Wednesday, September 15, 2010

തടിയന്റെവിട നസീര്‍ എവിടെനിന്നാണ് പുറപ്പെടുന്നത്


കളമശ്ശേരി ബസ് കത്തിക്കല്‍, തടിയന്റവിട നസീര്‍ ലക്ശറെ ത്വയ്യിബ കേസും പ്രചാരണവും മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം അകത്തേക്കും പുറത്തേക്കും ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എത്രയോ അളവില്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്ന യാഥാര്‍ഥ്യമാണ് ഒന്നാമതായി ഇത് അനാവരണം ചെയ്യുന്നത്. ഇത് അബ്ദുന്നാസിര്‍ മഅ്ദനി എന്ന മനുഷ്യന്റെ രാഷ്ട്രീയ ജീവിതവും ജീവിതം തന്നെയും ഇല്ലാതാക്കാനുള്ള, ഒപ്പം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത എല്ലാവരെയും തകര്‍ക്കാനുള്ള സുവര്‍ണാവസരമായി കാണുന്നതിനപ്പുറം വിശകലനം ചെയ്യാനുള്ള ധാര്‍മിക ബാധ്യത കേരള മുസ്‌ലിം സമൂഹിക രാഷ്ട്രീയ മതനേതൃത്വങ്ങള്‍ക്കുണ്ട്. ഏതെങ്കിലും മത രാഷ്ട്രീയ  നേതാക്കളുടെ ഭാവി നശിപ്പിച്ചത് കൊണ്ട് ഈ സിന്‍ഡ്രം ചികിത്സിക്കപ്പെടാന്‍ പോകുന്നില്ല.

പ്രവാചക(സ)നോട് മക്കയിലെ കടുത്ത പീഡനത്തിന്റെ വേളയില്‍ സായുധ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും അനുവാദമില്ലെങ്കില്‍ ചില പ്രമുഖരെ രഹസ്യമായി ഉന്മൂലനം ചെയ്യുന്നതിന് അനുവാദം തരണമെന്ന് അഭ്യര്‍ഥിച്ച് പ്രവാചക സഹചരില്‍ ചിലര്‍ അദ്ദേഹത്തെ സമീപിച്ചു. ഒരു പ്രത്യാക്രമണം നടത്തിയില്ലെങ്കിലും ചില ശത്രു നേതാക്കളെ ഗൂഢമായി ഉന്മൂലനം ചെയ്താല്‍ പീഡനത്തിന് വലിയ ആശ്വാസം ലഭിക്കുമെന്നതായിരുന്നു അവരുടെ വിലയിരുത്തല്‍. പക്ഷേ അതിന് മറുപടി പറഞ്ഞത് ദൈവമാണ്. ''ശത്രുക്കളില്‍ നിന്ന് വിശ്വാസികളെ പ്രതിരോധിക്കുന്നവന്‍ ദൈവമാകുന്നു. ദൈവം വഞ്ചകരെയും നന്ദികെട്ടവരെയും ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.'' (അല്‍ഹജ് 38).

യുദ്ധത്തെയും സമാധാനത്തെയും പരസ്പരം കൂട്ടിക്കുഴക്കരുത് എന്നത് ഇസ്‌ലാമിന്റെ ധാര്‍മിക ശാഠ്യങ്ങളിലൊന്നാണ്. എതിരാളികള്‍ കൂട്ടിക്കുഴക്കുന്നുണ്ടെങ്കിലും മുസ്‌ലിംകള്‍ ഏതോ ഒരു നിലപാട് പ്രഖ്യാപിക്കുകുയം അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യണം. അതിന് എന്തു വില നല്‍കേണ്ടി വന്നാലും. അത് ഉജ്ജ്വലമായി ഏറ്റെടുത്തതാണ് പൂര്‍വ സൂരികളുടെ ചരിത്രം.

പൗരത്വം ഒരു കരാറാണ്. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവരെക്കുറിച്ച് പോലീസ് പറയുന്നത് ശരിയാണെങ്കില്‍ പൗരത്വത്തെ നികൃഷ്ടമായി വഞ്ചിക്കുകയാണവര്‍ ചെയ്തത്. പ്രമുഖ ആധുനിക ഇസ്‌ലാമിക പണ്ഡിതനായ ലബനാനിലെ ഫൈസല്‍ മൗലവി പറയുന്നു: ''പൗരബാധ്യതകളും അവകാശങ്ങളും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയണം. അവകാശങ്ങള്‍ മാത്രം അനുഭവിച്ച് ബാധ്യതകളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പൗരത്വമെന്നത് രാഷ്ട്രവുമായുള്ള കരാറാണ്. രാഷ്ട്രത്തെ ചതിക്കാന്‍ മുസ്‌ലിമിന് അനുവാദമില്ല. നബി(സ) പ്രസ്താവിക്കുന്നു: ''എല്ലാ ചതിയന്മാര്‍ക്കും അറിവടയാളമായി ഒരു കൊടിയുണ്ടാകും.'' യുദ്ധ പ്രഖ്യാപിത ശത്രുക്കളെ ചതിക്കുന്നതും അവരോടുള്ള കരാര്‍ ലംഘിക്കുന്നതു പോലും ഇസ്‌ലാം കുറ്റകരമായാണ് കാണുന്നത്.

ഏതൊരു പൗരനും പൗരത്വ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ ബാധ്യസ്ഥനാണ്. അത്‌ ലംഘിക്കുന്നയാള്‍ ശിക്ഷാവിധേയനാണ്. രാഷ്ട്രത്തില്‍ പ്രാബല്യത്തിലുള്ള എല്ലാ നിയമങ്ങളും പാലിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. നികുതി കൊടുക്കണം... ഈ അടിസ്ഥാനത്തിലാണ് മറ്റുള്ളവര്‍ അയാളോട് ഇടപഴകുക. ഒരാള്‍ മാതൃരാജ്യത്ത് ജീവിച്ചാല്‍ അതിന്റെ അര്‍ഥം അനുവദനീയവും നിയമാനുസൃതവുമായ ഒരു കാര്യം അയാള്‍ തെരഞ്ഞെടുത്തു എന്നാണ്.''

