ഈ ഖുര്‍ആന്‍
ഒരു പര്‍വതത്തിന്റെ മുകളില്‍
നാം ഇറക്കിയിരുന്നെങ്കില്‍
ദൈവഭയത്താല്‍ ചകിതമായി
അത് തരിപ്പണമാകുന്നത്
നിനക്കു കാണാമായിരുന്നു.
ജനം ആലോചിക്കാനാണ്
ഈ ഉദാഹരണം നാമവര്‍ക്ക്
വിവരിച്ചുകൊടുക്കുന്നത്.
ഒരു വര്‍ഷത്തിലെ ഏറ്റവും മൂല്യവത്തായ സമയമേത് എന്ന ചോദ്യത്തിന് വേദം നല്‍കുന്ന ഉത്തരമാണ് ലൈലത്തുല്‍ ഖദ്ര്‍. മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവമേത് എന്ന ആലോചനയുടെ മറുപടി ഖുര്‍ആന്റെ അവതരണം എന്നതാണ്. ദൈവത്തിന്റെ കണക്കുകള്‍ക്കതീതമായ കാരുണ്യമാണ് ഈ അവതരണത്തിന്റെ കാരണമെന്ന് ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നു. മനുഷ്യന്‍ സമാഹരിക്കുന്ന മുഴുവന്‍ ഭൗതികവിഭവങ്ങളേക്കാള്‍ ഉത്തമമാണിതെന്ന് പ്രസ്താവിക്കുന്നു. ഇതിനെ ആത്മാവില്‍ ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യുന്നു (യൂനസ് 57-58). എന്താണ് ഖുര്‍ആന്‍? നമ്മുടെ നിത്യപരിചയത്തെ ഈ ചോദ്യം കൊണ്ട് പുതുക്കേണ്ടതുണ്ട്.
ഖുര്‍ആന്‍ അടിമുടി ദൈവികമാണ്. അതിലെ ഓരോ അക്ഷരവും അക്ഷരക്കൂട്ടകളും വാക്കുകളുടെ ചേരുവയും എല്ലാം അല്ലാഹുവിന്റേതാണ്. ഖുര്‍ആനിന്റെ ഉള്ളടക്കം മാത്രമല്ല, അതിന്റെ ഭാഷാശരീരവും ദൈവികമാണ്. അതിലെ എല്ലാ അക്ഷരക്രോമസോമുകളും ദൈവികമായ കയ്യൊപ്പ് പതിഞ്ഞവയാണ്.
ഇതുപോലെ മറ്റൊന്ന് കൊണ്ടുവരിക എന്നത് ഖുര്‍ആന്റെ നിരന്തര വെല്ലുവിളിയാണ്. ബദല്‍ സാധ്യമല്ല എന്നു ഖുര്‍ആന്‍ പറയുന്നത് ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ചു മാത്രമല്ല. കാരണം അത് ഖുര്‍ആന്റെ അവതരണ ശേഷമെങ്കിലും സാധ്യമാണല്ലോ? ഈ ഭാഷാസ്വരൂപത്തോട് കൂടിയ മറ്റൊന്നിനെയാണ് അസാധ്യമെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നത്.
അതുകൊണ്ടുതന്നെ സത്യവിശ്വാസിക്ക് ഖുര്‍ആന്റെ ഉള്ളടക്കപരമായ ആത്മാവിനോട് മാത്രമല്ല ബന്ധമുള്ളത് അതിന്റെ അക്ഷരശരീരവുമായി കൂടിയാണ്. ദൈവത്തിന്റെതാണെന്ന ഒറ്റക്കാരണത്താല്‍ ഓരോ അക്ഷരവുമായുള്ള ഒരു വൈകാരികബന്ധമാണത്. ഖുര്‍ആന്‍ പാരായണത്തിന് ഓരോ അക്ഷരത്തിനും പ്രതിഫലമുണ്ടെന്ന് പ്രവാചകന്‍ പറയുന്നുണ്ടല്ലോ? ലോകത്തിന്റെ നാനാഭാഗത്തുമുള്ള എത്രയോ അനറബി സാധാരണക്കാര്‍ അര്‍ഥമറിയാതെ ഖുര്‍ആന്‍ പാരയണം ചെയ്ത് ഭക്തിയുടെ കൊടുമുടികള്‍ താണ്ടുന്നതിന്റെ പൊരുളിതാണ്. വായനക്ക് തന്നെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട ഏക ഗ്രന്ധമാണ് ഖുര്‍ആന്‍. ഒരു പുസ്തകത്തിന്റെ പാരായണം മതാനുഷ്ഠാനമാകുന്ന ഇസ്‌ലാമിലെ ഏക പുസ്തകം. ഖുര്‍ആനിലേക്ക് നോക്കുക എന്നത് അനുഗ്രഹീതമായ കര്‍മമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നുണ്ട്. കാരണം പ്രതീകമില്ലാത്ത ദൈവത്തിന്റെ അക്ഷരപ്രതീകമാണ് ഖുര്‍ആന്‍. ദൈവത്തെ കാണേണ്ടവര്‍, അനുഭവിക്കേണ്ടവര്‍ ഖുര്‍ആനിലേക്ക് കണ്ണുതിരിക്കുക. അതൊരു കടുത്ത പെരുംമലമുകളില്‍ വന്നിറങ്ങിയിരുന്നെങ്കില്‍ അത് ഛിന്നഭിന്നമായിപ്പോകാന്‍ മാത്രം അലൗകിക ഊര്‍ജപ്രവാഹമുള്ള ഒന്നാണത്. ഭൂമിയില്‍ ദൈവത്തെ ഏറ്റവും മൂര്‍ത്തമായി പ്രതിനിധീകരിക്കുന്നത് ഖുര്‍ആനാണ്. അല്ലാഹുവിന്റെ പേരുകേട്ടാന്‍ കിടിലം കൊള്ളുന്നവരും അല്ലാഹുവിന്റെ വാചകങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിതമായിത്തീരുന്നവരുമാണ് സത്യവിശ്വാസികള്‍ (അല്‍ അന്‍ഫാല്‍ 2) എന്നതിന്റെ വചനപ്പൊരുള്‍ ഇത്രമേല്‍ അഗാധമാണ്.
മനുഷ്യന്റെ ഭാഷാ വ്യവഹാരങ്ങള്‍ ഗദ്യമോ പദ്യമോ ആയിരിക്കും. ഖുര്‍ആന്‍ അങ്ങനെയല്ല. എന്നാല്‍ അതിന് അലൗകികമായ ഒരു സംഗീതമുണ്ട്. ഒരു ഡിവൈന്‍ മെലഡി. ആ സംഗീതം ഒരു മുസ്‌ലിമിന് അര്‍ഥം പോലുമറിയാതെ അനുഭൂതികള്‍ നല്‍കുന്ന ഒന്നാണ്. ഈ അലൗകിക അനുഭൂതി വിശദീകരിച്ചുകൊണ്ട് അലിജാ ഇസ്സത്ത് ബഗോവിച്ച് എഴുതുന്നു.
‘‘ഖുര്‍ആന്‍ ഓതേണ്ട വിധം വിശദീകരിക്കുമ്പോള്‍ അതിന്റെ ശബ്ദമധുരമായ പാരയണവും കേള്‍വിയും പരാമര്‍ശിക്കേണ്ടതുണ്ട്. ഭൂരിപക്ഷം മുസ്‌ലിംകള്‍ക്കും അര്‍ഥമറിയാത്തതിനാല്‍ അത് നിഷ്പ്രയോജനമാണെന്ന് ചിലര്‍ പറയുന്നു. തുറന്നു പറയട്ടെ, എനിക്ക് ഈ അഭിപ്രായത്തോട് യോജിപ്പില്ല. ഒരിക്കലും മറക്കാനിടയില്ലാത്ത ഒരനുഭവം പറയനേ ഇപ്പോള്‍ നിവൃത്തിയുള്ളൂ.”
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എനിക്കവസരം കിട്ടി. ഇസ്‌ലാമിക നവോത്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസ്സങ്ങളുമായിരുന്നു വിഷയം. ഒരു പ്രശസ്ത പണ്ഡിതന്മാരും ചിന്തകന്മാരും അതില്‍ പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഓരോ ദിവസവും ആരംഭിച്ചതും അവസാനിച്ചതും ഒരു പ്രസിദ്ധ ‘ഖാരിഇ’ന്റെ ഖുര്‍ആന്‍ പാരായണത്തോടെയായിരുന്നു.
