മലയാളത്തിന് ഒരു നോവല്‍ ദേശം കൂടി കിട്ടിയിരിക്കുന്നു. എന്‍മകജെ. നോവല്‍ ദേശങ്ങളുടെ ആഖ്യാനമാണ്. നോവലുകള്‍ നമുക്കു കുറേ അതീത ദേശങ്ങളെ തന്നിട്ടുണ്ട്. ഖസാക്ക്, മയ്യഴി, പൊന്നാനി, കുട്ടനാട്, മലയാളത്തിന് ഒരതീതദേശം കൂടി ലഭിച്ചിരിക്കുന്നു. എന്‍മകജെ. ഈ ദേശനിര്‍മ്മിതിയില്‍ നോവലിസ്റ്റ് ഏറെ വിജയിക്കുന്നുണ്ട്. ''ആദ്യമായി ഗ്രാമത്തിലേക്ക് വന്നപ്പോഴും കഴിഞ്ഞ ദിവസങ്ങളില്‍ തോട്ടങ്ങളിലൂടെ വെറുതെ നടന്നപ്പോഴും ചെമ്പരത്തിച്ചെടികള്‍ വെറുതെ വെട്ടിയുണ്ടാക്കിയ വേലികള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. മുള്ളുവേലികള്‍ എങ്ങും കണ്ടതായി ഓര്‍മവന്നില്ല. ഇത് എന്‍മകജെയുടെ മാത്രം സവിശേഷതയാണ്. മുള്ളുവേലികളില്ലാത്ത എപ്പോഴും പുഷ്പിക്കുന്ന അതിര്‍ത്തികള്‍.''
എന്‍മകജെ പ്രകൃതി വൈവിധ്യത്തിന്റെയും സംസ്‌കാര വൈവിധ്യത്തിന്റെയും കലവറയാണ്. സംസ്‌കൃതി പ്രകൃതിയുടെ വിച്ഛേദനമല്ല. പ്രകൃതിയുടെ താളത്തിനകത്തു തന്നെയുള്ള മനുഷ്യാവിഷ്‌കാരമാണ്. ആവണം. അങ്ങനെയുള്ള എട്ട് സംസ്‌കൃതികളുടെ നാടാണ് എന്‍മകജെ. എന്‍മകജെ എന്ന വാക്കിന്റെ അര്‍ത്ഥം എട്ടു സംസ്‌കാരങ്ങള്‍ എന്നാണത്രെ.
''എന്‍മകജെ കിണറുകളില്ലാത്ത നാടാണ്. സ്വര്‍ഗത്തില്‍ മാത്രം ആയിരത്തിലധികം സുരങ്കങ്ങളുണ്ട്. (തുരങ്കങ്ങള്‍) ഏതുകാലത്തും വീട്ടിനു മുന്നിലേക്ക് വെള്ളം ഒഴുകിവരും. ഇത് മാത്രമല്ല ചാലുകള്‍ പോലെയുള്ള വാട്ടര്‍ബോഡീസ് ആയിരക്കണക്കിന് വേറെയുണ്ട്. അതുകൊണ്ടാണ് ഈ നാട് സ്വര്‍ഗമായത്. വെള്ളത്തിന്റെ കരയിലാണ് പണ്ടെല്ലാം മനുഷ്യര്‍ താമസിച്ചത്.'' ഫലഭൂയിഷ്ഠമായ മണ്ണില്‍ തന്നെയാണ് എല്ലാ സംസ്‌കാരങ്ങളും വളര്‍ന്നു പന്തലിച്ചത്. ആധുനിക നാഗരികതയൊഴിച്ച്.
മിത്തുകള്‍ കഥയുടെ ജൈവരൂപമാണ്. കഥയുടെ വടുവൃക്ഷമാണത്. ആഴത്തില്‍ വേരുകളും ഉയരത്തില്‍ ശാഖകളുമുള്ള കഥയുടെ വടുവൃക്ഷങ്ങള്‍. ഇത്തരം വടുവൃക്ഷങ്ങളുടെ സമൃദ്ധ ദേശമാണ് എന്‍മകജെ.
