Tuesday, October 12, 2010

ബാബരി മസ്ജിദും ഇന്ത്യന്‍ മുസ്‌ലിംകളുടെ അജണ്ടയും

ബാബരി മസ്ജിദ് ഇന്ത്യയുടെ സാമൂഹികരാഷ്ട്രീയ ചരിത്രത്തില്‍ രാസത്വരകമായി എണ്‍പതുകളുടെ അന്ത്യം മുതല്‍ തൊണ്ണൂറുകളുടെ മധ്യംവരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. മണ്ഡലും മസ്ജിദുമാണ് ഇന്ത്യയില്‍ പുതിയ ചില രാഷ്ട്രീയ പ്രവണതകള്‍ക്ക് നിമിത്തമായത്. ഒരു ജനത എന്നനിലയില്‍ മുസ്‌ലിംകള്‍ക്ക് അതിനെ ഏറെ ഉപയോഗപ്പെടുത്താനൊന്നുമായിട്ടില്ല. മണ്ഡലിനെത്തുടര്‍ന്ന് ഉത്തരേന്ത്യയിലെങ്കിലും ദലിത് പിന്നോക്കരാഷ്ട്രീയം ഉയര്‍ന്നുവന്നു. എന്നാല്‍ മുസ്‌ലിം മുന്‍കൈയില്‍ ഒരു രാഷ്ട്രീയത്തെ ഉയര്‍ത്തിക്കൊണ്ടുവരാനോ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയാവസ്ഥയില്‍ മാറ്റം രചിക്കാനോ മുസ്‌ലിം നേതൃത്വത്തിന് ബാബരിധ്വംസനത്തെത്തുടര്‍ന്നും സാധിച്ചില്ല. ബാബരിധ്വംസനത്തെ തുടര്‍ന്ന് മുസ്‌ലിം ഇന്ത്യ ചവിട്ടിപുറത്താക്കയ കോണ്‍ഗ്രസിനെത്തന്നെ ചെറിയ തിരുത്തലോടെ അതിനു സ്വീകരിക്കേണ്ടിവന്നു. ദലിത് പിന്നോക്കരാഷ്ട്രീയം അവര്‍ക്ക് സുരക്ഷിതത്വം നല്‍കിയെങ്കിലും അധികാരപങ്കാളിത്തം നല്‍കാന്‍ വിസമ്മതിച്ചു.

പക്ഷേ, ബാബരി മൂവ്‌മെന്റ് ഒരു പരാജയമായിരുന്നില്ല. ഇന്ത്യന്‍ മുസ്‌ലിമിന്റെ എല്ലാ പരാധീനതകളും അതിനുണ്ടായിരുന്നെങ്കില്‍ തന്നെയും. ബാബരിമസ്ജിദ് ഒഴികെയുള്ള രാജ്യത്തെ എല്ലാ ദേവാലയങ്ങളുടെയും ഉടമസ്ഥാവകാശം 1947 ആഗസ്റ്റ് 15നെ കട്ട്ഓഫ് ഡേറ്റായി കണക്കാക്കി നിശ്ചയിക്കാനുള്ള ബില്‍ ബാബരി പ്രക്ഷോഭം നേടിയെടുത്ത വിജയമായിരുന്നു. അല്ലെങ്കില്‍ ആ പ്രക്ഷോഭത്തിന്റെ ഉപോല്‍പന്നമായിരുന്നു. രാജ്യത്തെ മതേതര ജാഗ്രതയെ ശക്തിപ്പെടുത്തുന്നതില്‍ ബാബരി പ്രക്ഷോഭം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകള്‍ നയിച്ച അങ്ങേയറ്റം മതേതരമായ ഒരു പ്രസ്ഥാനമായിരുന്നു അത്.

എന്നാല്‍ പുതിയ വിധിയുടെ മുമ്പ് മുസ്‌ലിംനേതാക്കള്‍ നടത്തിയ പ്രസ്താവനകളിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ബാബരി പ്രശ്‌നത്തെ തെരുവിലേക്കെടുക്കരുതെന്നതായിരുന്നു. ബാബരി ഇപ്പോള്‍ ഒരു തെരുവുപ്രശശ്‌നമല്ല. ബാബരി തെരുവ് പ്രശ്‌നമായത് അതിനെതിരെ ഫാഷിസ്റ്റുകള്‍ നിയമം കൈയിലെടുക്കുകയും സര്‍ക്കാര്‍ അനീതി കാണിക്കുകയും ചെയ്ത സന്ദര്‍ഭങ്ങളിലാണ്. ഇപ്പോള്‍ ബാബരി മസ്ജിദ് ഒരു കോടതിവിഷയമാണ്. പ്രത്യേകിച്ച് അതൊരു സിവില്‍ തര്‍ക്കമാണ്. രാഷ്ട്രീയ തീരുമാനങ്ങള്‍ക്കെതിരില്‍ പങ്കൊന്നും വഹിക്കാനില്ല.

പുതിയ കോടതിവിധി മുസ്‌ലിംകളില്‍ നിരാശ സൃഷ്ടിച്ചു എന്നത് വാസ്തവമാണ്. എന്നാല്‍ കോടതി വിധി മാനിക്കും എന്നാണ് ഈ വിഷയത്തിന്റെ ഓരോ ഘട്ടത്തിലും മുസ്‌ലിംനേതൃത്വം പറഞ്ഞിരുന്നത്. കോടതിവിധി തങ്ങള്‍ക്കനുകൂലമായാല്‍ അംഗീകരിക്കും എന്നതല്ലല്ലോ അതിനര്‍ഥം. കോടതിവിധി അംഗീകരിക്കില്ല എന്നുപറഞ്ഞവര്‍ക്കനുകൂലമായി കോടതിവിധി വന്നിരിക്കുന്നു. ഇത് പ്രയാസകരമാണെങ്കിലും ധാര്‍മികമായ ഒരു പരീക്ഷണം ഇതിനകത്തുണ്ട്. അതിനെ മുസ്‌ലിം നേതൃത്വവും സാമാന്യജനവും അത്യുജ്വലമായി അഭിമുഖീകരിച്ചു.  അഭിമാനാര്‍ഹമായ വിധത്തില്‍ വിജയിച്ചു. ഒരു പള്ളിയുടെ അവകാശ ലബ്ധിയേക്കാള്‍ വലുതാണ് വാക്കിന്റെ സത്യമെന്നത്, മൂല്യമെന്നത്. പള്ളിതന്നെയും മൂല്യങ്ങളെ അനുശീലിപ്പിക്കാനും പ്രകാശിപ്പിക്കാനുമാണല്ലോ?

അതേസമയം, ഇത് രാജ്യത്തിന്റെ പക്വതയെ വെളിപ്പെടുത്തിയ സന്ദര്‍ഭമാണെന്ന വിലയിരുത്തല്‍ അസ്ഥാനത്താണ്. കാരണം സത്യം വിധിച്ചാല്‍ അതിനെ സംയമനത്തോടെ സ്വീകരിക്കാനുള്ള ജനാധിപത്യവളര്‍ച്ച രാജ്യം കൈവരിച്ചിട്ടില്ല എന്നതാണ് വിധി തെളിയിക്കുന്നത്. ലഖ്‌നോ ബെഞ്ചിന് നേതൃത്വം നല്‍കിയ സിബ്ഗത്തുല്ലാഖാന്‍ തന്റെ വിധിന്യായത്തിന്റെ ആമുഖത്തില്‍ പറയുന്നത് കണക്ക് പരിശോധിച്ചുള്ള തീര്‍പ്പല്ല, രമ്യതയുടെ പാതയിലേക്ക് വഴിനടത്താനാണ് കോടതിയുടെ ശ്രമമെന്നാണ്. സത്യംകൊണ്ട് രമ്യത കൈവരിക്കാന്‍ കഴിയുന്ന പാകതയിലേക്ക് ഇന്ത്യന്‍ ജനാധിപത്യസമൂഹത്തിന് ഇനിയും വളരാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് കോടതിവിധി നല്‍കുന്ന സന്ദേശം.

കോടതിവിധി മാനിക്കില്ല എന്ന നിലപാട് വേണമെങ്കില്‍ മുസ്‌ലിം സമൂഹത്തിനും സ്വീകരിക്കാമായിരുന്നു. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ പിന്തുടരുന്ന ഹനഫീ കര്‍മശാസ്ത്ര സരണിയിലെ വിധിപ്രകാരം ഒരു സ്ഥലം പള്ളിയായി വഖഫ് ചെയ്തുകഴിഞ്ഞാല്‍ അത് എക്കാലത്തും പള്ളിയാണ്. അതിന്റെ ആകാശഭാഗവും ഭൂമിയുടെ അന്തര്‍ഭാഗവും പള്ളിയും പവിത്രവുമാണ്. വിശ്വാസികള്‍ക്ക് തന്നെ അതിനെ മാറ്റാനധികാരമില്ല. പക്ഷേ, എന്നിട്ടും കോടതിവിധി അംഗീകരിക്കും എന്ന നിലപാടെടുക്കാന്‍ കാരണം ഇതാണ്. ന്യായമായ സ്ഥലത്ത് നിര്‍മിക്കുന്ന പള്ളി മാത്രമേ സാധുവാകുകയുള്ളള്ളൂ. രണ്ട്, ഒരു വസ്തു അവകാശതര്‍ക്കം വിശ്വാസപരമായല്ല പരിഹരിക്കേണ്ടത്. അത് ഇസ്‌ലാമിന്റെ തന്നെ നീതിശാസ്ത്രത്തിനെതിരാണ്. വസ്തു അവകാശതര്‍ക്കങ്ങള്‍ തീര്‍പ്പുകല്‍പിക്കാനുള്ള അടിസ്ഥാനമായി വിശ്വാസത്തെ അംഗീകരിച്ചുകൊണ്ട് ഒരു ബഹുസ്വരസമൂഹത്തിനു മുന്നോട്ടുപോകാനാവില്ല. ദൗര്‍ഭാഗ്യവശാല്‍ ഇത്തരമൊരു പ്രതിസന്ധിയിലേക്കാണ് ഈ കോടതിവിധി ഇന്ത്യന്‍ ജനാധിപത്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. പക്ഷേ, അംബേദ്കര്‍ ചൂണ്ടിക്കാട്ടിയപോലെ 'ഇത് ജനാധിപത്യയുഗമാണ്. ജനാധിപത്യം വേണ്ടത്ര ജനാധിപത്യമായിട്ടില്ലെങ്കില്‍ വേണ്ടത്ര ജനാധിപത്യമാക്കേണ്ടത് നാം പൗരന്മാര്‍ തന്നെയാണ്.' ഹൈക്കോടതി വിധിക്കെതിരായ സുന്നി വഖഫ്‌ബോര്‍ഡിന്റെ അപ്പീലിന്റെ പ്രസക്തി അതാണ്. സുപ്രീംകോടതിയിലും പരാജയപ്പെടാം. വസ്തുതയേക്കാള്‍ വിശ്വാസമാണ് പ്രമാണം എന്ന് പരമോന്നതകോടതിയും വിധിക്കാം. അപ്പോഴും അവശേഷിക്കുന്നത് ഇനിയും പരിഹരിക്കപ്പെടേണ്ട ദൗര്‍ബല്യങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ടെന്ന വസ്തുത മാത്രമാണ്. ബാബരിമസ്ജിദിന് ഭൂരിപക്ഷ ന്യൂനപക്ഷ മതവികാരത്തിന്റെ പ്രശ്‌നമല്ല. ജനാധിപത്യത്തിന്റെ ആരോഗ്യാനാരോഗ്യത്തിന്റെ പ്രശ്‌നമാണ്. ജനാധിപത്യത്തിന്റെ പ്രശ്‌നങ്ങളെ ജനാധിപത്യപരമായി മാത്രമേ പരിഹരിക്കാന്‍ കഴിയൂ. ജനാധിപത്യം അതിന്റെ ഉത്തരം രോഗാതുരതകളെ എല്ലാം ഭേദമാക്കി പൂര്‍ണാരോഗ്യം നേടിയെടുക്കുകതന്നെ ചെയ്യും. അവകാശത്തര്‍ക്കത്തില്‍ ഏതെങ്കിലും വസ്തുതകളെ അവലംബിച്ച് കോടതി വിശ്വഹിന്ദു പരിഷത്തിനനുകൂലമായി വിധിക്കുകയായിരുന്നെങ്കില്‍ അത് ഇത്ര അപകടകരമാവുമായിരുന്നില്ല. അത് ഉടമാവകാശം ആര്‍ക്കുനല്‍കി എന്നതിനേക്കാള്‍ അതിനവംബലിച്ചത് വിശ്വാസത്തെയാണെന്നതാണ് കോടതിവിധിയെ ഇന്ത്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ ഒരു പ്രതിസന്ധിയാക്കി മാറ്റുന്നത്.

ബാബരി മസ്ജിദും ഇന്ത്യന്‍ മുസ്‌ലിംകളും
അതേസമയം ബാബരി മസ്ജിദ് ഇന്ത്യന്‍ മുസ്‌ലിംകളുടെ അജണ്ടയുടെ കേന്ദ്രസ്ഥാനമാവേണ്ടതുണ്ടോ എന്ന ആലോചനക്കും സമാന്തരമായിതന്നെ ഏറെ പ്രസക്തിയുണ്ട്. ഒരു പള്ളി അവകാശതര്‍ക്കത്തില്‍ മുസ്‌ലിം സമൂഹത്തെ തളച്ചിടാന്‍ കഴിയുക എന്നത് ശത്രുവിന്റെ വിജയമാണ്. പ്രത്യേകിച്ച് കൃത്രിമമായെങ്കിലും സൃഷ്ടിച്ചെടുത്ത മറ്റൊരു മതവികാരത്തിനെതിരായ പള്ളി പ്രശ്‌നത്തില്‍. എന്തു വിലകൊടുത്തും ഒരു പള്ളി വിമോചിപ്പിക്കുക എന്നതല്ല ഇന്ത്യന്‍ മുസ്‌ലിംകളുടെ ദൗത്യം. ഒരു പള്ളിയുടെ വിമോചനത്തേക്കാള്‍ രാജ്യത്തിന്റെ തന്നെ ആത്മീയവും ഭൗതികവുമായ വിമോചനമാണ് മുസ്‌ലിം സമൂഹത്തിന്റെ അജണ്ടയാവേണ്ടത്. ജനാധിപത്യവിരുദ്ധമായ അവസ്ഥകളില്‍ നിന്ന് ജനാധിപത്യപരമായി രാജ്യവാസികളെ വിമോചിപ്പിക്കുക എന്നതാണ് മുസ്‌ലിം സമൂഹത്തില്‍ ഭരമേല്‍പിക്കപ്പെട്ട അടിസ്ഥാനഉത്തരവാദിത്തം. അങ്ങനെ രാജ്യത്ത് ക്ഷേമവും സമാധാനവും സൃഷ്ടിക്കുക. ആ ദൗത്യനിര്‍വഹണത്തിനു സഹായകമാവുന്ന വിധത്തില്‍ ബാബരിപ്രശ്‌നത്തെയും നോക്കിക്കാണുകയാണ് ചെയ്യേണ്ടത്. വിശാലമായ ലക്ഷ്യങ്ങളുള്ളവര്‍ക്ക് താല്‍ക്കാലികമായ വികാരവിക്ഷോഭങ്ങളെ മറികടക്കാന്‍ കഴിയണം. ഇന്ത്യന്‍ മുസ്‌ലിം അജണ്ട ഒരു പള്ളിവിമോചന കമ്മിറ്റിയായി ചുരുങ്ങാതിരിക്കണം. അത് മനുഷ്യവിമോചന യത്‌നമായി വികസിക്കണം.

രാജ്യം നേരിടുന്ന ദാരിദ്ര്യവും അസമാധാനവും നിരക്ഷരതയും പോഷകാഹാരക്കുറവും ഭൂമിയില്ലായ്മയും മൂലധന ചൂഷണവും എല്ലാം അപ്രസക്തമാവുകയും അമ്പലവും പള്ളിയും അതിന്റെ അവകാശതര്‍ക്കവും പ്രസക്തമാവുകയും ചെയ്യുന്നത് മതത്തിനോ രാജ്യത്തിനോ ഗുണകരമല്ല. മതത്തിന്റെ തെറ്റായ പ്രതിച്ഛായ നിര്‍മിതിക്ക് മാത്രമേ അത് ഉപകരിക്കൂ. ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ തല തിരിച്ചിടലാണത്. നാം മുന്‍കൈയെടുത്തല്ലെങ്കിലും ഇത്തരമൊരന്തരീക്ഷം നിര്‍മിക്കപ്പെടുന്നതിനെ എങ്ങനെ മറികടക്കാം എന്നത് ഇന്ത്യന്‍ മുസ്‌ലിംനേതൃത്വം ഗൗരവത്തിലാലോചിക്കേണ്ടതാണ്. പട്ടിണിയും ദാരിദ്ര്യവും അസമാധാനവും പ്രശ്‌നമാകാത്ത, പള്ളിയും അമ്പലവും മാത്രം പ്രശ്‌നമാകുന്ന മതമെന്നത് മതത്തിന്റെ വികൃതാവതരണമാണ്.

മക്കയിലെ ഭൗതികവും ആത്മീയവുമായ എല്ലാ വിഷയങ്ങളും ഉന്നയിച്ച് രംഗത്തുവന്ന പ്രവാചകന്‍ കഅബയുടെ യഥാര്‍ഥ അവകാശികള്‍ മുസ്‌ലിംകളായിരുന്നിട്ടും അതിന്റെ അവകാശത്തെ ഒരിക്കലും ഉന്നയിക്കുന്നില്ല. കാരണം ഒരു പള്ളി വിമോചിപ്പിക്കുക എന്നതിനേക്കാള്‍ ആ ജനതയെത്തന്നെ ആത്മീയമായും ഭൗതികമായും വിമോചിപ്പിക്കുക എന്നതായിരുന്നു പ്രവാചകന്റെ ദൗത്യം. അതിന്റെ സ്വാഭാവിക ഫലം മാത്രമായിരുന്നു പ്രവാചകന് കഅബയുടെ വിമോചനം. കഅബ ഖുറൈശികളുടെ വൈകാരിക വിഷയമായിരുന്നു. അതിനെ അവരുടെ പക്ഷത്തുനിന്നുകൊണ്ടുതന്നെ ഏകദൈവ പ്രബോധനത്തിനുവേണ്ടി ഖുര്‍ആന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്ക് വിശപ്പില്‍ നിന്ന് ഭക്ഷണവും ഭയത്തില്‍ നിന്ന് സുരക്ഷിതത്വവും നല്‍കിയത് കഅബയല്ലേ? എങ്കില്‍ പിന്നെ അതിന്റെ നാഥനെയല്ലേ നിങ്ങള്‍ ഉപാസിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത്. (സൂറഃ ഖുറൈശ്, അല്‍ ഖസസ് 57) കേവല പള്ളി വിമോചനമെന്നത് വൈകാരികവും സാമുദായികവുമായ ഒരജണ്ടയാണ്. എന്നാല്‍ ജനതയുടെ വിമോചനമെന്നത് വൈചാരികവും മാനവികവുമായ അജണ്ടയാണ്. രാജ്യത്തിലെ മനുഷ്യരെ ദുരിതങ്ങളില്‍ നിന്നും അവകാശ നിഷേധങ്ങളില്‍ നിന്നും വിമോചിപ്പിക്കാനുള്ള പരിശ്രമത്തിനു ശക്തിപകരുന്ന സ്വഭാവത്തില്‍ ബാബരി വിഷയത്തെയും സെറ്റ് ചെയ്യാന്‍, അതിന്റെ ട്യൂണ്‍ ക്രമീകരിക്കാന്‍, അതുമായി ബന്ധപ്പെട്ട നിലപാടുകള്‍ സ്വീകരിക്കാന്‍ മുസ്‌ലിം സമൂഹത്തിനു സാധിക്കേണ്ടതുണ്ട്.

കഅബ പടുത്തുയര്‍ത്തയിട്ട് ഇബ്‌റാഹിം നബി നടത്തുന്ന പ്രാര്‍ഥന ഈ നാടിന് നീ സുരക്ഷിതതവും ക്ഷേമവും നല്‍കണേ എന്നാണ്. പള്ളി ഒരു കാരണവശാലും ഒരു നാടിന്റെ അരക്ഷിതത്വത്തിനും പിന്നാക്കാവസ്ഥക്കും കാരണമാവരുത്. കഅബ ആ ജനതക്ക് നല്‍കിയ സുരക്ഷിതത്വത്തെക്കുറിച്ച്, സമാധാനത്തെക്കുറിച്ച് എത്ര വ്യാപ്തിയിലാണ് ഖുര്‍ആന്‍ വാചാലമാവുന്നത്.

Friday, October 8, 2010

കേരള മുസ്‌ലിമിന്റെ വഴിവഴിമൂടിപ്പോകുന്നു എന്ന തോന്നലുണ്ടാവുന്ന രണ്ട് ജനവിഭാഗങ്ങളാണ് ദലിതരും മുസ്‌ലിംകളും. അതേസമയം ഏറ്റവും ചലനാത്മകമായ, ഏറ്റവും പുതിയ ഉണര്‍വുകള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന രണ്ട് സമൂഹങ്ങളും ഇവര്‍ തന്നെയാണ്. ഈ ഉണര്‍വുകള്‍ പുതിയതരം അടിച്ചമര്‍ത്തലിനു കാരണമാവുന്നു എന്നത് വിഷയത്തെ പിന്നെയും സങ്കീര്‍ണമാക്കുകയാണ്.

മുസ്‌ലിം സമൂഹത്തിലെ വരേണ്യമനസ്സിനെ വിശേഷിപ്പിക്കാന്‍ ഏറെ ഉചിതമായ പദാവലി ഭരണരതി എന്നതാണെന്നു തോന്നുന്നു. മുഖ്യധാരയുടെ മുഴുവന്‍ മൂല്യങ്ങളും ആവാഹിച്ച് ആര്‍ഭാടമായി ജീവിക്കാന്‍ ശ്രമിക്കുക. അത്തരമൊരു നല്ല മുസ്‌ലിമിനെ (Good Muslim) സാമ്രാജ്യത്വം മുതല്‍ സമകാലിക സി.പി.എം. വരെയുള്ള മുസ്‌ലിം വിരുദ്ധശക്തികള്‍ക്കാവശ്യമുണ്ട്. പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിലെ പുതിയ ഉണര്‍വുകളെ നേരിടാന്‍ അവര്‍ക്കത്തരമൊരു മുസ്‌ലിമിനെ ആവശ്യമുണ്ട്. കേരളത്തില്‍ മുസ്‌ലിംലീഗ് ചെയ്യുന്നത് അതിനുവേണ്ടി ചമഞ്ഞൊരുങ്ങിക്കൊടുക്കുക എന്നതാണ്.