മുസ്‌ലിംസമൂഹത്തിന്റെ ദേശക്കൂറ് ചോദ്യം ചെയ്യാന്‍ ശ്രമിക്കുക എന്നതാണ് ഇത്തരം സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ അരങ്ങേറാറുള്ള കാര്യം. യഥാര്‍ഥത്തില്‍ അവന്റെ ദേശക്കൂറിന് അവന്റെ മതബോധവുമായാണ് ബന്ധം.

ഇന്ത്യയിലെ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്ന അന്‍വാര്‍ഷാ കശ്മീരി 1977 ഡിസംബറില്‍ പെഷവാറില്‍ കൂടിയ ജംഇയ്യത്തുല്‍ ഉലമയുടെ പൊതുസമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തില്‍ പറയുന്നു: ''ഒരു മുസ്‌ലിം രാജ്യം ഇന്ത്യയെ ആക്രമിച്ചാല്‍ മുസ്‌ലിംകളുടെ നിലപാടെന്തായിരിക്കും. ഈ ചോദ്യമുദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. വളരെ തരംതാണ ഒരു ചോദ്യമാണിത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമിടയില്‍ (സ്വാതന്ത്ര്യത്തിനു ശേഷമുള്ള സാഹചര്യത്തില്‍ മുസ്‌ലിംകള്‍ക്കും ജനാധിപത്യ ഭരണകൂടത്തിനുമടയില്‍-ലേഖകന്‍) കരാര്‍ നിലവിലുണ്ടെങ്കില്‍ നിശ്ചയമായും മുസ്‌ലിംകള്‍ അത് പാലിക്കും. എന്നു മാത്രമല്ല, അത്തരമൊരു കരാര്‍ നിലനില്‍ക്കുന്നേടത്തോളം ഒരു മുസ്‌ലിം രാഷ്ട്രത്തിനും ഇന്ത്യ ആക്രമിക്കാന്‍ അധികാരമില്ല. ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രവുമായുള്ള കരാറിനെ മാനിക്കാന്‍ മറ്റു രാഷ്ട്രങ്ങളിലെ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. റസൂല്‍(സ) പറയുന്നു. ''മുസ്‌ലിംകളുടെ കരാറുകള്‍ ഒന്നാണ്. ഒരു മുസ്‌ലിം മറ്റുള്ളവരുമായി വല്ല കരാറും ചെയ്താല്‍ അതിനെ ആദരിക്കല്‍ എല്ലാവരുടെയും കടമയാണ്'' (ബുഖാരി, 3180).

സംഘ്പരിവാര്‍ ഈയിടെ കേരളത്തില്‍ നടത്തിയ ഒരു കാമ്പയിനായിരുന്നു 'ആദ്യം രാജ്യം പിന്നെ മതം' എന്നത്. മുസ്‌ലിമിന് ഒന്നാമത്തെ വിഷയം മതം തന്നെയാണ്. രാജ്യവുമായുള്ള അവന്റെ ബന്ധത്തിന്റെ പോലും ഉറവിടം മതമാണ്. ആദ്യം രാജ്യം പിന്നെ മതം എന്ന് സംഘ്പരിവാര്‍ പറയുമ്പോള്‍ അവര്‍ക്ക് രാഷ്ട്രം തന്നെയാണ് മതം. അഥവാ മതം തന്നെയാണ് രാഷ്ട്രം. അവര്‍ ഈ ക്യാമ്പയിനിലൂടെ മുസ്‌ലിം സമൂഹത്തോടു പറയുന്നത് നിങ്ങളുടേതും അങ്ങനെ തന്നെയായിക്കൊള്ളണമെന്നാണ്. മുസ്‌ലിം രാജ്യത്തോട് കൂറുള്ളവനായിത്തീരുന്നത് അവന്‍ മതവിമുക്തനാവുമ്പോഴല്ല, മതപ്രതിബദ്ധതയുള്ളവനാകുമ്പോഴാണ്.

മുസ്‌ലിം സമൂഹത്തോടുള്ള ഭരണകൂടത്തിന്റെ വിവേചനങ്ങളും ഫാഷിസ്റ്റുകളുടെ ആക്രമണങ്ങളുമാണ് മുസ്‌ലിം തീവ്രവാദത്തിന്റെ ഇന്ധനമാവാറുള്ളത്. എന്നാല്‍ ഇത്തരം വഴിവിട്ട പ്രതികരണങ്ങള്‍ ഭരണകൂടത്തിന്റെ കൂടുതല്‍ കടുത്ത പീഡനത്തിനും മറ്റും കാരണമായിത്തീരുകയും ചെയ്യുന്നു. അത് അവനെ വീണ്ടും കടുത്ത ഭീകരനാക്കി മാറ്റുന്നു.. നീതിനിഷേധം തീവ്രവാദത്തിനും തീവ്രവാദം വീണ്ടും കൂടുതല്‍ കടുത്ത നീതിനിഷേധത്തിനും കാരണമാവുന്നു. ഇത് ചില മുസ്‌ലിംകള്‍ അകപ്പെട്ടിരിക്കുന്ന ഒരു വിഷമവൃത്തമാണ്. ഈ യുക്തിയില്‍നിന്ന് പുറത്തുകടക്കാത്തേടത്തോളം അവര്‍ക്ക് ഈ വിഷമവൃത്തത്തില്‍നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. മറ്റുള്ളവര്‍ നമ്മളോട് അതിക്രമം ചെയ്യുന്നില്ലേ, അപ്പോള്‍ നമുക്കെന്തുകൊണ്ട് തിരിച്ച് അതിക്രമം ചെയ്തുകൂടാ എന്നതാണ് അതിന്റെ യുക്തി. ഈ യുക്തികൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല എന്നു മാത്രമല്ല കൂടുതല്‍ വഷളാവുകയാണ് എന്നതിന് ഏത് കണ്ണുപൊട്ടനും കാണാന്‍ കഴിയുന്ന ആയിരക്കണക്കിന് അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