പ്രഭാഷകരുടെ വാക്കുകള്‍ സദസ്സ് സാകൂതം ശ്രദ്ധിച്ചിരുന്നു. എന്നിട്ടും നൂറുകണക്കിന് ആളുകളുടെ സാന്നിധ്യം ഞങ്ങള്‍ക്കനുഭവപ്പെട്ടു. ഒരാള്‍ തൊട്ടടുത്തിരിക്കുന്നവരോട് സ്വകാര്യം പറയുന്നു. മറ്റൊരാള്‍ കസേര വലിച്ചൊതുക്കിയിടുന്നു. വേറൊരാള്‍ കടലാസുകള്‍ ചിക്കിച്ചികയുന്നു... ഖുര്‍ആന്‍ പാരായണമങ്ങ് തുടങ്ങേണ്ട താമസം, എല്ലാ ചലനങ്ങളും ഞൊടിയിടയില്‍ നിലച്ചുപോയി. ഗാംഭീര്യത്തില്‍ ചാലിച്ച ശാന്തത സദസ്സിനെ കീഴടക്കി. ഓത്തുകാരന്‍ ശ്വാസമയക്കാനായി ഒന്നു നിര്‍ത്തിയപ്പോള്‍ മറ്റൊരു ശബ്ദവും കേള്‍ക്കുന്നില്ല. എന്നല്ല, സദസ്യരുടെ മുഴുവന്‍ ശ്വാസം നിലച്ചുപോയതുപോലെ. ആളുകള്‍ ശാന്തമായിരുന്ന് തങ്ങളുടെ ഹൃദയമിടിപ്പുകള്‍ ശ്രദ്ധിക്കുന്നു. ശാന്തത! ആ പാരയണം ഒഴുകുന്ന നദിയായിരുന്നു. ചിലപ്പോഴത് ശാന്തമായൊഴികി. മറ്റു ചിലപ്പോള്‍ ശൂരതയോടെ കുലം കുത്തിയൊഴികി. അവാച്യമായ അനുഭവം അതിന്റെ മൂര്‍ധന്യത പ്രാപിച്ചത് അവസാന ദിവസമാണ്. വിടപറയും മുമ്പ് ‘ഖാരിഅ്’ ഒരു പ്രത്യേക സമ്മാനം തന്ന് ഞങ്ങളെ സന്തോഷിപ്പിച്ചു. അന്നദ്ദേഹം തെരഞ്ഞെടുത്തത് ‘അര്‍റഹ്മാന്‍’ അധ്യായമാണ്. ശൈലീഭംഗികൊണ്ടും കോര്‍വ കൊണ്ടും സുന്ദരവും സുപ്രസിദ്ധവുമായ അധ്യായം! അപ്പോഴത്തെ എന്റെ മാനസികാവസ്ഥയും അനുഭൂതിയും വിവരിക്കുക അസാധ്യം. ഫബി അയ്യി ആലാഇ റബ്ബികുമാ തുകദ്ദിബാന്‍... ആവര്‍ത്തിച്ചു വരുന്ന ഈ വചനമൊഴിച്ച് മറ്റൊന്നിന്റെയും അര്‍ഥമെനിക്കറിയില്ലായിരുന്നു. എന്നിട്ടും മുഴുവന്‍ വചനങ്ങളുടെയും അര്‍ഥം എനിക്ക് മനസ്സിലാകുന്നതുപോലെ തോന്നി. സമ്മേളനം നടന്ന ഓരോ ദിവസവും ഖുര്‍ആന്‍ പാരായണം കഴിയുമ്പോള്‍ ഞാന്‍ അവിടെ കൂടിയവരുമായി കൂടുതല്‍ കൂടുതല്‍ അടുക്കുന്നു! ഈ അനുഭൂതി മറ്റുള്ളവര്‍ക്കുമുണ്ടെന്ന് അവരുടെ മുഖഭാവങ്ങളില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. ‘‘കാണുന്നില്ലേ! നമ്മളൊക്കെ ഇസ്‌ലാമിക സഹോദരങ്ങളല്ലേ?’’ അവര്‍ പറയാന്‍ വെമ്പുന്നപോലെ.