മറ്റൊരുവിഭാഗം അക്രമപ്രവര്‍ത്തനവും സായുധ പ്രതിരോധവുമാണ്. രക്ഷയുടെ വഴി എന്നു കരുതുന്നവരാണ്. അവര്‍ സ്വയമറിയാതെ ശത്രുവിനെ ശക്തിപ്പെടുത്തുന്നവരാണ് ഇസ്‌ലാമിനെക്കുറിച്ച് ഭീതി പരത്തുക എന്നത് അതിന്റെ ശത്രുക്കളുടെ അജണ്ടയാണ്. അതിലവര്‍ നല്ലൊരു പരിധിവരെ വിജയിക്കുന്നുമുണ്ട്. ഇസ്‌ലാമോഫോബിയ എന്നപേരില്‍ പ്രസിദ്ധമായ പ്രതിഭാസത്തിന്റെ പശ്ചാത്തലമതാണ്. ആ ഇസ്‌ലാം പേടിക്ക് വെള്ളവും വളവും നല്‍കുകയാണ് മുസ്‌ലിം തീവ്രവാദികള്‍ ചെയ്യുന്നത്. അധ്യാപകന്റെ കൈവെട്ടി അവര്‍ യഥാര്‍ഥത്തില്‍ സമര്‍പ്പിച്ച് സാമ്രാജ്യത്വത്തിന്റെയും സവര്‍ണ ഫാഷിസത്തിന്റെയും കാല്‍ക്കീഴിലാണ്.

ബലപ്രയോഗത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുക എന്ന മൃഗീയതക്കുമുകളില്‍ സംസ്‌കാരത്തിന്റെ കൊടി പറത്തിയാണ് ജനാധിപത്യം പിറന്നത്. കൈയൂക്കുള്ളവനല്ല കാര്യക്കാരനാവേണ്ടത് കാര്യമുള്ളവന്‍ തന്നെയാണ് കാര്യക്കാരനാവേണ്ടത് എന്ന എഗ്രിമെന്റിലാണ് ജനാധിപത്യം ജനിക്കുന്നത്. ജനാധിപത്യപരമായി ഏറ്റവും മാന്യമായി പരിഹരിക്കപ്പെട്ട ഒരു ചോദ്യപേപ്പര്‍ പ്രശ്‌നത്തോട് പിന്നെയും വെട്ടുകത്തിയുടെ ഭാഷയില്‍ പ്രതികരിക്കുക എന്നത് ഒരു ജനത ജനാധിപത്യ ക്രമവുമായി നടത്തിക്കൊണ്ടിരിക്കുന്ന ഇടപഴകലുകളെ തകര്‍ക്കുന്ന നീക്കമാണ്.

ആഗോളതലത്തില്‍ സാമ്രാജ്യത്വത്താലും ദേശീയതലത്തില്‍ സവര്‍ണപ്രത്യയശാസ്ത്രത്താലും പ്രാദേശികതലത്തില്‍ മുഖ്യധാരയാലും വേട്ടയാടപ്പെടുന്ന ഒരു സമൂഹമെന്നത് മുസ്‌ലിം ജനതയുടെ സവിശേഷതയാണ്. ഒപ്പം ഉണര്‍വിന്റെ നിരവധി ഉറവകളും ഈ സമൂഹം പ്രകടിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിനെ നിരന്തരമവര്‍ സമകാലീകരിച്ചു കൊണ്ടിരിക്കുന്നു. മുഖ്യധാരയില്‍ സമ്പൂര്‍ണമായി ലയിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. തീവ്രവാദത്തിനും സവര്‍ണ ഇസ്‌ലാമിനുമെതിരായ മുസ്‌ലിം പ്രതിനിധാനത്തെ വികസിപ്പിച്ചെടുക്കുക എന്നതാണ് കേരളമുസ്‌ലിമിന്റെ മുന്നിലുള്ള ശരിയായ ഓപ്ഷന്‍.

ഇവിടെ അരികുവല്‍കരിക്കപ്പെടുന്നത് മുസ്‌ലിംകളും ഇസ്‌ലാമും മാത്രമല്ല. ഇന്ത്യയുടെ സാമൂഹികക്രമം സഹസ്രാബ്ദങ്ങളായി മനുഷ്യനായി പോലും പരിഗണിക്കാതെയാണ് ദലിതരോട് പെരുമാറുന്നത്. ഭരണഘടന അവരുടെ വിമോചനത്തിന്റെ ഔപചാരികമായ പ്രോല്‍ഘാടനമായിരുന്നു. അതേപോലെ ദരിദ്രരും സ്ത്രീകളും പ്രകൃതിയും പുതിയ വികസനരീതി കുടിയൊഴിപ്പിക്കുന്ന ജനലക്ഷങ്ങളും മലിനീകരണത്തിന്റെ ഇരകളുമെല്ലാം അതിജീവനത്തിനുവേണ്ടി ഉയര്‍ത്തുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചുമാത്രമേ മുസ്‌ലിമിന്റെ പ്രശ്‌നപരിഹാരത്തിന്റെ രാഷ്ട്രീയവും വികസിപ്പിച്ചെടുക്കാനാവൂ. എല്ലാ പൗരന്മാര്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശത്തിന്റെ പരിരക്ഷക്കുവേണ്ടി നിരവധി മനുഷ്യാവകാശ പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും ഇവിടെ സജീവമാണ്. എല്ലാ മനുഷ്യരുടെയും പൗരന്മാരുടെയും അവകാശത്തിന്റെ ഭാഗമായാണ് മുസ്‌ലിമിന്റെ അവകാശവും സംരക്ഷിക്കപ്പെടേണ്ടത്.

പരിസ്ഥിതി സ്ത്രീവാദ ദലിത് മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഇത്തരം പ്രക്ഷോഭങ്ങളും പുതിയ ജീവിതക്രമത്തെതന്നെ അപനിര്‍മിക്കാനും നവീകരിക്കാനുമാണ് പരിശ്രമിക്കുന്നത്. ഏതോ ഭരണാധികാരിയുടെ കുടിലതാല്‍പര്യം കൊണ്ടോ ഉദ്യോഗസ്ഥന്റെ അശ്രദ്ധകൊണ്ടോ മാത്രമല്ല പരിസ്ഥിതിക്കെതിരായ കൈയേറ്റങ്ങള്‍ നടക്കുന്നത്. വികസനകാഴ്ചവട്ടത്തിന്റെ സഹജദൗര്‍ബല്യം കൂടിയാണത്. പുരുഷകേന്ദ്രീകൃതമായ സാമൂഹ്യക്രമത്തിന്റെ സമഗ്ര നിയമങ്ങളാണ് സ്ത്രീയെ ഇന്നും ഒരു ലിംഗവിഭാഗമെന്ന നിലക്കുതന്നെ പീഡിപ്പിക്കുന്നത്. ഇതിനേക്കാള്‍ തീവ്രവും ഗാഢവുമാണ് മൂന്നാം ലിംഗവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍.

മനുഷ്യാവകാശ പ്രശ്‌നത്തിന്റെ ഉറവിടം അങ്ങേയറ്റം അതാര്യവും കേന്ദ്രീകൃതവുമായ ആധുനിക ദേശരാഷ്ട്രം തന്നെയാണ് ദേശരാഷ്ട്രം എല്ലാ അതിക്രമവും നടത്തുന്നത് അതിന്റെ സുരക്ഷയെ ചൊല്ലിയാണ് അഥവാ എല്ലാ അരുതായ്മയ്ക്കും അതിന്റെ ചെലവില്‍ ന്യായവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളുമായി പൗരാവകാശവും മനുഷ്യാന്തസ്സുമെല്ലാം രാജ്യദ്രോഹം ആരോപിക്കപ്പെടുന്നതോടെ ഒരാളില്‍ പ്രവര്‍ത്തനരഹിതമായ ഒന്നായിത്തീരുകയാണ്. ജനാധിപത്യമെന്നും ജനാധിപത്യവിരുദ്ധമായി പെരുമാറുന്നത് അതിന്റെ നിലനില്‍പ്പിന്റെ ന്യായത്തിന്റെ മുകളില്‍വെച്ചാണെന്നത് എന്തുമാത്രം വിരോധാഭാസമാണ്. ഒരാളുടെ പേരില്‍ ഭരണവര്‍ഗം രാജ്യദ്രോഹമാരോപിക്കുന്നതോടെ അവിടെ ചോദ്യവും ഉത്തരവും അസാധ്യമാവുകയാണ്.

അങ്ങനെ ഈ സമൂഹരാഷ്ട്രക്രമത്തിന്റെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടി പരിഹരിക്കാന്‍ ശ്രമിക്കുന്ന മുന്‍കൈകളെ മുഴുവന്‍ ശക്തിപ്പെടുത്തിമാത്രമേ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നവും പരിഹരിക്കാന്‍ കഴിയൂ. പീഡനങ്ങളും വിവേചനങ്ങളും സ്വന്തം ഇടനെഞ്ചില്‍ ഏറ്റുവാങ്ങുന്ന ഒരുജനത എന്നനിലക്ക് മുസ്‌ലിംകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ എളുപ്പം ഗ്രഹിക്കാന്‍ കഴിയും. ഏറ്റവും സജീവമായി ഇതില്‍ ഭാഗഭാക്കാവാന്‍ കഴിയും.

ദുര്‍ബലവിഭാഗങ്ങള്‍ എവിടെയും മറന്നുവെക്കാന്‍ പാടില്ലാത്ത ഒരു തിരിച്ചറിവുണ്ട്. ജനാധിപത്യവും നിയമവാഴ്ചയും ശക്തന്റെ ആവശ്യമല്ല അത് ദുര്‍ബലന്റെ ആവശ്യമാണ്. ശക്തരുടെയും ഏതോ തരത്തില്‍ ബലമുള്ളവരുടെയും കാര്യങ്ങള്‍ ആരോഗ്യകരമായ ജനാധിപത്യസംവിധാനമെങ്കിലും നടക്കും. ദുര്‍ബലന്റെ ഏക അത്താണി ജനാധിപത്യക്രമം മാത്രമാണ്.

അത് ശരിയായ വിധത്തില്‍ നിലനിന്നാല്‍ ദുര്‍ബലന്‍ അവിടെ ഏറെ കരുത്തുള്ളവരായിരിക്കും. അതിന്റെ തന്നെ മറ്റൊരര്‍ഥം ജനാധിപത്യത്തെ സക്രിയമാക്കിനിര്‍ത്തുന്നതില്‍ അതിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുക ദുര്‍ബല ജനവിഭാഗത്തിനായിരിക്കും. സവര്‍ണരും ജന്മിമാരുമല്ല നമ്മുടെ ഇന്നീകാണുന്ന ജനാധിപത്യത്തെതന്നെ ഉയിരുകൊടുത്ത് വികസിപ്പിച്ചത്. മറിച്ച് കുടിയാന്മാരും അയിത്തജാതിക്കാരും പിന്നോക്കജാതിക്കാരുമാണ്.

സവര്‍ണനമ്പൂതിരി സമുദായത്തില്‍ പോലും നവോഥാനത്തിന്റെയും ജനാധിപത്യ പ്രക്ഷോഭങ്ങളുടെയും മുന്‍കൈയും മുന്നണിപ്പടയുമായി വര്‍ത്തിച്ചത് ആ സമുദായങ്ങളിലെ അഫ്ഫന്‍ നമ്പൂതിരിമാരായിരുന്നു. അപ്പോള്‍ പീഡിതന്‍ എന്നത് ജനാധിപത്യക്രമത്തിന്റെ ഗുണപരമായ വളര്‍ച്ച സ്വപ്നം കാണുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ഒരു സാധ്യതയാണ്.

(സൈന്ധവമൊഴി.   ലക്കം 24     2010 ആഗസ്റ്റ് - സെപ്തംബര്‍)

Wednesday, September 15, 2010

തടിയന്റെവിട നസീര്‍ എവിടെനിന്നാണ് പുറപ്പെടുന്നത്


കളമശ്ശേരി ബസ് കത്തിക്കല്‍, തടിയന്റവിട നസീര്‍ ലക്ശറെ ത്വയ്യിബ കേസും പ്രചാരണവും മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം അകത്തേക്കും പുറത്തേക്കും ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എത്രയോ അളവില്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്ന യാഥാര്‍ഥ്യമാണ് ഒന്നാമതായി ഇത് അനാവരണം ചെയ്യുന്നത്. ഇത് അബ്ദുന്നാസിര്‍ മഅ്ദനി എന്ന മനുഷ്യന്റെ രാഷ്ട്രീയ ജീവിതവും ജീവിതം തന്നെയും ഇല്ലാതാക്കാനുള്ള, ഒപ്പം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത എല്ലാവരെയും തകര്‍ക്കാനുള്ള സുവര്‍ണാവസരമായി കാണുന്നതിനപ്പുറം വിശകലനം ചെയ്യാനുള്ള ധാര്‍മിക ബാധ്യത കേരള മുസ്‌ലിം സമൂഹിക രാഷ്ട്രീയ മതനേതൃത്വങ്ങള്‍ക്കുണ്ട്. ഏതെങ്കിലും മത രാഷ്ട്രീയ  നേതാക്കളുടെ ഭാവി നശിപ്പിച്ചത് കൊണ്ട് ഈ സിന്‍ഡ്രം ചികിത്സിക്കപ്പെടാന്‍ പോകുന്നില്ല.

പ്രവാചക(സ)നോട് മക്കയിലെ കടുത്ത പീഡനത്തിന്റെ വേളയില്‍ സായുധ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും അനുവാദമില്ലെങ്കില്‍ ചില പ്രമുഖരെ രഹസ്യമായി ഉന്മൂലനം ചെയ്യുന്നതിന് അനുവാദം തരണമെന്ന് അഭ്യര്‍ഥിച്ച് പ്രവാചക സഹചരില്‍ ചിലര്‍ അദ്ദേഹത്തെ സമീപിച്ചു. ഒരു പ്രത്യാക്രമണം നടത്തിയില്ലെങ്കിലും ചില ശത്രു നേതാക്കളെ ഗൂഢമായി ഉന്മൂലനം ചെയ്താല്‍ പീഡനത്തിന് വലിയ ആശ്വാസം ലഭിക്കുമെന്നതായിരുന്നു അവരുടെ വിലയിരുത്തല്‍. പക്ഷേ അതിന് മറുപടി പറഞ്ഞത് ദൈവമാണ്. ''ശത്രുക്കളില്‍ നിന്ന് വിശ്വാസികളെ പ്രതിരോധിക്കുന്നവന്‍ ദൈവമാകുന്നു. ദൈവം വഞ്ചകരെയും നന്ദികെട്ടവരെയും ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.'' (അല്‍ഹജ് 38).

യുദ്ധത്തെയും സമാധാനത്തെയും പരസ്പരം കൂട്ടിക്കുഴക്കരുത് എന്നത് ഇസ്‌ലാമിന്റെ ധാര്‍മിക ശാഠ്യങ്ങളിലൊന്നാണ്. എതിരാളികള്‍ കൂട്ടിക്കുഴക്കുന്നുണ്ടെങ്കിലും മുസ്‌ലിംകള്‍ ഏതോ ഒരു നിലപാട് പ്രഖ്യാപിക്കുകുയം അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യണം. അതിന് എന്തു വില നല്‍കേണ്ടി വന്നാലും. അത് ഉജ്ജ്വലമായി ഏറ്റെടുത്തതാണ് പൂര്‍വ സൂരികളുടെ ചരിത്രം.

പൗരത്വം ഒരു കരാറാണ്. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവരെക്കുറിച്ച് പോലീസ് പറയുന്നത് ശരിയാണെങ്കില്‍ പൗരത്വത്തെ നികൃഷ്ടമായി വഞ്ചിക്കുകയാണവര്‍ ചെയ്തത്. പ്രമുഖ ആധുനിക ഇസ്‌ലാമിക പണ്ഡിതനായ ലബനാനിലെ ഫൈസല്‍ മൗലവി പറയുന്നു: ''പൗരബാധ്യതകളും അവകാശങ്ങളും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയണം. അവകാശങ്ങള്‍ മാത്രം അനുഭവിച്ച് ബാധ്യതകളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പൗരത്വമെന്നത് രാഷ്ട്രവുമായുള്ള കരാറാണ്. രാഷ്ട്രത്തെ ചതിക്കാന്‍ മുസ്‌ലിമിന് അനുവാദമില്ല. നബി(സ) പ്രസ്താവിക്കുന്നു: ''എല്ലാ ചതിയന്മാര്‍ക്കും അറിവടയാളമായി ഒരു കൊടിയുണ്ടാകും.'' യുദ്ധ പ്രഖ്യാപിത ശത്രുക്കളെ ചതിക്കുന്നതും അവരോടുള്ള കരാര്‍ ലംഘിക്കുന്നതു പോലും ഇസ്‌ലാം കുറ്റകരമായാണ് കാണുന്നത്.

ഏതൊരു പൗരനും പൗരത്വ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ ബാധ്യസ്ഥനാണ്. അത്‌ ലംഘിക്കുന്നയാള്‍ ശിക്ഷാവിധേയനാണ്. രാഷ്ട്രത്തില്‍ പ്രാബല്യത്തിലുള്ള എല്ലാ നിയമങ്ങളും പാലിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. നികുതി കൊടുക്കണം... ഈ അടിസ്ഥാനത്തിലാണ് മറ്റുള്ളവര്‍ അയാളോട് ഇടപഴകുക. ഒരാള്‍ മാതൃരാജ്യത്ത് ജീവിച്ചാല്‍ അതിന്റെ അര്‍ഥം അനുവദനീയവും നിയമാനുസൃതവുമായ ഒരു കാര്യം അയാള്‍ തെരഞ്ഞെടുത്തു എന്നാണ്.''

മുസ്‌ലിംസമൂഹത്തിന്റെ ദേശക്കൂറ് ചോദ്യം ചെയ്യാന്‍ ശ്രമിക്കുക എന്നതാണ് ഇത്തരം സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ അരങ്ങേറാറുള്ള കാര്യം. യഥാര്‍ഥത്തില്‍ അവന്റെ ദേശക്കൂറിന് അവന്റെ മതബോധവുമായാണ് ബന്ധം.

ഇന്ത്യയിലെ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്ന അന്‍വാര്‍ഷാ കശ്മീരി 1977 ഡിസംബറില്‍ പെഷവാറില്‍ കൂടിയ ജംഇയ്യത്തുല്‍ ഉലമയുടെ പൊതുസമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തില്‍ പറയുന്നു: ''ഒരു മുസ്‌ലിം രാജ്യം ഇന്ത്യയെ ആക്രമിച്ചാല്‍ മുസ്‌ലിംകളുടെ നിലപാടെന്തായിരിക്കും. ഈ ചോദ്യമുദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. വളരെ തരംതാണ ഒരു ചോദ്യമാണിത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമിടയില്‍ (സ്വാതന്ത്ര്യത്തിനു ശേഷമുള്ള സാഹചര്യത്തില്‍ മുസ്‌ലിംകള്‍ക്കും ജനാധിപത്യ ഭരണകൂടത്തിനുമടയില്‍-ലേഖകന്‍) കരാര്‍ നിലവിലുണ്ടെങ്കില്‍ നിശ്ചയമായും മുസ്‌ലിംകള്‍ അത് പാലിക്കും. എന്നു മാത്രമല്ല, അത്തരമൊരു കരാര്‍ നിലനില്‍ക്കുന്നേടത്തോളം ഒരു മുസ്‌ലിം രാഷ്ട്രത്തിനും ഇന്ത്യ ആക്രമിക്കാന്‍ അധികാരമില്ല. ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രവുമായുള്ള കരാറിനെ മാനിക്കാന്‍ മറ്റു രാഷ്ട്രങ്ങളിലെ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. റസൂല്‍(സ) പറയുന്നു. ''മുസ്‌ലിംകളുടെ കരാറുകള്‍ ഒന്നാണ്. ഒരു മുസ്‌ലിം മറ്റുള്ളവരുമായി വല്ല കരാറും ചെയ്താല്‍ അതിനെ ആദരിക്കല്‍ എല്ലാവരുടെയും കടമയാണ്'' (ബുഖാരി, 3180).

സംഘ്പരിവാര്‍ ഈയിടെ കേരളത്തില്‍ നടത്തിയ ഒരു കാമ്പയിനായിരുന്നു 'ആദ്യം രാജ്യം പിന്നെ മതം' എന്നത്. മുസ്‌ലിമിന് ഒന്നാമത്തെ വിഷയം മതം തന്നെയാണ്. രാജ്യവുമായുള്ള അവന്റെ ബന്ധത്തിന്റെ പോലും ഉറവിടം മതമാണ്. ആദ്യം രാജ്യം പിന്നെ മതം എന്ന് സംഘ്പരിവാര്‍ പറയുമ്പോള്‍ അവര്‍ക്ക് രാഷ്ട്രം തന്നെയാണ് മതം. അഥവാ മതം തന്നെയാണ് രാഷ്ട്രം. അവര്‍ ഈ ക്യാമ്പയിനിലൂടെ മുസ്‌ലിം സമൂഹത്തോടു പറയുന്നത് നിങ്ങളുടേതും അങ്ങനെ തന്നെയായിക്കൊള്ളണമെന്നാണ്. മുസ്‌ലിം രാജ്യത്തോട് കൂറുള്ളവനായിത്തീരുന്നത് അവന്‍ മതവിമുക്തനാവുമ്പോഴല്ല, മതപ്രതിബദ്ധതയുള്ളവനാകുമ്പോഴാണ്.