മലയാളമെന്ന പൊതുഭാഷയാണ് കേരളത്തെ സാധ്യമാക്കിയത്. പൊതുകേരളം സാധ്യമാവുന്നതിനിടയില്‍ പൊതുമലയാളം ഉണ്ടാവുന്നതിനിടയില്‍ നമുക്കൊരുപാടു മലയാളങ്ങളെ നഷ്ടപ്പെടുന്നുണ്ടായിരുന്നു. അവയെ എത്രയെങ്കിലും കളഞ്ഞുപോവാതെ കാത്തത് നമ്മുടെ നോവല്‍ സാഹിത്യമാണ്. ആ സഞ്ചയത്തില്‍ അംബികാസുതന്‍ മാങ്ങാട് തുളുനാടിനെയും അതിന്റെ മലയാളഭേദത്തെയും അടയാളപ്പെടുത്തിയിരിക്കുന്നു.
കുറേ മിത്തുകളെ ഭംഗിയോടെ അടുക്കിവെക്കുകയല്ല നോവല്‍ ചെയ്യുന്നത്. നോവലില്‍ കൊണ്ടുവരപ്പെടുന്ന ഓരോ പുരാവൃത്തത്തിനും ബ്രാഹ്മണസംസ്‌കാരത്തിനെതിരായ സാംസ്‌കാരിക രാഷ്ട്രീയമുണ്ട്. ഇവിടെ തുലാമാസത്തിലാണ് ഓണമാഘോഷിക്കുന്നത്. ''ബലിയെ രാജ്യഭ്രഷ്ടനാക്കിയ ദൈവത്തിന്റെ ജന്മദിനമായ തിരുവോണനാളില്‍ ബലിയെ സ്വീകരിക്കുന്നതില്‍ അപാകതയില്ലേ..'' എന്‍മകജെയുടെ മണ്ണില്‍ വീണുറങ്ങിക്കിടക്കുന്ന കേരളത്തിന്റെ ജൈനപാരമ്പര്യത്തെ നോവല്‍ നമ്മുടെ ഓര്‍മകളിലേക്ക് തിരികെ നല്‍കുന്നുണ്ട്.
അടുത്തകാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയ ഏറ്റവും രാഷ്ട്രീയമുള്ള നോവലാണിത്. കേരളത്തില്‍ നടന്ന, തുടരുന്ന ഒരു ജനകീയ സമരത്തിന്റെ സര്‍ഗാത്മകമായ രേഖപ്പെടുത്തലാണിത്. ചരിത്രം മിത്താവുന്നത് പോലെ സമരചരിത്രം സാഹിത്യമാവുകയാണ്. സമരചരിത്രം മിത്തും സാഹിത്യവുമാവുന്നതിലൂടെ സമരത്തിന് അനശ്വരമായ വിജയം കരഗതമാവുകയാണ്. ഭൗതികമായി തോല്‍പിക്കപ്പെട്ടവരും മിത്തുകളിലൂടെ വീരപുരുഷന്മാരായി പുനര്‍ജനിച്ച് ജയിച്ച അധികാരികളെ നിരന്തരം തോല്‍പിച്ചുകൊണ്ടേ ഇരിക്കാറുണ്ട്. ഇത് അധികാരത്തെ എന്തുമാത്രം അസ്വസ്ഥമാക്കുന്നുണ്ടെന്നതിന് നോവലില്‍ തന്നെ സാക്ഷ്യമുണ്ട്.
കാസര്‍ഗോഡ് ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളെ അല്‍പാല്‍പമായി നാഗസാക്കിയും ഹിരോഷിമയുമാക്കിയ എന്‍ഡോസള്‍ഫാന്‍ വിഷവര്‍ഷത്തെയും അതിനെതിരായി നടത്തപ്പെട്ട പ്രതിരോധസമരത്തെയും പ്രമേയമാക്കി രചിക്കപ്പെട്ട കൃതിയാണിത്. ആ സമരത്തിന് നേതൃത്വം നല്‍കിയ ഈ നോവലിലെ നായകനും നായികയുമായ നീലകണ്ഠനെയും ദേവായനിയെയും ഒടുവില്‍ അധികാരത്തിന്റെ ആള്‍രൂപമായ നേതാവ് പിടിച്ചുകൊണ്ടുപോയി നഗ്നരാക്കി ജടാധരി മലയില്‍ തലകീഴായി കെട്ടിത്തൂക്കി എങ്ങനെ കൊല്ലണമെന്ന് ആലോചിക്കുമ്പോള്‍ അവന്റെ ഗുണ്ടാസംഘത്തില്‍ പെട്ട ഒരാള്‍ പറഞ്ഞു ''ഈ മലമോളിലാണ് പണ്ട് ജടാധരിയെയും കുറത്തിയെയും കുഴിച്ചിട്ടത്. അങ്ങനെയാണ് ജടാധരി മല എന്ന പേരുണ്ടായത്.'' നേതാവിന് ആ കഥ നന്നെ ഇഷ്ടപ്പെട്ടു. അയാള്‍ പറഞ്ഞു. ''അതുപോലെ രണ്ടിനെയും ചാവുന്നതിനുമുമ്പ് കുഴിയിലിട്ട് ഒന്നിച്ചുമൂടാം. പക്ഷേ, ഈ തെമ്മാടികളെക്കുറിച്ച് ആരും എന്‍മകജെയില്‍ കഥകളും തോറ്റവും ഉണ്ടാക്കരുത്. അതെനിക്ക് ഇഷ്ടമല്ല.