അപ്പോള്‍ എങ്ങനെ ഈ വിഷമവൃത്തത്തില്‍നിന്ന് പുറത്തുകടക്കും. വിശ്വാസിയുടെ അധിക ധാര്‍മികത കൊണ്ട് മാത്രമേ ശത്രുവിന്റെ ഈ കെണിയില്‍നിന്ന് അവന് രക്ഷപ്പെടാന്‍ കഴിയൂ. മറ്റുള്ളവര്‍ തെറ്റു ചെയ്യുന്നു എന്നത് നാം തെറ്റു ചെയ്യാനുള്ള ന്യായമല്ല. നഷ്ടങ്ങള്‍ സഹിച്ചു. ശരി മാത്രം ചെയ്യുന്നവര്‍, നിയമം പാലിക്കുന്നവര്‍ ആത്യന്തികമായി ഇവിടെയും അതിനപ്പുറത്തും വിജയിക്കുക തന്നെ ചെയ്യും. അധാര്‍മികതകള്‍ താല്‍ക്കാലികാശ്വാസങ്ങള്‍ ഒരു പക്ഷേ പ്രദാനം ചെയ്താലും ആത്യന്തികമായി പരാജയപ്പെടുക തന്നെ ചെയ്യും. ദൈവബോധമാണ് മതത്തിന്റെ ആത്മാവ്. ധാര്‍മികതയാണ് അതിന്റെ ശരീരം.

മുസ്‌ലിം തീവ്രവാദത്തെ ഭരണകൂടം തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നു, മുസ്‌ലിംസമൂഹത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്രാജ്യത്വം സര്‍വ സഹായവും ചെയ്തുകൊടുക്കുന്നു മുതലായ വസ്തുതകള്‍ ഇത്തിരി ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ ഇന്ന് വ്യക്തമാണ്. മുംബൈ ഭീകരാക്രമണം നടത്തിയതില്‍ പാകിസ്താനും മുസ്‌ലിം മിലിറ്റന്റ് ഗ്രൂപ്പുകള്‍ക്കും പങ്കുണ്ടായിരിക്കാം. പക്ഷേ അതിനേക്കാള്‍ അതില്‍ അമേരിക്കക്ക്‌ പങ്കുണ്ടായിരുന്നു എന്ന് ഇന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഡേവിഡ് ഹെഡ്‌ലി എന്ന അമേരിക്കന്‍
ചാരന് ഇതിലുള്ള പങ്ക് ഇപ്പോള്‍ ഏകദേശം വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. ഡേവിഡ് ഹെഡ്‌ലി എന്ന അമേരിക്കന്‍ ചാരനും തടിയന്റവിട നസീറും തമ്മില്‍ ചങ്ങാത്തമുണ്ടെന്ന വാര്‍ത്തയും ചേര്‍ത്ത് വായിക്കണം. നസീര്‍ മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കി മാറ്റാന്‍ പോലിസ് ചാരനായി പെരുമ്പാവൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചതായി പി.എം. ഇസ്മയില്‍ എന്ന മുന്‍പോലിസുകാരന്‍ പത്രസമ്മേളനം നടത്തി വെളിപ്പെടുത്തുകയുണ്ടായി. (തേജസ് ദിനപത്രം 17.12.2009) അപ്പോള്‍ മുസ്‌ലിമിനെ കൊണ്ട് ഭീകര പ്രവര്‍ത്തനം ചെയ്യിക്കുന്നത് ഇസ്‌ലാമല്ല, അമേരിക്കയാണ്. രാജ്യത്തെ ഇസ്‌ലാമിക സംഘടനകളല്ല ഭരണകൂടത്തിലെ തന്നെ മുസ്‌ലിംവിരുദ്ധ ഇന്റലിജന്‍സ് ലോബിയാണ്. അത് തിരിച്ചറിയാന്‍ കഴിയാത്ത, അതില്‍ ചെന്നുവീഴാന്‍ മാത്രം ബുദ്ധിമോശമുള്ള തടിയന്റവിട നസീറുമാര്‍ ഈ സമുദായത്തിലുണ്ട് എന്നതാണ് സമുദായത്തിന്റെ നിര്‍ഭാഗ്യം.


ഇന്ത്യയില്‍ മുസ്‌ലിം തെറ്റ് ചെയ്താലും ഹിന്ദു തെറ്റ് ചെയ്താലും ഒരേ പ്രതികരണമല്ല എന്നത് ഒരു മൂര്‍ത്ത യാഥാര്‍ഥ്യമാണ്. ഇതിനെ മുസ്‌ലിം എങ്ങനെയാണ് നേടിരേണ്ടത്. ഈ വസ്തുത രാജ്യമനസ്സാക്ഷിയുടെ മുന്നില്‍ ചൂണ്ടാക്കുകയും അതിനെതിരായ ബഹുജനാഭിപ്രായ രൂപീകരണത്തിന് രാജ്യത്തെ മതേതര വിശ്വാസികളുടെയും മാനവിക വാദികളുടെയും പിന്തുണയോടെ ശ്രമിക്കുകയും ചെയ്യണം. കാരണം അത് രാജ്യത്തെ കൂടുതല്‍ ജനാധിപത്യവല്‍കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ അപ്പോഴും പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെട്ടുകൊള്ളണമെന്നില്ല. അപ്പോള്‍ ഇത്തരം ബഹുജനാഭിപ്രായ രൂപീകരണ ശ്രമങ്ങള്‍ നടത്തുമ്പോള്‍ തന്നെ നേരത്തേ സൂചിപ്പിച്ച ഇസ്‌ലാം അവനു പ്രദാനം ചെയ്യുന്ന ശരാശരിക്കപ്പുറമുള്ള ഉയര്‍ന്ന ധാര്‍മികതകൊണ്ട് മാത്രമേ അവനിതിനെ ഭേദിക്കാന്‍ കഴിയുകയുളളൂ. പ്രതികാരത്തിന്റെ കേവല യുക്തിവാദം പ്രതികരണത്തിന്റെ കേവല ഭൗതികവാദം പിന്തുടരുന്നേടത്തോളം അവന് ഇതില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല.

