ഒരു മനുഷ്യന്‍ തന്റെ പച്ചജീവിതം കൊണ്ട് നടത്തുന്ന ഒരു ജനാധിപത്യപ്രക്ഷോഭത്തിന്റെ പേരാണ് ഇപ്പോള്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. നമ്മുടെ ജനാധിപത്യത്തിന്റെ സമൂര്‍ത്ത സ്ഥാപനങ്ങള്‍ ദുര്‍ബലജനവിഭാഗത്തിനെതിരെ ഗൂഢമായി പ്രവര്‍ത്തിക്കുന്നതിന്റെ ജനദൃഷ്ടിയിലുള്ള ഉദാഹരണം മാത്രമാണ് മഅ്ദനി. നമ്മുടെ ജയിലറകളില്‍ അന്യായമായി കുറ്റം ചാര്‍ത്തപ്പെട്ട് ജാമ്യം പോലും ലഭിക്കാതെ എത്രയോ മനുഷ്യര്‍ വെളിച്ചം കാണാതെ കഴിയുന്നുണ്ട്. അവരുടെ ലോകമറിയുന്ന പ്രതിനിധിയാണ് മഅ്ദനി.
ഇന്റലിജന്‍സ്, പോലീസ് അധികാരികള്‍ മാധ്യമങ്ങളുമായി ചേര്‍ന്നു ചില സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ ന്യൂനപക്ഷ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കെതിരെ എത്രയോ കാലമായി നടത്തിവരുന്ന നീക്കങ്ങളെ വലുതായൊന്നും അനാവരണം ചെയ്യാന്‍ ഇവിടുത്തെ
ജനാധിപത്യപ്രക്ഷോഭങ്ങള്‍ക്കൊന്നും സാധിച്ചിട്ടില്ല. ജനാധിപത്യത്തിനകത്തെ ഈ തമോഗര്‍ത്തത്തെ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് മഅ്ദനി മനുഷ്യാവകാശപ്രസ്ഥാനത്തിന്റെ ചരിത്രപരമായ പ്രാധാന്യം. മഅ്ദനി അറസ്റ്റ് ചെയ്യപ്പെടുന്നതിന്റെ മുമ്പ് അദ്ദേഹം തന്നെയും ശേഷം അദ്ദേഹത്തിനുവേണ്ടിയും നടക്കുന്ന സമരത്തിന്റെ പ്രാഥമികരാഷ്ട്രീയം ഇതാണ്. ഇത്തരം ഗൂഢാലോചനയുടെ ആദ്യത്തെ ബലിയാടല്ല മഅ്ദനി. പക്ഷേ, ഇത്തരം ഗൂഢാലോചനക്കെതിരെ നടക്കുന്ന വിപുലമായ അര്‍ഥത്തിലുള്ള ആദ്യത്തെ ജനാധിപത്യപ്രക്ഷോഭമാണ് അബ്ദുല്‍ നാസര്‍ മഅ്ദനി.
ഒരാളുടെ മേല്‍ പോലീസ് കുറ്റം ചുമത്തി അറസ്റ്റ് ചെയ്താലും അയാള്‍ക്ക് ജാമ്യം ലഭിക്കേണ്ടതാണ്. കരിനിയമം ചുമത്തുന്നത് കാരണമാണ് ജാമ്യം ലഭിക്കാതെ പോവുന്നത്. അതുകൊണ്ട് തന്നെ മഅ്ദനിക്കുവേണ്ടിയുള്ള എല്ലാ പോരാട്ടവും എല്ലാ കരിനിയമങ്ങള്‍ക്കുമെതിരായ പോരാട്ടമാണ്. മഅ്ദനി സ്വയം തന്നെ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (UAPA) എന്ന കരിനിയമത്തിന്റെ ഇരയാണ്. അപ്പോള്‍ മഅ്ദനി ഒരേസമയം ഇരയും പോരാട്ടവുമാണ്. എന്നാല്‍ മണിപ്പൂരിലെ ഇറോം ശര്‍മിള എന്ന പെണ്‍കുട്ടി തന്റെ ജനതയുടെ മേല്‍ നടപ്പിലാക്കപ്പെടുന്ന ആംഡ് ഫോര്‍സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട് (AFSPA) എന്ന കരിനിയമത്തിനെതിരെ കഴിഞ്ഞ പത്തുവര്‍ഷമായി നിരന്തര നിരാഹാരസമരത്തിലാണ്.
