Friday, June 22, 2012

എന്തുകൊണ്ട് കുലംകുത്തി
ടി.പി ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ച് പഠിക്കുമ്പോള്‍ വധത്തിനു മുമ്പും ശേഷവും പിണറായി വിജയന്‍ ടി.പി.ചന്ദ്രശേഖരനേയും അദ്ദേഹത്തിന്റെ ഗ്രൂപ്പിനേയും കുറിച്ച് നടത്തിയ ഒരു പരാമര്‍ശം ഏറെ പ്രധാനമാണ്. അത് പാര്‍ട്ടിക്കകത്തും പുറത്തും വിവാദ വിധേയവുമാണ്. അവര്‍ കുലംകുത്തികളാണെന്ന പ്രസ്താവനയാണത്. വര്‍ത്തമാന മാര്‍ക്കിസ്റ്റ് പാര്‍ട്ടിയെ പഠിക്കാന്‍ ഉപകരിക്കുന്ന ഒരു പഠന സാമഗ്രിയാണത്.
കുലംകുത്തി എന്നത് ഒരു യാദൃശ്ചിക വാക്യമല്ല. ഈ പ്രശ്‌നത്തിന്റെ ചില അടിസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ശബ്ദമാണ്. കുല/കുടുംബ/ ഗോത്ര വഞ്ചനക്കാരെയാണ് ആ പദാവലി ഉള്‍ക്കൊള്ളുന്നത്. ചന്ദ്രശേഖരന്റെ വധത്തിനു ശേഷം പിണറായി വിജയന്‍ ഇതേ രീതിയില്‍ അത് വിശദീകരിക്കുകയും ചെയ്തരുന്നു. നിങ്ങളുടെ കുടുംബത്തിനെതിരായി കുടുംബത്തിലുള്ള ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവരെ നിങ്ങളെന്താണ് വിളിക്കുക എന്നാണ് ചന്ദ്രശേഖരന്‍ വധത്തെതുടര്‍ന്ന് നടത്തി പത്രസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചത്. അവര്‍ കുലംകുത്തികളാണ് പിണറായി വിജയനെ സംബന്ധിച്ചെടുത്തോളം തന്നെ കുലംകുത്തി എന്ന വാക്ക് പ്രസക്തമാവുന്ന കുടുംബമൂല്യത്തിന്റെ ആശയപരിസരത്താണ്്.
ഈ രാക്കൊല ഒരു കുടുംബപോരിന്റെ ഭാഗമാണെന്ന് തെളിയിക്കുന്നതാണ് പിണറായിയുടെ പ്രസ്താവന. പിണറായിയും പാര്‍ട്ടിയും പാര്‍ട്ടിയെ മനസ്സിലാക്കുന്നത് ഒരു ഗോത്രമായാണ്. ഒരു വംശമായാണ്. വംശം ജന്മംകൊണ്ട് തന്നെ കൂറുണ്ടാവേണ്ട സാമൂഹ്യ സ്ഥാപനമാണ്. അതില്‍ നിന്നു പുറത്തു പോവുക അസാധ്യമാണ്. വംശവഞ്ചകരെ വംശങ്ങള്‍ വെറുതെ വിടാറില്ല. വ്യക്തിയുടെ സ്വാതന്ത്ര്യത്തേക്കാള്‍ വംശത്തിന്റെ അഭിമാനമാണ് അതിന് ഏറ്റവും പ്രധാനം. വംശത്തിന്റെ മാനം കെടുത്തുന്നവരെ വംശീയ സമൂഹങ്ങള്‍ കൊലപ്പെടുത്തും. ആ അര്‍ത്ഥത്തില്‍ ചന്ദ്രശേഖരന്റെ കൊലപാതകം ഒരു അഭിമാന കൊലയാണ്.(ഒീിമീൃ ഗശഹഹശിഴ)
ചന്ദ്രശേഖരന്റെ രാഷ്ട്രീയത്തോട് നിങ്ങള്‍ വിയോജിച്ചാലും യോജിച്ചാലും പിണറായി വിജയന്റെ കുലംകുത്തി പ്രയോഗത്തോട് വിയോജിക്കേണ്ടിവരും. കാരണം, ജനാധിപത്യപരമായ അര്‍ത്ഥത്തില്‍ വിശകലനം ചെയ്താല്‍ ചന്ദ്രശേഖരനും അദ്ദേഹം നേതൃത്വം നല്‍കിയ ഗ്രൂപ്പും ഒരുകാരണവശാലും കുലംകുത്തികളല്ല. അവര്‍ക്ക് പാര്‍ട്ടിയുടെ നയസമീപനങ്ങളില്‍ വിയോജിപ്പുണ്ടായി. അവരത് പാര്‍ട്ടിക്കകത്ത് ഉന്നയിച്ചു. അവരെ സംബന്ധിച്ചെടുത്തോളം അതിന് പരിഹാരങ്ങള്‍ ഉണ്ടായില്ല. അവര്‍ പുറത്തുവന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. ഇവരെങ്ങെനെയാണ് കുലംകുത്തികളാവുക. പാര്‍ട്ടിക്കകത്തുതന്നെ നിന്ന് പാര്‍ട്ടിയെ എതിര്‍ക്കാനും തോല്‍പ്പിക്കാനുമായിരുന്നു അവര്‍ ശ്രമിച്ചിരുന്നതെങ്കില്‍ ഒരര്‍ത്ഥത്തില്‍ അവരെ കുലംകുത്തികള്‍ എന്നുവിളിക്കാമായിരുന്നു. അപ്പോള്‍ അങ്ങനെ പുറത്തുപോകാനുള്ള അവകാശത്തെതന്നെയാണ് കുലംകുത്തി എന്ന ഹിംസാത്മക പ്രയോഗത്തിലൂടെ പിണറായി വിജയന്‍ ചോദ്യം ചെയ്യുന്നത്. കാരണം പിണറായി വിജയനെ സംബന്ധിച്ചെടുത്തോളം മാര്‍ക്കിസ്റ്റ് പാര്‍ട്ടി എന്നത് ഒരു വംശത്തിന്റെ പേരാണ്.