ലിബിയയില്‍ രണോത്സുകമായ കോളനിവിമോചന സമരത്തന് നേതൃത്വം നല്‍കിയ പണ്ഡിതനാണ് ഉമര്‍ മുഖ്താര്‍. ഇറ്റലിക്കാര്‍ മുസ്‌ലിം പോരാളികളുടെ മൃതശരീരങ്ങള്‍ അംഗഭംഗം വരുത്തിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ച അനുയായികളോട് അദ്ദേഹം പറഞ്ഞു. ''നിങ്ങളുടെ ഗുരുക്കന്മാര്‍  ഇറ്റലിക്കാരല്ല. അല്ലാഹുവും അവന്റെ പ്രവാചകനുമാണ്.''


ഇവിടെ ധാര്‍മികത മുസ്‌ലിമിന്റെ പ്രതിനിധാനത്തിന്റേതും അതിജീവനത്തിന്റേതും പ്രശ്‌നമാണ്. ഏതെങ്കിലും വിഭാഗം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നത് മുസ്‌ലിമിന് നിയമം കൈയിലെടുക്കാനുള്ള ന്യായമാകരുത്. രാജ്യത്ത് നിയമവാഴ്ച നിലനില്‍ക്കുക എന്നത് മറ്റാരേക്കാളും രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങളുടെ ആവശ്യമാണ്. സമ്പന്നനും സവര്‍ണനും നിയമവാഴ്ച യഥാവിധി നിലനിന്നില്ലെങ്കിലും അവന്റെ കാര്യങ്ങള്‍ നടക്കും. അവന്‍ സുരക്ഷിതനായിരിക്കും. മറ്റാരേക്കാളും നിയമപരിരക്ഷ ആവശ്യമുള്ളത് അധഃസ്ഥിത മര്‍ദിത ദുര്‍ബല ജനവിഭാഗത്തിനാണ്. അതുകൊണ്ടുതന്നെ നിയമവാഴ്ചയുടെ ആയുരാരോഗ്യം വര്‍ധിപ്പിക്കുക എന്നത് മുസ്‌ലിം സമൂഹത്തിന്റെ പ്രധാന പരിഗണനാ വിഷയമാവണം. നിയമബാഹ്യമായ പ്രതിരോധ വഴികള്‍ അലോപ്പതി ചിക്തിസയിലെ വേദനാ സംഹാരികളെപ്പോലെയാണ്. ഒരുപക്ഷേ അത് താല്‍ക്കാലിക ഫലം നല്‍കിയാലും. മൊത്തത്തില്‍ അത് ശരീരത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. നിയമവിരുദ്ധ പ്രതിരോധങ്ങള്‍ ചിലപ്പോള്‍ താല്‍ക്കാലിക ഫലങ്ങള്‍ നല്‍കിയേക്കും. പക്ഷേ അത് മൊത്തത്തില്‍ രാഷ്ട്ര ശരീരത്തെ അനാരോഗ്യത്തിലേക്ക് നയിക്കുകയാണ് ചെയ്യുക. ആ അനാരോഗ്യത്തിന് ഏറ്റവും വില കൊടുക്കേണ്ടിവരിക രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക ദരിദ്ര ജവിഭാഗങ്ങള്‍ തന്നെയായിരിക്കും. ജനാധിപത്യ ക്രമത്തിനകത്തുതന്നെ പോസിറ്റീവ് മിലിറ്റന്‍സി എന്ന ഒന്നുണ്ട്. അതൊരിക്കലും അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനമല്ല. ജനത്തെ സംഘടിപ്പിച്ച് ജനമധ്യത്തില്‍ വെച്ച് നിര്‍വഹിക്കപ്പെടുന്നു. ജനകീയ സമരമുഖത്ത് ഉപയോഗിക്കപ്പെടുന്ന സുതാര്യമായ മിലിറ്റന്‍സി ഇതിന്റെ ഭാഗമാണ്.