ജമ്മുകശ്മീരില്‍ പട്ടാളത്തിന് പ്രത്യേകാധികാരം നല്‍കുന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനം തെരുവിലിറങ്ങുകയാണ്. അത് പിന്‍വലിക്കണമെന്നാണ് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെയും പ്രതിപക്ഷനേതാവ് മഹ്ബൂബ മുഫ്തിയുടെയും അഭിപ്രായം. അത് പിന്‍വലിക്കാമെന്ന് ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രി സമ്മതിച്ചതാണ്. പക്ഷേ, പട്ടാളത്തിനും പോലീസിനുമുള്ള സവിശേഷ അധികാരങ്ങളുടെ മേല്‍ കൈവെക്കാന്‍ കഴിയാത്തവിധം നിസ്സഹായമാണ് നമ്മുടെ സിവില്‍ ഭരണകൂടം. ഒരുതരം പട്ടാളഭരണവും പോലീസ് രാജും ജനാധിപത്യത്തിന്റെ പേരില്‍ ഇവിടെ നടക്കുന്നുണ്ട്. പ്രക്ഷോഭങ്ങളിലൂടെ രൂപപ്പെട്ട ഒന്നാണ് നമ്മുടെ ജനാധിപത്യം. അതിനെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കേണ്ടതും പ്രക്ഷോഭങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയുമാണ്. കരിനിയമങ്ങളെ പ്രശ്‌നവല്‍ക്കരിച്ച് മാത്രമേ മഅ്ദനിയുടെ വിഷയത്തെ അപഗ്രഥിക്കാന്‍ കഴിയുകയുള്ളൂ.
സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി വിധിപറയാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അതിനവസരം നല്‍കരുതെന്ന നിര്‍ബന്ധബുദ്ധിയോടെ അദ്ദേഹത്തെ അറസ്റ്റുചെയ്തത്. ജാമ്യം ലഭിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു എന്നാണ് ധൃതിപിടിച്ച അറസ്റ്റില്‍ നിന്നും നിയമകേന്ദ്രങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. രണ്ടുമണിക്കു മുമ്പ് അറസ്റ്റുചെയ്യണമെന്ന് കര്‍ണാടകപോലീസിന് നിര്‍ബന്ധമുണ്ടായിരുന്നു എന്നാണ് കേരള ആഭ്യന്തരമന്ത്രി സഖാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. വാറന്റ് കാലാവധി അവസാനിക്കുന്നത് രണ്ട് മണിക്കല്ല എന്നിരിക്കെ, വാറന്റ് വേണമെങ്കില്‍ ഇനിയും നീട്ടിവാങ്ങാമെന്നരിക്കെ, അത് മുമ്പ് പലപ്രാവശ്യം നീട്ടിയുണ്ടെന്നിരിക്കെ എന്തിന് കര്‍ണാടക പോലീസിന്റെ, ശാഠ്യത്തിന് കേരളാപോലീസ് വഴങ്ങി എന്നതിന് സി.പി.എം മറുപടി പറയണം.
