Thursday, August 26, 2010

കുഞ്ഞാലിക്കുട്ടിക്കും മുനീറിനുമില്ലാത്ത പെരുമാറ്റച്ചട്ടമെന്തിനാ ഖമറുന്നീസാ അന്‍വറിന്...?

ഏതായാലും പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ഗൃഹപാഠങ്ങള്‍ തെരഞ്ഞെടുപ്പിനിപ്പുറത്തുള്ള ഒരുപാട് പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് മുന്നേറുന്നത്. അതില്‍ സുപ്രധാനമായ ഒന്നാണ് മുസ്‌ലിംലീഗ് വനിതാലീഗ് പ്രവര്‍ത്തകകള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കിയതായുള്ള പ്രഖ്യാപനം. അങ്ങേയറ്റം സുതാര്യവും ജനാധിപത്യപരവും മുഖംമൂടികളില്ലാത്തതുമായ പാര്‍ട്ടി ഇതുവരെ പ്രസ്തുത പെരുമാറ്റച്ചട്ടം പബ്ലിക്കിന് ലഭ്യമാക്കിയിട്ടില്ല. പാര്‍ട്ടി സെക്രട്ടറി കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയത് ഇത്രയും കാര്യങ്ങളാണ്. 1. ലീഗിന്റെ വനിതാപ്രവര്‍ത്തനം ഫെമിനിസ്റ്റ് ശൈലിയില്‍ ഉള്ളതായിരിക്കില്ല. 2. അത് സി.പി.എമ്മിന്റേതുപോലെ ആയിരിക്കില്ല. 3. മതചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ളതായിരിക്കും. 4. കുടുംബത്തെ ഉലയ്ക്കാത്ത വിധത്തിലായിരിക്കും.


പെരുമാറ്റച്ചട്ടത്തിന്റെ ഉള്ളടക്കമെന്തായാലും അത് ഉയര്‍ത്തുന്ന ഒന്നാമത്തെ വിഷയം മുസ്‌ലിംലീഗ് പ്രവര്‍ത്തനത്തിന് പൊതുവില്‍ തത്വാധിഷ്ഠിതമായ പെരുമാറ്റച്ചടങ്ങളുണ്ടോ എന്നതാണ്. ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനം മതപ്രമാണങ്ങളാണോ? മദ്യപിക്കരുതെന്നോ ചൂതാട്ടത്തിലേര്‍പ്പെടരുതെന്നോ വ്യഭിചരിക്കരുതെന്നോ ലീഗിലെ പുരുഷന്മാര്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടോ? ഇത്തരം കാര്യങ്ങള്‍ ലീഗില്‍ അണിനിരന്നവരുടെ സ്വകാര്യ മതവിഷയമാണോ അതോ പാര്‍ട്ടിവിഷയമാണോ?

ഈ പെരുമാറ്റച്ചട്ടത്തിനെതിരെ സി.പി.എമ്മിന്റെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ. ഷൈലജ ടീച്ചര് രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ താലിബാനിസം നടപ്പാക്കാനാണ് ലീഗ് ശ്രമിക്കുന്നത് എന്നാണവര്‍ പറഞ്ഞിരിക്കുന്നത്. ഇതിനെക്കുറിച്ച് മുസ്‌ലിംലീഗോ വനിതാലീഗോ പ്രതികരിച്ചതായി കണ്ടിട്ടില്ല.

