Wednesday, July 13, 2011

ഇത്തരമൊരു പ്രസ്ഥാനം തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവന

ഈ പ്രസ്താവന കേവലാര്‍ഥത്തില്‍ പ്രതിലോമകരമാണെന്നറിയാം.  കാരണം പ്രസ്ഥാനം പ്രസ്ഥാനത്തിനുവേണ്ടിയല്ല.  അത് മഹത്തായ ചില ലക്ഷ്യങ്ങള്‍ക്കുള്ള ഉപകരണമാണ്.  പക്ഷേ, നമ്മുടെ സംഘടനാ കാലുഷ്യങ്ങള്‍ക്കിടയിലിരുന്ന് ആലോചിക്കുമ്പോള്‍ ഈ പ്രസ്താവന ഏറെ പ്രസക്തമാണ്.  ഇസ്‌ലാമിന്റെ സമകാലിക പ്രതിനിധാനത്തിനുള്ള ആത്മാര്‍ഥ ശ്രമമാണ് ഇസ്‌ലാമിക പ്രസ്ഥാനം. ഇസ്‌ലാമിന്റെ സമകാലിക പ്രതിനിധാനത്തെക്കുറിച്ച് ഇങ്ങനെ അന്വേഷണം നടത്താനും ചര്‍ച്ച ചെയ്യാനും വേദിയൊരുക്കുന്ന ഒരു പ്രസ്ഥാനം എന്നതു തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ സംഭാവന. സംവാദാത്മകത എന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം ഒഴിവാക്കാനാവാത്ത സഹജഗുണമാണ്.  ജമാഅത്തെ ഇസ്‌ലാമിയോട് വിയോജിപ്പിന്റെ വലിയ വിടവുകള്‍ ഉള്ളവരാണെങ്കിലും യോജിപ്പിന്റെ എന്തെങ്കിലും ബിന്ദുക്കളുണ്ടെങ്കില്‍ പ്രസ്ഥാനവുമായി പ്രാസ്ഥാനികമായി തന്നെ സംസാരിക്കാം.
സംഘടനയുടെ ബുദ്ധിയും വിഭവശേഷിയും മാത്രമുപയോഗിച്ചല്ല പ്രസ്ഥാനം  ഒരിക്കലും മുന്നോട്ടുപോവാന്‍ ശ്രമിച്ചത്. വിമര്‍ശകരെ വരെ ശ്രവിച്ചും ശ്രദ്ധിച്ചുമാണ് അത് എന്നും അതിന്റെ മൂലധനം സ്വരൂപിച്ചത്.  ഇങ്ങനെ നമുക്കൊരു ഇസ്‌ലാമിക പ്രസ്ഥാനമുണ്ട്.  അതിന്റെ തന്നെ പേജിലും വേദിയിലും സഭാമര്യാദകള്‍ പാലിച്ചുകൊണ്ട് നിങ്ങള്‍ക്കതിനെ വിമര്‍ശിക്കാം, നിരൂപണം ചെയ്യാം, കൂട്ടിച്ചേര്‍ക്കാം,  ശക്തിപ്പെടുത്താം.  കാരണം, അത് പ്രതിനിധീകരിക്കുന്ന ഇസ്‌ലാം സംഘടനയുടെ സ്വകാര്യസ്വത്തല്ല.  അതിന്റെ അടിത്തറയില്‍ അത് ലക്ഷ്യം വെക്കുന്ന മനുഷ്യവിമോചനവും എല്ലാവരുടെയും ആവശ്യമാണ്.  അതുകൊണ്ട് തന്നെ ഈ പ്രസ്ഥാനത്തില്‍ ആര്‍ക്കുമിടപെടാം.  എന്തെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും ഇത്തരമൊരു പ്രസ്ഥാനം നമുക്കുണ്ട് എന്നത് ഏതൊരു ഇസ്‌ലാം സ്‌നേഹിയെ സംബന്ധിച്ചും ജനാധിപത്യവാദിയെ സംബന്ധിച്ചും സന്തോഷകരമാണ്.  ആ സന്തോഷത്തിന്റെ പങ്കുവെയ്പായിരുന്നു കഴിഞ്ഞ ലക്കങ്ങളില്‍ പ്രബോധനത്തില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച. ഒരു പ്രസിദ്ധീകരണം എന്ന നിലക്ക് അത് അനിശ്ചിതമായി തുടരുന്നതിന് പ്രബോധനത്തിന് പരിമിതികള്‍ ഉണ്ടാവാം.  ഒരു സംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമി ഇത്തരം ചര്‍ച്ച മറ്റു രീതിയില്‍ തുടരാന്‍ തന്നെയാണ് സ്വാഭാവികമായും ആഗ്രഹിക്കുന്നത്.
