Monday, February 28, 2011

ഇത് നിലപാടില്ലായ്മയുടെ അനിവാര്യ ദുരന്തം


രണ്ടാഴ്ച മുമ്പുവരെ മുസ്‌ലിംലീഗ് കേരളത്തില്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കാലത്തിലൂടെ ആര്‍ത്തുല്ലസിച്ച് ആമോദപൂര്‍വ്വം കടന്നു പോവുകയായിരുന്നു.  കേരളത്തിന്റെ പൊളിറ്റിക്കല്‍ സൈക്കനുസരിച്ച്  നിയമസഭയില്‍ അടുത്ത ഊഴം യു.ഡി.എഫിന്റേതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം അതിന്റെ പ്രഖ്യാപനമായിരുന്നു.  തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം അതിന് അടിവരയിട്ടു.  ലീഗിതര മുസ്‌ലിം രാഷ്ട്രീയ ഗ്രൂപ്പുകളെ തകര്‍ത്ത് കയ്യില്‍ കൊടുക്കുന്നതില്‍ ലീഗ് അസാമാന്യ മിടുക്ക് കാട്ടി.  ലീഗിതര മുസ്‌ലിം രാഷ്ട്രീയ മഖ്ബറയിലെ പുതിയ മീസാന്‍ കല്ലുകളെ ചൂണ്ടി ലീഗിതര മുസ്‌ലിം രാഷ്ട്രീയം അസാധ്യതയുടെ രാഷ്ട്രീയ നാമമാണെന്ന് അവര്‍ ആവര്‍ത്തിച്ചു.  ഐ.എന്‍.എല്‍ രൂപീകരിക്കപ്പെട്ട സമയത്ത് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അതിനു പറഞ്ഞ ഒരു പൂര്‍ണ്ണ നാമമുണ്ടായിരുന്നു.  'ഇന്നല്ലെങ്കില്‍ നാളെ ലീഗിലേക്ക്' അത് ഒരു പകുതി മുക്കാല്‍ ശരിയെന്ന്  ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ കുടുംബത്തെ തന്നെ അണിനിരത്തി തെളിയിക്കാന്‍ ലീഗിനു കഴിഞ്ഞു.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഭരണം വിടാതിരുന്ന ലീഗ് വലിയ പ്രതിരോധത്തിലായിരുന്നു.  1992 ല്‍ നിന്ന് 2008 ഉം 10ഉം ആകുമ്പോഴേക്ക് ആ നിലപാടായിരുന്നു ശരിയെന്ന് ചളപ്പില്ലാതെ പറയാനുള്ള ആത്മധൈര്യം ലീഗിന് തിരിച്ചു കിട്ടി.  കുറേ വലതുപക്ഷ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ ലീഗിന്റെ 'മിതവാദ'ത്തെ പാടിപ്പുകഴ്ത്താന്‍തുടങ്ങി.  ലീഗിനറിയില്ലെങ്കിലും ലീഗ് മഹാസംഭവമാണെന്നവര്‍ ഉപന്യസിച്ചു.  ലീഗിന്റെ ആദര്‍ശമില്ലായ്മ അത്യുജ്വലമായ ആദര്‍ശമാണെന്നവര്‍ പ്രബന്ധിച്ചു.  ലീഗിന്റെ നിലപാടില്ലായ്മ എന്ന ഏറ്റവും മതേതരവും ജനാധിപത്യപരവുമായ നിലപാടുകാരണമാണ് കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ തടുത്തുനിര്‍ത്തപ്പെടുന്നവര്‍ നിരീക്ഷിച്ചു.  പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണപ്പെട്ടപ്പോള്‍ തങ്ങളുള്ളതു കൊണ്ടാണ് കേരളം കത്താതെ പോയതെന്ന്  കേരളീയ പൊതുബോധം അനുശോചന പ്രമേയം പാസാക്കി.
ഒരു പാര്‍ട്ടിക്ക് ആനന്ദതുന്ദിലരാവാന്‍ ഇതിനപ്പുറമൊക്കെ എന്താണ് വേണ്ടത്.  ഇക്കാര്യത്തിലൊക്കെ ലീഗ് ഒറ്റക്കെട്ടായിരുന്നു.  പാളയത്തില്‍ പടയില്ല.  തെരഞ്ഞെടുപ്പ് നടക്കുക എന്ന ഒറ്റ കാര്യം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.  ലീഗ് നിയ്യത്തുകൊണ്ട് ഭരണകക്ഷിയായി കഴിഞ്ഞിട്ട് മാസങ്ങള്‍ കുറേ കഴിഞ്ഞിരുന്നു.  ആര്‍ക്കും തടുക്കാനാവാത്ത ജൈത്രയാത്രയുടെ ലഹരിയിലായിരുന്നു പാര്‍ട്ടി.  ആ സുന്ദര സ്വപ്നത്തിനിടയിലാണ് അളിയന്‍ റഊഫ് ലീഗിനെ വിളിച്ചുണര്‍ത്തിയത്. ഞെട്ടിപ്പിക്കുന്ന ചില യാഥാര്‍ഥ്യങ്ങളിലേക്ക്. അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിക്കുകയോ ജയിക്കാതിക്കുകയോ ചെയ്യാം.  പക്ഷെ ഒരു കാര്യം ഉറപ്പ്.  വഴി അത്ര എളുപ്പമല്ല.  ലീഗ് മാഹാത്മ്യം വഞ്ചിപ്പാട്ടുപാടിയ സാംസ്‌കാരിക നായകര്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നതല്ല പ്രശ്‌നം.
കേരളീയ രാഷ്ട്രീയത്തില്‍ അടുത്ത കാലത്ത് ഉയര്‍ന്ന് ഏറ്റവും ഗുരുതരമായ ആരോപണമിശ്രിതമാണ് ലീഗ് നേതാവിനെതിരെ ഇപ്പോള്‍  സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ ഉയര്‍ന്നിരിക്കുന്നത്.  ഒരു വ്യഭിചാര കേസ് എന്നതിനേക്കാള്‍ വലിയ ഗൗരവം ഇതിനു വന്നു ചേര്‍ന്നിരിക്കുകയാണ്.  കൈകൂലി മുതല്‍ കൊലപാതകം വരെ അധികാര ദുര്‍വിനിയോഗം ജുഡീഷ്യറിയെ സ്വാധീനിക്കല്‍ ഉള്‍പ്പെടെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലുണ്ട്.  എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുണ്ടെന്ന് തന്നെയാണിപ്പോള്‍ കേരളം വിശ്വസിക്കുന്നത്.  ഉന്നയിക്കപ്പെട്ട ആരോപണത്തിന്റെ വിശദാംശങ്ങളും യാഥാര്‍ഥ്യ പരിശോധനയും ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ല.  പകരം എന്താണ് ഒരു സംഘടന എന്ന നിലക്ക് ലീഗിന് സംഭവിച്ചത് എന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
''മുസ്‌ലിം ലീഗിനെ സംബന്ധിച്ചെടുത്തോളം സിദ്ധാന്തമൊന്നുമില്ല.  കോണ്‍ഗ്രസ്‌പോലെ കേരളാ കോണ്‍ഗ്രസ്‌പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണത്.  പക്ഷെ ആ പാര്‍ട്ടി നിലനില്‍ക്കേണ്ടത് എന്റെയും നിങ്ങളുടെയും ആവശ്യമാണ്.  ആ പാര്‍ട്ടി ഇല്ലെങ്കില്‍ സ്ഥിതി ഇപ്പോഴത്തേതിനേക്കാള്‍ മോശമാകും.'' അഡ്വ: എ. ജയശങ്കര്‍. മാതൃഭൂമി ആഴ്ച്ചപതിപ്പ് 2011 ജൂണ്‍ 23
ആദര്‍ശമില്ലായ്മയും നിലപാടില്ലായ്മയും ഒരു മഹാകാര്യമാണെന്ന് പൊതുബോധ ഉപാസകരായ സാംസ്‌കാരിക പ്രവര്‍ത്തര്‍ ലീഗിനെക്കുറിച്ച് പറഞ്ഞു.  പൊതുസമൂഹത്തെ പഠിപ്പിച്ചു.  ലീഗില്ലാതായാല്‍ തീവ്രവാദികള്‍ കേരള മുസ്‌ലിംകളെ റാഞ്ചുമെന്നവര്‍ മുന്നറിയിപ്പു നല്‍കി.   ഇതേ കാര്യമാണ് ഈജിപ്ത് ഉള്‍പ്പടെയുള്ള മുസ്‌ലിം രാജ്യങ്ങളിലെ മര്‍ദ്ധക സേഛാധിപത്യ ഭരണ കൂടങ്ങള്‍ അവരുടെ ഭരണത്തിനു ന്യായമായി പറഞ്ഞിരുന്നത്.  ഞങ്ങള്‍ അധികാരമൊഴിഞ്ഞാല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വരും.  മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം സേഛാധിപത്യവും എത്ര രാഷ്ട്രീയ ജീര്‍ണതയും എത്ര മതേതരമാണെന്നാലോചിക്കുക.

മുസ്‌ലിംലീഗിന്റെ നിലപാടില്ലായ്മകള്‍.
ലോക വ്യാപകമായ് ഇന്ന് മുസ്‌ലിം സമൂഹം അങ്ങേയറ്റം വൈമ്പ്രന്റ്റായ ഒരു സമുദായമാണ്.  സാമ്രാജ്യത്താല്‍ ടാര്‍ഗേറ്റ് ചെയ്യപ്പെടുന്ന സമുദായം, സാമ്രാജ്യത്വത്തെ ഏറ്റവും ശക്തമായ് പ്രതിരോധിക്കുന്ന ജനത.  പക്ഷെ ഇതൊന്നും മുസ്‌ലിംലീഗിന് ബാധകമായ കാര്യമേ അല്ല.  സാമ്രാജത്വം, അങ്ങനെ ഒരു സാധനമുണ്ടോ എന്ന് ലീഗ് നേതാക്കള്‍ പരസ്യമായും രഹസ്യമായും ചോദിക്കാറുണ്ട്.  സാമ്രാജത്വ  അധിനിവേശങ്ങളും വിരുദ്ധ പോരാട്ടങ്ങളും കേരളത്തില്‍ അടുത്ത കാലത്ത് പലപ്പോഴും തെരഞ്ഞെടുപ്പ് വിഷയം വരെ ആയിട്ടുണ്ട്.  ലീഗപ്പോഴെല്ലാം മിഴിച്ചു നോക്കുകയോ അല്ലെങ്കില്‍ അതിലൊന്നും വലിയ കാര്യമില്ലെന്ന നിലപാടിലോ ആയിരുന്നു.
ഉത്തരേന്ത്യയില്‍ നടന്ന ഭീഭത്‌സമായ വര്‍ഗീയാക്രമണങ്ങളോട് നിസ്സംഗത പുലര്‍ത്തുക എന്നതായിരുന്നു ലീഗ് നയം.  ഈ നിസ്സംഗതയെ നമ്മുടെ ചില സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ മിതവാദമെന്ന നാമധേയത്തില്‍ ആഘോഷിച്ചു.  ബാബരി ആക്രമണാനന്തര കേരളം കത്താതിരുന്നത് പാണക്കാട് തങ്ങള്‍ ഉണ്ടായിരുന്നത്‌കൊണ്ടാണെന്നു പറഞ്ഞത് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്നു.  പിന്നീട് വലതു പക്ഷ മതേതര മുഖ്യധാര അതേറ്റെടുത്തു.  പിന്നീട് ലീഗത് ഒരഭിമാനമായി കൊണ്ടുനടന്നു.  പാണക്കാട്ടെ തങ്ങള്‍ ഇല്ലാത്ത ഉത്തരേന്ത്യയിലെ അല്ലെങ്കില്‍ കേരളത്തിനുപുറത്തുള്ള മുസ്‌ലിംകള്‍ ബാബരി ആക്രമണാന്തരം വമ്പിച്ച കലാപം അഴിച്ചു വിടുകയായിരുന്നു എന്ന അവാസ്തവത്തിനു മുകൡലാണ് ഈ ലീഗ് മഹാത്മ്യം നിലനില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍ ലീഗിന് കഴിയുമായിരുന്നില്ല.
ഉത്തരേന്ത്യയിലെങ്ങാനും ഒരു പള്ളിപൊളിച്ചതിന് കേരളത്തില്‍ എന്തിനാണ് ഭരണം വിടുന്നതെന്നതായിരുന്നു ലീഗിന് ഒരിക്കലും മനസ്സിലാവാത്ത യുക്തി.  അത് ഒരു പ്രതിഷേധവും സമരവുമാണെന്ന് സ്വന്തം അഖിലേന്ത്യ പ്രസിഡന്റും പാര്‍ട്ടിയിലെ ഒരു വിഭാഗവും പറഞ്ഞത് ലീഗ് അംഗീകരിക്കാതിരുന്നത് അധികാര ലഹരികാരണമാണെന്നതിനൊപ്പം സമരത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഷ മനസ്സിലാക്കാനുള്ള ശേഷിയില്ലായ്മ കൊണ്ടുകൂടിയാണ്.  അധികാരത്തിന്റെ രാഷ്ട്രീയമല്ലാതെ പ്രതിഷേധത്തിന്റെയും പ്രഷോഭത്തിന്റെയും രാഷ്ട്രീയം ലീഗിന് വഴങ്ങുന്ന കാര്യമായിരുന്നില്ല.  രാഷ്ട്രീയമെന്നാല്‍ നിലപാടിനുവേണ്ടിയുള്ളതല്ല അധികാരത്തിനുവേണ്ടിയുള്ളതാണെന്ന സമവായത്തിലേക്ക് ലീഗെത്തി എന്നതാണ് 92ല്‍ സംഭവിച്ചത്.
91 ലെ തെരഞ്ഞെടുപ്പില്‍ ബേപ്പൂരിലും വടകരയിലും ബി.ജെ.പി ആവശ്യപ്പെട്ട സ്ഥാനാര്‍ഥികളെ ലീഗ് മുന്‍കൈയ്യില്‍ ബി.ജെ.പി പിന്തുണയുള്ള യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിപ്പിച്ചു.  ലീഗീ തര മുസ്‌ലിം- രാഷ്ട്രീയം അതിനെതിരെ ആഞ്ഞടിച്ചു.  ആ ക്യാംപയിന്‍ വടകര ബേപ്പൂര്‍ ലോകസഭാനിയമസഭാ മണ്ഡലങ്ങളിലെ മുസ്‌ലിം സാമാന്യജനത്തിനു മതേതര സമൂഹത്തിനും മനസ്സിലായി.  ലീഗിനത് ഇപ്പോഴും മനസ്സിലായിരിക്കാനിടയില്ല.  ലീഗ് ആലോചിച്ചിട്ടുണ്ടാവുക സ്ഥിരമായ് എല്‍.ഡി.എഫ് ജയിക്കുന്ന ഒരു ലോകസഭ മണ്ഡലത്തിലും നിയമസഭാമണ്ഡലത്തിലും ബി.ജെ.പി വോട്ട് കൂടി വാങ്ങി യു.ഡി.എഫ് സ്വതന്ത്രര്‍ ജയിക്കുക എന്നത് രാഷ്ട്രീയമായി ഗുണകരമായ കാര്യമല്ലേ? അതിലെന്താണ് കുഴപ്പം? അത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും ഹൈന്ദവഫാസിസം പരോക്ഷമായ് നിയമസഭയില്‍ എക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുകയാണ് എന്ന നിരീക്ഷണങ്ങളൊന്നും ലീഗിന്റെ റെയ്ഞ്ചിനകത്തുള്ള കാര്യങ്ങളല്ല.   കാരണം ഫാസിസത്തെക്കുറിച്ച നിതാന്ത ജാഗ്രത ഒരു രാഷ്ട്രീയ കാഴച്ചപ്പാടായ് ഒരു വിഭാഗത്തിനില്ലാതാവുന്നതോടെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഏത് ഫാസിസവുമായ ധാരണയാവാമെന്ന നിലപാടില്ലായ്മയിലേക്ക് അവര്‍ എത്തിച്ചേരും.
2004 ലെ തെരഞ്ഞെടുപ്പില്‍ സ്വന്തം അഖിലേന്ത്യാ പ്രസിഡന്റിന് മഞ്ചേരിയില്‍ സീറ്റ് നിഷേധിച്ചു.  തുടര്‍ന്നൊഴിവുവന്ന രാജ്യസഭയിലും അദ്ദേഹത്തിന് ടിക്കറ്റ് നല്‍കിയില്ല.  പകരം ലീഗിലെ വ്യവസായ പ്രമുഖന് നല്‍കി.  സീറ്റ് നിഷേധിക്കപ്പെട്ട ജി.എം ബനാത്‌വാല ഇന്ത്യയിലെ തന്നെ മികച്ച പാര്‍ലമെന്റ് മെമ്പര്‍മാരില്‍ ഒരാളാണ്.  പാര്‍ലമെന്റിലെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ശക്തമായ പ്രതിനിധാനമാണ്.  85 ലെ ശരീഅത്ത് വിവാദവുമായ് ബന്ധപ്പെട്ട രണ്ട് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മികച്ച പര്‍ലമെന്റേറിയന്‍ ജി.എം. ബനാത്‌വാലയെക്കുറിച്ച് മുസ്‌ലിംലീഗിന്റെ ചരിത്രകാരനും സൈദ്ധാന്തികനുമായ എം.സി വടകര എഴുതുന്നു.

''ഇന്ന് നടക്കുന്ന സംവാദത്തിന്റെ ശ്രദ്ധാ ബിന്ദു. ജ:ജി.എം ബനാത്ത്‌വാല സാഹിബാണല്ലോ.  രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രീയ സംഘടനയുടെ ജനറല്‍ സിക്രട്ടറിയാണദ്ദേഹം.  ഭരണഘടനയില്‍ നിന്ന് നാല്‍പത്തിനാലാം. അനുച്ഛേദം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട്‌കൊണ്ട് അദ്ദ്ഹം ലോക്‌സഭയില്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലും പുതിയ സുപ്രീം കോടതിവിധിയുടെ വെളിച്ചത്തില്‍ ക്രിമിനല്‍ നടപടിക്രമത്തിലെ 125 വകുപ്പിന്റെ ആക്രമണത്തില്‍ നിന്ന് മുസ്‌ലിം വ്യക്തി നിയമത്തെ സംരക്ഷിക്കാനുദ്ദേശിച്ചുകൊണ്ട് അദ്ദേഹം തന്നെ അവതരിപ്പിച്ച മറ്റൊരു ബില്ലും സമകാലീന മുസ്‌ലിം രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ്.  ഇത് സംബന്ധമായി അദ്ദേഹം ലോക്‌സഭയില്‍ ചെയ്ത ആലോചനാമൃതങ്ങളായ അഞ്ച് പ്രാഭാഷണങ്ങള്‍ ശരീഅത്തിന്റെ ശത്രുക്കളെപ്പോലും വിസ്മയിപ്പിക്കതക്കതായിരുന്നു.  മഹാരാഷ്ട്രത്തിന്റെ ആ വീര പുത്രന്‍ ഇന്ന് മുസ്‌ലിം ഭരതത്തിന്റെ മുഴുവന്‍ വാത്സല്യ ഭാജനമായിക്കഴിഞ്ഞു.  ഖാഇദമില്ലെത്തിന്റെ കാല്‍പാടുകളിലൂടെ ലക്ഷ്യബോധത്തിന്റെ വെട്ടം വിതറിയ കാല്‍പടവുകൡലൂടെ ധീരമായി മുന്നേറിക്കൊണ്ട് സാഹസികനായ ആ മെലിഞ്ഞ് വിളര്‍ത്ത മനുഷ്യന്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പോരാട്ടം നമ്മുടെ ചരിത്രത്തിന്റെ പുളകമാണ്.''(ശരീഅത്തിന്റെ രാഷ്ട്രീയം 1985)
ഇന്നത്തെ മുസ്‌ലിംലീഗിനെ സംബന്ധിച്ചെടുത്തോളം ഒരാളെ പാര്‍ലമെന്റംഗമാക്കുന്നതിന്റെ മാനദണ്ഡം പാര്‍ലമെന്ററി പ്രാത്ഭമല്ല.  കാരണം പാര്‍ലമെന്റില്‍ പോയിട്ട് അങ്ങനെ കാഴ്ച്ചപ്പാടോടെ എന്തെങ്കിലും ചെയ്യണമെന്ന് അത് ആഗ്രഹിക്കുന്നേയില്ല.  ഇന്ത്യന്‍ മുസ്‌ലിംകള്‍ ലീഗിന്റെ പരിഗണനയേ അല്ലാതായിട്ട് കൊല്ലങ്ങള്‍ കുറേയായി.  അങ്ങനെയാണ് സേട്ടു സാഹിബെന്ന അഖിലേന്ത്യാ പ്രസിഡന്റ് പാര്‍ട്ടിക്ക് പുറത്താവുന്നത്.  ബനാത്‌വാല എന്ന പ്രസിഡണ്ടിന് പാര്‍ലമെന്റില്‍ സീറ്റ് നിഷേധിക്കപ്പെടുന്നത്.  ഒരു പാര്‍ലമെന്റേറിയനേ അല്ലാത്ത വലിയ ഒരു പൊതു പവര്‍ത്തകന്‍പോലുമല്ലാത്ത ലീഗ് വ്യവസായി പാര്‍ലമെന്റംഗമാവുന്നത്.
കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങളായി മുസ്‌ലിം സമൂഹം കടന്നു പോയ സങ്കീര്‍ണമായ നിരവധി പ്രശ്‌നങ്ങളുണ്ട്.  പ്രത്യേകിച്ച് ആഗോളവത്ക്കരണത്തിനും ഇസ്രായേലുമായുള്ള നയതന്ത്രബന്ധസ്ഥാപനത്തിനും ശേഷം അരങ്ങേറിയ സമുദായത്തിനെതിരായ ഭരണകൂടഭീകരതകള്‍. ബട്‌ല ഹൗസ് മുതല്‍ അബ്ദുന്നാസര്‍ മഅ്ദനി വരെയുള്ള.  അതിനപ്പുറവും ഇപ്പുറവുമുള്ള നിരവധി സംഭവങ്ങള്‍.  പൗരാവകാശ പ്രവര്‍ത്തകരുടെയും മുസ്‌ലിം സമൂഹത്തിലെ ചില ഗ്രൂപ്പുകളുടെയും സാഹസികവും നിരന്തരവുമായ ശ്രമഫലമായ് ഇപ്പോള്‍ ഇക്കാര്യം പൊതുസമൂഹത്തിനും ഒടുവില്‍ സര്‍ക്കാരിനു തന്നെയും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു.  ഈയടുത്ത കാലത്ത് ഏറ്റവുമധികം രക്തസാക്ഷികള്‍ സൃഷ്ടിക്കപ്പെട്ട ജനാധിപത്യ പോരാട്ടമാണത്.  ഇന്റലിജന്‍സിന്റെയും പോലീസിന്റെയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കേസ് നടത്തിയ ബോംബയിലെ ഷാഹിദ് ആസമി എന്ന യുവ അഭിഭാഷകന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു.  കൊല്ലപ്പെടുന്ന വിവരാവകാശ പ്രവര്‍ത്തകരുടെ സംഖ്യ വര്‍ദ്ധിക്കുകയാണ്.  ഭരണകൂട ഭീകരതക്കെതിരെ മുസ്‌ലിംലീഗ് ചെറുവിരലനക്കിയതായി കാണാന്‍ കഴിയില്ല.  എന്നല്ല അത്തരം ഘട്ടങ്ങളില്‍ ഭരണകൂടത്തിന്റെ പക്ഷത്തുനിന്നു ഇരകളെ ഭര്‍ത്സിക്കുക എന്നതായിരുന്നു ലീഗിന്റെ നയം.  രാജ്യത്ത് ഇനിയും കടുത്ത കരിനിയമങ്ങള്‍ വേണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് ലേഖനം എഴുതുന്നു.  ഒപ്പം ലീഗ് വിദ്യാര്‍ഥി സംഘടന ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ ഇറോം ശര്‍മിളക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്് എ.എഫ്.എഫ്.സി.എ എന്ന കരിനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സായാഹ്ന സാംസ്‌കരിക പരിപാടി നടത്തുന്നു.

