Sunday, October 30, 2011

ദൈവത്തിന്റെ കൂട്ടുകാരനും ജനതയുടെ നായകനുമായ ഇബ്രാഹീം

ദൈവത്തിന്റെ കൂട്ടുകാരന്‍, ജനതയുടെ നായകന്‍. ഇതാണ് ഇബ്രാഹീം നബിയെക്കുറിച്ചുള്ള ഖുര്‍ആനിന്റെ രണ്ട് വിശേഷണങ്ങള്‍. ഇത് ഇബ്രാഹീം സരണിയുടെ(മില്ലത്തു ഇബ്രാഹീം) രണ്ട് മുഖമല്ല. ഒരേ മുഖത്തിന്റെ വിശദീകരണമാണ്. ദൈവത്തിന്റെ കൂട്ടുകാരന്‍ ജനതയുടെ നായകനായേ പറ്റൂ. കാരണം ഒരാള്‍ക്ക് ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയുക ജനതക്ക് നേതൃത്വം നല്‍കിയും സേവനം ചെയ്തുമാണ്. പല ദൈവങ്ങളില്ലാത്ത പോലെ അയാള്‍ക്ക് പല ജനതകളുമില്ല. ഏകദൈവവിശ്വസം ഏകമാനവിക വാദവും ബോധവും കൂടിയാണ്.
ഇബ്രാഹീം ചരിത്രത്തില്‍ നിന്നു ജനതയെ ഏറ്റവും തിളക്കത്തോടെ വീണ്ടെടുത്ത പ്രവാചകനാണ് ഇബ്രാഹീമും നംറൂദ്ആസര്‍മാരുമായുള്ള സംഘര്‍ഷം കൂലീനതയും ജനകീയതയും തമ്മിലുള്ള സംഘര്‍ഷം കൂടിയാണ്. ബഹുദൈവത്വം അവിടെ ഒരു ദൈവശാസ്ത്ര പ്രശ്‌നം മാത്രമായിരുന്നില്ല. ഒരു രാഷ്ട്രീയ നാഗരിക വിഷയമായിരുന്നു. ജനവിരുദ്ധ വരേണ്യ രാഷ്ട്രീയത്തിന്റെ അടിത്തറയായിരുന്നു വിഗ്രഹം. ഭൗതിക ജീവിതത്തിലെ പരസ്പര സ്‌നേഹത്തിന്റെ, ബന്ധത്തിന്റെ അടിത്തറയായി വിഗ്രഹത്തെ നിങ്ങള്‍ സ്വീകരിക്കുന്നു എന്ന് സൂറ അന്‍കബൂത്തില്‍ 25ാം വാചകത്തില്‍ അല്ലാഹു അവരെക്കുറിച്ച് പറയുന്നുണ്ട്.
വിഗ്രഹം പ്രതിനിധീകരിക്കുന്നത് ഒരു ദൈവശാസ്ത്രത്തെ മാത്രമല്ല. ഒരു സാമൂഹ്യ ശാസ്ത്രത്തെ കൂടിയാണ്. ബഹുദൈവത്തം ഗോത്രവ്യവസ്ഥയുടെയും നാടുവാഴിത്തത്തിന്റെയും പ്രത്യേയശാസ്ത്രമാണ്. ഏകദൈവത്തം ഗോത്രാതീതമായ ബഹുജന രാഷ്ട്രീയത്തിന്റെ പ്രത്യേയശാസ്ത്രമാണ്. ബഹുദൈവത്വത്തില്‍ ദൈവമുള്ളത് കുലത്തിനും ഗോത്രത്തിനുമാണ്. ആ ദൈവം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടിരിക്കുന്നത്, സംരക്ഷിക്കുമെന്ന് ഭക്തന്‍ പ്രതീക്ഷിക്കുന്നത് വ്യക്തിയുടെയും കുലത്തിന്റെയും ന്യായവും അന്യായവുമായ താല്‍പ്പര്യങ്ങളാണ്. അതിനു പകരം ലോകത്തിനു മുഴുവന്‍ ഒരൊറ്റ ദൈവം എന്നത് ബഹുദൈവ സമൂഹങ്ങള്‍ക്ക് അപരിചിതവും മനസ്സിലാക്കാന്‍ കഴിയാത്തതുമായിരുന്നു. അതുകൊണ്ടാണ് ഫറോവ ചോദിക്കുന്നത് ലോകരക്ഷിതാവോ, അതെന്താണ്? (അശ്ശുഅറാഅ് 23). കുലദൈവങ്ങളല്ലാതെ ലോകദൈവം ഫറോവക്ക് അപരിചിതവും അംഗീകരിക്കാന്‍ കഴിയാത്തതുമായിരുന്നു. കുലദൈവം കുലത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ബാധ്യതപ്പെടുമ്പോള്‍ ലോകരുടെ ദൈവമായ ഏകദൈവം ലോകരുടെ മുഴുവന്‍ താല്‍പര്യം സംരക്ഷിക്കാന്‍ ബാധ്യത ഏറ്റെടുത്തവനാണ്. അത്‌കൊണ്ട് തന്നെ എല്ലാവരുടെയും ന്യായമായ താല്‍പര്യം മാത്രം സംരക്ഷിക്കുന്ന ദൈവമാണത്. ഏകദൈവത്തം ഗോത്രവാദത്തിനു പകരം മാനവികതയെ സാധ്യമാക്കുകയാണ്. ഏറ്റവും നൈതികമായ മാനവികതയെ. നൈതികതയുടെ അടിത്തറയില്‍ മാത്രമേ യാഥാര്‍ത്ഥ മാനവികത സാക്ഷാല്‍ക്കരിക്കാന്‍ കഴിയൂ. ഏകദൈവ വിശ്വാസത്തിന്റെ അനുഭവതലമാണ് മാനവികതയും നൈതികതയും.