ഈ സംഭവത്തിന് ശേഷം, അര്‍ഥം മനസ്സിലായില്ലെങ്കിലും ഖുര്‍ആന്‍ പാരയണം കേള്‍ക്കുന്നതിന്റെ പ്രാധാന്യം കുറച്ചുകാണാന്‍ ഞാന്‍ ധൈര്യപ്പെട്ടിട്ടില്ല. കാരണം, മുഴുവന്‍ മുസ്‌ലിംഹൃദങ്ങള്‍ക്കും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഖുര്‍ആന്‍ മനസ്സിലാവുന്നുണ്ട്. (നവോത്ഥാന ചിന്തകള്‍)
ദൈവത്തിന്റേത് മാത്രമായ അക്ഷരക്കൂട്ടും പദവിന്യാസവുമാണ് ഖുര്‍ആന്‍. മാനുഷികമായ മാധ്യമത്തില്‍ (ഭാഷ) അല്ലാഹു നടത്തിയ ദൈവികമായ മാന്ത്രകതയാണ് ഖുര്‍ആന്‍. ഈ കാര്യം ഖുര്‍ആനിലെ ചില അധ്യാങ്ങളുടെ തുടക്കത്തിലുള്ള കേവലാക്ഷരങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇബ്‌നുകസീറിനെപ്പോലുള്ള പൂര്‍വസൂരികള്‍ പറഞ്ഞുവെച്ചിട്ടുണ്ട്. കേവലാക്ഷരങ്ങള്‍ വിളിച്ചുപറയുന്ന, വിളംബരപ്പെടുത്തുന്ന കാര്യമിതാണ്. ഹേ മനഷ്യരേ, നിങ്ങള്‍ സംസാരിക്കുന്ന, കവിത കെട്ടിച്ചൊല്ലുന്ന, തെറിപറയുന്ന അതേ അക്ഷരങ്ങള്‍ കൊണ്ടുതന്നെയാണ് അല്ലാഹുവും സംസാരിക്കുന്നത്. പക്ഷേ മനുഷ്യന്‍ സംസാരിക്കുമ്പോള്‍ അത് കേവല സംസാരമാണെങ്കില്‍ അതേ അക്ഷരങ്ങള്‍ ഉപോയഗിച്ച് അല്ലാഹു സംസാരിക്കുമ്പോള്‍ തുല്യമായ മറ്റൊരു വാചകം അസാധ്യമായ ഖുര്‍ആനാവുകയാണ്. ദൈവവും മനുഷ്യനും സംസാരിക്കുന്നത് അതേ ഇരുപത്തെട്ട് അക്ഷരങ്ങള്‍ കൊണ്ടാണ്. പക്ഷേ അവക്കിടയിലെ അന്തരം ദൈവത്തിനും മനുഷ്യനുമിടയിലെ അന്തരം തന്നെയാണ്. മനുഷ്യന്റെ വാക്കുകള്‍ മാനുഷികതയുടെ കണ്ണാടിക്കൂട്ടങ്ങളാണെങ്കില്‍ ദൈവത്തിന്റെ വചനം ദൈവികതയുടെ, അമാനുഷികതയുടെ കണ്ണാടികളാണ്. അതില്‍ പ്രതിബിംബിക്കുന്നത് അതുപോലെ മര്‌റൊന്നില്ലാത്ത ദൈവത്തിന്റെ കരുത്തും സൗന്ദര്യവുമാണ്. നിങ്ങള്‍ ഉപയോഗിക്കുന്ന അതേ അക്ഷരങ്ങള്‍ കൊണ്ടാണ് അല്ലാഹവും ഇത് രചിച്ചിരിക്കുന്നത്. പക്ഷെ ഇതേ അക്ഷരങ്ങള്‍ കൊണ്ട് ഇതുപോലൊരു വാചകം നിങ്ങള്‍ക്ക് ചമക്കുക സാധ്യമല്ല. ഈ സാധ്യതയെ ഖുര്‍ആന്‍ നിരന്തരം വെല്ലുവിളിക്കുന്നുണ്ട്. കേവലാക്ഷരങ്ങള്‍ക്ക് ശേഷം ഖുര്‍ആനില്‍ ഭൂരിഭാഗം സ്ഥലത്തും തുടര്‍ന്നുപറയുന്നത് ഖുര്‍ആനിന്റെ അപാരതയെക്കുറിച്ചും അലൗകികതയെക്കുറിച്ചുമാണ് എന്ന് ഇബ്‌നുകസീര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ കാര്യം സയ്യിദ് ഖുത്വുബ് കുറേക്കൂടി ഭാവദീപ്തമായി വിവരിക്കുന്നുണ്ട്. ഒരേ മണ്ണുകൊണ്ടാണ് ദൈവവും മനുഷ്യനും സൃഷ്ടി നടത്തുന്നത്. കളിമണ്ണു കൊണ്ട് മനുഷ്യന്‍ സൃഷ്ടി നടത്തുമ്പോള്‍ അത് നിര്‍ജീവമായ പാവയും പാത്രവും പ്രതിമയും കെട്ടിടങ്ങളുമായിത്തീരുന്നു. അതേ കളിമണ്ണുകൊണ്ട് ദൈവം സൃഷ്ടിക്കുമ്പോള്‍ ജീവന്‍ സ്പന്ദിക്കുന്ന മനുഷ്യനും സൃഷ്ടിജാലങ്ങളുമായിത്തീരുന്നു. ഒന്ന് നിര്‍ജീവമാണെങ്കില്‍ മറ്റേത് ജീവന്‍ തുടിക്കുന്നതാണ്. ഖുര്‍ആനും മനുഷ്യന്റെ ഭാഷാവ്യവഹാങ്ങളും തമ്മിലെ വ്യത്യാസം നിര്‍ജീവരൂപവും മിടിക്കുന്ന ജീവനും തമ്മിലുള്ള വ്യത്യാസമാണ്. മനുഷ്യന് കരഗതമല്ലാത്ത ദൈവത്തിന്റെ രഹസ്യമാണ് ജീവന്‍. ജീവന്റെ ദൈവിക രസതന്ത്രം തന്നെയാണ് ഖുര്‍ആനിന്റെ അമാനുഷികതയുടെയും രസതന്ത്രം.