മുസ്‌ലിം സമൂഹത്തോടുള്ള ഭരണകൂടത്തിന്റെ വിവേചനങ്ങളും ഫാഷിസ്റ്റുകളുടെ ആക്രമണങ്ങളുമാണ് മുസ്‌ലിം തീവ്രവാദത്തിന്റെ ഇന്ധനമാവാറുള്ളത്. എന്നാല്‍ ഇത്തരം വഴിവിട്ട പ്രതികരണങ്ങള്‍ ഭരണകൂടത്തിന്റെ കൂടുതല്‍ കടുത്ത പീഡനത്തിനും മറ്റും കാരണമായിത്തീരുകയും ചെയ്യുന്നു. അത് അവനെ വീണ്ടും കടുത്ത ഭീകരനാക്കി മാറ്റുന്നു.. നീതിനിഷേധം തീവ്രവാദത്തിനും തീവ്രവാദം വീണ്ടും കൂടുതല്‍ കടുത്ത നീതിനിഷേധത്തിനും കാരണമാവുന്നു. ഇത് ചില മുസ്‌ലിംകള്‍ അകപ്പെട്ടിരിക്കുന്ന ഒരു വിഷമവൃത്തമാണ്. ഈ യുക്തിയില്‍നിന്ന് പുറത്തുകടക്കാത്തേടത്തോളം അവര്‍ക്ക് ഈ വിഷമവൃത്തത്തില്‍നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. മറ്റുള്ളവര്‍ നമ്മളോട് അതിക്രമം ചെയ്യുന്നില്ലേ, അപ്പോള്‍ നമുക്കെന്തുകൊണ്ട് തിരിച്ച് അതിക്രമം ചെയ്തുകൂടാ എന്നതാണ് അതിന്റെ യുക്തി. ഈ യുക്തികൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല എന്നു മാത്രമല്ല കൂടുതല്‍ വഷളാവുകയാണ് എന്നതിന് ഏത് കണ്ണുപൊട്ടനും കാണാന്‍ കഴിയുന്ന ആയിരക്കണക്കിന് അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

അപ്പോള്‍ എങ്ങനെ ഈ വിഷമവൃത്തത്തില്‍നിന്ന് പുറത്തുകടക്കും. വിശ്വാസിയുടെ അധിക ധാര്‍മികത കൊണ്ട് മാത്രമേ ശത്രുവിന്റെ ഈ കെണിയില്‍നിന്ന് അവന് രക്ഷപ്പെടാന്‍ കഴിയൂ. മറ്റുള്ളവര്‍ തെറ്റു ചെയ്യുന്നു എന്നത് നാം തെറ്റു ചെയ്യാനുള്ള ന്യായമല്ല. നഷ്ടങ്ങള്‍ സഹിച്ചു. ശരി മാത്രം ചെയ്യുന്നവര്‍, നിയമം പാലിക്കുന്നവര്‍ ആത്യന്തികമായി ഇവിടെയും അതിനപ്പുറത്തും വിജയിക്കുക തന്നെ ചെയ്യും. അധാര്‍മികതകള്‍ താല്‍ക്കാലികാശ്വാസങ്ങള്‍ ഒരു പക്ഷേ പ്രദാനം ചെയ്താലും ആത്യന്തികമായി പരാജയപ്പെടുക തന്നെ ചെയ്യും. ദൈവബോധമാണ് മതത്തിന്റെ ആത്മാവ്. ധാര്‍മികതയാണ് അതിന്റെ ശരീരം.

മുസ്‌ലിം തീവ്രവാദത്തെ ഭരണകൂടം തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നു, മുസ്‌ലിംസമൂഹത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്രാജ്യത്വം സര്‍വ സഹായവും ചെയ്തുകൊടുക്കുന്നു മുതലായ വസ്തുതകള്‍ ഇത്തിരി ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ ഇന്ന് വ്യക്തമാണ്. മുംബൈ ഭീകരാക്രമണം നടത്തിയതില്‍ പാകിസ്താനും മുസ്‌ലിം മിലിറ്റന്റ് ഗ്രൂപ്പുകള്‍ക്കും പങ്കുണ്ടായിരിക്കാം. പക്ഷേ അതിനേക്കാള്‍ അതില്‍ അമേരിക്കക്ക്‌ പങ്കുണ്ടായിരുന്നു എന്ന് ഇന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഡേവിഡ് ഹെഡ്‌ലി എന്ന അമേരിക്കന്‍
ചാരന് ഇതിലുള്ള പങ്ക് ഇപ്പോള്‍ ഏകദേശം വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. ഡേവിഡ് ഹെഡ്‌ലി എന്ന അമേരിക്കന്‍ ചാരനും തടിയന്റവിട നസീറും തമ്മില്‍ ചങ്ങാത്തമുണ്ടെന്ന വാര്‍ത്തയും ചേര്‍ത്ത് വായിക്കണം. നസീര്‍ മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കി മാറ്റാന്‍ പോലിസ് ചാരനായി പെരുമ്പാവൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചതായി പി.എം. ഇസ്മയില്‍ എന്ന മുന്‍പോലിസുകാരന്‍ പത്രസമ്മേളനം നടത്തി വെളിപ്പെടുത്തുകയുണ്ടായി. (തേജസ് ദിനപത്രം 17.12.2009) അപ്പോള്‍ മുസ്‌ലിമിനെ കൊണ്ട് ഭീകര പ്രവര്‍ത്തനം ചെയ്യിക്കുന്നത് ഇസ്‌ലാമല്ല, അമേരിക്കയാണ്. രാജ്യത്തെ ഇസ്‌ലാമിക സംഘടനകളല്ല ഭരണകൂടത്തിലെ തന്നെ മുസ്‌ലിംവിരുദ്ധ ഇന്റലിജന്‍സ് ലോബിയാണ്. അത് തിരിച്ചറിയാന്‍ കഴിയാത്ത, അതില്‍ ചെന്നുവീഴാന്‍ മാത്രം ബുദ്ധിമോശമുള്ള തടിയന്റവിട നസീറുമാര്‍ ഈ സമുദായത്തിലുണ്ട് എന്നതാണ് സമുദായത്തിന്റെ നിര്‍ഭാഗ്യം.


ഇന്ത്യയില്‍ മുസ്‌ലിം തെറ്റ് ചെയ്താലും ഹിന്ദു തെറ്റ് ചെയ്താലും ഒരേ പ്രതികരണമല്ല എന്നത് ഒരു മൂര്‍ത്ത യാഥാര്‍ഥ്യമാണ്. ഇതിനെ മുസ്‌ലിം എങ്ങനെയാണ് നേടിരേണ്ടത്. ഈ വസ്തുത രാജ്യമനസ്സാക്ഷിയുടെ മുന്നില്‍ ചൂണ്ടാക്കുകയും അതിനെതിരായ ബഹുജനാഭിപ്രായ രൂപീകരണത്തിന് രാജ്യത്തെ മതേതര വിശ്വാസികളുടെയും മാനവിക വാദികളുടെയും പിന്തുണയോടെ ശ്രമിക്കുകയും ചെയ്യണം. കാരണം അത് രാജ്യത്തെ കൂടുതല്‍ ജനാധിപത്യവല്‍കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ അപ്പോഴും പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെട്ടുകൊള്ളണമെന്നില്ല. അപ്പോള്‍ ഇത്തരം ബഹുജനാഭിപ്രായ രൂപീകരണ ശ്രമങ്ങള്‍ നടത്തുമ്പോള്‍ തന്നെ നേരത്തേ സൂചിപ്പിച്ച ഇസ്‌ലാം അവനു പ്രദാനം ചെയ്യുന്ന ശരാശരിക്കപ്പുറമുള്ള ഉയര്‍ന്ന ധാര്‍മികതകൊണ്ട് മാത്രമേ അവനിതിനെ ഭേദിക്കാന്‍ കഴിയുകയുളളൂ. പ്രതികാരത്തിന്റെ കേവല യുക്തിവാദം പ്രതികരണത്തിന്റെ കേവല ഭൗതികവാദം പിന്തുടരുന്നേടത്തോളം അവന് ഇതില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല.

ലിബിയയില്‍ രണോത്സുകമായ കോളനിവിമോചന സമരത്തന് നേതൃത്വം നല്‍കിയ പണ്ഡിതനാണ് ഉമര്‍ മുഖ്താര്‍. ഇറ്റലിക്കാര്‍ മുസ്‌ലിം പോരാളികളുടെ മൃതശരീരങ്ങള്‍ അംഗഭംഗം വരുത്തിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ച അനുയായികളോട് അദ്ദേഹം പറഞ്ഞു. ''നിങ്ങളുടെ ഗുരുക്കന്മാര്‍  ഇറ്റലിക്കാരല്ല. അല്ലാഹുവും അവന്റെ പ്രവാചകനുമാണ്.''


ഇവിടെ ധാര്‍മികത മുസ്‌ലിമിന്റെ പ്രതിനിധാനത്തിന്റേതും അതിജീവനത്തിന്റേതും പ്രശ്‌നമാണ്. ഏതെങ്കിലും വിഭാഗം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നത് മുസ്‌ലിമിന് നിയമം കൈയിലെടുക്കാനുള്ള ന്യായമാകരുത്. രാജ്യത്ത് നിയമവാഴ്ച നിലനില്‍ക്കുക എന്നത് മറ്റാരേക്കാളും രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങളുടെ ആവശ്യമാണ്. സമ്പന്നനും സവര്‍ണനും നിയമവാഴ്ച യഥാവിധി നിലനിന്നില്ലെങ്കിലും അവന്റെ കാര്യങ്ങള്‍ നടക്കും. അവന്‍ സുരക്ഷിതനായിരിക്കും. മറ്റാരേക്കാളും നിയമപരിരക്ഷ ആവശ്യമുള്ളത് അധഃസ്ഥിത മര്‍ദിത ദുര്‍ബല ജനവിഭാഗത്തിനാണ്. അതുകൊണ്ടുതന്നെ നിയമവാഴ്ചയുടെ ആയുരാരോഗ്യം വര്‍ധിപ്പിക്കുക എന്നത് മുസ്‌ലിം സമൂഹത്തിന്റെ പ്രധാന പരിഗണനാ വിഷയമാവണം. നിയമബാഹ്യമായ പ്രതിരോധ വഴികള്‍ അലോപ്പതി ചിക്തിസയിലെ വേദനാ സംഹാരികളെപ്പോലെയാണ്. ഒരുപക്ഷേ അത് താല്‍ക്കാലിക ഫലം നല്‍കിയാലും. മൊത്തത്തില്‍ അത് ശരീരത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. നിയമവിരുദ്ധ പ്രതിരോധങ്ങള്‍ ചിലപ്പോള്‍ താല്‍ക്കാലിക ഫലങ്ങള്‍ നല്‍കിയേക്കും. പക്ഷേ അത് മൊത്തത്തില്‍ രാഷ്ട്ര ശരീരത്തെ അനാരോഗ്യത്തിലേക്ക് നയിക്കുകയാണ് ചെയ്യുക. ആ അനാരോഗ്യത്തിന് ഏറ്റവും വില കൊടുക്കേണ്ടിവരിക രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക ദരിദ്ര ജവിഭാഗങ്ങള്‍ തന്നെയായിരിക്കും. ജനാധിപത്യ ക്രമത്തിനകത്തുതന്നെ പോസിറ്റീവ് മിലിറ്റന്‍സി എന്ന ഒന്നുണ്ട്. അതൊരിക്കലും അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനമല്ല. ജനത്തെ സംഘടിപ്പിച്ച് ജനമധ്യത്തില്‍ വെച്ച് നിര്‍വഹിക്കപ്പെടുന്നു. ജനകീയ സമരമുഖത്ത് ഉപയോഗിക്കപ്പെടുന്ന സുതാര്യമായ മിലിറ്റന്‍സി ഇതിന്റെ ഭാഗമാണ്.

ഭീകരരവാദത്തിനെതിരെ മുസ്‌ലിംസമൂഹം അതിശക്തമായി രംഗത്തുവരേണ്ടതുണ്ട്. പക്ഷേ അത് ഭീകരവാദത്തെക്കുറിച്ച് ഔദ്യോഗിക ഭാഷ്യങ്ങള്‍ അന്ധമായി വിശ്വസിച്ചുകൊണ്ടല്ല. നമ്മുടെ നാട്ടിലെ ഭീകരവാദം അമേരിക്കയും പാകിസ്താനും നമ്മുടെ ഭരണ ഉദ്യോഗസ്ഥ സമൂഹത്തിലെ ഒരു വിഭാഗവും കുറേ തീവ്രവാദികളും പരസ്പരം അറിഞ്ഞും അറിയാതെയും ഒരുമിച്ചു ചേര്‍ന്ന് നടത്തുന്ന ഒരു മള്‍ട്ടി നാഷ്‌നല്‍ വ്യവസായമാണ്. സാമ്രാജ്യത്വം ഒരേസമയം നമ്മുടെ രാജ്യത്തെ തീവ്രവാദികളെയും ഭരണകൂത്തെയും സഹായിക്കുകയാണ്. ഇതിലൂടെ അവരുടെ രണ്ടു ശത്രുക്കളെ ഒരുമിച്ച് തകര്‍ക്കാന്‍ കഴിയുമെന്നവര്‍ കണക്കുകൂട്ടുന്നു. ഒരു രാജ്യമെന്ന നിലക്ക് ഇന്ത്യയെയും ഒരു ആഗോള ജനസമൂഹമെന്ന നിലക്ക് മുസ്‌ലിംകളെയും. ഈ കള്ളനും പോലീസും കളിയില്‍ ആര് ജയിച്ചാലും അമേരിക്കക്ക് ലാഭമാണ്. ഭരണകൂടം ജയിച്ചാലും തീവ്രവാദികള്‍ ജയിച്ചാലും, ഇന്ത്യ ജയിച്ചാലും പാകിസ്താന്‍ ജയിച്ചാലും. കാരണം സാമ്രാജ്യത്വം ഈ കളിയില്‍ തിരശ്ശീലക്ക് പിന്നിലാണ്. ഭീകരവാദത്തിന്റെ ഈ രാഷ്ട്രീയത്തെ തിരിച്ചറിയാന്‍ നമ്മുടെ ഒരു സ്ഥൂല രാഷ്ട്രീയത്തിനും സൂക്ഷ്മരാഷ്ട്രീയത്തിനും കഴിയുന്നില്ല. ഭീകരവാദ ഭീകരാന്വേഷണ വ്യവസായത്തിന്റെ അടുക്കളകളെ അനാവരണം നമ്മുടെ ഒരു മാധ്യമ പ്രവര്‍ത്തനത്തിനും സാധിക്കുന്നില്ലെന്നു മാത്രമല്ല അവരീ കൂട്ടുകെട്ടിലെ പ്രബലമായ ഒരു കണ്ണിയുമാണ്.

കുറവന്റെ കൈയിലെ കുരങ്ങനെ പോലെ നമ്മുടെ പോലീസുകാര്‍ കൊണ്ടുനടക്കുന്ന തടയിന്റവിട നസീറിനെ ഇത്രകാലവും സംരക്ഷിച്ചത് പോലീസ് തന്നെയാണെന്ന് പ്രബലമായി സംശയിക്കേണ്ടിയിരിക്കുന്നു. നായനാര്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന്റെ പേരില്‍ നസീറിനെ അറസ്റ്റ് ചെയ്യാന്‍ അവന്റെ ഭാര്യവീട്ടില്‍ പോലീസ് വന്നിരുന്നു. അവനെ പിടിച്ചുകൊണ്ടുപോയ പോലീസ് പിന്നീട് കുറച്ചു സമയം കഴിഞ്ഞ് ആ വീട്ടില്‍വന്ന് അവന്‍ രക്ഷപ്പെട്ടുകളഞ്ഞു എന്നു പറഞ്ഞു. ഈ സംഭവം മാധ്യമങ്ങളില്‍ വിവരിച്ച അവന്റെ ഭാര്യാ മാതാവ് പറയുന്നത് പോലീസിന്റെ സഹായമില്ലാതെ അവന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല എന്നാണ്. നസീറിനെ രക്ഷിച്ചത് ഇടതുപക്ഷമാണോ വലതു പക്ഷമാണോ എന്ന് കക്ഷിരാഷ്ട്രീയ വാക്പയറ്റിനപ്പുറം നസീറിനെ രക്ഷിച്ചത് ഇടതുകാലത്തെയും വലതുകാലത്തെയും കേരളാ പോലീസാണ്.

ഭീകരത പലപ്പോഴും ഒരു പോലീസ് കൃഷി കൂടിയാണ്. ആവശ്യമുള്ളപ്പോള്‍ അവര്‍ അവരുടെ വിളവുകൊയ്‌തെടുക്കുന്നു. ഇത് ഈ 'കൊടുംഭീകരര്‍' ചിലപ്പോള്‍ അറിയുന്നു. മറ്റു ചിലപ്പോള്‍ അറിയുന്നില്ല. പോലീസും ഭരണകൂടവുമറിയാതെ ഇവിടെ ആരും ബസ് കത്തിക്കുന്നില്ല. ഒരു മുംബൈയിലും ഭീകരാക്രമണവും നടക്കുന്നില്ല. ഭരണകൂടമെന്നതിന് ആഗോളവത്കരണാനന്തര കാലത്ത് നമ്മുടെ നാട്ടിലെ അര്‍ഥം അമേരിക്കയില്‍ തുടങ്ങി നമ്മുടെ നാട്ടിലെ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ അവസാനിക്കുന്നതാണ്.


ഇത്തരമൊരു തലം അരങ്ങു തകര്‍ക്കുന്ന മഅ്ദനി വേട്ടക്കുമുണ്ട്. എന്റെ സുഹൃത്തിനെ ബൈക്ക് ഓടിക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലീസ് പിടിച്ചു. ലൈസന്‍സ് കാണിക്കാന്‍ പറഞ്ഞു. അവന്‍ ലൈസന്‍സ് കാണിച്ചു. ഡ്രൈവിംഗില്‍ നിയമം തെറ്റിച്ചു എന്നു പറഞ്ഞു. അത് ശരിയായിരുന്നു എന്നവന്‍ പറഞ്ഞു സ്ഥാപിച്ചു. അപ്പോള്‍ പോലീസുകാരന്‍ പറഞ്ഞു. എന്നാല്‍ കുഴപ്പമില്ല ഞാന്‍ ഹെല്‍മറ്റിന് ചാര്‍ജ് ചെയ്തുകൊള്ളാം. ഇതുപോലെ മഅ്ദനിയെ കുടുക്കിയേ തീരൂ എന്ന് പോലീസ് നേരത്തേ തീരുമാനിച്ചിരിക്കുന്നു എന്നു തോന്നിപ്പിക്കുന്നതാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പി.ഡി.പിയുമായി രാഷ്ട്രീയ സംഖ്യമുണ്ടാക്കുമ്പോഴും പോലീസ് കസ്റ്റഡിയിലുള്ള പല പ്രതികളും മഅ്ദനി പല കേസിലും പ്രതിയാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു മണി എന്ന യൂസുഫ്. പക്ഷേ തന്നെക്കൊണ്ട് പോലീസ് നിര്‍ബന്ധിച്ച് മഅ്ദനിയുടെ പേര് പറയിക്കുകയായിരുന്നു എന്ന് അയാള്‍ പിന്നീട് വെളിപ്പെടത്തി. ഭരണത്തിലുള്ള ഇടതുപക്ഷം കേസ് ഫയലുകള്‍പരിശോധിച്ച ശേഷം അദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെട്ട ശേഷമാണ് മഅ്ദനിയുമായി സംഖ്യം കൂടാന്‍ തീരുമാനിച്ചതെന്നാണ് അന്ന് ഇടതു നേതാക്കളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. പക്ഷേ അപ്പോഴും പോലീസില്‍ ഒരു വിഭാഗം തുടരുന്ന മഅ്ഛനി വേട്ടയെ അഭിമുഖീകരിക്കാന്‍ ഇടതുപക്ഷം വിസമ്മതിച്ചു. അതിന്റെ വിലയാണ് അവര്‍ ഇപ്പോള്‍ ഒടുക്കിക്കൊണ്ടിരിക്കുന്നത്.

പാകിസ്താനില്‍ ഓരോ ദിവസവും പൊട്ടിത്തെറിക്കുന്നത് ആരുടെ സാധനമാണ്? അതിനു പിന്നില്‍ ആരുടെ കരങ്ങളാണ്? പാക് താലിബാന്‍ എന്ന കൊലയാളി സംഘം ആരുടെ വളര്‍ത്തു പുത്രനാണ്. ഇന്ത്യക്കും പാകിസ്താനും ശത്രുവായിരിക്കെതന്നെ അവര്‍ക്ക് വല്ല അവരറിയാത്ത പൊതുശത്രുക്കളുമുണ്ടോ?


കോസ്റ്റ് ഗാര്‍ഡ് രൂപീകരണത്തില്‍ പങ്കാളിയാവുകയും വെസ്റ്റ് ബംഗാളിലെ ഹാല്‍ദിയയില്‍ ഏറെക്കാലം ആ സേനയുടെ അമരക്കാരനായി ഇരിക്കുകയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ അമരക്കാരനായി വിരമിക്കുകയും ചെയ്ത പ്രഭാകരന്‍ പലേരി പറയുന്നു: 'പുറത്തുനിന്ന് വല്ലവരും ആക്രമിക്കാന്‍ വരികയാണെങ്കില്‍ അതിനെ തടുക്കാനുള്ള എല്ലാ കഴിവും നമുക്കുണ്ട്. എന്തുകൊണ്ട്അത് ചെയ്യുന്നില്ല എന്നതില്‍ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളൂ.'' ഇന്ത്യയില്‍ ഏതു ഭീകര പ്രവര്‍ത്തനം നടന്നാലും അതിന്റെ ഉത്തരവാദിത്വം പാകിസ്താനാണെന്ന വാദം ശരിയാണോ എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറയുന്നു: ''പാകിസ്താനില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഇന്ത്യയുടെ നാശം കാത്തിരിക്കുന്ന എത്രയോ രാജ്യങ്ങളുണ്ട്. സൗഹൃദം നടിച്ചു നില്‍ക്കുന്ന രാജ്യങ്ങളെയാണ് ഏറ്റവും ഭയക്കേണ്ടത്. ഇന്ത്യയുടെ തകര്‍ച്ച കാത്തിരിക്കുന്ന, അതിനായി അവിശ്രമം ശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പേര് എന്റെ നാവിന്‍ തുമ്പിലുണ്ട്. അത് പറയില്ല. രണ്ടാണ് കാരണം. ഒന്ന്, അതിനു നിരത്താന്‍ വ്യക്തമായ തെളിവുകള്‍ വേണം. രണ്ട്, ഞാന്‍ ഇപ്പോള്‍ അത് പറയുന്നത് ശരിയല്ല. എങ്കിലും അതുണ്ട് എന്നത് വാസ്തവം.  നമ്മുടെ പ്രധാന ശത്രു ആരാണ്? പാകിസ്താന്‍? എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറയുന്നു. ''എന്തിനു പാകിസ്താനു നേരെ വിരല്‍ ചൂണ്ടുന്നു. അത് തെറ്റായ നിഗമനമാണ്. പാകിസ്താന്‍ വേറെ ശക്തികളുടെ അടിമകളായി, വേറെ ശക്തികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞത്. ഇന്ത്യയിലെ ജനങ്ങള്‍ഉപരിപ്ലവമായാണ് കാര്യങ്ങളെ കാണുന്നതെന്ന്. ഇന്ത്യയുടെ വളര്‍ച്ചയില്‍ പലര്‍ക്കും ഭയമാണ്. അവര്‍ നമ്മെ നശിപ്പിക്കാന്‍ പല മാര്‍ഗവും നോക്കും. പണ്ട് പാകിസ്താനും ചൈനയും യുദ്ധം ചെയ്തു. ഇന്ന് യുദ്ധത്തിന്റെ സാധ്യത കുറവാണ്. വേറെ ചിലര്‍ നമ്മുടെ കൃഷി നശിപ്പിക്കാന്‍ ഭക്ഷ്യ സഹായം നല്‍കി. ഭക്ഷ്യസാധനങ്ങള്‍ സൗജന്യമായി കിട്ടുമ്പോള്‍ എല്ലാവരും ഉദാസീനരാവുമല്ലോ?'' (കലാകൗമുദി 2009 ഡിസംബര്‍ 20).