അതുകൊണ്ടാണ് ഇബ്രാഹീം പ്രവാചകന്റെ ചെറുമകന്റെ മകന്‍ യൂസുഫ് (അ) തന്റെ ജനതയോട് ചോദിച്ചത്. 'വിഭിന്നങ്ങളായ പല ദൈവങ്ങളാണോ, അതല്ല ഏകനും സര്‍വ്വാധിപതിയുമായ ഒറ്റദൈവമാണോ മനുഷ്യരാശിക്ക് ഗുണകരമായതെന്ന്' (യൂസുഫ് 39)
ജനതയെക്കുറിച്ച് ഏറെ സംസാരിച്ച വേദമാണ് ഖുര്‍ആന്‍. കാരുണ്യവാനും കരുണാവാരിധിയുമായ ദൈവത്തിന്റെ നാമത്തില്‍ തുടങ്ങുന്നു എന്നു പ്രഖ്യാപിച്ച ശേഷം ഖുര്‍ആന്‍ പറയുന്നത് ലോകരുടെ നാഥനായ ദൈവത്തിന് സര്‍വ്വസ്തുതിയുമെന്നാണ്. ഖുര്‍ആനിലെ സമാപന സൂക്തത്തിന്റെ പേര് 'ബഹുജനം' എന്നാണ്. അതില്‍ ദൈവത്തെ പരിചയപ്പെടുത്തുന്നത് പൊതുജനത്തിന്റെ നാഥന്‍, പൊതുജനത്തിന്റെ ഭരണാധികാരി, പൊതുജനത്തിന്റെ ദൈവം എന്നു പറഞ്ഞുകൊണ്ടാണ്. ആമുഖാധ്യായവും സമാപനധ്യായവും പ്രാര്‍ത്ഥനാ രൂപത്തിലുള്ള അദ്ധ്യായങ്ങളാണ്. ഏറ്റവും അധ്യാത്മികയുള്ള സ്വരൂപത്തിനകത്താണ് പൊതുജനമെന്ന കാഴ്ചപ്പാട് ഏറെ ശക്തിയോടെ അവതരിപ്പിക്കപ്പെടുന്നത്.
ഇസ്‌ലാമിന്റെ ആത്മാവ് തുടിക്കുന്ന എല്ലാ അടയാളങ്ങളെയും പൊതുജനമെന്ന സങ്കല്‍പ്പത്തോട് ചേര്‍ത്തുവെച്ച് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത് കാണാന്‍ കഴിയും. പ്രവാചകനെ കുറിച്ച് പറയുന്നു' മുഴുലോകത്തിനും വേണ്ടിയല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല. (സബഅ് 28 )ഖുര്‍ആനെക്കുറിച്ച് പറയുന്നു. ജനത്തിന് സന്മാര്‍ഗ്ഗവും സന്മാര്‍ഗത്തിന്റെ വിശദീകരണവുമായാണ് ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്'(അല്‍ ബഖറ 185). മുസ്‌ലിം സമുദായം പൊതുജനത്തിനു വേണ്ടി ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട സമൂഹമാണ്. (ആലു ഇംറാന്‍ 110) സത്യത്തിന്റെ പല സവിശേഷതകളിലൊന്നായി വിശുദ്ധവേദം പറയുന്നത് അത് ജനത്തിന് ഉപകാരം ലഭിക്കുന്നതാണെന്നാണ്. അതുകൊണ്ട് അത് ഭൂമിയില്‍ നിലനില്‍ക്കുമെന്നാണ്  (അറഅ്ദ് 17). ഗോത്രത്തെക്കുറിച്ചും കുലത്തെക്കുറിച്ചും വംശത്തെക്കുറിച്ചുമുള്ള വിഭാവനകള്‍ ലോകത്ത് മുറ്റിനില്‍ക്കുകയും പൊതുമണ്ഡലത്തെക്കുറിച്ചും പൊതുജനത്തെക്കുറിച്ചുമുള്ള ആശയധാരകള്‍ ഇല്ലാതെയുമിരുന്ന ഒരു കാലത്താണ് ഖുര്‍ആന്‍ ഈ പ്രസ്താവനകള്‍ നടത്തുന്നത്.
ഇന്ന് ലോകം ആശയതലത്തിലെങ്കിലും ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. പഴയ സാമ്രാട്ടുകള്‍ ചോദിച്ചതുപോലെ എന്ത് പൊതുജനം എന്ന് ഇന്ന് ഒരു സാമ്രാട്ടിനും പരസ്യമായി ചോദിക്കാന്‍ കഴിയില്ല. എല്ലാ ജനവിരുദ്ധരും ഇന്ന് ആണയിടുന്നത് പൊതുജനത്തിന്റെ പേരിലാണ്. എല്ലാ ഉപരിവര്‍ഗ സ്വാര്‍ത്ഥതകളും ഒളിച്ചുകടത്തപ്പെടുന്നത് സാധരണ മനുഷ്യരുടെ , ബഹുജനത്തിന്റെ ചെലവിലാണ്. നൂഹ് നബിയോട് ബഹുദൈവവിശ്വാസികളും പൊതുജന വിഭാവനാവിരുദ്ധതയുമായിരുന്ന എതിരാളികള്‍ പറഞ്ഞത് പോലെ സാധാരണക്കാരെ മാറ്റിനിര്‍ത്തിയാലേ നിന്നെ കേള്‍ക്കാന്‍ ഞങ്ങള്‍ വരൂ  എന്ന് പറയാന്‍ ഒരു ജനവിരുദ്ധനും ഇന്ന് ധൈര്യമുണ്ടാവില്ല. ഇത് ലോകത്തിനു സംഭവിച്ച ഖുര്‍ആനികമായ ഒരു പാരഡൈം ശിഫ്റ്റാണ്. തത്വത്തില്‍ ഉണ്ടായ ഈ മാറ്റം പ്രയോഗത്തില്‍ കൂടി ഉണ്ടാവുമ്പോഴാണ് ഖുര്‍ആനിന്റെ യഥാര്‍ത്ഥമായ രാഷ്ട്രീയ സാക്ഷാത്കാരം ലോകത്തുണ്ടാവുക. തത്വത്തിലുണ്ടായ മാറ്റം അത്തരമൊരു രാഷ്ട്രീയമാറ്റത്തിനനുകൂലമായ അന്തരീക്ഷത്തെ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. 
മനുഷ്യന്‍ ഒറ്റ സ്പീഷിസാണെന്നത് മതേതര ആധുനികതയുടെ കണ്ടുപിടുത്തമാണെന്ന അവകാശവാദം. അത് അപരവല്‍ക്കരിച്ച, ഇസ്ലാമിനെക്കുറിച്ച് അജ്ഞതയുടെയോ അവഗണനയുടെയോ പുറത്തുമാത്രം നിലനില്‍ക്കുന്ന ഒന്നാണ്. മനുഷ്യന്‍ ഒറ്റ സ്പീഷിസാണെന്നത് ചരിത്ര വികാസത്തിലൂടെ ആധുനിക മതേതരയുഗത്തില്‍ അവര്‍ നേടിയെടുത്ത  പ്രബുദ്ധതയല്ല. ഭൂമിയിലേക്കുള്ള അവന്റെ ദൈവിക പ്രാതിനിധ്യത്തിന്റെ ഒന്നാം നാളിലെ ദൈവത്താല്‍ പഠിക്കപ്പെട്ട ദിവ്യബോധനമാണ്. ഇബ്രാഹിം ചരിത്രത്തിലെ ഒരു കൊടിയ ജനവിരുദ്ധ കാലത്തിലെ അതിന്റെ അത്യുജ്വല പ്രതിനിധാനമാണ്.
