Monday, September 26, 2011

കേരളത്തില്‍ സാമ്രാജ്യത്വ വിരുദ്ധസമരങ്ങള്‍ മാത്രമല്ല അതിന്റെ ഒറ്റുകാരുമുണ്ട്‌



കേരളത്തിലെ പൊതുമണ്ഡലത്തോട് സവിശേഷ താല്‍പര്യം അമേരിക്കക്ക് എന്നുമുണ്ടായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയവും അമേരിക്കിന്‍ സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധവും അതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലും പുതിയതല്ല. ഐക്യകേരളത്തിലെ ആദ്യത്തെ മന്ത്രിസഭക്കെതിരെ നടന്ന വിമോചന സമരത്തെ സി.ഐ.എ സഹായിച്ചിരുന്നു എന്ന് സമരനായകരിലൊരാളായ ഫാദര്‍ വടക്കന്‍ പിന്നീട് വെളിപ്പെടുത്തുന്നുണ്ട്. അമേരിക്കന്‍ സാമ്രാജത്വത്തോട് എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനത്തെ സംബന്ധിച്ച് മൂല്യ നിര്‍ണയത്തില്‍ വളരെ പ്രധാനമാണ്.

കേരളം എക്കാലത്തും സാമ്രാജത്വവിരുദ്ധ സമരത്തിന്റെ ഒരു രംഗഭൂമിയാണ്. 1498ല്‍ കിഴക്കന്‍ രാജ്യങ്ങളിലേക്കുള്ള പാശചാത്യ സാമ്രാജത്വ ശക്തികളുടെ കോളനി പ്രവേശനത്തിന് നന്ദിക്കുറിക്കപ്പെട്ടത് കേരളതീരത്താണ്. സാമ്രാജത്വവിരുദ്ധ സമരത്തിന്റെ ചരിത്രവും അടുത്ത സമയം മുതല്‍ തന്നെ ആരംഭിക്കുകയാണ്. ഇസ്‌ലാം മത പ്രത്യേയശാസ്ത്രവും ദേശാഭിമാന പ്രചോദനവും ഒത്തുചേര്‍ന്ന സമരങ്ങളാണ് അന്ന് നടന്നത്. ദേശീയ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും പിന്നീട് ജനകീയ സമരങ്ങളും ഈ സമരത്തുടര്‍ച്ച നിലനിര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സാമ്രാജ്യത്വത്തിന്റെ ചാരക്കണ്ണിലെ പ്രധാനമായ ഒരു ഭൂപടമാണ് കേരളം.  ഇത് കേരളത്തിലെ സാമ്രാജ്യത്വവിരുദ്ധ പോരാളികള്‍ക്ക് നല്ല നിശ്ചയമുള്ള കാര്യമാണ്. അത് അമേരിക്കയുടെ ഭാഗത്ത് നിന്നുതന്നെ രേഖാപരമായി വെളിപ്പെട്ടു എന്നതാണ് വിക്കിലിക്‌സ് വെളിപ്പെടുത്തലിന്റെ രാഷ്ട്രീയ പ്രാധാന്യം.
ലോകാടിസ്ഥാനത്തില്‍ തന്നെ അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഏറെ പ്രയാസപ്പെടുത്തിയ സമരമാണ് പ്ലാച്ചിമട. കേരളത്തിന് ലോകത്തിനു മുന്നില്‍ അഭിമാനിക്കാവുന്ന ഒരു സമരവും സമരവിജയവുമാണത്. ആ സമരം ഇനിയും കൂടുതല്‍ മാധ്യമ ശ്രദ്ധയില്‍ നില്‍ക്കുന്നത് ലോകവ്യാപകമായി കൊക്കക്കോള കമ്പനിക്കും സമാനസ്ഥാപനങ്ങള്‍ക്കും ദോഷം ചെയ്യുമെന്ന് അവര്‍ തന്നെ നിരീക്ഷിക്കുന്നതായി വിക്കിലിക്‌സ് രേഖ പറയുന്നുണ്ടല്ലോ?  പ്ലാച്ചിമട സമരത്തെക്കുറിച്ച് പിണറായി വിജയന്‍ പറയുന്നത് കേവല പ്രാദേശിക സമരമാണെന്നാണെന്ന് രേഖ വെളിപ്പെടുത്തുന്നു. പ്ലാച്ചിമട സമരത്തെ ട്രേഡ്‌യൂനിയന്‍ പക്ഷത്തുനിന്നുകൊണ്ട് ആദ്യം എതിര്‍ക്കുകയും പിന്നെ അനുകൂലിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സി.പി.ഐ.എം. അനുകൂലിച്ചതിന്റെ കാരണം ഇപ്പോള്‍ സുവ്യക്തമായി വെളിപ്പെട്ടു എന്നു മാത്രം. അവിടുത്തെ ജനങ്ങളെല്ലാം കമ്പനിക്കെതിരാണ്. അതു കൊണ്ട് പാര്‍ട്ടി എതിരാണ്. അതിനപ്പുറം ആ എതിര്‍പ്പിന് ആശയമോ ആഴമോ ഇല്ല.