സപ്തംബര്‍ 11ന് ശേഷം കൊടുമ്പിരിക്കൊണ്ട ഇസ്‌ലാമോ ഫോബിയയുടെ രാഷ്ട്രീയത്തെ തിരിച്ചറിയാനല്ല ലീഗ് ശ്രമിച്ചത് അതിനെ ഉപയോഗപ്പെടുത്തി സാമ്രാജത്യത്തിനും മുഖ്യധാരക്കും പ്രിയപ്പെട്ട 'നല്ല മുസ്‌ലിം' ആയിത്തീരാനാണ്.  ഇസ്‌ലാമോ ഫോബിയയുടെ ഉഷ്ണകാലത്ത് വെയിലത്ത് നിര്‍ത്തപ്പെടുന്ന ഇതര മുസ്‌ലിം സംഘടനകളെ സാമ്രാജ്യത്വത്തിനും മുഖ്യധാരകളുമൊപ്പം നിന്ന് അക്രമിക്കാനാണ്.  ഇത് ധാര്‍മ്മിക ജീര്‍ണത എന്നതിനേക്കാള്‍ ഗൗരവത്തിലും സത്യസന്ധമായും സൈദ്ധാന്തികമായും സാഹചര്യങ്ങളെ വിശകലനം ചെയ്ത് നിലപാടു സ്വീകരിക്കാതിരിക്കുന്നതിന്റെ അനിവര്യ ഫലമാണ്.
ലോകത്തിലെ പുതിയ വൈജ്ഞാനിക രാഷ്ട്രീയ പ്രവണതകളോട് ഏറ്റവും ഉയര്‍ന്ന സംവേദനം പുലര്‍ത്തുന്നവരാണ് വര്‍ത്തമാന മുസ്‌ലിം സമൂഹം.  പരസ്ഥിതി, സ്ത്രീ, ദളിത് സമീപനങ്ങളുമായ്,  മനുഷ്യാവകാശ ആക്റ്റിവിസവുമായ് ഒക്കെ വലിയ ബന്ധങ്ങള്‍ ഒരു സമൂഹം എന്ന നിലക്ക് തന്നെ അവര്‍ പുലര്‍ത്തുന്നുണ്ട്.  ലീഗുമായ് ബന്ധമുള്ളതുതന്നെയായ മതസംഘടനകള്‍ പ്രകടിപ്പിക്കുന്ന നവീനതയും  ചലനാത്മകതയും പോലും ലീഗിനോ അതിന്റെ പോഷക സംഘടനകള്‍ക്കോ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല.  എല്ലാവരും എന്തൊക്കയോ ചെയ്യുന്നു എന്ന തോന്നലിന്റെ പേരില്‍ ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്തുനോക്കാറുണ്ട്.  അതിന് ഒരു മുനയോ മുഖമോ തുടര്‍ച്ചയോ ഉണ്ടാവാറില്ല.  ഉണ്ടാകാനാവശ്യമായ ഒരു സാംസ്‌കാരിക മൂലധനവും ലീഗിന്റെ വശമില്ല.
കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ മത്സരിച്ച് സാംസ്‌കാരിക പ്രസിദ്ധീകരണങ്ങള്‍ ഇറക്കുകയും തങ്ങളുടെ പരമ്പരാഗത പത്രമാസികകളെ ആ സ്വഭാവത്തില്‍ പുനക്രമീകരിക്കുകയും ചെയ്യുന്ന കാലത്ത് ഏറെ പാരമ്പര്യമുണ്ടായിരുന്ന ചന്ദ്രിക ആഴ്ചപതിപ്പ് അടച്ചു പൂട്ടുകയാണ് ലീഗ് ചെയ്തത്.  പി.സുരേന്ദ്രന്‍ ഒരിക്കല്‍ എഴുതിയ പോലെ ഭരണത്തില്‍ വരുമ്പോഴെല്ലാം സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മുതലായ ഔദ്ധ്യോഗിക സാംസ്‌കാരിക സ്ഥാപനങ്ങളില്‍  നിന്നെല്ലാം സുരക്ഷിതമായ അകലം പാലിക്കാന്‍ ലീഗ് ശ്രമിച്ചു പോരാറുണ്ട്.  കേരളത്തിലെ മുസ്‌ലിം മത സാമൂഹ്യ സംഘടനകളുടെ സര്‍ഗാത്മകതയുടെ അളവ് ലീഗുമായുള്ള അകലത്തിന്റെ അനുപാതതിനുസരിച്ചാണെന്ന് അവയെ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ബോധ്യമാവും.
പരിസ്ഥിതി വികസന വിഷയത്തില്‍ ഇടപെടമണെന്ന ചെറിയ ആഗ്രഹങ്ങള്‍ ഇപ്പോള്‍ ലീഗിനുണ്ട്.  കേരള വികസനവുമായ് ബന്ധപെട്ട ചില പരിപാടികള്‍ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.  വികസനത്തെക്കുറിച്ച്  ലീഗിന് സവിശേഷമായ് എന്താണ് പറയാനുള്ളതെന്ന് കേരളത്തിനിതുവരെ ബോധ്യമായിട്ടില്ല.  ലീഗിനുതന്നെയും ബോധ്യമായിട്ടുണ്ടാവില്ല.  കെ.ടി. ജലീല്‍ ലീഗിലുണ്ടായിരുന്ന അവസാന കാലത്ത് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ലീഗ് യോഗത്തില്‍ പറഞ്ഞതായി പത്ര വാര്‍ത്ത വന്നിരുന്നു.  ''ജലീലെന്തോ പരിസ്ഥിതി എന്നൊക്കെ പറയുന്നുണ്ട്, അതും ലീഗും തമ്മിലെന്താണ് ബന്ധമെന്നെനിക്ക് മനസ്സിലായിട്ടില്ല.''
അഞ്ചു വര്‍ഷം മുമ്പ് ലീഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോള്‍, കുഞ്ഞാലിക്കുട്ടി മുതല്‍ മുനീര്‍ വരെ എല്ലാ സമുന്നത നേതാക്കളും ജനവിധിക്കു മുന്നില്‍ അടിയറവു പറഞ്ഞപ്പോള്‍ ലീഗിന് ചില ബോധോദയങ്ങള്‍ ഉണ്ടായ പോലെ അനുഭവപ്പെട്ടിരുന്നു.  മുസ്‌ലിം സമൂഹത്തിലെ ബുദ്ധിജീവികളെയും മറ്റും തൃശൂരില്‍ വിളിച്ചു കൂട്ടിയിരുന്നു.  അതിനു മുമ്പ് കോട്ടക്കലില്‍ യോഗം ചേര്‍ന്ന് തെറ്റു തിരുത്താനും പുതിയ നയ സമീപനങ്ങള്‍  സ്വീകരിക്കാനും തീരുമാനിച്ചിരുന്നു.  അതു നടപ്പിലാക്കാനുള്ള ജൈവശേഷി ലീഗിനില്ല എന്നതായിരുന്നു അതു നടപ്പിലാവാതെ പോയതിന്റെ ഒന്നാമത്തെ കാരണം.  രണ്ടാമതായി കാലം ഇത്തിരി മുന്നോട്ട് പോയപ്പോള്‍ രാഷ്ട്രീയ കാലവസ്ഥയില്‍ സാരമായ മാറ്റം വന്നതായി ലീഗിനു ബോധ്യമായി.  അടുത്ത ഭരണം യു.ഡി.എഫിനു തന്നെ. ഇനി തിരിഞ്ഞു നോക്കേണ്ടതില്ല.  പുനര്‍ വിചാരത്തിന് പ്രസക്തിയില്ല.  ആവശ്യമില്ല, ലീഗിന്റെ വിവാദ നയങ്ങളെല്ലാം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുന്നു.
അനുഭവം  മികച്ച ഗുരുനാഥനാണ്.  പക്ഷേ ഏറ്റവും ക്രൂരമായാണ് അത് പഠിപ്പിക്കുക എന്നു മാത്രം. അതേ അഞ്ചുവര്‍ഷം കറങ്ങി പൂര്‍ത്തിയാവും മുമ്പ് ലീഗിലെന്തെക്കേയോ പുഴുക്കുത്തുകളുണ്ടെന്ന പ്രതീതി അവഗണിക്കാനാവാത്ത വിധം. വീണ്ടും ശക്തിപ്പെട്ടിരിക്കുന്നു.  കേവല പ്രായോഗികതയില്‍ കെട്ടിപ്പടുത്താല്‍ കുറേ കഴിയുമ്പോള്‍ അത് അപ്രായോഗികമായിത്തീരും.  കാരണം കേവല പ്രായോഗികത എന്നാല്‍ ജീര്‍ണതയെയും അധാര്‍മികതയെയും ചെറുക്കാനുള്ള മുഴുവന്‍ പ്രതിരോധശേഷിയും നഷ്ടപ്പെടുന്ന അവസ്ഥയാണ്.  അധാര്‍മികതയുടെ പ്രതിരോധം തത്വാധിഷ്ഠിത നിലപാടുകളാണ്.
ഇപ്പോഴെത്തെ ലീഗിനേക്കാള്‍ ധാര്‍മ്മികതയും സാംസ്‌കാരിക നിലവാരവും വര്‍ത്തമാന കേരളത്തിലെ മുസ്‌ലിം സമൂഹത്തിനുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ ഭാവുകത്വ വികാസത്തിനൊപ്പം വളരാന്‍  ലീഗിനു കഴിഞ്ഞില്ല.  ലീഗിനേക്കാള്‍ നല്ല  രാഷ്ട്രീയ പ്രതിനിധാനം കേരളത്തിലെ മുസ്‌ലിം സമൂഹം അര്‍ഹിക്കുന്നുണ്ട്.
ഇപ്പോഴെത്തെ വെളിപ്പെടുത്തലുകളില്‍, അല്ല ഇതിനു മുമ്പുള്ള അനാവരണങ്ങളിലും സത്യത്തിന്റെ എത്രയെങ്കിലും അംശമുണ്ടെങ്കില്‍ 92 ഡിസംബര്‍ 6 ശേഷം മുസ്‌ലിം സമൂഹം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ നാളുകളില്‍ ലീഗ് നേതൃത്വം എന്തെടുക്കുകയായിരുന്നു എന്നതിന്റെ നഗനവാര്‍ത്തകളായിരിക്കുമത്്.  നിലപാടില്ലായ്മ ഒരുപാര്‍ട്ടിക്ക്  അലങ്കാരമാണെങ്കില്‍ ഈ വിവാദം അതിന്റെ തൊങ്ങലും.  തോരണങ്ങളുമാണ്.
മുസ്‌ലിം ലീഗ് നേതൃനിരിയില്‍ തന്നെയുള്ള എന്റെ സുഹൃത്ത് പറഞ്ഞത് പോലെ ദൗത്യമവസാനിച്ചു പോയ, അജണ്ട തീര്‍ന്നു പോയ പ്രസ്ഥാനമാണ് ലീഗ്.  വെള്ളം കോരികളും വിറകുവെട്ടികളുമായിരുന്ന ഒരു സമുദായത്തെ മുഖ്യധാരയില്‍ എത്തിക്കുക എന്നതായിരുന്നു അതേറ്റടുത്ത ദൗത്യം. ലീഗിനാവുന്ന അളവില്‍ ലീഗത് ചെയ്തു കഴിഞ്ഞു.  അതിനുവേണ്ടി നേതാക്കള്‍ ത്യാഗം ചെയ്തു.  ലീഗിനെക്കൊണ്ടാവുന്ന വിധത്തില്‍ അവര്‍ സമുദായത്തെ മുഖ്യധാരയില്‍ കൊണ്ടു വന്നു.  ഇനി ഇതിലപ്പുറം എന്തെങ്കിലും ചെയ്യാനുള്ള ഉള്‍ക്കാഴ്ച്ചയോ സര്‍ഗശേഷിയോ ലീഗിനില്ല.  മിഷനും അജണ്ടയും തീര്‍ന്നപ്പോള്‍ ഒരു സംഘടന എന്ന നിലക്ക് ജീര്‍ണ്ണിച്ചു തീരുക എന്നതുമാത്രമാണ് അതിനു മുന്നിലെ ഏക വഴി.

മുസ്‌ലിം സമൂഹത്തില്‍ നിന്നും കോണ്‍ഗ്രസ്സും കേരളകോണ്‍ഗ്രസ്സും പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അഡ്വ: ജയശങ്കറിനും വലതുപക്ഷ പൊതുബോധത്തിനും ആവശ്യമുണ്ടായിരിക്കാം.  പക്ഷെ മുസ്‌ലിം സമൂഹത്തിന് അതാവശ്യമേയില്ല.  അതായിരുന്നു അവരുടെ ആവശ്യമെങ്കില്‍ അവര്‍ ലീഗ് കെട്ടിപ്പടുക്കുകയോ അതില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുയോ ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല.  കോണ്‍ഗ്രസ്സിലോ കേരളാകോണ്‍ഗ്രസ്സിലോ ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മതിയായിരുന്നു.  മുസ്‌ലിം സമൂഹത്തിന്റെ സവിശേഷമായ ഉല്‍ക്കര്‍ഷങ്ങളും അഭിലാഷങ്ങളും പ്രതിനിധീകരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ മാത്രമേ അവരെ സംബന്ധിച്ചെടുത്തോളം ഇത്തരമൊരു പാര്‍ട്ടിക്ക് പ്രസക്തിയുള്ളൂ.