ഇബ്രാഹിം വിഗ്രഹത്തിനും പുരോഹിതനുമെതിരായിരുന്നു ഏറ്റവുമേറെ പൊരുതിയത്. അതിന്റെ രണ്ടിന്റെയും കാവലാളും സ്വയം തന്നെ രാഷ്ട്രീയ ദിവ്യത്വം അവകാശപ്പെട്ട രാജാവിനുമെതിരെ. വിഗ്രഹം ധന-വിഭവ കേന്ദ്രീകരണത്തിന്റെ ആല്‍മീയമായ ഉപകരണമായിരുന്നു. ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ആത്മീയ ഉപകരണം. എല്ലാ നല്ല വിഭവവും അര്‍പ്പിക്കപ്പെടുന്നത് വിഗ്രഹത്തിനാണ്. ഭൂമിയും പൊന്നും ദേവസ്വത്തിനും ബ്രഹ്മസ്വത്തിനും പള്ളിക്കും സഭക്കും അവകാശപ്പെട്ടതാണ്. വിഗ്രഹം തിന്നുകയും കുടിക്കുകയും ചെയ്യാത്ത സുഖിക്കുകയും ഭോഗിക്കുകയും ചെയ്യാത്ത നിര്‍ജ്ജീവതയാണ്. വിഗ്രഹത്തിന്റെ പേരില്‍ സമ്പത്തും സൗകര്യവും സുഖാനുഭൂതികളും കേന്ദ്രീകരിക്കപ്പെട്ടത് പുരോഹിതനിലാണ്. ചിലയിടങ്ങളില്‍ ദൈവ പ്രാതിനിത്യമുള്ള രാജാക്കന്മാരിലും. ഫ്യൂഡല്‍ നാടുവാഴി കാലത്ത് സമ്പത്തിന്റെയും വിഭവത്തിന്റെയും ഭൂരിഭാഗം അമ്പലത്തിന്റെതും പള്ളയുടേതുമായിരുന്നു. ദൈവത്തിനെന്തിനാ പൊന്‍കുരിശ് എന്നുചോദിച്ചിട്ടു കാര്യമില്ല. അതിന് പുരോഹിതരെന്ന അവകാശിയും അനുഭവക്കാരമുണ്ട്.
ദൈവത്തിന് ശരീരം സമര്‍പ്പിച്ച ദേവദാസികളുടെ യഥാര്‍ത്ഥ അനുഭവക്കാര്‍ പുരോഹിതരായിരുന്നു. വിശ്വാസത്തിന്റെ തരംഗങ്ങള്‍ ശക്തിപ്പെടുന്നതനുസരിച്ച് നാട്ടിലെ വിഭവങ്ങള്‍ കൂടുതല്‍ കൂടുതല്‍ പുരോഹിതനിലും രാജാവിലും കേന്ദ്രീകരിക്കപ്പെട്ടു. അതുകൊണ്ടാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറകള്‍ ഒരു ജനാധിപത്യ കാലത്ത് നമ്മെ വിസ്മയഭരിതമാക്കുന്നത്. ഗുഹാവാസികള്‍ കാലം മാറി എഴുന്നേറ്റു വന്നതുപോലെ ഒരു ക്ഷേത്ര കലവറ കാലം മാറി എഴുന്നേറ്റുവരികയായിരുന്നു. അത്, ഇന്ന് ഒരു മതപ്രശ്‌നം മാത്രമായി അനുഭവപ്പെടുന്നുണ്ടാകാം. എന്നാല്‍ അത് സംഭവിച്ച കാലത്ത് അതിതീക്ഷണമായ രാഷ്ട്രീയ വസ്തുതയാണ്. ജനത്തിന്റെ സമ്പത്ത് ആത്മീയവും രാഷ്ട്രീയവുമായ ഹിംസയിലൂടെ സമാഹരിച്ചതിന്റെ വിലപിടിച്ച സ്വര്‍ണരേഖകളാണത്.
ഏകദൈവികത വിഭവങ്ങളെ വികേന്ദ്രീകരിക്കാനാണ് അതിന്റെ വിശ്വാസം കൊണ്ട്തന്നെ ശ്രമിക്കുന്നത്. ബലിയെക്കുറിച്ച് ദൈവം പറയട്ടെ.‘ബലിമൃഗങ്ങളെ നിങ്ങള്‍ അല്ലാഹുവിന്റെ പേരുച്ചരിച്ച് ബലിയറുക്കുക, അങ്ങനെ അവ വീണുകഴിഞ്ഞാല്‍ നിങ്ങള്‍ അവയുടെ മാംസം ഭക്ഷിക്കുക. ഉള്ളതില്‍ തൃപ്തരായ് കഴിക്കുന്ന ദരിദ്രരെയും ചോദിച്ചുവരുന്ന ദരിദ്രരെയും ഭക്ഷിപ്പിക്കുക,.... അവയുടെ രക്തമോ മാംസമോ അല്ലാഹുവിലേക്ക് എത്തിച്ചേരുന്നില്ല. നിങ്ങളുടെ ഭക്തിയാണ് അല്ലാഹുവിലേക്കെത്തിച്ചേരുന്നത്.... അവന്‍ നിങ്ങളെ നേര്‍വഴിലാക്കിയതിന് നിങ്ങളവന്റെ മഹത്വം പ്രകീര്‍ത്തിക്കാന്‍ വേണ്ടിയാണിത്.’ (അല്‍ ഹജ്ജ് 36-37)
ബഹുദൈവ നാഗരികതയില്‍ ബലിമാംസം വിഗ്രഹത്തിനാണര്‍പ്പിക്കുന്നത്. അതിന്റെ രക്തം വിഗ്രഹത്തിനുപുറത്ത് പുരട്ടപ്പെടുന്നു. മാംസത്തിന്റെ ഗുണഭോക്താക്കള്‍ പുരോഹിതന്മാരാണ്. ഏക ദൈവികതയില്‍, ഏക മാനവികതയില്‍ അത് അര്‍പ്പിക്കപ്പെടുന്നത് ദൈവത്തിനു തന്നെയാണ്. പക്ഷെ അതിന്റെ ഉപഭോക്താവ് ബലിയറുത്ത ഭക്തനായ മനുഷ്യനും അയാള്‍ക്ക് ചുറ്റുമുള്ള ദരിദ്രരുമാണ്. ദൈവത്തിന് രക്തമോ മാംസമോ ആവശ്യമില്ല. നിങ്ങളുടെ ദൈവവിശ്വാസവും മാനവിക ബോധവുമാണാവശ്യം. വിഭവത്തെ അത് കേന്ദ്രീകരിക്കുകയല്ല ജനങ്ങളിലേക്ക്, ദരിദ്രരിലേക്ക് വികേന്ദ്രീകരിക്കുകയാണത് ചെയ്യുന്നത്. പള്ളികള്‍ ധനകേന്ദ്രീകരണത്തിന്റെ കലവറകളല്ല. ധനവികേന്ദ്രീകരണത്തിന്റെ, ദാനധര്‍മത്തിന്റെ, ധനികന്റെ സമ്പത്ത് ദരിദ്രന് നല്‍കുന്നതിന്റെ വിതരണകേന്ദ്രങ്ങളാണ്.
