരുടെ ജീവിതത്തെ മുറുക്കുന്ന കെണി. ഈയൊരു പാഠത്തിന്റെ പാഠപുസ്തകമാണ് മഅ്ദനി. ഒരു മഹാ മഞ്ഞുമലയുടെ മുകളില്‍ കാണാന്‍ കഴിയുന്ന മുകള്‍പ്പരപ്പ് മാത്രമാണ് മഅ്ദനി. നമുക്ക് പേരറിയാത്ത, നമ്മുടെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം പേരുപോലുമില്ലാത്ത ആയിരക്കണക്കിന് ചെറുപ്പക്കാര്‍, മുതിര്‍ന്നവര്‍ ജനാധിപത്യത്തിന്റെ ജയിലറകളിലുണ്ട്. മഅ്ദനിക്കുവേണ്ടിയുള്ള മുഴുവന്‍ സമരങ്ങളും ഈ നിരപരാധികള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ കൂടിയാണ്.
അടിയന്തിരാവസ്ഥയിലെ തടവുകാര്‍ നമുക്ക് കവിതയുടെ ഇതിവൃത്തവും സിനിമക്ക് താരക്കഥയുമാണ്. അവര്‍ കേരളത്തിന്റെ ഒരളവിലും നക്‌സലൈറ്റുകള്‍ അല്ലാത്തവരുടെ ഉള്‍പ്പെടെ ദേശീയ പുരുഷന്മാരാണ്. മണിപ്പൂരിലെ ഇറോം ചാനു ശര്‍മിളയെക്കുറിച്ച് ബംഗാളി സാഹിത്യത്തിലെ അമ്മ മാഹേശ്വതദേവി ഇങ്ങ് കേരളത്തില്‍ വന്ന് സംസാരിക്കുന്നുണ്ട്. ഇവിടെ ഇവിടുത്തെ മണ്ണിന്റെ ഒരു പുത്രന്‍ കര്‍ണ്ണാടകയില്‍ ജയിലില്‍ കിടക്കുമ്പോഴാണ് മഹേശ്വതാദേവി ഇതുപറയുന്നത് എന്ന് ഓര്‍ക്കുക മാത്രമാണ്.
മലയാളിക്ക് ഏറ്റവും പേടി പോലീസിനെയാണ്. അഥവാ ഭരണകൂടത്തെ. അവന്‍/അവള്‍ എന്നും ആരാധനയോടെ നോക്കിക്കണ്ടിരുന്നത് അധികാരത്തെയാണ്. അധികാരം ഒരാളെ കുറ്റവാളി എന്നുവിളിച്ചാല്‍ അവനുവേണ്ടി ശബ്ദിക്കാന്‍ ധൈര്യപ്പെടാതിരിക്കാന്‍ മാത്രം ഭരണകൂടം ഭീകരമായ സാന്നിധ്യമാണ് നമ്മുടെ സമൂഹത്തില്‍. അതിനെ മുറിച്ചുകടന്നേ ജനാധിപത്യത്തെ അര്‍ഥപൂര്‍ണമാക്കാനാവൂ.
ഒരു മനുഷ്യനെ പത്ത് കൊല്ലത്തോളം വിചാരണത്തടവുകാരനായി തൊട്ടടുത്ത ഒരു സംസ്ഥാനത്ത് ജയിലില്‍ പാര്‍പ്പിക്കുക, പിന്നെ നിരപരാധിയാണെന്ന് പറഞ്ഞ് വിട്ടയക്കുക. ഒന്നോ രണ്ടോ കൊല്ലത്തിനുശേഷം തൊട്ടടുത്ത മറ്റൊരു സംസ്ഥാനത്ത് വീണ്ടും വിചാരണത്തടവുകാരനായി ജയിലിലിടുക. എന്നിട്ട് നമുക്കൊന്നും തോന്നാതിരിക്കുക. ഇത് ചികിത്സ ആവശ്യപ്പെടുന്ന ഒരു സമൂഹ മനോരോഗമല്ലേ?
