വിപ്ലവം ഇപ്പോള്‍ തോക്കിന് കുഴലിലൂടെയല്ല വരുന്നത്. അത് മുല്ലപ്പൂവായി വിരിയുകയാണ്. അത് കാടുകളില്‍ പതുങ്ങിയിരിക്കുന്നതിന് പകരം തെരുവില്‍ നൃത്തം ചെയ്യുകയാണ്, നമസ്കരിക്കുകയാണ്. വെള്ളിയാഴ്ച പ്രാര്‍ഥനയിലെ പ്രഭാഷണം നടത്തുകയും കേള്‍ക്കുകയുമാണ് ചില സ്വേചാധിപത്യ ഭരണകൂടങ്ങള്‍. അധികാരത്തില്‍ നിന്നും താഴെയിറക്കപ്പെട്ടു, അവിടങ്ങളില്‍ ജനാധിപത്യ ഭരണകൂടങ്ങളോ താല്‍ക്കാലിക ഭരണസംവിധാനങ്ങളോ നിലവില്‍ വന്നു എന്ന് മാത്രമല്ല അറബ് വസന്തത്തെ ചരിത്രപ്രധാനമാക്കിത്തീര്‍ക്കുന്നത്. അപ്രമാദിത്തത്തോടെ നിലനില്‍ക്കുന്ന നിരവധി ധാരണകള്‍ക്ക് ഈ വിപ്ലവം പരിക്കേല്‍പ്പിക്കുന്നുണ്ട്. നിരവധി പുനരാലോചനകള്‍ അറബ് വിപ്ലവം ലോകത്തോടാവശ്യപ്പെടുന്നുണ്ട്. അറബ് ഇസ്ലാം സമൂഹങ്ങള്‍ ഒന്നുകില്‍ ഇര അല്ലെങ്കില്‍ അക്രമിയെന്ന ധ്വന്ദത്തില്‍ നിന്നും പുറത്ത് കടന്ന് ക്രിയാത്മകമായ സൃഷ്ടാവ,് പങ്കാളി എന്ന നിലയിലേക്ക് തങ്ങളുടെ സ്ഥാനത്തെ ലോകത്തിന് മുന്നില്‍ നേടിയെടുക്കുകയാണ്.
അറബ് വസന്തത്തെക്കുറിച്ച ചര്‍ച്ച അറബ് സമൂഹത്തെക്കുറിച്ച മാത്രം ചര്‍ച്ചയല്ല. അത് കേരളത്തെക്കുറിച്ച ചര്‍ച്ചകൂടിയാണ് കാരണം ദേശീയത, മതേതരത്വം, സ്ത്രീ സ്വാതന്ത്ര്യം, തീവ്രവാദവിരുദ്ധത മുതലായ നമ്മുടെ പൊതു മണ്ഡലത്തിലെ പ്രാധാന വ്യവഹാരങ്ങളുമായ് ചില സംവാദങ്ങള്‍ ഈ വിപ്ലവം മുന്നോട്ട് വെക്കുന്നുണ്ട്. അത് ഏറ്റെടുക്കാനുള്ള ധീരത അല്ലെങ്കില്‍ ചരിത്രബോധം നമ്മുടെ വൈജ്ഞാനിക സാംസ്ക്കാരിക സമൂഹം പ്രകടിപ്പിക്കേണ്ടതുണ്ട്. അറബ് സമൂഹത്തിലെ ഈ സംഭവവികാസത്തിന് മുമ്പുള്ള കാര്യങ്ങളില്‍ ഒരു സമൂഹമെന്ന നിലക്ക് നാം നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നു. ആ നിലപാടുകളുടെ രാഷ്ട്രീയവും നൈതികതവുമാണ് ഇപ്പോള്‍ ചോദ്യംചെയ്യപ്പെടുന്നത്.
മതത്തെ ആരാധനക്ക് പുറത്തുള്ള ജീവിതത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്ന മതേരതത്വം മനുഷ്യന് നന്മകള് ചുരത്തുമെന്നും ആരാധനകള്‍ക്കപ്പുറം ജീവിതത്തില്‍ ഇടപെടുന്ന മതം മനുഷ്യന് ദുരിതങ്ങളായിരിക്കും നല്‍കുക എന്ന വിശ്വാസത്തിന്റെ പുറത്താണ് നമ്മുടെ പൊതു മണ്ഡലം തന്നെ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. അറബ് നാടുകളിലെ പുതിയ മാറ്റത്തോടെയെങ്കിലും ഇതിനെതിരായ ചില വസ്തുതകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ച ഭൗതികവും ആശയപരവുമായ മതില് തകര്‍ച്ചയായിരുന്നുവെങ്കില്‍ അറബ് വിപ്ലവം ആശയപരമായ ഒരു മതില് തകര്‍ച്ചയാണ്.