വികസനപഠനത്തിന്റെ രാഷ്ട്രീയം


നമ്മുടെ കാലത്തെ ഏറ്റവും പ്രലോഭിപ്പിക്കുന്ന വാക്കാണ് വികസനം. പൊതുസമൂഹം ഏറെ ദാഹിക്കുന്നത് വികസനത്തിനായാണ്. അറുകൊലകളെയും അരുതായ്മകളെയും ന്യായമാക്കിത്തീര്‍ക്കുന്ന പരമ മൂല്യമാണിപ്പോള്‍ വികസനം.
കേരളം വികസനപഠനങ്ങളിലെ സവിശേഷ ഇടമുള്ള ഒരു ബിന്ദുവാണ്, വികസനപഠനത്തിലെ ഒരു വിഷയമാണ് സാമ്പത്തിക വളര്‍ച്ച ഏറെ കൈവരിക്കാതെ സാമൂഹികവളര്‍ച്ച നേടിയസ്ഥലം.
12-ാം പഞ്ചവല്‍സര പദ്ധതി പടിവാതില്‍ക്കലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാധ്യമവിവാദത്തിന്റെ ദൂരം മാത്രമേ ബാക്കിയുള്ളൂ. പല കോണിലും വികസനചര്‍ച്ചകള്‍ സജീവമാണ്. കഴിഞ്ഞ ജനുവരി 1,2,3 തിയ്യതികളില്‍ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ പഠനകോണ്‍ഗ്രസ് തിരുവനന്തപുരത്ത് വെച്ചുനടന്നു. കോണ്‍ഗ്രസിന്റെ പഠനകോണ്‍ഗ്രസ് ഫെബ്രുവരി മധ്യത്തില്‍ തിരുവനന്തപുരത്ത് നടന്നു. 1996-ല്‍ ഇ.എം.എസ് ആണ് കേരളവികസനത്തെക്കുറിച്ച ജനകീയ പഠനപരിപാടിക്ക് തുടക്കമിട്ടത്. അത് ജനകീയാസൂത്രണത്തിന്റെ കളരിയും അവതരണവുമായിരുന്നു. വികസനത്തിന് സമവായം വേണമെന്ന് ഇ.എം.എസ് നിര്‍ദേശിച്ചു. ഇടതിനും വലതിനുമിടയില്‍ വികസനത്തെ മുന്‍നിര്‍ത്തി ഒരു വെടിനിര്‍ത്തലിന് അദ്ദേഹം ആഹ്വാനം ചെയ്തു. കേരള വികസനവിഷയത്തില്‍ വലതുപക്ഷവുമായി സഹകരിക്കാനുള്ള ഇടതുപക്ഷത്തിന്റെ സന്നദ്ധത അദ്ദേഹം തുറന്നറിയിച്ചു. വലതുപക്ഷം ഇടതുപക്ഷവുമായി സഹകരിക്കണമെന്നദ്ദേഹം അഭ്യര്‍ഥിച്ചു.
വികസനമെന്ന വാക്ക് തീര്‍ത്തും മുതലാളിത്തവുമായി ബന്ധപ്പെട്ട് പിറവികൊണ്ട ഒന്നാണ്. പദോല്‍പത്തി മാത്രമല്ല, വികസനമെന്ന വാക്ക് പ്രാഥമികമായും സ്വാഭാവികമായും മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട് മുതലാളിത്തത്തിന്റെ കാഴ്ചപ്പാടാണ്. സ്വാഭാവികമായും അത് മണ്ണിന്റെയും മനുഷ്യന്റെയും താല്‍പര്യങ്ങള്‍ക്കപ്പുറം മൂലധനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതായിരിക്കും. അതേസമയം മുതലാളിത്ത വികസനത്തിന്റെ നിര്‍മാണമൂല്യത്തെ അവഗണിക്കാനാവില്ല. ഇതിനകത്ത് നിന്നുകൊണ്ട് മുതലാളിത്ത വികസനത്തിന്റെ മനുഷ്യവിരുദ്ധതയേയും പ്രകൃതിവിരുദ്ധതയെയും ചെറുക്കുകയും തിരുത്തുകയും ചെയ്യേണ്ടതുണ്ട്.
മുതലാളിത്തവിരുദ്ധ പ്രസ്ഥാനങ്ങള്‍ വികസനപഠനത്തില്‍ ഇടപെടുന്നത് ഇത്തരമൊരു തിരുത്തിനുവേണ്ടിയാണ്. ഒരു സമൂഹത്തിന്റെ നിര്‍മാണത്തിന്റെ അനൗപചാരിക ആസൂത്രണമാണ് വികസനപഠനങ്ങള്‍. കലാശാലകള്‍, ഔപചാരിക ഗവേഷണസ്ഥാപനങ്ങള്‍, ആസൂത്രണ കമ്മീഷനുകള്‍ എന്നിവയും ജനകീയ പ്രസ്ഥാനങ്ങളും ഗവണ്‍മെന്റിതര ഏജന്‍സികളും ഇന്ന് ഇത്തരം പഠനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നുണ്ട്. 
വികസനത്തിന്റെ വിഷയത്തില്‍ അരാഷ്ട്രീയമായ ഒരു സമവായമോ ഒത്തുതീര്‍പ്പോ സാധ്യമല്ല. സമകാലിക സമൂഹത്തിലെ ഏറ്റവും തീവ്രമായ രാഷ്ട്രീയ പ്രശ്‌നങ്ങളിലൊന്നാണ് വികസനം. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അങ്ങേയറ്റം അരാഷ്ട്രീയ ഒരു സമവായം ഇക്കാര്യത്തില്‍ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. വികസനവിഷയത്തിലിപ്പോള്‍ സര്‍വകക്ഷി സമവായമുണ്ട്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വികസനത്തിന്റെ കാര്യത്തില്‍ ഭരണകക്ഷിയാണ്. ദുര്‍ബല ജനവിഭാഗങ്ങളാണ് അതിന്റെ പ്രതിപക്ഷം. അവരുടെ ഉല്‍ക്കണ്ഠകളെയും അഭിലാഷങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ജനകീയ സമരങ്ങളാണിപ്പോള്‍ യഥാര്‍ഥ പ്രതിപക്ഷം. ഭരണപക്ഷത്തിന്റെ 'ബി' ടീമായ ഔപചാരിക പ്രതിപക്ഷം വ്യാജ പ്രതിപക്ഷമാണ്.
സി.പി.ഐ.എം, ഇ.എം.എസിന്റെ നേതൃത്വത്തില്‍ ആദ്യം നടത്തിയ പഠനകോണ്‍ഗ്രസ് വികസനചര്‍ച്ചയുടെ അരാഷ്ട്രീയവല്‍ക്കരണത്തിന്റെ ഔപചാരിക ഉല്‍ഘാനമായിരുന്നെങ്കിലും അത് കേരളത്തിലെ ഈ വിഷയത്തില്‍ സൈദ്ധാന്തികമായും പ്രായോഗികമായും ഇടപെടുന്ന മുഴുവന്‍ പ്രധാനവ്യക്തികള്‍ക്കും ഇ.എം.എസ് പേരുവെച്ച് കത്തെഴുതി ക്ഷണിച്ചിരുന്നു. എന്നാല്‍ 2011-ലെ പഠനകോണ്‍ഗ്രസിന്റെ പ്രത്യേകത ഇടതുപക്ഷം കേരളത്തിലെ സിവില്‍ സമൂഹപ്രസ്ഥാനങ്ങളുമായും പഠിതാക്കളുമായും പണ്ഡിതന്മാരുമായും വികസനവിഷയത്തില്‍ തങ്ങള്‍ക്കൊന്നും സംസാരിക്കില്ലെന്ന പ്രസ്താവനയായിരുന്നു ഇപ്രാവശ്യത്തെ പഠനകോണ്‍ഗ്രസ്. തങ്ങള്‍ക്ക് പുറത്ത് തങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വലതുപക്ഷത്തോടാണെന്നായിരുന്നു സി.പി.ഐ.എം. പറയാന്‍ ശ്രമിച്ചത്. പച്ചയും ചുവപ്പും തമ്മില്‍ അംബേദ്കറൈറ്റുകളും മാര്‍ക്‌സിസ്റ്റുകളും തമ്മില്‍ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളും ആദിവാസികളും തമ്മില്‍ മതാടിത്തറയില്‍ സാമൂഹ്യമണ്ഡലത്തില്‍ ഇടപെടുന്നവരും മതേതരസമൂഹവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലിന്റെ മുഴുവന്‍ വാതിലുകളും അടച്ചിടാനായിരുന്നു പാര്‍ട്ടി തീരുമാനിച്ചത്.
ഒരു സംഘടന എന്നനിലയില്‍ സോളിഡാരിറ്റി കഴിഞ്ഞ ഏഴുവര്‍ഷമായി കേരളത്തിന്റെ വികസനത്തിനു തിരുത്തുപറയുന്ന സമരങ്ങളിലുണ്ട്. നമ്മുടെ സാമാന്യജനം സമരത്തിനൊപ്പമല്ല, വികസനത്തിനൊപ്പമാണ്. അവനെ ബാധിക്കാത്ത മുഴുവന്‍ കാര്യത്തിലും അവന്‍/അവല്‍ അതിവേഗ ബഹുദൂര വികസനത്തിനൊപ്പം ഓടുകയാണ്. സമരം V/s വികസനം എന്ന ധ്വന്ദ്വസമവാക്യം തിരുത്തപ്പെടണമെന്ന് സോളിഡാരിറ്റി ആഗ്രഹിക്കുന്നു. സമരത്തിന്റെ നിഘണ്ടു വേണ്ട, പാടില്ല, സമ്മതിക്കില്ല എന്നാണ്. വികസനത്തിന്റെ ശബ്ദഘോഷം വേണം വരണം എന്നാണ്. അതുകൊണ്ട് വഴിമുടക്കികള്‍ എന്നത് ജനകീയ പ്രക്ഷോഭകരുടെ പര്യായപദമാണ് നമ്മുടെ നാട്ടില്‍. സമരം കേവലം വേണ്ടെന്ന വിസമ്മതപ്രഖ്യാപനം മാത്രമല്ല, ഇതല്ല വേണ്ടതെന്ന പ്രസ്താവനകൂടിയാണ്. വേണ്ടതിനെക്കുറിച്ച വിശദീകരണം കൂടിയാണ്. ഏത് ജനകീയ സമരത്തെയും സൂക്ഷ്മമായി പഠിച്ചാല്‍ അത് വികസനത്തെ മറ്റൊരു കാഴ്ചപ്പാടിന്റെ അവതരണമാണെന്നറിയാനാവും. സമരത്തെ വികസനത്തിന്റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. അത്തരം വിവര്‍ത്തനങ്ങളെ സമാഹരിച്ച് കേരള വികസന ചര്‍ച്ചയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. പ്ലാച്ചിമട ജലവിഭവത്തെക്കുറിച്ച എം.എന്‍.സികളുടെയും സര്‍ക്കാരിന്റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും കാഴ്ചപ്പാടിനെതിരായ മറ്റൊരു കാഴ്ചപ്പാടിന്റെ പ്രബോധനം കൂടിയാണ്. ചെങ്ങറ ഭൂമി പ്രശ്‌നത്തെക്കുറിച്ച സാമ്പ്രദായിക ധാരണകള്‍ക്കെതിരെ മറ്റൊരു വിതരണരീതിയും ഉടമസ്ഥതാവാഖസവും മുന്നോട്ടുവെക്കുകയാണ്. 
ഈ ബോധ്യങ്ങളില്‍ നിന്നാണ് പുതിയകേരളം വികസനഫോറം എന്നപേരില്‍ കേരളവികസനത്തെ അധികരിച്ച് ഒരു ജനകീയ പഠനപരിപാടി നടത്താന്‍ തീരുമാനിച്ചത്. കേരളത്തിനു എന്തുവേണ്ട എന്നു മാത്രമല്ല, വൈജ്ഞാനിക മികവോടെ കേരളത്തിനു എന്തുവേണം എന്നുകൂടി പറയാന്‍ ശ്രമിക്കുന്ന യത്‌നമാണീ പരിപാടി. അതിരുകള്‍ മാഞ്ഞുതീര്‍ന്നുകൊണ്ടിരിക്കുന്ന ഇടതിനും വലതിനുമപ്പുറം ജനപക്ഷത്തു നില്‍ക്കുന്ന എത്രയോ ഗവേഷകരും അക്കാദമീഷ്യന്മാരും അനൗപചാരിക പഠിതാക്കളും ഇവിടെയുണ്ട്. അവരുടെ ഒത്തുചേരലും പങ്കുവെക്കലും കൂടിയായിരിക്കും ഈ വികസനഫോറം. വിജ്ഞാനത്തിലെ ജനപക്ഷ രാഷ്ട്രീയത്തിന്റെ സംഗമവേദി.
ഇന്നുകാണുന്ന കേരളം എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ചുതന്നെ പുതിയ ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടാവേണ്ടതുണ്ട്. ഇടത് മതേതര പ്രസ്ഥാനങ്ങളും പ്രവണതകളും മാത്രമാണോ ഇതിന്റെ രാജശില്‍പികള്‍. തീര്‍ച്ചയായും ആ രാജശില്‍പികള്‍ക്ക് ഇക്കാണുന്ന കേരളത്തെ പടുക്കുന്നത് വലിയ പങ്കുണ്ട്. ആ കേരളം ഇവിടത്തെ ഓരോ ജനവിഭാഗത്തോടും ഏതളവിലാണ് നീതി ചെയ്തത്?
വികസനചര്‍ച്ചയില്‍ അക്കാദമിക തലത്തിലായാലും ജനകീയ തലത്തിലായാലും സാധാരണ കടന്നുവരാത്ത ദുര്‍ബല ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട സംവരണത്തെ ഒരു വികസന പ്രശ്‌നമായി ഫോറം ചര്‍ച്ചക്കെടുക്കുന്നു. സാമ്പത്തിക വളര്‍ച്ചയേക്കനുപാതികമല്ലാത്ത സാമൂഹിക വികസനമായിരുന്നു കേരള മോഡലിന്റെ സവിശേഷത. പക്ഷേ, ഇന്ത്യയില്‍ പ്രതിശീര്‍ഷ മദ്യഉപഭോഗത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനക്കാര്‍ കേരളീയരാണ്. നാം നേടി എന്നവകാശപ്പെടുന്ന സാമൂഹ്യമാനവിക വികസനത്തെ വര്‍ദ്ധിച്ച ലഹരി ഉപയോഗം നിഷ്ഫലമാക്കുകയാണ്. എന്താണ് വികസനമെന്ന മൗലികമായ പ്രശ്‌നം ഉന്നയിക്കപ്പെടേണ്ടതുണ്ട്. വികസനത്തിന്റെ ധാര്‍മികതയും ആത്മീയതയും കേരളീയ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെടേണ്ടതുണ്ട്.
ഏറെ പാരിസ്ഥിതിക സെന്‍സിറ്റീവ്‌നെസും ജനസാന്ദ്രതയുമുള്ള കേരളത്തിന്റെ ഊര്‍ജം, വ്യവസായ ഗതാഗത നയമെന്തായിരിക്കണമെന്നത് ഏറെ പ്രധാനമായ പ്രശ്‌നമാണ്. കോടികള്‍ മറിക്കുന്ന വന്‍കിട പദ്ധതികളിലാണ് ഭരണവര്‍ഗത്തിന് എന്നും താല്‍പര്യം. നമ്മുടെ നാട്ടിലെ അഴിമതിയുടെ ചരിത്രം നമ്മുടെ നാട്ടിലെ വന്‍കിട പദ്ധതികളുടെ ചരിത്രം കൂടിയാണ്. കൃഷി ഭക്ഷ്യസുരക്ഷയുമായി പാരിസ്ഥിതിക സന്തുലിതാവസ്ഥയുമായും ബന്ധപ്പെട്ട വിഷയമാണ്. കൃഷി നഷ്ടത്തിലാവുന്നു എന്നു പറയുമ്പോള്‍ ഒരു സമൂഹമെന്ന നിലക്ക് നമ്മുടെ ജീവിതം തന്നെ നഷ്ടത്തിലാവുന്നു എന്ന ഒരു വിഷയമുണ്ട്.
കേരള വികസനമോഡലിന്റെ ഇരകളായത് ഗോത്രങ്ങളും സമുദായങ്ങളും മാത്രമല്ല, ചില ഭൂഭാഗങ്ങള്‍ കൂടിയാണ്. വികസനചര്‍ച്ചയില്‍ കേരളമെന്ന് ഒറ്റശ്വാസത്തില്‍ പറഞ്ഞുപോകാതെ മലബാറിനെന്തു സംഭവിച്ചു എന്നതിന്റെ കണക്ക് പരിശോധിക്കപ്പെടേണ്ടതുണ്ട്. കേരള വികസനചര്‍ച്ചയില്‍ ഒരു പക്ഷേ ചരിത്രത്തിലാദ്യമായി ഭൂപരമായ അസന്തുലിതാവസ്ഥ സ്ഥിതിവിവരണക്കുകളുടെയും ചരിത്രത്തിന്റെയും വെളിച്ചത്തില്‍ പഠനവിധേയമാക്കുന്നു.
പ്രമുഖ സന്നദ്ധ പ്രവര്‍ത്തകയായ ദേവകിജെയിന്‍ ചൂണ്ടിക്കാട്ടിയ പോലെ 12-ാം പഞ്ചവല്‍സര പദ്ധതി രൂപീകരണത്തിന്റെ ഈ സന്ദര്‍ഭത്തില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും വികസനത്തിന്റെ വിഷയത്തില്‍ മുന്നോട്ടുവെക്കുന്ന അഭിപ്രായങ്ങള്‍ പഠനപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനുവേണ്ടി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരുകള്‍ സന്നദ്ധമാവണം.

Monday, January 17, 2011

ഭരണകൂട ഭീകരതക്ക് നമ്മുടെ പൊതുമണ്ഡലത്തില്‍ അംബാസിഡര്‍മാര്‍ ഉണ്ട്

ഏറ്റവും കുറച്ചു ഭരിക്കുന്ന ഗവണ്‍മെന്റാണ് ഏറ്റവും നല്ല ഗവണ്‍മെന്റ് എന്നുപറഞ്ഞത് തത്വചിന്തകനായ തോറോയാണ്. എത്ര ഭരിച്ചാലും മതിയാവാത്ത ഗവണ്‍മെന്റാണ് ഫാഷിസ്റ്റ് ഗവണ്‍മെന്റുകള്‍. അനിയന്ത്രിതമായ ഭരണത്തെക്കുറിച്ച രാഷ്ട്രീയ സങ്കല്‍പമാണ് ഫാഷിസം. ഭരണകൂടത്തിനകത്ത് സഹജമായിത്തന്നെ അമിതാധികാരാസക്തിയുടെ അപകടം അന്തര്‍ഹിതമായിട്ടുണ്ട്. അതിനെ ചെറുക്കുക എന്ന ധര്‍മ്മമാണ് ഭരണഘടനയും നിയമവ്യവസ്ഥയും ജുഡീഷ്യറിയും ചെയ്യുന്നത്. നിമയവ്യവസ്ഥ എന്നത് ഫാഷിസത്തിന്റെ ഒന്നാമത്തെ ശത്രുവാണ്. നിയമവിരുദ്ധമെന്ന് അത് കരുതുന്ന കാര്യങ്ങളെ നിയമബാഹ്യമായും അടിച്ചമര്‍ത്തണമെന്നത് ഫാഷിസത്തിന്റെ എക്കാലത്തെയും മുറവിളിയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനത്തെയും നിയമപരമായാണ് നേരിടേണ്ടത് എന്നിടത്താണ് ജനാധിപത്യം ഫാഷിസത്തില്‍ നിന്നു വിഭിന്നമാവുന്നത്. നിയമമെന്നത് അടിസ്ഥാനപരമായി എല്ലാ മനുഷ്യരുടെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ളതാണ്. കരിനിയമങ്ങള്‍ സാങ്കേതികമായി പാര്‍ലമെന്റ് പാസ്സാക്കിയാലും അത് ജനാധിപത്യവിരുദ്ധമാകുന്നതിന്റെ കാരണമതാണ്. ഫാഷിസമെന്നത് നിയമരഹിതമായ അക്രമണം മാത്രമല്ല, നിയമത്തിന്റെ ഏറ്റവും അമാനവികമായ നിര്‍മാണവും നടപ്പിലാക്കലും കൂടിയാണ്.

അത്രയധികം ഭരിക്കാന്‍ ഒരു ഭരണകൂടത്തിനവകാശമില്ലെന്ന നൈതികത നഷ്ടപ്പെടുമ്പോഴാണ് അടിയന്തിരാവസ്ഥകള്‍ ഉണ്ടാവുന്നത്. അടിയന്തിരാവസ്ഥ സ്വപ്നം കാണുന്ന പൊതുപ്രവര്‍ത്തകര്‍ പോലും നമുക്കിടയില്‍ ഇന്നുമുണ്ട്. ഉണ്ടെന്നതിന്റെ ഉദാഹരണമാണ് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ.എം. ഷാജി മാതൃഭൂമി ദിനപത്രത്തിലെഴുതിയ ലേഖനം.

''ജമാഅത്തെ ഇസ്‌ലാമിയെ പണ്ട് നിരോധിച്ചപ്പോള്‍ അവരുടെ താത്ത്വികജിഹ്വയായ 'പ്രബോധന'ത്തിന്റെ പ്രസിദ്ധീകരണം നിന്നു. പകരം 'ബോധനം' എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. നിരോധനം നീക്കിയപ്പോള്‍ ബോധനമടക്കം ജമാഅത്തെ ഇസ്‌ലാമിക്ക് രണ്ട് പ്രസിദ്ധീകരണങ്ങളായി. ഇത്തരത്തിലുള്ള 'ലിപ്‌സര്‍വീസ്' നിരോധനങ്ങള്‍ ഫലശൂന്യമത്രേ.
നമ്മുടെ മതേതര ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രശില്‍പികള്‍ കാറ്റും വെളിച്ചവും കടക്കാനായി അനേകം സുഷിരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മതേതരത്വവും ജനാധിപത്യവും രചനാത്മകമായി പുലരാന്‍ വിഭാവനം ചെയ്ത ഈ സുഷിരങ്ങള്‍ തന്നെയാണ് തീവ്രവാദികള്‍ അവരുടെ വിധ്വംസകകൃത്യങ്ങള്‍ക്ക് 'സര്‍ഗാത്മക'മായി ഉപയോഗിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍വെച്ച് ഒരു തീവ്രവാദസംഘടനയെയും നിരോധിച്ചിട്ടു കാര്യമില്ല. അവര്‍ പലവേഷങ്ങളില്‍, പല ഭാവങ്ങളില്‍ വീണ്ടും അവതരിക്കും. തീവ്രവാദത്തിന്റെ തായ്‌വേര് അറുക്കേണ്ടത് രാഷ്ട്രത്തിന്റെ അഖണ്ഡതക്കും സാമുദായിക സഹജീവനത്തിനും അത്യന്താപേക്ഷിതമാണ്. (മാതൃഭൂമി ദിനപത്രം 2010 ആഗസ്റ്റ് 4).

രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍വെച്ച് ഒരു തീവ്രവാദസംഘടനയെയും നിരോധിച്ചിട്ടുകാര്യമില്ല. തീവ്രവാദത്തിന്റെ തായ്‌വേര് അറുക്കേണ്ടത് രാഷ്ട്രത്തിന്റെ അഖണ്ഡത്കും സമുദായ സഹജീവനത്തിനും അത്യന്താപേക്ഷിതമാണെന്നാണ് ലേഖകന്‍ പറയുന്നത്. ജമാഅത്തെ ഇസ്‌ലാമിയും തീവ്രവാദവും തമ്മിലെന്ത് എന്ന വിഷയവും ലേഖകന്റെ യജമാനന്മാര്‍ സംഘടനയെ നിരോധിച്ചപ്പോള്‍ അതെങ്ങനെ നീങ്ങിയെന്നൊന്നും വിശദീകരിക്കാന്‍ ഇവിടെ ശ്രമിക്കുന്നില്ല. തീവ്രവാദത്തിന്റെ നിര്‍വചനമെന്തെന്ന മറ്റൊരു വിഷയവുമുണ്ട്. ഷാജിയുടെ വീക്ഷണത്തില്‍ ജമാഅത്തെ ഇസ്‌ലാമി തീവ്രവാദമാണെങ്കില്‍ മറ്റൊരു കാഴ്ചവട്ടത്തില്‍ ഷാജി തീവ്രവാദിയാവാനുള്ള സാധ്യതയും ഇവിടെ, ഈ സംവാദത്തില്‍ തുറന്നുകിടക്കുന്നുണ്ട്. കുറേക്കാലമായി നടക്കുന്ന സംഘടനാപരമായ അത്തരമൊരു സംവാദത്തിലേക്ക് പ്രവേശിക്കാതെ ഷാജിയുടെ അവതരണത്തിന്റെ മറ്റുചില സൂക്ഷ്മ രാഷ്ട്രീയങ്ങള്‍ വിശകലനവിധേയമാക്കാനാണിവിടെ ശ്രമിക്കുന്നത്.

ഷാജി പൊതുവില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാന്‍ അതിലെ നിയമം അപര്യാപ്തമാണ്. നിയമമുപയോഗിച്ച് നിങ്ങള്‍ക്കൊരിക്കലും തീവ്രവാദത്തെ നേരിടാനാവില്ല. അതുകൊണ്ട് തീവ്രവാദമെന്ന് ഷാജി വിളിക്കുന്ന കാര്യങ്ങളെ നേരിടാന്‍ നിയമം മാറ്റിവെച്ച മാര്‍ഗമാണ് അവലംബിക്കേണ്ടത്. അല്ലെങ്കില്‍ ഇപ്പോഴുള്ള കരിനിയമത്തിനപ്പുറം ഇനിയുമിനിയും ഉണ്ടാവണം. അടിയന്തിരാവസ്ഥ പിന്‍വലിച്ച ഇന്ദിരാഗാന്ധിയാണ് ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ തെറ്റുകാരി. നിത്യഹരിത അടിയന്തരാവസ്ഥയിലൂടെ മാത്രമേ ഇന്ത്യ നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. ഇന്ത്യന്‍ ജനാധിപത്യത്തെ സമ്പൂര്‍ണമായി പട്ടാളത്തെ ഏല്‍പിച്ച് പാര്‍ലമെന്റ് പിന്മാറിയാല്‍ അതായിരിക്കും കൂടുതല്‍ ഫലപ്രദമാവുക. പട്ടാളക്കോടതികള്‍ വിചാരണ നടത്തിയാല്‍ നിരോധം നീക്കപ്പെട്ടു എന്നു ഷാജി കുണ്ഠിതപ്പെടുന്ന സംഘടനകളൊന്നും വെളിച്ചം കാണാനിടയില്ല. മറ്റു രാജ്യങ്ങളില്‍ പ്രത്യേകിച്ച് അറബ്മുസ്‌ലിം നാടുകളില്‍ ഷാജി തീവ്രവാദത്തിന്റെ മസ്തിഷ്‌ക്ക ഉറവിടം എന്നുവിശേഷിപ്പിക്കുന്ന സയ്യിദ് ഖുതുബിനെപ്പോലുള്ളവരെ പട്ടാളക്കോടതികള്‍ വളരെ കാര്യക്ഷമമായി തൂക്കിക്കൊന്നിട്ടുണ്ട്.

കഴിഞ്ഞ സമയങ്ങളില്‍ ഷാജി ഏറ്റവും ഭീകരമായി ആക്രമിച്ചത് ഇടതുപക്ഷ സാംസ്‌കാരികപ്രവര്‍ത്തകനായ കെ.ഇ.എന്നിനെയാണ്. കെ.ഇ.എന്‍ ഇന്ത്യനവസ്ഥയില്‍ ന്യൂനപക്ഷ-ദലിത്-സ്ത്രീ സ്വത്വങ്ങള്‍ അനുഭവിക്കുന്ന അപരവല്‍ക്കരണത്തെക്കുറിച്ച് വളരെ ശക്തമായി എഴുതുകയും പറയുകയും ചെയ്തിരുന്നു. ജനാധിപത്യപരമായ മുസ്‌ലിം സ്വത്വരാഷ്ട്രീയ പ്രസ്ഥാനമായ മുസ്‌ലിംലീഗിന്റെ യുവജനസംഘടനാ നേതാവെന്തിനാണ് കെ.ഇ.എന്നിനെ വേട്ടയാടുന്നതെന്ന് മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമാണ്.

