Monday, February 20, 2012

യേശുവും മാര്‍ക്‌സിസവും തമ്മില്‍







സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ഫോട്ടോ പ്രദര്‍ശനത്തില്‍ യേശുക്രിസ്തുവിന്റെ പടം ഉള്‍പ്പെടുത്തിയതിനെതിരെ കത്തോലിക്കാസഭയും ഓര്‍ത്തഡോക് സഭയും കെ.പി.സി.സിയും മുഖ്യമന്ത്രിയും പ്രതികരിച്ചു. യേശു ചരിത്രത്തിലെ ഏറ്റവും വലിയ വിമോചന പോരാളിയാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അതിന് മറുപടി പറഞ്ഞത്.
വിവാദത്തില്‍ ഇടപെട്ടുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് സി.പി.ഐ.എമ്മിന്റെ നിലപാട് മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നാണ്. തൊട്ടാല്‍ പൊട്ടിത്തെറിക്കുന്ന മതവികാരമാണ് മലയാളികളായ എല്ലാ മതസ്ഥര്‍ക്കുമുള്ളതെന്നാണ് ഉമ്മന്‍ചാണ്ടി നിരന്തരം അവകാശപ്പെടാന്‍ ശ്രമിക്കുന്നത്. ഇത് മതത്തേയും സമുദായത്തേയും സംബന്ധിച്ച എല്ലാ ചര്‍ച്ചകളെയും മതവികാരം പറഞ്ഞ് നിശബ്ദമാക്കാനുള്ള ശ്രമമാണ്. കേരളത്തിന്റെ സംവാദമണ്ഡലത്തെ മതവികാരം പറഞ്ഞ് പുറകോട്ടു പിടിച്ചു വലിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് മതവികാരത്തിന്റെ വിഷയമല്ല. മതത്തേയും മാര്‍കിസത്തേയും കുറിച്ച ആഴമേറിയ ഒരു സംവാദത്തിന്റെ, അന്വേഷണത്തിന്റെ വിഷയമാണ്.
വിമോചന പോരാളിയായെങ്കിലും സി.പി.ഐ.എം യേശുവിനെ അംഗീകരിക്കുന്നത് പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് എം.എം ഹസന്റെ പ്രസ്താവന അവാസ്തവമാണെന്ന് മാത്രമല്ല, കാര്യം നേരെ മറിച്ചാണ്. സി.പി.ഐ.എം എങ്ങനെയാണ് യേശുവിന്റെ വഴിയില്‍ വന്നുപെട്ടതന്ന് വഴിയേ വിവരിക്കാം. കമ്യൂണിസത്തിന്റെ ആത്മാവ് അറിയുന്നവരെ സംബന്ധിച്ചിടത്തോളം അതൊരു സ്വാഭാവിക കാര്യം മാത്രമാണ്. പക്ഷെ, കോണ്‍ഗ്രസ്സ് ഇതിനെ വിവാദമാക്കാന്‍ ശ്രമിക്കുന്നത് പിറവത്ത് എല്ലാ സഭകളിലുമുള്ള ക്രൈസ്തവവോട്ടില്‍ കണ്ണുവെച്ചാണ്.