മഅ്ദനി ഒരു മുസ്‌ലിമാണ്. അതുകൊണ്ട്, കുറ്റവാളിയല്ല എന്ന് തെളിയുന്നതുവരെ കുറ്റവാളിയാകാന്‍ സാധ്യതയുള്ള ഒരാളാണ്. മുസ്‌ലിം മൗലികമായി ഭീകരനാണെന്ന സാമ്രാജ്യത്വ സിദ്ധാന്തവും ഫാഷിസ്റ്റ് പ്രചാരണവും നാം സാമ്രാജ്യത്വവിരുദ്ധരും ഫാഷിസത്തിന്റെ എതിരാളികളും ആയിരിക്കെത്തന്നെ നമ്മുടെ കൂടി ബോധമാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
തീവ്രവാദം ഒരു വ്യവസായമാണ്. ഭരണകൂടം തന്നെ നോക്കിനടത്തുന്ന ഒരു വ്യവസായം. യഥാര്‍ഥ തീവ്രവാദികള്‍ അതിലെ പാര്‍ട്‌ണേഴ്‌സാണ്. അറിഞ്ഞും അറിയാതെയും ഈ കച്ചവടത്തില്‍ പങ്കാളികളാവുന്ന പാര്‍ട്‌ണേഴ്‌സ്. ഈ വ്യവസായത്തിന് അസംസ്‌കൃത വസ്തുക്കളെ ആവശ്യമുണ്ട്. കാശ്മീര്‍ താഴ്‌വരയില്‍ പോയി ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍, കോഴിക്കോട് നഗരത്തില്‍ ഇരട്ട സ്‌ഫോടനം നടത്താന്‍. അങ്ങനെ മുസ്‌ലിം ജനവിഭാഗത്തെ മുഴുവന്‍ എഴുതപ്പെടാത്ത കുറ്റപത്രത്തിലെ പ്രതികളാക്കി മാറ്റാന്‍. ഇസ്‌ലാമിന്റെ എല്ലാ പ്രതിനിധാനങ്ങളെയും ഭീകരവാദത്തിന്റെ പ്രതീകങ്ങളാക്കിത്തീര്‍ക്കാന്‍. തീവ്രവാദം നമ്മുടെ പോലീസ് അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒരു വരുമാന സ്രോതസ്സാണ്. എന്തിന് മഅ്ദനിയെ അന്യായമായി അകത്തിടുന്നു. രോഷാകുലരാവുന്ന ചെറുപ്പക്കാരില്‍ കുറച്ചുപേരെങ്കിലും നമ്മുടെ ജനാധിപത്യത്തില്‍ നിരാശരായി തീവ്രവാദികളായി കിട്ടിയാലോ എന്ന ആശയാണ് ഈ തടവിന്റെ പ്രേരകം. തീവ്രവാദം എന്ന വ്യവസായത്തിന് കുറേക്കൂടി അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കാനുള്ള ഒരാസൂത്രിത ശ്രമം. ഭരണകൂട ഭീകരതയെ ഭീകരവാദം കൊണ്ടല്ല ജനാധിപത്യം കൊണ്ട് ചികിത്സിച്ച് മുസ്‌ലിം സമുദായത്തെയും ജനാധിപത്യത്തെയും അബ്ദുന്നാസിര്‍ മഅ്ദനിയെയും നമുക്ക് ഒരേസമയം രക്ഷിക്കേണ്ടതുണ്ട്. ്

Wednesday, July 13, 2011

ഇത്തരമൊരു പ്രസ്ഥാനം തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവന

ഈ പ്രസ്താവന കേവലാര്‍ഥത്തില്‍ പ്രതിലോമകരമാണെന്നറിയാം.  കാരണം പ്രസ്ഥാനം പ്രസ്ഥാനത്തിനുവേണ്ടിയല്ല.  അത് മഹത്തായ ചില ലക്ഷ്യങ്ങള്‍ക്കുള്ള ഉപകരണമാണ്.  പക്ഷേ, നമ്മുടെ സംഘടനാ കാലുഷ്യങ്ങള്‍ക്കിടയിലിരുന്ന് ആലോചിക്കുമ്പോള്‍ ഈ പ്രസ്താവന ഏറെ പ്രസക്തമാണ്.  ഇസ്‌ലാമിന്റെ സമകാലിക പ്രതിനിധാനത്തിനുള്ള ആത്മാര്‍ഥ ശ്രമമാണ് ഇസ്‌ലാമിക പ്രസ്ഥാനം. ഇസ്‌ലാമിന്റെ സമകാലിക പ്രതിനിധാനത്തെക്കുറിച്ച് ഇങ്ങനെ അന്വേഷണം നടത്താനും ചര്‍ച്ച ചെയ്യാനും വേദിയൊരുക്കുന്ന ഒരു പ്രസ്ഥാനം എന്നതു തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ സംഭാവന. സംവാദാത്മകത എന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം ഒഴിവാക്കാനാവാത്ത സഹജഗുണമാണ്.  ജമാഅത്തെ ഇസ്‌ലാമിയോട് വിയോജിപ്പിന്റെ വലിയ വിടവുകള്‍ ഉള്ളവരാണെങ്കിലും യോജിപ്പിന്റെ എന്തെങ്കിലും ബിന്ദുക്കളുണ്ടെങ്കില്‍ പ്രസ്ഥാനവുമായി പ്രാസ്ഥാനികമായി തന്നെ സംസാരിക്കാം.