ആദര്‍ശം ചോരുമ്പോള്‍ ഏത് സാമൂഹ്യ കൂട്ടായ്മയും വെറും വംശമായി ന്യൂനമാവും. രക്തബന്ധത്തിന്റെ പേരില്‍ മാത്രമല്ല, മറ്റു രീതികളിലും വംശങ്ങള്‍ പിറക്കാറുണ്ട്. ആധുനിക ദേശരാഷ്ട്രത്തെക്കുറിച്ച് വംശീയമായ കാഴ്ചപ്പാടുകള്‍ വളരെ പ്രബലമാണല്ലോ? ഫാഷിസമെന്ന ഏറ്റവും ഭീകരമായ രാഷ്ട്രീയനുഭത്തിന്റെ ഉറവിടം രാഷ്ട്രത്തെക്കുറിച്ച വംശീയ വാദമാണ്. അങ്ങനെയാണ് അവിടെ ദേശവംശത്തിനപ്പുറമുള്ള ജൂതര്‍ക്ക് ഗ്യാസ് ചേമ്പറിലേക്ക് വരിനില്‍ക്കേണ്ടി വന്നത്. ഒന്നും രണ്ടും ലോകയുദ്ധങ്ങളുടെ നഴ്‌സറിയും ഫാഷിസമെന്ന വംശീയ രാഷ്ട്രീയ പ്രത്യയ ശാസ്ത്രമാണ്.
ആധുനിക രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപപ്പെട്ടതുതന്നെ വംശങ്ങളെ പല അര്‍ത്ഥത്തില്‍ ആന്തരിക വല്‍ക്കരിച്ചുകൊണ്ടാണ്. ചില വംശങ്ങളില്‍ ഊന്നിയും അതിന്റെ വംശീയാഭിലാഷങ്ങളെ തൃപ്തിപ്പെടുത്തിയുമാണ്. ഗോത്രസമൂഹങ്ങളില്‍ പലതിനും അതിന്റേതായ ഉദാത്ത മൂല്യങ്ങള്‍ ഉണ്ടായിരുന്നു. അതിനെയല്ല പാര്‍ട്ടികള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ഗോത്ര പോരിനേയും അതിന്റെ പകയുടെ പാരമ്പര്യത്തെയുമാണ്.
കാര്യങ്ങള്‍ തല്ലിതീരുമാനിക്കുന്നതിനു പകരം കൂടിയാലോചിച്ചും അഭിപ്രായ സമാഹരണം നടത്തിയും തീരുമാനിക്കുന്ന ജനാധിപത്യ രീതി ഔപചാരികമായി സ്വീകരിച്ച ശേഷവും ഈ ഗോത്രശീലത്തെ മാര്‍ക്കിസ്റ്റു പാര്‍ട്ടിക്കടക്കം മറികടക്കാന്‍ കഴിയുന്നില്ല.
പണറായി വിജയന്റെ ശരീരഭാഷ പോരുനടത്തുന്ന ഒരു ഗോത്രത്തലവന്റേതാണ്. പിണറായി എപ്പോഴും സംസാരിക്കുന്നത് സ്വന്തം ഗോത്രത്തോടാണ്. ഒരിക്കലും പൊതുസമൂഹത്തോടല്ല. പിണറായി വിജയന്‍ അഭിസംബോധന ചെയ്യാത്ത പൊതുസമൂഹത്തെയാണ് വി.എസ് അച്യുതാനന്ദന്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത്. പിണറായി സൃഷ്ടിച്ച ഒരു ഒഴിവ് നികത്തി പിണറായിക്ക് തിരിച്ചടി നല്‍കാനാണ് വി.എസ് ശ്രമിച്ചു പോരുന്നത്. അങ്ങനെയാണ് പാര്‍ട്ടിക്കകത്തെ പോരിനിടയില്‍ പിണറായി പാര്‍ട്ടിയുടെ ആളും വി.എസ് പൊതുസമൂഹത്തിന്റെ ആളുമായി വിഭജിതമായത്.
മാര്‍ക്കിസ്റ്റ് പാര്‍ട്ടി വിട്ടവരെ വധിക്കുന്നരീതി പാര്‍ട്ടിക്കില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. എം.വി രാഘവനേയും ഗൗരിയമ്മയേയും അവര്‍ ജീവിക്കുന്ന ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. എം.വി രാഘവനെ അവര്‍ വേട്ടയാടിയിട്ടില്ല എന്നു പറയുന്നത് വസ്തുതാപരമായി ശരിയല്ല. അതിനപ്പുറം ഈ വിമതരെല്ലാം വലതുപക്ഷ പാളയത്തിലേക്ക് പോവുകയാണുണ്ടായത്. വലതുപക്ഷരാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തി വേട്ടയാടലിനെ മറികടക്കുന്ന വിതാനങ്ങളിലേക്കവര്‍ വളരുകയും ചെയ്തു. എന്നാല്‍ ഓഞ്ചിയം ഗ്രൂപ്പ് വലതുപക്ഷത്തേക്ക് പോവാതെ, കോണ്‍ഗ്രസുമായി ബാന്ധവം സ്ഥാപിക്കാതെ സ്വതന്ത്രമായി നിലയുറപ്പിക്കാനും തങ്ങളാണ് യഥാര്‍ത്ഥ കമ്യൂണഇസ്റ്റുകള്‍ എന്നവകാശപ്പെടാനുമാണ് ശ്രമിച്ചത്. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ പാരമ്പര്യത്തേയും അവര്‍ അനന്തരമെടുക്കാന്‍ ശ്രമിച്ചു. അത് പ്രായോഗികതലത്തില്‍ പ്രാദേശികമായി വിജയിക്കുകയും ചെയ്തു. ഇതിനോടുള്ള പകയായിരിക്കും കൊലപാതകത്തില്‍ കലാശിച്ചത്. പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരമൊരു അറുകൊല ചെയ്യുമോ എന്ന ചോദ്യം പ്രസ്‌കമാണ്. പക്ഷെ, പകക്ക് ലാഭനഷ്ടവിചാരങ്ങളില്ല എന്നതാണ് വസ്തുത. പകപ്പോരുകളില്‍ എരിഞ്ഞുതീര്‍ന്ന എത്രയോ വംശങ്ങളുടേയും ഗോത്രങ്ങളുടേയും ചരിത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.