മുല്ലപ്പൂ വിപ്ലവം പൊട്ടിപ്പുറപ്പെട്ട തുണീഷ്യ ഏറ്റവും ഭീകരമായ മതവിരുദ്ധത അടിച്ചേല്‍പ്പിക്കപ്പെട്ട രാജ്യമാണ്. തുണീഷ്യയില്‍ മാത്രമല്ല, ഈജിപ്്തിലും യമനിലുമെല്ലാം മതേതരത്വത്തിന്റെ ചെലവിലും ന്യായത്തിലുമാണ് അറബ് ഭരണാധികാരികള്‍ എല്ലാ പൗരാവകാശങ്ങളെയും അടിച്ചമര്‍ത്തി ഇക്കാലം വരെ നിലനിന്നിരുന്നത്. അവിടങ്ങളില്‍ ഏറ്റവും വലിയ ചെറുത്തുനില്പ് കഴിഞ്ഞ അര മുക്കാല്‍ നൂറ്റാണ്ടുകാലം നടത്തിപ്പോന്നത് ആത്മീയ രാഷ്ട്രീയത്തിന്റെ വക്താക്കളായിരുന്നു. മതേതരത്വം വിമോചനവും മതം അടിമത്വവും എന്ന സൂത്രവാക്യം അറബ് ആഫ്രിക്കന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളവുമെങ്കിലും നേരെ തിരിച്ചായിരുന്നു. തുനീഷ്യയില്‍ താഴെ ഇറക്കപ്പെട്ട ബിന്‍ അലിക്കും അദ്ദേഹത്തിന്റെ മുന്‍ഗാമി ബുര്‍ഗീബകും ഈജിപ്തിലെ ഹുസ്നിമുബാറക്കും അദ്ദേഹത്തിന്റെ മുന്‍ഗാമികളായ അന്‍വര്‍ സാദത്തും ജമാല്‍ അബ്ദുന്നാസിറും മതേതരത്വത്തിന്റെ കറതീര്‍ത്ത പ്രതീകങ്ങളാണ്. തുനീഷ്യയില്‍ ഇപ്പോള്‍ അധികാരത്തില്‍ വന്ന അന്നഹ്ദയുടെ നേതാവ് റാഷിദുല്‍ ഗനൂഷിയും ഈജിപ്തിലെ പഴയ ഭരണകൂടങ്ങളുടെ യഥാര്‍ഥ പ്രതിപക്ഷമായ ബ്രദര്‍ഹുഡും സാമ്പ്രദായിക വ്യവഹാരങ്ങളില്‍ മതമൗലിക വാദത്തിന്റെ പ്രതീകങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ മൂന്നാം ലോകരാജ്യങ്ങളില്‍ നടത്തിയ കോളനിവാഴ്ചക്ക് ചില താത്വിക അടിത്തറകള്‍ ഉണ്ടായിരുന്നു. അതേപോലെ സാമ്രാജ്യത്വ പിന്‍ബലത്തോടെ അറബ് ആഫ്രിക്കന്‍ നാടുകളില്‍ നിലനിന്നു പോന്ന മര്‍ദകപ്രത്യയശാസ്ത്രമായിരുന്നു ആത്മീയ രാഷ്ട്രീയത്തിനെതിരായ തീവ്ര മതേതരത്വം. അവിടങ്ങളില്‍ ഇത്തരം ഭരണകൂടങ്ങള്‍ തകരുമ്പോള്‍ ഭരണകൂടം മാത്രമല്ല തകരുന്നത് ഭരണകൂട പ്രത്യയശാസ്ത്രം കൂടിയാണ്. അതുകൊണ്ടാണ് വിപ്ലവാനന്തരം തുണീഷ്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആ ജനത 'അന്നഹ്ദ' എന്ന മതമൗലിക വാദം ആരോപിക്കപ്പെട്ട്, ഇത്രയും കാലം നിരന്തരം അടിച്ചമര്‍ത്തപ്പെട്ട സംഘടനക്ക് മുന്‍തൂക്കം നല്‍കിയത്. കാരണം അവരെ അടിച്ചമര്‍ത്തിയത് മത വിരുദ്ധതയായിരുന്നെങ്കില്‍ അവരുടെ ചെറുത്തു നില്‍പ്പുകളെ നയിച്ചത് മതമായിരുന്നു.