മലയാളത്തിലെ ചില മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ നിരന്തരമായ ജമാഅത്ത് വിരുദ്ധ കാമ്പയിന്‍ ഇപ്പോള്‍ പ്രത്യേകമായി സംഘടിപ്പിക്കുന്നുണ്ട്. ഒരു മുജാഹിദ് ഗ്രൂപ്പാണ് ഇപ്പോള്‍ അതില്‍ ഓടി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. പ്രബോധനം ജമാഅത്തെ ഇസ്‌ലാമിയെത്തന്നെ ചര്‍ച്ചക്കെടുത്തപ്പോള്‍ ശബാബിന്റെ ഇക്കാലയളവിലെ ചര്‍ച്ചാ വിഷയവും ജമാഅത്തെ ഇസ്‌ലാമി തന്നെയായിരുന്നു.  അതില്‍ ചിലര്‍ ഇപ്പോഴും ഇസ്‌ലാമിസ്റ്റുകളായി തുടരുന്നവരാണ്.  ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശത്തെ തള്ളിപ്പറയാത്തവരാണ്.  നയനിലപാടുകളില്‍ വിയോജിപ്പുള്ളവരാണ്. മറ്റു ചിലര്‍ സാമൂഹിക മണ്ഡലത്തില്‍ ജമാഅത്തുമായും അതിന്റെ വിദ്യാര്‍ഥി യുവജനസംഘടനകളുമായും പ്രശ്‌നാധിഷ്ഠിതമായി സഹകരിക്കുന്നവരാണ്. ഈ പ്രശ്‌നമുഖത്തൊന്നും മുജാഹിദിന്റെ ഈ യുവസുഹൃത്തുക്കളെ കാണാറുമില്ല. ജമാഅത്തും ഇത്തരം സുഹൃത്തുക്കളും തമ്മിലെ വിശദാംശത്തിലെ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ താല്‍ക്കാലികമായ ചില അഭിപ്രായാന്തരങ്ങളെ ആഘോഷിക്കുന്നതില്‍ ഈ മുജാഹിദ് യുവതെക്കെന്താണ് കാര്യം? കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനം ആശയപരമായും പ്രായോഗികമായും ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്കും ചര്‍ച്ച ചെയ്യാനുള്ളത് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് തന്നെയാണ്.  കേരളത്തിലെ മുസ്‌ലിം മതസംഘടനകള്‍ ജമാഅത്ത് നോക്കി പ്രസ്ഥാനങ്ങളായി മാറുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. ജമാഅത്തിന്റെ ആദര്‍ശം പോലുമല്ല, അതിന്റെ സൂക്ഷ്മ നയനിലപാടുകളാണ് ഇതര സംഘടനാ പ്രസിദ്ധീകരണങ്ങളുടെ പ്രധാന ഇതിവൃത്തം. ഇതൊരു സംഘടന നേടിയെടുത്ത വളര്‍ച്ചയുടെ അടയാളം കൂടിയാണ്.