സംഘടനയുടെ ബുദ്ധിയും വിഭവശേഷിയും മാത്രമുപയോഗിച്ചല്ല പ്രസ്ഥാനം  ഒരിക്കലും മുന്നോട്ടുപോവാന്‍ ശ്രമിച്ചത്. വിമര്‍ശകരെ വരെ ശ്രവിച്ചും ശ്രദ്ധിച്ചുമാണ് അത് എന്നും അതിന്റെ മൂലധനം സ്വരൂപിച്ചത്.  ഇങ്ങനെ നമുക്കൊരു ഇസ്‌ലാമിക പ്രസ്ഥാനമുണ്ട്.  അതിന്റെ തന്നെ പേജിലും വേദിയിലും സഭാമര്യാദകള്‍ പാലിച്ചുകൊണ്ട് നിങ്ങള്‍ക്കതിനെ വിമര്‍ശിക്കാം, നിരൂപണം ചെയ്യാം, കൂട്ടിച്ചേര്‍ക്കാം,  ശക്തിപ്പെടുത്താം.  കാരണം, അത് പ്രതിനിധീകരിക്കുന്ന ഇസ്‌ലാം സംഘടനയുടെ സ്വകാര്യസ്വത്തല്ല.  അതിന്റെ അടിത്തറയില്‍ അത് ലക്ഷ്യം വെക്കുന്ന മനുഷ്യവിമോചനവും എല്ലാവരുടെയും ആവശ്യമാണ്.  അതുകൊണ്ട് തന്നെ ഈ പ്രസ്ഥാനത്തില്‍ ആര്‍ക്കുമിടപെടാം.  എന്തെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും ഇത്തരമൊരു പ്രസ്ഥാനം നമുക്കുണ്ട് എന്നത് ഏതൊരു ഇസ്‌ലാം സ്‌നേഹിയെ സംബന്ധിച്ചും ജനാധിപത്യവാദിയെ സംബന്ധിച്ചും സന്തോഷകരമാണ്.  ആ സന്തോഷത്തിന്റെ പങ്കുവെയ്പായിരുന്നു കഴിഞ്ഞ ലക്കങ്ങളില്‍ പ്രബോധനത്തില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച. ഒരു പ്രസിദ്ധീകരണം എന്ന നിലക്ക് അത് അനിശ്ചിതമായി തുടരുന്നതിന് പ്രബോധനത്തിന് പരിമിതികള്‍ ഉണ്ടാവാം.  ഒരു സംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമി ഇത്തരം ചര്‍ച്ച മറ്റു രീതിയില്‍ തുടരാന്‍ തന്നെയാണ് സ്വാഭാവികമായും ആഗ്രഹിക്കുന്നത്.
മലയാളത്തിലെ ചില മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ നിരന്തരമായ ജമാഅത്ത് വിരുദ്ധ കാമ്പയിന്‍ ഇപ്പോള്‍ പ്രത്യേകമായി സംഘടിപ്പിക്കുന്നുണ്ട്. ഒരു മുജാഹിദ് ഗ്രൂപ്പാണ് ഇപ്പോള്‍ അതില്‍ ഓടി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. പ്രബോധനം ജമാഅത്തെ ഇസ്‌ലാമിയെത്തന്നെ ചര്‍ച്ചക്കെടുത്തപ്പോള്‍ ശബാബിന്റെ ഇക്കാലയളവിലെ ചര്‍ച്ചാ വിഷയവും ജമാഅത്തെ ഇസ്‌ലാമി തന്നെയായിരുന്നു.  അതില്‍ ചിലര്‍ ഇപ്പോഴും ഇസ്‌ലാമിസ്റ്റുകളായി തുടരുന്നവരാണ്.  ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശത്തെ തള്ളിപ്പറയാത്തവരാണ്.  നയനിലപാടുകളില്‍ വിയോജിപ്പുള്ളവരാണ്. മറ്റു ചിലര്‍ സാമൂഹിക മണ്ഡലത്തില്‍ ജമാഅത്തുമായും അതിന്റെ വിദ്യാര്‍ഥി യുവജനസംഘടനകളുമായും പ്രശ്‌നാധിഷ്ഠിതമായി സഹകരിക്കുന്നവരാണ്. ഈ പ്രശ്‌നമുഖത്തൊന്നും മുജാഹിദിന്റെ ഈ യുവസുഹൃത്തുക്കളെ കാണാറുമില്ല. ജമാഅത്തും ഇത്തരം സുഹൃത്തുക്കളും തമ്മിലെ വിശദാംശത്തിലെ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ താല്‍ക്കാലികമായ ചില അഭിപ്രായാന്തരങ്ങളെ ആഘോഷിക്കുന്നതില്‍ ഈ മുജാഹിദ് യുവതെക്കെന്താണ് കാര്യം? കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനം ആശയപരമായും പ്രായോഗികമായും ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്കും ചര്‍ച്ച ചെയ്യാനുള്ളത് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് തന്നെയാണ്.  കേരളത്തിലെ മുസ്‌ലിം മതസംഘടനകള്‍ ജമാഅത്ത് നോക്കി പ്രസ്ഥാനങ്ങളായി മാറുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. ജമാഅത്തിന്റെ ആദര്‍ശം പോലുമല്ല, അതിന്റെ സൂക്ഷ്മ നയനിലപാടുകളാണ് ഇതര സംഘടനാ പ്രസിദ്ധീകരണങ്ങളുടെ പ്രധാന ഇതിവൃത്തം. ഇതൊരു സംഘടന നേടിയെടുത്ത വളര്‍ച്ചയുടെ അടയാളം കൂടിയാണ്.