മുതലാളിത്തത്തിന്റെ പ്രവര്‍ത്തനരീതിയും ബഹുദൈവത്തവത്തിന്റെ പ്രവര്‍ത്തനരീതിയും ഒന്നുതന്നെയാണ്. ദരിദ്രന്റെ ധനം കൂടി ധനികന്റെതാക്കിമാറ്റുന്ന പ്രവര്‍ത്തന രീതിശാസ്ത്രമാണത്. ബഹുദൈവത്തം ആത്മീയമായ ഭാഷ സംസാരിക്കുന്ന മുതലാളിത്തമാണ്. മുതലാളിത്തം ദൗതിക ഭാഷ സംസാരിക്കുന്ന ബഹുദൈവത്വമാണ്. ദൈവാധികാരത്തില്‍ സമ്പത്തിനെ പകരം വെക്കുകയാണ്, പങ്കുകാരനാക്കുകയാണ് മുതലാളിത്തം ചെയ്യുന്നത്.
വിപണി മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിനുവേണ്ടിയുള്ള ഒരു സംവിധാനമായിരുന്നു. എനിക്ക് ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് അപരനു നല്‍കി അവന്റെ മിച്ചത്തില്‍ എനിക്കാവശ്യമുള്ളത് ഞാന്‍ വാങ്ങുക. ഇതാണ് വിപണിയുടെ ആത്മാവ്. ദൈവിക മൂല്യവും മാനവിക ആവശ്യവുമായ വിപണികളുടെ ഈ ആത്മാവിനെ വിപണിയുടെ ലക്ഷ്യം വിപണി തന്നെയാണെന്ന് അട്ടിമറിക്കുകയാണ് മുതലാളിത്തം ചെയ്തത്. മാനവികതക്ക് പകരം, മനുഷ്യന്റെ അവശ്യനിര്‍വഹണത്തിനു പകരം ലാഭമാണ് വിപണിയുടെ ലക്ഷ്യമെന്ന് അത് നിശ്വയിച്ചു. മുതലാളിത്തം വിപണിയെ മൂല്യരഹിതമാക്കി വിപണിയുടെ ദൈവം വിപണി തന്നെയാണെന്ന് നിശ്ചയിക്കുകയായിരുന്നു.
വര്‍ഗീയത, മുതലാളിത്തം മുതലായ എല്ലാ ജനവിരുദ്ധതകളുടെയും അടിവേരറുത്തുകൊണ്ടാണ് ഇബ്രാഹിം പ്രബോധനം പുരോഗമിക്കുന്നത്. വര്‍ഗീയതയുടെ ഏറെ സൂക്ഷ്മരൂപമായ നിരുപദ്രവമെന്നു തോന്നാവുന്ന സാമുദായിക വാദത്തെ പോലും ഇബ്രാഹീമിസരണയില്‍ വെച്ച് ദൈവം നിരാകരിക്കുന്നു.
ഓര്‍ക്കുക, ഇബ്രാഹിമിനെ അദ്ദേഹത്തിന്റെ നാഥന്‍ ചില കല്‍പ്പനകളിലൂടെ പരീക്ഷിച്ചു. അദ്ദേഹം അതൊക്കെയും വിജയകരമായി പൂര്‍ത്തികരിച്ചു. അപ്പോള്‍ അല്ലാഹു അരുളി ‘ഞാന്‍ നിന്നെ ലോകരുടെ നേതാവാക്കിയിരിക്കുന്നു. ഇബ്രാഹിം ചോദിച്ചു. എന്റെ മക്കളേയും അല്ലാഹു അറിയിച്ചു. എന്റെ കരാര്‍ അക്രമികള്‍ക്ക് ബാധകമല്ല’. (അല്‍ ബഖറ: 124)
ഏകദൈവത്തം ഒരു കേവല പാരമ്പര്യത്തിന്റെ പേരല്ല. അത് തത്വത്തിന്റെ പേരാണ്. തത്വം പിന്തുടരുന്ന ആര്‍ക്കും അതിന്റെ അനന്തരാവകാശികളാകാം. തത്വങ്ങളെ കൈവെടിയുന്നവര്‍ക്ക് സത്യത്തില്‍ മുന്നില്‍ നടന്ന പിതാക്കളുടെ ജനിതക പാരമ്പര്യമുണ്ടെങ്കിലും വളരെ സ്വാഭാവികമായി ഇതില്‍ നിന്നു പുറത്തുപോവുന്നു. ഏകദൈവത്തം തത്വാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ ഒരു കരാറാണ്.
ലോകവ്യാപകമായ്, പ്രത്യേകിച്ച് അറബ് മുസ്‌ലിം നാടുകളില്‍ സേഛാധിപത്യങ്ങളെ കടപ്പുഴക്കി ജനാധിപത്യം പുലരുമ്പോള്‍ ബഹുദൈവത്വത്തിന്റെ രാഷട്രീയത്തിനെതിരെ ഏകദൈവത്വത്തിന്റെ രാഷട്രീയം വിജയം വരിക്കുകയാണു ചെയ്യുന്നത്. ഒരു വ്യക്തിക്കും കുടുംബത്തിനും ദൈവം സവിശേഷമായ അധികാരങ്ങള്‍ നല്‍കിയിട്ടില്ല. ദൈവം ഭൂമിയുടെ പ്രതിനിധികളാക്കിയത് എല്ലാമനുഷ്യരെയുമാണ്. രാഷ്ട്രീയാധികാരിയായ ഖലീഫയും ഭരണകൂടവുമുണ്ടാവുന്നത് അടിസ്ഥാനപരമായ് അവര്‍ അധികാരകളായതുകൊണ്ടല്ല. ജനത്തിന് നല്‍കപ്പെട്ട അധികാരം അവരുടെ പൊതു ആവശ്യത്തിനുവേണ്ടി അവരെല്ലാവരും അല്ലെങ്കില്‍ അവരുടെ ഭൂരിപക്ഷം ഒരു ഭരണാധികാരിക്ക്, ഭരണകൂടത്തിന് നല്‍കുമ്പോഴാണ്. ജനം, അവരിലെ ഭൂരിപക്ഷം പിന്‍വലിച്ചാല്‍ അവസാനിക്കുന്നതാണ് അവരുടെ അധികാരം.