വിശ്വാസം ബുദ്ധിയുടെ ബോധ്യം മാത്രമല്ല. ആത്മാവിന്റെ അനുഭവം കൂടിയാണ്. അത് ദൈവവുമായുള്ള വിനിമയമാണ്. സത്യവിശ്വാസികളുടെ ഏറ്റവും വലിയ സൗഭാഗ്യം ഈ അലൗകിക വിനിമയത്തിന്റെ സൗഭാഗ്യമാണ്. വിശ്വാസത്തില്‍ കലര്‍പ്പുകള്‍ വീണ് അതിന്റെ സ്വച്ഛത നഷ്ടപ്പെട്ടവന്‍ ആകാശലോകവുമായുള്ള അലൗകിക ചരട് മുറിഞ്ഞ് പോയവനാണെന്ന്, ആകാശത്തുനിന്ന് വീണവനെപ്പോലെയാണെന്ന് ഖുര്‍ആന്‍ പറയുന്നതിന്റെ കാരണമിതാണ്. അവനെ ലൗകികാസക്തിയുടെ ഏതു പരുന്തും എപ്പോഴും റാഞ്ചിക്കൊണ്ടുപോകും (അല്‍ഹജ്ജ് 31) അവന്റെ ജീവിത വണ്ടിക്കുമുന്നില്‍ ദേഹഛയുടെ പച്ചപ്പുല്ല് കെട്ടിവെക്കപ്പെടും.
അലൗകിക ലോകവുമായുള്ള ഈ ആശയവിനിമയമാണ് സത്യവിശ്വാസിയെ മറ്റു മനുഷ്യരില്‍ നിന്ന് വേറിട്ടവരാക്കുന്നത്. ലോകത്തിലെ പലതരം ദൈവാനുഭവങ്ങളില്‍ ഏറ്റവും തീവ്രമായ ദൈവാനുഭവമാണ് ഖുര്‍ആന്‍. ദൈവം വിശ്വാസിയോട് സംസാരിക്കുകയാണ്. വിശ്വാസിയുടെ മനസ്സിലൂടെ സഞ്ചരിക്കുകയാണ്. ദൈവവുമായുള്ള ഈ വിനിമയത്തിന് മനുഷ്യനെ പ്രാപ്തനാക്കുന്ന ആറാം ഇന്ദ്രിയമാണ് വിശ്വാസം. വിശ്വാസിക്ക് ദൈവാനുഭവത്തിനുവേണ്ടി പല ഉപാധികള്‍ ഒരുക്കപ്പെട്ടിട്ടുണ്ട്. ഇതിലൊന്ന് അല്ലാഹുവിന്റെ അയാളക്കുറികളാണ് (ആയാത്ത്). ഭൗതികപ്രപഞ്ചം കാണുമ്പോള്‍ അവിശ്വാസിയില്‍ ഉണരുന്ന നിര്‍ജീവവും കേവലഭൗതികവുമായ പ്രതികരണമല്ല സത്യവിശ്വാസിയില്‍ അത് ഉണര്‍ത്തുന്നത്. പ്രപഞ്ചക്കാഴ്ചകള്‍ അവനില്‍ ഉണര്‍ത്തുന്നത് അതിന്റെ പൊരുളിനെക്കുറിച്ച ആലോചനകളാണ് (ആലുഇംറാന്‍ 191). പക്ഷേ ആരാധനകള്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ ദൈവാനുഭവങ്ങളിലേക്കും അവനെ കൈപിടിച്ചുയര്‍ത്തുന്ന ഏറ്റവും വലിയ ദൈവാനുഭവമാണ് ഖുര്‍ആന്‍. ആരാധനയിലും പ്രപഞ്ചനോട്ടത്തിലും ചരിത്രപഠനത്തിലുമെല്ലാം അവനെ സഹീയിക്കുന്ന ദൈവത്തിന്റെ കൈത്താങ്ങാണ് ഖുര്‍ആന്‍.