വിമര്‍ശനത്തിന്റെ സമകാലിക   പരിസരം
ജമാഅത്തെ ഇസ്‌ലാമി വളരെ ശക്തമായി വിമര്‍ശിക്കപ്പെടുന്ന സന്ദര്‍ഭമാണിത്.  ജമാഅത്തെ ഇസ്‌ലാമി പൊതു സമൂഹവുമായി ഏറ്റവുമടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ കാലവുമാണിത്. ഇവിടത്തെ പൊതുമണ്ഡലത്തിന്റെ ആരോഗ്യത്തിന് ഹാനികരമായ വാക്കോ പ്രവൃത്തിയോ ജമാഅത്തിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല.  എന്നല്ല, ജാതിമതഭേദമന്യേ മനുഷ്യരുടെ നിരവധി പ്രശ്‌നങ്ങളില്‍ നിരന്തരമായി അത് ഇടപെട്ടുകൊണ്ടിരിക്കുന്നു. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല എന്ന് മാത്രമല്ല, സാധ്യമാവുന്ന സേവനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏത് സംഘടനയായാലും അത് രാഷ്ട്രീയ സംഘടനയാവട്ടെ, മതസംഘടനയാവട്ടെ, അതിനാല്‍ അനാഥരാക്കപ്പെട്ടവരോ വിധവകളാക്കപ്പെട്ടവരോ ആയി ചിലരെങ്കിലും കേരളത്തിലുണ്ടാവും;  ഉണ്ട്.  ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചും പോഷക സംഘടനകളെക്കുറിച്ചുമുള്ള സാക്ഷ്യം നേര്‍വിപരീതമാണ്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്റെ ഇര ഉദയന്റെ അമ്മ പറയുന്നു: ''ഞങ്ങള്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം സോളിഡാരിറ്റിയാണ്. ആ അമ്മ നന്ദിയോടെ ഓര്‍ക്കുന്നു. വീടിന്റെ മുഴുവന്‍ ചെലവും പഠനച്ചെലവും പൂര്‍ണമായും വഹിക്കുന്നത് ഈ സംഘടനയാണ്. ഉദയന് നടക്കാന്‍ അവര്‍ നല്‍കിയ താങ്ങില്‍ ഊന്നിനടന്ന് അവന്‍ തന്റെ ആഹ്ലാദം ഞങ്ങളോട് പങ്കുവെച്ചു''  (മധുരാജ്, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ഡിസംബര്‍ 26).
എന്നിട്ടും മറ്റേതൊരു പ്രസ്ഥാനത്തേക്കാളും അത് വിമര്‍ശിക്കപ്പെടുന്നതിന് ഒറ്റക്കാരണമേ ഉള്ളൂ.  അത് സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നു എന്നതു മാത്രമാണ്. അതുകൊണ്ട് തന്നെ ഈ വിമര്‍ശനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയെ ഒട്ടും പ്രയാസപ്പെടുത്തുന്നില്ല. പൊതുമണ്ഡലത്തിലെ ഈ വിമര്‍ശനങ്ങളെ അത് സന്തോഷപൂര്‍വം എതിരേല്‍ക്കുന്നു.
ഇപ്പോള്‍ ജമാഅത്ത് വിമര്‍ശനം കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ രണ്ട് കാരണങ്ങളിലൊന്ന്  ആഗോള വ്യാപകമായി സാമ്രാജ്യത്വം ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന  ഇസ്‌ലാമോഫോബിയയാണ്. ഈ ചര്‍ച്ചക്ക് തുടക്കം കുറിച്ച് കൊണ്ട് ഡോ. പി.എ അബൂബക്കര്‍ സൂചിപ്പിച്ചത് പോലെ, ജമാഅത്ത് വിമര്‍ശകരില്‍ അധികപേരും യഥാര്‍ഥത്തില്‍ വിമര്‍ശിക്കുന്നത് ജമാഅത്തിനെയല്ല, ഇസ്‌ലാമിനെയാണ്. ഏറ്റവും ചുരുങ്ങിയത് സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെയെങ്കിലുമാണ്. മുസ്‌ലിം സമൂഹത്തിലെ സഹോദര സംഘടനകള്‍ അറിഞ്ഞും അറിയാതെയും അതിന് കോറസ് പാടുന്നു എന്നു മാത്രം.