പ്രാദേശിക വിഭവങ്ങള്‍ക്കുമേല്‍ ഒന്നാമതായി അധികാരവും അവകാശവും മൂലധനത്തിനാണോ അതോ തദ്ദേശവാസികള്‍ക്കോ എന്ന രാഷ്ട്രീയ വിഷയമാണ് പ്ലാച്ചിമട സമരം ഉന്നയിച്ചിട്ടുള്ളത്. വിഭവാധികാരത്തിനു വേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു അത്. അതുകൊണ്ടാണ് പെരുമാട്ടി പഞ്ചായത്തിന്റെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വിഭവങ്ങളില്‍ ഇന്ന് ഏറെ നിര്‍ണ്ണായകമായതാണ് വെള്ളം. ഇനിയൊരു ലോകയുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ഈ നീലപൊന്നിനെ ചൊല്ലിയായിരിക്കുമെന്ന പ്രവചനം വിരല്‍ ചൂണ്ടാന്‍ ശ്രമിച്ചത് ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ്. കോളകള്‍ അധിനിവേശത്തിന്റെ ബോട്ടില്‍ ശരീരമാണ്. ഇവിടുത്തെ വെള്ളം തന്നെ ഊറ്റിയെടുത്ത് വളരെ കൃത്രിമവും അപകടകരവുമായ ഒരു കുടിശീലം ഇവിടെ വളര്‍ത്താനുള്ള ശ്രമമാണ് കോളവ്യവസായം. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ നടത്താന്‍ കഴിയുന്ന ഒരു സാമ്പത്തിക സമരം കൂടിയായിരുന്നു കൊക്കക്കോള വിരുദ്ധസമരം.  
പക്ഷെ, അടിത്തട്ടിലുള്ള ജനങ്ങള്‍ അവരുടെ ജീവിതത്തിന്റെ സ്വാഭാവികതയില്‍ നിന്ന് ഉയര്‍ത്തികൊണ്ടുവരുന്ന സമരങ്ങളെ മനസ്സിലാക്കാനുള്ള രാഷ്ട്രീയ ഇന്ദ്രീയം സി.പി.ഐ.എംമിന് ഇല്ലാതെ പോയതിന്റെ ഫലമാണ് പ്ലാച്ചിമട സമരത്തെക്കുറിച്ചുള്ള പിണറായി വിജയന്റെ വിശകലനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലല്ലാതെ നടക്കുന്ന ഇത്തരം സമരങ്ങലെല്ലാം സാമ്രാജത്വം തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നതാണെന്ന് പറയാനാണ് പാര്‍ട്ടി എന്നും താല്‍പര്യം കാണിച്ചത്. വര്‍ഗസമരത്തിനും അതിന്റെ ഔദ്യോഗിക ഏജന്‍സിയായ പാര്‍ട്ടിക്കുമപ്പുറത്തുള്ള ഒന്നിനേയും കാണാതിരിക്കാനുള്ള അന്ധതയുടെ ഫലമാണിത്. തൊഴിലാളി വര്‍ഗ്ഗമെന്നാല്‍ ട്രേഡ് യൂനിയനാണ്. വര്‍ഗ്ഗസമരമെന്നാല്‍ ട്രേഡ് യൂനിയന്‍ സമരമാണ്. അവരാകട്ടെ തൊഴില്‍പരമായ കാരണത്താല്‍ മൂലധനത്തിന്റെ പക്ഷത്തുമാണ്. അതുകൊണ്ട് തന്നെ ജനകീയ സമരങ്ങളുടെ എതിര്‍പക്ഷത്ത് നിലയുറപ്പിക്കാനാണ് നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രനിയോഗം.