ശരിയായാലും തെറ്റായാലും എന്റെ കുലം എന്നതാണ് വംശീയതയുടെ തത്വശാസ്ത്രം. അവിടെ ശരിക്കും തെറ്റിനും വംശതാല്‍പ്പര്യത്തിനുമപ്പുറം മാനങ്ങളും മാനദണ്ഡങ്ങളുമില്ല. ആധുനിക ദേശരാഷ്ട്രത്തെ വംശീയതയായി പരിവര്‍ത്തിപ്പിച്ച ഹിറ്റ്‌ലര്‍ പറഞ്ഞത് അതായിരുന്നു, ഭശരിയായാലും തെറ്റായാലും എന്റെ രാജ്യം'. ഇത് വംശീയതയുടെ അടിസ്ഥാന ആദര്‍ശവാക്യമാണ്. ചന്ദ്രശേഖരന്‍ വധത്തിനുശേഷം പാര്‍ട്ടിക്കകത്ത് വി.എസ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഇടപെട്ടുകൊണ്ട് പ്രമുഖനായ പിണറായി പക്ഷ ബുദ്ധിജീവി സ്റ്റാലിന്റെ ഒരു വാചകം മടിച്ചുമടിച്ചാണെങ്കിലും അനുസ്മരിക്കുകയുണ്ടായി. ഭഭപാര്‍ട്ടിക്കു പുറത്ത് ശരി ചെയ്യുന്നതിനേക്കാള്‍ ഞാനിഷ്ടപ്പെടുന്നത് പാര്‍ട്ടേയോടൊപ്പം തെറ്റു ചെയ്യുന്നതാണ്''. ശരിതെറ്റുകളുടെ അത്യന്തിക മാനദണ്ഡം പാര്‍ട്ടി എന്ന കുലമായിത്തീരുകയാണിവിടെ.
എല്ലാ പ്രവാചകന്മാരും എതിരിട്ടത് ഈ കുലമൂല്യബോധത്തെയാണ്. കുലനീതിക്കുപകരം ദൈവനീതിയേയും അതിന്റെ തന്നെ ഭാഗമായ മാനവികനീതിയേയുംകൊണ്ട് ഗോത്രനീതികളെ നേരിടാനാണവര്‍ ശ്രമിച്ചത്. മഹാഭാരതയുദ്ധം കുടുംബപ്പോരല്ല, ധര്‍മയുദ്ധമാണെന്ന് പഠിപ്പിക്കാനാണ് ഗീതയിലൂടനീളം കൃഷ്ണന്‍ ശ്രമിക്കുന്നത്. കൗരവപക്ഷത്തുള്ളവര്‍ക്കും പാണ്ഡവപക്ഷത്തേക്കു വരാം എന്ന് പലവുരു വ്യക്തമാക്കുന്നുണ്ട്. കാരണം ഇത് ഗോത്രയുദ്ധമല്ല ധര്‍മയുദ്ധമാണ്. ഞാന്‍ അപ്പനെ മകനെതിരിലും മകനെ അപ്പനെതിരിലും തെറ്റിക്കാന്‍ വന്നവനാണെന്ന യേശുവിന്റെ വചനത്തിന്റെ അര്‍ത്ഥവുമതാണ്. നിന്റെ സഹോദരനെ തെറ്റില്‍ സഹായിക്കലാണ് പക്ഷപാതിത്വം അല്ലെങ്കില്‍ വര്‍ഗ്ഗീയത എന്ന് പ്രവാചകന്‍ മുഹമ്മദ് പഠിപ്പിക്കുമ്പോള്‍ അവിടെ നിന്ന് ഒരു ചുവടുകൂടി കടന്ന് പക്ഷപാതിത്തിനുവേണ്ടി കൊന്നവനും കൊല്ലപ്പെട്ടവനും നമ്മളില്‍പ്പെട്ടവരല്ലെന്ന് പറയുമ്പോള്‍ കലഹിക്കുന്നത് ഈ ഗോത്രമൂല്യബോധത്തിനെതിരെ തന്നെയാണ്.
എല്ലാതരം വര്‍ഗീയതയുടേയും അന്യവിദ്വേഷത്തിന്റേയും വേര് ഈ കുലമൂല്യബോധമാണ്. മൂല്യത്തിനുപകരം കുലം എന്നിടത്താണ് ഏത് സാമൂഹ്യശക്തിയും അപകടകാരിയായിത്തീരുന്നത്. ആത്മീയതയുടെ എതിര്‍പദമാണ് വര്‍ഗീയത എന്ന് സച്ചിദാനന്ദന്‍ നിരീക്ഷിക്കുന്നുണ്ട്. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ ആത്മീയമായ പരാജയത്തിന്റെ സ്വയം വിളംബരമാണ് കുലംകുത്തി എന്ന തെറിവിളി. എതിരാളിയെ നേരിടാനുള്ള ആത്മീയമായ കരുത്തില്ലാത്തതുകൊണ്ടാണ് അവരെ കൊലക്കത്തികൊണ്ട് നേരിടേണ്ടി വരുന്നത്. എന്നിട്ട് അത് ഏറ്റെടുക്കാന്‍ പോലുമാവാതെ പിന്നെയും ആത്മവഞ്ചന നടത്തേണ്ടി വരുന്നത്.
പിണറായി വിജയന്റെ വിജയം ഒരു ലജ്ജയുമില്ലാതെ പാര്‍ട്ടി എന്ന കുലത്തിന്റെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, സംരക്ഷിക്കുന്ന നേതാവാണദ്ധേഹമെന്നതാണ്. ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ലെന്ന് മലയാളത്തിലെ മാധ്യമങ്ങളെ നോക്കിപ്പറയുമ്പോള്‍ പാര്‍ട്ടിക്കാര്യം ഞങ്ങളുടെ കുടുംബ/വംശ കാര്യമാണെന്നാണ് പിണറായി പറയാന്‍ ശ്രമിക്കുന്നത്.