1987 മുതല്‍ ജമാഅത്തെ ഇസ്‌ലാമി തുടര്‍ച്ചയായി ഇവിടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുന്നുണ്ട്. നേരത്തെ അത് ഉണ്ടാക്കാത്ത വിവാദങ്ങള്‍ ഇപ്പോള്‍ ഉണ്ടാവുന്നതിന്റെ ഒരു കാരണം സംഘടന നേടിയ വളര്‍ച്ചയും വിപുലമായ ജനശ്രദ്ധയുമാണ്. അതിനേക്കാള്‍ പ്രധാനമായ മറ്റൊരു കാരണം ഇപ്പോള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമോ ഫോബിയയാണ്. ഇസ്‌ലാമിനെ അതിന്റെ ഏറ്റവും സാന്ദ്രതയില്‍ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി തന്നെയാണ് അതിന്റെ ആക്രമണത്തിന് വിധേയനാവാന്‍ ഏറ്റവും യോഗ്യന്‍.
എതിര്‍പ്പിന്റെ തന്നെ മറ്റൊരു രൂപമാണ് തമസ്‌ക്കരണം. പ്രത്യേകിച്ച് മാധ്യമ തമസ്‌ക്കരണം. ജമാഅത്തും പോഷക സംഘടനകളും സംഘടിപ്പിക്കുന്ന ശ്രദ്ധേയമായ പൊതുജനോപകാര പ്രധാനമായ പരിപാടികളെ നമ്മുടെ മാധ്യമങ്ങള്‍ അവഗണിക്കാറാണ് പതിവ്. ഇസ്‌ലാമിക സാമൂഹികതയോടും രാഷ്ട്രീയത്തോടുമുള്ള ഭയവും ശത്രുതയും മാത്രമാണതിന് കാരണം. ഈ ശത്രുതയും ഭയവുമാകട്ടെ സാമ്രാജത്വം ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതുമാണ്. സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര മാധ്യമ പിന്തുണ ലഭിക്കുന്നില്ലെന്ന് ചില അഭ്യുദയകാംക്ഷികള്‍ പരിഭവം പ്രകടിപ്പിക്കാറുണ്ട്. ഇസ്‌ലാമിക സാമൂഹിക മുന്നേറ്റങ്ങളെ ഭയപ്പെടുന്ന സാമൂഹിക സാഹചര്യമാണ് ഈ തമസ്‌ക്കരണത്തിന്റെ യഥാര്‍ഥ കാരണം. ഇസ്‌ലാമിനു കൂടി സ്വതന്ത്രമായി പങ്കുചേരാവുന്ന പൊതുമണ്ഡലം രൂപപ്പെടുന്ന സമയത്ത് മാത്രമേ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ മാധ്യമ പിന്തുണ ലഭിക്കുകയുള്ളൂ. പ്രസ്ഥാനം ഈ അവഗണനക്കെല്ലാമിടയിലും നടത്തുന്ന മുന്നേറ്റങ്ങളും ബദല്‍ മാധ്യമങ്ങളിലൂടെ (പോസ്റ്റര്‍, തെരുവ്‌യോഗം, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, ജനസമ്പര്‍ക്ക പരിപാടികള്‍) അത് നേടിയെടുക്കുന്ന തുറസ്സും ജനപിന്തുണയും തുളകള്‍ വീഴ്ത്തുന്നത് ഇസ്‌ലാമോഫോബിയയുടെ ഘനാന്ധകാരത്തിനാണ്. പൊതുമണ്ഡലത്തില്‍ പ്രസ്ഥാനം വെക്കുന്ന ഓരോ ചുവടും അത് നേടുന്ന ചെറിയ വിജയവും ഇസ്‌ലാമോഫോബിയക്കേല്‍പ്പിക്കുന്ന പ്രഹരങ്ങളാണ്. ഇത്തരം നിരവധി മുന്നേറ്റങ്ങളിലൂടെയാണ് ഇസ്‌ലാം പേടിയുടെ ധൂമപടലം വകഞ്ഞുമാറ്റപ്പെടുക. ജമാഅത്തെ ഇസ്‌ലാമിക്കെതിരായ ആക്ഷേപത്തിനും അവഗണനക്കും അതിനുമപ്പുറത്തെ മാനങ്ങളുണ്ടെന്നര്‍ഥം. ജമാഅത്തെ ഇസ്‌ലാമി ഒരേസമയം ഇസ്‌ലാമോഫോബിയയുടെ ഇരയും അതിനെ പതുക്കെ പതുക്കെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന പടയാളിയുമാണ്.
പ്രസ്ഥാനം ഇപ്പോള്‍ തീവ്രമായി എതിര്‍ക്കപ്പെടുന്നതിന്റെ മറ്റൊരു കാരണം അത് പ്രായോഗിക രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. അഥവാ അതിന്റെ മുന്‍കൈയില്‍ ചില പ്രായോഗിക രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നു എന്നതാണ്. കിനാലൂര്‍ പ്രശ്‌നത്തിന്റെയും 'കോട്ടക്കല്‍ ഇടയലേഖന'ത്തിന്റെയും കാരണം പ്രായോഗിക രാഷ്ട്രീയ നീക്കങ്ങളാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശത്തിനോ ലക്ഷ്യത്തിനോ അടിസ്ഥാന സാഹിത്യങ്ങള്‍ക്കോ പുതുതായി എന്തോ സംഭവിച്ചതല്ല ഈ എതിര്‍പ്പിന്റെ കാരണം. മതവേഷമണിഞ്ഞാടുന്ന വിമര്‍ശന ശകാരകോലങ്ങളുടെ പിന്നിലുള്ളതും കക്ഷി രാഷ്ട്രീയം തന്നെയാണ്.