അതിനുകാരണം ഇരകളെക്കുറിച്ച ഏത് സംസാരവും ഭരണകൂടഭീകരതയെ അങ്ങേയറ്റം അലോസരപ്പെടുത്തുന്ന കാര്യമാണെന്നതാണ്. ഭരണകൂട ഭീകരതക്കെതിരായ സാംസ്‌കാരിക മാധ്യമ അന്തരീക്ഷത്തെ അത് നിര്‍മിക്കും. അതുകൊണ്ട് തന്നെ ഭരണകൂടഭീകരതയുടെ ടാര്‍ഗറ്റുകളില്‍ ഒന്നാണ് ഇത്തരം മാധ്യമസാംസ്‌കാരിക പ്രവര്‍ത്തകര്‍. ഭരണകൂട ഭീകരതയുടെ ഏജന്‍സികള്‍ക്കുവേണ്ടി ആ ദൗത്യം നിര്‍വഹിച്ചുകൊടുക്കുന്ന കോടാലികൈകളിലൊന്നാണ് ഇദ്ദേഹം. ജമാഅത്തെ ഇസ്‌ലാമിയെ നേരിടാന്‍ നിയമമൊരിക്കലും പര്യാപ്തമല്ലെന്ന ഷാജിയുടെ പുതിയവാദവും ബലപ്പെടുത്തുന്നത് ഷാജി ഭരണകൂട ഭീകരതയുടെ പൊതുമണ്ഡലത്തിലെ ഏജന്റാണെന്നാണ്. കരിനിയമങ്ങള്‍ക്കെതിരെ പൊതുമണ്ഡലത്തില്‍ പല ക്യാംപയിനുകളും നാം കണ്ടിട്ടുണ്ട്. എന്നാല്‍ കരിനിയമത്തിനുവേണ്ടി പൊതുമണ്ഡലത്തില്‍ വാദങ്ങള്‍ ഉയര്‍ത്താറുള്ളത് ഫാഷിസ്റ്റ് ശക്തികള്‍ മാത്രമാണ്.

അബ്ദുല്‍നാസര്‍ മഅ്ദനിക്കെതിരായ പുതിയ കേസിന്റെയും അറസ്റ്റിന്റെയും പശ്ചാത്തലത്തില്‍ ഭരണകൂട ഉദ്യോഗസ്ഥ കേന്ദ്രങ്ങള്‍ ദുര്‍ബല ജനവിഭാഗത്തിനെതിരെ നടത്തുന്ന നീക്കങ്ങള്‍ പൊതുമണ്ഡലത്തില്‍ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഷാജി ഇതെഴുതിയത്. നമ്മുടെ ജനാധിപത്യസമരങ്ങള്‍ക്ക് അവഗണിക്കാനാവാത്ത യാഥാര്‍ഥ്യമാണ് ഭരണകൂടഭീകരത. ഇന്റലിജന്‍സ് ഓഫീസര്‍മാരില്‍ ഒരുവിഭാഗം ഭരണകൂടഭീകരതക്കെതിരായ ജനാധിപത്യപോരാട്ടങ്ങള്‍ക്കെതിരെ ഉപജാപങ്ങള്‍ മെനക്കുന്നവരാണ്. അവരുടെ താല്‍പര്യപ്രകാരം ബഹുജനാഭിപ്രായം രൂപീകരിക്കുന്നതിനുവേണ്ടി സംസാരിക്കുകയും എഴുതുകയും ചെയ്യുക എന്നതാണ് ഇവര്‍ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തം. ഹേമന്ദ് കാര്‍ക്കരെയുടെ വധത്തില്‍ ഇത്തരം രഹസ്യാന്വോഷണ ഉദ്യോഗസ്ഥരുടെ പങ്ക് ഇന്ന് വെളിപ്പെടുത്തപ്പെട്ടതാണ്.

കശ്മീരില്‍ എങ്ങനെയാണ് രഹസ്യാന്യോഷണ ഉദ്യോഗസ്ഥര്‍ മുസ്‌ലിം ചെറുപ്പക്കാരെ ഭീകരവാദത്തിന് പ്രേരിപ്പിക്കുന്നതെന്ന് ഇര്‍ശാദ് അലി എന്ന കാശ്മീരി തടവുകാരന്‍ തിഹാര്‍ ജയിലില്‍ നിന്ന് പ്രധാനമന്ത്രിക്കെഴുതിയ തുറന്നകത്ത് വായിച്ചാല്‍ മനസ്സിലാവും. ഇതൊന്നും അറിയാതെയും പറയാതെയും രാജ്യത്തിന്റെ യാഥാര്‍ഥ്യങ്ങളെ വിശകലനം ചെയ്യാന്‍ കഴിയില്ല. രാജ്യത്തെ ഔപചാരിക ഏജന്‍സികള്‍ ഒരേസമയം മുസ്‌ലിം സമൂഹത്തെ അവരറിയാതെ ഭീകരവാദത്തിന് പ്രേരിപ്പിക്കുകയും ഭരണകൂടത്തിന്റെ അന്യായങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ കരിവാരിത്തേക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന നടപടികള്‍ ഒരിക്കലും അനാവരണം ചെയ്യപ്പെടില്ല എന്ന ആത്മവിശ്വാസമാണ് ഇവരെ ഈ ഏജന്‍സിപ്പണിക്കും അതിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കാനും പ്രേരിപ്പിക്കുന്നത്. പക്ഷേ, ഇതിനെ തുറന്നുകാട്ടി മാത്രമേ ഇന്ത്യയിലെ പൗരാവകാശസമരത്തിന് മുന്നോട്ടുപോവാന്‍ കഴിയൂ. ഇന്ത്യയെ കൂടുതല്‍ ആരോഗ്യകരമായ രീതിയില്‍ ജനാധിപത്യവല്‍ക്കരിക്കാന്‍ കഴിയൂ.

കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷംകൊണ്ട് നമ്മുടെ വലതുപക്ഷമീഡിയ നിര്‍മിച്ചെടുത്ത രണ്ട് യുവജനരാഷ്ട്രീയ പ്രതീകങ്ങളാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ. സുരേന്ദ്രനും കെ.എം. ഷാജിയും. മഅ്ദനി അറസ്റ്റ് ചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ മുസ്‌ലിംലീഗിനുതന്നെ ഷാജിയെ ദൃശ്യമാധ്യമങ്ങളില്‍ നിന്നു പിന്‍വലിക്കേണ്ടിവന്നു. ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള കേരളത്തിലെ യുവജന സംഘടനകളില്‍ നമ്മുടെ പൊതുസമൂഹത്തിന് ഒന്നിലധികം നേതാക്കളെ പരിചയമുണ്ട്. യൂത്ത്‌ലീഗില്‍ നമ്മുടെ പൊതുസമൂഹത്തിന് കെ.എം. ഷാജിയെയല്ലാതെ ആരെയാണ് അറിയുന്നത്. കാരണം കെ.എം. ഷാജി ഇവിടുത്തെ മുസ്‌ലിംവിരുദ്ധ മാധ്യമങ്ങളുടെ നിര്‍മ്മിതിയാണ്.

ഇടതുപക്ഷ വേഷം കെട്ടിയാടുന്ന ഹമീദ്‌ചേന്ദമംഗല്ലൂര്‍ എത്രയോ കാലമായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യവും ഇതുതന്നെയാണ്. പ്രവീണ്‍സ്വാമിയാണ് ഹമീദിന്റെ ഏറ്റവും വലിയ റഫറന്‍സ്. പൗരാവകാശങ്ങള്‍ക്കെതിരെ പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന് വേണ്ടി എംബഡഡ് ജേണലിസം നിര്‍വഹിക്കുന്ന പത്രപ്രവര്‍ത്ത അഗ്രഗാമിയാണ് പ്രവീണ്‍സ്വാമി. ജനശക്തി വാരികയില്‍ ഹമീദ് എഴുതിയ കോളത്തിലെ മിക്ക ലേഖനങ്ങളും ഭരണകൂട പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കുന്നതും മനുഷ്യാവകാശപരവും പൗരസമൂഹപക്ഷത്തുനിന്നുമുള്ളതായ മുഴുവന്‍ ചെറുത്തുനില്‍പ്പുകളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതുമായിരുന്നു.

വിശ്വാസപരമായോ രാഷ്ട്രീയപരമായോ ഹമീദിനും ഷാജിക്കുമിടയില്‍ പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന സാധര്‍മ്യങ്ങളൊന്നുമില്ല. ഒരാള്‍ വിശ്വാസി, മറ്റേയാള്‍ അവിശ്വാസി. ഒരാള്‍ മുസ്‌ലിംലീഗുകാരന്‍, മറ്റേയാള്‍ ഇടതുപക്ഷ സഹയാത്രികന്‍ എന്നവകാശപ്പെടുന്നയാള്‍. എന്നാല്‍ ഇവര്‍ തമ്മില്‍ പുലര്‍ത്തുന്ന ദൃശ്യവും അദൃശ്യവുമായ അഗാധസൗഹൃദത്തിന്റെ ഏകകാരണം ഇവര്‍ രണ്ടുപേരും പങ്കുവെക്കുന്ന ഭരണകൂട മര്‍ദ്ദക പ്രത്യയശാസ്ത്രത്തിന്റെ പൊതുഇടം മാത്രമാണ്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിനും ഭീകരതക്കും അനുകൂലമായ പൊതു അന്തരീക്ഷം രൂപപ്പെടുത്താന്‍ അവരുടെ താല്‍പര്യാനുസൃതം പ്രവര്‍ത്തിക്കുന്നവര്‍ എന്നത് മാത്രമാണ്. ഇസ്‌ലാമിനെതിരെ കിട്ടാവുന്ന ഓരോ അവസരത്തിലും അക്രമണം നടത്തുന്ന ഹമീദ് ചേന്ദമംഗല്ലൂരും മുസ്‌ലിം യൂത്ത്‌ലീഗിന്റെ സംസ്ഥാന അധ്യക്ഷനും തമ്മിലെന്ത് എന്നെങ്കിലും മുസ്‌ലിംലീഗ് ആലോചിക്കാന്‍ ശ്രമിച്ചാല്‍ അതവര്‍ക്ക് നല്ലത്.

Tuesday, October 12, 2010

ബാബരി മസ്ജിദും ഇന്ത്യന്‍ മുസ്‌ലിംകളുടെ അജണ്ടയും

ബാബരി മസ്ജിദ് ഇന്ത്യയുടെ സാമൂഹികരാഷ്ട്രീയ ചരിത്രത്തില്‍ രാസത്വരകമായി എണ്‍പതുകളുടെ അന്ത്യം മുതല്‍ തൊണ്ണൂറുകളുടെ മധ്യംവരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. മണ്ഡലും മസ്ജിദുമാണ് ഇന്ത്യയില്‍ പുതിയ ചില രാഷ്ട്രീയ പ്രവണതകള്‍ക്ക് നിമിത്തമായത്. ഒരു ജനത എന്നനിലയില്‍ മുസ്‌ലിംകള്‍ക്ക് അതിനെ ഏറെ ഉപയോഗപ്പെടുത്താനൊന്നുമായിട്ടില്ല. മണ്ഡലിനെത്തുടര്‍ന്ന് ഉത്തരേന്ത്യയിലെങ്കിലും ദലിത് പിന്നോക്കരാഷ്ട്രീയം ഉയര്‍ന്നുവന്നു. എന്നാല്‍ മുസ്‌ലിം മുന്‍കൈയില്‍ ഒരു രാഷ്ട്രീയത്തെ ഉയര്‍ത്തിക്കൊണ്ടുവരാനോ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയാവസ്ഥയില്‍ മാറ്റം രചിക്കാനോ മുസ്‌ലിം നേതൃത്വത്തിന് ബാബരിധ്വംസനത്തെത്തുടര്‍ന്നും സാധിച്ചില്ല. ബാബരിധ്വംസനത്തെ തുടര്‍ന്ന് മുസ്‌ലിം ഇന്ത്യ ചവിട്ടിപുറത്താക്കയ കോണ്‍ഗ്രസിനെത്തന്നെ ചെറിയ തിരുത്തലോടെ അതിനു സ്വീകരിക്കേണ്ടിവന്നു. ദലിത് പിന്നോക്കരാഷ്ട്രീയം അവര്‍ക്ക് സുരക്ഷിതത്വം നല്‍കിയെങ്കിലും അധികാരപങ്കാളിത്തം നല്‍കാന്‍ വിസമ്മതിച്ചു.

പക്ഷേ, ബാബരി മൂവ്‌മെന്റ് ഒരു പരാജയമായിരുന്നില്ല. ഇന്ത്യന്‍ മുസ്‌ലിമിന്റെ എല്ലാ പരാധീനതകളും അതിനുണ്ടായിരുന്നെങ്കില്‍ തന്നെയും. ബാബരിമസ്ജിദ് ഒഴികെയുള്ള രാജ്യത്തെ എല്ലാ ദേവാലയങ്ങളുടെയും ഉടമസ്ഥാവകാശം 1947 ആഗസ്റ്റ് 15നെ കട്ട്ഓഫ് ഡേറ്റായി കണക്കാക്കി നിശ്ചയിക്കാനുള്ള ബില്‍ ബാബരി പ്രക്ഷോഭം നേടിയെടുത്ത വിജയമായിരുന്നു. അല്ലെങ്കില്‍ ആ പ്രക്ഷോഭത്തിന്റെ ഉപോല്‍പന്നമായിരുന്നു. രാജ്യത്തെ മതേതര ജാഗ്രതയെ ശക്തിപ്പെടുത്തുന്നതില്‍ ബാബരി പ്രക്ഷോഭം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകള്‍ നയിച്ച അങ്ങേയറ്റം മതേതരമായ ഒരു പ്രസ്ഥാനമായിരുന്നു അത്.

എന്നാല്‍ പുതിയ വിധിയുടെ മുമ്പ് മുസ്‌ലിംനേതാക്കള്‍ നടത്തിയ പ്രസ്താവനകളിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ബാബരി പ്രശ്‌നത്തെ തെരുവിലേക്കെടുക്കരുതെന്നതായിരുന്നു. ബാബരി ഇപ്പോള്‍ ഒരു തെരുവുപ്രശശ്‌നമല്ല. ബാബരി തെരുവ് പ്രശ്‌നമായത് അതിനെതിരെ ഫാഷിസ്റ്റുകള്‍ നിയമം കൈയിലെടുക്കുകയും സര്‍ക്കാര്‍ അനീതി കാണിക്കുകയും ചെയ്ത സന്ദര്‍ഭങ്ങളിലാണ്. ഇപ്പോള്‍ ബാബരി മസ്ജിദ് ഒരു കോടതിവിഷയമാണ്. പ്രത്യേകിച്ച് അതൊരു സിവില്‍ തര്‍ക്കമാണ്. രാഷ്ട്രീയ തീരുമാനങ്ങള്‍ക്കെതിരില്‍ പങ്കൊന്നും വഹിക്കാനില്ല.

പുതിയ കോടതിവിധി മുസ്‌ലിംകളില്‍ നിരാശ സൃഷ്ടിച്ചു എന്നത് വാസ്തവമാണ്. എന്നാല്‍ കോടതി വിധി മാനിക്കും എന്നാണ് ഈ വിഷയത്തിന്റെ ഓരോ ഘട്ടത്തിലും മുസ്‌ലിംനേതൃത്വം പറഞ്ഞിരുന്നത്. കോടതിവിധി തങ്ങള്‍ക്കനുകൂലമായാല്‍ അംഗീകരിക്കും എന്നതല്ലല്ലോ അതിനര്‍ഥം. കോടതിവിധി അംഗീകരിക്കില്ല എന്നുപറഞ്ഞവര്‍ക്കനുകൂലമായി കോടതിവിധി വന്നിരിക്കുന്നു. ഇത് പ്രയാസകരമാണെങ്കിലും ധാര്‍മികമായ ഒരു പരീക്ഷണം ഇതിനകത്തുണ്ട്. അതിനെ മുസ്‌ലിം നേതൃത്വവും സാമാന്യജനവും അത്യുജ്വലമായി അഭിമുഖീകരിച്ചു.  അഭിമാനാര്‍ഹമായ വിധത്തില്‍ വിജയിച്ചു. ഒരു പള്ളിയുടെ അവകാശ ലബ്ധിയേക്കാള്‍ വലുതാണ് വാക്കിന്റെ സത്യമെന്നത്, മൂല്യമെന്നത്. പള്ളിതന്നെയും മൂല്യങ്ങളെ അനുശീലിപ്പിക്കാനും പ്രകാശിപ്പിക്കാനുമാണല്ലോ?

അതേസമയം, ഇത് രാജ്യത്തിന്റെ പക്വതയെ വെളിപ്പെടുത്തിയ സന്ദര്‍ഭമാണെന്ന വിലയിരുത്തല്‍ അസ്ഥാനത്താണ്. കാരണം സത്യം വിധിച്ചാല്‍ അതിനെ സംയമനത്തോടെ സ്വീകരിക്കാനുള്ള ജനാധിപത്യവളര്‍ച്ച രാജ്യം കൈവരിച്ചിട്ടില്ല എന്നതാണ് വിധി തെളിയിക്കുന്നത്. ലഖ്‌നോ ബെഞ്ചിന് നേതൃത്വം നല്‍കിയ സിബ്ഗത്തുല്ലാഖാന്‍ തന്റെ വിധിന്യായത്തിന്റെ ആമുഖത്തില്‍ പറയുന്നത് കണക്ക് പരിശോധിച്ചുള്ള തീര്‍പ്പല്ല, രമ്യതയുടെ പാതയിലേക്ക് വഴിനടത്താനാണ് കോടതിയുടെ ശ്രമമെന്നാണ്. സത്യംകൊണ്ട് രമ്യത കൈവരിക്കാന്‍ കഴിയുന്ന പാകതയിലേക്ക് ഇന്ത്യന്‍ ജനാധിപത്യസമൂഹത്തിന് ഇനിയും വളരാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് കോടതിവിധി നല്‍കുന്ന സന്ദേശം.

കോടതിവിധി മാനിക്കില്ല എന്ന നിലപാട് വേണമെങ്കില്‍ മുസ്‌ലിം സമൂഹത്തിനും സ്വീകരിക്കാമായിരുന്നു. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ പിന്തുടരുന്ന ഹനഫീ കര്‍മശാസ്ത്ര സരണിയിലെ വിധിപ്രകാരം ഒരു സ്ഥലം പള്ളിയായി വഖഫ് ചെയ്തുകഴിഞ്ഞാല്‍ അത് എക്കാലത്തും പള്ളിയാണ്. അതിന്റെ ആകാശഭാഗവും ഭൂമിയുടെ അന്തര്‍ഭാഗവും പള്ളിയും പവിത്രവുമാണ്. വിശ്വാസികള്‍ക്ക് തന്നെ അതിനെ മാറ്റാനധികാരമില്ല. പക്ഷേ, എന്നിട്ടും കോടതിവിധി അംഗീകരിക്കും എന്ന നിലപാടെടുക്കാന്‍ കാരണം ഇതാണ്. ന്യായമായ സ്ഥലത്ത് നിര്‍മിക്കുന്ന പള്ളി മാത്രമേ സാധുവാകുകയുള്ളള്ളൂ. രണ്ട്, ഒരു വസ്തു അവകാശതര്‍ക്കം വിശ്വാസപരമായല്ല പരിഹരിക്കേണ്ടത്. അത് ഇസ്‌ലാമിന്റെ തന്നെ നീതിശാസ്ത്രത്തിനെതിരാണ്. വസ്തു അവകാശതര്‍ക്കങ്ങള്‍ തീര്‍പ്പുകല്‍പിക്കാനുള്ള അടിസ്ഥാനമായി വിശ്വാസത്തെ അംഗീകരിച്ചുകൊണ്ട് ഒരു ബഹുസ്വരസമൂഹത്തിനു മുന്നോട്ടുപോകാനാവില്ല. ദൗര്‍ഭാഗ്യവശാല്‍ ഇത്തരമൊരു പ്രതിസന്ധിയിലേക്കാണ് ഈ കോടതിവിധി ഇന്ത്യന്‍ ജനാധിപത്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. പക്ഷേ, അംബേദ്കര്‍ ചൂണ്ടിക്കാട്ടിയപോലെ 'ഇത് ജനാധിപത്യയുഗമാണ്. ജനാധിപത്യം വേണ്ടത്ര ജനാധിപത്യമായിട്ടില്ലെങ്കില്‍ വേണ്ടത്ര ജനാധിപത്യമാക്കേണ്ടത് നാം പൗരന്മാര്‍ തന്നെയാണ്.' ഹൈക്കോടതി വിധിക്കെതിരായ സുന്നി വഖഫ്‌ബോര്‍ഡിന്റെ അപ്പീലിന്റെ പ്രസക്തി അതാണ്. സുപ്രീംകോടതിയിലും പരാജയപ്പെടാം. വസ്തുതയേക്കാള്‍ വിശ്വാസമാണ് പ്രമാണം എന്ന് പരമോന്നതകോടതിയും വിധിക്കാം. അപ്പോഴും അവശേഷിക്കുന്നത് ഇനിയും പരിഹരിക്കപ്പെടേണ്ട ദൗര്‍ബല്യങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ടെന്ന വസ്തുത മാത്രമാണ്. ബാബരിമസ്ജിദിന് ഭൂരിപക്ഷ ന്യൂനപക്ഷ മതവികാരത്തിന്റെ പ്രശ്‌നമല്ല. ജനാധിപത്യത്തിന്റെ ആരോഗ്യാനാരോഗ്യത്തിന്റെ പ്രശ്‌നമാണ്. ജനാധിപത്യത്തിന്റെ പ്രശ്‌നങ്ങളെ ജനാധിപത്യപരമായി മാത്രമേ പരിഹരിക്കാന്‍ കഴിയൂ. ജനാധിപത്യം അതിന്റെ ഉത്തരം രോഗാതുരതകളെ എല്ലാം ഭേദമാക്കി പൂര്‍ണാരോഗ്യം നേടിയെടുക്കുകതന്നെ ചെയ്യും. അവകാശത്തര്‍ക്കത്തില്‍ ഏതെങ്കിലും വസ്തുതകളെ അവലംബിച്ച് കോടതി വിശ്വഹിന്ദു പരിഷത്തിനനുകൂലമായി വിധിക്കുകയായിരുന്നെങ്കില്‍ അത് ഇത്ര അപകടകരമാവുമായിരുന്നില്ല. അത് ഉടമാവകാശം ആര്‍ക്കുനല്‍കി എന്നതിനേക്കാള്‍ അതിനവംബലിച്ചത് വിശ്വാസത്തെയാണെന്നതാണ് കോടതിവിധിയെ ഇന്ത്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ ഒരു പ്രതിസന്ധിയാക്കി മാറ്റുന്നത്.