മതത്തിന്റെ മൂല്യങ്ങളും നിലപാടുകളും സ്വപ്നങ്ങളും പൊതുമണ്ഡലത്തിലും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണോ മുസ്‌ലിംലീഗ്. ആണെന്നാണ് ഉത്തരമെങ്കില്‍ മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുക എന്ന കൊടിയ പാതകമല്ലേ ലീഗ് ചെയ്യുന്നത്. അതല്ല, മതേതരത്വത്തെക്കുറിച്ച് പാര്‍ട്ടിക്ക് മറ്റുവല്ല കാഴ്ചപ്പാടുമുണ്ടോ? മതത്തെയും രാഷ്ട്രീയത്തെയും എല്ലാ കാര്യത്തിലും ഇങ്ങനെ കൂട്ടിക്കുഴക്കുമോ? ലീഗില്‍ തത്വങ്ങളും പെരുമാറ്റചട്ടങ്ങളും രൂപപ്പെടുന്നത് ഇസ്‌ലാമിന്റെ അടിത്തറയിലാണെങ്കില്‍ ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകള്‍ മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നു എന്നു പറയുന്നതിന്റെ ധാര്‍മിക ന്യായമെന്താണ്? പെണ്ണിന് ആണിനോട് ഇടപഴകാന്‍ ലീഗില്‍ പെരുമാറ്റച്ചട്ടമുണ്ടെന്നു മനസ്സിലായി. ആണിന് പെണ്ണിനോടിടപഴകാന്‍ ലീഗില്‍ പെരുമാറ്റച്ചട്ടമുണ്ടോ? എത്രയോ കാലമായി ലീഗിലെ പൊതുപ്രവര്‍ത്തകര്‍ സ്ത്രീകള്‍ കൂടി ഉള്‍ക്കൊള്ളുന്ന സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നു. അവരോട് വോട്ടുചോദിക്കുന്നു, കുറച്ചുകാലമായി അവരെ സംഘടിപ്പിക്കുന്നു. അന്നൊന്നും ലീഗ് അതിലെ പുരുഷന്മാര്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്നാലോചിച്ചിട്ടില്ല.

ഈ ഒരു കുറിപ്പില്‍ ധാരാളം ചോദ്യങ്ങള്‍ ചോദിക്കേണ്ടിവരുന്ന ഉത്തരങ്ങള്‍ പരതാവുന്ന റഫറന്‍സുകള്‍ മുസ്‌ലിംലീഗിനില്ല എന്നതുകൊണ്ടാണ്. പക്ഷേ, ഇതിനൊന്നും ഉത്തരം പറയാന്‍ ബാധ്യതയില്ലാതെ നിരുത്തരവാദപരമായി മുന്നോട്ടുപോവാന്‍ ആരെയും അനുവദിച്ചുകൂടാത്തതാണ്.

ഇസ്‌ലാമിന്റെ അടിസ്ഥാനത്തില്‍ സംഘടനയിലെ സ്ത്രീകള്‍ക്ക് ഡിസിപ്ലിന്‍ കോഡ് ഉണ്ടാക്കുമ്പോള്‍ ഇസ്‌ലാമിന്റെ ഏത് വ്യാഖ്യാനത്തെയാണ് ലീഗ് അതിന് അടിസ്ഥാനമാക്കുന്നത്? ഇസ്‌ലാമിനകത്ത് സ്ത്രീയെക്കുറിച്ച ഉദാരവീക്ഷണങ്ങളും കഠിന നിലപാടുകളുമുണ്ട്. ഇതില്‍ ഇസ്‌ലാമിന്റെ ഏതു വ്യാഖ്യാനത്തെ ലീഗ് അവലംബിക്കുന്നു. ഇതും വ്യക്തമാക്കാനുള്ള ബാധ്യത സംഘടനക്കുണ്ട്. ഇസ്‌ലാമിനകത്തെ സ്ത്രീചര്‍ച്ചകളെ സ്വന്തം വനിതകളുടെ ഇടയില്‍ ചര്‍ച്ചക്കുവെക്കാന്‍ ലീഗനുവദിക്കുമോ? ലീഗ് വിശദീകരിക്കാതെ തന്നെ അനുവാചകന് മനസ്സിലാവുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്.

മുസ്‌ലിംലീഗ് സ്ത്രീയെക്കുറിച്ച കാഴ്ചപ്പാടിന് ആധാരമാക്കുന്നത് അങ്ങേയറ്റം യാഥാസ്ഥിതികമായ രണ്ടുതരം മതവ്യാഖ്യാനങ്ങളെയാണ്. ഒന്ന്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രതിനിധീകരിക്കുന്ന ഒരു വീക്ഷണമാണ്. അവര്‍ സ്ത്രീയുടെ പൊതുപ്രവേശനമനുവദിക്കുന്നത് തത്വത്തില്‍ നിഷിദ്ധമാണെന്നംഗീകരിച്ചുകൊണ്ടുതന്നെ നിര്‍ബന്ധിതമായ സാഹചരത്തിലാണ്. പന്നിമാംസം പോലെ നിഷിദ്ധമായ പദാര്‍ഥം മാത്രമേ മുന്നിലുള്ളൂ, അത് കഴിച്ചില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടും എന്ന അവസ്ഥയില്‍ അത് കഴിച്ചു ജീവന്‍ നിലനിര്‍ത്താനുള്ള മതപരമായ അനുവാദം പോലെ. ഈ വിശദീകരണത്തിന് സംഘടനാ നേതാവ് അമ്പലക്കടവ് അബ്ദുല്‍ ഹമീദ് ഫൈസിയോട് കടപ്പാട്.

സംഘടനയുടെ വിദ്യാര്‍ഥിവിഭാഗമായ സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞത്, മുസ്‌ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് മത്സരിക്കുന്നതാണുത്തമം എന്നാണ്. സ്ത്രീകളെ എഴുത്ത് പഠിപ്പിക്കരുത്, പഠിപ്പിച്ചാല്‍ അവര്‍ പ്രേമലേഖനമെഴുതിക്കളയുമെന്ന സമസ്തയുടെ ഫത്‌വയുടെ വംശാവലിയില്‍ നിന്നുതന്നെയാണ് പുതിയ നിലപാടും രൂപപ്പെടുന്നത്.

ലീഗ് അവലംബിക്കുന്ന മറ്റൊരു മതവ്യാഖ്യാനം സൗദീ സലഫികളുടേതാണ്. രാജ്യത്ത് ഇന്നും സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാത്ത സൗദി സലഫിസമാണത്. ഇസ്‌ലാമിക ലോകത്ത് മതത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടുതന്നെ സ്ത്രീ സ്വാതന്ത്ര്യവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും വികസിപ്പിക്കാനും ഇസ്‌ലാമിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൈയില്‍ നടന്ന ശ്രമങ്ങളെ നഖശിഖാന്തം എന്നും എതിര്‍ത്തുപോന്നത് സലഫി മതധാരയാണ്. കുഞ്ഞാലിക്കുട്ടി സാഹിബ് അറിഞ്ഞാലും ഇല്ലെങ്കിലും ലോകത്തെ എത്രയോ ഫെമിനിസ്റ്റുകളമായും ഫെമിനിസ്റ്റ് ഗ്രൂപ്പുകളുമായും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും അവയുടെ വനിതാവേദികളും സജീവമായി ഇടപഴകുന്നുണ്ട്. സംവാദാത്മകമായ ബന്ധങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. ഒരുപാട് പൊതുപ്രശ്‌നങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഫെമിനിസം എന്നാല്‍ വ്യഭിചാരം എന്നൊക്കെ പറയുന്നപോലെ ഒരു നിഷിദ്ധകാര്യമൊന്നുമല്ല. ഇസ്‌ലാമിസ്റ്റ് ഫെമിനിസം എന്നൊരു പ്രയോഗം തന്നെ സാമൂഹ്യശാസ്ത്ര പഠിതാക്കള്‍ക്കിടയില്‍ ആഗോളതലത്തില്‍ അക്കാദമിക് രംഗത്ത് പ്രചാരത്തിലുണ്ട്. എന്നാല്‍ ഇസ്‌ലാമിനു പുറത്തുള്ള ഒരു ഗ്രൂപ്പുകളുമായും എന്‍ഗേജ് ചെയ്യാന്‍ പാടില്ല എന്നതാണ് സലഫി മതധാരയുടെ കര്‍ക്കശ നിലപാട്.