മനുഷ്യന്റെ ഭൗതിക ഇന്ദ്രിയങ്ങള്‍ക്കോ അതിന്റെ നീള്‍ച്ചകളായ സാങ്കേതിക ഉപകരണങ്ങള്‍ക്കോ ഒരിക്കലും കാണിച്ചുതരാനാവാത്ത ഒരുപാട് ഒരുപാട് കാഴ്ചകള്‍ ഖുര്‍ആന്‍ നമുക്ക് കാണിച്ചുതരുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അത് നമ്മെ നാം ഇരിക്കുന്നേടത്ത് നിന്ന് ഉയര്‍ത്തി സ്വര്‍ഗത്തിന്റെ ഇറുമ്പില്‍ കൊണ്ടുപോയി നിര്‍ത്തും. അവിടെ നിന്ന് നമ്മുടെ കൈപിടിച്ച് സ്വര്‍ഗത്തിലെ നൂറായിരം അതിശയിപ്പിക്കുന്ന കാഴ്ചകള്‍ കാണിച്ചുതന്ന് നാം ഇരിക്കുന്നേടത്തു തന്നെ തിരിച്ച് കൊണ്ടുവന്നാക്കും. അതു പോലെ നരകത്തെ, നമ്മുടെയൊക്കെ സ്വന്തം മരണത്തെ. മനുഷ്യന്റെ മരണത്തെക്കുറിച്ച് ഒരു മെഡിക്കല്‍ സയന്‍സും രേഖപ്പെടുത്തിയിട്ടില്ലാത്ത വിവരങ്ങള്‍ ഖുര്‍ആന്‍ രേഖപ്പെടുത്തുന്നു.
ഈ പ്രപഞ്ചത്തിന്റെ അന്ത്യത്തെ ഇപ്പോള്‍തന്നെ, മുന്‍കൂട്ടി നേരില്‍ കാണാനുള്ള ഒറ്റവഴി ഖുര്‍ആനാണ്. പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു: അന്ത്യനാളിനെ കണ്ണുകൊണ്ട് കാണും പോലെ കാണാന്‍ സന്തോഷമുള്ളവന്‍ സൂറത്തുല്‍ ഇന്‍ഫിത്വാറും സൂറത്തുല്‍ ഇന്‍ശിഖാഖും പാരായണം ചെയ്തുകൊള്ളട്ടെ. ഒരു ശാസ്ത്രത്തിനും കാണിച്ചുതരാനാവാത്ത കാഴ്ചകള്‍ കാണിച്ചുതരുന്നു എന്നതാണ് ഖുര്‍ആന്റെ സവിശേഷത. ഭൗതികമായ ഒന്നിനും നല്‍കാനാവാത്ത അനുഭവങ്ങള്‍ നല്‍കുന്ന ഗ്രന്ഥം.
ലൈലത്തുല്‍ ഖദ്ര്‍
‘ലൈലത്തുല്‍ ഖദ്ര്‍ എന്താണെന്ന് നിനക്കറിയാമോ’ എന്ന കരളില്‍ ചെന്നു തറക്കുന്ന ഒരു ചോദ്യം ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അല്‍ഭുതമാണീ ഖുര്‍ആന്‍. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവം ഖുര്‍ആന്റെ അവതരണമാണ്. പിന്നീട് ഒരുപാട് കാലത്തേക്ക് ചരിത്രത്തിന്റെ വിധി നിശ്ചയിക്കാന്‍ പ്രാപ്തിയുള്ള പുസ്തകമാണത്. മനുഷ്യന്‍ അത് ഏറ്റെടുക്കുകയും ചരിത്രത്തില്‍ സാക്ഷാല്‍കരിക്കുകയും ചെയ്യണമെന്നു മാത്രം. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യമായ റോമിന്റേയും മറ്റൊരു സമകാലിക സാമ്രാജ്യമായിരുന്ന പേര്‍ഷ്യയുടെയും അറബ് ഈജിപ്ഷ്യന്‍ ഫലസ്തീനിയന്‍ സംസ്‌കാരങ്ങളുടെയും വിധി നിര്‍ണയിക്കപ്പെട്ട രാവാണ് ചരിത്രപരമായി ലൈലത്തുല്‍ ഖദ്ര്‍. ചരിത്രത്തില്‍ ഇനിയും ഏറ്റെടുക്കാന്‍ മനുഷ്യരുണ്ടെങ്കില്‍ നാഗരികതകളുടെ ഭാഗധേയം നിര്‍ണയിക്കുക ഖുര്‍ആന്‍ തന്നെയായിരിക്കും.