വിമര്‍ശനത്തിന്റെ സമകാലിക   പരിസരം
ജമാഅത്തെ ഇസ്‌ലാമി വളരെ ശക്തമായി വിമര്‍ശിക്കപ്പെടുന്ന സന്ദര്‍ഭമാണിത്.  ജമാഅത്തെ ഇസ്‌ലാമി പൊതു സമൂഹവുമായി ഏറ്റവുമടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ കാലവുമാണിത്. ഇവിടത്തെ പൊതുമണ്ഡലത്തിന്റെ ആരോഗ്യത്തിന് ഹാനികരമായ വാക്കോ പ്രവൃത്തിയോ ജമാഅത്തിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല.  എന്നല്ല, ജാതിമതഭേദമന്യേ മനുഷ്യരുടെ നിരവധി പ്രശ്‌നങ്ങളില്‍ നിരന്തരമായി അത് ഇടപെട്ടുകൊണ്ടിരിക്കുന്നു. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല എന്ന് മാത്രമല്ല, സാധ്യമാവുന്ന സേവനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏത് സംഘടനയായാലും അത് രാഷ്ട്രീയ സംഘടനയാവട്ടെ, മതസംഘടനയാവട്ടെ, അതിനാല്‍ അനാഥരാക്കപ്പെട്ടവരോ വിധവകളാക്കപ്പെട്ടവരോ ആയി ചിലരെങ്കിലും കേരളത്തിലുണ്ടാവും;  ഉണ്ട്.  ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചും പോഷക സംഘടനകളെക്കുറിച്ചുമുള്ള സാക്ഷ്യം നേര്‍വിപരീതമാണ്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്റെ ഇര ഉദയന്റെ അമ്മ പറയുന്നു: ''ഞങ്ങള്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം സോളിഡാരിറ്റിയാണ്. ആ അമ്മ നന്ദിയോടെ ഓര്‍ക്കുന്നു. വീടിന്റെ മുഴുവന്‍ ചെലവും പഠനച്ചെലവും പൂര്‍ണമായും വഹിക്കുന്നത് ഈ സംഘടനയാണ്. ഉദയന് നടക്കാന്‍ അവര്‍ നല്‍കിയ താങ്ങില്‍ ഊന്നിനടന്ന് അവന്‍ തന്റെ ആഹ്ലാദം ഞങ്ങളോട് പങ്കുവെച്ചു''  (മധുരാജ്, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ഡിസംബര്‍ 26).
എന്നിട്ടും മറ്റേതൊരു പ്രസ്ഥാനത്തേക്കാളും അത് വിമര്‍ശിക്കപ്പെടുന്നതിന് ഒറ്റക്കാരണമേ ഉള്ളൂ.  അത് സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നു എന്നതു മാത്രമാണ്. അതുകൊണ്ട് തന്നെ ഈ വിമര്‍ശനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയെ ഒട്ടും പ്രയാസപ്പെടുത്തുന്നില്ല. പൊതുമണ്ഡലത്തിലെ ഈ വിമര്‍ശനങ്ങളെ അത് സന്തോഷപൂര്‍വം എതിരേല്‍ക്കുന്നു.
ഇപ്പോള്‍ ജമാഅത്ത് വിമര്‍ശനം കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ രണ്ട് കാരണങ്ങളിലൊന്ന്  ആഗോള വ്യാപകമായി സാമ്രാജ്യത്വം ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന  ഇസ്‌ലാമോഫോബിയയാണ്. ഈ ചര്‍ച്ചക്ക് തുടക്കം കുറിച്ച് കൊണ്ട് ഡോ. പി.എ അബൂബക്കര്‍ സൂചിപ്പിച്ചത് പോലെ, ജമാഅത്ത് വിമര്‍ശകരില്‍ അധികപേരും യഥാര്‍ഥത്തില്‍ വിമര്‍ശിക്കുന്നത് ജമാഅത്തിനെയല്ല, ഇസ്‌ലാമിനെയാണ്. ഏറ്റവും ചുരുങ്ങിയത് സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെയെങ്കിലുമാണ്. മുസ്‌ലിം സമൂഹത്തിലെ സഹോദര സംഘടനകള്‍ അറിഞ്ഞും അറിയാതെയും അതിന് കോറസ് പാടുന്നു എന്നു മാത്രം.