മുസ്‌ലിം ജനസാമാന്യത്തിന്റെ വലിയ ഒരു പങ്കാണ് വനിതകള്‍. സ്വാഭാവികമായും മുസ്‌ലിംലീഗിന്റെയും പകുതി ജനസംഖ്യ സ്ത്രീകളാണ്. ഇതിനെ ജനസംഖ്യക്കപ്പുറം പൗരന്മാരായി ലീഗൊരിക്കലും പരിഗണിച്ചിട്ടില്ല. വോട്ടര്‍മാരായല്ലാതെ സ്ഥാനാര്‍ഥിയായി പരിഗണിച്ചിട്ടില്ല. പന്നിമാംസം കഴിക്കുന്ന നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ. അപവാദം 1996-ല്‍ കോഴിക്കോട് രണ്ടില്‍ മത്സരിച്ച ഖമറുന്നീസ അന്‍വര്‍ മാത്രം. ആന കുത്തിയാല്‍ ഇളകാത്ത പൊന്നാപുരം കോട്ടകള്‍ ഒരുപക്ഷേ കേരള രാഷ്ട്രീയത്തില്‍ ലീഗിനുമാത്രം സ്വന്തമായുള്ളതായിരിക്കും. അതിലൊരു പെണ്ണിനെ എപ്പോഴെങ്കിലും ഒരിക്കല്‍ പരീക്ഷിച്ചുനോക്കാന്‍ ലീഗിനു തോന്നിയിട്ടില്ല. ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം പരീക്ഷിച്ചു. അതു ജയിക്കണോ തോല്‍ക്കണോ എന്നു ലീഗിനുതന്നെ ഉറപ്പില്ലാത്ത സീറ്റില്‍. സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം ലീഗിന് ആകെ ഉണ്ടായ എം.എല്‍.എമാരുടെ എണ്ണം അഖിലേന്ത്യാ ലീഗിന്റേത് ഉള്‍പ്പെടുത്താതെ 65 ആണ്. അഖിലേന്ത്യാ ലീഗിന്റെ നാലുപേരെ കൂടി ചേര്‍ത്താല്‍ അത് 69 ആകും. ദൈവം പെണ്ണായി സൃഷ്ടിച്ച ഒരാള്‍ പോലും അതിലില്ല. ഇത്രയധികം സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ഒരു പാര്‍ട്ടി അതിന്റെ അര നൂറ്റാണ്ടിലധികം വരുന്ന ചരിത്രത്തില്‍ ഒരു വനിതാ എം.എല്‍.എയെപ്പോലും സൃഷ്ടിച്ചില്ല എന്നത് അത്ഭുതകരമാണ്. ദലിത് എം.എ.എമാരെപ്പോലും സൃഷ്ടിച്ച ലീഗെന്തുകൊണ്ട് ഒരു വനിതാ എം.എല്‍.എയെ കൊണ്ടുവന്നില്ല? ജനാധിപത്യവുമായുള്ള ഇത്രയും കാലത്തെ സഹവാസം ലിംഗനീതിയുടെ കാര്യത്തില്‍ ഒരു സ്വാധീനവും ലീഗില്‍ സൃഷ്ടിച്ചില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്. ലീഗും ജനാധിപത്യവും തമ്മിലുള്ള ബന്ധം ആശയപരം എന്നതിനേക്കാള്‍ കച്ചവടപരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്രയും കാലത്തെ ലീഗ്‌സാന്നിധ്യം കൊണ്ട് ജനാധിപത്യത്തിനോ ജനാധിപത്യ അനുഭവം കൊണ്ട് ലീഗിനോ പ്രത്യേകിച്ച് ഉള്ളടക്കപരമായ വികാസമൊന്നും ഏറെ ഉണ്ടായിട്ടില്ല. സമുദായത്തിനു പുറത്തുള്ളവര്‍ക്ക് അധികാരം കൊടുത്താല്‍ പോലും സമുദായത്തിലെ സ്ത്രീകള്‍ക്ക് അധികാരം കൊടുക്കരുതെന്ന് ഏതോ ഒരജ്ഞാത പ്രത്യയശാസ്ത്രം ലീഗിനോട് ആജ്ഞാപിക്കുന്നുണ്ട്.

മതത്തെ അതിന്റെ സര്‍ഗാത്മകവും പുരോഗമനപരവുമായ ഒരു തലത്തിലും പൊതുമണ്ഡലത്തില്‍ കൊണ്ടുവരാതിരിക്കുകയും മതത്തെ ഏറ്റവും പ്രതിലോമപരമായ തലത്തില്‍ സാമൂഹ്യരാഷ്ട്രീയ ജീവിതത്തില്‍ ഉപയോഗിക്കുയാണ് ചരിത്രത്തില്‍ എക്കാലത്തും ലീഗ് ചെയ്തത്. ഒരു മതസാമൂഹ്യരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഗുണമോ ഒരു മതേതര രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഗുണമോ പ്രകടിപ്പിക്കാന്‍ ലീഗിനു കഴിയാറില്ല. പുരോഹിത സമ്പന്ന പുരുഷ കൂട്ടുകെട്ടിന്റെ രാഷ്ട്രീയവേദിയാണ് മുസ്‌ലിംലീഗ്. എന്തുകൊണ്ട് പുരുഷന് ലീഗില്‍ പെരുമാറ്റച്ചട്ടമില്ല? സ്ത്രീകള്‍ക്കുമാത്രം അതുണ്ടാവുന്നു എന്നതിന്റെ കാരണം ലീഗ് ഇസ്‌ലാംമതത്തെ സ്ത്രീയെ അടിച്ചമര്‍ത്താനുള്ള പുരുഷന്റെ ഉപകരണമായി ഉപയോഗിക്കുന്നു എന്നതുകൊണ്ടാണ്. യഥാര്‍ഥ ഇസ്‌ലാമില്‍ ആണിനും പെണ്ണിനും പെരുമാറ്റച്ചട്ടമുണ്ട്. അര്‍ഹതകളും അവകാശങ്ങളുമുണ്ട്. അത് ലിംഗനീതിയുടെ വിമോചനപാതയാണ്.