താന്‍ കോടതിയില്‍ കീഴടങ്ങിക്കൊള്ളാം എന്ന് മഅ്ദനി അധികാരികളെ അറിയിച്ചതും പരസ്യമായി പ്രഖ്യാപിച്ചതുമാണ്. അതിന് മഅ്ദനി തന്നെ പറഞ്ഞകാരണം അത് തന്നെ സ്‌നേഹിക്കുന്നവരുടെ വൈകാരികതക്ക് ആശ്വാസം നല്‍കുമെന്നായിരുന്നു. കാരണം, ബലമായി പിടിച്ചുകൊണ്ടുപോയതല്ല ഞാന്‍തന്നെ കോടതിയില്‍ കീഴടങ്ങിയതാണെന്നത് അവര്‍ക്ക് ആശ്വാസം നല്‍കും. കോടതിയില്‍ കീഴടങ്ങിയാലും കര്‍ണാടക പോലീസിന് അറസ്റ്റ് ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കര്‍ണാടക പോലീസ് അതിനവസരം നല്‍കാതെ അറസ്റ്റു ചെയ്തു. വ്യാപകമായ വികാര വിക്ഷോഭങ്ങളുണ്ടാകുമെന്നവര്‍ പ്രതീക്ഷിച്ചു. അതിനെ അടിച്ചമര്‍ത്തുന്നതിലൂടെ മുസ്‌ലിം സമൂഹത്തിന് വലിയ പരിക്കേല്‍പിക്കാന്‍ കഴിയുമെന്നവര്‍ കണക്കുകൂട്ടിയിരിക്കണം. സമുദായം അതിനെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തിക്കളഞ്ഞു. ഒരു സംഘടന എന്നനിലക്ക് പി.ഡി.പിയും അദ്ദേഹത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ജനവിഭാഗമെന്നനിലക്ക് തെക്കന്‍ കേരളത്തിലെ മുസ്‌ലിംസമൂഹവും കാണിച്ച ക്രിയാത്മകത ഏറെ ശ്രദ്ധേയമാണ്. ശത്രുവിന്റെ ഗൂഢാലോചനയെ സംഘടനയും സമുദായവും സര്‍ഗാത്മകമായി പരാജയപ്പെടുത്തുകയായിരുന്നു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം റമദാനിന്റെ ധാര്‍മികമായ അധികകരുത്ത് അവര്‍ക്കതിനു പ്രയോജനപ്പെട്ടിട്ടുണ്ടാവണം. അറസ്റ്റിന് ശത്രു, റമദാന്‍ തെരഞ്ഞെടുത്തത് സമുദായത്തെ അപമാനിക്കാനായിരിക്കാം. പക്ഷേ, സമുദായം അതിനെ പ്രയോജനപ്പെടുത്തിയത് അതിനെ രചനാത്മകമായി നേരിടാനാണ്.
ജനാധിപത്യവിരുദ്ധമായോ, നിയമവാഴ്ചക്കെതിരായോ ഒന്നും ചെയ്യാതിരിക്കുമ്പോഴും മഅ്ദനിയെ പിന്തുണക്കുന്നവര്‍ നിഷ്‌ക്രിയരായിരുന്നില്ല. അടിച്ചമര്‍ത്താനെളുപ്പമല്ലാത്ത രാഷ്ട്രീയവും നിയമപരവുമായ സമരത്തിന് അവര്‍ തുടക്കം കുറിക്കുകയായിരുന്നു. അറസ്റ്റ് നടന്ന് 24 മണിക്കൂറിനുള്ളില്‍ പി.ഡി.പിക്കും സമുദായത്തിനുമപ്പുറത്തുള്ളവരുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരത്തും കോഴിക്കോടും മഅ്ദനിക്കുവേണ്ടിയുള്ള ആലോചനായോഗങ്ങള്‍ നടന്നു.
ഒന്നാം അറസ്റ്റുകാലത്തേതില്‍ നിന്നു വ്യത്യസ്തമായി വലിയ പിന്തുണ അദ്ദേഹത്തിനിപ്പോള്‍ ലഭിക്കുന്നുണ്ട്. അതിനര്‍ഥം 1998-ല്‍ നിന്ന് 2010ലേക്കെത്തുമ്പോള്‍ നമ്മുടെ ജനാധിപത്യം കൂടുതല്‍ വികസിതമായിരിക്കുന്നു എന്നാണ്. ഭരണകൂട ഉദ്യോഗസ്ഥ ഗൂഢാലോചന എന്നുപറഞ്ഞാല്‍ അന്നു മനസ്സിലാവുന്നതിനേക്കാള്‍ ഇന്നു മനസ്സിലാവുമെന്നായിരിക്കുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ ഭാവി പ്രതീക്ഷാനിര്‍ഭരണമാണെന്നതിന്റെ സൂചകമാണത്.