1987 മുതല്‍ ജമാഅത്തെ ഇസ്‌ലാമി തുടര്‍ച്ചയായി ഇവിടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുന്നുണ്ട്. നേരത്തെ അത് ഉണ്ടാക്കാത്ത വിവാദങ്ങള്‍ ഇപ്പോള്‍ ഉണ്ടാവുന്നതിന്റെ ഒരു കാരണം സംഘടന നേടിയ വളര്‍ച്ചയും വിപുലമായ ജനശ്രദ്ധയുമാണ്. അതിനേക്കാള്‍ പ്രധാനമായ മറ്റൊരു കാരണം ഇപ്പോള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമോ ഫോബിയയാണ്. ഇസ്‌ലാമിനെ അതിന്റെ ഏറ്റവും സാന്ദ്രതയില്‍ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി തന്നെയാണ് അതിന്റെ ആക്രമണത്തിന് വിധേയനാവാന്‍ ഏറ്റവും യോഗ്യന്‍.
എതിര്‍പ്പിന്റെ തന്നെ മറ്റൊരു രൂപമാണ് തമസ്‌ക്കരണം. പ്രത്യേകിച്ച് മാധ്യമ തമസ്‌ക്കരണം. ജമാഅത്തും പോഷക സംഘടനകളും സംഘടിപ്പിക്കുന്ന ശ്രദ്ധേയമായ പൊതുജനോപകാര പ്രധാനമായ പരിപാടികളെ നമ്മുടെ മാധ്യമങ്ങള്‍ അവഗണിക്കാറാണ് പതിവ്. ഇസ്‌ലാമിക സാമൂഹികതയോടും രാഷ്ട്രീയത്തോടുമുള്ള ഭയവും ശത്രുതയും മാത്രമാണതിന് കാരണം. ഈ ശത്രുതയും ഭയവുമാകട്ടെ സാമ്രാജത്വം ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതുമാണ്. സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര മാധ്യമ പിന്തുണ ലഭിക്കുന്നില്ലെന്ന് ചില അഭ്യുദയകാംക്ഷികള്‍ പരിഭവം പ്രകടിപ്പിക്കാറുണ്ട്. ഇസ്‌ലാമിക സാമൂഹിക മുന്നേറ്റങ്ങളെ ഭയപ്പെടുന്ന സാമൂഹിക സാഹചര്യമാണ് ഈ തമസ്‌ക്കരണത്തിന്റെ യഥാര്‍ഥ കാരണം. ഇസ്‌ലാമിനു കൂടി സ്വതന്ത്രമായി പങ്കുചേരാവുന്ന പൊതുമണ്ഡലം രൂപപ്പെടുന്ന സമയത്ത് മാത്രമേ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ മാധ്യമ പിന്തുണ ലഭിക്കുകയുള്ളൂ. പ്രസ്ഥാനം ഈ അവഗണനക്കെല്ലാമിടയിലും നടത്തുന്ന മുന്നേറ്റങ്ങളും ബദല്‍ മാധ്യമങ്ങളിലൂടെ (പോസ്റ്റര്‍, തെരുവ്‌യോഗം, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, ജനസമ്പര്‍ക്ക പരിപാടികള്‍) അത് നേടിയെടുക്കുന്ന തുറസ്സും ജനപിന്തുണയും തുളകള്‍ വീഴ്ത്തുന്നത് ഇസ്‌ലാമോഫോബിയയുടെ ഘനാന്ധകാരത്തിനാണ്. പൊതുമണ്ഡലത്തില്‍ പ്രസ്ഥാനം വെക്കുന്ന ഓരോ ചുവടും അത് നേടുന്ന ചെറിയ വിജയവും ഇസ്‌ലാമോഫോബിയക്കേല്‍പ്പിക്കുന്ന പ്രഹരങ്ങളാണ്. ഇത്തരം നിരവധി മുന്നേറ്റങ്ങളിലൂടെയാണ് ഇസ്‌ലാം പേടിയുടെ ധൂമപടലം വകഞ്ഞുമാറ്റപ്പെടുക. ജമാഅത്തെ ഇസ്‌ലാമിക്കെതിരായ ആക്ഷേപത്തിനും അവഗണനക്കും അതിനുമപ്പുറത്തെ മാനങ്ങളുണ്ടെന്നര്‍ഥം. ജമാഅത്തെ ഇസ്‌ലാമി ഒരേസമയം ഇസ്‌ലാമോഫോബിയയുടെ ഇരയും അതിനെ പതുക്കെ പതുക്കെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന പടയാളിയുമാണ്.