2001 ല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ പൊടുന്നനെ സംഭവിച്ച ഒരു മുന്നേറ്റമാണിതെന്ന് മനസ്സിലാക്കുന്നത് അങ്ങേയറ്റം ചരിത്ര വിരുദ്ധമായിരിക്കും. ഈ രാജ്യങ്ങള്‍ സ്വതന്ത്രമായതു തന്നെ തദ്ദേശീയ കൊളോണിയലിസത്തിന്റെ കൈകളിലേക്കായിരുന്നു. പട്ടാളമായിരുന്നു ഈ ആഭ്യന്തര കൊളോണിയലിസത്തിന്റെ കൈയ്യാളുകള്‍. ജനാധിപത്യ അവകാശങ്ങളുടെ നിരന്തരലംഘനത്തിന്റെതാണ് ഈ ഭരണകൂടങ്ങളുടെ ചരിത്രം. എന്നാല്‍ ബ്രദര്‍ഹുഡും സമാന സംഘടനകളും സമാധാനപരമായ രീതിയില്‍ അതിനെ നിരന്തരം ചെറുത്തുകൊണ്ടിരുന്നു. ആ മുക്കാല്‍ നൂറ്റാണ്ടുകളോളം വരുന്ന ചെറുത്തുനില്‍പ്പുകളുടെ മൂലധനത്തിലാണ് അറബ് വിപ്ലവം ഉണ്ടായത്. ആ സഹനസപര്യയാര്‍ന്ന പ്രതിരോധത്തിന്റെ വിളവെടുപ്പാണ് ഇപ്പോള്‍ സംഭവിച്ച അറബ് വസന്തം
സഹനത്തിന്റെ കൊടുമുടികള്‍ താണ്ടിക്കൊണ്ട് ഈ ചെറുത്തുനില്‍പ്പുകള്‍ നടക്കുമ്പോള്‍ പ്രബുദ്ധമായ ഒരു ജനത എന്ന നിലക്ക് നാം എവിടെയായിരുന്നു. നമ്മുടെ സാമൂഹികപ്രസ്ഥാനങ്ങള്‍ ഏതുപക്ഷത്തായിരുന്നു എന്നാലോചിക്കേണ്ടതാണ്. 1966ല്‍ സാഹിത്യനിരൂപകനും ഖുര്‍ആനിന് സൗന്ദര്യാത്മക വ്യാഖ്യാനം എഴുതിയ പണ്ഡിതനും നിരവധിഗ്രന്ഥങ്ങളുടെ കര്‍ത്താവും ബ്രദര്‍ഹുഡിന്റെ സംഘാടകരില്‍ ഒരാളുമായിരുന്ന സയ്യിദ് ഖുതുബിനെ ജമാല്‍ അബ്ദുന്നാസറിന്റെ ഭരണകൂടം വഴിയടയാളങ്ങള്‍ എന്നപേരില്‍ മലയാളത്തിലടക്കം വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു പുസ്തകത്തിന്റെ പേരില്‍ കഴുമരത്തിലേറ്റി. ആ രക്തമാണ് അത്തരം നിരവധി രക്തസമര്‍പ്പണമാണ് ഇപ്പോള്‍ മുല്ലപ്പൂവായി വിടര്‍ന്ന് പരിലസിച്ചത്. പുസ്തകം ആധുനികമായ ഒരു സാംസ്കാരിക രൂപമാണ്. പ്രബുദ്ധതയുടെ ചിഹ്നമാണ്. സംവാദത്തിനുള്ള ക്ഷണമാണ്. വിയോജിപ്പിനുള്ള സാധ്യതയാണ്. സയ്യിദ് ഖുതുബ് ആരുടെയും ഒരുതുള്ളി ചോരയും ചിന്തിയിട്ടില്ല. ആരുടെയും ചോരക്കുവേണ്ടി കൊലവിളി നടത്തിയിട്ടില്ല. പകരം 'ഇസ്ലാമിലെ സാമൂഹ്യനീതി'പോലെ സാമൂഹ്യ സാമ്പത്തിക സമത്വത്തിന്റെ ദൈവശാസ്ത്രം വാദിച്ചുറപ്പിച്ച ഗ്രന്ഥത്തിന്റെ രചയിതാവാണ് അദ്ദേഹം. ഖുര്‍ആനിന്റെ അലൗകിക സംഗീതത്തെ, ദിവ്യമായ കവിതയെ ഇത്രയേറെ ആസ്വദിപ്പിച്ച മറ്റൊരു ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം ഈ കുറിപ്പുകാരന്റെ ഓര്‍മകളുടെ ഷെല്‍ഫില്‍ ഏതായാലും ഇല്ല. പുസ്തകത്തിന് ജീവന് വിലയായി കൊടുത്ത എഴുത്തുകാരനാണ് സയ്യിദ് ഖുത്വുബ്.
അന്ന് നമ്മള്, നമ്മുടെ ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങള്‍ ഏതുപക്ഷത്തായിരുന്നു. നമ്മുടെ രാഷ്ട്രീയ ഭാവുകത്വം അന്ന് നാസറിനെ ആഘോഷിക്കുകയായിരുന്നു. നാസറായിരുന്നു നമുക്ക് താരം. മൂന്നാം ലോകത്തിലെ പുതിയ ജനാധിപത്യത്തിന്റെ ജനനായകന് നെഹ്റു, ടിറ്റോ, നാസര്‍ അച്ചുതണ്ടിനെ ആഘോഷിക്കുകയായിരുന്നു നാം. സയ്യിദ് ഖുതുബ്, നാസര്‍ എന്ന മതേതര ജനാധിപത്യവാദിയാല്‍ കൊലചെയ്യപ്പെടേണ്ട, കൊലചെയ്യപ്പെടാവുന്ന ഒരു ഭീകരന് മാത്രമായിരുന്നു. അതല്ലെങ്കില്‍ നാം അറിയുകപോലും ചെയ്യേണ്ടതില്ലാത്ത ഒരാളായിരുന്നു.