എന്തിന് മഅ്ദനി
എന്തുകൊണ്ട് മഅ്ദനി തന്നെ ഇത്തരമൊരു ഗൂഢാലോചനക്കിരയാവുന്നു എന്നചോദ്യം പ്രസക്തമാണ്. ഈ ചോദ്യം പിറവിയെടുക്കുന്നത് എന്തെങ്കിലും തെറ്റ് ചെയ്യാതെ ഒരാള്‍ക്കെതിരെ ഇത്തരം നീക്കമുണ്ടാവുമോ എന്ന നിഷ്‌കളങ്കതയില്‍നിന്നാണ്. ഇത്തരം നീക്കം ആര്‍ക്കെതിരെ ഉണ്ടായാലും ഈ ചോദ്യം ചോദിക്കാവുന്നതേയുള്ളൂ. ഭരണകൂട സംവിധാനത്തെക്കുറിച്ച പവിത്രതാബോധമാണ് ഈ സന്ദേഹത്തിന്റെ അടിത്തറ. ഈ പവിത്രതാബോധത്തെ ചോദ്യം ചെയ്തുകൊണ്ട് മാത്രമേ ഭരണകൂട ഭീകരതക്കെതിരായ മനുഷ്യാവകാശ പോരാട്ടത്തിന്റെ അക്ഷരമാല ആരംഭിക്കാന്‍ കഴിയൂ.
സാമ്രാജ്യത്വത്തെയും ഫാഷിസത്തെയും സവര്‍ണമേല്‍ക്കോയ്മയെയും വെല്ലുവിളിച്ചയാള്‍ എന്നത് അദ്ദേഹം ടാര്‍ഗറ്റ് ചെയ്യപ്പെടുന്നതിന്റെ നിമത്തം തന്നെയാണ്. മഅ്ദനിയുടെ അറസ്റ്റിനുശേഷം ചില സാംസ്‌കാരിക പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കപ്പെട്ട യോഗത്തില്‍ ഫിലിപ് എം. പ്രസാദ് പറഞ്ഞതുപോലെ സാമ്രാജ്യത്വത്തെ അക്രമിച്ചിട്ട് സ്വസ്ഥമായി വീട്ടിലിരിക്കാം എന്നുകരുതുന്നത് മൗഢ്യമാണ്. മഅ്ദനി ഒരു സൂചനമാത്രമാണ്.
സ്‌ഫോടനങ്ങളുടെ പേരില്‍ സംഘ്പരിവാര്‍ വ്യാപകമായി പ്രതിക്കൂട്ടിലായ ഈ സമയത്ത് മുസ്‌ലിം ഭീകരതയുടെ വലിപ്പമുള്ള ഒരു പ്രതീകം അവര്‍ക്ക് സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു എന്നതും ശരിയാണ്.
അതിനെല്ലാമപ്പുറം സൂക്ഷ്മമായ കാരണങ്ങള്‍ കൂടി ഇതിനുണ്ട്. ഇദ്ദേഹത്തെ ഇനിയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചാല്‍ അത് വലിയ നീതിനിഷേധമായി സമൂഹത്തിന് അനുഭവപ്പെടും. അപ്പോള്‍ കുറച്ചുപേരെങ്കിലും ഈ ഭരണസംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് തീവ്രവാദികളാവുമെന്നവര്‍ കണക്കുകൂട്ടുന്നു. അങ്ങനെ നമ്മുടെ ഔദ്യോഗികസംവിധാനങ്ങള്‍ തന്നെ നോക്കിനടത്തുന്ന തീവ്രവാദ വ്യവസായത്തിന് കുറേ അസംസ്‌കൃത പദാര്‍ഥങ്ങളുടെ ലഭിക്കുമെന്നവര്‍ വിചാരിക്കുന്നു. മുസ്‌ലിം വികാരത്തെ വ്രണപ്പെടുത്താവുന്ന ലക്ഷണമൊത്ത പ്രതീകമായി അവര്‍ മഅ്ദനിയെ മനസ്സിലാക്കുന്നു.