പ്രസ്ഥാനം ഇപ്പോള്‍ തീവ്രമായി എതിര്‍ക്കപ്പെടുന്നതിന്റെ മറ്റൊരു കാരണം അത് പ്രായോഗിക രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. അഥവാ അതിന്റെ മുന്‍കൈയില്‍ ചില പ്രായോഗിക രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നു എന്നതാണ്. കിനാലൂര്‍ പ്രശ്‌നത്തിന്റെയും 'കോട്ടക്കല്‍ ഇടയലേഖന'ത്തിന്റെയും കാരണം പ്രായോഗിക രാഷ്ട്രീയ നീക്കങ്ങളാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശത്തിനോ ലക്ഷ്യത്തിനോ അടിസ്ഥാന സാഹിത്യങ്ങള്‍ക്കോ പുതുതായി എന്തോ സംഭവിച്ചതല്ല ഈ എതിര്‍പ്പിന്റെ കാരണം. മതവേഷമണിഞ്ഞാടുന്ന വിമര്‍ശന ശകാരകോലങ്ങളുടെ പിന്നിലുള്ളതും കക്ഷി രാഷ്ട്രീയം തന്നെയാണ്.
ഇസ്‌ലാമിന്റെ മൂല്യങ്ങളും വിമോചനപരതയും രാഷ്ട്രീയ മണ്ഡലത്തിലേക്ക് കൊണ്ടുവരിക എന്നത് അതിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതുവഴി ദൈവിക മൂല്യങ്ങളും നിയമങ്ങളും രാജ്യത്ത് സംസ്ഥാപിക്കുക എന്നതും. അതുകൊണ്ട് തന്നെ ഒരിക്കലും സമുദായത്തിലെ മറ്റു മതസംഘടനകളെ പോലെ സാമുദായിക കക്ഷി രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉപഗ്രഹ സംഘടനയായല്ല അത് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഏറ്റവും ശക്തമായി രംഗത്തുവരുന്നതും സ്ഥിരം ജമാഅത്ത് വിമര്‍ശകരുടെ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്നതും മുസ്‌ലിം ലീഗാണ്.
പക്ഷേ, ലീഗില്‍ നിന്ന് വിഭിന്നമായ രാഷ്ട്രീയ നിലപാടുകള്‍ ജമാഅത്ത് സ്വീകരിക്കുന്നു എന്നത് പുതിയ സംഭവവികാസമല്ല. വിഭജനം മുതല്‍ അടിയന്തരാവസ്ഥവരെയും തര്‍ക്കഭൂമിയില്‍ നടന്ന ശിലാന്യാസം മുതല്‍ ഐസ്‌ക്രീം പാര്‍ലര്‍വരെയും ഇതിന്റെ പൂര്‍വ ദൃഷ്ടാന്തങ്ങളാണ്. അത്തരമൊരു രാഷ്ട്രീയം കുറേക്കൂടി പ്രായോഗിക രൂപത്തിലേക്ക് വികസിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. അതിന്റെ സ്വാഭാവിക സംഘര്‍ഷങ്ങള്‍ മാത്രമാണ് ലീഗിനും ജമാഅത്തിനുമിടയില്‍ നടക്കുന്നത്. അതില്‍ ലീഗ് ഇസ്‌ലാമോഫോബിയയുടെ സാധ്യതകളെ പരമാവധി ജമാഅത്തിനെതിരെ പ്രയോജപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നുമാത്രം.
ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെല്ലാം അവയുടെ ചരിത്രത്തിലെ രണ്ടാംദശ എന്ന അര്‍ഥത്തില്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. അത് സ്വാഭാവികമായും അങ്ങേയറ്റം ബഹുസ്വരവും മാനവികവുമാണ്. ശരിയായ ഇസ്‌ലാമിക രാഷ്ട്രീയത്തിന് അങ്ങനെയാവാനേ കഴിയൂ.
മാഫിയാരാഷ്ട്രീയം മതമൂല്യങ്ങളുടെ ഈ രാഷ്ട്രീയവല്‍ക്കരണത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതില്‍ പ്രത്യേകിച്ചൊരത്ഭുതത്തിനും വകയില്ല. ഇത്തരമൊരു സംഘര്‍ഷം ഇസ്‌ലാമിക സാമൂഹിക പ്രസ്ഥാനത്തിന് നീട്ടിവെക്കാന്‍ കഴിയുമായിരുന്നില്ല. അതിലൂടെ കടന്നുപോവുകയും അതിജീവിക്കുകയും ചെയ്യുക എന്നതു തന്നെയാണ് അതിന്റെ ചരിത്ര ദൗത്യം. മതമൂല്യങ്ങളുടെ രാഷ്ട്രീയവല്‍ക്കരണമെന്നത് രാജ്യത്തോടും ജനങ്ങളോടും അതിനു നിര്‍വഹിക്കാനുള്ള അടിയന്തര കര്‍ത്തവ്യമാണ്.
ശക്തിപ്പെടുന്ന ജമാഅത്ത് വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ഇത്തരമൊരു സ്ഥൂല രാഷ്ട്രീയം മാത്രമല്ല ശക്തമായ ചില സൂക്ഷ്മ രാഷ്ട്രീയങ്ങളുമുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനം വെല്ലുവിളിയായിത്തീരുന്നത് സാമ്രാജ്യത്വത്തിനു മാത്രമല്ല, ഇവിടത്തെ സവര്‍ണ ഏക സംസ്‌ക്കാരവാദത്തിനു കൂടിയാണ്. അതേപോലെ ഭരണകൂട ഭീകരതയെ ധീരമായി ചെറുക്കാന്‍ ശ്രമിക്കുന്ന, അത്തരം ശ്രമങ്ങളെ ധീരമായി ചെറുക്കുന്നതിന് നിര്‍ലോഭമായി പിന്തുണക്കുന്ന ഒരു ഗ്രൂപ്പ് എന്ന നിലയില്‍ ഭരണകൂട ഭീകരതയുടെ ഏജന്‍സികളുടെ എക്കാലത്തെയും പ്രധാന ശത്രുവാണ് ഈ പ്രസ്ഥാനം.  ഇപ്പോള്‍ ഭരണകൂട ഭീകരതയും അതിനെതിരായ ചെറുത്തുനില്‍പ്പുകളും ശക്തിപ്പെട്ട സാഹചര്യത്തില്‍ ആ എതിര്‍പ്പിന്റെ വീര്യവും വര്‍ധിച്ചിരിക്കുന്നു. കേരളത്തിലെ സ്ഥിരം ജമാഅത്ത് വിമര്‍ശകരെ പരിശോധിച്ചാല്‍ അവര്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരായാലും, ദേശീയം എന്ന ചെലവില്‍ സവര്‍ണ, മൃദുഹിന്ദുത്വ താല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുന്നവരാണെന്നു കാണാന്‍ കഴിയും. അവര്‍ ദുര്‍ബല ജനവിഭാഗത്തെ വേട്ടയാടുന്ന ഭരണകൂടത്തിന്റെ പൊതുസമൂഹ പ്രതിനിധികളാണ്. മലയാളത്തിലെ പ്രമുഖനായ ഒരു ജമാഅത്ത് വിമര്‍ശകന്റെ, ഈയിടെ പുറത്ത് വന്ന ജമാഅത്ത് വിമര്‍ശന പുസ്തകം പ്രമോട്ട് ചെയ്യുന്ന ഏജന്‍സികളിലൊന്ന് സര്‍ക്കാര്‍ ഇന്റലിജന്‍സ്. ഭരണകൂട ഭീകരതയുടെ ശാസ്ത്രീയ വിതരണക്കാരാണിവര്‍. വ്യാജ ഇടതുപക്ഷ വേഷമിട്ട്, ജനതക്കെതിരെ യുദ്ധം ചെയ്യുന്ന ഭരണകൂടത്തിന്റെ പേറോളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരം വിമര്‍ശകര്‍.