ഇസ്‌ലാമിന്റെ മൂല്യങ്ങളും വിമോചനപരതയും രാഷ്ട്രീയ മണ്ഡലത്തിലേക്ക് കൊണ്ടുവരിക എന്നത് അതിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതുവഴി ദൈവിക മൂല്യങ്ങളും നിയമങ്ങളും രാജ്യത്ത് സംസ്ഥാപിക്കുക എന്നതും. അതുകൊണ്ട് തന്നെ ഒരിക്കലും സമുദായത്തിലെ മറ്റു മതസംഘടനകളെ പോലെ സാമുദായിക കക്ഷി രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉപഗ്രഹ സംഘടനയായല്ല അത് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഏറ്റവും ശക്തമായി രംഗത്തുവരുന്നതും സ്ഥിരം ജമാഅത്ത് വിമര്‍ശകരുടെ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്നതും മുസ്‌ലിം ലീഗാണ്.
പക്ഷേ, ലീഗില്‍ നിന്ന് വിഭിന്നമായ രാഷ്ട്രീയ നിലപാടുകള്‍ ജമാഅത്ത് സ്വീകരിക്കുന്നു എന്നത് പുതിയ സംഭവവികാസമല്ല. വിഭജനം മുതല്‍ അടിയന്തരാവസ്ഥവരെയും തര്‍ക്കഭൂമിയില്‍ നടന്ന ശിലാന്യാസം മുതല്‍ ഐസ്‌ക്രീം പാര്‍ലര്‍വരെയും ഇതിന്റെ പൂര്‍വ ദൃഷ്ടാന്തങ്ങളാണ്. അത്തരമൊരു രാഷ്ട്രീയം കുറേക്കൂടി പ്രായോഗിക രൂപത്തിലേക്ക് വികസിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. അതിന്റെ സ്വാഭാവിക സംഘര്‍ഷങ്ങള്‍ മാത്രമാണ് ലീഗിനും ജമാഅത്തിനുമിടയില്‍ നടക്കുന്നത്. അതില്‍ ലീഗ് ഇസ്‌ലാമോഫോബിയയുടെ സാധ്യതകളെ പരമാവധി ജമാഅത്തിനെതിരെ പ്രയോജപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നുമാത്രം.
ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെല്ലാം അവയുടെ ചരിത്രത്തിലെ രണ്ടാംദശ എന്ന അര്‍ഥത്തില്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. അത് സ്വാഭാവികമായും അങ്ങേയറ്റം ബഹുസ്വരവും മാനവികവുമാണ്. ശരിയായ ഇസ്‌ലാമിക രാഷ്ട്രീയത്തിന് അങ്ങനെയാവാനേ കഴിയൂ.
മാഫിയാരാഷ്ട്രീയം മതമൂല്യങ്ങളുടെ ഈ രാഷ്ട്രീയവല്‍ക്കരണത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതില്‍ പ്രത്യേകിച്ചൊരത്ഭുതത്തിനും വകയില്ല. ഇത്തരമൊരു സംഘര്‍ഷം ഇസ്‌ലാമിക സാമൂഹിക പ്രസ്ഥാനത്തിന് നീട്ടിവെക്കാന്‍ കഴിയുമായിരുന്നില്ല. അതിലൂടെ കടന്നുപോവുകയും അതിജീവിക്കുകയും ചെയ്യുക എന്നതു തന്നെയാണ് അതിന്റെ ചരിത്ര ദൗത്യം. മതമൂല്യങ്ങളുടെ രാഷ്ട്രീയവല്‍ക്കരണമെന്നത് രാജ്യത്തോടും ജനങ്ങളോടും അതിനു നിര്‍വഹിക്കാനുള്ള അടിയന്തര കര്‍ത്തവ്യമാണ്.