മുസ്‌ലിം ലീഗിന്റെ പുതിയാപ്പളമുഖവും പുരോഗമന മുഖവുമാണ് മന്ത്രി മുനീര്‍. സുന്ദരമുഖത്തിന്റെ പിന്നാമ്പുറം പിന്തിരിപ്പതരത്തിന്റേതാണെന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. സാമ്രാജ്യത്വത്തോടും സവര്‍ണ്ണ മൃതുഹിന്ദുത്വത്തോടും ഭരണകൂട ഭീകരതയോടും പുലര്‍ത്തുന്ന ഉദാസീന നിലപാടാണ് മുനീറിനെ ലീഗില്‍ പ്രിയപ്പെട്ടതാക്കി തീര്‍ക്കുന്നതും. ആഗോളവ്യാപകമായി മുസ്‌ലിം സമൂഹവും ഇസ്‌ലാമും മര്‍ദ്ദക ശക്തികള്‍ക്കെതിരെ നടത്തുന്ന ചെറുത്തുനില്‍പ്പുകളെ ഇവിടെ മുസ്‌ലിം ലീഗിനെ പ്രമോട്ട് ചെയ്തുകൊണ്ട് ഷണ്ഡീകരിക്കാന്‍ കഴിയുമെന്നതാണ് ലീഗിന് അമേരിക്കന്‍ സാമ്രാജ്യത്വത്തിനടുത്ത് വരെ സ്വീകാര്യത ലഭിക്കാന്‍ കാരണം. അറബ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മുല്ലപ്പൂ വിപ്ലവം നടന്നപ്പോള്‍ ലീഗ്മാധ്യമങ്ങള്‍ അതിന്റെ എതിര്‍ പക്ഷത്താണ് നിലയുറപ്പിച്ചത്. ഇപ്പോള്‍ അമേരിക്കക്ക് വേണ്ടി ചാരപ്പണി ചെയ്യുന്ന ഉത്തരവാദിത്വവും ലീഗിനുണ്ടെന്നു വെളിപ്പെട്ടിരിക്കുന്നു. സമകാലിക ഇന്ത്യയിലെ ഏറ്റവും വലിയ മര്‍ദ്ധനോപകരണങ്ങളില്‍ സുപ്രധാനവും ഇപ്പോള്‍ ഏറെ പ്രശ്‌നവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞതുമായ ഇന്റലിജന്‍സ് ഏജന്‍സികളുമായി മൂനിര്‍ ഗ്രൂപ്പിലെ ലീഗ് നേതാക്കളുടെ ബന്ധം അവര്‍ തന്നെ നേരത്തെ തുറന്നു സമ്മതിച്ചതാണ്.  
ലോകത്തിലെ തന്നെ ശ്രദ്ധേയമായ ഒരു മുസ്‌ലിം ജനവിഭാഗത്തെ രാഷ്ട്രീയമായി പ്രതിനിധാനം ചെയ്യുന്ന ലീഗിന് സാമ്രാജ്യത്വ വിരുദ്ധ സ്വഭാവമില്ലാത്തത് വെറുതയല്ല എന്നതാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത്. ഈ ജനവിഭാഗമാകട്ടെ സാമ്രാജ്യത്വവിരുദ്ധ പോരട്ടത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ പിന്തുടര്‍ച്ചക്കാരുമാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെ ഉറഞ്ഞുതുള്ളാന്‍ എം.കെ മുനീറിന് സവിശേഷമായ ഊര്‍ജ്ജം ലഭിക്കുന്നത് എവിടെ നിന്നാണെന്നാണ് ഇപ്പോള്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. എം.കെ മുനീറിനെപ്പോലെ സാമ്രാജജ്യത്വവും മുസ്‌ലിം ഭീകരതയെക്കുറിച്ചാണ് നിരന്തരം സംസാരിക്കാറുള്ളത്. തീവ്രവാദത്തിനെതിരായ പോരാട്ടമാണ് അമേരിക്കയുടെ ഏറ്റവും വലിയ സൈദ്ധാന്തിക മുഖം എം.കെ മുനീറിന് ഈ സാമ്രാജ്യത്വത്തേക്കാളും ഫാഷിസത്തേക്കാളും ഭരണകൂട ഭീകരതയേക്കാളുമെല്ലാം വലിയ സാമൂഹ്യപ്രശ്‌നം ഇസ്‌ലാമാകുന്ന മതമൗലികവാദമാണ്. സാമ്രജ്യത്വത്തിനും മുനീറിനുമിടയിലെ ഈ പൊരുത്തം യാദൃശികമല്ലെന്നാണ് വിക്കിലിക്‌സ് രേഖകള്‍ വെളിപ്പെടുത്തുന്നത്. മുനീര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടേ ഇല്ല എന്നാണ്. രണ്ട്, പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരില്‍ ഒരു സെക്രട്ടറി പറഞ്ഞത്. എന്നാല്‍ തലേന്ന് മുനീര്‍ പറഞ്ഞത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ട് എന്നാണ്. ഉണ്ടായ സാഹചര്യത്തെ പരസ്പരപൊരുത്തക്കേടില്ലാതെ വിശദീകരിക്കാന്‍ പോലും പാര്‍ട്ടിക്കാവുന്നില്ല. 