പക്ഷെ, പിണറായി വിജയന്‍ നിലപാടു വ്യക്തമാക്കേണ്ട ഒരു വിഷയം ഇതിലുണ്ട്. മതം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല എന്നദ്ധേഹം നിരന്തരം പറയാറുണ്ട്. ഇതാണ് ഇക്കാര്യത്തിലെ കമ്യൂണിസ്റ്റ് മാര്‍കിസ്റ്റ് പാര്‍ട്ടികളുടെ നിലപാട്. എങ്കില്‍ രാഷ്ട്രീയം മതത്തില്‍ ഇടപെടാന്‍ പാടുണ്ടോ? മതം പാലിക്കേണ്ട മര്യാദ രാഷട്രീയവും പാലിക്കേണ്ടതില്ലേ? ഈ വിഭജന സിദ്ധാന്തപ്രകാരം യേശുവിന്റെ ശരീരമായ സഭക്കാണല്ലോ യേശു ആരാണെന്ന് പറയാന്‍ അവകാശം. അതില്‍ ഇടപെടാന്‍ രാഷ്ട്രീയക്കാരായ കമ്യൂണിസ്റ്റുകള്‍ക്കെന്തവകാശം. പക്ഷെ സഭ, മതം എന്നും വിശ്വാസം എന്നും പറയുന്ന ഒരു കാര്യം കമ്യൂണിസ്റ്റുകള്‍ക്ക് രാഷ്ട്രീയ പ്രശ്‌നവും പ്രത്യേയശാസ്ത്ര വിഷയവുമാവാം. അപ്പോള്‍ തിരിച്ച് കമ്യൂണിസ്റ്റുകാരും മറ്റു രാഷ്ട്രീയക്കാരും രാഷ്ട്രീയ വിഷയമാണെന്ന് മനസ്സിലാക്കുന്ന ഒരു കാര്യം ചില മതവിശ്വാസികള്‍ക്ക് മതവിഷയമാവാം. മനുഷ്യവിമോചനമെന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാഷ്ട്രീയ വിഷയമായിരിക്കും. വിമോചന മതധാരകളെ സംബന്ധിച്ചിടത്തോളം അവര്‍ക്കത് മതവിഷയം കൂടിയാണ്. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയും പിണറായി വിജയനും യേശുവിന്റെ കാര്യത്തില്‍ ഇടപെടുന്നതിലൂടെ അവര്‍ സമ്മതിക്കുന്നത് മതവും രാഷ്ട്രീയവും അങ്ങനെ വെള്ളം ചോരാത്ത കള്ളികളായി വേര്‍തിരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണെന്നാണ്. കമ്യൂണിസത്തെ സംബന്ധിച്ചിടത്തോളം ജീവിതം വിഭജനങ്ങളെ അപ്രസക്തമാക്കുന്ന സാകല്യമാണ്. രാഷട്രീയം മതത്തില്‍ ഇടപെടരുതെന്ന സിദ്ധാന്തത്തിന്റെ ബലത്തിലാണ് കത്തോലിക്ക സഭ ഈ വിഷയത്തില്‍ സംസാരിക്കുന്നത്. രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് ഇടയലേഖനമിറക്കാന്‍ പാടുണ്ടോ എന്ന് അപ്പോള്‍ തിരിച്ചു ചോദിക്കേണ്ടി വരും. മതത്തിന് രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ടാവാം. രാഷ്ട്രീയത്തിന് മതകാഴ്ചപ്പാടുകളുമുണ്ടാവാം. മതത്തെക്കുറിച്ച സൃവൃകതമായ കാഴ്ചപ്പാടുകളുള്ള രാഷ്ട്രീയമാണ് മാര്‍കിസം. രാഷ്ട്രീയത്തിന് പിണറായി വിജയന്‍ വകവെച്ചുകൊടുക്കുന്ന, സ്വയം കയ്യാളുന്ന മതരാഷ്ട്രീയ വിഭനത്തിന്റെ വേലി ഭേദിക്കാനുള്ള അവകാശം മതത്തിനും വകവെച്ചുകൊടുക്കാന്‍ അദ്ധേഹവും പാര്‍ട്ടിയും സന്നദ്ധമാവണം. അതാണ് ജനാധിപത്യ മര്യാദ, അതുതന്നെയാണ് ശരിയായ മാര്‍ക്കിസ്റ്റ് സമീപനവും. മതരാഷട്ര വിഭജന വാദം മുതലാളിത്ത മതേതരത്വത്തിന്റെ വാദഗതി മാത്രമാണ്. രാഷ്ട്രീയം മതത്തിലിടപെടും, എന്നാല്‍ മതം രാഷ്ട്രീയത്തിലടപെടാന്‍ പാടില്ല എന്നാണ് നിലപാടെങ്കില്‍ അത് ഫാഷിസമാണ്.