ശക്തിപ്പെടുന്ന ജമാഅത്ത് വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ഇത്തരമൊരു സ്ഥൂല രാഷ്ട്രീയം മാത്രമല്ല ശക്തമായ ചില സൂക്ഷ്മ രാഷ്ട്രീയങ്ങളുമുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനം വെല്ലുവിളിയായിത്തീരുന്നത് സാമ്രാജ്യത്വത്തിനു മാത്രമല്ല, ഇവിടത്തെ സവര്‍ണ ഏക സംസ്‌ക്കാരവാദത്തിനു കൂടിയാണ്. അതേപോലെ ഭരണകൂട ഭീകരതയെ ധീരമായി ചെറുക്കാന്‍ ശ്രമിക്കുന്ന, അത്തരം ശ്രമങ്ങളെ ധീരമായി ചെറുക്കുന്നതിന് നിര്‍ലോഭമായി പിന്തുണക്കുന്ന ഒരു ഗ്രൂപ്പ് എന്ന നിലയില്‍ ഭരണകൂട ഭീകരതയുടെ ഏജന്‍സികളുടെ എക്കാലത്തെയും പ്രധാന ശത്രുവാണ് ഈ പ്രസ്ഥാനം.  ഇപ്പോള്‍ ഭരണകൂട ഭീകരതയും അതിനെതിരായ ചെറുത്തുനില്‍പ്പുകളും ശക്തിപ്പെട്ട സാഹചര്യത്തില്‍ ആ എതിര്‍പ്പിന്റെ വീര്യവും വര്‍ധിച്ചിരിക്കുന്നു. കേരളത്തിലെ സ്ഥിരം ജമാഅത്ത് വിമര്‍ശകരെ പരിശോധിച്ചാല്‍ അവര്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരായാലും, ദേശീയം എന്ന ചെലവില്‍ സവര്‍ണ, മൃദുഹിന്ദുത്വ താല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുന്നവരാണെന്നു കാണാന്‍ കഴിയും. അവര്‍ ദുര്‍ബല ജനവിഭാഗത്തെ വേട്ടയാടുന്ന ഭരണകൂടത്തിന്റെ പൊതുസമൂഹ പ്രതിനിധികളാണ്. മലയാളത്തിലെ പ്രമുഖനായ ഒരു ജമാഅത്ത് വിമര്‍ശകന്റെ, ഈയിടെ പുറത്ത് വന്ന ജമാഅത്ത് വിമര്‍ശന പുസ്തകം പ്രമോട്ട് ചെയ്യുന്ന ഏജന്‍സികളിലൊന്ന് സര്‍ക്കാര്‍ ഇന്റലിജന്‍സ്. ഭരണകൂട ഭീകരതയുടെ ശാസ്ത്രീയ വിതരണക്കാരാണിവര്‍. വ്യാജ ഇടതുപക്ഷ വേഷമിട്ട്, ജനതക്കെതിരെ യുദ്ധം ചെയ്യുന്ന ഭരണകൂടത്തിന്റെ പേറോളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരം വിമര്‍ശകര്‍.
ഈ രണ്ട് സാമൂഹിക വിരുദ്ധശക്തികളുടെയും വേട്ടയാടലുകള്‍ അനുഭവിക്കുന്നതിലും ജമാഅത്തെ ഇസ്‌ലാമിക്ക് ഹൃദയം നിറഞ്ഞ സന്തോഷം മാത്രമേയുള്ളൂ. മാവോ സേതുങ് പറഞ്ഞ പോലെ, ശത്രുവിനാല്‍ എതിര്‍ക്കപ്പെടുക എന്നത് ഒരു മോശം കാര്യമല്ല. ഈ പ്രതിലോമശക്തികളാല്‍ രൂക്ഷമായി എതിര്‍ക്കപ്പെടാന്‍ മാത്രം ജമാഅത്ത് സാമൂഹിക പ്രസക്തമാണ് എന്നതില്‍ സംഘടനക്ക് സന്തോഷമുണ്ട്. ജമാഅത്ത് വിരോധത്തിന്റെ സാമൂഹിക പശ്ചാത്തലവും മനശ്ശാസ്ത്രവും ഇനിയും ആഴത്തില്‍ പഠിക്കപ്പെടേണ്ടതുണ്ട്. അവയില്‍ മിക്കതും ഒരിക്കലും കേവല സംഘടനാ വിമര്‍ശനങ്ങള്‍ അല്ല.
ഈ ചര്‍ച്ചയില്‍ ആരോഗ്യകരമായ പല നിരൂപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പല വീക്ഷണങ്ങളുള്ളവര്‍ പങ്കുചേരുന്ന ഒരു ചര്‍ച്ച എന്ന നിലയില്‍ അവക്കിടയില്‍ വൈരുധ്യങ്ങള്‍ ഉണ്ടാവുക എന്ന സ്വാഭാവികതയും ഇവിടെ ഉണ്ട്. പാരമ്പര്യം എന്ന പേരില്‍ അരങ്ങുവാണ ജീര്‍ണതകള്‍ക്കെതിരായ തീക്ഷ്ണ പോരാട്ടത്തിനിടയില്‍ പാരമ്പര്യവുമായി ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഉണ്ടാവേണ്ടിയിരുന്ന ജൈവികമായ ബന്ധത്തിന് കുറച്ചിലുകള്‍ സംഭവിച്ചിട്ടുണ്ട്. അത് പരിഹരിക്കാന്‍ ദേശീയ തലത്തില്‍ തന്നെ സംഘടന ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്.