ഭീകരവാദത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ വേട്ടയാടുന്നതിലൂടെ അതിന്റെ പിന്നിലെ യഥാര്‍ഥ ശക്തികളെ സമര്‍ഥമായി മറച്ചുവെക്കാന്‍ തല്‍പരകക്ഷികള്‍ക്ക് സാധിക്കുന്നു. ഇതിനര്‍ഥം ഇതില്‍ പ്രതികളായ മുസ്‌ലിംകളെല്ലാം നിരപരാധികളാണെന്നല്ല. അവരുടെ വന്യവികാരങ്ങളെ ഉപയോഗപ്പെടുത്തി വലിയ അജണ്ട നടപ്പാക്കുന്നു ആഭ്യന്തര വൈദേശിക ശക്തികള്‍ രക്ഷപ്പെടുന്നു എന്നു മാത്രമാണ്. ഈ അവിവേകികള്‍ ഒരു സമുദായത്തെ മൊത്തം നോണ്‍ അറസ്റ്റഡ് പുള്ളികളായി പിടിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയാണ്. ഇതുതന്നെയാണ് ഇവരുടെ പിന്നിലുള്ളവരുടെ താല്‍പര്യം.

ഓരോ സംഭവമുണ്ടാകുമ്പോഴും നമ്മുടെ സ്‌ക്രീനിലും പേജിലും മുസ്‌ലിംകള്‍ എത്രവേഗമാണ് കുറ്റപ്പത്രത്തില്‍ പ്രത്യേകം പേരില്ലാത്ത പൊതു കുറ്റവാളികളായി മാറുന്നത്. മുസ്‌ലിം മാനേജ്‌മെന്റിലുള്ള പത്രങ്ങള്‍ ഒരു രാത്രി കഴിഞ്ഞ് സൂര്യനുദിക്കുമ്പോഴേക്ക് നമ്മുടെ മാധ്യമ നിരൂപകര്‍ക്ക് മുസ്‌ലിം പത്രമായി മാറുന്നത്. പക്ഷേ നമ്മുടെ നാട്ടില്‍ ഒറ്റ ഹിന്ദു പത്രവും നായര്‍ പത്രവുമില്ല. ദേശീയ പത്രം മാത്രമേയുള്ളൂ. പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ പറഞ്ഞതുപോലെ ''ഒരു പക്ഷേ മലയാളി സമൂഹം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും ഗുരതരമായ സാംസ്‌കാരിക രാഷ്ട്രീയ ഭീഷണി മാധ്യമങ്ങളുടെ ഹൃദയശൂന്യമായ വര്‍ഗീയ അജണ്ട തന്നെയാണ്.''


കേരളത്തിലെ ഇസ്‌ലാം നടുനിവര്‍ത്തി നിന്ന് ഏറെ ചെറുതെങ്കിലും വളരെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന മുസ്‌ലിം സമൂഹത്തിലെ തീവ്രവാദ പ്രവണതയെ നേരിടണം. ഓരോ സംഘടനക്കും അവരുടെ മതവ്യാഖ്യാന ശൈലിയനുസരിച്ച് ഇതിനെതിരെ സമുദായത്തെ പൊതുവിലും പ്രവര്‍ത്തകരെ സവിശേഷമായും പ്രബോധിപ്പിക്കണം. അതിനു പകരം ഭീകരവാദത്തിന്റെ കാറ്റും കോളുമുണ്ടാകുമ്പോഴെല്ലാം അങ്ങേയറ്റം നിരുത്തരവാദപരമായി, ഇതിനകം അനേകം വാള്യങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞ മൗദൂദി തെറിപ്പാട്ട് പുനഃസംപ്രേഷണം ചെയ്തതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. മൗദൂദിയോട് നാം എത്ര വിയോജിച്ചാലും തീവ്രവാദത്തിന്റെ അധാര്‍മിക വ്യാവസായികത ഏറ്റവും നന്നായി തിരിച്ചറിഞ്ഞ ആധുനിക ഇസ്‌ലാമിക പണ്ഡിതനും നായകനുമാണദ്ദേഹം.

സാമ്രാജ്യത്വത്തിനും ഭരണകൂട ഭീകരതക്കും അരാഷ്ട്രീയവല്‍ക്കരണത്തിനുമെതിരായ വിശാലമായ പോരാട്ടത്തിന്റെ ഭാഗമായാണ് മുസ്‌ലിം സമൂഹം തീവ്രവാദത്തിനെതിരായ സമരം ഏറ്റെടുക്കേണ്ടത്. അങ്ങനെ മാത്രമേ ഈ സമരത്തെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ.Monday, August 30, 2010

മഅ്ദനി ഒരു ജനാധിപത്യപ്രക്ഷോഭമാണ്

ഒരു മനുഷ്യന്‍ തന്റെ പച്ചജീവിതം കൊണ്ട് നടത്തുന്ന ഒരു ജനാധിപത്യപ്രക്ഷോഭത്തിന്റെ പേരാണ് ഇപ്പോള്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. നമ്മുടെ ജനാധിപത്യത്തിന്റെ സമൂര്‍ത്ത സ്ഥാപനങ്ങള്‍ ദുര്‍ബലജനവിഭാഗത്തിനെതിരെ ഗൂഢമായി പ്രവര്‍ത്തിക്കുന്നതിന്റെ ജനദൃഷ്ടിയിലുള്ള ഉദാഹരണം മാത്രമാണ് മഅ്ദനി. നമ്മുടെ ജയിലറകളില്‍ അന്യായമായി കുറ്റം ചാര്‍ത്തപ്പെട്ട് ജാമ്യം പോലും ലഭിക്കാതെ എത്രയോ മനുഷ്യര്‍ വെളിച്ചം കാണാതെ കഴിയുന്നുണ്ട്. അവരുടെ ലോകമറിയുന്ന പ്രതിനിധിയാണ് മഅ്ദനി.

ഇന്റലിജന്‍സ്, പോലീസ് അധികാരികള്‍ മാധ്യമങ്ങളുമായി ചേര്‍ന്നു ചില സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ ന്യൂനപക്ഷ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കെതിരെ എത്രയോ കാലമായി നടത്തിവരുന്ന നീക്കങ്ങളെ വലുതായൊന്നും അനാവരണം ചെയ്യാന്‍ ഇവിടുത്തെ

ജനാധിപത്യപ്രക്ഷോഭങ്ങള്‍ക്കൊന്നും സാധിച്ചിട്ടില്ല. ജനാധിപത്യത്തിനകത്തെ ഈ തമോഗര്‍ത്തത്തെ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് മഅ്ദനി മനുഷ്യാവകാശപ്രസ്ഥാനത്തിന്റെ ചരിത്രപരമായ പ്രാധാന്യം. മഅ്ദനി അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ മുമ്പ് അദ്ദേഹം തന്നെയും ശേഷം അദ്ദേഹത്തിനുവേണ്ടിയും നടക്കുന്ന സമരത്തിന്റെ പ്രാഥമികരാഷ്ട്രീയം ഇതാണ്. ഇത്തരം ഗൂഢാലോചനയുടെ ആദ്യത്തെ ബലിയാടല്ല മഅ്ദനി. പക്ഷേ, ഇത്തരം ഗൂഢാലോചനക്കെതിരെ നടക്കുന്ന വിപുലമായ അര്‍ഥത്തിലുള്ള ആദ്യത്തെ ജനാധിപത്യപ്രക്ഷോഭമാണ് അബ്ദുല്‍ നാസര്‍ മഅ്ദനി.

ഒരാളുടെ മേല്‍ പോലീസ് കുറ്റം ചുമത്തി അറസ്റ്റ് ചെയ്താലും അയാള്‍ക്ക് ജാമ്യം ലഭിക്കേണ്ടതാണ്. കരിനിയമം ചുമത്തുന്നത് കാരണമാണ് ജാമ്യം ലഭിക്കാതെ പോവുന്നത്. അതുകൊണ്ട് തന്നെ മഅ്ദനിക്കുവേണ്ടിയുള്ള എല്ലാ പോരാട്ടവും എല്ലാ കരിനിയമങ്ങള്‍ക്കുമെതിരായ പോരാട്ടമാണ്. മഅ്ദനി സ്വയം തന്നെ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (UAPA) എന്ന കരിനിയമത്തിന്റെ ഇരയാണ്. അപ്പോള്‍ മഅ്ദനി ഒരേസമയം ഇരയും പോരാട്ടവുമാണ്. എന്നാല്‍ മണിപ്പൂരിലെ ഇറോം ശര്‍മിള എന്ന പെണ്‍കുട്ടി തന്റെ ജനതയുടെ മേല്‍ നടപ്പിലാക്കപ്പെടുന്ന ആംഡ് ഫോര്‍സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട് (AFSPA) എന്ന കരിനിയമത്തിനെതിരെ കഴിഞ്ഞ പത്തുവര്‍ഷമായി നിരന്തര നിരാഹാരസമരത്തിലാണ്.

ജമ്മുകശ്മീരില്‍ പട്ടാളത്തിന് പ്രത്യേകാധികാരം നല്‍കുന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനം തെരുവിലിറങ്ങുകയാണ്. അത് പിന്‍വലിക്കണമെന്നാണ് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെയും പ്രതിപക്ഷനേതാവ് മഹ്ബൂബ മുഫ്തിയുടെയും അഭിപ്രായം. അത് പിന്‍വലിക്കാമെന്ന് ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രി സമ്മതിച്ചതാണ്. പക്ഷേ, പട്ടാളത്തിനും പോലീസിനുമുള്ള സവിശേഷ അധികാരങ്ങളുടെ മേല്‍ കൈവെക്കാന്‍ കഴിയാത്തവിധം നിസ്സഹായമാണ് നമ്മുടെ സിവില്‍ ഭരണകൂടം. ഒരുതരം പട്ടാളഭരണവും പോലീസ് രാജും ജനാധിപത്യത്തിന്റെ പേരില്‍ ഇവിടെ നടക്കുന്നുണ്ട്. പ്രക്ഷോഭങ്ങളിലൂടെ രൂപപ്പെട്ട ഒന്നാണ് നമ്മുടെ ജനാധിപത്യം. അതിനെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കേണ്ടതും പ്രക്ഷോഭങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയുമാണ്. കരിനിയമങ്ങളെ പ്രശ്‌നവല്‍ക്കരിച്ച് മാത്രമേ മഅ്ദനിയുടെ വിഷയത്തെ അപഗ്രഥിക്കാന്‍ കഴിയുകയുള്ളൂ.

സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി വിധിപറയാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അതിനവസരം നല്‍കരുതെന്ന നിര്‍ബന്ധബുദ്ധിയോടെ അദ്ദേഹത്തെ അറസ്റ്റുചെയ്തത്. ജാമ്യം ലഭിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു എന്നാണ് ധൃതിപിടിച്ച അറസ്റ്റില്‍ നിന്നും നിയമകേന്ദ്രങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. രണ്ടുമണിക്കു മുമ്പ് അറസ്റ്റുചെയ്യണമെന്ന് കര്‍ണാടകപോലീസിന് നിര്‍ബന്ധമുണ്ടായിരുന്നു എന്നാണ് കേരള ആഭ്യന്തരമന്ത്രി സഖാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. വാറന്റ് കാലാവധി അവസാനിക്കുന്നത് രണ്ട് മണിക്കല്ല എന്നിരിക്കെ, വാറന്റ് വേണമെങ്കില്‍ ഇനിയും നീട്ടിവാങ്ങാമെന്നരിക്കെ, അത് മുമ്പ് പലപ്രാവശ്യം നീട്ടിയുണ്ടെന്നിരിക്കെ എന്തിന് കര്‍ണാടക പോലീസിന്റെ, ശാഠ്യത്തിന് കേരളാപോലീസ് വഴങ്ങി എന്നതിന് സി.പി.എം മറുപടി പറയണം.

താന്‍ കോടതിയില്‍ കീഴടങ്ങിക്കൊള്ളാം എന്ന് മഅ്ദനി അധികാരികളെ അറിയിച്ചതും പരസ്യമായി പ്രഖ്യാപിച്ചതുമാണ്. അതിന് മഅ്ദനി തന്നെ പറഞ്ഞകാരണം അത് തന്നെ സ്‌നേഹിക്കുന്നവരുടെ വൈകാരികതക്ക് ആശ്വാസം നല്‍കുമെന്നായിരുന്നു. കാരണം, ബലമായി പിടിച്ചുകൊണ്ടുപോയതല്ല ഞാന്‍തന്നെ കോടതിയില്‍ കീഴടങ്ങിയതാണെന്നത് അവര്‍ക്ക് ആശ്വാസം നല്‍കും. കോടതിയില്‍ കീഴടങ്ങിയാലും കര്‍ണാടക പോലീസിന് അറസ്റ്റ് ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കര്‍ണാടക പോലീസ് അതിനവസരം നല്‍കാതെ അറസ്റ്റു ചെയ്തു. വ്യാപകമായ വികാര വിക്ഷോഭങ്ങളുണ്ടാകുമെന്നവര്‍ പ്രതീക്ഷിച്ചു. അതിനെ അടിച്ചമര്‍ത്തുന്നതിലൂടെ മുസ്‌ലിം സമൂഹത്തിന് വലിയ പരിക്കേല്‍പിക്കാന്‍ കഴിയുമെന്നവര്‍ കണക്കുകൂട്ടിയിരിക്കണം. സമുദായം അതിനെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തിക്കളഞ്ഞു. ഒരു സംഘടന എന്നനിലക്ക് പി.ഡി.പിയും അദ്ദേഹത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ജനവിഭാഗമെന്നനിലക്ക് തെക്കന്‍ കേരളത്തിലെ മുസ്‌ലിംസമൂഹവും കാണിച്ച ക്രിയാത്മകത ഏറെ ശ്രദ്ധേയമാണ്. ശത്രുവിന്റെ ഗൂഢാലോചനയെ സംഘടനയും സമുദായവും സര്‍ഗാത്മകമായി പരാജയപ്പെടുത്തുകയായിരുന്നു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം റമദാനിന്റെ ധാര്‍മികമായ അധികകരുത്ത് അവര്‍ക്കതിനു പ്രയോജനപ്പെട്ടിട്ടുണ്ടാവണം. അറസ്റ്റിന് ശത്രു, റമദാന്‍ തെരഞ്ഞെടുത്തത് സമുദായത്തെ അപമാനിക്കാനായിരിക്കാം. പക്ഷേ, സമുദായം അതിനെ പ്രയോജനപ്പെടുത്തിയത് അതിനെ രചനാത്മകമായി നേരിടാനാണ്.

ജനാധിപത്യവിരുദ്ധമായോ, നിയമവാഴ്ചക്കെതിരായോ ഒന്നും ചെയ്യാതിരിക്കുമ്പോഴും മഅ്ദനിയെ പിന്തുണക്കുന്നവര്‍ നിഷ്‌ക്രിയരായിരുന്നില്ല. അടിച്ചമര്‍ത്താനെളുപ്പമല്ലാത്ത രാഷ്ട്രീയവും നിയമപരവുമായ സമരത്തിന് അവര്‍ തുടക്കം കുറിക്കുകയായിരുന്നു. അറസ്റ്റ് നടന്ന് 24 മണിക്കൂറിനുള്ളില്‍ പി.ഡി.പിക്കും സമുദായത്തിനുമപ്പുറത്തുള്ളവരുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരത്തും കോഴിക്കോടും മഅ്ദനിക്കുവേണ്ടിയുള്ള ആലോചനായോഗങ്ങള്‍ നടന്നു.

ഒന്നാം അറസ്റ്റുകാലത്തേതില്‍ നിന്നു വ്യത്യസ്തമായി വലിയ പിന്തുണ അദ്ദേഹത്തിനിപ്പോള്‍ ലഭിക്കുന്നുണ്ട്. അതിനര്‍ഥം 1998-ല്‍ നിന്ന് 2010ലേക്കെത്തുമ്പോള്‍ നമ്മുടെ ജനാധിപത്യം കൂടുതല്‍ വികസിതമായിരിക്കുന്നു എന്നാണ്. ഭരണകൂട ഉദ്യോഗസ്ഥ ഗൂഢാലോചന എന്നുപറഞ്ഞാല്‍ അന്നു മനസ്സിലാവുന്നതിനേക്കാള്‍ ഇന്നു മനസ്സിലാവുമെന്നായിരിക്കുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ ഭാവി പ്രതീക്ഷാനിര്‍ഭരണമാണെന്നതിന്റെ സൂചകമാണത്.


എന്തിന് മഅ്ദനി
എന്തുകൊണ്ട് മഅ്ദനി തന്നെ ഇത്തരമൊരു ഗൂഢാലോചനക്കിരയാവുന്നു എന്നചോദ്യം പ്രസക്തമാണ്. ഈ ചോദ്യം പിറവിയെടുക്കുന്നത് എന്തെങ്കിലും തെറ്റ് ചെയ്യാതെ ഒരാള്‍ക്കെതിരെ ഇത്തരം നീക്കമുണ്ടാവുമോ എന്ന നിഷ്‌കളങ്കതയില്‍നിന്നാണ്. ഇത്തരം നീക്കം ആര്‍ക്കെതിരെ ഉണ്ടായാലും ഈ ചോദ്യം ചോദിക്കാവുന്നതേയുള്ളൂ. ഭരണകൂട സംവിധാനത്തെക്കുറിച്ച പവിത്രതാബോധമാണ് ഈ സന്ദേഹത്തിന്റെ അടിത്തറ. ഈ പവിത്രതാബോധത്തെ ചോദ്യം ചെയ്തുകൊണ്ട് മാത്രമേ ഭരണകൂട ഭീകരതക്കെതിരായ മനുഷ്യാവകാശ പോരാട്ടത്തിന്റെ അക്ഷരമാല ആരംഭിക്കാന്‍ കഴിയൂ.

സാമ്രാജ്യത്വത്തെയും ഫാഷിസത്തെയും സവര്‍ണമേല്‍ക്കോയ്മയെയും വെല്ലുവിളിച്ചയാള്‍ എന്നത് അദ്ദേഹം ടാര്‍ഗറ്റ് ചെയ്യപ്പെടുന്നതിന്റെ നിമത്തം തന്നെയാണ്. മഅ്ദനിയുടെ അറസ്റ്റിനുശേഷം ചില സാംസ്‌കാരിക പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കപ്പെട്ട യോഗത്തില്‍ ഫിലിപ് എം. പ്രസാദ് പറഞ്ഞതുപോലെ സാമ്രാജ്യത്വത്തെ അക്രമിച്ചിട്ട് സ്വസ്ഥമായി വീട്ടിലിരിക്കാം എന്നുകരുതുന്നത് മൗഢ്യമാണ്. മഅ്ദനി ഒരു സൂചനമാത്രമാണ്.

സ്‌ഫോടനങ്ങളുടെ പേരില്‍ സംഘ്പരിവാര്‍ വ്യാപകമായി പ്രതിക്കൂട്ടിലായ ഈ സമയത്ത് മുസ്‌ലിം ഭീകരതയുടെ വലിപ്പമുള്ള ഒരു പ്രതീകം അവര്‍ക്ക് സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു എന്നതും ശരിയാണ്.

അതിനെല്ലാമപ്പുറം സൂക്ഷ്മമായ കാരണങ്ങള്‍ കൂടി ഇതിനുണ്ട്. ഇദ്ദേഹത്തെ ഇനിയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചാല്‍ അത് വലിയ നീതിനിഷേധമായി സമൂഹത്തിന് അനുഭവപ്പെടും. അപ്പോള്‍ കുറച്ചുപേരെങ്കിലും ഈ ഭരണസംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് തീവ്രവാദികളാവുമെന്നവര്‍ കണക്കുകൂട്ടുന്നു. അങ്ങനെ നമ്മുടെ ഔദ്യോഗികസംവിധാനങ്ങള്‍ തന്നെ നോക്കിനടത്തുന്ന തീവ്രവാദ വ്യവസായത്തിന് കുറേ അസംസ്‌കൃത പദാര്‍ഥങ്ങളുടെ ലഭിക്കുമെന്നവര്‍ വിചാരിക്കുന്നു. മുസ്‌ലിം വികാരത്തെ വ്രണപ്പെടുത്താവുന്ന ലക്ഷണമൊത്ത പ്രതീകമായി അവര്‍ മഅ്ദനിയെ മനസ്സിലാക്കുന്നു.