1984ല്‍ ശ്രീമാന്‍ ഇ.എം.എസ്.നമ്പൂതിരിപ്പാട് കേരളത്തിലെ, ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന് കൊടുത്ത ഒരു ഉപദേശം ഇങ്ങനെ വായിക്കാം. ''എന്റെ അഭിപ്രായത്തില്‍ ജാതിയെയും മതത്തെയും ആസ്പദമാക്കി പ്രത്യേകമായി നിലനിന്നിരുന്ന നിയമങ്ങള്‍ക്ക് മുതലാളിത്തത്തിന്റെയും അതിന്റെ തന്നെ ഭാഗമായ സോഷ്യലിസത്തിന്റെയും ഉയര്‍ച്ചയോടുകൂടി പ്രസക്തി ഇല്ലാതായിട്ടുണ്ട്. അതുകൊണ്ടാണ് മുക്കാല്‍ നൂറ്റാണ്ട് മുമ്പ് തുര്‍ക്കിയില്‍ തുടങ്ങി സാമൂഹികപരിഷ്കാരപരമായ നിയമനിര്‍മാണങ്ങള്‍ ബലത്തില്‍ വന്നിട്ടുണ്ട്. കേരളമടക്കം ഇന്ത്യയിലാകട്ടെ, നായര്‍ നിയമം, നമ്പൂതിരി നിയമം മുതലായ വിവിധ ജാതികള്‍ക്ക് വെവ്വേറെ നിയമമുണ്ടായിരുന്നത് ഏകീകരിച്ച് ഒരു ഹിന്ദുകോഡ് നിലവില്‍ വന്നിരിക്കുന്നു. അത് മുസ്ലിം സമുദായത്തിലും അധികം ചെല്ലുന്നതിനുമുമ്പ് വരുമെന്നാണ് എന്റെ വിശ്വസം''
മതനിയമങ്ങള്‍ക്ക് എതിരായ ബലപ്രയോഗം തുര്‍ക്കിക്ക് ശേഷം ഏറ്റവും തീവ്രമായി നടന്ന രാജ്യമാണ് തുനീഷ്യ, പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കുന്നത് നിയമപരമായി വിലക്കപ്പെട്ട രാജ്യത്തെ, രാജ്യങ്ങളെ ജനവിഭാഗങ്ങള്‍ക്ക് മാതൃകയായി നിര്‍ദേശിക്കാന്‍ ഒരു ജനാധിപത്യവാദിക്ക് എങ്ങനെ കഴിയും. ഇ.എം.എസ് മാതൃകയായി സമര്‍പ്പിച്ച തുര്‍ക്കിയില്‍ മതവിരുദ്ധ പട്ടാള സേച്ഛാധിപത്യത്തെ ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള എ.കെ. പാര്‍ട്ടി മറികടന്നുകഴിഞ്ഞിരിക്കുന്നു. തുര്‍ക്കിയില്‍ ഇപ്പോള്‍ ശരീഅത്ത് വേണ്ടവര്‍ക്ക് അതനുസരിച്ചും വേണ്ടാത്തവര്‍ക്ക്
അതില്ലാതെയും ജീവിക്കാവുന്ന മതം വാഗ്ദാനം ചെയ്യുന്ന ജനാധിപത്യമാണ് പുലരുന്നത്. അതോടൊപ്പം പുതിയ ഭരണകൂടം സാമ്രാജ്യത്വത്തിനും സയണിസത്തിനും എതിരെ പഴയ ഭരണകൂടങ്ങളുടെ റാന്‍മൂളി നയത്തിന് തീര്‍ത്തും എതിരായ നിലപാടുകള്‍ സ്വീകരിക്കുന്നു. മതത്തിന്റെ വിമോചനപരതയെ, നൈതിക ബോധത്തെ തുര്‍ക്കി ഇപ്പോള്‍ രാഷ്ട്രീയമായി ആവിഷ്കരിക്കുകയാണെന്നര്‍ത്ഥം. ഏറ്റവും ഭീകരമായി കൊണോളിയന്‍ സെക്യുരിസം നടപ്പിലാക്കപ്പെട്ട രാജ്യങ്ങളില്‍ തന്നെയാണ് ഏറ്റവും ആദ്യം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ അധികാരത്തില്‍ എത്തുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. 1984-86 കാലത്തെ ശരീഅത്ത് വിവാദത്തില്‍ ഏറ്റവും വലിയ മാതൃകയായി സെക്യുലര്‍ സമൂഹം മുസ്ലിം സമൂഹത്തിന് മുന്നില്‍ നിര്‍ദ്ദേശിച്ച രണ്ട് രാഷ്ട്രസമൂഹമാതൃകകളായിരുന്നു തുര്‍ക്കിയും തുനീഷ്യയും ആ മതേതരത്വത്തിന്റെ തിണ്ണബലം കൊടിയ സേഛാധിപത്യമായിരുന്നു. അതിനെ താങ്ങിനിര്‍ത്തിയിരുന്നത് സാമ്രാജ്യത്വമായിരുന്നു. മതം ആശയപരമായും പ്രായോഗിമായും ചെറുത്തുനില്‍ക്കുകയായിരുന്നു.മതത്തെ പ്രതിനിധീകരിക്കുക എന്നതുതന്നെ അവിടങ്ങളില്‍ ചെറുത്തു നില്‍പ്പായിരുന്നു. പക്ഷേ നുക്ക് മതം, പ്രത്യേകിച്ച് സാമൂഹിക രാഷ്ടീയ ഉള്ളടക്കമുള്ള മതം വെറുക്കപ്പടേണ്ടതും മര്‍ദ്ദക മതേതരത്വം ഹസ്തദാനം ചെയ്യപ്പെടേണ്ട സുഹൃത്തുമായിരുന്നു.