അല്ലാഹുവിന്റെ അദൃശ്യലോകം മറകള്‍ നീക്കി മനുഷ്യരോട്, മനുഷ്യന്റെ ദൃശ്യലോകത്തോട് സംസാരിച്ച അനുഭവമാണ് ഖുര്‍ആന്‍. അതിന്റെ സമാരംഭമാണ് ലൈലത്തുല്‍ ഖദ്ര്‍.
ഹിറാ ഗുഹയില്‍ പ്രവാചകന് ഖുര്‍ആന്‍ വന്നിറങ്ങിയതിന്റെ വാര്‍ഷികമാണ് ഓരോ വര്‍ഷവും ആവര്‍ത്തിക്കപ്പെടുന്ന ലൈലത്തുല്‍ ഖദറുകള്‍. വലിയ ചരിത്ര സംഭവങ്ങളുടെ ഓര്‍മകള്‍ അതേ ദിനങ്ങളില്‍ എല്ലാ കൊല്ലവും പുതുക്കുക എന്നത് നമുക്ക് പരിചിതമാണ്. പക്ഷേ ഈ പുതുക്കലുകള്‍ പ്രതീകാത്മകം മാത്രമാണ്. ഒരിക്കലും ഓര്‍മിക്കപ്പെടുന്ന സംഭവം തുടര്‍വര്‍ഷങ്ങളില്‍ സംഭവിക്കുന്നില്ല. 1947 ആഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. പിന്‍ വര്‍ഷങ്ങളില്‍ ആഗസ്റ്റ് 15 കളില്‍ സ്വാതന്ത്ര്യം ലഭിക്കുക എന്ന സംഭവം ഒരളവിലും ആവര്‍ത്തിക്കപ്പെടുന്നില്ല, അനുസ്മരിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ ലൈലത്തുല്‍ ഖദ്‌റില്‍ അദൃശ്യലോകം ഭൂമിയെ ചുംബിച്ചുണര്‍ത്തിയ രംഗം ഓരോ വര്‍ഷവും ആവര്‍ത്തിക്കുകയാണ്. ജിബ്‌രീല്‍ പരിവാര സമേതം അല്ലാഹുവിന്റെ അംറുമായി വീണ്ടും ഭൂമിയിലേക്കിറങ്ങുകയാണ്. ഖുര്‍ആന്‍ അവതരിച്ച ഒന്നാം രാവിന്റെ അതേ ആത്മീയ വില അതിന്റെ എല്ലാ വാര്‍ഷികാവര്‍ത്തന രാവുകള്‍ക്കും അല്ലാഹു വകവെച്ചു നല്‍കുകയാണ്.
ഖുര്‍ആനിലെ ഒരു വാചകം മനുഷ്യരുടെ ആയിരം വാചകങ്ങളേക്കാള്‍ ഉത്തമമാണത്. ഖുര്‍ആന്‍ അവതരിച്ച രാവ് മനുഷ്യരുടെ മറ്റ് ആയിരം രാവുകളെക്കാള്‍ പവിത്രമാണ്. പുണ്യഭരിതമാണ്. അലൗകികതയുടെ വെളിച്ചവും സമാധനവും സാധാരണമല്ലാത്ത കണക്കില്‍ ഭൂമിയിലേക്ക് പ്രവഹിക്കുന്ന രാത്രിയാണത്. ഭൂമി പുലരും വരെ ദിവ്യസമാധാനം കൊണ്ട് നിറഞ്ഞ് കവിയുന്ന നേരം. ഖുര്‍ആനിന്റെ അവതരണത്തിന്റെ അത്യുജ്വലമായ, വാക്കുകള്‍ക്കതീതമായ ഓര്‍മയെ മറ്റൊരു അലൗകിക ഉത്സവമാക്കുകയാണ് അല്ലാഹു. ആകാശം ഭൂമിയോട് ഏറ്റവും അടുക്കുന്ന, കരുണ കാട്ടുന്ന നിമിഷങ്ങളാണത്. ആകാശവും ഭൂമിയും തമ്മില്‍ ഏറ്റവും തീവ്രമായ വിനിമയങ്ങള്‍ നടക്കുന്ന മണിക്കൂറുകള്‍. പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടുന്ന, മനുഷ്യന്റെ ഭാഗധേയങ്ങള്‍ നിശ്ചയിക്കപ്പെടുന്ന യാമമാണത്. കാലത്തിന്റെ വര്‍ഷവളയത്തില്‍ ഇതിനേക്കാള്‍ ആഴവും ഉയരവും സൗന്ദര്യവും വിലയുമുള്ള മറ്റൊരു പന്ത്രണ്ട് മണിക്കൂര്‍ ഇല്ല തന്നെ. ഭൂമിയില്‍ ഓരോ ചരാചരവും ആ ഊര്‍ജപ്രവാഹത്തില്‍ കോരിത്തരിച്ചുപോകുന്ന മണിക്കൂറുകളാണത്.