ഇബ്രാഹീം നബി പ്രതിനിധീകരിച്ചത് ബഹുജനത്തിന്റെ ആത്മീയതയെയും രാഷ്ട്രീയത്തെയുമായിരുന്നു. അതിന് അക്കാലത്ത് എത്ര ജനപിന്തുണ ലഭിച്ചു എന്നത് പരിശോധന അര്‍ഹിക്കുന്ന കാര്യമാണ്. നംറൂദ് ഇബ്രാഹീം(അ)മനെ തീയിലെറിഞ്ഞു. അല്ലാഹു അദ്ദേഹത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ ശേഷവും ഏറെ ജനപിന്തുണയില്ലാതെ നാടുപേക്ഷിക്കുകയായിരുന്നു. അദ്ദേഹം ഇബ്രാഹീം (അ)മിന്റെ പലായനശേഷം അവിടുത്തെ ദൈവപ്രാതിനിധ്യമുണ്ടെന്നു വിശ്വസിക്കപ്പെട്ട രാജകുടുംബത്തിനും സമുദായത്തിനും തുടരെത്തുടരെ വിനാശങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. എലേമ്യര്‍ ഊര്‍ പട്ടണത്തെ നശിപ്പിച്ചു. നംറൂദിനെ നന്നാറിന്റെ വിഗ്രഹസമേതം പിടിച്ചു. ശത്രുക്കള്‍ അവരുടെ ഭരണം സ്ഥാപിച്ചു. അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു. ‘അനന്തരഘട്ടങ്ങളില്‍ ഇബ്രാഹീം നബി (അ) ശിക്ഷണങ്ങള്‍ ആ ജനത എത്ര അളവില്‍ സ്വീകരിച്ചുവെന്ന് തീര്‍ത്തു പറയാന്‍ സാധ്യമല്ലെങ്കിലും ക്രി.മുമ്പ് 1910ല്‍ ബാബിലോണിയയിലെ ഹമ്മുറാബി എന്ന രാജാവ് കോഡീകരിച്ച നിയമസംഹിത സാക്ഷ്യം വഹിക്കുന്നുണ്ട്, അതിന്റെ ക്രോഡീകരണത്തില്‍ പ്രത്യക്ഷ്യമായോ പരോക്ഷമായോ പ്രവാചകത്വത്തിന്റെ ദീപ്തിപ്രസരം കുറേയധികം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് (തഫ്ഹീമുല്‍ ഖുര്‍ആന്‍ ഒന്നാം ഭാഗം, അല്‍ അന്‍ആം, വ്യാഖ്യാനക്കുറിപ്പ് 52)’
അപ്പോള്‍ ഒരു പ്രത്യയശാസ്ത്രവും രാഷ്ട്രീയവും ജനപക്ഷത്താണോ ജനവിരുദ്ധ പന്തിയിലാണോ എന്നളക്കേണ്ടത് അതിനു ജനപിന്തുണ ഉണ്ടോ ഇല്ലേ എന്നു നോക്കിയല്ല. ജനപക്ഷത്തുനില്‍ക്കുന്ന ആശയധാര ജനങ്ങളാല്‍ തന്നെ തിരസ്‌ക്കരിക്കപ്പെടാം. സ്വീകരിക്കപ്പെടുകയും ചെയ്യാം. ഒരു കാലത്തെ ജനങ്ങളുടെ പൊതുബോധത്തിനൊപ്പം നില്‍ക്കുന്നതിന്റെ പേരല്ല ജനകീയ രാഷട്രീയമെന്നത്. അത് ഒരു മൂല്യവ്യവസ്ഥയും പ്രത്യയശാസ്ത്രവുമാണ്. പ്രയോഗത്തില്‍ ജനമത് സ്വീകരിക്കുകയും നിരാകരിക്കുകയുമെല്ലാം ചെയ്യാം. ഇത്തരമൊരു ആശയാവലി ആര്‍ക്കു വേണ്ടിയാണോ പൊരുതുന്നത് അവരെ അത് ബോധ്യപ്പെടുത്തുകയും അവരെ അതില്‍ നിന്നു തടയുന്ന ആത്മീയവും രാഷ്ട്രീയവുമായ ശക്തികള്‍ക്കെതിരെ നിരന്തരം തളരാതെ പൊരുതുകയും ചെയ്യുക എന്നതാണ് ജനപക്ഷ ആത്മീയതയുടെയും രാഷ്ട്രീയത്തിന്റെയും ഉത്തരവാദിത്തം. ഇത് ലളിതമായ ഒരു പ്രവര്‍ത്തനമല്ല. പ്രവാചകസ്വരവും അതിന്റെ അര്‍പ്പണവും ആവശ്യമുള്ള ഒന്നാണ്. ‘സ്വയം വിഢിയായവനല്ലാതെ ആരാണ് ഇബ്രാഹീമിന്റെ മാര്‍ഗ്ഗത്തെ ഇഷ്ടപ്പെടാതിരിക്കുക, അദ്ദേഹത്തെ നാം ഈ ലോകത്തെ മികവുറ്റവനാക്കുകയും മറുലോകത്ത് സുകൃതവാന്മാരിലായിരിക്കുകയും ചെയ്യും.’ (അല്‍ ബഖറ:130)

Thursday, October 6, 2011

വിധവയും വിഭാര്യനും


ജീവിതം എല്ലാവര്‍ക്കും ഒരു നേര്‍രേഖ ആയിരിക്കണമെന്നില്ല. വളവും തിരിവും ചുഴികളും സങ്കീര്‍ണതകളുമെല്ലാം അതിനിടയില്‍ രൂപപ്പെടാം. അത്തരമൊരു പ്രയാണമാണ് വൈധവ്യം. ഒറ്റയടിപ്പാതയല്ലാതെ പോവുന്ന ജീവിതത്തിന്റെ സങ്കീര്‍ണതകളില്‍ വ്യക്തികളെ സഹായിക്കാന്‍ സാമൂഹ്യനിയമങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാധിക്കണം. തന്റേതല്ലാത്ത കുറ്റത്തിന് വിധവയായിത്തീരുന്നവര്‍ക്ക് വൈധവ്യം ഒരു ശിക്ഷയാക്കിത്തീര്‍ക്കാനാണ് സമൂഹമെന്ന സ്ഥാപനം മിക്കപ്പോഴും ശ്രമിക്കാറുള്ളത്. സതി മുതല്‍ വിധവാവിവാഹ നിരുത്സാഹം വരെ ഇതിന്റെ അടയാളങ്ങളാണ്. അതേ സമയം വിഭാര്യനായ പുരുഷന്റെ കാര്യത്തില്‍ കുറച്ചുകൂടി ഉദാരത കാണിക്കാന്‍ സമൂഹം സന്നദ്ധമാവാറുണ്ട്.