അറബ് രാഷ്ടീയത്തിന്റെ പൂക്കാലം അഹിംസാത്മകമായതും യാദൃശ്ചികമല്ല. ഈ ആഭ്യന്തര കൊളോണിയസത്തിനെതിരെ ഈജിപ്തിലെ ബ്രദര്‍ഹുഡും മറ്റ് അയല്‍രാജ്യങ്ങളിലെ സമാന പ്രസ്ഥങ്ങളും നടത്തിക്കൊണ്ടിരുന്ന ചെറുത്തു നില്പ്പുകള് ഏകപക്ഷീയ സമാധാനത്തില്‍ അധിഷ്ടിതമായിരുന്നു. അതൊരിക്കലും ഭീകരവാദത്തിനെതിരായ അമേരിക്കന്‍ പ്രചാരണ യുദ്ധത്തിന്റെയോ മതേതര സമ്മര്‍ദ്ദത്തിന്റെയോ ഫലമായി ഉണ്ടായതല്ല. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ തുടക്കം മുതല്‍ അവരുടെ റഫറന്‍സുകള്‍ മുന്നില്‍വെച്ചെടുത്ത തീരുമാനമായിരുന്നു അത്. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ഗുരുവെന്ന് വിശേഷിപ്പിക്കാവുന്ന ഭീകരവാദത്തിന്റെ മാസ്റ്റര്‍ ബ്രെയ്ന്‍ എന്ന് എതിരാളികള്‍ വിശേഷിപ്പിക്കുന്ന സയ്യിദ് അബുല്‍ അഅലാ മൗദൂദി സായുധ വിപ്ലവത്തിലൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനു നല്കിയ മറുപടി സിയാവുദ്ദീന് സര്‍ദാര്‍ ഉദ്ധരിക്കുന്നുണ്ട്.
''നാം സ്വീകരിക്കേണ്ട ശരിയായ പാത അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ' എന്നായിരുന്നു ഒരു നിമിഷം പോലും സംശയിക്കാതെയുള്ള അദ്ദേഹത്തിന്റെ മറുപടി. അത്തരം ഒരു നയം എന്തെങ്കിലും ഗുണം ചെയ്യുന്നതിനു പകരം അത്യന്തം ഹാനികരമായി പതിക്കും. സായുധ വിപ്ലവത്തിലൂടെ നിങ്ങള്‍ക്ക് ഒരു ഇസ്ലാമിക രാഷ്ട്രം സാഥാപിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ഇസ്ലാമിക രീതിയില്‍ രാഷ്ട്രത്തിന്റെ ഭരണകാര്യങ്ങള്‍ നടത്തിക്കൊണ്ടുപൊകാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞുകൊള്ളമണമെന്നില്ല. കാരണം വളരെ ലളിതം സമൂഹവും സമൂഹത്തിലെ വിവിധ വിഭാഗങ്ങളും ഇസ്ലാം ഉന്നം വെക്കുന്ന ധാര്‍മിക പരിവര്‍ത്തനത്തിന് സജ്ജമായിട്ടുണ്ടാവില്ല. അധികാരം പിടിച്ചടക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ മറ്റുള്ളവരുടെ മുമ്പിലും സായുധ വിപ്ലവം തുറന്നുകിടക്കുന്നുണ്ട്. അപ്പോള്‍ മുസ്ലിം രാജ്യങ്ങള്‍ വിപ്ലവങ്ങളുടെയും പ്രതിവിപ്ലവങ്ങലുടെയും ഗൂഡാലോചനകളുടെയും പ്രതിഗൂഡാലോചനയുടെയും ദൂഷിത വലയത്തില്‍ അകപ്പെടലായിരിക്കും ഫലം. മാത്രവുമല്ല, സായുധവിപ്ലവം നടത്തണമെങ്കില്‍ ഗൂഡ സംഘങ്ങളുടെ രീതിയില്‍ നിങ്ങളുടെ പ്രസ്ഥാനത്തെ നിങ്ങള്‍ക്ക് സംഘടിപ്പിക്കേണ്ടി വരും. അതിന് അതിന്റെതായ ചില പെരുമാറ്റ രീതികളുണ്ട്, അത്തരം സംഘങ്ങള്‍ വിയോജിപ്പിനെയും ഭിന്നവീക്ഷണങ്ങളെയും പൊറുപ്പിക്കുകയില്ല. വിമര്‍ശന ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടും. അതിന്റെ അഭാവത്തില്‍ തുറന്ന ചര്‍ച്ചകള്‍ തടസ്സപ്പെടും. രഹസ്യസംഘടനകളുടെ ആന്തര യുക്തി ആവശ്യപ്പെടുന്ന മറ്റൊരു സംഗതികൂടിയുണ്ട്. ചതി, കള്ളം. വ്യാജവത്കരണം, രക്തചൊരിച്ചില്‍ തുടങ്ങി ഇസ്ലാം അനുദിക്കാത്ത പലതും പ്രവര്‍ത്തകര്‍ക്ക് അതനുവദിച്ചുകൊടുക്കും എന്നതാണത്. വെടിയുണ്ടയിലൂടെ നിലവില്‍ വരുന്ന ഒരു വ്യവസ്ഥ വെടിയുണ്ടയിലൂടെ മാത്രമേ നിലനിര്‍ത്താന്‍ കഴിയൂ എന്നത് അതിന്റെ സഹജപ്രകൃതമാണ്. സമാധാനപരമായി ഇസ്ലാമിക വ്യവസ്ഥിതിയലേക്കുള്ള മാറ്റത്തെ അസാധ്യമാക്കുന്ന ഒരു കാലാവസ്ഥ ഇത് സൃഷ്ടിക്കും''
ഈ അക്രമരഹിത നിലപാടിന്റെ കാരണങ്ങള്‍ തീര്‍ത്തും അവരുടേത് തന്നെയായിരുന്നു. അതിന്റെ അച്ചുതണ്ട് ധാര്‍മികതയാണ്. അഹിംസയുടെ നൂറ്റാണ്ടോളം വരുന്ന ഈ പോരാട്ട നിക്ഷേപമാണ് അറബ് രാഷ്ട്രീയ വിപ്ലവത്തെ രക്തരഹിതമായ പൂക്കാലമാക്കിയത്.