ആത്മീയതയെക്കുറിച്ച് പറയുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ പ്രവര്‍ത്തനത്തിനിടയില്‍ സവിശേഷമായ ഒരാത്മീയ സംസ്‌ക്കാരം വളര്‍ത്തിയെടുത്തിട്ടുണ്ട്. ഇബ്‌റാഹീം ബേവിഞ്ച സൂചിപ്പിച്ചപോലെമതസംഘടനകള്‍ വരെ അധികാരപ്പോരില്‍നെടുകെപിളരുമ്പോള്‍, പിളര്‍പ്പിന്റെ ദുര്‍ഗന്ധം കാരണം സമൂഹം ഇസ്‌ലാമിക സംഘടനകളെയും നേതാക്കന്മാരെയും വെറുക്കുന്ന കാലത്ത് ഒരാഭ്യന്തര സംഘര്‍ഷവുമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയുന്നത് സംഘടനയുടെ ഈ ആത്മീയ ബലം കൊണ്ടാണ്.
ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധത്തിന്റെ സംസ്‌കാരം പ്രായോഗിക തലത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംഭാവന ചെയ്തിട്ടുണ്ട്. സ്ത്രീയെ ശരീരം മാത്രമായി നോക്കികാണുന്ന പുരോഹിത വീക്ഷണത്തിനും മുതലാളിത്തക്കാഴ്ചക്കുമെതിരായ സമരവും തിരുത്തുമാണ് ജമാഅത്ത് വിജയകരമായി വളര്‍ത്തിയെടുത്ത ഈ സ്ത്രീ പുരുഷ ബന്ധ സംസ്‌കാരം. ആണും പെണ്ണും ഒരുമിച്ചു ചേര്‍ന്നാല്‍ നടക്കുക ആഭാസകരമായ കാര്യങ്ങളാണെന്ന സംസ്‌കാര ശൂന്യതയുടെ മനോഘടനയെ പ്രായോഗിക മാതൃകയിലൂടെ തകര്‍ക്കാനാണ് ജമാഅത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതും ലോകവ്യാപകമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നല്‍കിയ സാംസ്‌കാരിക സംഭാവനയാണ്. ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധം സാംസ്‌ക്കാരത്തിന്റെ ഏറ്റവും വലിയ സൂചകമാണ്. ഇസ്‌ലാമിന്റെ ഇത്തരമൊരു പ്രായോഗികാവിഷ്‌ക്കാരം ജമാഅത്ത് നിരന്തരം നിര്‍വഹിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്‌ലാം വിമര്‍ശകരുടെ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് പ്രായോഗികമായ മറുപടി ഇതില്‍ ഉള്ളടങ്ങിയിട്ടുണ്ട്.
പ്രബോധനം പല ചര്‍ച്ചകള്‍ക്കും വേദിയൊരുക്കിയിട്ടുണ്ട്. ഇപ്പോള്‍ പ്രസ്ഥാനത്തെക്കുറിച്ചു തന്നെയുള്ള ഒരു പരമ്പരയായി എന്നുമാത്രം. ഈ ചര്‍ച്ചയെയും പ്രയോജനപ്പെടുത്തി പ്രസ്ഥാനം അതിന്റെ പ്രയാണം തുടരും. മനുഷ്യന്റെ എല്ലാ ആവിഷ്‌ക്കാരത്തിനും ഒരു അപൂര്‍ണതയുണ്ട്. അതിനെ പൂര്‍ണമാക്കാനുള്ള തീരാത്ത ദാഹമാണ് അവന്റെ ഊര്‍ജസ്രോതസ്സ്. ദൈവിക മാര്‍ഗദര്‍ശനത്തെ നമ്മുടെ സാമൂഹിക സന്ദര്‍ഭത്തിനകത്ത് ആവിഷ്‌ക്കരിക്കുകയാണ്, പ്രതിനിധാനം ചെയ്യുകയാണ് ഇസ്‌ലാമിക പ്രസ്ഥാനം ചെയ്യുന്നത്. മനുഷ്യന്റെ പരിശ്രമം എന്ന നിലക്കുള്ള അതിന്റെ അപൂര്‍ണതയെ, പോരായ്മയെ ദൈവിക വെളിച്ചത്തിലേക്ക് നിരന്തരം നവീകരിക്കേണ്ടതുണ്ട്, വളര്‍ത്തേണ്ടതുണ്ട്. അപൂര്‍ണതയില്‍ നിന്ന് പൂര്‍ണതയിലേക്കുള്ള, ഒരിക്കലും പൂര്‍ത്തിയാവാത്ത നിരന്തര പ്രയാണമാണ് മനുഷ്യന്റെ നൈതികവും ദൈവികവുമായ ഏത് സര്‍ഗാവിഷ്‌ക്കാരവും. അപൂര്‍ണതയുടെ പൂര്‍ണതയിലേക്കുള്ള ഈ സഞ്ചാരവഴിയില്‍ എല്ലാ നിരൂപകരും വിമര്‍ശകരും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ  സഹായികളാണ്.