ബാബരി മസ്ജിദും ഇന്ത്യന്‍ മുസ്‌ലിംകളും
അതേസമയം ബാബരി മസ്ജിദ് ഇന്ത്യന്‍ മുസ്‌ലിംകളുടെ അജണ്ടയുടെ കേന്ദ്രസ്ഥാനമാവേണ്ടതുണ്ടോ എന്ന ആലോചനക്കും സമാന്തരമായിതന്നെ ഏറെ പ്രസക്തിയുണ്ട്. ഒരു പള്ളി അവകാശതര്‍ക്കത്തില്‍ മുസ്‌ലിം സമൂഹത്തെ തളച്ചിടാന്‍ കഴിയുക എന്നത് ശത്രുവിന്റെ വിജയമാണ്. പ്രത്യേകിച്ച് കൃത്രിമമായെങ്കിലും സൃഷ്ടിച്ചെടുത്ത മറ്റൊരു മതവികാരത്തിനെതിരായ പള്ളി പ്രശ്‌നത്തില്‍. എന്തു വിലകൊടുത്തും ഒരു പള്ളി വിമോചിപ്പിക്കുക എന്നതല്ല ഇന്ത്യന്‍ മുസ്‌ലിംകളുടെ ദൗത്യം. ഒരു പള്ളിയുടെ വിമോചനത്തേക്കാള്‍ രാജ്യത്തിന്റെ തന്നെ ആത്മീയവും ഭൗതികവുമായ വിമോചനമാണ് മുസ്‌ലിം സമൂഹത്തിന്റെ അജണ്ടയാവേണ്ടത്. ജനാധിപത്യവിരുദ്ധമായ അവസ്ഥകളില്‍ നിന്ന് ജനാധിപത്യപരമായി രാജ്യവാസികളെ വിമോചിപ്പിക്കുക എന്നതാണ് മുസ്‌ലിം സമൂഹത്തില്‍ ഭരമേല്‍പിക്കപ്പെട്ട അടിസ്ഥാനഉത്തരവാദിത്തം. അങ്ങനെ രാജ്യത്ത് ക്ഷേമവും സമാധാനവും സൃഷ്ടിക്കുക. ആ ദൗത്യനിര്‍വഹണത്തിനു സഹായകമാവുന്ന വിധത്തില്‍ ബാബരിപ്രശ്‌നത്തെയും നോക്കിക്കാണുകയാണ് ചെയ്യേണ്ടത്. വിശാലമായ ലക്ഷ്യങ്ങളുള്ളവര്‍ക്ക് താല്‍ക്കാലികമായ വികാരവിക്ഷോഭങ്ങളെ മറികടക്കാന്‍ കഴിയണം. ഇന്ത്യന്‍ മുസ്‌ലിം അജണ്ട ഒരു പള്ളിവിമോചന കമ്മിറ്റിയായി ചുരുങ്ങാതിരിക്കണം. അത് മനുഷ്യവിമോചന യത്‌നമായി വികസിക്കണം.

രാജ്യം നേരിടുന്ന ദാരിദ്ര്യവും അസമാധാനവും നിരക്ഷരതയും പോഷകാഹാരക്കുറവും ഭൂമിയില്ലായ്മയും മൂലധന ചൂഷണവും എല്ലാം അപ്രസക്തമാവുകയും അമ്പലവും പള്ളിയും അതിന്റെ അവകാശതര്‍ക്കവും പ്രസക്തമാവുകയും ചെയ്യുന്നത് മതത്തിനോ രാജ്യത്തിനോ ഗുണകരമല്ല. മതത്തിന്റെ തെറ്റായ പ്രതിച്ഛായ നിര്‍മിതിക്ക് മാത്രമേ അത് ഉപകരിക്കൂ. ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ തല തിരിച്ചിടലാണത്. നാം മുന്‍കൈയെടുത്തല്ലെങ്കിലും ഇത്തരമൊരന്തരീക്ഷം നിര്‍മിക്കപ്പെടുന്നതിനെ എങ്ങനെ മറികടക്കാം എന്നത് ഇന്ത്യന്‍ മുസ്‌ലിംനേതൃത്വം ഗൗരവത്തിലാലോചിക്കേണ്ടതാണ്. പട്ടിണിയും ദാരിദ്ര്യവും അസമാധാനവും പ്രശ്‌നമാകാത്ത, പള്ളിയും അമ്പലവും മാത്രം പ്രശ്‌നമാകുന്ന മതമെന്നത് മതത്തിന്റെ വികൃതാവതരണമാണ്.

മക്കയിലെ ഭൗതികവും ആത്മീയവുമായ എല്ലാ വിഷയങ്ങളും ഉന്നയിച്ച് രംഗത്തുവന്ന പ്രവാചകന്‍ കഅബയുടെ യഥാര്‍ഥ അവകാശികള്‍ മുസ്‌ലിംകളായിരുന്നിട്ടും അതിന്റെ അവകാശത്തെ ഒരിക്കലും ഉന്നയിക്കുന്നില്ല. കാരണം ഒരു പള്ളി വിമോചിപ്പിക്കുക എന്നതിനേക്കാള്‍ ആ ജനതയെത്തന്നെ ആത്മീയമായും ഭൗതികമായും വിമോചിപ്പിക്കുക എന്നതായിരുന്നു പ്രവാചകന്റെ ദൗത്യം. അതിന്റെ സ്വാഭാവിക ഫലം മാത്രമായിരുന്നു പ്രവാചകന് കഅബയുടെ വിമോചനം. കഅബ ഖുറൈശികളുടെ വൈകാരിക വിഷയമായിരുന്നു. അതിനെ അവരുടെ പക്ഷത്തുനിന്നുകൊണ്ടുതന്നെ ഏകദൈവ പ്രബോധനത്തിനുവേണ്ടി ഖുര്‍ആന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്ക് വിശപ്പില്‍ നിന്ന് ഭക്ഷണവും ഭയത്തില്‍ നിന്ന് സുരക്ഷിതത്വവും നല്‍കിയത് കഅബയല്ലേ? എങ്കില്‍ പിന്നെ അതിന്റെ നാഥനെയല്ലേ നിങ്ങള്‍ ഉപാസിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത്. (സൂറഃ ഖുറൈശ്, അല്‍ ഖസസ് 57) കേവല പള്ളി വിമോചനമെന്നത് വൈകാരികവും സാമുദായികവുമായ ഒരജണ്ടയാണ്. എന്നാല്‍ ജനതയുടെ വിമോചനമെന്നത് വൈചാരികവും മാനവികവുമായ അജണ്ടയാണ്. രാജ്യത്തിലെ മനുഷ്യരെ ദുരിതങ്ങളില്‍ നിന്നും അവകാശ നിഷേധങ്ങളില്‍ നിന്നും വിമോചിപ്പിക്കാനുള്ള പരിശ്രമത്തിനു ശക്തിപകരുന്ന സ്വഭാവത്തില്‍ ബാബരി വിഷയത്തെയും സെറ്റ് ചെയ്യാന്‍, അതിന്റെ ട്യൂണ്‍ ക്രമീകരിക്കാന്‍, അതുമായി ബന്ധപ്പെട്ട നിലപാടുകള്‍ സ്വീകരിക്കാന്‍ മുസ്‌ലിം സമൂഹത്തിനു സാധിക്കേണ്ടതുണ്ട്.

കഅബ പടുത്തുയര്‍ത്തയിട്ട് ഇബ്‌റാഹിം നബി നടത്തുന്ന പ്രാര്‍ഥന ഈ നാടിന് നീ സുരക്ഷിതതവും ക്ഷേമവും നല്‍കണേ എന്നാണ്. പള്ളി ഒരു കാരണവശാലും ഒരു നാടിന്റെ അരക്ഷിതത്വത്തിനും പിന്നാക്കാവസ്ഥക്കും കാരണമാവരുത്. കഅബ ആ ജനതക്ക് നല്‍കിയ സുരക്ഷിതത്വത്തെക്കുറിച്ച്, സമാധാനത്തെക്കുറിച്ച് എത്ര വ്യാപ്തിയിലാണ് ഖുര്‍ആന്‍ വാചാലമാവുന്നത്.

Friday, October 8, 2010

കേരള മുസ്‌ലിമിന്റെ വഴി



വഴിമൂടിപ്പോകുന്നു എന്ന തോന്നലുണ്ടാവുന്ന രണ്ട് ജനവിഭാഗങ്ങളാണ് ദലിതരും മുസ്‌ലിംകളും. അതേസമയം ഏറ്റവും ചലനാത്മകമായ, ഏറ്റവും പുതിയ ഉണര്‍വുകള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന രണ്ട് സമൂഹങ്ങളും ഇവര്‍ തന്നെയാണ്. ഈ ഉണര്‍വുകള്‍ പുതിയതരം അടിച്ചമര്‍ത്തലിനു കാരണമാവുന്നു എന്നത് വിഷയത്തെ പിന്നെയും സങ്കീര്‍ണമാക്കുകയാണ്.

മുസ്‌ലിം സമൂഹത്തിലെ വരേണ്യമനസ്സിനെ വിശേഷിപ്പിക്കാന്‍ ഏറെ ഉചിതമായ പദാവലി ഭരണരതി എന്നതാണെന്നു തോന്നുന്നു. മുഖ്യധാരയുടെ മുഴുവന്‍ മൂല്യങ്ങളും ആവാഹിച്ച് ആര്‍ഭാടമായി ജീവിക്കാന്‍ ശ്രമിക്കുക. അത്തരമൊരു നല്ല മുസ്‌ലിമിനെ (Good Muslim) സാമ്രാജ്യത്വം മുതല്‍ സമകാലിക സി.പി.എം. വരെയുള്ള മുസ്‌ലിം വിരുദ്ധശക്തികള്‍ക്കാവശ്യമുണ്ട്. പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിലെ പുതിയ ഉണര്‍വുകളെ നേരിടാന്‍ അവര്‍ക്കത്തരമൊരു മുസ്‌ലിമിനെ ആവശ്യമുണ്ട്. കേരളത്തില്‍ മുസ്‌ലിംലീഗ് ചെയ്യുന്നത് അതിനുവേണ്ടി ചമഞ്ഞൊരുങ്ങിക്കൊടുക്കുക എന്നതാണ്.

മറ്റൊരുവിഭാഗം അക്രമപ്രവര്‍ത്തനവും സായുധ പ്രതിരോധവുമാണ്. രക്ഷയുടെ വഴി എന്നു കരുതുന്നവരാണ്. അവര്‍ സ്വയമറിയാതെ ശത്രുവിനെ ശക്തിപ്പെടുത്തുന്നവരാണ് ഇസ്‌ലാമിനെക്കുറിച്ച് ഭീതി പരത്തുക എന്നത് അതിന്റെ ശത്രുക്കളുടെ അജണ്ടയാണ്. അതിലവര്‍ നല്ലൊരു പരിധിവരെ വിജയിക്കുന്നുമുണ്ട്. ഇസ്‌ലാമോഫോബിയ എന്നപേരില്‍ പ്രസിദ്ധമായ പ്രതിഭാസത്തിന്റെ പശ്ചാത്തലമതാണ്. ആ ഇസ്‌ലാം പേടിക്ക് വെള്ളവും വളവും നല്‍കുകയാണ് മുസ്‌ലിം തീവ്രവാദികള്‍ ചെയ്യുന്നത്. അധ്യാപകന്റെ കൈവെട്ടി അവര്‍ യഥാര്‍ഥത്തില്‍ സമര്‍പ്പിച്ച് സാമ്രാജ്യത്വത്തിന്റെയും സവര്‍ണ ഫാഷിസത്തിന്റെയും കാല്‍ക്കീഴിലാണ്.

ബലപ്രയോഗത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുക എന്ന മൃഗീയതക്കുമുകളില്‍ സംസ്‌കാരത്തിന്റെ കൊടി പറത്തിയാണ് ജനാധിപത്യം പിറന്നത്. കൈയൂക്കുള്ളവനല്ല കാര്യക്കാരനാവേണ്ടത് കാര്യമുള്ളവന്‍ തന്നെയാണ് കാര്യക്കാരനാവേണ്ടത് എന്ന എഗ്രിമെന്റിലാണ് ജനാധിപത്യം ജനിക്കുന്നത്. ജനാധിപത്യപരമായി ഏറ്റവും മാന്യമായി പരിഹരിക്കപ്പെട്ട ഒരു ചോദ്യപേപ്പര്‍ പ്രശ്‌നത്തോട് പിന്നെയും വെട്ടുകത്തിയുടെ ഭാഷയില്‍ പ്രതികരിക്കുക എന്നത് ഒരു ജനത ജനാധിപത്യ ക്രമവുമായി നടത്തിക്കൊണ്ടിരിക്കുന്ന ഇടപഴകലുകളെ തകര്‍ക്കുന്ന നീക്കമാണ്.

ആഗോളതലത്തില്‍ സാമ്രാജ്യത്വത്താലും ദേശീയതലത്തില്‍ സവര്‍ണപ്രത്യയശാസ്ത്രത്താലും പ്രാദേശികതലത്തില്‍ മുഖ്യധാരയാലും വേട്ടയാടപ്പെടുന്ന ഒരു സമൂഹമെന്നത് മുസ്‌ലിം ജനതയുടെ സവിശേഷതയാണ്. ഒപ്പം ഉണര്‍വിന്റെ നിരവധി ഉറവകളും ഈ സമൂഹം പ്രകടിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിനെ നിരന്തരമവര്‍ സമകാലീകരിച്ചു കൊണ്ടിരിക്കുന്നു. മുഖ്യധാരയില്‍ സമ്പൂര്‍ണമായി ലയിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. തീവ്രവാദത്തിനും സവര്‍ണ ഇസ്‌ലാമിനുമെതിരായ മുസ്‌ലിം പ്രതിനിധാനത്തെ വികസിപ്പിച്ചെടുക്കുക എന്നതാണ് കേരളമുസ്‌ലിമിന്റെ മുന്നിലുള്ള ശരിയായ ഓപ്ഷന്‍.

ഇവിടെ അരികുവല്‍കരിക്കപ്പെടുന്നത് മുസ്‌ലിംകളും ഇസ്‌ലാമും മാത്രമല്ല. ഇന്ത്യയുടെ സാമൂഹികക്രമം സഹസ്രാബ്ദങ്ങളായി മനുഷ്യനായി പോലും പരിഗണിക്കാതെയാണ് ദലിതരോട് പെരുമാറുന്നത്. ഭരണഘടന അവരുടെ വിമോചനത്തിന്റെ ഔപചാരികമായ പ്രോല്‍ഘാടനമായിരുന്നു. അതേപോലെ ദരിദ്രരും സ്ത്രീകളും പ്രകൃതിയും പുതിയ വികസനരീതി കുടിയൊഴിപ്പിക്കുന്ന ജനലക്ഷങ്ങളും മലിനീകരണത്തിന്റെ ഇരകളുമെല്ലാം അതിജീവനത്തിനുവേണ്ടി ഉയര്‍ത്തുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ചുമാത്രമേ മുസ്‌ലിമിന്റെ പ്രശ്‌നപരിഹാരത്തിന്റെ രാഷ്ട്രീയവും വികസിപ്പിച്ചെടുക്കാനാവൂ. എല്ലാ പൗരന്മാര്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശത്തിന്റെ പരിരക്ഷക്കുവേണ്ടി നിരവധി മനുഷ്യാവകാശ പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും ഇവിടെ സജീവമാണ്. എല്ലാ മനുഷ്യരുടെയും പൗരന്മാരുടെയും അവകാശത്തിന്റെ ഭാഗമായാണ് മുസ്‌ലിമിന്റെ അവകാശവും സംരക്ഷിക്കപ്പെടേണ്ടത്.

പരിസ്ഥിതി സ്ത്രീവാദ ദലിത് മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഇത്തരം പ്രക്ഷോഭങ്ങളും പുതിയ ജീവിതക്രമത്തെതന്നെ അപനിര്‍മിക്കാനും നവീകരിക്കാനുമാണ് പരിശ്രമിക്കുന്നത്. ഏതോ ഭരണാധികാരിയുടെ കുടിലതാല്‍പര്യം കൊണ്ടോ ഉദ്യോഗസ്ഥന്റെ അശ്രദ്ധകൊണ്ടോ മാത്രമല്ല പരിസ്ഥിതിക്കെതിരായ കൈയേറ്റങ്ങള്‍ നടക്കുന്നത്. വികസനകാഴ്ചവട്ടത്തിന്റെ സഹജദൗര്‍ബല്യം കൂടിയാണത്. പുരുഷകേന്ദ്രീകൃതമായ സാമൂഹ്യക്രമത്തിന്റെ സമഗ്ര നിയമങ്ങളാണ് സ്ത്രീയെ ഇന്നും ഒരു ലിംഗവിഭാഗമെന്ന നിലക്കുതന്നെ പീഡിപ്പിക്കുന്നത്. ഇതിനേക്കാള്‍ തീവ്രവും ഗാഢവുമാണ് മൂന്നാം ലിംഗവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍.

മനുഷ്യാവകാശ പ്രശ്‌നത്തിന്റെ ഉറവിടം അങ്ങേയറ്റം അതാര്യവും കേന്ദ്രീകൃതവുമായ ആധുനിക ദേശരാഷ്ട്രം തന്നെയാണ് ദേശരാഷ്ട്രം എല്ലാ അതിക്രമവും നടത്തുന്നത് അതിന്റെ സുരക്ഷയെ ചൊല്ലിയാണ് അഥവാ എല്ലാ അരുതായ്മയ്ക്കും അതിന്റെ ചെലവില്‍ ന്യായവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ജനങ്ങളുമായി പൗരാവകാശവും മനുഷ്യാന്തസ്സുമെല്ലാം രാജ്യദ്രോഹം ആരോപിക്കപ്പെടുന്നതോടെ ഒരാളില്‍ പ്രവര്‍ത്തനരഹിതമായ ഒന്നായിത്തീരുകയാണ്. ജനാധിപത്യമെന്നും ജനാധിപത്യവിരുദ്ധമായി പെരുമാറുന്നത് അതിന്റെ നിലനില്‍പ്പിന്റെ ന്യായത്തിന്റെ മുകളില്‍വെച്ചാണെന്നത് എന്തുമാത്രം വിരോധാഭാസമാണ്. ഒരാളുടെ പേരില്‍ ഭരണവര്‍ഗം രാജ്യദ്രോഹമാരോപിക്കുന്നതോടെ അവിടെ ചോദ്യവും ഉത്തരവും അസാധ്യമാവുകയാണ്.

അങ്ങനെ ഈ സമൂഹരാഷ്ട്രക്രമത്തിന്റെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടി പരിഹരിക്കാന്‍ ശ്രമിക്കുന്ന മുന്‍കൈകളെ മുഴുവന്‍ ശക്തിപ്പെടുത്തിമാത്രമേ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നവും പരിഹരിക്കാന്‍ കഴിയൂ. പീഡനങ്ങളും വിവേചനങ്ങളും സ്വന്തം ഇടനെഞ്ചില്‍ ഏറ്റുവാങ്ങുന്ന ഒരുജനത എന്നനിലക്ക് മുസ്‌ലിംകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ എളുപ്പം ഗ്രഹിക്കാന്‍ കഴിയും. ഏറ്റവും സജീവമായി ഇതില്‍ ഭാഗഭാക്കാവാന്‍ കഴിയും.

ദുര്‍ബലവിഭാഗങ്ങള്‍ എവിടെയും മറന്നുവെക്കാന്‍ പാടില്ലാത്ത ഒരു തിരിച്ചറിവുണ്ട്. ജനാധിപത്യവും നിയമവാഴ്ചയും ശക്തന്റെ ആവശ്യമല്ല അത് ദുര്‍ബലന്റെ ആവശ്യമാണ്. ശക്തരുടെയും ഏതോ തരത്തില്‍ ബലമുള്ളവരുടെയും കാര്യങ്ങള്‍ ആരോഗ്യകരമായ ജനാധിപത്യസംവിധാനമെങ്കിലും നടക്കും. ദുര്‍ബലന്റെ ഏക അത്താണി ജനാധിപത്യക്രമം മാത്രമാണ്.

അത് ശരിയായ വിധത്തില്‍ നിലനിന്നാല്‍ ദുര്‍ബലന്‍ അവിടെ ഏറെ കരുത്തുള്ളവരായിരിക്കും. അതിന്റെ തന്നെ മറ്റൊരര്‍ഥം ജനാധിപത്യത്തെ സക്രിയമാക്കിനിര്‍ത്തുന്നതില്‍ അതിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുക ദുര്‍ബല ജനവിഭാഗത്തിനായിരിക്കും. സവര്‍ണരും ജന്മിമാരുമല്ല നമ്മുടെ ഇന്നീകാണുന്ന ജനാധിപത്യത്തെതന്നെ ഉയിരുകൊടുത്ത് വികസിപ്പിച്ചത്. മറിച്ച് കുടിയാന്മാരും അയിത്തജാതിക്കാരും പിന്നോക്കജാതിക്കാരുമാണ്.

സവര്‍ണനമ്പൂതിരി സമുദായത്തില്‍ പോലും നവോഥാനത്തിന്റെയും ജനാധിപത്യ പ്രക്ഷോഭങ്ങളുടെയും മുന്‍കൈയും മുന്നണിപ്പടയുമായി വര്‍ത്തിച്ചത് ആ സമുദായങ്ങളിലെ അഫ്ഫന്‍ നമ്പൂതിരിമാരായിരുന്നു. അപ്പോള്‍ പീഡിതന്‍ എന്നത് ജനാധിപത്യക്രമത്തിന്റെ ഗുണപരമായ വളര്‍ച്ച സ്വപ്നം കാണുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ഒരു സാധ്യതയാണ്.