ജീവിതത്തിന് ചില മര്യാദകളുണ്ട്. മരണത്തിന് വേറെ മര്യാദകളുണ്ട്. അത് ജീവിതത്തിന്റെ മര്യാദകളേക്കാള്‍ വികാരതരളവുമാണ്. എന്നിട്ടും ടി.പിയുടെ നിഷ്ഠൂരവും ദാരുണവുമായ കൊലയുടെ സന്ദര്‍ഭത്തില്‍, മൃതശരീരം മറമാടും മുമ്പ് പിണറായി കുലംകുത്തി എന്ന തന്റെ പ്രയോഗം ആവര്‍ത്തിച്ചു. പാര്‍ട്ടിക്ക് പുറത്തുള്ള പൊതുസമൂഹത്തിനത് രസിക്കും എന്ന് കരുതിയാവില്ല പിണറായി അത് പറഞ്ഞത്. പാര്‍ട്ടി പ്രതിസന്ധിയിലായ ഈ ഘട്ടത്തില്‍ പാര്‍ട്ടിക്കാരെ ആവേശം കൊള്ളിക്കാനാണ്. അവര്‍ ആവേശം കൊള്ളുന്നുണ്ടോ എന്നത് മറ്റൊരു കാര്യമാണ്. കേരളത്തിലെ മാര്‍ക്കിസ്റ്റ് പാര്‍ട്ടി ഇപ്പോഴും ഒരു കേവല വംശീയ സമൂഹമായി മാറിത്തീര്‍ന്നിട്ടില്ല എന്നതാണിതിനു കാരണം. വംശത്തിന്റെ ഒരു സവിശേഷത അതിനകത്തുള്ളവരുടെ/ അതിലെ പ്രബലരുടെ ഏത് നിക്ഷിപ്ത താല്‍പ്പര്യത്തേയും സംരക്ഷിക്കുന്ന സംഘാതമാണതെന്നതാണ്.
പിണറായി മാത്രമല്ല, ഇടുക്കി ജില്ലാസെക്രട്ടറി എം.എം മണിയുടെ കുപ്രസിദ്ധമായ മണക്കാട് പ്രസംഗത്തെ ഒരപകടമാക്കി മാറ്റിയത് അതിന്റെ അഭിസംബോധിതര്‍ പാര്‍ട്ടിക്കാര്‍ മാത്രമായിരുന്നു എന്നതാണ്. ഈ നിരീക്ഷണം മണിയുടെ പ്രസംഗത്തിനുള്ള ന്യായവാദമായി സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം കെ.കെ ശൈലജ തന്നെ ഏറ്റു പറയുന്നുണ്ട്. ഭഭഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസംഗം പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാന്‍ മാത്രമാണെന്നും അങ്ങനെ സംസാരിച്ചാല്‍ മാത്രമേ ഇടുക്കി ജില്ലയിലെ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെടുകയുള്ളൂ (മാതൃഭൂമി ദിനപത്രം, കോഴിക്കോട് 2012 ജൂണ്‍ 2) ഇടുക്കിയിലെ പാര്‍ട്ടിയെ അല്ലെങ്കില്‍ പട്ടിയിലെ തന്റെ അഭിസംബോധിതരെയെങ്കിലും സമ്പൂര്‍ണ്ണമായി വംശീയവല്‍ക്കരിക്കുന്നതില്‍ എം.എം മണി വിജയിച്ചിരിക്കുന്നു എന്നാണ് ശൈലജ ടീച്ചര്‍ സാക്ഷ്യപ്പെടുത്തുന്നത്.
മാധ്യമങ്ങള്‍ വി.എസിനെ പാര്‍ട്ടിക്കതീതനും ചരിത്രനിരപേക്ഷനും സാമൂഹ്യബന്ധവിമുകതനുമായ മിത്താക്കി മാറ്റുകയാണെന്ന് പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷ ബുദ്ധിജീവികള്‍ നിരൂപിക്കാറുണ്ട്. ഇതില്‍ വലിയ ശരികളുമുണ്ട്. ഇന്നു കാണുന്ന വി.എസ് അല്ലെങ്കില്‍ വി.എസ് എന്ന നിമ്മിതി എങ്ങനെ സാധ്യമായി എന്നുകൂടി ആലോചിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. ജനകീയ താല്‍പ്പര്യത്തില്‍ നിന്നും സമരമുഖങ്ങളില്‍ നിന്നും മുഖം തിരിക്കുന്ന, ഫാഷിസ്റ്റ് പ്രവര്‍ണതകള്‍ പ്രകടിപ്പിക്കുന്ന, മാധ്യമങ്ങള്‍ക്കും നിയമവാഴ്ചക്കുമെതിരെ കൊലവിളി നടത്തുന്ന ഒരു പാര്‍ട്ടികൂടിയാണ് ഈയൊരു വി.എസിനെ സാധ്യമാക്കിയത്.
വലതുപക്ഷവും മാധ്യമങ്ങളും സി.പി.ഐ.എമ്മിനെ തകര്‍ക്കാന്‍ ചരിത്രനിരപേക്ഷനായ ഒരു വി.എസിനെ നിര്‍മ്മിക്കുന്നു എന്നതിന്റെ മറുവശമെന്താണ്? പാര്‍ട്ടിയും പാര്‍ട്ടിയുടെ ആശയപ്പടയാളികളും ചേര്‍ന്ന് ചരിത്രനിരപേക്ഷമായ, സത്യാസത്യ വിശകലനങ്ങള്‍ക്കതീതമായ, പാര്‍ട്ടിതന്നെ സത്യമാവുന്ന, തെറ്റുപറ്റാത്ത, വിമര്‍ശനങ്ങള്‍ ആവശ്യമില്ലാത്ത, ഒരര്‍ത്ഥത്തിലും അത് അംഗീകരിക്കാത്ത ദേവതുല്യനായ ഒരു പാര്‍ട്ടിയെ നിര്‍മ്മിക്കുന്നു എന്നതാണ്. മാധ്യമങ്ങള്‍ക്ക് വി.എസ്സാണ് മിത്തെങ്കില്‍ പാര്‍ട്ടിക്കാര്‍ക്ക് പാര്‍ട്ടിതന്നെയാണ് മിത്ത്. ഐതിഹ്യവല്‍ക്കരിക്കപ്പെടുന്ന വി.എസ്സും ഐതിഹ്യവല്‍ക്കരിക്കപ്പെടുന്ന പാര്‍ട്ടിയും അന്തിമവിശകലനത്തില്‍ ഇടതുപക്ഷത്തെ സഹായിക്കില്ല. ഈ ഐതിഹ്യ വല്‍ക്കരണത്തിന്റെ അസംസ്‌കൃത വസ്തുക്കളില്‍ പ്രധാനമായ ഒന്ന് വംശമാണ്. വംശത്തിന്റെ രൂപങ്ങളും ഭാവങ്ങളും ഉപയോഗിച്ചാണ് മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ നിലവിലുള്ള നേതൃത്വം അതിനെ ഒരു മിത്താക്കി മാറ്റിക്കൊണ്ടിരിക്കുന്നത്.