തീവ്രവാദം ഇല്ലാതാവുക എന്നതല്ല പലപ്പോഴും തീവ്രവാദ വിരുദ്ധ പോരാട്ടം നടത്തുന്ന ഔപചാരികവും അനൗപചാരികവുമായ സംവിധാനങ്ങളുടെ താല്‍പര്യം. മാവോയിസ്റ്റുകള്‍ക്കും സര്‍ക്കാറിനുമിടയില്‍ സര്‍ക്കാര്‍ ക്ഷണം തന്നെ സ്വീകരിച്ചുകൊണ്ട് സ്വാമി അഗ്നിവേശ് മാധ്യസ്ഥനീക്കവുമായി രംഗത്തുവന്നു. രണ്ടുവട്ടം ചര്‍ച്ചകള്‍ നടന്നു. മൂന്നാംവട്ട ചര്‍ച്ചക്കുമുമ്പെ മാവോയിസ്റ്റുകളിലെ ചര്‍ച്ചാപ്രതിനിധിയായിരുന്ന ആസാദ് എന്ന ചെറുകുറി രാജ്കുമാര്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കീശയില്‍ സര്‍ക്കാറിനു കൈമാറാനുള്ള മാവോയിസ്റ്റുകളുടെ കത്തുണ്ടായിരുന്നു. ആ ചര്‍ച്ചയും വെടിനിര്‍ത്തലും നടക്കരുതെന്നു നിര്‍ബന്ധമുള്ള പോലീസിലെ തന്നെ ചിലരാണ് കൊലപാതകത്തിനിപിന്നിലെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
അപ്പോള്‍ തീവ്രവാദം ഇസ്‌ലാമിന്റെയോ മുസ്‌ലിംകളുടെയോ ആവശ്യമല്ല. ചില പോലീസധികാരികളുടെയും ഇസ്‌ലാമിന്റെ ശത്രുക്കളുടെയും മാത്രം ആവശ്യമാണ്. അത് സമുദായം തിരിച്ചറിയുക എന്നതാണ് അതിനെ തോല്‍പിക്കാനുള്ള വഴി. ഭരണകൂട ഭീകരതയെ ജനാധിപത്യപ്രക്ഷോഭം കൊണ്ടാണ് പരാജയപ്പെടുത്തേണ്ടത്. കൂടുതല്‍ സ്വയം ജനാധിപത്യവല്‍ക്കരിച്ചും രാജ്യത്തെ ജനാധിപത്യവല്‍ക്കരിച്ചുമാണ് തോല്‍പിക്കേണ്ടത്.
മഅ്ദനിയോടുള്ള നിലപാട്
ഒരു മനുഷ്യന്റെ തടവുജീവിതം ഒരു സമൂഹത്തിന്റെ മനുഷ്യാവകാശ ബോധത്തിന്റെ ഉരക്കല്ലാവുന്ന അനുഭവമാണ് അബ്ദുല്‍ നാസര്‍ മഅ്ദനി. അദ്ദേഹത്തിനെതിരായി നടക്കുന്ന ഭരണകൂട-ഉദ്യോഗസ്ഥ ഗൂഢാലോചനയോട് എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് ഓരോ വിഭാഗത്തിന്റെയും നീതിബോധത്തിന്റെ തുലാസാണ്.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഔദ്യോഗികസംവിധാനങ്ങള്‍ തന്നെ പുറത്തുകൊണ്ടുവരുന്ന കാലത്ത് നിയമനിര്‍വഹണം നിയമത്തിന്റെ വഴിയില്‍ സഞ്ചരിക്കട്ടെ എന്നുപറയാന്‍ നിരുത്തരവാദപരമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും ഭരണകൂടഭീകരതയുടെ കുഴലൂത്തുകാര്‍ക്കും മാത്രമേ സാധിക്കൂ. നിയമം നിയമത്തിന്റെ വഴിക്കു സഞ്ചരിച്ചാണ് അദ്ദേഹത്തിന് പത്തുവര്‍ഷത്തോളം നിരപരാധിയായി ജയിലില്‍ കിടക്കേണ്ടിവന്നത്.