ഭീകരരവാദത്തിനെതിരെ മുസ്‌ലിംസമൂഹം അതിശക്തമായി രംഗത്തുവരേണ്ടതുണ്ട്. പക്ഷേ അത് ഭീകരവാദത്തെക്കുറിച്ച് ഔദ്യോഗിക ഭാഷ്യങ്ങള്‍ അന്ധമായി വിശ്വസിച്ചുകൊണ്ടല്ല. നമ്മുടെ നാട്ടിലെ ഭീകരവാദം അമേരിക്കയും പാകിസ്താനും നമ്മുടെ ഭരണ ഉദ്യോഗസ്ഥ സമൂഹത്തിലെ ഒരു വിഭാഗവും കുറേ തീവ്രവാദികളും പരസ്പരം അറിഞ്ഞും അറിയാതെയും ഒരുമിച്ചു ചേര്‍ന്ന് നടത്തുന്ന ഒരു മള്‍ട്ടി നാഷ്‌നല്‍ വ്യവസായമാണ്. സാമ്രാജ്യത്വം ഒരേസമയം നമ്മുടെ രാജ്യത്തെ തീവ്രവാദികളെയും ഭരണകൂത്തെയും സഹായിക്കുകയാണ്. ഇതിലൂടെ അവരുടെ രണ്ടു ശത്രുക്കളെ ഒരുമിച്ച് തകര്‍ക്കാന്‍ കഴിയുമെന്നവര്‍ കണക്കുകൂട്ടുന്നു. ഒരു രാജ്യമെന്ന നിലക്ക് ഇന്ത്യയെയും ഒരു ആഗോള ജനസമൂഹമെന്ന നിലക്ക് മുസ്‌ലിംകളെയും. ഈ കള്ളനും പോലീസും കളിയില്‍ ആര് ജയിച്ചാലും അമേരിക്കക്ക് ലാഭമാണ്. ഭരണകൂടം ജയിച്ചാലും തീവ്രവാദികള്‍ ജയിച്ചാലും, ഇന്ത്യ ജയിച്ചാലും പാകിസ്താന്‍ ജയിച്ചാലും. കാരണം സാമ്രാജ്യത്വം ഈ കളിയില്‍ തിരശ്ശീലക്ക് പിന്നിലാണ്. ഭീകരവാദത്തിന്റെ ഈ രാഷ്ട്രീയത്തെ തിരിച്ചറിയാന്‍ നമ്മുടെ ഒരു സ്ഥൂല രാഷ്ട്രീയത്തിനും സൂക്ഷ്മരാഷ്ട്രീയത്തിനും കഴിയുന്നില്ല. ഭീകരവാദ ഭീകരാന്വേഷണ വ്യവസായത്തിന്റെ അടുക്കളകളെ അനാവരണം നമ്മുടെ ഒരു മാധ്യമ പ്രവര്‍ത്തനത്തിനും സാധിക്കുന്നില്ലെന്നു മാത്രമല്ല അവരീ കൂട്ടുകെട്ടിലെ പ്രബലമായ ഒരു കണ്ണിയുമാണ്.

കുറവന്റെ കൈയിലെ കുരങ്ങനെ പോലെ നമ്മുടെ പോലീസുകാര്‍ കൊണ്ടുനടക്കുന്ന തടയിന്റവിട നസീറിനെ ഇത്രകാലവും സംരക്ഷിച്ചത് പോലീസ് തന്നെയാണെന്ന് പ്രബലമായി സംശയിക്കേണ്ടിയിരിക്കുന്നു. നായനാര്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന്റെ പേരില്‍ നസീറിനെ അറസ്റ്റ് ചെയ്യാന്‍ അവന്റെ ഭാര്യവീട്ടില്‍ പോലീസ് വന്നിരുന്നു. അവനെ പിടിച്ചുകൊണ്ടുപോയ പോലീസ് പിന്നീട് കുറച്ചു സമയം കഴിഞ്ഞ് ആ വീട്ടില്‍വന്ന് അവന്‍ രക്ഷപ്പെട്ടുകളഞ്ഞു എന്നു പറഞ്ഞു. ഈ സംഭവം മാധ്യമങ്ങളില്‍ വിവരിച്ച അവന്റെ ഭാര്യാ മാതാവ് പറയുന്നത് പോലീസിന്റെ സഹായമില്ലാതെ അവന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല എന്നാണ്. നസീറിനെ രക്ഷിച്ചത് ഇടതുപക്ഷമാണോ വലതു പക്ഷമാണോ എന്ന് കക്ഷിരാഷ്ട്രീയ വാക്പയറ്റിനപ്പുറം നസീറിനെ രക്ഷിച്ചത് ഇടതുകാലത്തെയും വലതുകാലത്തെയും കേരളാ പോലീസാണ്.

ഭീകരത പലപ്പോഴും ഒരു പോലീസ് കൃഷി കൂടിയാണ്. ആവശ്യമുള്ളപ്പോള്‍ അവര്‍ അവരുടെ വിളവുകൊയ്‌തെടുക്കുന്നു. ഇത് ഈ 'കൊടുംഭീകരര്‍' ചിലപ്പോള്‍ അറിയുന്നു. മറ്റു ചിലപ്പോള്‍ അറിയുന്നില്ല. പോലീസും ഭരണകൂടവുമറിയാതെ ഇവിടെ ആരും ബസ് കത്തിക്കുന്നില്ല. ഒരു മുംബൈയിലും ഭീകരാക്രമണവും നടക്കുന്നില്ല. ഭരണകൂടമെന്നതിന് ആഗോളവത്കരണാനന്തര കാലത്ത് നമ്മുടെ നാട്ടിലെ അര്‍ഥം അമേരിക്കയില്‍ തുടങ്ങി നമ്മുടെ നാട്ടിലെ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ അവസാനിക്കുന്നതാണ്.