Monday, June 4, 2012

ഈ കൊലപാതകത്തിനെന്താ ഇത്ര പുതുമ എന്ന്‌ ചോദിക്കുമ്പോള്‍


ടി.പി ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധ കോലാഹലത്തെ കുറിച്ച്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം എളമരം കരീം ചോദിച്ച പ്രസക്തമായ ഒരു ചോദ്യമുണ്ട്‌. ഇത്രയൊക്കെ ബഹളം വെക്കാന്‍ ഇതെന്താ കേരളത്തിലെ ആദ്യത്തെ രാഷ്‌ട്രീയ കൊലപാതകമാണോ? എല്ലാ അതിക്രമങ്ങളും അതിക്രമങ്ങള്‍ തന്നെയാണ്‌. പക്ഷേ ചില അതിക്രമങ്ങള്‍ ചില ഘട്ടങ്ങളില്‍ കൂടുതല്‍ ജനശ്രദ്ധ കൈവരിക്കും. ഇതിന്‌ പ്രത്യേക കാരണങ്ങളും ഉണ്ടാകാം. അടിയന്തരാവസ്ഥയില്‍ കക്കയം പോലീസ്‌ ക്യാമ്പില്‍ രാജന്‍ എന്ന എന്‍ഞ്ചിനീയറിംഗ്‌ കോളേജ്‌ വിദ്യാര്‍ഥി പോലീസ്‌ മര്‍ദ്ദനത്താല്‍ കൊല്ലപ്പെട്ടത്‌ ഇതിന്‌ ഉദാഹരണമാണ്‌. അടിയന്തരാവസ്ഥയുടെ ഭരണകൂട ഭീകരതയുടെ രക്തപ്രതീകമായി രാജന്‍ മാറുകയായിരുന്നു. മാര്‍കിസ്റ്റ്‌ പാര്‍ട്ടിയുടെ നിലവിലെ നേതാക്കളുടെ പല തരം ചെയ്‌തികള്‍ക്കെതിരെയുള്ള ഒരു രക്തസാക്ഷി പ്രതീകത്തെ ലഭിച്ചു എന്നതാണ്‌ ചന്ദ്രശേഖരന്‍ വധത്തിന്റെ സവിശേഷത.
കേരളത്തില്‍ ചില രക്തത്തിനു മാത്രമേ വിലയിയുള്ളൂവെന്ന്‌ ഡി.വൈ എഫ്‌.ഐ അഖലിലേന്ത്യാ പ്രസിഡന്റ്‌ പി. രാമകൃഷണന്‍ കഴിഞ്ഞ ദിവസം വടകരയില്‍ ഇടതുപക്ഷ വേട്ടക്കെതിരെ യുവ ശക്തി എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ പറയുകയുണ്ടായി. ഞങ്ങള്‍ തെറ്റു ചെയ്യാതെ വേട്ടയാടപ്പെടുന്നുവെന്നല്ല പാര്‍ട്ടി പറയുന്നത്‌. തെറ്റു ചെയ്‌തവര്‍ ഞങ്ങള്‍ മാത്രമല്ല, എന്നിട്ടും ഞങ്ങള്‍ വേട്ടയാടപ്പെടുകയാണെന്നാണ്‌. അതുതന്നെയാണ്‌ ഈ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്ന കാര്യവും. ശത്രുക്കള്‍ അവസരത്തെ ഉപയോഗപ്പെടുത്തും. ഉപയോഗപ്പെടുത്താന്‍ അവസരമുണ്ടാക്കിക്കൊടുത്തത്‌ ആരാണ്‌ എന്നതാണ്‌ ചോദ്യം. ധാര്‍മിക ബലത്തില്‍ നിന്നുകൊണ്ട്‌ തങ്ങള്‍ക്കെതിരായ ഈ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ പ്രബല കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ കഴിയുന്നില്ല. പകരം അവര്‍ തങ്ങളുടെ തെറ്റിനെ സാമാന്യവത്‌ക്കരിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്‌.
സഖാവ്‌ എളമരം കരീമിന്റെ മേല്‍പറഞ്ഞ ചോദ്യത്തിന്‌ നേരെത്തെ പറഞ്ഞതിനും അപ്പുറത്ത്‌ ചില അര്‍ഥതലങ്ങല്‍ കൂടിയുണ്ട്‌. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ ഇവിടെ അംഗീകൃതമായ നാട്ടുനടപ്പുണ്ട്‌. അതത്‌പാര്‍ട്ടികള്‍ നല്‍കുന്ന പട്ടിക പ്രകാരമാണ്‌ അതില്‍ പ്രതികളെ അറസ്റ്റ്‌ ചെയ്യാറ്‌. നേതാക്കളെ പരസ്‌പരം കേസില്‍ ഉള്‍പ്പെടുത്താതിരിക്കും. എന്നിട്ടും ശിക്ഷിക്കപ്പെടുന്ന `രാഷ്‌ട്രീയ തടവുകാര്‍'ക്ക്‌ ജയിലുകളില്‍ പ്രത്യേക പരിചരണതത്തിന്‌ സംവിധാനങ്ങളുണ്ട്‌. ഈ പ്രൊട്രോക്കോള്‍ എന്തുകൊണ്ടാണ്‌ ചന്ദ്രശേഖരന്‍ വധത്തില്‍ മാത്രം ലംഘിക്കപ്പെടുന്നത്‌ എന്നാണ്‌ എളമരം കരീമിന്റെ ചോദ്യത്തിന്റെ അര്‍ഥം. നമുക്കിടയില്‍ എന്തെല്ലാം അഭിപ്രായ വ്യത്യസമുണ്ടെങ്കിലും എത്രയോ കാലമായി നാം പരസ്‌പരം ആദരിച്ചും പരിപാലിച്ചും പോരുന്ന മര്യാദയാണത്‌. ഈ മര്യാദ എന്തുകൊണ്ട്‌ ഇപ്പോള്‍ ഞങ്ങളുടെ കാര്യത്തില്‍ കാണിക്കുന്നില്ല എന്നാണ്‌ കരീം ചോദിക്കുന്നത്‌.