മതം മുന്‍വാതിലിലൂടെ രാഷ്ട്രീയത്തില്‍ ഇടപെടുമ്പോഴെല്ലാം ലീഗും അതിന്റെ ഉപഗ്രഹസംഘടനകളും അതിനെ എതിര്‍ത്തു തോല്‍പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യം വരുമ്പോഴെല്ലാം ഏറ്റവും പ്രതിലോമപരമായും സ്വാര്‍ഥമായും ലീഗ് മതത്തെ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ലീഗ് അപകടത്തില്‍ പെടുമ്പോഴൊക്കെ ലീഗ് മതം പറഞ്ഞിട്ടുണ്ട്. അല്ലാത്തപ്പോഴൊക്കെ അതിന് മതം പൊതുജീവിതത്തില്‍ നിഷിദ്ധമാണ്. സ്വന്തം സംഘടനക്കകത്തെ സ്ത്രീയുടെ ഉയര്‍ത്തെഴുന്നേല്‍പിനെ മതം പറഞ്ഞ് പ്രതിരോധിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മതം പറഞ്ഞ് പെണ്ണിനെ തടയാന്‍ ശ്രമിച്ചാല്‍ മതം നിവര്‍ത്തിവെച്ചുതന്നെ കണക്കുചോദിക്കാന്‍ അവള്‍ പഠിച്ചുകഴിഞ്ഞിട്ടുണ്ടെന്ന് ലീഗ് ഓര്‍ത്തുവെക്കണം.

മതത്തോടോ മതേതരത്വത്തോടോ ഏതെങ്കിലുമൊന്നിനോടോ സത്യസന്ധത പുലര്‍ത്തിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ നല്ല ഒരു ന്യൂനപക്ഷ രാഷ്ട്രീയാവിഷ്‌ക്കാരം കേരളത്തിന് ലഭിക്കുമായിരുന്നു. മലപ്പുറത്തെ പെണ്ണുങ്ങള്‍ കാച്ചി ഉടുക്കുന്നിടത്തോളം ഞങ്ങള്‍ക്കൊന്നും ഭയപ്പെടാനില്ലെന്ന് സി.എച്ച്. മുഹമ്മദ്‌കോയ പറഞ്ഞതായി കേട്ടിട്ടുണ്ട്. സി.എച്ച്. അത് പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ലീഗിന്റെ മനസ്സിനെ കൃത്യമായി പ്രതിനിധീകരിച്ച ഒരു പ്രസ്താവനയാണത്. പക്ഷേ, മലപ്പുറത്തെ പെണ്ണുങ്ങള്‍ ഇപ്പോള്‍ കാച്ചിയല്ല, ചുരിദാറും പര്‍ദ്ദയുമാണ് ധരിക്കുന്നത് എന്ന് ലീഗ് നേതൃത്വം മനസ്സിലാക്കണം.

11 comments:

  1. നീ ആരാടാ ലീഗിന്റെ പെരുമാറ്റച്ചട്ടമറിയാന്‍? അത് നോക്കാന്‍ ഞങ്ങള്‍ക്കറിയാം. പഞ്ചായത്തെലക്ഷനില്‍ വട്ടപ്പൂജ്യമാകാന്‍ പോകുന്ന ജമായത്ത്കാരന്‍ അപവാദങ്ങള്‍ പറയാന്‍ നോക്കുന്നോ?