യേശുവിന്റെ പടം വെക്കാന്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടിക്ക് വല്ല അവകാശവും ഉണ്ടോ എന്ന ചോദ്യത്തെ യേശു ചരിത്രത്തിലെ വലിയ വിമോചകാണെന്ന മറുപടിയിലൂടെ പിണറായി വിജയന്‍ അഭിമുഖീകരിക്കാന്‍ ശ്രമിച്ചത്. മാര്‍ക്‌സിസത്തിന്റെ ആത്മാവ് എന്ന് അപനിര്‍മ്മാണ സിദ്ധാന്തത്തിന്റെ പിതാവായ ദരിദെ നിരീക്ഷിച്ച വിമോചനം എന്ന ആശയം അതിന്റെ മൂലരൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് യഹൂദ ക്രിസ്തീയ സംസ്‌കാരത്തിലായിരുന്നു. ബുദ്ധമതത്തിലെ നിര്‍വാണത്തില്‍ നിന്നും ഹിന്ദുമതത്തിലെ മോക്ഷത്തില്‍ നിന്നും വ്യത്യസ്തമാണ് മാര്‍കസിസതിലേയും സെമിറ്റിക് മതങ്ങളിലേയും മോചനസങ്കല്‍പ്പമെന്ന് ധാരാളമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മാര്‍കിസത്തിനു പിറകിലെ യഹുദ പ്രചോദനത്തെക്കുറിച്ച് പ്രമുഖ ചരിത്രകാരനായ ആര്‍നോള്‍ഡ് ടോയന്‍ബി പറയുന്നുണ്ട്. അതിശക്തമായ  വിപ്ലവത്തെ സംബന്ധിച്ച വെളിപാടാണ് മാര്‍കസിസതിലെ യഹൂദ ഘടകമായ് ടോയന്‍ബി തിരിച്ചറിയുന്നത്. യഹോവക്ക് പകരം ഈ വിപ്ലവത്തില്‍ മാര്‍കസ് എടുക്കുന്നത് 'ചരിത്രപരമായ ആവശ്യകത'യെയാണ്. അതേപോലെ യഹൂദ ജനത്തിനു പകരം ആധുനിക മുതലാളിത്ത സമൂഹത്തിലെ തൊഴിലാളി വര്‍ഗത്തെയും എടുക്കുന്നു. മാര്‍കിസിസം സെമിറ്റിക് വെളിപാടിന്റെ ഭൗതികമായ പ്രഛന്ന വേഷമാണെന്ന് ടോയന്‍ബി പറയുന്നു. ചരിത്രത്തേയും ഭൂതഭാവികളെയും സംബന്ധിക്കുന്ന യഹൂദ ഘടന എല്ലാ കാലത്തെയും ഭാഗ്യഹീനര്‍ക്കും മര്‍ദ്ധിതര്‍ക്കും അത്യധികം ആകര്‍ഷകമായി അനുഭവപ്പെട്ടിരുന്നുവെന്ന് ബര്‍ടണ്‍ റസല്‍ എഴുതുന്നു. 
മാര്‍കസിസതിന്റെ ആത്മാവ് മാത്രമല്ല പാര്‍ട്ടിയുടെ ശരീരവും സെമിറ്റിക് ആണ് എന്നാണ് ബര്‍ടന്‍ റസല്‍ പറയുന്നത്. മാര്‍കസിനെ മനശാസ്ത്രപരമായി മനസ്സിലാക്കാന്‍ താഴെ പറയുന്ന നിഘണ്ടു ഉപയോഗിക്കാം എന്ന് റസല്‍ പറയുന്നു. 
യഹോവ- വൈരുദ്ധ്യാത്മക ഭൗതിക വാദം
മശീഹ- മാര്‍ക്‌സ്
നിയുക്ത ജനത- അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗം
പള്ളി- കമ്യൂണിസ്റ്റ് പാര്‍ട്ടി
രണ്ടാം വരവ്- വിപ്ലവം
നരകം - മതലാളിമാര്‍ക്കുള്ള ശിക്ഷ
ദൈവരാജ്യം- കമ്യൂണിസ്റ്റ് സമൂഹം
(അവലംബം: പ്രതാവാദങ്ങള്‍, വി.സി ശ്രീജന്‍)
വിമോചനം, പൂര്‍ണ്ണ സമൂഹം എന്നീ ആശയങ്ങള്‍ തന്റെ തന്നെ സെമിറ്റിക് പാരമ്പര്യത്തില്‍ നിന്നാണ് മാര്‍കസ് എടുത്തിരിക്കുന്നതെന്ന് കെ.എന്‍ രാജ് നിരീക്ഷിക്കുന്നുണ്ട്. മാര്‍ക്‌സ് ഒരു ഇന്ത്യനായിരുന്നുവെങ്കില്‍ പൂര്‍ണതയുള്ള സമൂഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നില്ല എന്നാണ് രാജ് പറയുന്നത്. അത് സെമിറ്റിക് മതഗ്രന്ഥങ്ങള്‍ മുന്നോട്ടുവെക്കുന്ന ഒരു സങ്കല്‍പ്പമാണ്. അതേപോലെത്തന്നെ വിമോചനം ഒരു സെമിറ്റിക് ആശയമാണ്. ഞാറാഴ്ച പള്ളിയില്‍ പോകാറുണ്ടായിരുന്ന തന്റെ പെങ്ങളോട് പള്ളിയില്‍ പോകേണ്ട; നിര്‍ബന്ധമാണെങ്കില്‍ പകരം ബൈബിള്‍ പഴയ നിയമത്തിലെ 'പ്രവാചകന്മാരുടെ പുസ്തകങ്ങള്‍' വായിച്ചാല്‍ മതി എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു എന്ന് മാര്‍കസിന്റെ ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്.