സമീപകാലത്ത്‌ രണ്ട്‌ സംഭവങ്ങളിലാണ്‌ പോലീസ്‌ വ്യത്യസ്‌തമായി പെരുമാറിയത്‌. ഒന്ന്‌ തൊടുപുഴയില്‍ ന്യൂമാന്‍ കോളേജ്‌ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസ്‌, രണ്ടാമത്‌ ഇതുവരെ നടന്ന ടി.പി ചന്ദ്രശേഖരന്‍ കൊലപാതക കേസന്വേഷണം. രണ്ട്‌ സന്ദര്‍ഭങ്ങളിലും ചെറുതും വലുതുമായ ഈ രണ്ടു സംഘടനകളും ഉലഞ്ഞുപോയുട്ടുണ്ട്‌ എന്നതാണ്‌ അനുഭവം.
പാര്‍ട്ടിക്കാരില്‍ നിന്ന്‌ പ്രതിപ്പട്ടിക വാങ്ങി അറസ്‌റ്റ്‌ ചെയ്യുന്ന രീതി ഇനി ഉണ്ടാവില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ വ്യക്തമമാക്കുകയുണ്ടായി. അതിനര്‍ഥം സാധാരണ ഇവിടെ നടന്നനു വരുന്നത്‌ ആതാണെന്നാണ്‌. അത്ര ബോധപൂര്‍വമല്ലെങ്കിലും ഇതിനു മുമ്പും മുഖ്യമ്ര്രന്തിയായ ഒരാള്‍, കേരളം പലതവണ ഭരിച്ച പാര്‍ട്ടിയുടെ പ്രമുഖനേതാവ്‌ ഭരണത്തിന്റെ അരമരഹസ്യങ്ങള്‍ എമ്പാടും അറിയാവുന്ന ഒരാള്‍ തന്നെ ഈ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ അത്‌ ഏറ്റുപറയുകയാണ്‌. എളമരം കരീമിന്റെ ചോദ്യം ഈ ഉത്തരത്തിന്റെ നേരെയാണ്‌. പതിവിന്‌ വിപരീതമായി ഇങ്ങനെ നടപടി സ്വീകരിക്കാന്‍ ഇവിടെ പ്രത്യേകിച്ച്‌ എന്താണുണ്ടായത്‌?
എല്ലാ രാഷ്‌ട്രീയ നേതാക്കളും സ്വകാര്യമായെങ്കിലും സമ്മതിക്കുന്നതാണ്‌ രാഷ്ട്രീയ സംഘട്ടനം കൈകാര്യം ചെയ്യുന്നതിലെ ഈ പ്രൊട്ടോക്കോള്‍. ഇനി അവര്‍ സമ്മതിച്ചില്ലെങ്കിലും പോലീസിനും മാധ്യമങ്ങള്‍ക്കും നാട്ടുകാര്‍ക്കും അതറിയാവുന്നതാണ്‌. എം.എം മണിയെ പോലെ ബുദ്ധി കുറഞ്ഞ, മാധ്യമ കേന്ദ്രീകൃതമായ, കാഴ്‌ചാ മാധ്യമ പ്രാധാന്യമുള്ള സമൂഹത്തെക്കുറിച്ച സാക്ഷരത ഇല്ലാത്തവര്‍ അത്‌ തുറന്നുപറയുന്നു. അല്ലാത്തവര്‍ കക്കാന്‍ മാത്രമല്ല വെക്കാനും അറിയുന്നവരാണെന്നു മാത്രം.
ഇപ്പോഴത്തെ വിവാദം കേരളത്തിലെ ജനാധിപത്യ സംസ്‌കാരത്തിന്‌ ഗുണകരമായി തീരണമെങ്കില്‍ ഈ മര്‍മത്തെ സ്‌പര്‍ശിക്കാന്‍ അതിനു കഴിയണം. ചന്ദ്രശേഖരന്‍ വധത്തിനു നേരെ മാത്രമല്ല മാധ്യമ വിചാരണയും ജനരോഷവും ആളിപ്പടരേണ്ടത്‌. ഈ രാഷ്ട്രീയ സംസ്‌കാരത്തിനു നേരെയാണ്‌. ഈ പ്രൊട്ടോക്കോളിന്റെ ഒടുവിലത്തെ ഇര മാത്രമാണ്‌ ടി.പി ചന്ദശേഖരന്‍. ഈ പ്രോട്ടോകോളാണ്‌ ഏത്‌ രാഷ്‌ട്രീയ പ്രതിയോഗികളേയും വെട്ടികൊല്ലാന്‍ വരെ പാര്‍ട്ടികള്‍ക്ക്‌ ആത്മധൈര്യം നല്‍കുന്നത്‌.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത അരിയില്‍ ഷുക്കൂര്‍ എന്ന മുസ്‌ലിം ലീഗ്‌ വിദ്യാര്‍ഥിപ്രവര്‍ത്തകനെ സി.പി.ഐ.എമ്മുകാര്‍ അറുകൊല ചെയ്‌തതിനു കഴിഞ്ഞ പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വലിയ മാധ്യമ പരിഗണന ലഭിക്കുകയുണ്ടായി. തുടര്‍ന്ന്‌ ലീഗ്‌ ഈ വധത്തിനെതിരെ വലിയ തോതില്‍ ക്യാമ്പയില്‍ നടത്തിയിരുന്നു. പക്ഷേ 
ആ നിഷ്‌ഠുര വധത്തിന്റെ കേസിലും കൊമ്പന്‍ സ്രാവുകള്‍ ഒഴിവാക്കപ്പെട്ടാണ്‌ കുറ്റപത്രം തയ്യാറാക്കപ്പെട്ടിരിക്കുന്നത്‌. ഇപ്പോള്‍ സി.പി.ഐ.എമ്മിന്റെ ചില പ്രാദേശിക നേതാക്കളെ പോലീസ്‌ അറസറ്റ്‌ ചെയ്യാന്‍ ശ്രമിക്കുന്നതിനെ അല്ലെങ്കില്‍ അവര്‍ പോലീസീന്‌ കീഴടങ്ങുന്നതിനെ കുറിച്ചുപോലും സംശയം ഉയര്‍ന്നുവന്നിട്ടുണ്ട്‌. സി.ബി.ഐ അന്വാഷണം ഒഴിവാക്കാന്‍ ഷുക്കൂറിന്റെ പാര്‍ട്ടിയും കൊന്നവരുടെ പാര്‍ട്ടിയും ഒന്നിച്ചുനടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്ന്‌ സംശയിക്കപ്പെടുന്നുണ്ട്‌,. പാവപ്പെട്ടവന്റെ ജീവന്‍ വെച്ച്‌ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പകിട കളിയാണ്‌ രാഷ്‌ട്രീയ കൊലപാതകങ്ങള്‍. കൊല്ലപ്പെട്ടത്‌ അത്ര സാധാരണക്കാരനായിരുന്നില്ല എന്നതാണ്‌ ടി.പി വധത്തിന്റെ പല സവിശേഷതകളില്‍ ഒന്ന്‌. 