തീവ്രവാദം ഇല്ലാതാവുക എന്നതല്ല പലപ്പോഴും തീവ്രവാദ വിരുദ്ധ പോരാട്ടം നടത്തുന്ന ഔപചാരികവും അനൗപചാരികവുമായ സംവിധാനങ്ങളുടെ താല്‍പര്യം. മാവോയിസ്റ്റുകള്‍ക്കും സര്‍ക്കാറിനുമിടയില്‍ സര്‍ക്കാര്‍ ക്ഷണം തന്നെ സ്വീകരിച്ചുകൊണ്ട് സ്വാമി അഗ്നിവേശ് മാധ്യസ്ഥനീക്കവുമായി രംഗത്തുവന്നു. രണ്ടുവട്ടം ചര്‍ച്ചകള്‍ നടന്നു. മൂന്നാംവട്ട ചര്‍ച്ചക്കുമുമ്പെ മാവോയിസ്റ്റുകളിലെ ചര്‍ച്ചാപ്രതിനിധിയായിരുന്ന ആസാദ് എന്ന ചെറുകുറി രാജ്കുമാര്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കീശയില്‍ സര്‍ക്കാറിനു കൈമാറാനുള്ള മാവോയിസ്റ്റുകളുടെ കത്തുണ്ടായിരുന്നു. ആ ചര്‍ച്ചയും വെടിനിര്‍ത്തലും നടക്കരുതെന്നു നിര്‍ബന്ധമുള്ള പോലീസിലെ തന്നെ ചിലരാണ് കൊലപാതകത്തിനിപിന്നിലെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

അപ്പോള്‍ തീവ്രവാദം ഇസ്‌ലാമിന്റെയോ മുസ്‌ലിംകളുടെയോ ആവശ്യമല്ല. ചില പോലീസധികാരികളുടെയും ഇസ്‌ലാമിന്റെ ശത്രുക്കളുടെയും മാത്രം ആവശ്യമാണ്. അത് സമുദായം തിരിച്ചറിയുക എന്നതാണ് അതിനെ തോല്‍പിക്കാനുള്ള വഴി. ഭരണകൂട ഭീകരതയെ  ജനാധിപത്യപ്രക്ഷോഭം കൊണ്ടാണ് പരാജയപ്പെടുത്തേണ്ടത്. കൂടുതല്‍ സ്വയം ജനാധിപത്യവല്‍ക്കരിച്ചും രാജ്യത്തെ ജനാധിപത്യവല്‍ക്കരിച്ചുമാണ് തോല്‍പിക്കേണ്ടത്.

മഅ്ദനിയോടുള്ള നിലപാട്
ഒരു മനുഷ്യന്റെ തടവുജീവിതം ഒരു സമൂഹത്തിന്റെ മനുഷ്യാവകാശ ബോധത്തിന്റെ ഉരക്കല്ലാവുന്ന അനുഭവമാണ് അബ്ദുല്‍ നാസര്‍ മഅ്ദനി. അദ്ദേഹത്തിനെതിരായി നടക്കുന്ന ഭരണകൂട-ഉദ്യോഗസ്ഥ ഗൂഢാലോചനയോട് എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് ഓരോ വിഭാഗത്തിന്റെയും നീതിബോധത്തിന്റെ തുലാസാണ്.

ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഔദ്യോഗികസംവിധാനങ്ങള്‍ തന്നെ പുറത്തുകൊണ്ടുവരുന്ന കാലത്ത് നിയമനിര്‍വഹണം നിയമത്തിന്റെ വഴിയില്‍ സഞ്ചരിക്കട്ടെ എന്നുപറയാന്‍ നിരുത്തരവാദപരമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും ഭരണകൂടഭീകരതയുടെ കുഴലൂത്തുകാര്‍ക്കും മാത്രമേ സാധിക്കൂ. നിയമം നിയമത്തിന്റെ വഴിക്കു സഞ്ചരിച്ചാണ് അദ്ദേഹത്തിന് പത്തുവര്‍ഷത്തോളം നിരപരാധിയായി ജയിലില്‍ കിടക്കേണ്ടിവന്നത്.

പോലീസ് നടപടികള്‍ ജനകീയമായ ഒരു ഓഡിറ്റിംഗിനും വിധേയമാകാതിരിക്കുക, സിവില്‍ സൊസൈറ്റിയുടെ ഭാഗത്തുനിന്ന് ഉയരുന്ന പ്രതിവാദങ്ങളെ, നിയമം നിയമത്തിന്റെ വഴിക്ക് സഞ്ചരിക്കും എന്നുപറഞ്ഞ് നിശബ്ദമാക്കാനുമുള്ള നീക്കം ജനാധിപത്യത്തിന്റെ ജീവവായു നശിപ്പിക്കുന്ന നടപടിയാണ്. കേസുകള്‍ ഒരു കേവല നിയമപ്രക്രിയയല്ല. കേസ് രജിസ്റ്റര്‍ ചെയ്യുന്നത് പോലീസാണ്. പോലീസിന് രാഷ്ട്രീയമുണ്ട്. പലപ്പോഴും വംശീയതാല്‍പര്യങ്ങളുമുണ്ട്. രാജ്യദ്രോഹം പോലുള്ള കേസുകളില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാണ്. ഇത്തരമൊരു രാഷ്ട്രീയം ഉള്‍ച്ചേര്‍ന്ന പ്രക്രിയയെ അരാഷ്ട്രീയമായി മാത്രം നോക്കിക്കാണണമെന്നു പറയുന്നത് ഭരണകൂട ഭീകരതക്ക് ഓശാനപാടാന്‍ വേണ്ടിയാണ്.

മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം സാമൂഹ്യജീവിതത്തെ ഗൗരവത്തോടെ ഒരിക്കലും നോക്കിക്കാണാതിരിക്കുക എന്ന അലസവും സുരക്ഷിതവും സൗകര്യപൂര്‍ണവുമായ സമീപനമാണ് അത് മിക്കപ്പോഴും സ്വീകരിച്ചുപോവുന്നത്. നമ്മുടെ ജനാധിപത്യചരിത്രത്തിലെ ആരാച്ചാരായി വേഷമാടിയ അടിയന്തിരാവസ്ഥയെ ആഘോഷിക്കുകയായിരുന്നു മുസ്‌ലിംലീഗ്. ഞങ്ങളുടെ ഊട്ടി പ്രമേയം കൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് എന്നഭിമാനിക്കുകയായിരുന്നു ലീഗ്. തങ്ങളുടെ തന്നെ പഴയ കുട്ടികളായ അഖിലേന്ത്യാലീഗുകാരെ ചവിട്ടാനുള്ള മികച്ച അവസരമായി ലീഗ് അടിയന്തിരാവസ്ഥയെ നോക്കിക്കാണുകയും ഉപയോഗിക്കുകയുമായിരുന്നു. അടിയന്തിരാവസ്ഥ ഇന്ത്യന്‍ മുസ്‌ലിംകളുടെ സുവര്‍ണകാലമാണെന്ന് സി.എച്ച്. അഭിമാനപൂര്‍വം പ്രസ്താവിച്ചു. തുടര്‍ന്ന് ടാഡ, പോട്ട മുതലായ കരിനിയമങ്ങള് നടപ്പിലാക്കപ്പെട്ടപ്പോഴും അതിന്റെ ഇരകള്‍ പ്രധാനമായും മതന്യൂനപക്ഷങ്ങളായിട്ടും അതിനെതിരെ ബഹുജനപ്രക്ഷോഭം വളര്‍ത്തിയെടുക്കാന്‍ വലുതായൊന്നും ലീഗ് ചെയ്തില്ല. ഭരണകൂട അതിക്രമത്തെ പൗരസമൂഹത്തിന്റെ ഒപ്പംനിന്ന് ചെറുക്കുന്നതിലല്ല ഭരണകൂടത്തിന്റെ ഭാഗത്ത് നില്‍ക്കുന്നതിലാണ് ലീഗ് എന്നും സായൂജ്യം കണ്ടെത്തിയത്. അതിന്റെ പേരില്‍ ലീഗിന് അനവധി നല്ലകുട്ടി പട്ടങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

തീവ്രവാദത്തിനും ഭരണകൂട ഭീകരതക്കും മധ്യേ കേരളീയസമൂഹത്തില്‍ വളര്‍ന്നുവരുന്ന ജനാധിപത്യ സമരത്തിന്റെയും വികാസത്തിന്റെയും പ്രതീകമാണ് അബ്ദുനാസര്‍ മഅ്ദനി. മുസ്‌ലിംലീഗ് മഅ്ദനി മനുഷ്യാവകാശ പ്രക്ഷോഭത്തില്‍ നിഷ്‌ക്രിയ നിലപാട് സ്വീകരിക്കുക മാത്രമല്ല ചെയ്യുന്നത്, ഇതില്‍ ഇടപെടുന്നതില്‍ നിന്ന് മുസ്‌ലിം സംഘടനകളെ ബലമായി വിലക്കിക്കൊണ്ടിരിക്കുകയായിരുന്നു. തുടക്കത്തില്‍ ജമാഅത്തെ ഇസ്‌ലാമിയും ദക്ഷിണകേരളത്തില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയും ഉത്തരകേരളത്തില്‍ സമസ്താന കേരള ജംഇയ്യത്തുല്‍ ഉലമയുമൊഴിച്ച് എല്ലാ മുസ്‌ലിം സംഘടനകളും ലീഗിന്റെ ബലപ്രയോഗത്തിനും പ്രലോഭനത്തിനും മുന്നില്‍ കീഴടങ്ങുകയായിരുന്നു. അറസ്റ്റിനുശേഷം ഔദ്യോഗിക സുന്നികളും മുജാഹിദുകളുമൊഴിച്ചെല്ലാവരും അദ്ദേഹത്തിനുവേണ്ടി രംഗത്തുവന്നുകഴിഞ്ഞു.

മതപ്രവര്‍ത്തനമെന്നാല്‍ നിസ്വാര്‍ഥവും നിര്‍ഭയവുമായ നീതിബോധമാണോ അതോ അങ്ങേയറ്റം ആസക്തമായ ഭരണരതിയാണോ എന്നതിന് എല്ലാ മുസ്‌ലിം സംഘടനകളും ചരിത്രത്തോടും ദൈവത്തോടും മറുപടി പറയേണ്ടിവരും.

കേരളത്തില്‍ പ്രത്യേകിച്ച് ദക്ഷിണകേരളത്തില്‍ ഇടതു-വലത് രാഷ്ട്രീയക്കാരുടെ കാര്‍മികത്വത്തിലല്ലാതെ മഅ്ദനിക്കുവേണ്ടിയുള്ള വലിയ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ രൂപപ്പെടുകയാണ്. കേരളത്തിലെ പുതിയ മുഴുവന്‍ ജനാധിപത്യപ്രക്ഷോഭങ്ങളും രൂപപ്പെടുന്നത് ജനതയുടെ സ്വന്തം മുന്‍കൈയില്‍ തന്നെയാണ്. ജനങ്ങള്‍ അനുഭവിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങളുടെ മുഖത്ത് പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികള്‍ സ്വയം അപ്രസക്തമാവുകയാണ്. മുസ്‌ലിം സമൂഹത്തിന്റെ വമ്പിച്ച പിന്തുണയോടെയും ബി.എസ്.പി, എഴുത്തച്ഛന്‍ സമാജം പോലുള്ള ദലിത് പശ്ചാത്തലമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും സമുദായ സംഘടനകളുടെയും പങ്കാളിത്തത്തോടെയും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സക്കറിയ, ബി. രാജീവന്‍, ഗൗരീദാസന്‍ നായര്‍, ഭാസുരേന്ദ്രബാബു, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ബി.ആര്‍.പി. ഭാസ്‌കര്‍, സിവിക്ചന്ദ്രന്‍, എ. വാസു, സി.ആര്‍. നീലകണ്ഠന്‍, ജെ. ദേവിക, ഫിലിപ് എം. പ്രസാദ് മുതലായ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലും നടക്കുന്ന അത്യുജ്ജ്വലമായ ഒരു ജനാധിപത്യപ്രക്ഷോഭമാണ് ഇപ്പോള്‍ അബ്ദുല്‍ നാസര്‍ മഅ്ദനി.

Thursday, August 26, 2010

തീവ്രവാദ പേരിലെ ദലിത്‌വേട്ട

(സോളിഡാരിറ്റി പത്രിക ജനുവരി 2010 ല്‍ പ്രസിദ്ധീകരിച്ചത്‌)
വര്‍ക്കലയില്‍ ശിവപ്രസാദ് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസും മാധ്യമങ്ങളും പറയുന്നത് ഇതിന്റെ പിന്നില്‍ ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന ദലിത് തീവ്രവാദ സംഘടനയാണെന്നാണ്. അംബേദ്കറുടെ ചിത്രം മുദ്രണം ചെയ്ത കറുത്ത കുപ്പായക്കാര്‍. ഇതിന്റെ യാഥാര്‍ഥ്യം അന്വേഷിക്കാന്‍ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റിനെ പ്രതിനിധീകരിച്ച് ഞങ്ങള്‍ വര്‍ക്കല സന്ദര്‍ശിക്കുകയുണ്ടായി. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകരായ പുരുഷന്മാരില്‍ വളരെ കുറച്ചു പേരെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ബാക്കിയുള്ളവരെല്ലാം പോലിസ് നടപടി ഭയന്ന് മാറിനില്‍ക്കുകയാണ്. എന്നാല്‍ വര്‍ക്കലയിലെ കോളനികളിലെ ഡി.എച്ച്.ആര്‍.എമ്മിന്റെ എതിരാളികളെയും അതിനോടു നിസ്സംഗത പുലര്‍ത്തുന്നവരെയും സംഘടനയുടെ പ്രവര്‍ത്തകകളായ സ്ത്രീകളെയും അമ്മമാരെയും കാണുകയുണ്ടായി.

ദലിത് കുടുംബങ്ങളെ ലഹരിമുക്തമാക്കുക എന്നതാണ് ഡി.എച്ച്.ആര്‍.എം ചെയ്യുന്ന മുഖ്യപ്രവര്‍ത്തനം. ഞങ്ങള്‍ കണ്ടുമുട്ടിയ ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധപ്പെട്ട എല്ലാ യുവതികളും അമ്മമാരും പറഞ്ഞ കാര്യമായിരുന്നു അത്. ''പണിയെടുത്തു ലഭിക്കുന്ന പണത്തിന്റെ നല്ലൊരു പങ്ക് മദ്യഷാപ്പില്‍ ചെലവാക്കി വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്ന ഞങ്ങളുടെ ചേട്ടന്മാരും ഭര്‍ത്താക്കന്മാരും ഇതില്‍ ചേര്‍ന്നതോടുകൂടി മദ്യപാനം നിര്‍ത്തുകയും ഉത്തരവാദിത്തബോധമുള്ളവരാകുകയും ചെയ്തു.

മനസ്സിലാക്കിയിടത്തോളം ബുദ്ധ ആത്മീയതയെ അടിസ്ഥാനമാക്കുന്ന ഒരു പ്രസ്ഥാനമാണ് ഡി.എച്ച്.ആര്‍.എം. മതം, രാഷ്ട്രീയം, ജീവിതം ഇങ്ങനെ സര്‍വതല സ്പര്‍ശിയാണ് ഇതിന്റെ പ്രവര്‍ത്തനമണ്ഡലം. ലഹരിവിരുദ്ധതയും ഹിംസക്കെതിരായ ബോധവല്‍ക്കരണവും അണികള്‍ക്കിടയില്‍ സംഘടന നടത്തുന്ന സജീവപ്രവര്‍ത്തനങ്ങളാണെന്നാണവര്‍ വിശദീകരിക്കുന്നത്. കൊലപാതകാരോപണത്തെ വളരെ ശക്തമായി സംഘടന നിഷേധിക്കുന്നു. ബുദ്ധ ധാര്‍മികതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരമൊരു സംഘം ഒരു കൊലപാതകം നടത്താനുള്ള സാധ്യത വളരെ വിരളമാണ്. 'ജീവനെന്നത് തുല്യമാണ്. അതെടുക്കാന്‍ പാടില്ല' എന്നതാണ് ബുദ്ധമതം പഠിപ്പിക്കുന്നതെന്ന് സംഘടനാ പ്രസിഡണ്ട് ശെല്‍വരാജ് പറഞ്ഞു. നേരത്തെ ഡി.എച്ച്.ആര്‍.എമ്മിന്റെ ക്ലാസുകളില്‍ പങ്കെടുക്കുകയും ഇപ്പോള്‍ അതിന്റെ വിമര്‍ശകരായി മാറിയവരെയും ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു. പക്ഷേ, അവരും ഇതിന്റെ ക്ലാസുകളില്‍ മറ്റുള്ളവരെ അക്രമിക്കാനോ ആയുധമെടുക്കാനോ പ്രേരിപ്പിക്കുന്നതായി പറയുന്നില്ല.

സ്വസ്ഥവും മെച്ചപ്പെട്ടതുമായ കുടുംബജീവിതം എന്നത് ഇവര്‍ പഠിപ്പിക്കുന്ന ഒരു സുപ്രധാന കാര്യമാണ്. ദലിതുകള്‍ മുഖ്യധാരാ ജീവിതം ഇല്ലാതെ പോയവരാണ്. അത് നേടിയെടുക്കണം. മറ്റു സമൂഹങ്ങളോട് വിദ്വേഷമുണ്ടാക്കാന്‍ നിങ്ങളുടെ ക്ലാസുകളില്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍ അവരുടെ പ്രവര്‍ത്തകര്‍ പറഞ്ഞ മറുപടി ഇതായിരുന്നു. ''ഞങ്ങള്‍ മറ്റുള്ളവരെക്കുറിച്ചല്ല, ഞങ്ങളെക്കുറിച്ചാണ് സംസാരിക്കാറ്. ഞങ്ങളുടെ മോശമായ അവസ്ഥ എങ്ങനെ മാറ്റിയെടുക്കാം എന്നാണു ഞങ്ങള്‍ ആലോചിക്കുന്നത്.''

2007ല്‍ രജിസ്റ്റര്‍ ചെയ്ത ഭരണഘടനയുള്ള ഒരു സംഘടനയാണിത്. ഇപ്പോള്‍ മാധ്യമങ്ങള്‍ വിവാദദമക്കിയ ആഴ്ചയിലെ ഒത്തുകൂടല്‍ പോലുള്ള പ്രവര്‍ത്തനങ്ങളെല്ലാം അതിന്റെ ഭരണഘടനയില്‍ നേരത്തെ രേഖപ്പെടുത്തി അധികാരികള്‍ക്ക് സമര്‍പ്പിച്ചവയാണെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ശെല്‍വരാജ് പറയുന്നു.

പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ തെളിവെടുപ്പിന് വരുന്നതിനാല്‍ അംബേദ്കര്‍ കോളനിയില്‍ ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധപ്പെട്ട ധാരാളം പ്രവര്‍ത്തകകള്‍ ഒരുമിച്ചു കൂടിയിട്ടുണ്ടായിരുന്നു. വളരെകുറഞ്ഞ സ്‌കൂള്‍ വിദ്യാഭ്യാസം മാത്രം ഉള്ളവരാണിവരിലധികവും. എന്നാല്‍ സംഘടനാ പ്രവര്‍ത്തനത്തിലൂടെ ഇവര്‍ ആര്‍ജിച്ചെടുത്ത വ്യക്തിത്വവും സാമൂഹികബോധവും ആത്മവിശ്വാസവും ഏറെ ശ്രദ്ധേയമാണ്. മൂന്നാം ക്ലാസുവരെയും നാലാം ക്ലാസുവരെയും ഒക്കെ മാത്രം പഠിച്ച പെണ്‍കുട്ടികള്‍ മെച്ചപ്പെട്ട സ്വന്തം ജീവിതത്തെക്കുറിച്ചും സമുദായത്തിന്റെ ജീവിതത്തെക്കുറിച്ചും മാത്രമല്ല, വനിതാ കമ്മീഷനെക്കുറിച്ചും മനുഷ്യാവകാശ കമ്മീഷനെക്കുറിച്ചുമൊക്കെ കൃത്യതയില്‍ സംസാരിക്കുന്നത് ശുഭകരമാണ്. ഈ ശാക്തീകരണത്തെയാണ് മറ്റുള്ളവര്‍ സദാചാര വിരുദ്ധതയും വ്യഭിചാരവുമൊക്കെയായി ആരോപിക്കുന്നത്. ആത്മവിശ്വാസത്തോടെ ആരോടും തങ്ങളുടെ കാര്യങ്ങളെല്ലാം സംസാരിക്കാന്‍ ആ പെണ്‍കുട്ടികള്‍ക്ക് സാധിക്കുന്നുണ്ട്.

ഡി.എച്ച്.ആര്‍.എമ്മിന്റെ അനുകൂലികളേക്കാള്‍ എതിരാളികളെയാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. പക്ഷേ, എതിരാളികള്‍ക്ക്, ഇവര്‍ പ്രശ്‌നക്കാരാണെന്ന് പറയാനല്ലാതെ എന്താണിവരുടെ കുഴപ്പമെന്ന് പറയാന്‍ കഴിയുന്നില്ല. എതിര്‍ക്കുന്നവരില്‍ ചിലര്‍ ഡി.എച്ച്.ആര്‍.എമ്മിന്റെ ക്ലാസുകളില്‍ ആദ്യഘട്ടത്തില്‍ പങ്കെടുത്തവര്‍ പോലുമാണ്. അല്ലാത്തവരും ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയാണ്.

ഇത്ര വലിയ എതിര്‍പ്പിനും ഗൂഡാലോചനകള്‍ക്കും ഇവര്‍ ഇരയാവാന്‍ കാരണം ഇവരുടെ പ്രവര്‍ത്തനത്തിന്റെ സര്‍വതല സ്പര്‍ശിത്തം കാരണമാണ്. ഒരേസമയം ഇവര്‍ ആത്മീയ സംസ്‌കരണത്തിനും രാഷ്ട്രീയ ശാക്തീകരണത്തിനും ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ മതമേഖലയില്‍ നിന്നും മുഖ്യധാരാ രാഷ്ട്രീയക്കാരില്‍ നിന്നും എതിര്‍പ്പു നേരിടേണ്ടിവരുന്നു. ലഹരിക്കും വ്യഭിചാരത്തിനുമെതിരായ പ്രവര്‍ത്തനങ്ങള്‍ അത്തരം മാഫിയകളില്‍ നിന്നുള്ള കൂട്ടമായ എതിര്‍പ്പിനും കാരണമാവുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇവരുടെ സ്ഥാനാര്‍ഥി സജിമോന്‍ ചേലയത്ത് 5217 വോട്ടുകള്‍ പിടിക്കുകയുണ്ടായി.

അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ നോട്ടീസില്‍ പറയുന്നു. ''അടിച്ചമര്‍ത്തപ്പെട്ട ദലിത് ജനതയുടെ പൂര്‍വികര്‍ ഈ മണ്ണിന്റെ അധികാരികളായിരുന്നു എന്നു നാം ഓര്‍ക്കണം. അക്കാലത്ത് രാജകൊട്ടാരങ്ങളില്‍ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഓരോ പ്രഭാതത്തെയും വരവേറ്റത് നഗാര എന്ന നാഗച്ചെണ്ടയില്‍ ഹൃദയതാളം കൊട്ടിയാണ്. ആ നാഗച്ചെണ്ട എന്ന ചിഹ്നത്തില്‍ വിരലമര്‍ത്തി നമുക്ക് നഷ്ടപ്പെട്ട അധികാരവും സംസ്‌കാരവും തിരികെ കൊണ്ടുവരുന്ന തലമുറകളുടെ തുടക്കക്കാരാവാം...''

സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും ശിവസേനയും ഒരുമിച്ചാണ് ഇവര്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ മാഫിയാ മത-ജാതി താല്‍പര്യങ്ങള്‍ കെട്ടുപിണഞ്ഞു മുറുകുന്നതാണ് ഈ എതിര്‍പ്പുകള്‍. കോണ്‍ഗ്രസ് എം.എല്‍.എ വര്‍ക്കല കഹാറാണ് വര്‍ക്കല പോലിസില്‍ ഇവര്‍ക്കെതിരായ ആരോപണങ്ങളുമായി ആദ്യം രംഗത്തുവന്നത്. വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാനായ സി.പി.എം പ്രാദേശിക നേതാവ് അഡ്വ. ബിജു തൊടുവ കോളനിയില്‍ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി ആക്രമണം നടത്തിയതായി അതിന്റെ അനുഭാവികള്‍ പറയുന്നു. അതിന്റെ പേരില്‍ വര്‍ക്കല പോലിസില്‍ കേസ് നിലവിലുണ്ട്. മറ്റൊരു കോളനിയില്‍ നേരത്തെ ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധപ്പെട്ടവര്‍ പോലിസ് വേട്ട ആരംഭിച്ചപ്പോള്‍ അവരുടെ പഴയ പാര്‍ട്ടിയായ ബി.ജെ.പിയോടു സഹായമഭ്യര്‍ഥിക്കുകയും അതിലേക്കു തന്നെ തിരിച്ചുപോവുകയും ചെയ്തു. തൊടുവ കോളനിയില്‍ ഇവരുടെ മുഖ്യ എതിര്‍കക്ഷി ശിവസേനയാണ്.

കൊല്ലപ്പെട്ട ശിവരാമന്റെ വീട്ടിലും ഞങ്ങള്‍ പോയിരുന്നു. ഏതു മനുഷ്യസ്‌നേഹിയേയും നൊമ്പരപ്പെടുത്തുന്നതാണ് ആ വീട്ടിലെ അവസ്ഥ. കൊലപാതകം കഴിഞ്ഞ് ഒരു മാസമാകാറായ സമയത്താണ് ഞങ്ങള്‍ അവിടെ ചെല്ലുന്നത്. പ്രഭാത സവാരിക്ക് പോയ ഗൃഹനാഥന്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാരണവുമില്ലാതെ പൊടുന്നനെ കൊല്ലപ്പെട്ടതിന്റെ വേദന മുഴുവന്‍ ആ ഗൃഹാന്തരീക്ഷത്തില്‍ ഇപ്പോഴും തളംകെട്ടി നില്‍ക്കുന്നുണ്ട്. പോലിസ് പറയുന്നതിനു മുമ്പ് തങ്ങള്‍ക്ക് ഡി.എച്ച്.ആര്‍.എമ്മിനെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ശിവപ്രസാദിന്റെ ഭാര്യ തെഹല്‍ക്ക എഡിറ്റര്‍ അറ്റ്‌ലാര്‍ജ് അജിത് സാഹിയോടു പറഞ്ഞത്.

പോലിസ് വേട്ട

തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ പഞ്ചായത്തിലെ പ്ലാച്ചിവള കോളനിയിലെ റോഡുവിള മഞ്ജു എന്ന ഗര്‍ഭിണിയായ സ്ത്രീയെ പോലിസ് പിടിച്ചുകൊണ്ടുപോയി. ഗര്‍ഭിണിയാണെന്നു പറഞ്ഞപ്പോള്‍ സ്റ്റേഷനില്‍ പ്രസവിച്ചുകൊള്ളാനാണ് പോലിസ് പറഞ്ഞതെന്നു മഞ്ജു പറയുന്നു. അവരെ സ്റ്റേഷനിലേക്കു കൊണ്ടുപോകാതെ പകല്‍കുറി എന്നസ്ഥലത്ത് ഇറക്കിവിടുകയായിരുന്നുവത്രെ. സ്ത്രീകളെ പിടിച്ചുകൊണ്ടുപോവുകയോ അര്‍ധരാത്രിയിലടക്കം വീടുകളില്‍ പരിശോധന നടത്തുകയോ ചെയ്യുന്ന ഒരു ഘട്ടത്തിലും വനിതാപോലിസ് ഉണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ട ഭര്‍ത്താക്കന്മാരെ അന്വേഷിച്ചു ചെന്ന ഭാര്യമാരോട് പറയാന്‍ കൊള്ളാത്ത അശ്ലീലമാണ് പോലിസ് പറഞ്ഞതെന്ന് ഈ സ്ത്രീകള്‍ പറയുന്നു.

ദലിത് തീവ്രവാദം എന്ന പുതിയൊരു പ്രയോഗം പ്രചാരത്തിലായി എന്നതാണ് വര്‍ക്കല സംഭവങ്ങളുടെ പ്രാധാന്യം. ഭരണകൂടം ആരെയാണോ അടിച്ചമര്‍ത്താന്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഈയൊരു നാമവിശേഷണം നല്‍കുക എന്നത് ഭരണകൂട ഭീകരതയുടെ പതിവ് മുറയാണ്. പക്ഷേ, ദലിതരെ അടിച്ചമര്‍ത്താന്‍ ഇന്ത്യയിലെവിടെയും ദലിത് തീവ്രവാദം എന്ന ബ്രാന്റ് ഉപയോഗിച്ചു കാണാറില്ല. മാവോയിസം, നക്‌സലിസം മുതലായ മുദ്രകള്‍ നല്‍കിയാണ് ഇന്ത്യയില്‍ ദലിത് ആദിവാസി വംശോന്മൂലനം പോലിസ് നര്‍വഹിക്കാറ്. 1992ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ ദലിത് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് രൂപീകരിക്കുകയും പ്രീമെട്രിക് ഹോസ്റ്റലില്‍ അവരുടെ പ്രവര്‍ത്തനം ശക്തമാവുകയും ചെയ്തപ്പോള്‍ എസ്.എഫ്.ഐ അവരെ അക്രമിച്ച സംഭവം ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത് ഹോസ്റ്റലില്‍ നക്‌സലൈറ്റ് അക്രമണം എന്നായിരുന്നു. ചെങ്ങറ സമരത്തിനു പിന്നില്‍ നക്‌സലൈറ്റുകളാണ് എന്നായിരുന്നു സി.പി.എം. ഭാഷ്യം. കേരളത്തിലെ ദലിത് ആക്ടിവിസത്തിന്റെ അസ്തിത്വത്തിന് നല്‍കപ്പെടുന്ന പ്രച്ഛന്നമായ അംഗീകാരം കൂടിയാണ് ദലിത് തീവ്രവാദമെന്ന പുതിയ ഭരണകൂടപ്രയോഗം. നക്‌സലൈറ്റ് മാവോയിസ്റ്റ് അദൃശ്യതയില്‍ നിന്ന് ദലിത് ദൃശ്യതയിലേക്ക് പട്ടികജാതിക്കാരുടെ സാമൂഹികപ്രവര്‍ത്തനം ഇടം നേടുകയാണ്. പക്ഷേ, എല്ലാ ദലിത് സാമൂഹിക ഉണര്‍വുകളെയും ദലിത് തീവ്രവാദം എന്ന ചാപ്പകുത്തി തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

കേരള പോലിസിന്റെ ജാതിയേത്? എന്ന ചോദ്യം ഉയരുന്നത് ആദ്യമായല്ല. ദലിത് വിമോചന ശ്രമങ്ങള്‍ക്കെതിരായ ആസൂത്രിതവും സംഘടിതവുമായ നീക്കമാണ് ഇവിടെ അരങ്ങേറുന്നത്. ഒരേ സമയം സമൂഹത്തിലെ വരേണ്യമായ പലതിനെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നതായിരുന്നു ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തന ഉള്ളടക്കം. മതത്തെയും കക്ഷിരാഷ്ട്രീയത്തെയും ജാതിശക്തികളെയും മാഫിയകളെയും സ്വസമുദായത്തിലെ തന്നെ പലവിധ താല്‍പര്യങ്ങളെയും ഒരേസമയം വെല്ലുവിളിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളോ പാലിക്കേണ്ട മുന്‍ഗണനകളോ പാലിച്ചില്ല എന്നതാണ് ഇവര്‍ ഇങ്ങനെ വേട്ടയാടപ്പെട്ടതിന്റെ കാരണം.

പോലിസ് പറയുന്നതിനുമുമ്പ് ഇത്തരമൊരു സംഘടനയെക്കുറിച്ച് പബ്ലിക്കിന് ഏറെയൊന്നും അറിയുമായിരുന്നില്ല. മറ്റു ദലിത് സംഘടനകള്‍ക്കും ദലിത്ബുദ്ധിജീവികള്‍ക്കും പോലും ഇവരുമായി ഏറെയൊന്നും അനുഭവമോ പരിചയമോ ഉണ്ടായിരുന്നില്ല. ഈ സാധ്യതയെയാണ് പോലിസും രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗപ്പെടുത്തിയത്. ഇവരെ തകര്‍ക്കാനും ഇതിന്റെ മറവില്‍ ദലിത്‌വേട്ട നടത്താനും പോലിസ് ബോധപൂര്‍വം തീരുമാനിക്കുകയായിരുന്നു. ഉത്തരേന്ത്യയില്‍ മാവോയിസത്തിന്റെ മറവില്‍ നടപ്പിലാക്കപ്പെടുന്ന ആദിവാസി ദലിത് വംശ ഉന്മൂലനത്തിന്റെ കേരള പതിപ്പാണത്.

നേരത്തെ പൊതുസമൂഹത്തിന് ഏറെ അറിയാത്തതും പോലിസ് ഭീകരര്‍ എന്നുപറഞ്ഞ് പരിചയപ്പെടുത്തുന്നതുമായ ഒരു വിഭാഗത്തെ പിന്തുണക്കാന്‍ ആരും മുന്നോട്ടുവരില്ല എന്നതായിരുന്നു പോലിസിന്റെ ആത്മവിശ്വാസം. എന്നാല്‍ പി.യു.സി.എല്‍ വസ്തുതാന്വേഷണസംഘത്തിന്റെ സന്ദര്‍ശനവും പത്രസമ്മേളനവും മറ്റു ചില നീക്കങ്ങളും ഈ ധാരണയെയാണ് തകര്‍ത്തുകളഞ്ഞത്.

പോലിസിന് കങ്കാണി പണിചെയ്യുന്ന ഫാഷിസ്റ്റ് ശക്തികള്‍ ബി.ആര്‍.പി. ഭാസ്‌കറിനെതിരെ പ്രകോപിതരാവാനുള്ള കാരണം ഈ പ്രതീക്ഷ അട്ടിമറിക്കപ്പെട്ടതാണ്. ആരെയും ഒതുക്കാനുള്ള എളുപ്പവഴികളാണ് അവര്‍ പ്രയോഗിച്ചത്. വിദേശ ഫണ്ടിംഗ്, ഐ.എസ്.ഐ ബന്ധം, തീവ്രവാദ ബന്ധം തുടങ്ങിയവ. കാരണം ഇദ്ദേഹത്തിന് ശരിക്കും ഇന്ത്യന്‍ ദേശീയതയോട് കൂറുണ്ടെങ്കില്‍ പോലിസിനെതിരെ ദലിതുകളുടെ പക്ഷത്തുനില്‍ക്കാന്‍ ഒരു ന്യായവുമില്ലല്ലോ.

ധാരാളം ദലിത് ചെറുപ്പക്കാരെ വര്‍ക്കലയിലും പരിസരത്തും പോലിസ് പിടിച്ചുകൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ദലിത് കോളനികളിലുള്ളവരെ സംബന്ധിച്ചടത്തോളം എന്തെങ്കിലും കേസുകള്‍ മിക്ക യുവാക്കളുടെ പേരിലും ഉണ്ടായിരിക്കും. അവയില്‍ കുറേയൊക്കെയെങ്കിലും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി നടത്തിയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടവയുമായിരിക്കും. ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധപ്പെട്ട ചെറുപ്പക്കാരുടെ ഇത്തരം കേസുകള്‍ പൊടിതട്ടിയെടുത്ത് അതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയാണ് പോലിസ് ഇപ്പോള്‍ ചെയ്യുന്നത്. അറസ്റ്റിനെക്കുറിച്ച് സംസാരിക്കാന്‍ ചെല്ലുന്ന സംഘടനാ സുഹൃത്തുക്കളോട് ഇത് പഴയ കേസാണെന്ന് പറഞ്ഞ് മടക്കി അയക്കുകയും അതിന് ജാമ്യത്തിന് ശ്രമിക്കുമ്പോള്‍ പുതിയ കേസ് ചുമത്തുകയാണ് ചെയ്യുന്നത്.

കേരളത്തിന്റെ പൊതുബോധം എന്തുമാത്രം ദലിത് വിരുദ്ധമാണെന്ന് വര്‍ക്കലയിലൂടെ സഞ്ചരിച്ചാല്‍ നമുക്ക് ബോധ്യമാവും. ഡി.എച്ച്.ആര്‍.എമ്മിനെക്കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ അവര്‍ ഭയങ്കര അപകടകാരികളാണെന്ന് പൊതുസമൂഹം പറയും. പക്ഷേ, അതിന് യുക്തിഭദ്രമായ കാരണം പറയാന്‍ അവര്‍ക്ക് കഴിയുന്നുമില്ല. വര്‍ക്കല കൊലപാതകം നടത്തിയത് ഞങ്ങളല്ലെന്ന് ഡി.എച്ച്.ആര്‍.എം നേതാക്കളും പ്രവര്‍ത്തകരും തറപ്പിച്ചു പറയുന്നു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി അവര്‍ വ്യക്തമാക്കുന്നു. പക്ഷേ, അന്വേഷണത്തിന്റെ പേരില്‍ പോലിസ് എല്ലാ നിയമവും ലംഘിക്കുകയാണ്.

ഒരു കൊലപാതകത്തിന്റെ പേരിലാണ് ഭീകരരാവുന്നതെങ്കില്‍ സി.പി.എമ്മും കോണ്‍ഗ്രസും മുസ്‌ലിംലീഗും ബി.ജെ.പിയും കേരളത്തില്‍ അവരുടെ ഭീകരത വെളിപ്പെടുത്തിയിട്ടുണ്ട്. അവരൊന്നും അവര്‍ നടത്തിയ ഒരു കൊലപാതകത്തെയും തള്ളിപ്പറഞ്ഞിട്ടില്ല. അവരുടേത് രാഷ്ട്രീയ സംഘട്ടനവും ദലിതന്റേത് ഭീകരവാദവുമാവുന്നതിന്റെ കാരണം വ്യക്തമാണ്. കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പിയും മുസ്‌ലിംലീഗും നമ്മുടെ ദേശീയ വ്യവഹാരത്തിനകത്തായിരിക്കെ ദലിത് സമൂഹത്തിന്റെ സാമൂഹികമായ ആത്മാവിഷ്‌കാരങ്ങള്‍ ദേശീയതക്ക് പുറത്താണ്. അതിന്റെ ശത്രുവാണ്. നമ്മുടെ പോലിസിന് കൃത്യമായ ജാതിതാല്‍പര്യങ്ങളുണ്ടെന്ന് പലവട്ടം തെളിയിക്കപ്പെട്ടതായിരിക്കെ അവര്‍ പറയുന്നതിനപ്പുറം സംഭവങ്ങളുടെ യാഥാര്‍ഥ്യം അന്വേഷിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കാത്തിന്റെ മനഃശാസ്ത്രം വിശകലനം ചെയ്യപ്പെടേണ്ടതാണ്. ഉത്തരേന്ത്യയിലെ മുസ്‌ലിം വേട്ടയുടെ തനിയാവര്‍ത്തനമാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ദലിത് കോളനികളില്‍ ഇപ്പോള്‍ നടക്കുന്നത്. ഉത്തരേന്ത്യയില്‍ ഒരു സമുദായത്തെ ഒന്നാകെയാണ് വേട്ടയാടുന്നതെങ്കില്‍ ഇവിടെ ഒരു സമുദായത്തിലെ ഉണര്‍വുകളെ ഒറ്റതിരിച്ചാണെന്ന വ്യത്യാസമുണ്ട്. കാരണം ദലിതന്റെ ആത്മബോധം ഇവിടുത്തെ ഒരുപാടു താല്‍പര്യങ്ങളെയാണ് ഒരുമിച്ച് അപകടത്തിലാക്കുന്നത്. പ്രത്യേകിച്ചൊരാത്മബോധവുമില്ലാതെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി രാഷ്ട്രീയപാര്‍ട്ടികളുടെ ചോറ്റു പട്ടാളമായി ജീവിക്കുന്നതിന്റെ 'സുഖം' പല ദലിതരെയും ഇവരുടെ ശത്രുവാക്കുന്നുണ്ട്. മുത്താന ലക്ഷം വീട് കോളനിയിലെ വിജയ പറഞ്ഞത് പണ്ട് ആണുങ്ങള്‍ക്ക് ഒരു കുപ്പി ചാരായവും പെണ്ണുങ്ങള്‍ക്ക് ഒരു ബിരിയാണിയും വാങ്ങിത്തന്നാല്‍ കിട്ടുന്നതായിരുന്നു ഞങ്ങളുടെ വോട്ട്. അവരുടെ ഭര്‍ത്താവ് രാജു പറഞ്ഞത് എന്റെ വോട്ടിന് ലക്ഷങ്ങളുടെ വിലയുണ്ടെന്ന് എനിക്കിപ്പോള്‍ അറിയാമെന്നാണ്.

ഛത്തീസ്ഗഡിലെ സല്‍വാജുദൂമിന്റെ അതേ സ്ഥാനത്താണ് ഈ കോളനികളിലെ ശിവസേന. ക്വട്ടേഷന്‍ തല്ലും മാഫിയാ സംരക്ഷണവുമാണ് അവരുടെ മുഖ്യ സാമൂഹികപ്രവര്‍ത്തനം. തൊടുവ കോളനിയില്‍ ഡി.എച്ച്.ആര്‍.എമ്മും ശിവസേനയും ഒരേപോലെ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ പോലിസിന് പിടിച്ചുകൊടുക്കുക, മാഫിയകള്‍ക്ക് പശ്ചാത്തല സൗകര്യമൊരുക്കിക്കൊടുക്കുക എന്നിവയൊക്കെയാണ് അവര്‍ കോളനിയില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സി.പി.എം ഏറെ മൃദുലമായ സമീപനമാണ് ശിവസേനയോട് പുലര്‍ത്തുന്നത്.

ഞങ്ങള്‍ പോയ സമയത്ത് തൊടുവ കോളനിയില്‍ നേര്‍ക്കുനേരെ സാക്ഷ്യം വഹിച്ച ഒരനുഭവമുണ്ട്. കോളനിക്കകത്തെത്തിയപ്പോള്‍ ബോധപൂര്‍വമല്ലാതെ രണ്ടു സംഘമായാണ് ഞങ്ങള്‍ സഞ്ചരിച്ചിരുന്നത്. ഒരു വിഭാഗം ശിവസേനക്കാരുടെ വീടുകളിലും മറ്റൊന്ന് ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധമുള്ള ഒരു വീട്ടിലുമായാണുണ്ടായിരുന്നത്. ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധപ്പെട്ട വീട്ടിലേക്ക് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ''സാറന്മാരേ, നിങ്ങള്‍ ഇങ്ങോട്ടു വരരുത്. നിങ്ങള്‍ പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഇവിടെ വന്നതിന്റെ പേരില്‍ അവര്‍ ഞങ്ങളെ ആക്രമിക്കും.'' ഒരു വസ്തുതാന്വേഷണസംഘം എന്ന നിലക്ക് ഞങ്ങളുടെ സംഘം ആ വീട്ടിലേക്ക് ചെന്നു. ഏകദേശം എട്ടു വയസ്സ് പ്രായമായ ഒരു കുട്ടി കടുത്തപനി ബാധിച്ച് അവിടെ ഉണ്ടായിരുന്നു. ചികിത്സിക്കാന്‍ കഴിയാതെ അവര്‍ ശിവസേനക്കാരാല്‍ ഉപരോധിക്കപ്പെട്ടിരിക്കുകയായിരുന്നു.

കോളനിയുടെ മുകള്‍ഭാഗത്താണ് ഡി.എച്ച്.ആര്‍.എമ്മുകാരുമായി ബന്ധപ്പെട്ട പ്രസ്തുത വീട്. താഴെയാണ് ശിവസേനക്കാരുടെ വീടുകള്‍. അതിനിടയില്‍ ഒരു നടവഴിയുണ്ട്. ശിവസേനക്കാരുടെ വീടുകളില്‍ നിന്ന് ഞങ്ങള്‍ തിരിച്ചുപോരാനായി നടവഴിയില്‍ കയറിയപ്പോള്‍ ഒരു സ്ത്രീ അവിടെവന്ന് എന്തോ വേദന കാരണം തലയില്‍ കൈവെച്ച് കരഞ്ഞുകൊണ്ട് അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ മറ്റൊരു സ്ത്രീ പറഞ്ഞത് അവര്‍ സുഖമില്ലാത്ത ആളാണെന്നായിരുന്നു. നീ എന്തിനാണ് വീട്ടില്‍ നിന്നിറങ്ങി വന്നതെന്ന് അവര്‍ ചോദിക്കുന്നുമുണ്ടായിരുന്നു. ഞങ്ങള്‍ നടവഴിയിലൂടെ നടന്ന് അല്‍പം മുന്നിലെത്തിയപ്പോള്‍ ഭയങ്കര ബഹളവും ചീത്തപറച്ചിലും കേട്ടു. ആ സ്ത്രീയുടെ അടുത്ത് അപ്പോള്‍ ഒരു കല്ല് ഇരിക്കുന്നുമുണ്ടായിരുന്നു. അവിടെയിരിക്കുന്ന സ്ത്രീ കരയുന്നത് മേലെ വീട്ടില്‍ നിന്ന് കല്ലേറുകൊണ്ടാണെന്ന് പറഞ്ഞായിരുന്നു ബഹളം. ഒരു പക്ഷേ, ഡി.എച്ച്.ആര്‍.എമ്മുകാര്‍ അക്രമകാരികളാണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്താനായിരിക്കാം ഇപ്രകാരം ചെയ്തത്.