ആ രാവിനെ ആത്മീയമായ മുന്നൊരുക്കമില്ലാതെ മനുഷ്യനു സ്വീകരിക്കുക സാധ്യമല്ല. അവന്റെ ക്ലാവു പിടിച്ച ഹൃദയത്തെ തേച്ചുമിനുക്കി വെച്ചാലേ അതിനെ അറിയാനും സ്വീകരിക്കാനും കഴിയൂ. അതിനായിരിക്കാം വിധി നിര്‍ണയ രാവിനു മുമ്പേ അവനെ നോമ്പിന്റെ സംസ്‌കരണത്തിലൂടെ കടത്തിക്കൊണ്ടുപോകുന്നത്. 20 ദിവസത്തെ നോമ്പിലൂടെ ഹൃദയത്തെ കഴുകിയവനാണ് ലൈലത്തുല്‍ ഖദ്‌റിനെ കാത്തിരിക്കുന്നത്. അഥവാ നോമ്പ് ഒരര്‍ഥത്തില്‍ ആ രാവിനെ സ്വീകരിക്കാനുള്ള മുന്നൊരുക്കമാണ്. ഭൗതിക കാമനകളെ പരമാവധി നിയന്ത്രിച്ച് മനസ്സിന്റെ അഭൗതിക തലത്തെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കുകയാണ്, കൂടുതല്‍ സംവേദന ശേഷിയുള്ളതാക്കുകയാണ് റമദാന്‍ ചെയ്യുന്നത്. ആ ശേഷി നേടുമ്പോഴേ ഒരാള്‍ക്ക് ലൈലതുല്‍ ഖദ്‌റിനെ അറിയാനും അനുഭവിക്കാനും കഴിയൂ.
ഹിറാ ഗുഹയില്‍ ഖുര്‍ആനുമായി വന്നിറങ്ങിയ ജിബ്രീല്‍ വീണ്ടും നമ്മുടെ ജീവിതത്തിലേക്ക് വന്നിറങ്ങുന്നതിന് കാതോര്‍ക്കുക. ഖുര്‍ആനിലൂടെ അല്ലാഹുവിന്റെ ചാരത്തിരുന്ന് അവന്റെ വാക്കുകള്‍ക്ക് ചെവികൊടുത്തും അവന്റെ ഗാംഭീര്യത്തെ ഒന്നും ബാക്കിവെക്കാതെ സമ്മതിച്ചും സ്വന്തം പാപത്തെ കണ്ണുനീരുകൊണ്ട് കഴുകിത്തുടച്ചും സമാധാനത്തിന്റെ നിറമുള്ള ആ രാവില്‍ നാം ഉണ്ടെന്ന് ഉറപ്പാക്കുക. കാരണം ഇതിനേക്കാള്‍ വില പിടിച്ച മറ്റൊന്നും നമുക്ക് നഷ്ടപ്പെടാനില്ല. വരുന്ന ഒരു വര്‍ഷത്തെ നമ്മുടെ ഭാഗധേയം അവന്റെയടുത്ത് നിശ്ചയിക്കപ്പെടുന്ന, നമ്മുടെ സമയപാത്രങ്ങള്‍കൊണ്ട് അളന്നെടുക്കാന്‍ കഴിയാത്ത, നമ്മുടെ ഘടികാരങ്ങള്‍ക്ക് രേഖപ്പെടുത്താനാവാത്ത, മനുഷ്യന്റെ വാക്കുകള്‍കൊണ്ട് പകര്‍ന്നുവെക്കാനാവാത്ത രാവാണത്. ആ ഒറ്റ രാത്രി ബാക്കി റമദാനിനേക്കാള്‍ വലുതാണ്.
very very nice
ReplyDelete