വിമോചനപരത നഷ്ടപ്പെട്ട ക്രൈസ്തവതക്കകത്തേക്ക് മാര്‍കസിസത്തെ കൊണ്ടുവന്ന് അതിനെ വീണ്ടും രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള ശ്രമമായിരുന്നു വിമോചന ദൈവശാസ്ത്രം. സ്വന്തം രീതിശാസ്ത്രമുപയോഗിച്ച് രാഷട്രീയ വല്‍ക്കരിക്കാനുള്ള അശക്തികളുടെ അനിവാര്യത കൂടിയായിരുന്നു വിമോചന ദൈവശാസ്ത്രം. എന്തെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും ക്രൈസ്തവതയും മാര്‍കസിസവും തമ്മില്‍ ഒരിക്കല്‍കൂടി മറ്റൊരു രീതിയില്‍ സന്ധിച്ച ചരിത്ര പ്രതിഭാസമാണ് വിമോചന ദൈവശാസ്ത്രം. വളരെ പരസ്പരവിരുദ്ധമെന്നു തോന്നുന്ന സെമിറ്റിക് മതങ്ങള്‍ക്കും മാര്‍കസിസതിനുമിടയില്‍ പാരസ്പര്യതിന്റേതായ നിരവധി ഘടകങ്ങളുണ്ട്. സി.രാധാകൃഷ്ണന്‍ എഴുതുന്നു''കമ്യൂണിസം ക്രിസ്തുമതത്തിന്റെ ഒരു അവാന്തര വിഭാഗം തന്നെയാണ്. ജൂതക്രൈസ്തവ മതങ്ങളുടെ കാതലായ ദൈവനീതി അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും സ്വര്‍ഗരാജ്യം എന്നതാണ്. ഇക്കൂട്ടര്‍ വ്യാപകമായ് ചൂഷണം ചെയ്യപ്പെടുകയും മര്‍ദ്ധിതരായി ദുരിതമനുഭവിക്കുകയും ചെയ്യുന്നത് ദൈവനിഷേധമാണ്. ചൂഷകര്‍ സാത്താന്റെ അവതാരങ്ങളാണ്. ചൂഷകരെ ഉന്മൂലനം ചെയ്യുന്നത് പുണ്യകര്‍മ്മമാണ്. ദൈവനീതിയില്‍ വിശ്വസിക്കുന്നവര്‍ സംഘടിതമായി ഇത് നിറവേറ്റണം. എന്നിട്ട് അവരുടെ സേഛ്വഭരണം നടപ്പിലാക്കണം. ഇതുകഴിഞ്ഞാല്‍ സര്‍ക്കാര്‍ പോലും കൊഴിഞ്ഞുപോയി ദൈവനീതി താനേ നടപ്പില്‍ വരും. സംശയമൊന്നുമില്ല, ക്രൈസ്തവ മൗലികതയിലാണ് കമ്യൂണിസത്തിന്റെ വേരുകള്‍. ക്രിസ്തുമതവും ചൂഷണവും ദാരിദ്ര്യവും ഒരുമിച്ചുണ്ടായ നാടുകളിലാണ് കമ്യൂണിസം ആദ്യമായി പടര്‍ന്നുപിടിച്ചത്. ഇതിന് അപവാദം ചൈന മാത്രമാണ്. മറ്റെല്ലായിടത്തും കമ്യൂണിസം ഏതാണ്ടവസാനിച്ചിട്ടും ചൈനയില്‍ അത് തുടരുന്നത് അതിന്റെ ആണിക്കല്ല് ബുദ്ധമതത്തിലെ ഭൗതികതയാണ് എന്നതുകൊണ്ടാണ്. കമ്യൂണിസത്തിന്റെ തകര്‍ച്ച എന്നാല്‍ മാതൃമതത്തലേക്ക് തിരികെ പോകുക എന്നാണ് ലളിതമായ അര്‍ത്ഥം. കേരളത്തില്‍ കമ്യൂണിസത്തിന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖരായവര്‍ ക്രൈസ്തവ മതത്തില്‍ ജനിച്ചവരായിരുന്നു.''(ഇങ്ങനെ തുടങ്ങിയാല്‍)