പക്ഷേ, ഇതെല്ലാം നടക്കുമ്പോഴും നേരത്തെ പറഞ്ഞപ്രകാരം ആ വീട്ടില്‍ ഞങ്ങളുടെ ഒരു സംഘം ഉണ്ടായിരുന്നു. അവിടെ നിന്ന് ഏറ് ഉണ്ടായിട്ടില്ല എന്നു മാത്രമല്ല, ഏറെ അവശരായ അവസ്ഥയിലായിരുന്നു അവര്‍.

ഡി.എച്ച്.ആര്‍.എമ്മുമായി ബന്ധപ്പെട്ട ആ കുടുംബം ശിവസേനക്കാരാല്‍ ഉപരോധിക്കപ്പെട്ടു കഴിയുകയാണ്. കോളനി സന്ദര്‍ശിക്കുന്ന വസ്തുതാന്വേഷകരെയും മറ്റും അവരെ കാണുന്നത് പരമാവധി തടയുകയാണവര്‍ ചെയ്യുന്നത്. ഇതെല്ലാം നടക്കുന്നത് കോളനിയില്‍ പോലിസ് പിക്കറ്റിംഗ് ഉണ്ടായിരിക്കെയാണ്.

കേരളാപോലിസ് 'ദലിത് തീവ്രവാദത്തിനെതിരെ' എന്നപേരില്‍ പോലിസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പോലിസ് പിന്നീടതുപേക്ഷിക്കുകയായിരുന്നു. വര്‍ക്കല സംഭവത്തെക്കുറിച്ച് സത്യസന്ധവും കാര്യക്ഷമവുമായ അന്വേഷണം നടത്തുന്നതിനുപകരം പോലിസ് ദലിത് ആക്ടിവിസത്തെ വ്യാപകമായി അടിച്ചമര്‍ത്താനുള്ള അവസരമായി ഉപയോഗിക്കുകയാണ്. ദലിത് സമൂഹത്തിന് വ്യാപകമായി നിയമ ദുരിതാശ്വാസം ലഭ്യമാക്കേണ്ട ഒരു കടുത്ത അവസ്ഥ കൂടിയാണിത്.

ഒമ്പത് പേര്‍ക്ക് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നു. പോലിസ് പീഡനത്തിന്റെ പരിക്കുകള്‍ കാരണം അവര്‍ തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അവരെ ചെന്നു കണ്ടപ്പോള്‍ പോലിസ് പീഡനത്തിന്റെ കഥമാത്രമല്ല അവര്‍ക്ക് പറയാനുണ്ടായിരുന്നത്. മര്‍ദ്ദനത്തിനൊടുവില്‍ പോലിസ് ഇവരെ വിട്ടയച്ചത് ഇനി ഡി.എച്ച്.ആര്‍.എമ്മില്‍ പ്രവര്‍ത്തിക്കില്ല എന്ന ഉറപ്പിലാണത്രെ. ഇവിടുത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെ പൗരാവകാശങ്ങളുടെ മേല്‍ എന്തുമാത്രം കയ്യേറ്റമാണ് പോലിസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഡി.എച്ച്.ആര്‍.എം നിരോധിക്കപ്പെട്ട സംഘടനയല്ല. പക്ഷേ, കേരളാപോലിസ് ഡി.എച്ച്.ആര്‍.എമ്മിനെ അവരുടെ സ്വന്തം വകയായി നിരോധിച്ചിരിക്കുകയാണ്.

നമ്മുടെ ജനാധിപത്യം ഈ കോളനികളിലേക്ക് എത്തിനോക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ്. അത്യന്തം ശോചനീയമാണ് ഈ കോളനികളിലെ ജീവിതം. കോളനികള്‍ വ്യത്യസ്തമായ ഒരു കേരളത്തെ തന്നെയാണ് അടയാളപ്പെടുത്തുന്നത് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഗവണ്‍മെന്റിന്റെയും ജനാധിപത്യ സംവിധാനത്തിന്റെയും സവിശേഷ ശ്രദ്ധ കോളനികള്‍ അടിയന്തരമായി ആവശ്യപ്പെടുന്നുണ്ട്.കുഞ്ഞാലിക്കുട്ടിക്കും മുനീറിനുമില്ലാത്ത പെരുമാറ്റച്ചട്ടമെന്തിനാ ഖമറുന്നീസാ അന്‍വറിന്...?

ഏതായാലും പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ഗൃഹപാഠങ്ങള്‍ തെരഞ്ഞെടുപ്പിനിപ്പുറത്തുള്ള ഒരുപാട് പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് മുന്നേറുന്നത്. അതില്‍ സുപ്രധാനമായ ഒന്നാണ് മുസ്‌ലിംലീഗ് വനിതാലീഗ് പ്രവര്‍ത്തകകള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കിയതായുള്ള പ്രഖ്യാപനം. അങ്ങേയറ്റം സുതാര്യവും ജനാധിപത്യപരവും മുഖംമൂടികളില്ലാത്തതുമായ പാര്‍ട്ടി ഇതുവരെ പ്രസ്തുത പെരുമാറ്റച്ചട്ടം പബ്ലിക്കിന് ലഭ്യമാക്കിയിട്ടില്ല. പാര്‍ട്ടി സെക്രട്ടറി കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയത് ഇത്രയും കാര്യങ്ങളാണ്. 1. ലീഗിന്റെ വനിതാപ്രവര്‍ത്തനം ഫെമിനിസ്റ്റ് ശൈലിയില്‍ ഉള്ളതായിരിക്കില്ല. 2. അത് സി.പി.എമ്മിന്റേതുപോലെ ആയിരിക്കില്ല. 3. മതചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ളതായിരിക്കും. 4. കുടുംബത്തെ ഉലയ്ക്കാത്ത വിധത്തിലായിരിക്കും.


പെരുമാറ്റച്ചട്ടത്തിന്റെ ഉള്ളടക്കമെന്തായാലും അത് ഉയര്‍ത്തുന്ന ഒന്നാമത്തെ വിഷയം മുസ്‌ലിംലീഗ് പ്രവര്‍ത്തനത്തിന് പൊതുവില്‍ തത്വാധിഷ്ഠിതമായ പെരുമാറ്റച്ചടങ്ങളുണ്ടോ എന്നതാണ്. ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനം മതപ്രമാണങ്ങളാണോ? മദ്യപിക്കരുതെന്നോ ചൂതാട്ടത്തിലേര്‍പ്പെടരുതെന്നോ വ്യഭിചരിക്കരുതെന്നോ ലീഗിലെ പുരുഷന്മാര്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടോ? ഇത്തരം കാര്യങ്ങള്‍ ലീഗില്‍ അണിനിരന്നവരുടെ സ്വകാര്യ മതവിഷയമാണോ അതോ പാര്‍ട്ടിവിഷയമാണോ?

ഈ പെരുമാറ്റച്ചട്ടത്തിനെതിരെ സി.പി.എമ്മിന്റെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ. ഷൈലജ ടീച്ചര് രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ താലിബാനിസം നടപ്പാക്കാനാണ് ലീഗ് ശ്രമിക്കുന്നത് എന്നാണവര്‍ പറഞ്ഞിരിക്കുന്നത്. ഇതിനെക്കുറിച്ച് മുസ്‌ലിംലീഗോ വനിതാലീഗോ പ്രതികരിച്ചതായി കണ്ടിട്ടില്ല.

മതത്തിന്റെ മൂല്യങ്ങളും നിലപാടുകളും സ്വപ്നങ്ങളും പൊതുമണ്ഡലത്തിലും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണോ മുസ്‌ലിംലീഗ്. ആണെന്നാണ് ഉത്തരമെങ്കില്‍ മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുക എന്ന കൊടിയ പാതകമല്ലേ ലീഗ് ചെയ്യുന്നത്. അതല്ല, മതേതരത്വത്തെക്കുറിച്ച് പാര്‍ട്ടിക്ക് മറ്റുവല്ല കാഴ്ചപ്പാടുമുണ്ടോ? മതത്തെയും രാഷ്ട്രീയത്തെയും എല്ലാ കാര്യത്തിലും ഇങ്ങനെ കൂട്ടിക്കുഴക്കുമോ? ലീഗില്‍ തത്വങ്ങളും പെരുമാറ്റചട്ടങ്ങളും രൂപപ്പെടുന്നത് ഇസ്‌ലാമിന്റെ അടിത്തറയിലാണെങ്കില്‍ ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകള്‍ മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നു എന്നു പറയുന്നതിന്റെ ധാര്‍മിക ന്യായമെന്താണ്? പെണ്ണിന് ആണിനോട് ഇടപഴകാന്‍ ലീഗില്‍ പെരുമാറ്റച്ചട്ടമുണ്ടെന്നു മനസ്സിലായി. ആണിന് പെണ്ണിനോടിടപഴകാന്‍ ലീഗില്‍ പെരുമാറ്റച്ചട്ടമുണ്ടോ? എത്രയോ കാലമായി ലീഗിലെ പൊതുപ്രവര്‍ത്തകര്‍ സ്ത്രീകള്‍ കൂടി ഉള്‍ക്കൊള്ളുന്ന സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നു. അവരോട് വോട്ടുചോദിക്കുന്നു, കുറച്ചുകാലമായി അവരെ സംഘടിപ്പിക്കുന്നു. അന്നൊന്നും ലീഗ് അതിലെ പുരുഷന്മാര്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്നാലോചിച്ചിട്ടില്ല.

ഈ ഒരു കുറിപ്പില്‍ ധാരാളം ചോദ്യങ്ങള്‍ ചോദിക്കേണ്ടിവരുന്ന ഉത്തരങ്ങള്‍ പരതാവുന്ന റഫറന്‍സുകള്‍ മുസ്‌ലിംലീഗിനില്ല എന്നതുകൊണ്ടാണ്. പക്ഷേ, ഇതിനൊന്നും ഉത്തരം പറയാന്‍ ബാധ്യതയില്ലാതെ നിരുത്തരവാദപരമായി മുന്നോട്ടുപോവാന്‍ ആരെയും അനുവദിച്ചുകൂടാത്തതാണ്.

ഇസ്‌ലാമിന്റെ അടിസ്ഥാനത്തില്‍ സംഘടനയിലെ സ്ത്രീകള്‍ക്ക് ഡിസിപ്ലിന്‍ കോഡ് ഉണ്ടാക്കുമ്പോള്‍ ഇസ്‌ലാമിന്റെ ഏത് വ്യാഖ്യാനത്തെയാണ് ലീഗ് അതിന് അടിസ്ഥാനമാക്കുന്നത്? ഇസ്‌ലാമിനകത്ത് സ്ത്രീയെക്കുറിച്ച ഉദാരവീക്ഷണങ്ങളും കഠിന നിലപാടുകളുമുണ്ട്. ഇതില്‍ ഇസ്‌ലാമിന്റെ ഏതു വ്യാഖ്യാനത്തെ ലീഗ് അവലംബിക്കുന്നു. ഇതും വ്യക്തമാക്കാനുള്ള ബാധ്യത സംഘടനക്കുണ്ട്. ഇസ്‌ലാമിനകത്തെ സ്ത്രീചര്‍ച്ചകളെ സ്വന്തം വനിതകളുടെ ഇടയില്‍ ചര്‍ച്ചക്കുവെക്കാന്‍ ലീഗനുവദിക്കുമോ? ലീഗ് വിശദീകരിക്കാതെ തന്നെ അനുവാചകന് മനസ്സിലാവുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്.

മുസ്‌ലിംലീഗ് സ്ത്രീയെക്കുറിച്ച കാഴ്ചപ്പാടിന് ആധാരമാക്കുന്നത് അങ്ങേയറ്റം യാഥാസ്ഥിതികമായ രണ്ടുതരം മതവ്യാഖ്യാനങ്ങളെയാണ്. ഒന്ന്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രതിനിധീകരിക്കുന്ന ഒരു വീക്ഷണമാണ്. അവര്‍ സ്ത്രീയുടെ പൊതുപ്രവേശനമനുവദിക്കുന്നത് തത്വത്തില്‍ നിഷിദ്ധമാണെന്നംഗീകരിച്ചുകൊണ്ടുതന്നെ നിര്‍ബന്ധിതമായ സാഹചരത്തിലാണ്. പന്നിമാംസം പോലെ നിഷിദ്ധമായ പദാര്‍ഥം മാത്രമേ മുന്നിലുള്ളൂ, അത് കഴിച്ചില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടും എന്ന അവസ്ഥയില്‍ അത് കഴിച്ചു ജീവന്‍ നിലനിര്‍ത്താനുള്ള മതപരമായ അനുവാദം പോലെ. ഈ വിശദീകരണത്തിന് സംഘടനാ നേതാവ് അമ്പലക്കടവ് അബ്ദുല്‍ ഹമീദ് ഫൈസിയോട് കടപ്പാട്.

സംഘടനയുടെ വിദ്യാര്‍ഥിവിഭാഗമായ സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞത്, മുസ്‌ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് മത്സരിക്കുന്നതാണുത്തമം എന്നാണ്. സ്ത്രീകളെ എഴുത്ത് പഠിപ്പിക്കരുത്, പഠിപ്പിച്ചാല്‍ അവര്‍ പ്രേമലേഖനമെഴുതിക്കളയുമെന്ന സമസ്തയുടെ ഫത്‌വയുടെ വംശാവലിയില്‍ നിന്നുതന്നെയാണ് പുതിയ നിലപാടും രൂപപ്പെടുന്നത്.

ലീഗ് അവലംബിക്കുന്ന മറ്റൊരു മതവ്യാഖ്യാനം സൗദീ സലഫികളുടേതാണ്. രാജ്യത്ത് ഇന്നും സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാത്ത സൗദി സലഫിസമാണത്. ഇസ്‌ലാമിക ലോകത്ത് മതത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടുതന്നെ സ്ത്രീ സ്വാതന്ത്ര്യവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും വികസിപ്പിക്കാനും ഇസ്‌ലാമിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൈയില്‍ നടന്ന ശ്രമങ്ങളെ നഖശിഖാന്തം എന്നും എതിര്‍ത്തുപോന്നത് സലഫി മതധാരയാണ്. കുഞ്ഞാലിക്കുട്ടി സാഹിബ് അറിഞ്ഞാലും ഇല്ലെങ്കിലും ലോകത്തെ എത്രയോ ഫെമിനിസ്റ്റുകളമായും ഫെമിനിസ്റ്റ് ഗ്രൂപ്പുകളുമായും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും അവയുടെ വനിതാവേദികളും സജീവമായി ഇടപഴകുന്നുണ്ട്. സംവാദാത്മകമായ ബന്ധങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. ഒരുപാട് പൊതുപ്രശ്‌നങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഫെമിനിസം എന്നാല്‍ വ്യഭിചാരം എന്നൊക്കെ പറയുന്നപോലെ ഒരു നിഷിദ്ധകാര്യമൊന്നുമല്ല. ഇസ്‌ലാമിസ്റ്റ് ഫെമിനിസം എന്നൊരു പ്രയോഗം തന്നെ സാമൂഹ്യശാസ്ത്ര പഠിതാക്കള്‍ക്കിടയില്‍ ആഗോളതലത്തില്‍ അക്കാദമിക് രംഗത്ത് പ്രചാരത്തിലുണ്ട്. എന്നാല്‍ ഇസ്‌ലാമിനു പുറത്തുള്ള ഒരു ഗ്രൂപ്പുകളുമായും എന്‍ഗേജ് ചെയ്യാന്‍ പാടില്ല എന്നതാണ് സലഫി മതധാരയുടെ കര്‍ക്കശ നിലപാട്.

മുസ്‌ലിം ജനസാമാന്യത്തിന്റെ വലിയ ഒരു പങ്കാണ് വനിതകള്‍. സ്വാഭാവികമായും മുസ്‌ലിംലീഗിന്റെയും പകുതി ജനസംഖ്യ സ്ത്രീകളാണ്. ഇതിനെ ജനസംഖ്യക്കപ്പുറം പൗരന്മാരായി ലീഗൊരിക്കലും പരിഗണിച്ചിട്ടില്ല. വോട്ടര്‍മാരായല്ലാതെ സ്ഥാനാര്‍ഥിയായി പരിഗണിച്ചിട്ടില്ല. പന്നിമാംസം കഴിക്കുന്ന നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ. അപവാദം 1996-ല്‍ കോഴിക്കോട് രണ്ടില്‍ മത്സരിച്ച ഖമറുന്നീസ അന്‍വര്‍ മാത്രം. ആന കുത്തിയാല്‍ ഇളകാത്ത പൊന്നാപുരം കോട്ടകള്‍ ഒരുപക്ഷേ കേരള രാഷ്ട്രീയത്തില്‍ ലീഗിനുമാത്രം സ്വന്തമായുള്ളതായിരിക്കും. അതിലൊരു പെണ്ണിനെ എപ്പോഴെങ്കിലും ഒരിക്കല്‍ പരീക്ഷിച്ചുനോക്കാന്‍ ലീഗിനു തോന്നിയിട്ടില്ല. ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം പരീക്ഷിച്ചു. അതു ജയിക്കണോ തോല്‍ക്കണോ എന്നു ലീഗിനുതന്നെ ഉറപ്പില്ലാത്ത സീറ്റില്‍. സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം ലീഗിന് ആകെ ഉണ്ടായ എം.എല്‍.എമാരുടെ എണ്ണം അഖിലേന്ത്യാ ലീഗിന്റേത് ഉള്‍പ്പെടുത്താതെ 65 ആണ്. അഖിലേന്ത്യാ ലീഗിന്റെ നാലുപേരെ കൂടി ചേര്‍ത്താല്‍ അത് 69 ആകും. ദൈവം പെണ്ണായി സൃഷ്ടിച്ച ഒരാള്‍ പോലും അതിലില്ല. ഇത്രയധികം സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ഒരു പാര്‍ട്ടി അതിന്റെ അര നൂറ്റാണ്ടിലധികം വരുന്ന ചരിത്രത്തില്‍ ഒരു വനിതാ എം.എല്‍.എയെപ്പോലും സൃഷ്ടിച്ചില്ല എന്നത് അത്ഭുതകരമാണ്. ദലിത് എം.എ.എമാരെപ്പോലും സൃഷ്ടിച്ച ലീഗെന്തുകൊണ്ട് ഒരു വനിതാ എം.എല്‍.എയെ കൊണ്ടുവന്നില്ല? ജനാധിപത്യവുമായുള്ള ഇത്രയും കാലത്തെ സഹവാസം ലിംഗനീതിയുടെ കാര്യത്തില്‍ ഒരു സ്വാധീനവും ലീഗില്‍ സൃഷ്ടിച്ചില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്. ലീഗും ജനാധിപത്യവും തമ്മിലുള്ള ബന്ധം ആശയപരം എന്നതിനേക്കാള്‍ കച്ചവടപരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്രയും കാലത്തെ ലീഗ്‌സാന്നിധ്യം കൊണ്ട് ജനാധിപത്യത്തിനോ ജനാധിപത്യ അനുഭവം കൊണ്ട് ലീഗിനോ പ്രത്യേകിച്ച് ഉള്ളടക്കപരമായ വികാസമൊന്നും ഏറെ ഉണ്ടായിട്ടില്ല. സമുദായത്തിനു പുറത്തുള്ളവര്‍ക്ക് അധികാരം കൊടുത്താല്‍ പോലും സമുദായത്തിലെ സ്ത്രീകള്‍ക്ക് അധികാരം കൊടുക്കരുതെന്ന് ഏതോ ഒരജ്ഞാത പ്രത്യയശാസ്ത്രം ലീഗിനോട് ആജ്ഞാപിക്കുന്നുണ്ട്.

മതത്തെ അതിന്റെ സര്‍ഗാത്മകവും പുരോഗമനപരവുമായ ഒരു തലത്തിലും പൊതുമണ്ഡലത്തില്‍ കൊണ്ടുവരാതിരിക്കുകയും മതത്തെ ഏറ്റവും പ്രതിലോമപരമായ തലത്തില്‍ സാമൂഹ്യരാഷ്ട്രീയ ജീവിതത്തില്‍ ഉപയോഗിക്കുയാണ് ചരിത്രത്തില്‍ എക്കാലത്തും ലീഗ് ചെയ്തത്. ഒരു മതസാമൂഹ്യരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഗുണമോ ഒരു മതേതര രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഗുണമോ പ്രകടിപ്പിക്കാന്‍ ലീഗിനു കഴിയാറില്ല. പുരോഹിത സമ്പന്ന പുരുഷ കൂട്ടുകെട്ടിന്റെ രാഷ്ട്രീയവേദിയാണ് മുസ്‌ലിംലീഗ്. എന്തുകൊണ്ട് പുരുഷന് ലീഗില്‍ പെരുമാറ്റച്ചട്ടമില്ല? സ്ത്രീകള്‍ക്കുമാത്രം അതുണ്ടാവുന്നു എന്നതിന്റെ കാരണം ലീഗ് ഇസ്‌ലാംമതത്തെ സ്ത്രീയെ അടിച്ചമര്‍ത്താനുള്ള പുരുഷന്റെ ഉപകരണമായി ഉപയോഗിക്കുന്നു എന്നതുകൊണ്ടാണ്. യഥാര്‍ഥ ഇസ്‌ലാമില്‍ ആണിനും പെണ്ണിനും പെരുമാറ്റച്ചട്ടമുണ്ട്. അര്‍ഹതകളും അവകാശങ്ങളുമുണ്ട്. അത് ലിംഗനീതിയുടെ വിമോചനപാതയാണ്.