പോലീസ് നടപടികള്‍ ജനകീയമായ ഒരു ഓഡിറ്റിംഗിനും വിധേയമാകാതിരിക്കുക, സിവില്‍ സൊസൈറ്റിയുടെ ഭാഗത്തുനിന്ന് ഉയരുന്ന പ്രതിവാദങ്ങളെ, നിയമം നിയമത്തിന്റെ വഴിക്ക് സഞ്ചരിക്കും എന്നുപറഞ്ഞ് നിശബ്ദമാക്കാനുമുള്ള നീക്കം ജനാധിപത്യത്തിന്റെ ജീവവായു നശിപ്പിക്കുന്ന നടപടിയാണ്. കേസുകള്‍ ഒരു കേവല നിയമപ്രക്രിയയല്ല. കേസ് രജിസ്റ്റര്‍ ചെയ്യുന്നത് പോലീസാണ്. പോലീസിന് രാഷ്ട്രീയമുണ്ട്. പലപ്പോഴും വംശീയതാല്‍പര്യങ്ങളുമുണ്ട്. രാജ്യദ്രോഹം പോലുള്ള കേസുകളില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാണ്. ഇത്തരമൊരു രാഷ്ട്രീയം ഉള്‍ച്ചേര്‍ന്ന പ്രക്രിയയെ അരാഷ്ട്രീയമായി മാത്രം നോക്കിക്കാണണമെന്നു പറയുന്നത് ഭരണകൂട ഭീകരതക്ക് ഓശാനപാടാന്‍ വേണ്ടിയാണ്.
മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം സാമൂഹ്യജീവിതത്തെ ഗൗരവത്തോടെ ഒരിക്കലും നോക്കിക്കാണാതിരിക്കുക എന്ന അലസവും സുരക്ഷിതവും സൗകര്യപൂര്‍ണവുമായ സമീപനമാണ് അത് മിക്കപ്പോഴും സ്വീകരിച്ചുപോവുന്നത്. നമ്മുടെ ജനാധിപത്യചരിത്രത്തിലെ ആരാച്ചാരായി വേഷമാടിയ അടിയന്തിരാവസ്ഥയെ ആഘോഷിക്കുകയായിരുന്നു മുസ്‌ലിംലീഗ്. ഞങ്ങളുടെ ഊട്ടി പ്രമേയം കൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് എന്നഭിമാനിക്കുകയായിരുന്നു ലീഗ്. തങ്ങളുടെ തന്നെ പഴയ കുട്ടികളായ അഖിലേന്ത്യാലീഗുകാരെ ചവിട്ടാനുള്ള മികച്ച അവസരമായി ലീഗ് അടിയന്തിരാവസ്ഥയെ നോക്കിക്കാണുകയും ഉപയോഗിക്കുകയുമായിരുന്നു. അടിയന്തിരാവസ്ഥ ഇന്ത്യന്‍ മുസ്‌ലിംകളുടെ സുവര്‍ണകാലമാണെന്ന് സി.എച്ച്. അഭിമാനപൂര്‍വം പ്രസ്താവിച്ചു. തുടര്‍ന്ന് ടാഡ, പോട്ട മുതലായ കരിനിയമങ്ങള് നടപ്പിലാക്കപ്പെട്ടപ്പോഴും അതിന്റെ ഇരകള്‍ പ്രധാനമായും മതന്യൂനപക്ഷങ്ങളായിട്ടും അതിനെതിരെ ബഹുജനപ്രക്ഷോഭം വളര്‍ത്തിയെടുക്കാന്‍ വലുതായൊന്നും ലീഗ് ചെയ്തില്ല. ഭരണകൂട അതിക്രമത്തെ പൗരസമൂഹത്തിന്റെ ഒപ്പംനിന്ന് ചെറുക്കുന്നതിലല്ല ഭരണകൂടത്തിന്റെ ഭാഗത്ത് നില്‍ക്കുന്നതിലാണ് ലീഗ് എന്നും സായൂജ്യം കണ്ടെത്തിയത്. അതിന്റെ പേരില്‍ ലീഗിന് അനവധി നല്ലകുട്ടി പട്ടങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