യേശുവുമായും മറ്റു പ്രവാചകന്മാരുമായും മാര്‍കിസ്റ്റ് പാര്‍ട്ടിയും കത്തോലിക്കസഭയും മനസ്സിലാക്കുന്നതിനേക്കാള്‍ ആഴത്തിലുള്ള ബന്ധം മാര്‍കസസത്തിനുണ്ട്. മാര്‍കസിസതിന്റെ ഉല്‍ഭവത്തെക്കുറിച്ചറിയുന്നവര്‍ക്ക് പാര്‍ട്ടി സമ്മേളനത്തില്‍ യേശുവിന്റെ പടം വെക്കുന്നതില്‍ ഒരത്ഭുതവും തോന്നുകയില്ല. ഒരസാംഗത്യവും കാണുകയുമില്ല. 
എവിടെയെങ്കിലും മതത്തിന്റെ സ്വന്തം അടിത്തറിയില്‍ വിമോചന പോരാട്ടങ്ങള്‍ നടന്നാല്‍ അപ്പോള്‍ മാര്‍ക്കിസ്റ്റുകള്‍ പറയും, അവര്‍ ഞങ്ങളെ കോപ്പിയടിക്കുകയാണ്, ഞങ്ങളുടെ ആശയങ്ങള്‍ മോഷ്ടിക്കുകയാണെന്ന്. യഥാര്‍ത്ഥത്തില്‍ മോഷണക്കുറ്റത്തിനു ശിക്ഷിക്കേണ്ടതുണ്ടെങ്കില്‍ അത് മാര്‍കസിസത്തെയാണ്. മതം ജനകീയ സമരങ്ങളിലൂടെ, വിമോചന പോരാട്ടത്തിലൂടെ അതിന്റെ ആദിമസത്തയിലേക്ക് തിരിച്ചു പോവുകയാണ് ചെയ്യുന്നത്.
വര്‍ഗരഹിത സമൂഹത്തിലെ സദാചാരത്തെക്കുറിച്ച് ഏംഗള്‍സ് എഴുതുന്നു.'' പുതിയൊരു തലമുറ ജീവിതത്തിലൊരിക്കലും ഒരു സ്ത്രീയെ പണത്തിന്റേയോ മറ്റേതെങ്കിലും സാമൂഹ്യ ശക്തികളുടേയോ സ്വാധീനം ഉപയോഗിച്ച് വിധേയരാക്കാന്‍ അവസരം കിട്ടിയില്ലാത്ത പുരുഷന്മാരുടേയും അതുപോലെത്തന്നെ യഥാര്‍ത്ഥ പ്രേമമല്ലാത്ത മറ്റെന്തെങ്കിലും പരിഗണനകള്‍ വെച്ചുകൊണ്ട് യാതൊരു പുരുഷനും വിധേയരാകാത്ത സ്ത്രീകളുടേയും ഒരു തലമുറ വളര്‍ന്നു വന്നതിനുശേഷമേ അത് തീരുമാനിക്കാന്‍ കഴിയൂ. (കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം)
ഏംഗല്‍സിന്റെ ഈ നിലപാടില്‍ ആദ്യകാല ക്രിസ്ത്യന്‍ ധാര്‍മികതയുടെ സ്വാധീനമുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. പൗരോഹിത്യം ഒഴിവാക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ക്രൈസ്തവ ധാര്‍മികതയാണിത്. (ലൈഗിംകത നിലപാടുകളുടെ രാഷ്ട്രീയം, ജോജി കുട്ടുമ്മേല്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്)


മതത്തിന്റെ ആത്മാവും ഭൗതികമായ ശരീരവുമാണ് മാര്‍കസിസം. ആത്മീയമായ ലക്ഷ്യത്തിനുവേണ്ടി തീര്‍ത്തും ഭൗതികമായ വഴി കണ്ടെത്തുയാണ് മാര്‍കസ് ചെയ്തത്. പരിഹരിക്കാന്‍ കഴിയാതെ പോയ ഈ വൈരുദ്ധ്യത്തിന്റെ പ്രതിസന്ധിയാണ് കമ്യൂണിസത്തിന്റെ സമകാലിക പ്രതിസന്ധി.