(സൈന്ധവമൊഴി.   ലക്കം 24     2010 ആഗസ്റ്റ് - സെപ്തംബര്‍)

Wednesday, September 15, 2010

തടിയന്റെവിട നസീര്‍ എവിടെനിന്നാണ് പുറപ്പെടുന്നത്


കളമശ്ശേരി ബസ് കത്തിക്കല്‍, തടിയന്റവിട നസീര്‍ ലക്ശറെ ത്വയ്യിബ കേസും പ്രചാരണവും മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം അകത്തേക്കും പുറത്തേക്കും ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എത്രയോ അളവില്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്ന യാഥാര്‍ഥ്യമാണ് ഒന്നാമതായി ഇത് അനാവരണം ചെയ്യുന്നത്. ഇത് അബ്ദുന്നാസിര്‍ മഅ്ദനി എന്ന മനുഷ്യന്റെ രാഷ്ട്രീയ ജീവിതവും ജീവിതം തന്നെയും ഇല്ലാതാക്കാനുള്ള, ഒപ്പം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത എല്ലാവരെയും തകര്‍ക്കാനുള്ള സുവര്‍ണാവസരമായി കാണുന്നതിനപ്പുറം വിശകലനം ചെയ്യാനുള്ള ധാര്‍മിക ബാധ്യത കേരള മുസ്‌ലിം സമൂഹിക രാഷ്ട്രീയ മതനേതൃത്വങ്ങള്‍ക്കുണ്ട്. ഏതെങ്കിലും മത രാഷ്ട്രീയ  നേതാക്കളുടെ ഭാവി നശിപ്പിച്ചത് കൊണ്ട് ഈ സിന്‍ഡ്രം ചികിത്സിക്കപ്പെടാന്‍ പോകുന്നില്ല.

പ്രവാചക(സ)നോട് മക്കയിലെ കടുത്ത പീഡനത്തിന്റെ വേളയില്‍ സായുധ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും അനുവാദമില്ലെങ്കില്‍ ചില പ്രമുഖരെ രഹസ്യമായി ഉന്മൂലനം ചെയ്യുന്നതിന് അനുവാദം തരണമെന്ന് അഭ്യര്‍ഥിച്ച് പ്രവാചക സഹചരില്‍ ചിലര്‍ അദ്ദേഹത്തെ സമീപിച്ചു. ഒരു പ്രത്യാക്രമണം നടത്തിയില്ലെങ്കിലും ചില ശത്രു നേതാക്കളെ ഗൂഢമായി ഉന്മൂലനം ചെയ്താല്‍ പീഡനത്തിന് വലിയ ആശ്വാസം ലഭിക്കുമെന്നതായിരുന്നു അവരുടെ വിലയിരുത്തല്‍. പക്ഷേ അതിന് മറുപടി പറഞ്ഞത് ദൈവമാണ്. ''ശത്രുക്കളില്‍ നിന്ന് വിശ്വാസികളെ പ്രതിരോധിക്കുന്നവന്‍ ദൈവമാകുന്നു. ദൈവം വഞ്ചകരെയും നന്ദികെട്ടവരെയും ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.'' (അല്‍ഹജ് 38).

യുദ്ധത്തെയും സമാധാനത്തെയും പരസ്പരം കൂട്ടിക്കുഴക്കരുത് എന്നത് ഇസ്‌ലാമിന്റെ ധാര്‍മിക ശാഠ്യങ്ങളിലൊന്നാണ്. എതിരാളികള്‍ കൂട്ടിക്കുഴക്കുന്നുണ്ടെങ്കിലും മുസ്‌ലിംകള്‍ ഏതോ ഒരു നിലപാട് പ്രഖ്യാപിക്കുകുയം അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യണം. അതിന് എന്തു വില നല്‍കേണ്ടി വന്നാലും. അത് ഉജ്ജ്വലമായി ഏറ്റെടുത്തതാണ് പൂര്‍വ സൂരികളുടെ ചരിത്രം.

പൗരത്വം ഒരു കരാറാണ്. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവരെക്കുറിച്ച് പോലീസ് പറയുന്നത് ശരിയാണെങ്കില്‍ പൗരത്വത്തെ നികൃഷ്ടമായി വഞ്ചിക്കുകയാണവര്‍ ചെയ്തത്. പ്രമുഖ ആധുനിക ഇസ്‌ലാമിക പണ്ഡിതനായ ലബനാനിലെ ഫൈസല്‍ മൗലവി പറയുന്നു: ''പൗരബാധ്യതകളും അവകാശങ്ങളും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയണം. അവകാശങ്ങള്‍ മാത്രം അനുഭവിച്ച് ബാധ്യതകളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പൗരത്വമെന്നത് രാഷ്ട്രവുമായുള്ള കരാറാണ്. രാഷ്ട്രത്തെ ചതിക്കാന്‍ മുസ്‌ലിമിന് അനുവാദമില്ല. നബി(സ) പ്രസ്താവിക്കുന്നു: ''എല്ലാ ചതിയന്മാര്‍ക്കും അറിവടയാളമായി ഒരു കൊടിയുണ്ടാകും.'' യുദ്ധ പ്രഖ്യാപിത ശത്രുക്കളെ ചതിക്കുന്നതും അവരോടുള്ള കരാര്‍ ലംഘിക്കുന്നതു പോലും ഇസ്‌ലാം കുറ്റകരമായാണ് കാണുന്നത്.

ഏതൊരു പൗരനും പൗരത്വ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ ബാധ്യസ്ഥനാണ്. അത്‌ ലംഘിക്കുന്നയാള്‍ ശിക്ഷാവിധേയനാണ്. രാഷ്ട്രത്തില്‍ പ്രാബല്യത്തിലുള്ള എല്ലാ നിയമങ്ങളും പാലിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. നികുതി കൊടുക്കണം... ഈ അടിസ്ഥാനത്തിലാണ് മറ്റുള്ളവര്‍ അയാളോട് ഇടപഴകുക. ഒരാള്‍ മാതൃരാജ്യത്ത് ജീവിച്ചാല്‍ അതിന്റെ അര്‍ഥം അനുവദനീയവും നിയമാനുസൃതവുമായ ഒരു കാര്യം അയാള്‍ തെരഞ്ഞെടുത്തു എന്നാണ്.''

മുസ്‌ലിംസമൂഹത്തിന്റെ ദേശക്കൂറ് ചോദ്യം ചെയ്യാന്‍ ശ്രമിക്കുക എന്നതാണ് ഇത്തരം സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ അരങ്ങേറാറുള്ള കാര്യം. യഥാര്‍ഥത്തില്‍ അവന്റെ ദേശക്കൂറിന് അവന്റെ മതബോധവുമായാണ് ബന്ധം.

ഇന്ത്യയിലെ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്ന അന്‍വാര്‍ഷാ കശ്മീരി 1977 ഡിസംബറില്‍ പെഷവാറില്‍ കൂടിയ ജംഇയ്യത്തുല്‍ ഉലമയുടെ പൊതുസമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തില്‍ പറയുന്നു: ''ഒരു മുസ്‌ലിം രാജ്യം ഇന്ത്യയെ ആക്രമിച്ചാല്‍ മുസ്‌ലിംകളുടെ നിലപാടെന്തായിരിക്കും. ഈ ചോദ്യമുദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. വളരെ തരംതാണ ഒരു ചോദ്യമാണിത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമിടയില്‍ (സ്വാതന്ത്ര്യത്തിനു ശേഷമുള്ള സാഹചര്യത്തില്‍ മുസ്‌ലിംകള്‍ക്കും ജനാധിപത്യ ഭരണകൂടത്തിനുമടയില്‍-ലേഖകന്‍) കരാര്‍ നിലവിലുണ്ടെങ്കില്‍ നിശ്ചയമായും മുസ്‌ലിംകള്‍ അത് പാലിക്കും. എന്നു മാത്രമല്ല, അത്തരമൊരു കരാര്‍ നിലനില്‍ക്കുന്നേടത്തോളം ഒരു മുസ്‌ലിം രാഷ്ട്രത്തിനും ഇന്ത്യ ആക്രമിക്കാന്‍ അധികാരമില്ല. ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രവുമായുള്ള കരാറിനെ മാനിക്കാന്‍ മറ്റു രാഷ്ട്രങ്ങളിലെ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. റസൂല്‍(സ) പറയുന്നു. ''മുസ്‌ലിംകളുടെ കരാറുകള്‍ ഒന്നാണ്. ഒരു മുസ്‌ലിം മറ്റുള്ളവരുമായി വല്ല കരാറും ചെയ്താല്‍ അതിനെ ആദരിക്കല്‍ എല്ലാവരുടെയും കടമയാണ്'' (ബുഖാരി, 3180).

സംഘ്പരിവാര്‍ ഈയിടെ കേരളത്തില്‍ നടത്തിയ ഒരു കാമ്പയിനായിരുന്നു 'ആദ്യം രാജ്യം പിന്നെ മതം' എന്നത്. മുസ്‌ലിമിന് ഒന്നാമത്തെ വിഷയം മതം തന്നെയാണ്. രാജ്യവുമായുള്ള അവന്റെ ബന്ധത്തിന്റെ പോലും ഉറവിടം മതമാണ്. ആദ്യം രാജ്യം പിന്നെ മതം എന്ന് സംഘ്പരിവാര്‍ പറയുമ്പോള്‍ അവര്‍ക്ക് രാഷ്ട്രം തന്നെയാണ് മതം. അഥവാ മതം തന്നെയാണ് രാഷ്ട്രം. അവര്‍ ഈ ക്യാമ്പയിനിലൂടെ മുസ്‌ലിം സമൂഹത്തോടു പറയുന്നത് നിങ്ങളുടേതും അങ്ങനെ തന്നെയായിക്കൊള്ളണമെന്നാണ്. മുസ്‌ലിം രാജ്യത്തോട് കൂറുള്ളവനായിത്തീരുന്നത് അവന്‍ മതവിമുക്തനാവുമ്പോഴല്ല, മതപ്രതിബദ്ധതയുള്ളവനാകുമ്പോഴാണ്.

മുസ്‌ലിം സമൂഹത്തോടുള്ള ഭരണകൂടത്തിന്റെ വിവേചനങ്ങളും ഫാഷിസ്റ്റുകളുടെ ആക്രമണങ്ങളുമാണ് മുസ്‌ലിം തീവ്രവാദത്തിന്റെ ഇന്ധനമാവാറുള്ളത്. എന്നാല്‍ ഇത്തരം വഴിവിട്ട പ്രതികരണങ്ങള്‍ ഭരണകൂടത്തിന്റെ കൂടുതല്‍ കടുത്ത പീഡനത്തിനും മറ്റും കാരണമായിത്തീരുകയും ചെയ്യുന്നു. അത് അവനെ വീണ്ടും കടുത്ത ഭീകരനാക്കി മാറ്റുന്നു.. നീതിനിഷേധം തീവ്രവാദത്തിനും തീവ്രവാദം വീണ്ടും കൂടുതല്‍ കടുത്ത നീതിനിഷേധത്തിനും കാരണമാവുന്നു. ഇത് ചില മുസ്‌ലിംകള്‍ അകപ്പെട്ടിരിക്കുന്ന ഒരു വിഷമവൃത്തമാണ്. ഈ യുക്തിയില്‍നിന്ന് പുറത്തുകടക്കാത്തേടത്തോളം അവര്‍ക്ക് ഈ വിഷമവൃത്തത്തില്‍നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. മറ്റുള്ളവര്‍ നമ്മളോട് അതിക്രമം ചെയ്യുന്നില്ലേ, അപ്പോള്‍ നമുക്കെന്തുകൊണ്ട് തിരിച്ച് അതിക്രമം ചെയ്തുകൂടാ എന്നതാണ് അതിന്റെ യുക്തി. ഈ യുക്തികൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല എന്നു മാത്രമല്ല കൂടുതല്‍ വഷളാവുകയാണ് എന്നതിന് ഏത് കണ്ണുപൊട്ടനും കാണാന്‍ കഴിയുന്ന ആയിരക്കണക്കിന് അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

അപ്പോള്‍ എങ്ങനെ ഈ വിഷമവൃത്തത്തില്‍നിന്ന് പുറത്തുകടക്കും. വിശ്വാസിയുടെ അധിക ധാര്‍മികത കൊണ്ട് മാത്രമേ ശത്രുവിന്റെ ഈ കെണിയില്‍നിന്ന് അവന് രക്ഷപ്പെടാന്‍ കഴിയൂ. മറ്റുള്ളവര്‍ തെറ്റു ചെയ്യുന്നു എന്നത് നാം തെറ്റു ചെയ്യാനുള്ള ന്യായമല്ല. നഷ്ടങ്ങള്‍ സഹിച്ചു. ശരി മാത്രം ചെയ്യുന്നവര്‍, നിയമം പാലിക്കുന്നവര്‍ ആത്യന്തികമായി ഇവിടെയും അതിനപ്പുറത്തും വിജയിക്കുക തന്നെ ചെയ്യും. അധാര്‍മികതകള്‍ താല്‍ക്കാലികാശ്വാസങ്ങള്‍ ഒരു പക്ഷേ പ്രദാനം ചെയ്താലും ആത്യന്തികമായി പരാജയപ്പെടുക തന്നെ ചെയ്യും. ദൈവബോധമാണ് മതത്തിന്റെ ആത്മാവ്. ധാര്‍മികതയാണ് അതിന്റെ ശരീരം.

മുസ്‌ലിം തീവ്രവാദത്തെ ഭരണകൂടം തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നു, മുസ്‌ലിംസമൂഹത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്രാജ്യത്വം സര്‍വ സഹായവും ചെയ്തുകൊടുക്കുന്നു മുതലായ വസ്തുതകള്‍ ഇത്തിരി ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ ഇന്ന് വ്യക്തമാണ്. മുംബൈ ഭീകരാക്രമണം നടത്തിയതില്‍ പാകിസ്താനും മുസ്‌ലിം മിലിറ്റന്റ് ഗ്രൂപ്പുകള്‍ക്കും പങ്കുണ്ടായിരിക്കാം. പക്ഷേ അതിനേക്കാള്‍ അതില്‍ അമേരിക്കക്ക്‌ പങ്കുണ്ടായിരുന്നു എന്ന് ഇന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഡേവിഡ് ഹെഡ്‌ലി എന്ന അമേരിക്കന്‍
ചാരന് ഇതിലുള്ള പങ്ക് ഇപ്പോള്‍ ഏകദേശം വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. ഡേവിഡ് ഹെഡ്‌ലി എന്ന അമേരിക്കന്‍ ചാരനും തടിയന്റവിട നസീറും തമ്മില്‍ ചങ്ങാത്തമുണ്ടെന്ന വാര്‍ത്തയും ചേര്‍ത്ത് വായിക്കണം. നസീര്‍ മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കി മാറ്റാന്‍ പോലിസ് ചാരനായി പെരുമ്പാവൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചതായി പി.എം. ഇസ്മയില്‍ എന്ന മുന്‍പോലിസുകാരന്‍ പത്രസമ്മേളനം നടത്തി വെളിപ്പെടുത്തുകയുണ്ടായി. (തേജസ് ദിനപത്രം 17.12.2009) അപ്പോള്‍ മുസ്‌ലിമിനെ കൊണ്ട് ഭീകര പ്രവര്‍ത്തനം ചെയ്യിക്കുന്നത് ഇസ്‌ലാമല്ല, അമേരിക്കയാണ്. രാജ്യത്തെ ഇസ്‌ലാമിക സംഘടനകളല്ല ഭരണകൂടത്തിലെ തന്നെ മുസ്‌ലിംവിരുദ്ധ ഇന്റലിജന്‍സ് ലോബിയാണ്. അത് തിരിച്ചറിയാന്‍ കഴിയാത്ത, അതില്‍ ചെന്നുവീഴാന്‍ മാത്രം ബുദ്ധിമോശമുള്ള തടിയന്റവിട നസീറുമാര്‍ ഈ സമുദായത്തിലുണ്ട് എന്നതാണ് സമുദായത്തിന്റെ നിര്‍ഭാഗ്യം.


ഇന്ത്യയില്‍ മുസ്‌ലിം തെറ്റ് ചെയ്താലും ഹിന്ദു തെറ്റ് ചെയ്താലും ഒരേ പ്രതികരണമല്ല എന്നത് ഒരു മൂര്‍ത്ത യാഥാര്‍ഥ്യമാണ്. ഇതിനെ മുസ്‌ലിം എങ്ങനെയാണ് നേടിരേണ്ടത്. ഈ വസ്തുത രാജ്യമനസ്സാക്ഷിയുടെ മുന്നില്‍ ചൂണ്ടാക്കുകയും അതിനെതിരായ ബഹുജനാഭിപ്രായ രൂപീകരണത്തിന് രാജ്യത്തെ മതേതര വിശ്വാസികളുടെയും മാനവിക വാദികളുടെയും പിന്തുണയോടെ ശ്രമിക്കുകയും ചെയ്യണം. കാരണം അത് രാജ്യത്തെ കൂടുതല്‍ ജനാധിപത്യവല്‍കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ അപ്പോഴും പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെട്ടുകൊള്ളണമെന്നില്ല. അപ്പോള്‍ ഇത്തരം ബഹുജനാഭിപ്രായ രൂപീകരണ ശ്രമങ്ങള്‍ നടത്തുമ്പോള്‍ തന്നെ നേരത്തേ സൂചിപ്പിച്ച ഇസ്‌ലാം അവനു പ്രദാനം ചെയ്യുന്ന ശരാശരിക്കപ്പുറമുള്ള ഉയര്‍ന്ന ധാര്‍മികതകൊണ്ട് മാത്രമേ അവനിതിനെ ഭേദിക്കാന്‍ കഴിയുകയുളളൂ. പ്രതികാരത്തിന്റെ കേവല യുക്തിവാദം പ്രതികരണത്തിന്റെ കേവല ഭൗതികവാദം പിന്തുടരുന്നേടത്തോളം അവന് ഇതില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല.

ലിബിയയില്‍ രണോത്സുകമായ കോളനിവിമോചന സമരത്തന് നേതൃത്വം നല്‍കിയ പണ്ഡിതനാണ് ഉമര്‍ മുഖ്താര്‍. ഇറ്റലിക്കാര്‍ മുസ്‌ലിം പോരാളികളുടെ മൃതശരീരങ്ങള്‍ അംഗഭംഗം വരുത്തിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ച അനുയായികളോട് അദ്ദേഹം പറഞ്ഞു. ''നിങ്ങളുടെ ഗുരുക്കന്മാര്‍  ഇറ്റലിക്കാരല്ല. അല്ലാഹുവും അവന്റെ പ്രവാചകനുമാണ്.''


ഇവിടെ ധാര്‍മികത മുസ്‌ലിമിന്റെ പ്രതിനിധാനത്തിന്റേതും അതിജീവനത്തിന്റേതും പ്രശ്‌നമാണ്. ഏതെങ്കിലും വിഭാഗം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നത് മുസ്‌ലിമിന് നിയമം കൈയിലെടുക്കാനുള്ള ന്യായമാകരുത്. രാജ്യത്ത് നിയമവാഴ്ച നിലനില്‍ക്കുക എന്നത് മറ്റാരേക്കാളും രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങളുടെ ആവശ്യമാണ്. സമ്പന്നനും സവര്‍ണനും നിയമവാഴ്ച യഥാവിധി നിലനിന്നില്ലെങ്കിലും അവന്റെ കാര്യങ്ങള്‍ നടക്കും. അവന്‍ സുരക്ഷിതനായിരിക്കും. മറ്റാരേക്കാളും നിയമപരിരക്ഷ ആവശ്യമുള്ളത് അധഃസ്ഥിത മര്‍ദിത ദുര്‍ബല ജനവിഭാഗത്തിനാണ്. അതുകൊണ്ടുതന്നെ നിയമവാഴ്ചയുടെ ആയുരാരോഗ്യം വര്‍ധിപ്പിക്കുക എന്നത് മുസ്‌ലിം സമൂഹത്തിന്റെ പ്രധാന പരിഗണനാ വിഷയമാവണം. നിയമബാഹ്യമായ പ്രതിരോധ വഴികള്‍ അലോപ്പതി ചിക്തിസയിലെ വേദനാ സംഹാരികളെപ്പോലെയാണ്. ഒരുപക്ഷേ അത് താല്‍ക്കാലിക ഫലം നല്‍കിയാലും. മൊത്തത്തില്‍ അത് ശരീരത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. നിയമവിരുദ്ധ പ്രതിരോധങ്ങള്‍ ചിലപ്പോള്‍ താല്‍ക്കാലിക ഫലങ്ങള്‍ നല്‍കിയേക്കും. പക്ഷേ അത് മൊത്തത്തില്‍ രാഷ്ട്ര ശരീരത്തെ അനാരോഗ്യത്തിലേക്ക് നയിക്കുകയാണ് ചെയ്യുക. ആ അനാരോഗ്യത്തിന് ഏറ്റവും വില കൊടുക്കേണ്ടിവരിക രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക ദരിദ്ര ജവിഭാഗങ്ങള്‍ തന്നെയായിരിക്കും. ജനാധിപത്യ ക്രമത്തിനകത്തുതന്നെ പോസിറ്റീവ് മിലിറ്റന്‍സി എന്ന ഒന്നുണ്ട്. അതൊരിക്കലും അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനമല്ല. ജനത്തെ സംഘടിപ്പിച്ച് ജനമധ്യത്തില്‍ വെച്ച് നിര്‍വഹിക്കപ്പെടുന്നു. ജനകീയ സമരമുഖത്ത് ഉപയോഗിക്കപ്പെടുന്ന സുതാര്യമായ മിലിറ്റന്‍സി ഇതിന്റെ ഭാഗമാണ്.