പക്ഷേ, മനുഷ്യന്റെ യാഥാര്‍ഥ്യത്തെ അധികാരത്തിന് തോല്‍പിക്കാന്‍ കഴിയും. എന്നാല്‍ മനുഷ്യന്റെ ഭാവനയില്‍ അധികാരം തോറ്റുകൊണ്ടിരിക്കും. ഭാവനകൊണ്ട് അവന്റെ സര്‍ഗശക്തി അധികാരത്തെ തോല്‍പിച്ചുകൊണ്ടിരിക്കും. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭത്തിനുള്ളില്‍ വെച്ച് നടത്തപ്പെട്ട അത്തരമൊരു സര്‍ഗാത്മക പ്രവര്‍ത്തനമാണീ നോവല്‍. അംബികാസുതന്‍ മാങ്ങാട് വെറും എഴുത്തുകാരനല്ല. കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി ആ പ്രക്ഷോഭത്തിന്റെ ഒപ്പം സഞ്ചരിച്ച ഒരാളാണ്.
ഒരു ജനകീയ പ്രക്ഷോഭം ഇത്ര തീക്ഷ്ണമായും സുന്ദരമായും മലയാള നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്നത് ആദ്യമായിട്ടായിരിക്കും. ഇതൊരു രാഷ്ട്രീയ നോവലാണ്. നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയമാണ് ഈ നോവലിന്റെ രാഷ്ട്രീയം. ഇടതുപക്ഷകാലത്തിന് അതിന്റെ കവികളും കഥാകാരന്മാരുമുണ്ടായിരുന്നു. നവസാമൂഹ്യ പ്രസ്ഥാനങ്ങളും അതിന്റെ നോവലിസ്റ്റുകള്‍ക്കും കഥാകൃത്തുകള്‍ക്കും ജന്മം നല്‍കുകയാണ്. തകഴിയും ദേവും ചെറുകാടും ഇടതുപക്ഷ മാനവിക തരംഗത്തിന്റെ നോവലിസ്റ്റുകളായിരുന്നുവെങ്കില്‍ അംബികാസുതന്‍ മാങ്ങാട് നവസാമൂഹ്യ സമരങ്ങളുടെ നോവലിസ്റ്റാണ്.
നവോത്ഥാനത്തിനും ഇടതുപക്ഷത്തിനും പൊരുതേണ്ടിവന്നത് ഫ്യൂഡലിസത്തോടും മതത്തോടുമായിരുന്നുവെങ്കില്‍ പുതിയ സമരങ്ങള്‍ക്ക് പൊരുതേണ്ടി വരുന്നത് ജനാധിപത്യ അധികാര കേന്ദ്രങ്ങളോടും ആധുനിക ശാസ്ത്രത്തോടുമാണ്. പ്രതീക്ഷയുടെ പ്രഭാതഭേരിയായിരുന്ന ശാസ്ത്രവും ജനാധിപത്യഭരണക്രമവും എങ്ങനെ ജീവിതത്തിന്റെ ചൈതന്യത്തെ കെടുത്തിക്കളയുന്നു എന്നതാണ് എന്‍മകജെ മുന്നോട്ടുവെക്കുന്ന പ്രമേയം.