ഒരു പാര്‍ട്ടി എന്ന നിലക്ക്‌ ഇപ്പോള്‍ സി.പി.ഐ.എം ഏറ്റവുമധികം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്‌ അവരുടെ നേതാക്കള്‍ ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്നതിനെയാണ്‌. അഥവാ നേതാക്കളുടെ അറസ്റ്റിനെയാണ്‌. എളമരം കരീമിന്റെ നിരന്തര പ്രസംഗങ്ങളിലും ടി.കെ ഹംസയും വിവാദ പ്രസംഗത്തിലുമെല്ലാം നിറഞ്ഞു തുളുമ്പുന്നത്‌ അതാണ്‌. ഫസല്‍ വധക്കേസിലെ പ്രതികളായ നേതാക്കളെ സി.ബി.ഐക്ക്‌ കൊടുക്കില്ല എന്നാണ്‌ പാര്‍ട്ടി പറയുന്നത്‌. ഗൂഡാലോചനയില്‍ എത്ര അളവില്‍ ഭഗമാക്കായാലും നേതാക്കള്‍ സുരക്ഷിതരായിരിക്കണം എന്നതാണ്‌ രാഷ്‌ട്രീയ സംഘട്ടന വ്യവസായത്തിന്റെ വ്യാവസായിക നിയമം. അതുതന്നെയാണ്‌ ഈ വ്യവസായത്തെ അഭഗുരം നിലനിര്‍ത്തുന്നത്‌. 
എം. എം മണിയുടെ കുപ്രസിദ്ധമായ മണക്കാട്‌ പ്രസംഗത്തില്‍ അയവിറക്കിയ പാര്‍ട്ടി കൊലപാതകങ്ങള്‍ ഏറെയും നടന്നത്‌ കോണ്‍ഗ്രസ്‌ ഭരണകാലത്താണ്‌. എന്നിട്ടും എന്തുകൊണ്ട്‌ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയി? അതിന്റെ ഉത്തരം മണിയുടെ പ്രസംഗത്തില്‍ തന്നെ ഉണ്ട്‌. ` സി.പി.എം ചെയ്‌താല്‍ ചെയ്‌തതാണെന്ന്‌ പറയും പോലീസ്‌ ഓഫീസര്‍മാരോട്‌ ചോദിക്കും, എന്റെ സാറേ, നമുക്കത്‌ ചെയ്‌തേക്കാം, പ്രതികളെ തന്നേക്കാം...' ഈ പ്രതികളെ തരുന്ന രീതി പോലീസിനുള്‍പ്പെടെ എല്ലാവര്‍ക്കും സൗകര്യപ്രദമാണ്‌ എന്നതാണ്‌ കാര്യം. 
കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ സത്യസന്ധമായ ചരിത്രമെഴുതിയാല്‍ അതില്‍ നിവരുന്ന അധാര്‍മികതയുടെ ചുരുളുകള്‍ക്കു മുമ്പില്‍ നാം പകച്ചുപോകും. കൊല്ലപ്പെട്ട ഓരോ പൊതു പ്രവര്‍ത്തകനും ഒരു തവണയല്ല കൊല്ലപ്പെടുന്നത്‌. പാര്‍ട്ടികളുടെ ആസ്‌തികളില്‍ പ്രധാനമായ `രക്തസാക്ഷികള്‍' രണ്ടു തവണ കൊല്ലപ്പെടുുന്നവരാണ്‌. ആദ്യം എതിരാളിയുടെ കൊലക്കത്തിയാല്‍, പിന്നെ സ്വാന്തം പാര്‍ട്ടി നേതൃത്വത്തിന്റെ നയതന്ത്രങ്ങളാല്‍. മരണത്തിലും മരണാനന്തരവും തോല്‍പ്പിക്കപ്പെടുന്നവരാണവര്‍. രാഷ്‌ട്രീയകൊല ഒരു മികച്ച ക്രയവിക്രയ ഉരുപ്പിടിയാണ്‌. പാര്‍ട്ടി നേതാക്കള്‍ പോലും കൊല്ലപ്പെട്ടുകഴിഞ്ഞാല്‍ പാര്‍ട്ടിടിക്കത്‌ പല മാനങ്ങളുള്ള കച്ചവടചരക്കാണ്‌. സഖാവ്‌ കുഞ്ഞാലിയുടെയും അഴീക്കോടന്‍ രാഘവന്റെ യും കൊലപാകതകങ്ങള്‍ തെളിയിക്കുന്നത്‌ അതാണ്‌.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ അല്ലാത്തസംഘടനകളും സായുധ ഗ്രൂപ്പുകളും നടത്തുന്ന അക്രമ പവര്‍ത്തനങ്ങളെ കുറിക്കാനാന്‌ പൊതുവെ തീവ്രവാദം എന്ന വാക്ക്‌ നാം ഉപയോഗിക്കുന്നത്‌. അതിനെ നേരിടാന്‍ ആവശ്യമുള്ളതോ അതില്‍ കവിഞ്ഞതോ ആയ സംവിധാനം നമുക്കുണ്ട്‌. സാധാരണ രാഷ്‌ട്രീയേതര കുറ്റകൃത്യങ്ങള്‍ നേരിടാനും നമ്മുടെ സംവിധാനം ഒരു പരിധിവരെ സജ്ജമാണ്‌. ഒരു ജനത എന്ന നിലക്ക്‌ നമ്മെ തോല്‍പിച്ച്‌ മുന്നറുന്ന സ്ഥാപനവല്‍കൃത കുറ്റകൃത്യമാണ്‌ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍. ചന്ദ്രശേഖര്‍ വധത്തിന്റെ പാശ്ചാത്തലത്തില്‍ പ്രശ്‌നവത്‌ക്കരിക്കേണ്ടത്‌ നമ്മുടെ ജനാധിപത്യന്റെ മാരകമായ ഈ പാര്‍ശ്വ ഫലത്തെയാണ്‌. ചര്‍ച്ച ആ വിഴിയില്‍ കൊണ്ടുപോകാതെ വെറുതെ സങ്കടത്തിന്റെയും അമര്‍ഷത്തിന്റെയും ആഘോഷമാക്കിയാല്‍ ഏത്‌ നരേന്ദേ്രമാഡിക്കും കയറി, അഭിപ്രായം പറയാന്‍ കഴിയുന്ന യാഥാര്‍ഥ നിരപേക്ഷമായ ഒരു അരാഷ്‌ട്രീയകഥ മാത്രമായി ഈ കൊലപാതകം മാറും.