    ReplyDelete
  2. മറ്റൊരു പാര്‍ടിയോടുള്ള അന്ധമായ വിരോധം കൊണ്ട് എന്തെങ്കിലും കുറ്റം കണ്ടു പിടിക്കുക എന്നത് ഒരു സുഖമുള്ള പണിയാണ്,അല്ലാതെ താങ്കള്‍ പറയുന്നതില്‍ ഒരു കഴമ്പുംഇല്ല.. എല്ലാ പാര്‍ടികള്‍ക്കും പെരുമാറ്റചട്ട മുണ്ട്, ഉണ്ടായിരിക്കണം.അത് പരസ്യമാക്കുന്നത് ഓര...ോര്‍ത്തരുടെ ഇഷ്ടം പോലെയാണ് സി പി എം ന്റെ പെരുമാറ്റചട്ടത്തിന്റെ ഒരു ബലിയാടല്ലേ അബ്ദുള്ളകുട്ടി..! വിശ്വാസികള്‍ക്ക് പാര്‍ടിയില്‍ സ്ഥാനമില്ല എന്നത് പരസ്യമായ രഹസ്യമല്ലേ.സഖാവ് ഹംസഹാജി ഇത് പാലിക്കുന്നുണ്ടോ,കെ.ടി ജലീല്‍ പാലിക്കുന്നുണ്ടോ,ഫെമിനിസ്റ്റ് ചിന്താഗതിക്കാരെ സി പി എം അംഗീകരിക്കുമോ,എന്നാല്‍ ഗൌരിഅമ്മ എന്നെ മുഖ്യമന്ത്രി ആയേനെ..

    ReplyDelete
  3. ഇതാണ് ലീഗുകാരന്‍-ഉത്തരം മുട്ടിയാല്‍ തെമ്മാടിത്തം വിളിച്ചു പറയുക--ആരാണ് വട്ടപ്പൂജ്യം ആകുക എന്ന് കാണാമല്ലോ??/സുന്നികള്‍ക്ക് പെണ്ണിനെ കാണുമ്പോള്‍ തന്നെ ഹാളിളകും--പിന്നെയലെ പെരുമാറ്റച്ചട്ടം--ഹൂയ്

    ReplyDelete
  4. പർദ്ദയിടാതെ സംസാരിക്കുക,ആണുങ്ങളെപ്പോലെ.

    ReplyDelete
  5. എന്താ മുഹമ്മദേ മുനീറിനെപ്പോലെ കക്കാനും കുഞ്ഞാലിക്കുട്ടിയെപ്പോലെ വ്യഭിചരിക്കാനും ഖമറുന്നിസ പോകണമെന്നാണോ?

    ReplyDelete
  6. രാഷ്ട്രീയ കക്ഷികൾ അവരുടെ പ്രവർത്തകരും സ്ഥാനാർത്ഥികളും മതപരമായ പെരുമാറ്റച്ചട്ടങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്നു നിഷ്കർഷിക്കുന്നത് ജനാധിപത്യത്തിൽ ഗുരുതരമായ പ്രത്യാഖാതങ്ങൾ ഉണ്ടാക്കാവുന്ന സംഗതിയാണ്‌. ഇത്തരത്തിലുള്ള പെരുമാറ്റച്ചട്ടങ്ങൾ ഇറക്കുന്ന രാഷ്ട്രീയ കക്ഷികളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അയോഗ്യത കൽ-പ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവണം.

    ReplyDelete
  7. ഈ ബ്ലോഗ് ലീഗുകാര്‍ വായിച്ചു എന്നത് ഇതിലെ തെറി കമന്റുകള്‍ കണ്ടാല്‍ മനസ്സിലാകും സം സ്കാരം അവര്‍ കാത്തു സൂക്ഷിക്കുന്നു അത് "ബൂലോകത്തും "

    ReplyDelete
  8. വെറുതെ ലീഗുകാരുടെ മേക്കിട്ടു കേറണ്ട,ഓല് നന്നാവൂലാന്ന് നേരത്തെ തീരുമാനിച്ചതാണ്, പിന്നെ കയ്യിട്ട് വാരാനും തോന്യാസം കാണിക്കാനും കിട്ടുന്ന അവസരം കളഞ്ഞ് കുളിക്കണേ, അവരെ അവരുടെ വഴിക്ക് വിട്ടേര്, നമ്മുടെ സമയം എന്തിനാ പാഴാക്കുന്നത്...