കമ്യൂണിസ്റ്റ് വ്യവസ്ഥയിലെ കര്‍മ്മപ്രചോദനമെന്ത് എന്ന വിഷയം കമ്യൂണിസത്തിനകത്തുതന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. മുതലാളിത്തത്തില്‍ അത് ലാഭമോഹമാണ്. കമ്യൂണിസത്തില്‍ സ്വകാര്യ ഉടമസ്ഥയില്ലാതിരിക്കുമ്പോള്‍ കര്‍മ്മ പ്രചോദനം എന്തായിരിക്കും. സോവിയറ്റ് യൂനിയനില്‍ പൊതു ഉടമസ്ഥതാ സമ്പ്രദായം നിലവില്‍ വന്നു കുറച്ചു കഴിഞ്ഞപ്പോള്‍ ആളുകള്‍ ജോലിയില്‍ അലസരാവാന്‍ തുടങ്ങി. ഇതിനെ മറികടക്കാന്‍ ക്രൂഷ്‌ചേവ് ഭൗതിക പ്രചോദനം എന്ന സമീപനം സ്വീകരിച്ചു. കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് കൂടുതല്‍ നല്‍കുക എന്നതായിരുന്നു അത്. അതാണ് സോവിയറ്റ് യൂനിയന്റെ മുതലാളിത്ത വല്‍ക്കരണത്തിന്റെ തുടക്കം. സോവിയറ്റ് റഷ്യയെ മുതലാളിത്ത വല്‍ക്കരിച്ചതിന് ആദ്യം വിചാരണ ചെയ്യേണ്ടത് ഗോര്‍ബച്ചേവിനെയല്ല. ക്രൂഷചേവിനെയാണ്. പക്ഷെ, ആ സത്യസന്ധമായ വിചാരണ ചെന്നവസാനിക്കുക കമ്യൂണിസത്തിന്റെ തന്നെ ആന്തരിക പ്രതിസന്ധിയിലാണ്. ചൈനയില്‍ മാവോ ഭൗതികപ്രചോദനം മുതലാളിത്തപരമാണെന്ന് പറഞ്ഞ് ധാര്‍മിക പ്രചോദന സമീപനം മുന്നോട്ടുവെച്ചു. അത് മാര്‍കസിയന്‍ ഭൗതികവാദ സമീപനം എന്നതിനേക്കാള്‍ മതാത്മക സമീപനമായിരുന്നു. മൂര്‍ത്തവും വസ്തുനിഷ്ടവുമായ ഭൗതിക സാഹചര്യം പ്രചോദനമായി വര്‍ത്തിക്കുമ്പോഴേ അത് മാര്‍കസിയന്‍ ആവുകയുള്ളൂ. കമ്യൂണിസത്തിന്റെ ധാര്‍മികത എന്ത് എന്ന മൗലികമായ ചോദ്യം ഈ പ്രശ്‌നം ഉന്നയിക്കുന്നുണ്ട്.