വൈധവ്യം ഒരു ശാപമോ ശകുനമോ അല്ല. ജീവിതത്തില്‍ ആര്‍ക്കും വന്നുചേരാവുന്ന പല അവസ്ഥകളില്‍ ഒന്നു മാത്രമാണ്. അതിനെ ധീരമായും മനോഹരമായും അഭിമുഖീകരിക്കുക എന്നതാണ് മനുഷ്യന്‍ എന്ന നിലയില്‍ നമ്മുടെ ബാധ്യത. അതുതന്നെയാണ് ജീവിതം നല്‍കുന്ന സാധ്യതയും.
ഇസ്‌ലാമിക ചരിത്രത്തില്‍ രക്തസാക്ഷികളുടെ ഭാര്യ എന്നറിയപ്പെടുന്ന സ്ത്രീയാണ് ആതിഖ ബിന്‍ത് സൈദ്. അവരുടെ ആദ്യ ഭര്‍ത്താവ് അബ്ദുല്ലാഹിബ്‌നു അബീബക്കര്‍(റ) ത്വാഇഫില്‍ വെച്ചു നടന്ന  ഏറ്റുമുട്ടലില്‍ രക്തസാക്ഷിയായി. ശേഷം ഉമര്‍(റ) അവരെ വിവാഹം ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹവും രക്തസാക്ഷിയായി. തുടര്‍ന്ന് സുബൈറുബ്‌നുല്‍ അവാം (റ) അവരുടെ ജീവിത പങ്കാളിയായി. ജമല്‍ യുദ്ധത്തില്‍ സുബൈര്‍(റ)വും രക്തസാക്ഷിയായി. പിന്നെ മുഹമ്മദുബ്‌നു അബീബക്കര്‍(റ) വിവാഹം ചെയ്തു. ഈജിപ്തില്‍ വെച്ചു നടന്ന ഒരു യുദ്ധത്തില്‍ അദ്ദേഹം രക്തസാക്ഷിയായി. പിന്നീട് ഹസന്‍(റ) അല്ലെങ്കില്‍ ഹുസൈന്‍(റ) വിവാഹം ചെയ്തു എന്ന് ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ഓരോ ഭര്‍ത്താക്കന്‍ന്മാര്‍ മരിക്കുമ്പോഴും അവരെക്കുറിച്ച് മനോഹരമായ വിലാപകാവ്യങ്ങള്‍ പാടിയിരുന്നു സുന്ദരിയായ ആതിഖ(റ). ഒടുവില്‍ വിവാഹാഭ്യര്‍ത്ഥനയുമായി വന്നവരെ അവര്‍ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. 
ജീവിതത്തെ ഇത്ര ആര്‍ജവത്തോടെ, സൗന്ദര്യത്തോടെ, ആഘോഷത്തോടെ സമീപിച്ച  മറ്റേത് ജീവിതരീതിയായിരിക്കും ലോകത്തുണ്ടാവുക. ജീവിതത്തിന്റെ ഒരു സാധ്യതയെയും നിരാകരിക്കുകയല്ല, നിയന്ത്രിച്ച് മനോഹരമാക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. മനോഹരമായ ജീവിതത്തിനുവേണ്ടിയുള്ള നിയന്ത്രണങ്ങള്‍.
വിവാഹമോചനം കാരണമോ ഭര്‍ത്താവിന്റെ വിയോഗം നിമിത്തമോ ദീക്ഷ ആചരിക്കുന്ന സ്ത്രീയോട് വിവാഹാഭ്യര്‍ത്ഥന നടത്തരുതെന്ന് ഖുര്‍ആന്‍ പറയുന്നു: ''നിങ്ങളുടെ അഭിലാഷങ്ങള്‍ അവരോട് സൂചിപ്പിക്കാം. കാരണം, നിങ്ങളുടെ ഉള്ളിലുള്ളത് അറിയുന്നവനാണവന്‍, നിങ്ങള്‍ അവരെ ഓര്‍ത്തുകൊണ്ടിരിക്കുന്നുവെന്ന് അല്ലാഹുവിനറിയാം.''(അല്‍ബഖറ-235) ദീക്ഷ ആചരിക്കുന്ന സ്ത്രീയെ ഒരന്യപുരുഷന്‍ കാണുന്നതു തന്നെ സദാചാരവിരുദ്ധമായാണ് പലപ്പോഴും കണക്കാക്കപ്പെടാറ്. ഇവിടെയാണ് ഖുര്‍ആന്‍ പറയുന്നത,് ദീക്ഷാ അവധി തീരും വരെ വിവാഹാവശ്യം തെളിയിച്ചു പറയുകയോ വിവാഹ ഉടമ്പടിയില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. നിങ്ങളുടെ അഭിലാഷം അവരോട് വ്യംഗമായി സൂചിപ്പിക്കാം. ഉദാഹരണം, നിങ്ങള്‍ ഇപ്പോഴും സുന്ദരിയാണ്, അല്ലെങ്കില്‍ യുവതിയാണ്, നിങ്ങളെപ്പോലെ നല്ലവളായ ഒരു സ്ത്രീയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക എന്നൊക്കെ പറയാം. ഭര്‍ത്താവിന്റെ മരണം സ്ത്രീകളുടെ ദാമ്പത്യജിവിതത്തിന്റെയും മരണമായിരിക്കണമെന്ന കാഴ്ചപ്പാടിനെ ഇസ്‌ലാം സമൂലമായി നിരാകരിക്കുന്നു. വിവാഹമോചിതരായ ആദ്യ ഭാര്യാഭര്‍ത്താക്കന്മാരും കുടുംബങ്ങളും തികഞ്ഞ ശത്രുക്കളെപ്പോലെ പെരുമാറുന്നതാണ് നമ്മുടെ ശീലവും വഴക്കവും. എന്നാല്‍ ആദ്യഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരുന്ന് തങ്ങളുടെ സന്താനത്തിന്റെ മുലയൂട്ടലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു സുന്ദരചിത്രം ഖുര്‍ആന്‍ അവതരിപ്പിക്കുന്നു. (അല്‍ ബഖറ 233)
മക്കളെച്ചൊല്ലിയാണ് പലരുടെയും വിവാഹങ്ങള്‍ തടസ്സപ്പെടുന്നത്. അല്ലെങ്കില്‍ വിവാഹത്തോട് വിമുഖരാവുന്നത്. മേല്‍ സൂചിപ്പിക്കപ്പെട്ട ദിവ്യപാഠത്തില്‍ അല്ലാഹു പറയുന്ന ഒരു കാര്യമുണ്ട്, മാതാവോ പിതാവോ മക്കള്‍ കാരണത്താല്‍ ഉപദ്രവിക്കപ്പെടരുത്. വിധവകളും മാതാക്കളുമായ സ്ത്രീകളുടെ വിവാഹ പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാണുന്ന ഒരു പ്രവണതാവാചകമുണ്ട്. അതിങ്ങനെയാണ്: കുട്ടികളുടെ ബാധ്യത ഏറ്റെടുക്കേണ്ടതില്ല. വിധവ വിവാഹിതയാവണമെങ്കില്‍ അവള്‍ നൊന്തുപെറ്റ കുഞ്ഞുങ്ങളെ നിത്യജീവിതത്തില്‍ നിന്നുപേക്ഷിക്കണം. എന്നിട്ട് തന്റേതല്ലാത്ത കുഞ്ഞുങ്ങളെ പലപ്പോഴും അവള്‍ വളര്‍ത്തുകയും വേണം. കുട്ടികളെ വളര്‍ത്തുക എന്നത് മാതാക്കളുടെ ഉത്തരവാദിത്തമാണെന്ന് ശഠിക്കുന്ന ഒരു സമൂഹമാണ് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത്. ഒറ്റപ്പെട്ട ഔന്നിത്യമുള്ള അപവാദങ്ങള്‍ ഇല്ലെന്നു പറയുന്നില്ല. അനാഥ സംരക്ഷണത്തിന്റെ പുണ്യത്തെക്കുറിച്ച വലിയ ബോധം മുസ്‌ലിം സമൂഹ മനസ്സിനകത്തുണ്ട്. ആ ബോധം ഒട്ടും ജൈവമല്ലാതായി പോവുകയാണ്. അനാഥസംരക്ഷണത്തെ ജീവിതത്തില്‍ നിന്നും മുറിച്ചെടുത്ത് നാം യതീംഖാനകളില്‍ നിക്ഷേപിക്കുകയാണ്.