ഇതിനിടയില്‍ സായുധലൈന്‍ സംബന്ധിയായി ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കകത്ത് പല സംവാദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ചില ഗ്രൂപ്പുകള്‍ തെറ്റിപ്പിരിഞ്ഞുപോകുന്നുണ്ട്. അപ്പോഴെല്ലാം മാതൃപ്രസ്ഥാനങ്ങള്‍ ഈ നിലപാടില്‍ ഉറച്ചുനിന്നു. സായുധലൈന്‍ സ്വീകരിച്ച ചില ഗ്രൂപ്പുകള്‍ ഈജിപ്തില്‍ വിപ്ലവത്തിന്റെ ഒന്നുരണ്ടുവര്‍ഷം മുമ്പ് തങ്ങളുടെ വഴിയെകുറിച്ച് മതപരമായി പുനരാലോചനകള്‍ നടത്തുകയും അത്തരം ആഭ്യന്തരചര്‍ച്ചകളുടെ രേഖകള്‍ പബ്ലിക്കില്‍ പ്രസിദ്ധീകരിക്കുകയും അക്രമരാഹിത്യത്തിന്റെ വഴിയിലേക്ക് തിരികെ പോരുകയും ചെയ്തിട്ടുണ്ട്.
വിപ്ലവം ബഹുവചനമാണ്. എന്നതാണ് ഈ മുല്ലപ്പൂവുകള്‍ സുഗന്ധം പരത്തിപറയുന്നത്. ഇടതുപക്ഷവും ഇസ്ലാമിസ്റ്റുകളും ലിബറല്‍ സെക്യുരലിസ്റ്റുകളും നവസാമൂഹിക ഗ്രൂപ്പുകളും എല്ലാം ഒത്തുചേര്‍ന്നതിന്റെ ഫലമാണ് ഈ ചരിത്രസംഭവം. അറബ് ആഫ്രിക്കന്‍ നാടുകളില്‍ ഇസ്ലാമിസ്റ്റുകളുമായി സഹകരിക്കുയില്ലായെന്ന് ഏതെങ്കിലും സാമൂഹ്യ പ്രസ്ഥാനങ്ങള്‍ തീരുമാനിച്ചാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ കുറിച്ച് ഒ.വി വിജയന് ഒരിക്കല്‍ പറഞ്ഞത് പോലെ 'എങ്കില്‍ ചരിത്രത്തിന്റെ പുറം പോക്കില്‍ പ്രകടനം നടത്താനായിരിക്കും അവര്‍ക്ക് വിധി.'
മുതലാളിത്തത്തിന്റെ അതേസമീപനം മറ്റുപല കാര്യങ്ങളിലെന്നപോലെ മതസാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കാര്യത്തിലും സ്വീകരിച്ചു എന്നതാണ് കമ്യൂണിസ്റ്റുകള്‍ക്കും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും സംഭവിച്ച അബന്ധം. വികസനത്തിന്റെ കാര്യത്തില്‍ മുതലാളിത്തത്തില്‍ നിന്ന് വ്യത്യസ്ഥമായ ഒരു കമ്യൂണിസ്റ്റ് തനതുസമീപനം വികസിപ്പിക്കാന്‍ കഴിയാതെ പോയതാണ് സോവിയറ്റുയൂണിയന്റെ തകര്‍ച്ചക്കു തന്നെ കാരണമായതും പിന്നീട് പരിസ്ഥിതി പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്നതില്‍ നിന്നും കമ്മ്യൂണിസ്റ്റുകാരെ തടഞ്ഞതും. അതുപോല ആത്മീയ രാഷ്ട്രീയത്തിന്റെ കാര്യത്തിലോ അത്തരം അടിസ്ഥാനങ്ങളുള്ള പ്രസ്ഥാനങ്ങളുടെ കാര്യത്തിലോ മുതലാളിത്തത്തില്‍ നിന്നും വ്യത്യസ്ഥമായ തനതു കമ്യൂണിസ്റ്റ് ശൈലി വികസിപ്പിക്കന്‍ കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പലപ്പോഴും കഴിഞ്ഞില്ല. അതുകൊണ്ട്, ഇസ്ലാമിസ്റ്റുകളും സാമ്രാജ്യത്വവും തമ്മിലുള്ള, ഇസ്ലാമിസ്റ്റുകളും ഏകാധിപധികളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഏകാധിപത്യത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും പക്ഷത്ത് അവര്‍ക്ക് നില്‍ക്കേണ്ടി വന്നു. അറബ് ആഫ്രിക്കന്‍ നാടുകളില്‍ ഈ വിഷയത്തില്‍ അവര്‍ നടത്തിയ തിരുത്തലിന്റെ ഫലവും വിളംബരവും കൂടിയാണ് അറബ് വിപ്ലവം.
രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്ലാമിനെ ഭയപ്പെടാനുള്ള അമേരിക്കന്‍ ശിക്ഷണത്തില്‍ നിന്ന് ചരിത്രത്തിന്റെ കുതറി ചാട്ടമാണ് തുണീഷ്യയില്‍ 'അന്നഹ്ദ' നേടിയ വിജയം
സ്വേഛാധിപത്യ അറബ് ഭരണകൂടങ്ങള്‍ തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളെയെല്ലാം അടക്കിയത് തങ്ങളില്ലാതായാല്‍ പകരം വരുന്നത് രാഷ്ട്രീയ ഇസ്ലാമായിരിക്കും എന്ന് പറഞ്ഞാണ്. ഇതുതന്നെയാണ് സാമ്രാജ്യത്വം അവരെ താങ്ങി നിര്‍ത്തുന്നതിന് പറഞ്ഞ ന്യായവും. ലിബറലുകള്‍ ഇത്തരം ഭരണകൂടങ്ങളെ പിന്തുണക്കാന്‍ പറഞ്ഞ യുക്തിയും. കേരളത്തിലെ മുസ്ലിം ലീഗ് അവരുടെ സ്വയം കൃതാനാര്‍ഥങ്ങളാല്‍ വെല്ലുവിളികള്‍ നേരിടുമ്പോഴെല്ലാം നമ്മുടെ ഒരു വിഭാഗം ലിബറല്‍ ബുദ്ധിജീവികള്‍ ലീഗിനെ പിന്തുണച്ചു കൊണ്ട് പറയാറുള്ളതും ഇതേകാര്യമാണ്. ലീഗിന് ഒരുപാട് കുഴപ്പങ്ങളുണ്ട്. പക്ഷേ ലീഗ് തകര്‍ന്നാല്‍ പകരം വരുന്നത് രാഷ്ട്രീയ ഇസ്ലാമായിരിക്കും/ മുസ്ലിം തീവ്രവാദമായിരിക്കും. ഇതേ ന്യായവാദമാണ് ഇത്രയും കാലം അറബ് രാഷ്ട്രീയ ജീര്‍ണതകളെ നിലനിര്‍ത്തിയത്. അറബ് വിപ്ലവത്തെക്കുറിച്ച ചര്‍ച്ച ഇങ്ങനെ വിവിധ തലങ്ങളിലാണ് കേരളത്തെക്കുറിച്ച് ചര്‍ച്ച കൂടിയാവുന്നത്.
ഈജിപ്തിലെ മര്‍ദക ഭരണകൂടത്തിന്റെ പീഢനം കാരണം നാടുവിടേണ്ടിവന്ന അന്നാട്ടുകാരനായ ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതന് ഡോ. യൂസുഫുല്‍ ഖര്‍ദാവി സമര വിജയത്തിന്റെ സന്ദര്‍ഭത്തില്‍ തഹ്രീര്‍ സ്ക്വയറിലെത്തി വെള്ളിയാഴ്ച പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുകയും പ്രാര്‍ഥനാ പ്രഭാഷണം നടത്തുകയും ചെയ്തത് മതയിടം ഢ െപൊതുയിടം എന്ന അതിര്‍വരമ്പുകളെ ലംഘിക്കുന്ന സുപ്രധാന സംഭവമാണ്. ഇസ്ലാം മത വിശ്വാസികള്‍ മാത്രമല്ല ഈജിപ്ഷ്യന്‍ ക്രൈസ്തവരും പൊതു സമര ഇടത്തില്‍ നടന്ന ആ മത ചടങ്ങില്‍ പങ്കെടുത്തു. ഖര്‍ദാവി പ്രാര്‍ഥനാ പ്രഭാഷണത്തില്‍ അഭിസംബോധന ചെയ്തത് ഇസ്ലാം മത വിശ്വാസികളെ മാത്രമല്ല. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള അവിടെ ഒരുമിച്ച് കൂടിയ മുഴുവന്‍ ഈജിപ്ഷ്യരെയുമായിരുന്നു. വെള്ളിയാഴ്ച പ്രാര്‍ഥന പള്ളിക്ക് പുറത്ത് നടത്താന്‍ പാടില്ല എന്ന മതപൗരോഹിത്യ വിലക്കിനെയും പൊതു ഇടം മത മുക്തമായിരിക്കണമെന്ന മതേതരതിട്ടൂരത്തെയുമാണ് അന്ന് ഈജിപ്തുകാര്‍ ഒന്നിച്ചത് വെല്ലുവിളിച്ചത്.