വയനാടന്‍ മലനിരകളില്‍ എന്‍.ഡി.എഫിന്റെ സായുധ പരിശീലന ക്യാംപ് നടന്നതായി മുനീര്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുന്നുണ്ട്. രാജ്യത്തെ സുരക്ഷാ ഉദ്ധ്യോഗസ്ഥരോടോ പബ്ലിക്കിനോടോ വെളിപ്പെടുത്താതെ തനിക്കറിയാവുന്ന ഇക്കാര്യം യു.എസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതിന്റെ കാരണം അങ്ങേയറ്റം ദുരൂഹമാണ്. മുനീര്‍ ഒന്നുകില്‍ ക്രമസമാധാനപരമായി പ്രാധ്യാന്യമുള്ള ഒരു വിവരം രാജ്യത്തിനു മുന്നില്‍ മറച്ചുവെച്ചു. അല്ലെങ്കില്‍ രാജ്യത്തെക്കുറിച്ച് വിദേശശക്തികള്‍ക്ക് തെറ്റായ വിവരം നല്‍കി. രണ്ടായാലും ഇത്തരമൊരാളെ മന്ത്രിസഭയില്‍ ഇരുത്താന്‍ കൊള്ളില്ല. ഇത്തരമൊരാള്‍ ക്യാബിനറ്റിലിരുന്നാല്‍ എന്തെല്ലാം വിവരങ്ങള്‍ നാളെ ആര്‍ക്കെല്ലാം നല്‍കുമെന്ന് ആരറിഞ്ഞു. വിക്കിലീക്‌സിന്റെ കേരളത്തെക്കുറിച്ച് പുറത്തുവന്ന രണ്ട് കേബിളുകളിലും എം.കെ മുനീറിന്റെ പേരുണ്ട്. അതേ പോലെ മറ്റുരാഷ്ട്രീയ നേതാക്കള്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി ഒപചാരികമായ് സംസാരിക്കുകയും അവരുടെ പാര്‍ട്ടി നിലപാടുകള്‍ വ്യക്തമാക്കുകയുമാണ് ചെയ്യുന്നത്. മുനീറിന്റെ സംഭാഷണം വ്യക്തിപരവും രഹസ്യാത്മകവുമാണ്. ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നത് മുനീര്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കേരളത്തിലെ ഇന്‍ഫോര്‍മര്‍ ആണെന്നാണ്. കെ.എം ഷാജി ഇന്റലിജന്‍സ് ഇന്‍ഫോര്‍മറാണെന്ന പോലെ. ഏതായാലും മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലെ യാത്രികനാവാനാണ് ഈ സമുദായരാഷ്ട്രീയ നേതാവിന്റെ ചരിത്രനിയോഗം. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയുടെ മുഴുവന്‍ ലക്ഷണങ്ങളും ചരിത്രത്തിന്റെ ചക്രവാളത്തില്‍ പ്രത്യക്ഷമാവുന്ന കാലത്തിന്റെ ശുഭദിനമാണിത്.
ലീഗിനകത്തെ സമരം അധാര്‍മികതയും അധാര്‍മികതയും തമ്മിലുള്ള സമരമാണെന്നതാണ് ഏറ്റവും ദുഃഖകരം. കുഞ്ഞാലിക്കുട്ടിക്ക് ബന്ധം എന്‍.ഡി.എഫുമായാണെങ്കില്‍ എം.കെ മുനീറിന് ബന്ധം അമേരിക്കയുമായാണ്. കുഞ്ഞാലിക്കുട്ടി ഐസ്‌ക്രിം കേസില്‍ ആരോപിതനാണെങ്കില്‍ മുനീര്‍ ചെക്ക് കേസിലെ പ്രതിയാണ്. ഈ ചക്കളത്തിപ്പോരില്‍ നിന്ന് പൊതുസമൂഹത്തനോ മുസ്‌ലിം സമൂഹത്തിനോ ഗുണകരമായ ഒന്നും ലഭിക്കാനില്ല. ലീഗ് അകപ്പെട്ട ജീര്‍ണ്ണതകളുടെ ആഴത്തെക്കുറിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഇടയ്ക്കിടക്ക് കേള്‍ക്കേണ്ടി വരുമെന്നു മാത്രം.