തീവ്രവാദത്തിനും ഭരണകൂട ഭീകരതക്കും മധ്യേ കേരളീയസമൂഹത്തില്‍ വളര്‍ന്നുവരുന്ന ജനാധിപത്യ സമരത്തിന്റെയും വികാസത്തിന്റെയും പ്രതീകമാണ് അബ്ദുനാസര്‍ മഅ്ദനി. മുസ്‌ലിംലീഗ് മഅ്ദനി മനുഷ്യാവകാശ പ്രക്ഷോഭത്തില്‍ നിഷ്‌ക്രിയ നിലപാട് സ്വീകരിക്കുക മാത്രമല്ല ചെയ്യുന്നത്, ഇതില്‍ ഇടപെടുന്നതില്‍ നിന്ന് മുസ്‌ലിം സംഘടനകളെ ബലമായി വിലക്കിക്കൊണ്ടിരിക്കുകയായിരുന്നു. തുടക്കത്തില്‍ ജമാഅത്തെ ഇസ്‌ലാമിയും ദക്ഷിണകേരളത്തില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയും ഉത്തരകേരളത്തില്‍ സമസ്താന കേരള ജംഇയ്യത്തുല്‍ ഉലമയുമൊഴിച്ച് എല്ലാ മുസ്‌ലിം സംഘടനകളും ലീഗിന്റെ ബലപ്രയോഗത്തിനും പ്രലോഭനത്തിനും മുന്നില്‍ കീഴടങ്ങുകയായിരുന്നു. അറസ്റ്റിനുശേഷം ഔദ്യോഗിക സുന്നികളും മുജാഹിദുകളുമൊഴിച്ചെല്ലാവരും അദ്ദേഹത്തിനുവേണ്ടി രംഗത്തുവന്നുകഴിഞ്ഞു.
മതപ്രവര്‍ത്തനമെന്നാല്‍ നിസ്വാര്‍ഥവും നിര്‍ഭയവുമായ നീതിബോധമാണോ അതോ അങ്ങേയറ്റം ആസക്തമായ ഭരണരതിയാണോ എന്നതിന് എല്ലാ മുസ്‌ലിം സംഘടനകളും ചരിത്രത്തോടും ദൈവത്തോടും മറുപടി പറയേണ്ടിവരും.
കേരളത്തില്‍ പ്രത്യേകിച്ച് ദക്ഷിണകേരളത്തില്‍ ഇടതു-വലത് രാഷ്ട്രീയക്കാരുടെ കാര്‍മികത്വത്തിലല്ലാതെ മഅ്ദനിക്കുവേണ്ടിയുള്ള വലിയ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ രൂപപ്പെടുകയാണ്. കേരളത്തിലെ പുതിയ മുഴുവന്‍ ജനാധിപത്യപ്രക്ഷോഭങ്ങളും രൂപപ്പെടുന്നത് ജനതയുടെ സ്വന്തം മുന്‍കൈയില്‍ തന്നെയാണ്. ജനങ്ങള്‍ അനുഭവിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങളുടെ മുഖത്ത് പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികള്‍ സ്വയം അപ്രസക്തമാവുകയാണ്. മുസ്‌ലിം സമൂഹത്തിന്റെ വമ്പിച്ച പിന്തുണയോടെയും ബി.എസ്.പി, എഴുത്തച്ഛന്‍ സമാജം പോലുള്ള ദലിത് പശ്ചാത്തലമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും സമുദായ സംഘടനകളുടെയും പങ്കാളിത്തത്തോടെയും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സക്കറിയ, ബി. രാജീവന്‍, ഗൗരീദാസന്‍ നായര്‍, ഭാസുരേന്ദ്രബാബു, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ബി.ആര്‍.പി. ഭാസ്‌കര്‍, സിവിക്ചന്ദ്രന്‍, എ. വാസു, സി.ആര്‍. നീലകണ്ഠന്‍, ജെ. ദേവിക, ഫിലിപ് എം. പ്രസാദ് മുതലായ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലും നടക്കുന്ന അത്യുജ്ജ്വലമായ ഒരു ജനാധിപത്യപ്രക്ഷോഭമാണ് ഇപ്പോള്‍ അബ്ദുല്‍ നാസര്‍ മഅ്ദനി.