മാധ്യമങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ അപസര്‍പ്പക കഥകള്‍ അരാഷ്‌ട്രീയമായി സംപ്രേക്ഷണം ചെയ്യുന്നതിനു പകരം കേരളത്തിലെ രാഷ്‌ട്രീയ സംഘട്ടനങ്ങള്‍ എങ്ങനെ ഒരു സുശക്തസ്ഥാപനമായി നിലനില്‍ക്കുന്നു എന്നതാണ്‌ അന്വേഷിക്കേണ്ടത്‌. ഒരു കൊലപാതകത്തിന്‌ പിന്നീട്‌ എന്ത്‌ സംഭവിച്ചു എന്നന്വേഷിച്ചാല്‍ ഇതിന്റെ കാരണങ്ങളിലേക്ക്‌ നമുക്ക്‌ എത്തിച്ചേരാനാകും.
ചന്ദ്രശേഖരന്‍ വധത്തിന്റെ ഈ കാറ്റിനും കോളിനും തന്നെ എത്ര ആയുസ്സുണ്ട്‌ എന്ന്‌ കാത്തിരുന്ന്‌ കാണേണ്ട കാര്യമാണ്‌. നെയ്യാറ്റിന്‍കര വിളവെടുപ്പിന്‌ ശേഷം രാഷ്‌ട്രീയ അന്തരീക്ഷം കാറുനീങ്ങി തെളിയാന്‍ തന്നെയാണ്‌ സാധ്യത. ഇപ്പോള്‍ നടക്കുന്നത്‌ ഒരു മാതൃകാ പ്രകടനമാണ്‌. പക്ഷേ ഇത്‌ തുടരാന്‍ സാധിക്കുന്ന കാര്യം സംശയാസ്‌പദമാണ്‌. ഇത്രയൊക്കെ ധാര്‍മികതയും തന്റേടവും നമ്മുടെ രാഷ്ടീയക്കര്‍ക്കുണ്ടായിരുന്നെങ്കില്‍ നാട്‌ പണ്ടെന്നോ നന്നായിപോയിട്ടുണ്ടാകുമായിരുന്നു. എല്ലാവരുടെ മടിയിലും വെക്കാനും മാറാനും നിയമ വിരുദ്ധതയുടെ നിരവധി കുംബളങ്ങള്‍ ഉള്ളതുകൊണ്ട്‌ ഇതിങ്ങനെ മുന്നോട്ടുകൊണ്ടുപോവുക പ്രയാസമായിരിക്കും. ചിലരുടെ കേസ്‌ വെട്ടുകേസാണെങ്കില്‍ മറ്റു ചിലരുടേത്‌ വേറെ ചിലതായിരിക്കുമെന്ന മാത്രം. നിയമ ലംഘനവും അധാര്‍മികതയും നടപ്പു രാഷ്‌ട്രീയത്തിന്റെ മുന്നണി ഭേദങ്ങളില്ലാത്ത ശ്രുതിയും താളവുമാണ്‌. 
ഈ കേസില്‍ സി.പി.ഐ.എം ഏറ്റവും പ്രതീക്ഷകള്‍ അര്‍പ്പിക്കുന്നത്‌ ഒരു കേന്ദ്ര മന്ത്രിയിലും സംസ്ഥാന മന്ത്രിസഭയിലെ രണ്ടാം പര്‍ട്ടിയിലുമാണ്‌. അധാര്‍മികതയുടെ ബാലന്‍സുകള്‍ ധാരാളം ഉള്ളവര്‍ക്ക്‌ വെച്ചുമാറ്റം എളുപ്പമാണ്‌. ചന്ദ്രശേഖര്‍ വധത്തില്‍ ധര്‍മരോഷം തപിക്കുന്ന വായനക്കാരും കാഴ്‌ചക്കാരും നെയ്യാറ്റിന്‍കരക്കു ശേഷം നിരാശരാകാന്‍ തന്നെയാണ്‌ സാധ്യത. അപ്പോള്‍ അതിനെ നേരിടാല്‍ നമ്മുടെ മാധ്യമങ്ങള്‍ക്കും എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും കഴിയുമോ എന്നതാണ്‌ കാതലായ ചോദ്യം. അല്ലെങ്കില്‍ പരിണാമ ഗുപ്‌തിക്ക്‌ മുമ്പേ കഥ തീര്‍ന്നുപോയി എന്ന്‌ പറഞ്ഞ്‌ കേള്‍വിക്കാരനെ പിരിച്ചുവിടേണ്ടി വരുന്ന കാഥികന്റെ ഗതിവരുമോ നമ്മുടെ മാധ്യമങ്ങള്‍ക്ക്‌. 
--