വിവാഹമോചിതയെ, വിധവയെ പുതിയ വിവാഹത്തില്‍ നിന്നു തടഞ്ഞുനിര്‍ത്തരുതെന്ന് വ്യത്യസ്തമായ ഒരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഖുര്‍ആന്‍ പറയുന്നുണ്ട്(നിസാഅ് 19). മറ്റൊരര്‍ത്ഥത്തില്‍ നമ്മുടെ സാമൂഹിക മനസ്സിനെതിരായ വിമര്‍ശനവും തിരുത്താനുള്ള പ്രേരണയുമായാണ് ആ ഖുര്‍ആനിക പാഠം സമകാലികമാവുന്നത്.
വിവാഹമെന്ന സ്ഥാപനത്തിന്റെ അതിരുകടന്ന പവിത്രീകരണമാണ് പുനര്‍വിവാഹങ്ങളെ തടസ്സപ്പെടുത്തുന്ന ഒരു ഘടകം. വിവാഹം പവിത്രമാണെന്ന് വിശ്വസിക്കുകയും അത് ആദ്യവിവാഹം മാത്രമാണെന്നു കരുതുകയും ചെയ്യുന്ന പ്രവണത ഇവിടെ കാണാന്‍ കഴിയും. ഇത് പ്രശ്‌നസങ്കീര്‍ണതകളെ പ്രസവിക്കുന്ന ഒരന്ധവിശ്വാസമാണ്. ഇസ്‌ലാം പവിത്രമായി കരുതുന്നത് വിവാഹക്കരാറിനെയാണ്. അതാകട്ടെ ഒരു ജനാധിപത്യ സംവിധാനവുമാണ്.
വിവാഹത്തിന്റെ സാമൂഹികപരതയെ അംഗീകരിച്ചുകൊണ്ടു തന്നെ പറയേണ്ട ഒരു കാര്യമുണ്ട്. വളരെ അടിസ്ഥാനപരമായി വ്യക്തിപരമായ ഒരു കാര്യത്തിനുള്ള സാമൂഹികാംഗീകാരം മാത്രമാണ് വിവാഹത്തിന്റെ സാമൂഹികത. അതിന്റെ മേല്‍ അനാവശ്യമായ സാമൂഹിക നിയന്ത്രണങ്ങള്‍, അനാചാരങ്ങള്‍ കൊണ്ടുവരുന്നു എന്നതാണ് നമ്മുടെ പ്രശ്‌നം. വ്യക്തിപരതക്ക് നല്‍കേണ്ട ഒരംഗീകാരവും സംരക്ഷണവും നല്‍കാന്‍ സമൂഹമെന്ന നിലയില്‍ നമുക്ക് സാധിക്കാതെ പോവുന്നു. വൈവിധ്യത്തോടുള്ള ജീവിത വിരുദ്ധസമീപനം മുസ്‌ലിം സമൂഹത്തിന് സവര്‍ണസംസ്‌കൃതിയില്‍ നിന്നു പകര്‍ന്നു കിട്ടിയതാണ്.
ഇണ നഷ്ടപ്പെട്ടതിന്റെ വ്യക്തി ദുഃഖത്തിനപ്പുറമുള്ള സാമൂഹ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാര്‍ കൂടിയാണ്. ചെറുപ്പക്കാരല്ലാത്തവരുടെ പുനര്‍വിവാഹത്തെ പുരുഷന്റെ കാര്യത്തിലും പൊതുവെ പ്രോത്സാഹിപ്പിക്കുന്നില്ല. ഭാര്യ മരണപ്പെട്ടശേഷം പുനര്‍വിവാഹിതയായാല്‍ തന്നെ അതില്‍ സന്താനങ്ങള്‍ ഉണ്ടാവുന്നതിനെ സാംസ്‌കാരികവും സാമ്പത്തികവുമായ കാരണത്താല്‍ നാം വെറുക്കുകയാണ് ചെയ്യുന്നത്. അത്തരം ദാമ്പത്യങ്ങള്‍ ലൈംഗികരഹിത ദാമ്പത്യങ്ങള്‍ ആവണമെന്നതാണ് പൊതു അഭിലാഷം. പ്രായമുള്ള ദമ്പതികളുടെ പ്രണയത്തെയോ രതിയെയോ ഉള്‍കൊള്ളാന്‍ ഒരു സമൂഹമെന്ന നിലക്ക് നാം അപ്രാപ്തരാണ്. ഈ സാമൂഹ്യ അടിച്ചമര്‍ത്തല്‍ കാരണം ശാരീരികവും മാനസികവുമായ സമ്മര്‍ദങ്ങള്‍ പേറി ജീവിക്കുന്ന എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. സാങ്കേതികതക്കപ്പുറം പ്രായോഗികമായി വളരെ ചുരുങ്ങിയ ആയുസ്സുള്ള ദാമ്പത്യമാണ് നമ്മുടെ ദാമ്പത്യങ്ങള്‍. ജീവിത പങ്കാളി മരണപ്പെട്ടുപോവാതെ തന്നെ ഒരു തരം വിധവകളും വിഭാര്യരും ആയിത്തീരുന്നവരാണ് നാം. ദാമ്പത്യത്തിന്റെ അകാല മരണം ഇവിടുത്തെ സാമൂഹ്യ പ്രതിഭാസമാണ്. ദാമ്പത്യത്തിന്റെ ആയുര്‍ദൈര്‍ഘ്യം എങ്ങനെ വര്‍ധിപ്പിക്കാം, ദാമ്പത്യത്തിന്റെ ആയുസ്സ് ദമ്പതികളുടെ ആയുസ്സ് തന്നെയാക്കി മാറ്റാം എന്നത് സാമൂഹ്യ ശാസ്ത്രജ്ഞമാരും സാമൂഹ്യപ്രവര്‍ത്തകരും ഗൗരവത്തില്‍ ആലോചിക്കേണ്ടതാണ്.