ഭീകരരവാദത്തിനെതിരെ മുസ്‌ലിംസമൂഹം അതിശക്തമായി രംഗത്തുവരേണ്ടതുണ്ട്. പക്ഷേ അത് ഭീകരവാദത്തെക്കുറിച്ച് ഔദ്യോഗിക ഭാഷ്യങ്ങള്‍ അന്ധമായി വിശ്വസിച്ചുകൊണ്ടല്ല. നമ്മുടെ നാട്ടിലെ ഭീകരവാദം അമേരിക്കയും പാകിസ്താനും നമ്മുടെ ഭരണ ഉദ്യോഗസ്ഥ സമൂഹത്തിലെ ഒരു വിഭാഗവും കുറേ തീവ്രവാദികളും പരസ്പരം അറിഞ്ഞും അറിയാതെയും ഒരുമിച്ചു ചേര്‍ന്ന് നടത്തുന്ന ഒരു മള്‍ട്ടി നാഷ്‌നല്‍ വ്യവസായമാണ്. സാമ്രാജ്യത്വം ഒരേസമയം നമ്മുടെ രാജ്യത്തെ തീവ്രവാദികളെയും ഭരണകൂത്തെയും സഹായിക്കുകയാണ്. ഇതിലൂടെ അവരുടെ രണ്ടു ശത്രുക്കളെ ഒരുമിച്ച് തകര്‍ക്കാന്‍ കഴിയുമെന്നവര്‍ കണക്കുകൂട്ടുന്നു. ഒരു രാജ്യമെന്ന നിലക്ക് ഇന്ത്യയെയും ഒരു ആഗോള ജനസമൂഹമെന്ന നിലക്ക് മുസ്‌ലിംകളെയും. ഈ കള്ളനും പോലീസും കളിയില്‍ ആര് ജയിച്ചാലും അമേരിക്കക്ക് ലാഭമാണ്. ഭരണകൂടം ജയിച്ചാലും തീവ്രവാദികള്‍ ജയിച്ചാലും, ഇന്ത്യ ജയിച്ചാലും പാകിസ്താന്‍ ജയിച്ചാലും. കാരണം സാമ്രാജ്യത്വം ഈ കളിയില്‍ തിരശ്ശീലക്ക് പിന്നിലാണ്. ഭീകരവാദത്തിന്റെ ഈ രാഷ്ട്രീയത്തെ തിരിച്ചറിയാന്‍ നമ്മുടെ ഒരു സ്ഥൂല രാഷ്ട്രീയത്തിനും സൂക്ഷ്മരാഷ്ട്രീയത്തിനും കഴിയുന്നില്ല. ഭീകരവാദ ഭീകരാന്വേഷണ വ്യവസായത്തിന്റെ അടുക്കളകളെ അനാവരണം നമ്മുടെ ഒരു മാധ്യമ പ്രവര്‍ത്തനത്തിനും സാധിക്കുന്നില്ലെന്നു മാത്രമല്ല അവരീ കൂട്ടുകെട്ടിലെ പ്രബലമായ ഒരു കണ്ണിയുമാണ്.

കുറവന്റെ കൈയിലെ കുരങ്ങനെ പോലെ നമ്മുടെ പോലീസുകാര്‍ കൊണ്ടുനടക്കുന്ന തടയിന്റവിട നസീറിനെ ഇത്രകാലവും സംരക്ഷിച്ചത് പോലീസ് തന്നെയാണെന്ന് പ്രബലമായി സംശയിക്കേണ്ടിയിരിക്കുന്നു. നായനാര്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന്റെ പേരില്‍ നസീറിനെ അറസ്റ്റ് ചെയ്യാന്‍ അവന്റെ ഭാര്യവീട്ടില്‍ പോലീസ് വന്നിരുന്നു. അവനെ പിടിച്ചുകൊണ്ടുപോയ പോലീസ് പിന്നീട് കുറച്ചു സമയം കഴിഞ്ഞ് ആ വീട്ടില്‍വന്ന് അവന്‍ രക്ഷപ്പെട്ടുകളഞ്ഞു എന്നു പറഞ്ഞു. ഈ സംഭവം മാധ്യമങ്ങളില്‍ വിവരിച്ച അവന്റെ ഭാര്യാ മാതാവ് പറയുന്നത് പോലീസിന്റെ സഹായമില്ലാതെ അവന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല എന്നാണ്. നസീറിനെ രക്ഷിച്ചത് ഇടതുപക്ഷമാണോ വലതു പക്ഷമാണോ എന്ന് കക്ഷിരാഷ്ട്രീയ വാക്പയറ്റിനപ്പുറം നസീറിനെ രക്ഷിച്ചത് ഇടതുകാലത്തെയും വലതുകാലത്തെയും കേരളാ പോലീസാണ്.

ഭീകരത പലപ്പോഴും ഒരു പോലീസ് കൃഷി കൂടിയാണ്. ആവശ്യമുള്ളപ്പോള്‍ അവര്‍ അവരുടെ വിളവുകൊയ്‌തെടുക്കുന്നു. ഇത് ഈ 'കൊടുംഭീകരര്‍' ചിലപ്പോള്‍ അറിയുന്നു. മറ്റു ചിലപ്പോള്‍ അറിയുന്നില്ല. പോലീസും ഭരണകൂടവുമറിയാതെ ഇവിടെ ആരും ബസ് കത്തിക്കുന്നില്ല. ഒരു മുംബൈയിലും ഭീകരാക്രമണവും നടക്കുന്നില്ല. ഭരണകൂടമെന്നതിന് ആഗോളവത്കരണാനന്തര കാലത്ത് നമ്മുടെ നാട്ടിലെ അര്‍ഥം അമേരിക്കയില്‍ തുടങ്ങി നമ്മുടെ നാട്ടിലെ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ അവസാനിക്കുന്നതാണ്.


ഇത്തരമൊരു തലം അരങ്ങു തകര്‍ക്കുന്ന മഅ്ദനി വേട്ടക്കുമുണ്ട്. എന്റെ സുഹൃത്തിനെ ബൈക്ക് ഓടിക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലീസ് പിടിച്ചു. ലൈസന്‍സ് കാണിക്കാന്‍ പറഞ്ഞു. അവന്‍ ലൈസന്‍സ് കാണിച്ചു. ഡ്രൈവിംഗില്‍ നിയമം തെറ്റിച്ചു എന്നു പറഞ്ഞു. അത് ശരിയായിരുന്നു എന്നവന്‍ പറഞ്ഞു സ്ഥാപിച്ചു. അപ്പോള്‍ പോലീസുകാരന്‍ പറഞ്ഞു. എന്നാല്‍ കുഴപ്പമില്ല ഞാന്‍ ഹെല്‍മറ്റിന് ചാര്‍ജ് ചെയ്തുകൊള്ളാം. ഇതുപോലെ മഅ്ദനിയെ കുടുക്കിയേ തീരൂ എന്ന് പോലീസ് നേരത്തേ തീരുമാനിച്ചിരിക്കുന്നു എന്നു തോന്നിപ്പിക്കുന്നതാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പി.ഡി.പിയുമായി രാഷ്ട്രീയ സംഖ്യമുണ്ടാക്കുമ്പോഴും പോലീസ് കസ്റ്റഡിയിലുള്ള പല പ്രതികളും മഅ്ദനി പല കേസിലും പ്രതിയാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു മണി എന്ന യൂസുഫ്. പക്ഷേ തന്നെക്കൊണ്ട് പോലീസ് നിര്‍ബന്ധിച്ച് മഅ്ദനിയുടെ പേര് പറയിക്കുകയായിരുന്നു എന്ന് അയാള്‍ പിന്നീട് വെളിപ്പെടത്തി. ഭരണത്തിലുള്ള ഇടതുപക്ഷം കേസ് ഫയലുകള്‍പരിശോധിച്ച ശേഷം അദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെട്ട ശേഷമാണ് മഅ്ദനിയുമായി സംഖ്യം കൂടാന്‍ തീരുമാനിച്ചതെന്നാണ് അന്ന് ഇടതു നേതാക്കളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. പക്ഷേ അപ്പോഴും പോലീസില്‍ ഒരു വിഭാഗം തുടരുന്ന മഅ്ഛനി വേട്ടയെ അഭിമുഖീകരിക്കാന്‍ ഇടതുപക്ഷം വിസമ്മതിച്ചു. അതിന്റെ വിലയാണ് അവര്‍ ഇപ്പോള്‍ ഒടുക്കിക്കൊണ്ടിരിക്കുന്നത്.

പാകിസ്താനില്‍ ഓരോ ദിവസവും പൊട്ടിത്തെറിക്കുന്നത് ആരുടെ സാധനമാണ്? അതിനു പിന്നില്‍ ആരുടെ കരങ്ങളാണ്? പാക് താലിബാന്‍ എന്ന കൊലയാളി സംഘം ആരുടെ വളര്‍ത്തു പുത്രനാണ്. ഇന്ത്യക്കും പാകിസ്താനും ശത്രുവായിരിക്കെതന്നെ അവര്‍ക്ക് വല്ല അവരറിയാത്ത പൊതുശത്രുക്കളുമുണ്ടോ?


കോസ്റ്റ് ഗാര്‍ഡ് രൂപീകരണത്തില്‍ പങ്കാളിയാവുകയും വെസ്റ്റ് ബംഗാളിലെ ഹാല്‍ദിയയില്‍ ഏറെക്കാലം ആ സേനയുടെ അമരക്കാരനായി ഇരിക്കുകയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ അമരക്കാരനായി വിരമിക്കുകയും ചെയ്ത പ്രഭാകരന്‍ പലേരി പറയുന്നു: 'പുറത്തുനിന്ന് വല്ലവരും ആക്രമിക്കാന്‍ വരികയാണെങ്കില്‍ അതിനെ തടുക്കാനുള്ള എല്ലാ കഴിവും നമുക്കുണ്ട്. എന്തുകൊണ്ട്അത് ചെയ്യുന്നില്ല എന്നതില്‍ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളൂ.'' ഇന്ത്യയില്‍ ഏതു ഭീകര പ്രവര്‍ത്തനം നടന്നാലും അതിന്റെ ഉത്തരവാദിത്വം പാകിസ്താനാണെന്ന വാദം ശരിയാണോ എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറയുന്നു: ''പാകിസ്താനില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഇന്ത്യയുടെ നാശം കാത്തിരിക്കുന്ന എത്രയോ രാജ്യങ്ങളുണ്ട്. സൗഹൃദം നടിച്ചു നില്‍ക്കുന്ന രാജ്യങ്ങളെയാണ് ഏറ്റവും ഭയക്കേണ്ടത്. ഇന്ത്യയുടെ തകര്‍ച്ച കാത്തിരിക്കുന്ന, അതിനായി അവിശ്രമം ശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പേര് എന്റെ നാവിന്‍ തുമ്പിലുണ്ട്. അത് പറയില്ല. രണ്ടാണ് കാരണം. ഒന്ന്, അതിനു നിരത്താന്‍ വ്യക്തമായ തെളിവുകള്‍ വേണം. രണ്ട്, ഞാന്‍ ഇപ്പോള്‍ അത് പറയുന്നത് ശരിയല്ല. എങ്കിലും അതുണ്ട് എന്നത് വാസ്തവം.  നമ്മുടെ പ്രധാന ശത്രു ആരാണ്? പാകിസ്താന്‍? എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറയുന്നു. ''എന്തിനു പാകിസ്താനു നേരെ വിരല്‍ ചൂണ്ടുന്നു. അത് തെറ്റായ നിഗമനമാണ്. പാകിസ്താന്‍ വേറെ ശക്തികളുടെ അടിമകളായി, വേറെ ശക്തികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞത്. ഇന്ത്യയിലെ ജനങ്ങള്‍ഉപരിപ്ലവമായാണ് കാര്യങ്ങളെ കാണുന്നതെന്ന്. ഇന്ത്യയുടെ വളര്‍ച്ചയില്‍ പലര്‍ക്കും ഭയമാണ്. അവര്‍ നമ്മെ നശിപ്പിക്കാന്‍ പല മാര്‍ഗവും നോക്കും. പണ്ട് പാകിസ്താനും ചൈനയും യുദ്ധം ചെയ്തു. ഇന്ന് യുദ്ധത്തിന്റെ സാധ്യത കുറവാണ്. വേറെ ചിലര്‍ നമ്മുടെ കൃഷി നശിപ്പിക്കാന്‍ ഭക്ഷ്യ സഹായം നല്‍കി. ഭക്ഷ്യസാധനങ്ങള്‍ സൗജന്യമായി കിട്ടുമ്പോള്‍ എല്ലാവരും ഉദാസീനരാവുമല്ലോ?'' (കലാകൗമുദി 2009 ഡിസംബര്‍ 20).

ഭീകരവാദത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ വേട്ടയാടുന്നതിലൂടെ അതിന്റെ പിന്നിലെ യഥാര്‍ഥ ശക്തികളെ സമര്‍ഥമായി മറച്ചുവെക്കാന്‍ തല്‍പരകക്ഷികള്‍ക്ക് സാധിക്കുന്നു. ഇതിനര്‍ഥം ഇതില്‍ പ്രതികളായ മുസ്‌ലിംകളെല്ലാം നിരപരാധികളാണെന്നല്ല. അവരുടെ വന്യവികാരങ്ങളെ ഉപയോഗപ്പെടുത്തി വലിയ അജണ്ട നടപ്പാക്കുന്നു ആഭ്യന്തര വൈദേശിക ശക്തികള്‍ രക്ഷപ്പെടുന്നു എന്നു മാത്രമാണ്. ഈ അവിവേകികള്‍ ഒരു സമുദായത്തെ മൊത്തം നോണ്‍ അറസ്റ്റഡ് പുള്ളികളായി പിടിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയാണ്. ഇതുതന്നെയാണ് ഇവരുടെ പിന്നിലുള്ളവരുടെ താല്‍പര്യം.

ഓരോ സംഭവമുണ്ടാകുമ്പോഴും നമ്മുടെ സ്‌ക്രീനിലും പേജിലും മുസ്‌ലിംകള്‍ എത്രവേഗമാണ് കുറ്റപ്പത്രത്തില്‍ പ്രത്യേകം പേരില്ലാത്ത പൊതു കുറ്റവാളികളായി മാറുന്നത്. മുസ്‌ലിം മാനേജ്‌മെന്റിലുള്ള പത്രങ്ങള്‍ ഒരു രാത്രി കഴിഞ്ഞ് സൂര്യനുദിക്കുമ്പോഴേക്ക് നമ്മുടെ മാധ്യമ നിരൂപകര്‍ക്ക് മുസ്‌ലിം പത്രമായി മാറുന്നത്. പക്ഷേ നമ്മുടെ നാട്ടില്‍ ഒറ്റ ഹിന്ദു പത്രവും നായര്‍ പത്രവുമില്ല. ദേശീയ പത്രം മാത്രമേയുള്ളൂ. പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ പറഞ്ഞതുപോലെ ''ഒരു പക്ഷേ മലയാളി സമൂഹം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും ഗുരതരമായ സാംസ്‌കാരിക രാഷ്ട്രീയ ഭീഷണി മാധ്യമങ്ങളുടെ ഹൃദയശൂന്യമായ വര്‍ഗീയ അജണ്ട തന്നെയാണ്.''


കേരളത്തിലെ ഇസ്‌ലാം നടുനിവര്‍ത്തി നിന്ന് ഏറെ ചെറുതെങ്കിലും വളരെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന മുസ്‌ലിം സമൂഹത്തിലെ തീവ്രവാദ പ്രവണതയെ നേരിടണം. ഓരോ സംഘടനക്കും അവരുടെ മതവ്യാഖ്യാന ശൈലിയനുസരിച്ച് ഇതിനെതിരെ സമുദായത്തെ പൊതുവിലും പ്രവര്‍ത്തകരെ സവിശേഷമായും പ്രബോധിപ്പിക്കണം. അതിനു പകരം ഭീകരവാദത്തിന്റെ കാറ്റും കോളുമുണ്ടാകുമ്പോഴെല്ലാം അങ്ങേയറ്റം നിരുത്തരവാദപരമായി, ഇതിനകം അനേകം വാള്യങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞ മൗദൂദി തെറിപ്പാട്ട് പുനഃസംപ്രേഷണം ചെയ്തതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. മൗദൂദിയോട് നാം എത്ര വിയോജിച്ചാലും തീവ്രവാദത്തിന്റെ അധാര്‍മിക വ്യാവസായികത ഏറ്റവും നന്നായി തിരിച്ചറിഞ്ഞ ആധുനിക ഇസ്‌ലാമിക പണ്ഡിതനും നായകനുമാണദ്ദേഹം.

സാമ്രാജ്യത്വത്തിനും ഭരണകൂട ഭീകരതക്കും അരാഷ്ട്രീയവല്‍ക്കരണത്തിനുമെതിരായ വിശാലമായ പോരാട്ടത്തിന്റെ ഭാഗമായാണ് മുസ്‌ലിം സമൂഹം തീവ്രവാദത്തിനെതിരായ സമരം ഏറ്റെടുക്കേണ്ടത്. അങ്ങനെ മാത്രമേ ഈ സമരത്തെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ.







Monday, August 30, 2010

മഅ്ദനി ഒരു ജനാധിപത്യപ്രക്ഷോഭമാണ്

ഒരു മനുഷ്യന്‍ തന്റെ പച്ചജീവിതം കൊണ്ട് നടത്തുന്ന ഒരു ജനാധിപത്യപ്രക്ഷോഭത്തിന്റെ പേരാണ് ഇപ്പോള്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. നമ്മുടെ ജനാധിപത്യത്തിന്റെ സമൂര്‍ത്ത സ്ഥാപനങ്ങള്‍ ദുര്‍ബലജനവിഭാഗത്തിനെതിരെ ഗൂഢമായി പ്രവര്‍ത്തിക്കുന്നതിന്റെ ജനദൃഷ്ടിയിലുള്ള ഉദാഹരണം മാത്രമാണ് മഅ്ദനി. നമ്മുടെ ജയിലറകളില്‍ അന്യായമായി കുറ്റം ചാര്‍ത്തപ്പെട്ട് ജാമ്യം പോലും ലഭിക്കാതെ എത്രയോ മനുഷ്യര്‍ വെളിച്ചം കാണാതെ കഴിയുന്നുണ്ട്. അവരുടെ ലോകമറിയുന്ന പ്രതിനിധിയാണ് മഅ്ദനി.

ഇന്റലിജന്‍സ്, പോലീസ് അധികാരികള്‍ മാധ്യമങ്ങളുമായി ചേര്‍ന്നു ചില സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ ന്യൂനപക്ഷ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കെതിരെ എത്രയോ കാലമായി നടത്തിവരുന്ന നീക്കങ്ങളെ വലുതായൊന്നും അനാവരണം ചെയ്യാന്‍ ഇവിടുത്തെ

ജനാധിപത്യപ്രക്ഷോഭങ്ങള്‍ക്കൊന്നും സാധിച്ചിട്ടില്ല. ജനാധിപത്യത്തിനകത്തെ ഈ തമോഗര്‍ത്തത്തെ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് മഅ്ദനി മനുഷ്യാവകാശപ്രസ്ഥാനത്തിന്റെ ചരിത്രപരമായ പ്രാധാന്യം. മഅ്ദനി അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ മുമ്പ് അദ്ദേഹം തന്നെയും ശേഷം അദ്ദേഹത്തിനുവേണ്ടിയും നടക്കുന്ന സമരത്തിന്റെ പ്രാഥമികരാഷ്ട്രീയം ഇതാണ്. ഇത്തരം ഗൂഢാലോചനയുടെ ആദ്യത്തെ ബലിയാടല്ല മഅ്ദനി. പക്ഷേ, ഇത്തരം ഗൂഢാലോചനക്കെതിരെ നടക്കുന്ന വിപുലമായ അര്‍ഥത്തിലുള്ള ആദ്യത്തെ ജനാധിപത്യപ്രക്ഷോഭമാണ് അബ്ദുല്‍ നാസര്‍ മഅ്ദനി.

ഒരാളുടെ മേല്‍ പോലീസ് കുറ്റം ചുമത്തി അറസ്റ്റ് ചെയ്താലും അയാള്‍ക്ക് ജാമ്യം ലഭിക്കേണ്ടതാണ്. കരിനിയമം ചുമത്തുന്നത് കാരണമാണ് ജാമ്യം ലഭിക്കാതെ പോവുന്നത്. അതുകൊണ്ട് തന്നെ മഅ്ദനിക്കുവേണ്ടിയുള്ള എല്ലാ പോരാട്ടവും എല്ലാ കരിനിയമങ്ങള്‍ക്കുമെതിരായ പോരാട്ടമാണ്. മഅ്ദനി സ്വയം തന്നെ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (UAPA) എന്ന കരിനിയമത്തിന്റെ ഇരയാണ്. അപ്പോള്‍ മഅ്ദനി ഒരേസമയം ഇരയും പോരാട്ടവുമാണ്. എന്നാല്‍ മണിപ്പൂരിലെ ഇറോം ശര്‍മിള എന്ന പെണ്‍കുട്ടി തന്റെ ജനതയുടെ മേല്‍ നടപ്പിലാക്കപ്പെടുന്ന ആംഡ് ഫോര്‍സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട് (AFSPA) എന്ന കരിനിയമത്തിനെതിരെ കഴിഞ്ഞ പത്തുവര്‍ഷമായി നിരന്തര നിരാഹാരസമരത്തിലാണ്.

ജമ്മുകശ്മീരില്‍ പട്ടാളത്തിന് പ്രത്യേകാധികാരം നല്‍കുന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനം തെരുവിലിറങ്ങുകയാണ്. അത് പിന്‍വലിക്കണമെന്നാണ് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെയും പ്രതിപക്ഷനേതാവ് മഹ്ബൂബ മുഫ്തിയുടെയും അഭിപ്രായം. അത് പിന്‍വലിക്കാമെന്ന് ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രി സമ്മതിച്ചതാണ്. പക്ഷേ, പട്ടാളത്തിനും പോലീസിനുമുള്ള സവിശേഷ അധികാരങ്ങളുടെ മേല്‍ കൈവെക്കാന്‍ കഴിയാത്തവിധം നിസ്സഹായമാണ് നമ്മുടെ സിവില്‍ ഭരണകൂടം. ഒരുതരം പട്ടാളഭരണവും പോലീസ് രാജും ജനാധിപത്യത്തിന്റെ പേരില്‍ ഇവിടെ നടക്കുന്നുണ്ട്. പ്രക്ഷോഭങ്ങളിലൂടെ രൂപപ്പെട്ട ഒന്നാണ് നമ്മുടെ ജനാധിപത്യം. അതിനെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കേണ്ടതും പ്രക്ഷോഭങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയുമാണ്. കരിനിയമങ്ങളെ പ്രശ്‌നവല്‍ക്കരിച്ച് മാത്രമേ മഅ്ദനിയുടെ വിഷയത്തെ അപഗ്രഥിക്കാന്‍ കഴിയുകയുള്ളൂ.

സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി വിധിപറയാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അതിനവസരം നല്‍കരുതെന്ന നിര്‍ബന്ധബുദ്ധിയോടെ അദ്ദേഹത്തെ അറസ്റ്റുചെയ്തത്. ജാമ്യം ലഭിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു എന്നാണ് ധൃതിപിടിച്ച അറസ്റ്റില്‍ നിന്നും നിയമകേന്ദ്രങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. രണ്ടുമണിക്കു മുമ്പ് അറസ്റ്റുചെയ്യണമെന്ന് കര്‍ണാടകപോലീസിന് നിര്‍ബന്ധമുണ്ടായിരുന്നു എന്നാണ് കേരള ആഭ്യന്തരമന്ത്രി സഖാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. വാറന്റ് കാലാവധി അവസാനിക്കുന്നത് രണ്ട് മണിക്കല്ല എന്നിരിക്കെ, വാറന്റ് വേണമെങ്കില്‍ ഇനിയും നീട്ടിവാങ്ങാമെന്നരിക്കെ, അത് മുമ്പ് പലപ്രാവശ്യം നീട്ടിയുണ്ടെന്നിരിക്കെ എന്തിന് കര്‍ണാടക പോലീസിന്റെ, ശാഠ്യത്തിന് കേരളാപോലീസ് വഴങ്ങി എന്നതിന് സി.പി.എം മറുപടി പറയണം.

താന്‍ കോടതിയില്‍ കീഴടങ്ങിക്കൊള്ളാം എന്ന് മഅ്ദനി അധികാരികളെ അറിയിച്ചതും പരസ്യമായി പ്രഖ്യാപിച്ചതുമാണ്. അതിന് മഅ്ദനി തന്നെ പറഞ്ഞകാരണം അത് തന്നെ സ്‌നേഹിക്കുന്നവരുടെ വൈകാരികതക്ക് ആശ്വാസം നല്‍കുമെന്നായിരുന്നു. കാരണം, ബലമായി പിടിച്ചുകൊണ്ടുപോയതല്ല ഞാന്‍തന്നെ കോടതിയില്‍ കീഴടങ്ങിയതാണെന്നത് അവര്‍ക്ക് ആശ്വാസം നല്‍കും. കോടതിയില്‍ കീഴടങ്ങിയാലും കര്‍ണാടക പോലീസിന് അറസ്റ്റ് ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കര്‍ണാടക പോലീസ് അതിനവസരം നല്‍കാതെ അറസ്റ്റു ചെയ്തു. വ്യാപകമായ വികാര വിക്ഷോഭങ്ങളുണ്ടാകുമെന്നവര്‍ പ്രതീക്ഷിച്ചു. അതിനെ അടിച്ചമര്‍ത്തുന്നതിലൂടെ മുസ്‌ലിം സമൂഹത്തിന് വലിയ പരിക്കേല്‍പിക്കാന്‍ കഴിയുമെന്നവര്‍ കണക്കുകൂട്ടിയിരിക്കണം. സമുദായം അതിനെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തിക്കളഞ്ഞു. ഒരു സംഘടന എന്നനിലക്ക് പി.ഡി.പിയും അദ്ദേഹത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ജനവിഭാഗമെന്നനിലക്ക് തെക്കന്‍ കേരളത്തിലെ മുസ്‌ലിംസമൂഹവും കാണിച്ച ക്രിയാത്മകത ഏറെ ശ്രദ്ധേയമാണ്. ശത്രുവിന്റെ ഗൂഢാലോചനയെ സംഘടനയും സമുദായവും സര്‍ഗാത്മകമായി പരാജയപ്പെടുത്തുകയായിരുന്നു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം റമദാനിന്റെ ധാര്‍മികമായ അധികകരുത്ത് അവര്‍ക്കതിനു പ്രയോജനപ്പെട്ടിട്ടുണ്ടാവണം. അറസ്റ്റിന് ശത്രു, റമദാന്‍ തെരഞ്ഞെടുത്തത് സമുദായത്തെ അപമാനിക്കാനായിരിക്കാം. പക്ഷേ, സമുദായം അതിനെ പ്രയോജനപ്പെടുത്തിയത് അതിനെ രചനാത്മകമായി നേരിടാനാണ്.

ജനാധിപത്യവിരുദ്ധമായോ, നിയമവാഴ്ചക്കെതിരായോ ഒന്നും ചെയ്യാതിരിക്കുമ്പോഴും മഅ്ദനിയെ പിന്തുണക്കുന്നവര്‍ നിഷ്‌ക്രിയരായിരുന്നില്ല. അടിച്ചമര്‍ത്താനെളുപ്പമല്ലാത്ത രാഷ്ട്രീയവും നിയമപരവുമായ സമരത്തിന് അവര്‍ തുടക്കം കുറിക്കുകയായിരുന്നു. അറസ്റ്റ് നടന്ന് 24 മണിക്കൂറിനുള്ളില്‍ പി.ഡി.പിക്കും സമുദായത്തിനുമപ്പുറത്തുള്ളവരുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരത്തും കോഴിക്കോടും മഅ്ദനിക്കുവേണ്ടിയുള്ള ആലോചനായോഗങ്ങള്‍ നടന്നു.

ഒന്നാം അറസ്റ്റുകാലത്തേതില്‍ നിന്നു വ്യത്യസ്തമായി വലിയ പിന്തുണ അദ്ദേഹത്തിനിപ്പോള്‍ ലഭിക്കുന്നുണ്ട്. അതിനര്‍ഥം 1998-ല്‍ നിന്ന് 2010ലേക്കെത്തുമ്പോള്‍ നമ്മുടെ ജനാധിപത്യം കൂടുതല്‍ വികസിതമായിരിക്കുന്നു എന്നാണ്. ഭരണകൂട ഉദ്യോഗസ്ഥ ഗൂഢാലോചന എന്നുപറഞ്ഞാല്‍ അന്നു മനസ്സിലാവുന്നതിനേക്കാള്‍ ഇന്നു മനസ്സിലാവുമെന്നായിരിക്കുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ ഭാവി പ്രതീക്ഷാനിര്‍ഭരണമാണെന്നതിന്റെ സൂചകമാണത്.


എന്തിന് മഅ്ദനി
എന്തുകൊണ്ട് മഅ്ദനി തന്നെ ഇത്തരമൊരു ഗൂഢാലോചനക്കിരയാവുന്നു എന്നചോദ്യം പ്രസക്തമാണ്. ഈ ചോദ്യം പിറവിയെടുക്കുന്നത് എന്തെങ്കിലും തെറ്റ് ചെയ്യാതെ ഒരാള്‍ക്കെതിരെ ഇത്തരം നീക്കമുണ്ടാവുമോ എന്ന നിഷ്‌കളങ്കതയില്‍നിന്നാണ്. ഇത്തരം നീക്കം ആര്‍ക്കെതിരെ ഉണ്ടായാലും ഈ ചോദ്യം ചോദിക്കാവുന്നതേയുള്ളൂ. ഭരണകൂട സംവിധാനത്തെക്കുറിച്ച പവിത്രതാബോധമാണ് ഈ സന്ദേഹത്തിന്റെ അടിത്തറ. ഈ പവിത്രതാബോധത്തെ ചോദ്യം ചെയ്തുകൊണ്ട് മാത്രമേ ഭരണകൂട ഭീകരതക്കെതിരായ മനുഷ്യാവകാശ പോരാട്ടത്തിന്റെ അക്ഷരമാല ആരംഭിക്കാന്‍ കഴിയൂ.

സാമ്രാജ്യത്വത്തെയും ഫാഷിസത്തെയും സവര്‍ണമേല്‍ക്കോയ്മയെയും വെല്ലുവിളിച്ചയാള്‍ എന്നത് അദ്ദേഹം ടാര്‍ഗറ്റ് ചെയ്യപ്പെടുന്നതിന്റെ നിമത്തം തന്നെയാണ്. മഅ്ദനിയുടെ അറസ്റ്റിനുശേഷം ചില സാംസ്‌കാരിക പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കപ്പെട്ട യോഗത്തില്‍ ഫിലിപ് എം. പ്രസാദ് പറഞ്ഞതുപോലെ സാമ്രാജ്യത്വത്തെ അക്രമിച്ചിട്ട് സ്വസ്ഥമായി വീട്ടിലിരിക്കാം എന്നുകരുതുന്നത് മൗഢ്യമാണ്. മഅ്ദനി ഒരു സൂചനമാത്രമാണ്.

സ്‌ഫോടനങ്ങളുടെ പേരില്‍ സംഘ്പരിവാര്‍ വ്യാപകമായി പ്രതിക്കൂട്ടിലായ ഈ സമയത്ത് മുസ്‌ലിം ഭീകരതയുടെ വലിപ്പമുള്ള ഒരു പ്രതീകം അവര്‍ക്ക് സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു എന്നതും ശരിയാണ്.

അതിനെല്ലാമപ്പുറം സൂക്ഷ്മമായ കാരണങ്ങള്‍ കൂടി ഇതിനുണ്ട്. ഇദ്ദേഹത്തെ ഇനിയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചാല്‍ അത് വലിയ നീതിനിഷേധമായി സമൂഹത്തിന് അനുഭവപ്പെടും. അപ്പോള്‍ കുറച്ചുപേരെങ്കിലും ഈ ഭരണസംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് തീവ്രവാദികളാവുമെന്നവര്‍ കണക്കുകൂട്ടുന്നു. അങ്ങനെ നമ്മുടെ ഔദ്യോഗികസംവിധാനങ്ങള്‍ തന്നെ നോക്കിനടത്തുന്ന തീവ്രവാദ വ്യവസായത്തിന് കുറേ അസംസ്‌കൃത പദാര്‍ഥങ്ങളുടെ ലഭിക്കുമെന്നവര്‍ വിചാരിക്കുന്നു. മുസ്‌ലിം വികാരത്തെ വ്രണപ്പെടുത്താവുന്ന ലക്ഷണമൊത്ത പ്രതീകമായി അവര്‍ മഅ്ദനിയെ മനസ്സിലാക്കുന്നു.

തീവ്രവാദം ഇല്ലാതാവുക എന്നതല്ല പലപ്പോഴും തീവ്രവാദ വിരുദ്ധ പോരാട്ടം നടത്തുന്ന ഔപചാരികവും അനൗപചാരികവുമായ സംവിധാനങ്ങളുടെ താല്‍പര്യം. മാവോയിസ്റ്റുകള്‍ക്കും സര്‍ക്കാറിനുമിടയില്‍ സര്‍ക്കാര്‍ ക്ഷണം തന്നെ സ്വീകരിച്ചുകൊണ്ട് സ്വാമി അഗ്നിവേശ് മാധ്യസ്ഥനീക്കവുമായി രംഗത്തുവന്നു. രണ്ടുവട്ടം ചര്‍ച്ചകള്‍ നടന്നു. മൂന്നാംവട്ട ചര്‍ച്ചക്കുമുമ്പെ മാവോയിസ്റ്റുകളിലെ ചര്‍ച്ചാപ്രതിനിധിയായിരുന്ന ആസാദ് എന്ന ചെറുകുറി രാജ്കുമാര്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കീശയില്‍ സര്‍ക്കാറിനു കൈമാറാനുള്ള മാവോയിസ്റ്റുകളുടെ കത്തുണ്ടായിരുന്നു. ആ ചര്‍ച്ചയും വെടിനിര്‍ത്തലും നടക്കരുതെന്നു നിര്‍ബന്ധമുള്ള പോലീസിലെ തന്നെ ചിലരാണ് കൊലപാതകത്തിനിപിന്നിലെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

അപ്പോള്‍ തീവ്രവാദം ഇസ്‌ലാമിന്റെയോ മുസ്‌ലിംകളുടെയോ ആവശ്യമല്ല. ചില പോലീസധികാരികളുടെയും ഇസ്‌ലാമിന്റെ ശത്രുക്കളുടെയും മാത്രം ആവശ്യമാണ്. അത് സമുദായം തിരിച്ചറിയുക എന്നതാണ് അതിനെ തോല്‍പിക്കാനുള്ള വഴി. ഭരണകൂട ഭീകരതയെ  ജനാധിപത്യപ്രക്ഷോഭം കൊണ്ടാണ് പരാജയപ്പെടുത്തേണ്ടത്. കൂടുതല്‍ സ്വയം ജനാധിപത്യവല്‍ക്കരിച്ചും രാജ്യത്തെ ജനാധിപത്യവല്‍ക്കരിച്ചുമാണ് തോല്‍പിക്കേണ്ടത്.

മഅ്ദനിയോടുള്ള നിലപാട്
ഒരു മനുഷ്യന്റെ തടവുജീവിതം ഒരു സമൂഹത്തിന്റെ മനുഷ്യാവകാശ ബോധത്തിന്റെ ഉരക്കല്ലാവുന്ന അനുഭവമാണ് അബ്ദുല്‍ നാസര്‍ മഅ്ദനി. അദ്ദേഹത്തിനെതിരായി നടക്കുന്ന ഭരണകൂട-ഉദ്യോഗസ്ഥ ഗൂഢാലോചനയോട് എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് ഓരോ വിഭാഗത്തിന്റെയും നീതിബോധത്തിന്റെ തുലാസാണ്.

ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഔദ്യോഗികസംവിധാനങ്ങള്‍ തന്നെ പുറത്തുകൊണ്ടുവരുന്ന കാലത്ത് നിയമനിര്‍വഹണം നിയമത്തിന്റെ വഴിയില്‍ സഞ്ചരിക്കട്ടെ എന്നുപറയാന്‍ നിരുത്തരവാദപരമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും ഭരണകൂടഭീകരതയുടെ കുഴലൂത്തുകാര്‍ക്കും മാത്രമേ സാധിക്കൂ. നിയമം നിയമത്തിന്റെ വഴിക്കു സഞ്ചരിച്ചാണ് അദ്ദേഹത്തിന് പത്തുവര്‍ഷത്തോളം നിരപരാധിയായി ജയിലില്‍ കിടക്കേണ്ടിവന്നത്.

പോലീസ് നടപടികള്‍ ജനകീയമായ ഒരു ഓഡിറ്റിംഗിനും വിധേയമാകാതിരിക്കുക, സിവില്‍ സൊസൈറ്റിയുടെ ഭാഗത്തുനിന്ന് ഉയരുന്ന പ്രതിവാദങ്ങളെ, നിയമം നിയമത്തിന്റെ വഴിക്ക് സഞ്ചരിക്കും എന്നുപറഞ്ഞ് നിശബ്ദമാക്കാനുമുള്ള നീക്കം ജനാധിപത്യത്തിന്റെ ജീവവായു നശിപ്പിക്കുന്ന നടപടിയാണ്. കേസുകള്‍ ഒരു കേവല നിയമപ്രക്രിയയല്ല. കേസ് രജിസ്റ്റര്‍ ചെയ്യുന്നത് പോലീസാണ്. പോലീസിന് രാഷ്ട്രീയമുണ്ട്. പലപ്പോഴും വംശീയതാല്‍പര്യങ്ങളുമുണ്ട്. രാജ്യദ്രോഹം പോലുള്ള കേസുകളില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാണ്. ഇത്തരമൊരു രാഷ്ട്രീയം ഉള്‍ച്ചേര്‍ന്ന പ്രക്രിയയെ അരാഷ്ട്രീയമായി മാത്രം നോക്കിക്കാണണമെന്നു പറയുന്നത് ഭരണകൂട ഭീകരതക്ക് ഓശാനപാടാന്‍ വേണ്ടിയാണ്.

മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം സാമൂഹ്യജീവിതത്തെ ഗൗരവത്തോടെ ഒരിക്കലും നോക്കിക്കാണാതിരിക്കുക എന്ന അലസവും സുരക്ഷിതവും സൗകര്യപൂര്‍ണവുമായ സമീപനമാണ് അത് മിക്കപ്പോഴും സ്വീകരിച്ചുപോവുന്നത്. നമ്മുടെ ജനാധിപത്യചരിത്രത്തിലെ ആരാച്ചാരായി വേഷമാടിയ അടിയന്തിരാവസ്ഥയെ ആഘോഷിക്കുകയായിരുന്നു മുസ്‌ലിംലീഗ്. ഞങ്ങളുടെ ഊട്ടി പ്രമേയം കൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് എന്നഭിമാനിക്കുകയായിരുന്നു ലീഗ്. തങ്ങളുടെ തന്നെ പഴയ കുട്ടികളായ അഖിലേന്ത്യാലീഗുകാരെ ചവിട്ടാനുള്ള മികച്ച അവസരമായി ലീഗ് അടിയന്തിരാവസ്ഥയെ നോക്കിക്കാണുകയും ഉപയോഗിക്കുകയുമായിരുന്നു. അടിയന്തിരാവസ്ഥ ഇന്ത്യന്‍ മുസ്‌ലിംകളുടെ സുവര്‍ണകാലമാണെന്ന് സി.എച്ച്. അഭിമാനപൂര്‍വം പ്രസ്താവിച്ചു. തുടര്‍ന്ന് ടാഡ, പോട്ട മുതലായ കരിനിയമങ്ങള് നടപ്പിലാക്കപ്പെട്ടപ്പോഴും അതിന്റെ ഇരകള്‍ പ്രധാനമായും മതന്യൂനപക്ഷങ്ങളായിട്ടും അതിനെതിരെ ബഹുജനപ്രക്ഷോഭം വളര്‍ത്തിയെടുക്കാന്‍ വലുതായൊന്നും ലീഗ് ചെയ്തില്ല. ഭരണകൂട അതിക്രമത്തെ പൗരസമൂഹത്തിന്റെ ഒപ്പംനിന്ന് ചെറുക്കുന്നതിലല്ല ഭരണകൂടത്തിന്റെ ഭാഗത്ത് നില്‍ക്കുന്നതിലാണ് ലീഗ് എന്നും സായൂജ്യം കണ്ടെത്തിയത്. അതിന്റെ പേരില്‍ ലീഗിന് അനവധി നല്ലകുട്ടി പട്ടങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

തീവ്രവാദത്തിനും ഭരണകൂട ഭീകരതക്കും മധ്യേ കേരളീയസമൂഹത്തില്‍ വളര്‍ന്നുവരുന്ന ജനാധിപത്യ സമരത്തിന്റെയും വികാസത്തിന്റെയും പ്രതീകമാണ് അബ്ദുനാസര്‍ മഅ്ദനി. മുസ്‌ലിംലീഗ് മഅ്ദനി മനുഷ്യാവകാശ പ്രക്ഷോഭത്തില്‍ നിഷ്‌ക്രിയ നിലപാട് സ്വീകരിക്കുക മാത്രമല്ല ചെയ്യുന്നത്, ഇതില്‍ ഇടപെടുന്നതില്‍ നിന്ന് മുസ്‌ലിം സംഘടനകളെ ബലമായി വിലക്കിക്കൊണ്ടിരിക്കുകയായിരുന്നു. തുടക്കത്തില്‍ ജമാഅത്തെ ഇസ്‌ലാമിയും ദക്ഷിണകേരളത്തില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയും ഉത്തരകേരളത്തില്‍ സമസ്താന കേരള ജംഇയ്യത്തുല്‍ ഉലമയുമൊഴിച്ച് എല്ലാ മുസ്‌ലിം സംഘടനകളും ലീഗിന്റെ ബലപ്രയോഗത്തിനും പ്രലോഭനത്തിനും മുന്നില്‍ കീഴടങ്ങുകയായിരുന്നു. അറസ്റ്റിനുശേഷം ഔദ്യോഗിക സുന്നികളും മുജാഹിദുകളുമൊഴിച്ചെല്ലാവരും അദ്ദേഹത്തിനുവേണ്ടി രംഗത്തുവന്നുകഴിഞ്ഞു.

മതപ്രവര്‍ത്തനമെന്നാല്‍ നിസ്വാര്‍ഥവും നിര്‍ഭയവുമായ നീതിബോധമാണോ അതോ അങ്ങേയറ്റം ആസക്തമായ ഭരണരതിയാണോ എന്നതിന് എല്ലാ മുസ്‌ലിം സംഘടനകളും ചരിത്രത്തോടും ദൈവത്തോടും മറുപടി പറയേണ്ടിവരും.

കേരളത്തില്‍ പ്രത്യേകിച്ച് ദക്ഷിണകേരളത്തില്‍ ഇടതു-വലത് രാഷ്ട്രീയക്കാരുടെ കാര്‍മികത്വത്തിലല്ലാതെ മഅ്ദനിക്കുവേണ്ടിയുള്ള വലിയ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ രൂപപ്പെടുകയാണ്. കേരളത്തിലെ പുതിയ മുഴുവന്‍ ജനാധിപത്യപ്രക്ഷോഭങ്ങളും രൂപപ്പെടുന്നത് ജനതയുടെ സ്വന്തം മുന്‍കൈയില്‍ തന്നെയാണ്. ജനങ്ങള്‍ അനുഭവിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങളുടെ മുഖത്ത് പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികള്‍ സ്വയം അപ്രസക്തമാവുകയാണ്. മുസ്‌ലിം സമൂഹത്തിന്റെ വമ്പിച്ച പിന്തുണയോടെയും ബി.എസ്.പി, എഴുത്തച്ഛന്‍ സമാജം പോലുള്ള ദലിത് പശ്ചാത്തലമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും സമുദായ സംഘടനകളുടെയും പങ്കാളിത്തത്തോടെയും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സക്കറിയ, ബി. രാജീവന്‍, ഗൗരീദാസന്‍ നായര്‍, ഭാസുരേന്ദ്രബാബു, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ബി.ആര്‍.പി. ഭാസ്‌കര്‍, സിവിക്ചന്ദ്രന്‍, എ. വാസു, സി.ആര്‍. നീലകണ്ഠന്‍, ജെ. ദേവിക, ഫിലിപ് എം. പ്രസാദ് മുതലായ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലും നടക്കുന്ന അത്യുജ്ജ്വലമായ ഒരു ജനാധിപത്യപ്രക്ഷോഭമാണ് ഇപ്പോള്‍ അബ്ദുല്‍ നാസര്‍ മഅ്ദനി.