''ഇരുട്ടില്‍ ദേവയാനിയുടെ അരികില്‍ കിടന്ന് ജൈനന്റെ കാലം മുതലുള്ള എന്‍മകജെയെക്കുറിച്ച് ഓരോന്നു പറയുകയായിരുന്നു നീലകണ്ഠന്‍.
കടുകളും പുലികളും വാണ നാട്
നീലകണ്ഠന്‍ ആരാഞ്ഞു
''നീ കേട്ടിട്ടുണ്ടോ ലോകത്തിലെ ഏറ്റവും വലിയ മൃഗശാലയെക്കുറിച്ച്.'' ഇല്ല.
ഭൂമിയിലെ ഏറ്റവും ക്രൂരനായ മൃഗം അവിടെ കൂട്ടിലുണ്ട്. ഉത്കണ്ഠയോടെ അവള്‍ ചോദിച്ചു. ഏത് മൃഗം. ഇരുട്ടിനോട് നീലകണ്ഠന്‍ ചിരിച്ചു.
''മൃഗമൊന്നുമല്ല, ഒരു വലിയ കണ്ണാടിയാണ്. ആര്‍ക്കും ചെന്നുകാണാം, കണ്ണാടിയില്‍. ലോകത്തിലെ ഏറ്റവും ദയാരഹിതനായ മൃഗത്തെ. ശാസ്ത്രമാണ് അവന്റെ കയ്യിലെ ആയുധം. സ്വാര്‍ഥതയാണ് അവന്റെ നെറ്റിക്കുറി....'
ശാസ്ത്രം വിമോചനമാണെന്ന പുതുസ്വപ്നം കണ്ട തലമുറ മരിച്ചുതീരും. മുമ്പേ ശാസ്ത്രത്തില്‍ നിന്നുള്ള വിമോചനത്തെക്കുറിച്ച് നമുക്ക് സംസാരിക്കേണ്ടിവന്നു.
ഭരണകൂട ഭീകരതയെക്കുറിച്ച് മലയാളത്തില്‍ രചിക്കപ്പെട്ട മികച്ച നോവലാണ് എന്‍മകജെ. അധികാരം അതിന്റെ കുടിലതാല്‍പര്യത്തിനെതിരു നില്‍ക്കുന്നവരെ തീവ്രവാദി എന്നു മുദ്രകുത്തി എങ്ങനെ ഉന്മൂലനം ചെയ്യുന്നു എന്നതിന്റെ ഭാവതീവ്രമായ ആവിഷ്‌കാരം നോവലിന്റെ അവസാനഭാഗത്ത് കാണാന്‍ കഴിയും. നവസാമൂഹ്യ സമരങ്ങള്‍ക്കെതിരെ ഭരണകൂടം നടത്തുന്ന നിയമസ്ഥാപനപരവും നിയമേതരവുമായ കയ്യേറ്റത്തിന്റെ രക്തസാക്ഷിയാണ് നോവലിലെ ജയരാജന്‍ എന്ന കഥാപാത്രം. ''ഇത് എന്താണെന്ന് മനസ്സിലായോ? പോലിസ് മേധാവിക്ക് നീ അയച്ചകത്ത്. ആ തെമ്മാടിയെ കൊന്ന് ഞാന്‍ പൂച്ചപ്പാതാളത്തില്‍ എറിഞ്ഞുവെന്ന്, എനിക്കെതിരെ കേസെടുക്കണമെന്ന്.'' ദേവയാനിയുടെ കണ്ണുകള്‍ തുറിച്ചു. നീലകണ്ഠന്‍ കുടിനീരിറക്കി.
നേതാവ് പൊട്ടിച്ചിരിച്ചു.
''കൊന്നിട്ടില്ല, ഞാനവനെ ജീവനോടെയാണ് പൂച്ചപ്പാതാളത്തിലെറിഞ്ഞത്... പക്ഷേ, നിന്റെ കയ്യില്‍ എന്തുതെളിവുണ്ട്. കടലാസു കീറി നീലകണ്ഠന്റെ മുഖത്തേക്ക് പറത്തിക്കൊണ്ട് നേതാവ് പൊട്ടിച്ചിരിച്ചു.'' ജയരാജന്‍ എന്ന സമര്‍പ്പിതനും നിസ്വാര്‍ഥനുമായ ആക്ടിവിസ്റ്റിനെ ഭരണകൂടം നിരന്തരം അടയാളപ്പെടുത്തുന്നത് 'തീവ്രവാദി' എന്നാണ്. ഭരണകൂടം തീവ്രവാദി എന്നുപറയുന്നവരെക്കുറിച്ചെല്ലാം ഭീകരവാദി എന്നു ഏറ്റുപറയുന്ന, ജനപ്രിയ മാധ്യമസംസ്‌കാരത്തിന്റെ സര്‍ഗാത്മക വിച്ഛേദനവും വിമര്‍ശനവുമാണീ നോവല്‍.
എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെയും സമരത്തെയും കുറിച്ച ധാരാളം വിവരങ്ങള്‍ നോവലില്‍ കടന്നുവരുന്നുണ്ട്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തിന്റെ തുടക്കക്കാരിയുമായ ലീലാകുമാരിയമ്മയെപ്പോലുള്ള യഥാര്‍ഥ മനുഷ്യര്‍ അങ്ങിനെത്തന്നെ, ഒരു ചമയവുമില്ലാതെ നോവലില്‍ കടന്നുവരുന്നുണ്ട്. മറ്റുപല കഥാപാത്രങ്ങളും യഥാര്‍ഥ വ്യക്തികളുടെ നോവല്‍ പ്രച്ഛന്നങ്ങളാണ്.
അടിമുടി രാഷ്ട്രീയമുള്ള നോവലില്‍ ഉത്തരകേരളത്തോടുള്ള കേരളദേശീയതയുടെ അവഗണനയുടെ നവരാഷ്ട്രീയ പ്രമേയങ്ങളടക്കം കടന്നുവരുന്നുണ്ട്. ''എലക്ഷന്‍ വര്മ്പഴാന്ന് ഈ നാട് കേരളത്തിലാണെന്ന് എന്‍മകജെക്കാര് അറിയ്‌ന്നെ. അല്ലാങ്കില് ഇത്ര വലിയ ട്രാജഡി ഉണ്ടായിട്ടും ആര്ഉം തിരിഞ്ഞുനോക്കാത്തതെന്ത്...''
ആധുനിക ശാസ്ത്രത്തെയും ശാസ്ത്ര നാഗരികതയെയും കുറേക്കൂടി ആഴത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്ന പ്രമേയമായിട്ടും അത്തരമൊരു സാധ്യതയിലേക്ക് നോവലിസ്റ്റ് ഏറെയൊന്നും കടന്നില്ല എന്നതാണീ നോവലിന്റെ പരിമിതി. നിലനില്‍ക്കുന്ന കുടുംബമെന്ന അധികാര സ്ഥാപനത്തെക്കുറിച്ചും പുരുഷാധിപത്യപരമായ സ്ത്രീപുരുപഷ ബന്ധത്തെക്കുറിച്ചും പുനരാലോചനകളും പുനക്രമീകരണങ്ങളും ആവശ്യപ്പെടുന്ന വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് നോവല്‍ വികസിക്കുന്നത്.
രാഷ്ട്രിയ നോവലുകള്‍ വീണ്ടും തിരിച്ചു വരുന്നുവെന്നത് ഒരു നല്ല ലക്ഷണമാണ്...
ReplyDeleteപഴയകാല രാഷ്ട്രീയ നോവലുകള്‍ കൊളോണിയല്‍ തമ്പുരാക്കന്മാര്‍ക്കെതിരെയായിരുന്നു
അധികാരം കറുത്തവന് കൈമാറുക എന്നതായിരുന്നു അവയുടെ ലക്‌ഷ്യം ...
എന്നാല്‍ ഇന്ന്
അവ വാളോങ്ങുന്നത് നാം തന്നെ തിരഞ്ഞെടുത്തവര്‍ക്കെതിരെയാണ് എന്നു തിരിച്ചറിയുമ്പോഴാണ് നാമകപ്പെട്ടിരിക്കുന്ന ദുരന്തത്തിന്‍റെ ആഴം മനസ്സിലാകുന്നത്...
നല്ലൊരു നിരൂപണം വായിച്ചു മുഹമ്മദ് വേളം അഭിനന്ദനം അര്‍ഹിക്കുന്നു,കഥയിലെ അകക്കാമ്പിലേക്കുള്ള എത്തിനോട്ടം വളെരെ മനോഹരമായിരിക്കുന്നു
ReplyDelete