ഇത്തരമൊരു തലം അരങ്ങു തകര്‍ക്കുന്ന മഅ്ദനി വേട്ടക്കുമുണ്ട്. എന്റെ സുഹൃത്തിനെ ബൈക്ക് ഓടിക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലീസ് പിടിച്ചു. ലൈസന്‍സ് കാണിക്കാന്‍ പറഞ്ഞു. അവന്‍ ലൈസന്‍സ് കാണിച്ചു. ഡ്രൈവിംഗില്‍ നിയമം തെറ്റിച്ചു എന്നു പറഞ്ഞു. അത് ശരിയായിരുന്നു എന്നവന്‍ പറഞ്ഞു സ്ഥാപിച്ചു. അപ്പോള്‍ പോലീസുകാരന്‍ പറഞ്ഞു. എന്നാല്‍ കുഴപ്പമില്ല ഞാന്‍ ഹെല്‍മറ്റിന് ചാര്‍ജ് ചെയ്തുകൊള്ളാം. ഇതുപോലെ മഅ്ദനിയെ കുടുക്കിയേ തീരൂ എന്ന് പോലീസ് നേരത്തേ തീരുമാനിച്ചിരിക്കുന്നു എന്നു തോന്നിപ്പിക്കുന്നതാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പി.ഡി.പിയുമായി രാഷ്ട്രീയ സംഖ്യമുണ്ടാക്കുമ്പോഴും പോലീസ് കസ്റ്റഡിയിലുള്ള പല പ്രതികളും മഅ്ദനി പല കേസിലും പ്രതിയാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു മണി എന്ന യൂസുഫ്. പക്ഷേ തന്നെക്കൊണ്ട് പോലീസ് നിര്‍ബന്ധിച്ച് മഅ്ദനിയുടെ പേര് പറയിക്കുകയായിരുന്നു എന്ന് അയാള്‍ പിന്നീട് വെളിപ്പെടത്തി. ഭരണത്തിലുള്ള ഇടതുപക്ഷം കേസ് ഫയലുകള്‍പരിശോധിച്ച ശേഷം അദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെട്ട ശേഷമാണ് മഅ്ദനിയുമായി സംഖ്യം കൂടാന്‍ തീരുമാനിച്ചതെന്നാണ് അന്ന് ഇടതു നേതാക്കളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. പക്ഷേ അപ്പോഴും പോലീസില്‍ ഒരു വിഭാഗം തുടരുന്ന മഅ്ഛനി വേട്ടയെ അഭിമുഖീകരിക്കാന്‍ ഇടതുപക്ഷം വിസമ്മതിച്ചു. അതിന്റെ വിലയാണ് അവര്‍ ഇപ്പോള്‍ ഒടുക്കിക്കൊണ്ടിരിക്കുന്നത്.

പാകിസ്താനില്‍ ഓരോ ദിവസവും പൊട്ടിത്തെറിക്കുന്നത് ആരുടെ സാധനമാണ്? അതിനു പിന്നില്‍ ആരുടെ കരങ്ങളാണ്? പാക് താലിബാന്‍ എന്ന കൊലയാളി സംഘം ആരുടെ വളര്‍ത്തു പുത്രനാണ്. ഇന്ത്യക്കും പാകിസ്താനും ശത്രുവായിരിക്കെതന്നെ അവര്‍ക്ക് വല്ല അവരറിയാത്ത പൊതുശത്രുക്കളുമുണ്ടോ?


കോസ്റ്റ് ഗാര്‍ഡ് രൂപീകരണത്തില്‍ പങ്കാളിയാവുകയും വെസ്റ്റ് ബംഗാളിലെ ഹാല്‍ദിയയില്‍ ഏറെക്കാലം ആ സേനയുടെ അമരക്കാരനായി ഇരിക്കുകയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ അമരക്കാരനായി വിരമിക്കുകയും ചെയ്ത പ്രഭാകരന്‍ പലേരി പറയുന്നു: 'പുറത്തുനിന്ന് വല്ലവരും ആക്രമിക്കാന്‍ വരികയാണെങ്കില്‍ അതിനെ തടുക്കാനുള്ള എല്ലാ കഴിവും നമുക്കുണ്ട്. എന്തുകൊണ്ട്അത് ചെയ്യുന്നില്ല എന്നതില്‍ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളൂ.'' ഇന്ത്യയില്‍ ഏതു ഭീകര പ്രവര്‍ത്തനം നടന്നാലും അതിന്റെ ഉത്തരവാദിത്വം പാകിസ്താനാണെന്ന വാദം ശരിയാണോ എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറയുന്നു: ''പാകിസ്താനില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഇന്ത്യയുടെ നാശം കാത്തിരിക്കുന്ന എത്രയോ രാജ്യങ്ങളുണ്ട്. സൗഹൃദം നടിച്ചു നില്‍ക്കുന്ന രാജ്യങ്ങളെയാണ് ഏറ്റവും ഭയക്കേണ്ടത്. ഇന്ത്യയുടെ തകര്‍ച്ച കാത്തിരിക്കുന്ന, അതിനായി അവിശ്രമം ശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പേര് എന്റെ നാവിന്‍ തുമ്പിലുണ്ട്. അത് പറയില്ല. രണ്ടാണ് കാരണം. ഒന്ന്, അതിനു നിരത്താന്‍ വ്യക്തമായ തെളിവുകള്‍ വേണം. രണ്ട്, ഞാന്‍ ഇപ്പോള്‍ അത് പറയുന്നത് ശരിയല്ല. എങ്കിലും അതുണ്ട് എന്നത് വാസ്തവം.  നമ്മുടെ പ്രധാന ശത്രു ആരാണ്? പാകിസ്താന്‍? എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറയുന്നു. ''എന്തിനു പാകിസ്താനു നേരെ വിരല്‍ ചൂണ്ടുന്നു. അത് തെറ്റായ നിഗമനമാണ്. പാകിസ്താന്‍ വേറെ ശക്തികളുടെ അടിമകളായി, വേറെ ശക്തികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞത്. ഇന്ത്യയിലെ ജനങ്ങള്‍ഉപരിപ്ലവമായാണ് കാര്യങ്ങളെ കാണുന്നതെന്ന്. ഇന്ത്യയുടെ വളര്‍ച്ചയില്‍ പലര്‍ക്കും ഭയമാണ്. അവര്‍ നമ്മെ നശിപ്പിക്കാന്‍ പല മാര്‍ഗവും നോക്കും. പണ്ട് പാകിസ്താനും ചൈനയും യുദ്ധം ചെയ്തു. ഇന്ന് യുദ്ധത്തിന്റെ സാധ്യത കുറവാണ്. വേറെ ചിലര്‍ നമ്മുടെ കൃഷി നശിപ്പിക്കാന്‍ ഭക്ഷ്യ സഹായം നല്‍കി. ഭക്ഷ്യസാധനങ്ങള്‍ സൗജന്യമായി കിട്ടുമ്പോള്‍ എല്ലാവരും ഉദാസീനരാവുമല്ലോ?'' (കലാകൗമുദി 2009 ഡിസംബര്‍ 20).