അമ്മയുടെ മരണശേഷം അച്ഛന്‍ ഒരു ചെറുപ്പക്കാരിയെ വിവാഹം ചെയ്യുന്നു. മക്കള്‍ മുഴുവന്‍ അമേരിക്കയിലും യൂറോപ്പിലും. വിവാഹത്തിന് മക്കള്‍ കഠിനമായി എതിരായിരുന്നു. അച്ഛന്റെ പുതിയ വിവാഹത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മക്കള്‍ മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വിവാഹ വാര്‍ഷിക ആശംസാ പരസ്യം നല്‍കി. ഇതൊരു പ്രതികാര നടപടിയായിരുന്നു. ആ മനുഷ്യന്റെ ഏകാന്തതയോ അഭിലാഷങ്ങളോ അംഗീകരിക്കാന്‍ മക്കള്‍ ഒരുക്കമായിരുന്നില്ല. എന്നല്ല അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് തങ്ങളുടെ അച്ഛന്‍ എന്നതിനപ്പുറം എന്തെങ്കിലുമൊരസ്തിത്വമുള്ളതായി പോലും അവര്‍ അംഗീകരിക്കുന്നില്ലെന്നര്‍ത്ഥം. തങ്ങളുടെ സാമൂഹ്യ മാന്യതക്ക് കളങ്കമേല്‍പ്പിച്ചു എന്നതു മാത്രമാണ് അച്ഛനെതിരായ അവരുടെ പ്രതികാര നടപടിക്ക് കാരണം. അവരുടെ സാമൂഹ്യ മാന്യതക്ക് അച്ഛന്‍ കൊടുക്കേണ്ടിവരുന്ന വൈകാരികമായ വിലയെക്കുറിച്ച് അവര്‍ ഒരിക്കലും ആലോചിക്കാന്‍ ഒരുക്കമായിരുന്നില്ല.
ഇസ്‌ലാം വിമോചന പ്രത്യയശാസ്ത്രമാവുന്നത് അതിന്റെ സ്ഥൂലാര്‍ഥത്തില്‍ മാത്രമല്ല, അടിമ മോചനവും മര്‍ദിതന്റെ രാഷ്ട്രീയ വിമോചനവും മാത്രമല്ല ഇസ്‌ലാം വാഗ്ദാനം ചെയ്യുന്നത്. ഇസ്‌ലാം വിമോചന പ്രത്യയശാസ്ത്രമാവുന്നത് സൂക്ഷ്മാര്‍ഥത്തില്‍ കൂടിയാണ്. അത് വിധവകളുടെയും വിധുരരുടെയും ജീവിതത്തിന്റെ മുതുകുകളെ ഞെരുക്കുന്ന ഭാരങ്ങളെ ഇറക്കിവെക്കുന്ന ജീവിത ദര്‍ശനമാണ്. വൈധവ്യത്തെയോ വിഭാര്യതയെയോ ഇസ്‌ലാം ഒരിക്കലും ഉദാത്തമാക്കുന്നില്ല. വിവാഹത്തെ ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നുമില്ല. തീര്‍ച്ചയായും അത് പ്രോത്സാഹിപ്പിക്കുന്നത് വിവാഹത്തെയാണ്.
യഥാര്‍ത്ഥത്തില്‍ എല്ലാ അനുരഞ്ജന ശ്രമങ്ങള്‍ക്കും ഒടുവില്‍ ഉണ്ടാവുന്ന വിവാഹമോചനം ഒരു കുടുസ്സ് എന്നതിനേക്കാള്‍ തുറസ്സാണ്. പ്രശ്‌നം എന്നതിനേക്കാള്‍ സാധ്യതയാണ്. ഒരു ജനാധിപത്യ അവകാശമാണ്. അതിനെ ശാപമാക്കി മാറ്റുന്നത് പുനര്‍വിവാഹത്തോടുള്ള നമ്മുടെ വിമുഖ സമീപനമാണ്. നമ്മുടെ നാട്ടിലെ ഇദ്ദാചരണത്തില്‍ വരെ സവര്‍ണ  സംസ്‌കൃതികളുടെ സ്വാംശീകരണം കാണാന്‍ കഴിയും. വിധവകളുടെ ജീവിതത്തെ ഇദ്ദകളുടെ ഒരു നീള്‍ച്ച (extention)യാക്കി മാറ്റാനാണ് നാം ശ്രമിക്കുന്നത്. കഴിഞ്ഞ ജീവിതത്തിനും പുതിയ ജീവിത സാധ്യതക്കുമിടയിലെ ഒരിടക്കാലം മാത്രമാണത്. അതിലൂടെ അവള്‍ പുതിയ ജീവിതത്തിലേക്ക് ഒരുങ്ങുക കൂടിയാണ് ചെയ്യുന്നത്.
വിവാഹം നമുക്ക് പ്രണയത്തിനും ലൈംഗികതക്കുമെന്നതിനേക്കാള്‍ സംരക്ഷണത്തിനും പരിചരണത്തിനുമാണ്. കുറച്ചു മുതിര്‍ന്നവര്‍ക്ക്, ചിലപ്പോള്‍ ഏറെയൊന്നും മുതിരാത്ത സ്ത്രീകള്‍ക്കും ഇതിന് വേറെ വഴികളുണ്ടെങ്കില്‍ പിന്നെ വിവാഹത്തിന്റെ വാതില്‍ അടച്ചിടാനാണ് പൊതു മനസ്സ് താല്‍പര്യപ്പെടുന്നത്. വിവാഹത്തില്‍, അല്ല മനുഷ്യജീവിതത്തില്‍ പ്രണയവും ലൈംഗികതയും സ്ത്രീ-പുരുഷന്മാര്‍ തമ്മിലെ സവിശേഷ കാരുണ്യവും പരമപ്രധാനമാണ്. അതിനെ നട്ടെല്ലു നിവര്‍ത്തി നിന്ന് അഭിമുഖീകരിക്കാനാണ് ഒരു ജനത എന്ന നിലക്ക് നാം ശ്രമിക്കേണ്ടത്. ചുരുക്കത്തില്‍ വിധവക്കും വിഭാര്യനും സമ്പൂര്‍ണ മനുഷ്യ പദവി തിരിച്ചു നല്‍കാന്‍ നാം സന്നദ്ധമാകണം.
|