മാര്‍കസിത്തിന് നിരവധി ആത്മചൈന്യങ്ങളുണ്ട്. അതില്‍ ഏറെ ക്രിയാത്മകമായ ഒന്നാണ് മാനവമോചനം എന്നാണ് ദെറിദെ പറയുന്നത്. മാനവമോചനം ഒരു മതസങ്കല്‍പ്പമാണ്. മതങ്ങളുമായുള്ള കുറേക്കൂടി അര്‍ത്ഥപൂര്‍ണ്ണമായ സംവാദത്തിലൂടെ മാത്രമേ മാര്‍കസിസത്തിന് ഇനി സ്വയം നവീകരിക്കാനും വിമോചനത്തെ സാക്ഷത്ക്കരിക്കാനും കഴിയൂ. കേരളത്തിലെ വിമോചന ദൈവശാസ്ത്രകാരനായിരുന്ന പൗലോസ്, മാര്‍ പൗലോസ് ഞാന്‍ മൂലധനത്തിന്റെ വെളിച്ചത്തില്‍ ബൈബിള്‍ വായിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ബൈബിളിന്റേയും ഖുര്‍ആനിന്റേയും ഗീതയുടെയും വെളിച്ചത്തില്‍ മൂലധനവും മാനിഫെസ്റ്റോയും വായിക്കുന്ന ഒരു പുതിയ മര്‍ക്കിസ്റ്റ് സമീപനത്തിനു മാത്രമേ വിമോചന മാര്‍കിസത്തെ ഇനി രക്ഷപ്പെടുത്താന്‍ കഴിയൂ. അപ്പോള്‍ പാര്‍ട്ടി സമ്മേളന പ്രദര്‍ശനത്തിലെ യേശുവിന്റെ പടം ഒരു പടത്തിന്റെ പ്രശ്‌നമല്ല, ആഴമേറിയ ഒരു സംവാദത്തിന്റെ വിഷയമാണ്. മാര്‍കസത്തിന്റെ ഉറവിടവും ഒഴുക്കുമായും ബന്ധപ്പെട്ട, പൈതൃകവും വികാസവുമായി ബന്ധപ്പെട്ട വിഷയമാണ്. പില്‍ക്കാല ചൈന മനസ്സിലാക്കിയതുപോലെ മാര്‍കസിസത്തിന്റെ ആന്തര ചൈതന്യം ഭൗതികവാദമാണെന്നാണ് സി.പി.ഐ.എം മനസ്സിലാക്കുന്നതെങ്കില്‍ വെറുതെ യേശുവിന്റെ മേല്‍ അവകാശ വാദമമുന്നയിക്കാതെ അതിനെ മതത്തിനു തന്നെ വിട്ടുകൊടുത്തേക്കുക. ആ പ്രാക്തന വിമോചനത്തിന്റെ പടം പാര്‍ട്ടി പ്രദര്‍ശനത്തില്‍ നിന്നും പിന്‍വലിച്ചേക്കുക. പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷം കേരള കോണ്‍ഗ്രസ്സിനെ മുന്നണിയില്‍ ചേര്‍ത്ത് ഭരണാരോഹണം നടത്താനുള്ള ശ്രമത്തിന്റെ ചിന്ന സൂചന മാത്രമാണ് എങ്കില്‍ ഈ പടത്തിലോ പടവിവാദത്തിലോ ആശയപരമായി ഗൗരവപരമായ കാര്യങ്ങളൊന്നും ഇല്ല. ഉമ്മന്‍ ചാണ്ടിയുടെ ജീവല്‍മരണ പ്രതിരോധം സ്വാഭാവികം മാത്രമാണ്. അതിനു പകരം ഇതിനെ സ്വന്തം സ്രോതസ്സുമായി ബന്ധപ്പെട്ട ഒരു സംവാദത്തിന്റെ സൂചനയായി ഏറ്റെടുക്കാനുള്ള ആന്തരിക ശേഷി പാര്‍ട്ടിക്കുണ്ടെങ്കില്‍ ആ ചിത്രത്തിന് നിന്ദക്കും ആരാധനക്കും അപ്പുറത്തുള്ള ഒരുപാട് ആശയ തലങ്ങളുണ്ട്.
യേശുവിനെ മാര്‍കിസത്തിന്റെ പക്ഷത്തുനിന്ന് വായിക്കാന്‍ പാര്‍ട്ടിക്കവകാശമുള്ളതുപൊലെ മാര്‍ക്‌സിനെ മതത്തിന്റെ പക്ഷത്തുനിന്ന് വായിക്കാന്‍ വിശ്വാസിക്ക് അവകാശമുണ്ടെന്നതും ഈ ചര്‍ച്ചയില്‍ പ്രധാനമാണ്. ഈ വായനകളെല്ലാം ആരുടെയങ്കിലും മത-മതേതര(സഭ-പാര്‍ട്ടി) വികാരങ്ങളെ വ്രണപ്പെടുത്തുകയല്ല; മനുഷ്യനെക്കുറിച്ച സംവാദങ്ങളെ വികസിപ്പിക്കുകയാണ് ചെയ്യുക.


No comments:

Post a Comment