    ReplyDelete
  9. http://www.turkishislamicunion.com/
    http://www.brothercountry-iran.com/
    http://www.youtube.com/watch?v=sjC9W2ncg3c

    ReplyDelete
  10. ഇങ്ങനെ ഒരു പോസ്റ്റ് ഇപ്പോഴാണു ശ്രദ്ധയിൽ പെട്ടത്.... ചിത്രകാരന്റെ കമന്റ് ഭരണിയിലൂടെ ആണു ഇവിടെ എത്തിപ്പെട്ടത്.. എന്തായാലും ലീഗിനെ നന്നാക്കി നന്നാക്കി അവരെ മതരാഷ്ട്ര വാദികളാക്കി മാറ്റുവാൻ എന്തും പറയാം.. എഴുതാം.... ആരെ വേണമെങ്കിലും സുഖിപ്പിക്കാം... ലീഗിന്റെ രാഷ്ട്രീയനിലപാടുകൾ വിമർശിക്കാൻ പാടില്ലാത്തതാണെന്നോ... മാത്രമല്ല ആശയാദർശങ്ങൾ ദീനിനേക്കാൾ വിലപ്പെടുന്നതാണെന്നോ ലീഗുകാർക്ക് അഭിപ്രായമുണ്ടെന്നു കരുതുന്നില്ല... പക്ഷെ ലീഗിനെ .. നിങ്ങൾ ഇങ്ങിനെ അല്ലായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നൊക്കെ പറഞ്ഞ് “പഠിപ്പി”ക്കാൻ തൽക്കാലം നേതൃത്വത്തിനു ഉപദേശകരെ ആവശ്യമുണ്ടാവുമ്പോൾ അരിയിക്കുന്നതാണു. മുസ്ലിംകളായ മുസ്ലിം ലീഗുകാർക്ക് മറ്റു രാഷ്ട്രീയ പ്രവർത്തകരെ പോലെ മതത്തിനു പ്രാമുഖ്യം നൽകുന്ന വിഷയത്തിൽ ഒരു ആശയക്കുഴപ്പവും ഇപ്പൊഴെന്നല്ല.. എപ്പൊഴുമില്ല... പിന്നെ... നിങ്ങൾ ഈ ചൊറിച്ചിലിനു വല്ല വൈദ്യന്മാരെയും കാണുന്നതാവും നല്ലത്.... ലീഗിന്റെ തോളിൽ കയ്യിട്ട് നടക്കാനുള്ള ആ പൂതി അതിവിദൂര സ്വപ്നങ്ങളിൽ നിന്നു പോലും ഒഴിവാക്കപ്പെടുകയാവും അഭികാമ്യം... ഒരു അനോണി പറഞ്ഞ പോലെ (മുകളിൽ) ലീഗിനെ വിട്ടുകള.... അവർ കയ്യിട്ട് വാരുകയോ.. അല്ലെങ്കിൽ അവർ വാരിയ ബാക്കി ഉണ്ടെങ്കിൽ നമ്മുടെ “സോളി”പ്പിള്ളേരെ ഗോധയിലിറക്കി നക്കിയെടുക്കുകയോ ഒക്കെ ആവാല്ലൊ..ല്ലെ...

    ReplyDelete
  11. //വെറുതെ ലീഗുകാരുടെ മേക്കിട്ടു കേറണ്ട,ഓല് നന്നാവൂലാന്ന് നേരത്തെ തീരുമാനിച്ചതാണ്, പിന്നെ കയ്യിട്ട് വാരാനും തോന്യാസം കാണിക്കാനും കിട്ടുന്ന അവസരം കളഞ്ഞ് കുളിക്കണേ, അവരെ അവരുടെ വഴിക്ക് വിട്ടേര്, നമ്മുടെ സമയം എന്തിനാ പാഴാക്കുന്നത്..

    // ഒരു അനോണി പറഞ്ഞ പോലെ (മുകളിൽ) ലീഗിനെ വിട്ടുകള.... അവർ കയ്യിട്ട് വാരുകയോ.. അല്ലെങ്കിൽ അവർ വാരിയ ബാക്കി ഉണ്ടെങ്കിൽ

    Good example of social commitment.

    ReplyDelete