ഇന്ത്യാ വിഭജനം മുതല്‍ ചരിത്രത്തിലെ നിര്‍ണ്ണായക ദശാസന്ധികളില്‍ ലീഗ് ജനവിരുദ്ധ-സമുദായ വിരുദ്ധ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. മഅദനി വിഷയത്തിലും മറ്റോന്ന് പ്രതീക്ഷിക്കേണ്ടതില്ല. നീതിക്കായുള്ള സമരത്തില്‍ ലീഗിനെ പ്രതീക്ഷിക്കാതിരിക്കുകയാണ് നല്ലത്. മഅദനിയുടെ നീതികികും സമൂഹത്തിന്റെ നീതിക്കും നല്ല മനസ്സുകള്‍ ഒത്തുചേരും .
ReplyDelete>>സാമ്രാജ്യത്വത്തെ അക്രമിച്ചിട്ട് സ്വസ്ഥമായി വീട്ടിലിരിക്കാം എന്നുകരുതുന്നത് മൗഢ്യമാണ്. >>
ReplyDeleteഒരു കൈയ്യൊപ്പ്.
peace be upon you, allah will give you rewards for this work.
ReplyDeletenamukku prathikarikkaam prathishethikkaam pakshe ma adaanikku nashtta etta jeevitham namukku thirike kodukkaan pattumo? theerchayaayum adheham vijayichavarude koottathil thanneyaakum Inshah allaahh
ReplyDeleteഇത്രയ്ക്ക് മഹാനായിരുന്നോ മദനി ? മദനിചരിതം വായിച്ചിട്ട് കണ്ണീര് വരുന്നു. ഇതുപോലൊരു സാധുവിനെയാണല്ലോ എല്ലാരും കൂടി ജയിലിലിട്ടത് . കഷ്ടം എന്നല്ലാതെ എന്ത് പറയാനാ ?
ReplyDeleteആട് പട്ടിയായിത്തുടങ്ങിയോ ???
This comment has been removed by the author.
ReplyDeleteAnonymous എന്തായാലും കണ്ണീരിനു സകാത്ത് ഇല്ല, നിങ്ങള്‍ ധാരാളം കരഞ്ഞോളൂ .............
ReplyDeleteസാമ്രാജ്യത്വത്തിനും ജാതീയതക്കും സവര്‍ണ്ണതയക്കുമെതിരെ പോരാടുകയും കൊലപാതകങ്ങളില്‍ വരെ പ്രതികളായിട്ടും കമ്യൂണിസ്റ്റുകാരെ കേരളം മാനിക്കുന്നു.എന്നാല്‍ സാമ്രാജ്യത്വത്തെ അക്രമിച്ച മഅദ്നിയെ കേരളം ഓര്‍ക്കാനിഷ്ടപ്പെടുന്നില്ല,അഥവാ അവഗണിക്കുന്നു ഇതെന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.അപ്പോള്‍ മദനി അക്രമിച്ചത് സാമ്രാജ്യത്വത്തെയാണോ അതോ ജനാധിപത്യത്തെയോ? അതിന് മദനി സ്വീകരിച്ച പാത ഹിംസാത്മകമായ വര്‍ഗ്ഗീയത ആയിരുന്നില്ലേ.അതായിരിക്കും കേരളത്തിന്‍റെ ചിലപ്പോള്‍ കരളലിയാതിരിക്കുന്നത്.ജാതിസ്നേഹികളായ ചില മുസല്‍മാന്മാരുടെയും പോക്കറ്റ് ബുജികളുടേയും ശബ്ധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അതും പുറത്തുവരുന്നില്ല.
ReplyDeleteകഷ്ടം!