മതം മുന്‍വാതിലിലൂടെ രാഷ്ട്രീയത്തില്‍ ഇടപെടുമ്പോഴെല്ലാം ലീഗും അതിന്റെ ഉപഗ്രഹസംഘടനകളും അതിനെ എതിര്‍ത്തു തോല്‍പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യം വരുമ്പോഴെല്ലാം ഏറ്റവും പ്രതിലോമപരമായും സ്വാര്‍ഥമായും ലീഗ് മതത്തെ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ലീഗ് അപകടത്തില്‍ പെടുമ്പോഴൊക്കെ ലീഗ് മതം പറഞ്ഞിട്ടുണ്ട്. അല്ലാത്തപ്പോഴൊക്കെ അതിന് മതം പൊതുജീവിതത്തില്‍ നിഷിദ്ധമാണ്. സ്വന്തം സംഘടനക്കകത്തെ സ്ത്രീയുടെ ഉയര്‍ത്തെഴുന്നേല്‍പിനെ മതം പറഞ്ഞ് പ്രതിരോധിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മതം പറഞ്ഞ് പെണ്ണിനെ തടയാന്‍ ശ്രമിച്ചാല്‍ മതം നിവര്‍ത്തിവെച്ചുതന്നെ കണക്കുചോദിക്കാന്‍ അവള്‍ പഠിച്ചുകഴിഞ്ഞിട്ടുണ്ടെന്ന് ലീഗ് ഓര്‍ത്തുവെക്കണം.

മതത്തോടോ മതേതരത്വത്തോടോ ഏതെങ്കിലുമൊന്നിനോടോ സത്യസന്ധത പുലര്‍ത്തിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ നല്ല ഒരു ന്യൂനപക്ഷ രാഷ്ട്രീയാവിഷ്‌ക്കാരം കേരളത്തിന് ലഭിക്കുമായിരുന്നു. മലപ്പുറത്തെ പെണ്ണുങ്ങള്‍ കാച്ചി ഉടുക്കുന്നിടത്തോളം ഞങ്ങള്‍ക്കൊന്നും ഭയപ്പെടാനില്ലെന്ന് സി.എച്ച്. മുഹമ്മദ്‌കോയ പറഞ്ഞതായി കേട്ടിട്ടുണ്ട്. സി.എച്ച്. അത് പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ലീഗിന്റെ മനസ്സിനെ കൃത്യമായി പ്രതിനിധീകരിച്ച ഒരു പ്രസ്താവനയാണത്. പക്ഷേ, മലപ്പുറത്തെ പെണ്ണുങ്ങള്‍ ഇപ്പോള്‍ കാച്ചിയല്ല, ചുരിദാറും പര്‍ദ്ദയുമാണ് ധരിക്കുന്നത് എന്ന് ലീഗ് നേതൃത്വം മനസ്സിലാക്കണം.

'എപ്പോഴും പുഷ്പിക്കുന്ന അതിര്‍ത്തികള്‍'

മലയാളത്തിന് ഒരു നോവല്‍ ദേശം കൂടി കിട്ടിയിരിക്കുന്നു. എന്‍മകജെ. നോവല്‍ ദേശങ്ങളുടെ ആഖ്യാനമാണ്. നോവലുകള്‍ നമുക്കു കുറേ അതീത ദേശങ്ങളെ തന്നിട്ടുണ്ട്. ഖസാക്ക്, മയ്യഴി, പൊന്നാനി, കുട്ടനാട്, മലയാളത്തിന് ഒരതീതദേശം കൂടി ലഭിച്ചിരിക്കുന്നു. എന്‍മകജെ. ഈ ദേശനിര്‍മ്മിതിയില്‍ നോവലിസ്റ്റ് ഏറെ വിജയിക്കുന്നുണ്ട്. ''ആദ്യമായി ഗ്രാമത്തിലേക്ക് വന്നപ്പോഴും കഴിഞ്ഞ ദിവസങ്ങളില്‍ തോട്ടങ്ങളിലൂടെ വെറുതെ നടന്നപ്പോഴും ചെമ്പരത്തിച്ചെടികള്‍ വെറുതെ വെട്ടിയുണ്ടാക്കിയ വേലികള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. മുള്ളുവേലികള്‍ എങ്ങും കണ്ടതായി ഓര്‍മവന്നില്ല. ഇത് എന്‍മകജെയുടെ മാത്രം സവിശേഷതയാണ്. മുള്ളുവേലികളില്ലാത്ത എപ്പോഴും പുഷ്പിക്കുന്ന അതിര്‍ത്തികള്‍.''

എന്‍മകജെ പ്രകൃതി വൈവിധ്യത്തിന്റെയും സംസ്‌കാര വൈവിധ്യത്തിന്റെയും കലവറയാണ്. സംസ്‌കൃതി പ്രകൃതിയുടെ വിച്ഛേദനമല്ല. പ്രകൃതിയുടെ താളത്തിനകത്തു തന്നെയുള്ള മനുഷ്യാവിഷ്‌കാരമാണ്. ആവണം. അങ്ങനെയുള്ള എട്ട് സംസ്‌കൃതികളുടെ നാടാണ് എന്‍മകജെ. എന്‍മകജെ എന്ന വാക്കിന്റെ അര്‍ത്ഥം എട്ടു സംസ്‌കാരങ്ങള്‍ എന്നാണത്രെ.

''എന്‍മകജെ കിണറുകളില്ലാത്ത നാടാണ്. സ്വര്‍ഗത്തില്‍ മാത്രം ആയിരത്തിലധികം സുരങ്കങ്ങളുണ്ട്. (തുരങ്കങ്ങള്‍) ഏതുകാലത്തും വീട്ടിനു മുന്നിലേക്ക് വെള്ളം ഒഴുകിവരും. ഇത് മാത്രമല്ല ചാലുകള്‍ പോലെയുള്ള വാട്ടര്‍ബോഡീസ് ആയിരക്കണക്കിന് വേറെയുണ്ട്. അതുകൊണ്ടാണ് ഈ നാട് സ്വര്‍ഗമായത്. വെള്ളത്തിന്റെ കരയിലാണ് പണ്ടെല്ലാം മനുഷ്യര്‍ താമസിച്ചത്.'' ഫലഭൂയിഷ്ഠമായ മണ്ണില്‍ തന്നെയാണ് എല്ലാ സംസ്‌കാരങ്ങളും വളര്‍ന്നു പന്തലിച്ചത്. ആധുനിക നാഗരികതയൊഴിച്ച്.

മിത്തുകള്‍ കഥയുടെ ജൈവരൂപമാണ്. കഥയുടെ വടുവൃക്ഷമാണത്. ആഴത്തില്‍ വേരുകളും ഉയരത്തില്‍ ശാഖകളുമുള്ള കഥയുടെ വടുവൃക്ഷങ്ങള്‍. ഇത്തരം വടുവൃക്ഷങ്ങളുടെ സമൃദ്ധ ദേശമാണ് എന്‍മകജെ.

മലയാളമെന്ന പൊതുഭാഷയാണ് കേരളത്തെ സാധ്യമാക്കിയത്. പൊതുകേരളം സാധ്യമാവുന്നതിനിടയില്‍ പൊതുമലയാളം ഉണ്ടാവുന്നതിനിടയില്‍ നമുക്കൊരുപാടു മലയാളങ്ങളെ നഷ്ടപ്പെടുന്നുണ്ടായിരുന്നു. അവയെ എത്രയെങ്കിലും കളഞ്ഞുപോവാതെ കാത്തത് നമ്മുടെ നോവല്‍ സാഹിത്യമാണ്. ആ സഞ്ചയത്തില്‍ അംബികാസുതന്‍ മാങ്ങാട് തുളുനാടിനെയും അതിന്റെ മലയാളഭേദത്തെയും അടയാളപ്പെടുത്തിയിരിക്കുന്നു.

കുറേ മിത്തുകളെ ഭംഗിയോടെ അടുക്കിവെക്കുകയല്ല നോവല്‍ ചെയ്യുന്നത്. നോവലില്‍ കൊണ്ടുവരപ്പെടുന്ന ഓരോ പുരാവൃത്തത്തിനും ബ്രാഹ്മണസംസ്‌കാരത്തിനെതിരായ സാംസ്‌കാരിക രാഷ്ട്രീയമുണ്ട്. ഇവിടെ തുലാമാസത്തിലാണ് ഓണമാഘോഷിക്കുന്നത്. ''ബലിയെ രാജ്യഭ്രഷ്ടനാക്കിയ ദൈവത്തിന്റെ ജന്മദിനമായ തിരുവോണനാളില്‍ ബലിയെ സ്വീകരിക്കുന്നതില്‍ അപാകതയില്ലേ..'' എന്‍മകജെയുടെ മണ്ണില്‍ വീണുറങ്ങിക്കിടക്കുന്ന കേരളത്തിന്റെ ജൈനപാരമ്പര്യത്തെ നോവല്‍ നമ്മുടെ ഓര്‍മകളിലേക്ക് തിരികെ നല്‍കുന്നുണ്ട്.

അടുത്തകാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയ ഏറ്റവും രാഷ്ട്രീയമുള്ള നോവലാണിത്. കേരളത്തില്‍ നടന്ന, തുടരുന്ന ഒരു ജനകീയ സമരത്തിന്റെ സര്‍ഗാത്മകമായ രേഖപ്പെടുത്തലാണിത്. ചരിത്രം മിത്താവുന്നത് പോലെ സമരചരിത്രം സാഹിത്യമാവുകയാണ്. സമരചരിത്രം മിത്തും സാഹിത്യവുമാവുന്നതിലൂടെ സമരത്തിന് അനശ്വരമായ വിജയം കരഗതമാവുകയാണ്. ഭൗതികമായി തോല്‍പിക്കപ്പെട്ടവരും മിത്തുകളിലൂടെ വീരപുരുഷന്മാരായി പുനര്‍ജനിച്ച് ജയിച്ച അധികാരികളെ നിരന്തരം തോല്‍പിച്ചുകൊണ്ടേ ഇരിക്കാറുണ്ട്. ഇത് അധികാരത്തെ എന്തുമാത്രം അസ്വസ്ഥമാക്കുന്നുണ്ടെന്നതിന് നോവലില്‍ തന്നെ സാക്ഷ്യമുണ്ട്.

കാസര്‍ഗോഡ് ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളെ അല്‍പാല്‍പമായി നാഗസാക്കിയും ഹിരോഷിമയുമാക്കിയ എന്‍ഡോസള്‍ഫാന്‍ വിഷവര്‍ഷത്തെയും അതിനെതിരായി നടത്തപ്പെട്ട പ്രതിരോധസമരത്തെയും പ്രമേയമാക്കി രചിക്കപ്പെട്ട കൃതിയാണിത്. ആ സമരത്തിന് നേതൃത്വം നല്‍കിയ ഈ നോവലിലെ നായകനും നായികയുമായ നീലകണ്ഠനെയും ദേവായനിയെയും ഒടുവില്‍ അധികാരത്തിന്റെ ആള്‍രൂപമായ നേതാവ് പിടിച്ചുകൊണ്ടുപോയി നഗ്നരാക്കി ജടാധരി മലയില്‍ തലകീഴായി കെട്ടിത്തൂക്കി എങ്ങനെ കൊല്ലണമെന്ന് ആലോചിക്കുമ്പോള്‍ അവന്റെ ഗുണ്ടാസംഘത്തില്‍ പെട്ട ഒരാള്‍ പറഞ്ഞു ''ഈ മലമോളിലാണ് പണ്ട് ജടാധരിയെയും കുറത്തിയെയും കുഴിച്ചിട്ടത്. അങ്ങനെയാണ് ജടാധരി മല എന്ന പേരുണ്ടായത്.'' നേതാവിന് ആ കഥ നന്നെ ഇഷ്ടപ്പെട്ടു. അയാള്‍ പറഞ്ഞു. ''അതുപോലെ രണ്ടിനെയും ചാവുന്നതിനുമുമ്പ് കുഴിയിലിട്ട് ഒന്നിച്ചുമൂടാം. പക്ഷേ, ഈ തെമ്മാടികളെക്കുറിച്ച് ആരും എന്‍മകജെയില്‍ കഥകളും തോറ്റവും ഉണ്ടാക്കരുത്. അതെനിക്ക് ഇഷ്ടമല്ല.

പക്ഷേ, മനുഷ്യന്റെ യാഥാര്‍ഥ്യത്തെ അധികാരത്തിന് തോല്‍പിക്കാന്‍ കഴിയും. എന്നാല്‍ മനുഷ്യന്റെ ഭാവനയില്‍ അധികാരം തോറ്റുകൊണ്ടിരിക്കും. ഭാവനകൊണ്ട് അവന്റെ സര്‍ഗശക്തി അധികാരത്തെ തോല്‍പിച്ചുകൊണ്ടിരിക്കും. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭത്തിനുള്ളില്‍ വെച്ച് നടത്തപ്പെട്ട അത്തരമൊരു സര്‍ഗാത്മക പ്രവര്‍ത്തനമാണീ നോവല്‍. അംബികാസുതന്‍ മാങ്ങാട് വെറും എഴുത്തുകാരനല്ല. കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി ആ പ്രക്ഷോഭത്തിന്റെ ഒപ്പം സഞ്ചരിച്ച ഒരാളാണ്.

ഒരു ജനകീയ പ്രക്ഷോഭം ഇത്ര തീക്ഷ്ണമായും സുന്ദരമായും മലയാള നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്നത് ആദ്യമായിട്ടായിരിക്കും. ഇതൊരു രാഷ്ട്രീയ നോവലാണ്. നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയമാണ് ഈ നോവലിന്റെ രാഷ്ട്രീയം. ഇടതുപക്ഷകാലത്തിന് അതിന്റെ കവികളും കഥാകാരന്മാരുമുണ്ടായിരുന്നു. നവസാമൂഹ്യ പ്രസ്ഥാനങ്ങളും അതിന്റെ നോവലിസ്റ്റുകള്‍ക്കും കഥാകൃത്തുകള്‍ക്കും ജന്മം നല്‍കുകയാണ്. തകഴിയും ദേവും ചെറുകാടും ഇടതുപക്ഷ മാനവിക തരംഗത്തിന്റെ നോവലിസ്റ്റുകളായിരുന്നുവെങ്കില്‍ അംബികാസുതന്‍ മാങ്ങാട് നവസാമൂഹ്യ സമരങ്ങളുടെ നോവലിസ്റ്റാണ്.

നവോത്ഥാനത്തിനും ഇടതുപക്ഷത്തിനും പൊരുതേണ്ടിവന്നത് ഫ്യൂഡലിസത്തോടും മതത്തോടുമായിരുന്നുവെങ്കില്‍ പുതിയ സമരങ്ങള്‍ക്ക് പൊരുതേണ്ടി വരുന്നത് ജനാധിപത്യ അധികാര കേന്ദ്രങ്ങളോടും ആധുനിക ശാസ്ത്രത്തോടുമാണ്. പ്രതീക്ഷയുടെ പ്രഭാതഭേരിയായിരുന്ന ശാസ്ത്രവും ജനാധിപത്യഭരണക്രമവും എങ്ങനെ ജീവിതത്തിന്റെ ചൈതന്യത്തെ കെടുത്തിക്കളയുന്നു എന്നതാണ് എന്‍മകജെ മുന്നോട്ടുവെക്കുന്ന പ്രമേയം.

''ഇരുട്ടില്‍ ദേവയാനിയുടെ അരികില്‍ കിടന്ന് ജൈനന്റെ കാലം മുതലുള്ള എന്‍മകജെയെക്കുറിച്ച് ഓരോന്നു പറയുകയായിരുന്നു നീലകണ്ഠന്‍.

കടുകളും പുലികളും വാണ നാട്

നീലകണ്ഠന്‍ ആരാഞ്ഞു

''നീ കേട്ടിട്ടുണ്ടോ ലോകത്തിലെ ഏറ്റവും വലിയ മൃഗശാലയെക്കുറിച്ച്.'' ഇല്ല.

ഭൂമിയിലെ ഏറ്റവും ക്രൂരനായ മൃഗം അവിടെ കൂട്ടിലുണ്ട്. ഉത്കണ്ഠയോടെ അവള്‍ ചോദിച്ചു. ഏത് മൃഗം. ഇരുട്ടിനോട് നീലകണ്ഠന്‍ ചിരിച്ചു.

''മൃഗമൊന്നുമല്ല, ഒരു വലിയ കണ്ണാടിയാണ്. ആര്‍ക്കും ചെന്നുകാണാം, കണ്ണാടിയില്‍. ലോകത്തിലെ ഏറ്റവും ദയാരഹിതനായ മൃഗത്തെ. ശാസ്ത്രമാണ് അവന്റെ കയ്യിലെ ആയുധം. സ്വാര്‍ഥതയാണ് അവന്റെ നെറ്റിക്കുറി....'

ശാസ്ത്രം വിമോചനമാണെന്ന പുതുസ്വപ്നം കണ്ട തലമുറ മരിച്ചുതീരും. മുമ്പേ ശാസ്ത്രത്തില്‍ നിന്നുള്ള വിമോചനത്തെക്കുറിച്ച് നമുക്ക് സംസാരിക്കേണ്ടിവന്നു.

ഭരണകൂട ഭീകരതയെക്കുറിച്ച് മലയാളത്തില്‍ രചിക്കപ്പെട്ട മികച്ച നോവലാണ് എന്‍മകജെ. അധികാരം അതിന്റെ കുടിലതാല്‍പര്യത്തിനെതിരു നില്‍ക്കുന്നവരെ തീവ്രവാദി എന്നു മുദ്രകുത്തി എങ്ങനെ ഉന്മൂലനം ചെയ്യുന്നു എന്നതിന്റെ ഭാവതീവ്രമായ ആവിഷ്‌കാരം നോവലിന്റെ അവസാനഭാഗത്ത് കാണാന്‍ കഴിയും. നവസാമൂഹ്യ സമരങ്ങള്‍ക്കെതിരെ ഭരണകൂടം നടത്തുന്ന നിയമസ്ഥാപനപരവും നിയമേതരവുമായ കയ്യേറ്റത്തിന്റെ രക്തസാക്ഷിയാണ് നോവലിലെ ജയരാജന്‍ എന്ന കഥാപാത്രം. ''ഇത് എന്താണെന്ന് മനസ്സിലായോ? പോലിസ് മേധാവിക്ക് നീ അയച്ചകത്ത്. ആ തെമ്മാടിയെ കൊന്ന് ഞാന്‍ പൂച്ചപ്പാതാളത്തില്‍ എറിഞ്ഞുവെന്ന്, എനിക്കെതിരെ കേസെടുക്കണമെന്ന്.'' ദേവയാനിയുടെ കണ്ണുകള്‍ തുറിച്ചു. നീലകണ്ഠന്‍ കുടിനീരിറക്കി.

നേതാവ് പൊട്ടിച്ചിരിച്ചു.

''കൊന്നിട്ടില്ല, ഞാനവനെ ജീവനോടെയാണ് പൂച്ചപ്പാതാളത്തിലെറിഞ്ഞത്... പക്ഷേ, നിന്റെ കയ്യില്‍ എന്തുതെളിവുണ്ട്. കടലാസു കീറി നീലകണ്ഠന്റെ മുഖത്തേക്ക് പറത്തിക്കൊണ്ട് നേതാവ് പൊട്ടിച്ചിരിച്ചു.'' ജയരാജന്‍ എന്ന സമര്‍പ്പിതനും നിസ്വാര്‍ഥനുമായ ആക്ടിവിസ്റ്റിനെ ഭരണകൂടം നിരന്തരം അടയാളപ്പെടുത്തുന്നത് 'തീവ്രവാദി' എന്നാണ്. ഭരണകൂടം തീവ്രവാദി എന്നുപറയുന്നവരെക്കുറിച്ചെല്ലാം ഭീകരവാദി എന്നു ഏറ്റുപറയുന്ന, ജനപ്രിയ മാധ്യമസംസ്‌കാരത്തിന്റെ സര്‍ഗാത്മക വിച്ഛേദനവും വിമര്‍ശനവുമാണീ നോവല്‍.

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെയും സമരത്തെയും കുറിച്ച ധാരാളം വിവരങ്ങള്‍ നോവലില്‍ കടന്നുവരുന്നുണ്ട്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തിന്റെ തുടക്കക്കാരിയുമായ ലീലാകുമാരിയമ്മയെപ്പോലുള്ള യഥാര്‍ഥ മനുഷ്യര്‍ അങ്ങിനെത്തന്നെ, ഒരു ചമയവുമില്ലാതെ നോവലില്‍ കടന്നുവരുന്നുണ്ട്. മറ്റുപല കഥാപാത്രങ്ങളും യഥാര്‍ഥ വ്യക്തികളുടെ നോവല്‍ പ്രച്ഛന്നങ്ങളാണ്.

അടിമുടി രാഷ്ട്രീയമുള്ള നോവലില്‍ ഉത്തരകേരളത്തോടുള്ള കേരളദേശീയതയുടെ അവഗണനയുടെ നവരാഷ്ട്രീയ പ്രമേയങ്ങളടക്കം കടന്നുവരുന്നുണ്ട്. ''എലക്ഷന്‍ വര്മ്പഴാന്ന് ഈ നാട് കേരളത്തിലാണെന്ന് എന്‍മകജെക്കാര് അറിയ്‌ന്നെ. അല്ലാങ്കില് ഇത്ര വലിയ ട്രാജഡി ഉണ്ടായിട്ടും ആര്ഉം തിരിഞ്ഞുനോക്കാത്തതെന്ത്...''

ആധുനിക ശാസ്ത്രത്തെയും ശാസ്ത്ര നാഗരികതയെയും കുറേക്കൂടി ആഴത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്ന പ്രമേയമായിട്ടും അത്തരമൊരു സാധ്യതയിലേക്ക് നോവലിസ്റ്റ് ഏറെയൊന്നും കടന്നില്ല എന്നതാണീ നോവലിന്റെ പരിമിതി. നിലനില്‍ക്കുന്ന കുടുംബമെന്ന അധികാര സ്ഥാപനത്തെക്കുറിച്ചും പുരുഷാധിപത്യപരമായ സ്ത്രീപുരുപഷ ബന്ധത്തെക്കുറിച്ചും പുനരാലോചനകളും പുനക്രമീകരണങ്ങളും ആവശ്യപ്പെടുന്ന വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് നോവല്‍ വികസിക്കുന്നത്.