7 comments:

  1. അല്ല മുഹമ്മദേ താങ്കള്‍ക്കെന്താ ഇത്ര ലീഗ് വിരോധം! വല്ല ലീഗുകാരും പിടിച്ച് ചാമ്പിയിട്ടുണ്ടോ?

    ReplyDelete
  2. ഉള്ളത് പറയുമ്പോൾ അത്‌ വിശകലനം ചെയ്യാതെ ലീഗ്‌വിരോധം ആണെന്ന്‌ പറഞ്ഞാൽ മതിയോ അനോണി..?

    ReplyDelete
  3. വിശുദ്ധ ഖുര്‍ആനേക്കാള്‍ വലുതാണോ ജമാഅത്തെ ഇസ്ലാമിക്കാരന് വിക്കീലിക്ക്‌സ്! കഷ്ടം!

    ReplyDelete
  4. എത്ര ഗാലന്‍ മഷി ഒഴുക്കിയാലും എത്ര ലീഗ് വിരോധം ഛര്‍ദ്ദിച്ചാലും എത്ര പെണ്‍വാണിഭ വ്യഭിചാര ആരോപണങ്ങള്‍ നിരത്തിയാലും ജമാഅത്തുകാരാ നിങ്ങള്‍ക്ക് ലീഗിന്റെ ഒരു കുഞ്ചിരോമം പോലും പറിക്കാനാവില്ല..
    ലീഗ് പടച്ചവന്റെ പാര്‍ട്ടിയാണ്. പടച്ചവന്‍ അതിനെ രക്ഷിക്കും..
    ലീഗ് നേതാക്കളായ സത്യവിശ്വാസികള്‍ക്കെതിരെ വ്യഭിചാര ആരോപണം ഉന്നയിക്കുന്ന ജമാഅത്തുകാരാ നിങ്ങളെ പടച്ചവന്‍ നിന്ദിതരുടെ കൂട്ടത്തിലാണ് പെടുത്തിയിട്ടുള്ളത്. അതാണ് നിങ്ങളെ രെു പട്ടിക്കും വേണ്ടാതായത്. വ്യാജ ആരോപണം കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ ഉന്നയിച്ചതിന്റെ ശിക്ഷയാണ് നിങ്ങള്‍ക്ക കിട്ടിക്കൊണ്ടിരിക്കുന്നത്‌

    ReplyDelete
  5. ഇവരൊക്കെ ലീഗ് കാരന്‍ എങ്ങിനെ ആകണം എന്ന് നന്നായി കാണിച്ചു തരുന്നു .... നേതാവിന് പറ്റിയ അനുയായികള്‍ ,, ലീഗായാല്‍ ഇങ്ങിനെ വേണം നന്നായി തെറി പറയാന്‍ അറിയണം .. അല്ലാഹുവിന്റെ പാര്‍ട്ടിക്കാര്‍ അത്യാവശ്യം തെറി പറയണം ഇല്ലങ്കില്‍ പടച്ചോന്‍ നരകത്തില്‍ ഇടും കോയ ...

    ReplyDelete
  6. മുഹമ്മദ്‌ സാഹിബ് കമന്റ് ഇടുന്നതിനുള്ള വേര്‍ഡ് വാരിഫികശന്‍ ഒഴിവാക്കണം .... കമന്റ് ഇടാന്‍ പ്രയാസമാണ്

    ReplyDelete
  7. Salimhamza മുകളില്‍പ്പറഞ്ഞതില്‍ ഏതാണ് തെറി എന്നു താങ്കള്‍ വ്യക്തമാക്കണം.. പിണറായി വിജയനു ഇഷ്ടമല്ലാത്തതെല്ലാം ജമാഅത്തുകാരന് തെറിയായിരിക്കുമല്ലോ അല്ലേ

    ReplyDelete