ഭീകരവാദത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ വേട്ടയാടുന്നതിലൂടെ അതിന്റെ പിന്നിലെ യഥാര്‍ഥ ശക്തികളെ സമര്‍ഥമായി മറച്ചുവെക്കാന്‍ തല്‍പരകക്ഷികള്‍ക്ക് സാധിക്കുന്നു. ഇതിനര്‍ഥം ഇതില്‍ പ്രതികളായ മുസ്‌ലിംകളെല്ലാം നിരപരാധികളാണെന്നല്ല. അവരുടെ വന്യവികാരങ്ങളെ ഉപയോഗപ്പെടുത്തി വലിയ അജണ്ട നടപ്പാക്കുന്നു ആഭ്യന്തര വൈദേശിക ശക്തികള്‍ രക്ഷപ്പെടുന്നു എന്നു മാത്രമാണ്. ഈ അവിവേകികള്‍ ഒരു സമുദായത്തെ മൊത്തം നോണ്‍ അറസ്റ്റഡ് പുള്ളികളായി പിടിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയാണ്. ഇതുതന്നെയാണ് ഇവരുടെ പിന്നിലുള്ളവരുടെ താല്‍പര്യം.

ഓരോ സംഭവമുണ്ടാകുമ്പോഴും നമ്മുടെ സ്‌ക്രീനിലും പേജിലും മുസ്‌ലിംകള്‍ എത്രവേഗമാണ് കുറ്റപ്പത്രത്തില്‍ പ്രത്യേകം പേരില്ലാത്ത പൊതു കുറ്റവാളികളായി മാറുന്നത്. മുസ്‌ലിം മാനേജ്‌മെന്റിലുള്ള പത്രങ്ങള്‍ ഒരു രാത്രി കഴിഞ്ഞ് സൂര്യനുദിക്കുമ്പോഴേക്ക് നമ്മുടെ മാധ്യമ നിരൂപകര്‍ക്ക് മുസ്‌ലിം പത്രമായി മാറുന്നത്. പക്ഷേ നമ്മുടെ നാട്ടില്‍ ഒറ്റ ഹിന്ദു പത്രവും നായര്‍ പത്രവുമില്ല. ദേശീയ പത്രം മാത്രമേയുള്ളൂ. പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ പറഞ്ഞതുപോലെ ''ഒരു പക്ഷേ മലയാളി സമൂഹം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും ഗുരതരമായ സാംസ്‌കാരിക രാഷ്ട്രീയ ഭീഷണി മാധ്യമങ്ങളുടെ ഹൃദയശൂന്യമായ വര്‍ഗീയ അജണ്ട തന്നെയാണ്.''


കേരളത്തിലെ ഇസ്‌ലാം നടുനിവര്‍ത്തി നിന്ന് ഏറെ ചെറുതെങ്കിലും വളരെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന മുസ്‌ലിം സമൂഹത്തിലെ തീവ്രവാദ പ്രവണതയെ നേരിടണം. ഓരോ സംഘടനക്കും അവരുടെ മതവ്യാഖ്യാന ശൈലിയനുസരിച്ച് ഇതിനെതിരെ സമുദായത്തെ പൊതുവിലും പ്രവര്‍ത്തകരെ സവിശേഷമായും പ്രബോധിപ്പിക്കണം. അതിനു പകരം ഭീകരവാദത്തിന്റെ കാറ്റും കോളുമുണ്ടാകുമ്പോഴെല്ലാം അങ്ങേയറ്റം നിരുത്തരവാദപരമായി, ഇതിനകം അനേകം വാള്യങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞ മൗദൂദി തെറിപ്പാട്ട് പുനഃസംപ്രേഷണം ചെയ്തതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. മൗദൂദിയോട് നാം എത്ര വിയോജിച്ചാലും തീവ്രവാദത്തിന്റെ അധാര്‍മിക വ്യാവസായികത ഏറ്റവും നന്നായി തിരിച്ചറിഞ്ഞ ആധുനിക ഇസ്‌ലാമിക പണ്ഡിതനും നായകനുമാണദ്ദേഹം.

സാമ്രാജ്യത്വത്തിനും ഭരണകൂട ഭീകരതക്കും അരാഷ്ട്രീയവല്‍ക്കരണത്തിനുമെതിരായ വിശാലമായ പോരാട്ടത്തിന്റെ ഭാഗമായാണ് മുസ്‌ലിം സമൂഹം തീവ്രവാദത്തിനെതിരായ സമരം ഏറ്റെടുക്കേണ്ടത്. അങ്ങനെ മാത്രമേ ഈ സമരത്തെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ.







7 comments:

  1. Good one,

    Pls look my views also:-
    http://my-open-thoughts.blogspot.com/

    ReplyDelete
  2. ഇന്ന് മുസ്ലിം വിരുദ്ധരുടെ കയ്യിലുള്ള ഏറ്റവും വലിയ ആയുധം "Media" ആണ്, ഇതില്‍ സങ്കടകരമായ കാര്യം എന്താന്നു വെച്ചാല്‍ മുസ്ലിം management നടത്തുന്ന "മാധ്യമം" പോലെ യുള്ള പത്രം പോലും മുസ്ലിംകള്‍ പ്രതിയായ വാര്‍ത്ത‍ ആദ്യ പേജില്‍ കൊടുക്കുവാന്‍ മത്സരിക്കുകയാണ് . ഉദാഹരണത്തിന് കളമശ്ശേരി ബസ്‌ കത്തിക്കല്‍, അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ പിടിക്കുന്നതും മറ്റും മാധ്യമത്തിനു പോലും ഇന്നും വലിയ വാര്‍ത്തയാണ്, ആ സംഭവത്തിന്‌ ശേഷം RSS കാര്‍ കണ്ണൂര്‍ ജില്ലയില്‍ ഒരാളുടെ കൈ വെട്ടി, ആകെ ഒരു ദിവസം മാത്രമേ ആ വാര്‍ത്ത വന്നത് (മാധ്യമം ഉള്‍പടെ) . എന്ത് കൊണ്ട് "മാധ്യമം" പോലെ ഉള്ള പത്രത്തിന് ആ സംഭവം ഒരു വാര്‍ത്ത ആയില്ല.