അറബ് പത്രപ്രവര്‍ത്തകര്‍ ഫഹ്മീ ഹുവൈദി ചൂണ്ടിക്കാട്ടിയ കാര്യം കേരളത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ പരസ്പര സഹകരണങ്ങള്‍ക്ക് സാധ്യതയുള്ളത് ഒരു ആദര്‍ശവിഭാഗത്തിലെ മിത വാദഗ്രൂപ്പും തീവ്രവാദഗ്രൂപ്പുകള്‍ക്കുമിടയിലല്ല. വ്യത്യസ്ത ആദര്‍ശവിഭാഗങ്ങളുടെ മിതവാദികള്‍ക്കിടയിലാണ് .നമുക്കിടിയല്‍ സംവാദങ്ങള്‍ നടക്കുന്നത് ഒരു ആദര്‍ശ പ്രത്യയശാസ്ത്രത്തിനകത്തെ തീവ്രധാരകളും മിത ധാരകളും തമ്മിലാണ്, അതല്ലെങ്കില്‍ എല്ലാ ആദര്‍ശങ്ങളും മാറ്റിവെച്ചുകൊണ്ടുള്ള ജീര്‍ണതകളുടെ ഒത്തുചേരലാണ്. ഇരുപത്തിഒന്നാം നൂറ്റാണ്ട് ആദര്‍ശാധിഷ്ടിത മിതവാദങ്ങളുടെ നൂറ്റാണ്ടാവാന്‍ തന്നെയാണ് സാധ്യതയെന്നാണ് പുലരികണ്ടിട്ട് തോന്നുന്നത്. പുതിയ തലമുറക്ക് തോക്കും വരട്ടുവാദവും ഒരു പ്രലോഭനമല്ല. തോക്കിനെയും ആക്രോശത്തെയും അപ്രസക്തമാക്കുന്ന ഒരു സുരഭില നിമിഷത്തില്‍ വെച്ചാണ് മനുഷ്യ സംസ്കൃതിക്ക് പ്രായപൂര്‍ത്തി സംഭവിക്കുക.
ജനാധിപത്യം എന്ന സംഗതി അറബി നാടുകളില്‍ എത്രകണ്ട് വിജയിക്കുമെന്നു നൊക്കാം. കാരണം അവര്‍ രക്തതില്‍ തന്നെ വിധേയന്മാരാണ്. ഭരണാധികാരികള്ക്കാണെങ്കില് ജനാധിപത്യം ഭൂരിപക്ഷം ഇതൊക്കെ കേള്‍ക്കുന്നതു തന്നെ കലിയാണ്. ജനങ്ങളുടെ കാര്യവും വ്യത്യസ്ഥമല്ല.
ReplyDeleteഅടിച്ചമർത്തപ്പെടുന്നവർക്ക് എന്നെങ്കിലും ഒരു വസന്തം വന്നേ മതിയാകൂ. പക്ഷെ ഈ വിപ്ലവങ്ങളിൽനിന്നൊക്കെ മതങ്ങളും സ്വേച്ഛാധിപതികളും വല്ലതും പഠിക്കുമോ. തിരുത്തുമോ എന്ന് കണ്ടറിയണം. ആരാധനകൾക്കപ്പുറം മതങ്ങൾ മനുഷ്യന്റെ ജീവിതകാര്യങ്ങളിൽ മതങ്ങൾക്ക് ഇടപെടാനും വിശ്വാസികളുടെ സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്താനും കഴിയുന്നത് മതങ്ങളുടെ ആശയങ്ങളുടെ ബലംകൊണ്ടല്ല; കായബലം കൊണ്ടാണ്. മതങ്ങളെക്കാൾ കായബലമുള്ള ഒരു സമൂഹം ഉണ്ടാകുമ്പോൾ മാത്രമേ മതങ്ങൾ അന്യായമായ അടിച്ചേല്പിക്കലുകൾ ഉപേക്ഷിച്ച് കാലത്തിനൊത്ത തിരുത്തലുകൾ സ്വീകരിച്ച് മുന്നേറുകയുള്ളൂ. രാഷ്ട്രീയം, മതം തുടങ്ങിയവ സ്വേച്ഛാപരമാകുന്നത് ആശയങ്ങൾകൊണ്ടല്ല, കായബലം കൊണ്ടാണ്.ലോകത്തെവിടെയും ജീവഭയം കൊണ്ട് മനുഷ്യൻ ഒതുങ്ങി ജീവിക്കുന്നു എന്നതാണ് സത്യം!മതവും രാഷ്ട്രീയവും കൂടിക്കലർന്ന സ്വേച്ഛാധിപത്യം നിലനിൽക്കുന്നിടങ്ങളിൽ ശ്വാസമടക്കി മാത്രമേ മനുഷ്യനു ജിവിക്കാൻ കഴിയുകയുള്ളൂ.
ReplyDeleteഇസ്ലാമിക സംഘടനകളുടെ പുതിയ ചുവടുവെപ്പുകള്‍ കൂടുതല്‍ മികവോട് കൂടി ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട് ...
ReplyDelete