    കുറച്ചു നാള്‍ മുമ്പ് വിമാനത്തില്‍ നിന്നും ബോംബു പിടിച്ചു , പ്രതിയെ പിടിക്കുന്നത്‌ വരെ എല്ലാവര്‍ക്കും വലിയ വാര്‍ത്ത ആയിരിന്നു . പ്രതി ഒരു അമുസ്ലിം ആയതിനാല്‍ ആ വാര്‍ത്ത അന്നത്തോടെ നിര്‍ത്തി, രസകരമായ കാര്യം എന്ന് വെച്ചാല്‍ അത് വരെ "വിമാനത്തില്‍ ബോംബു" എന്നാ വാര്‍ത്ത‍ പ്രതിയെ പിടിച്ച ശേഷം " വിമാനത്തില്‍ നിന്ന് കണ്ടടുത്ത ഗുണ്ട് " എന്നായി മാറി.

    മുസ്ലിംകളുടെ വലിയ ഒരു പ്രശ്നം ഗ്രൂപിസം ആണ്, ഒന്നിക്കേണ്ട സമയത്ത് ഒറ്റപെടുതും , ഒരു പാര്‍ട്ടിയെ സത്രുക്കള്‍ വളയുമ്പോള്‍ മറ്റു മുസ്ലിം സംഗടനകള്‍ സത്രുകളെ കൂടെ കൂടി ആ പാര്‍ട്ടിയെ ഇല്ലാതാക്കും, കൈ വെട്ടിയ കേസില്‍ വാര്‍ത്ത‍മാധ്യമങ്ങള്‍ എല്ലാവരും "popular friend" നെ പറഞ്ഞപ്പോള്‍ , തീവ്രവാദ കേസില്‍ "PDP" യെ പറഞ്ഞപ്പോയും അവരെ ഒയിവാകി സമദാന യോഗം കൂടാന്‍ എന്ത് ഉത്സാഹമായിരുന്നു, ഇതിനു മുമ്പ് ജമാഅത്തെ ഇസ്ലാമി യെ തീവ്രവാദി ആകിയപ്പോയും ഇങ്ങിനെ ആയിരുന്നു.

    ReplyDelete
  3. ഹല്‍ക്കകളും , മജ്ലീസുകളും നടത്തുകയും , വഴി നീളെ ല്‍ സീ ഡീ വെച്ചുകൊണ്ട് സ്വ സമുധായ്ത്ിലെ സഹോധരങ്ങളെയും , പാണ്ഡിതന്മാരെയും തെറി വിളിക്കുകയല്ലാതെ മറ്റെന്ത് റിയാം ഒരു കൂട്ടം നമ്മുടെ നേതാക്കന്മാര്‍ക്ക്
    ഇന്നു ഇവിടെ നടക്കുന്നത്‌ ഒന്നും അവര്‍ അറിയുന്നില്ല എന്നുള്ള ഈ ഭാവം സമുധായാത്തിന്ന്
    കൂടുതല്‍ നാശങ്ങള്‍ വരുത്തി വെക്കും.

    ReplyDelete
  4. മഹനീയമായ പോസിറ്റീവ് ചിന്തകള്‍ !!!
    സമുദായത്തിനും, സമൂഹത്തിനും ഇത്തരം ചിന്തകളിലൂടെ മാത്രമെ പരസ്പ്പരം മനസ്സിലാക്കി സ്നേഹിക്കാനും, അഭിവൃദ്ധിപ്പെടാനും,സമാധാനവും സന്തോഷവും
    ഉല്‍പ്പാദിപ്പിക്കാനും കഴിയുകയുള്ളു. നാശത്തിലേക്കുള്ള ചിന്താധാരകളെ നിര്‍മ്മാണത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും, സമൂഹത്തെ രക്ഷിക്കാനും കരുത്തുള്ള ഈ ചിന്ത വളരട്ടെ . ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ അഭിവാദ്യങ്ങള്‍ !!!
    സമൂഹത്തില്‍ ചിന്തകള്‍ വളരാനുള്ള ചിത്രകാരന്റെ ഒരു കലഹപോസ്റ്റ് ലിങ്ക്:ഒരു പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ പോലും ഇസ്ലാമിനു കഴിയില്ലേ ??? !!!

    ReplyDelete
  5. ഭര്ര്‍...... തടിയന്ടവിടെ നസീര്‍ 'അധോവായു ഇട്ട സ്ഥലം' എവിടെയൊക്കെയാണ്?
    http://keralapressclub.blogspot.com/2010/09/blog-post_18.html

    ReplyDelete
  6. I respect Mohammad sab. But, as I ended reading the post, I could not understand what he was trying to say!!!!!

    ReplyDelete
  7. മതവും യുക്തിവാദവും എന്നാ വിഷയത്തെ കുറിച്ച് താങ്കള്‍ കുറച്ച് മുമ്പ് മാതൃഭൂമിയില്‍ എഴുതിയ ലേഖനം വായിച്ചിരുന്നു. അത് വളരെ ഇഷ്ടമായി എന്ന് ഇപ്പോള്‍ അറിയിക്കട്ടെ.

    താങ്കള്‍ ബ്ലോഗില്‍ ഉണ്ടന്ന് ഇപ്പോഴാണ് കാണുന്നത്. ബ്ലോഗില്‍ ലേഖനങ്ങള്‍ കൊടുക്കുന്നതിന് നന്ദി.

    ReplyDelete