ഈ രണ്ട് സാമൂഹിക വിരുദ്ധശക്തികളുടെയും വേട്ടയാടലുകള്‍ അനുഭവിക്കുന്നതിലും ജമാഅത്തെ ഇസ്‌ലാമിക്ക് ഹൃദയം നിറഞ്ഞ സന്തോഷം മാത്രമേയുള്ളൂ. മാവോ സേതുങ് പറഞ്ഞ പോലെ, ശത്രുവിനാല്‍ എതിര്‍ക്കപ്പെടുക എന്നത് ഒരു മോശം കാര്യമല്ല. ഈ പ്രതിലോമശക്തികളാല്‍ രൂക്ഷമായി എതിര്‍ക്കപ്പെടാന്‍ മാത്രം ജമാഅത്ത് സാമൂഹിക പ്രസക്തമാണ് എന്നതില്‍ സംഘടനക്ക് സന്തോഷമുണ്ട്. ജമാഅത്ത് വിരോധത്തിന്റെ സാമൂഹിക പശ്ചാത്തലവും മനശ്ശാസ്ത്രവും ഇനിയും ആഴത്തില്‍ പഠിക്കപ്പെടേണ്ടതുണ്ട്. അവയില്‍ മിക്കതും ഒരിക്കലും കേവല സംഘടനാ വിമര്‍ശനങ്ങള്‍ അല്ല.
ഈ ചര്‍ച്ചയില്‍ ആരോഗ്യകരമായ പല നിരൂപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പല വീക്ഷണങ്ങളുള്ളവര്‍ പങ്കുചേരുന്ന ഒരു ചര്‍ച്ച എന്ന നിലയില്‍ അവക്കിടയില്‍ വൈരുധ്യങ്ങള്‍ ഉണ്ടാവുക എന്ന സ്വാഭാവികതയും ഇവിടെ ഉണ്ട്. പാരമ്പര്യം എന്ന പേരില്‍ അരങ്ങുവാണ ജീര്‍ണതകള്‍ക്കെതിരായ തീക്ഷ്ണ പോരാട്ടത്തിനിടയില്‍ പാരമ്പര്യവുമായി ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഉണ്ടാവേണ്ടിയിരുന്ന ജൈവികമായ ബന്ധത്തിന് കുറച്ചിലുകള്‍ സംഭവിച്ചിട്ടുണ്ട്. അത് പരിഹരിക്കാന്‍ ദേശീയ തലത്തില്‍ തന്നെ സംഘടന ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്.
ആത്മീയതയെക്കുറിച്ച് പറയുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ പ്രവര്‍ത്തനത്തിനിടയില്‍ സവിശേഷമായ ഒരാത്മീയ സംസ്‌ക്കാരം വളര്‍ത്തിയെടുത്തിട്ടുണ്ട്. ഇബ്‌റാഹീം ബേവിഞ്ച സൂചിപ്പിച്ചപോലെമതസംഘടനകള്‍ വരെ അധികാരപ്പോരില്‍നെടുകെപിളരുമ്പോള്‍, പിളര്‍പ്പിന്റെ ദുര്‍ഗന്ധം കാരണം സമൂഹം ഇസ്‌ലാമിക സംഘടനകളെയും നേതാക്കന്മാരെയും വെറുക്കുന്ന കാലത്ത് ഒരാഭ്യന്തര സംഘര്‍ഷവുമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയുന്നത് സംഘടനയുടെ ഈ ആത്മീയ ബലം കൊണ്ടാണ്.
ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധത്തിന്റെ സംസ്‌കാരം പ്രായോഗിക തലത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംഭാവന ചെയ്തിട്ടുണ്ട്. സ്ത്രീയെ ശരീരം മാത്രമായി നോക്കികാണുന്ന പുരോഹിത വീക്ഷണത്തിനും മുതലാളിത്തക്കാഴ്ചക്കുമെതിരായ സമരവും തിരുത്തുമാണ് ജമാഅത്ത് വിജയകരമായി വളര്‍ത്തിയെടുത്ത ഈ സ്ത്രീ പുരുഷ ബന്ധ സംസ്‌കാരം. ആണും പെണ്ണും ഒരുമിച്ചു ചേര്‍ന്നാല്‍ നടക്കുക ആഭാസകരമായ കാര്യങ്ങളാണെന്ന സംസ്‌കാര ശൂന്യതയുടെ മനോഘടനയെ പ്രായോഗിക മാതൃകയിലൂടെ തകര്‍ക്കാനാണ് ജമാഅത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതും ലോകവ്യാപകമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നല്‍കിയ സാംസ്‌കാരിക സംഭാവനയാണ്. ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധം സാംസ്‌ക്കാരത്തിന്റെ ഏറ്റവും വലിയ സൂചകമാണ്. ഇസ്‌ലാമിന്റെ ഇത്തരമൊരു പ്രായോഗികാവിഷ്‌ക്കാരം ജമാഅത്ത് നിരന്തരം നിര്‍വഹിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്‌ലാം വിമര്‍ശകരുടെ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് പ്രായോഗികമായ മറുപടി ഇതില്‍ ഉള്ളടങ്ങിയിട്ടുണ്ട്.
പ്രബോധനം പല ചര്‍ച്ചകള്‍ക്കും വേദിയൊരുക്കിയിട്ടുണ്ട്. ഇപ്പോള്‍ പ്രസ്ഥാനത്തെക്കുറിച്ചു തന്നെയുള്ള ഒരു പരമ്പരയായി എന്നുമാത്രം. ഈ ചര്‍ച്ചയെയും പ്രയോജനപ്പെടുത്തി പ്രസ്ഥാനം അതിന്റെ പ്രയാണം തുടരും. മനുഷ്യന്റെ എല്ലാ ആവിഷ്‌ക്കാരത്തിനും ഒരു അപൂര്‍ണതയുണ്ട്. അതിനെ പൂര്‍ണമാക്കാനുള്ള തീരാത്ത ദാഹമാണ് അവന്റെ ഊര്‍ജസ്രോതസ്സ്. ദൈവിക മാര്‍ഗദര്‍ശനത്തെ നമ്മുടെ സാമൂഹിക സന്ദര്‍ഭത്തിനകത്ത് ആവിഷ്‌ക്കരിക്കുകയാണ്, പ്രതിനിധാനം ചെയ്യുകയാണ് ഇസ്‌ലാമിക പ്രസ്ഥാനം ചെയ്യുന്നത്. മനുഷ്യന്റെ പരിശ്രമം എന്ന നിലക്കുള്ള അതിന്റെ അപൂര്‍ണതയെ, പോരായ്മയെ ദൈവിക വെളിച്ചത്തിലേക്ക് നിരന്തരം നവീകരിക്കേണ്ടതുണ്ട്, വളര്‍ത്തേണ്ടതുണ്ട്. അപൂര്‍ണതയില്‍ നിന്ന് പൂര്‍ണതയിലേക്കുള്ള, ഒരിക്കലും പൂര്‍ത്തിയാവാത്ത നിരന്തര പ്രയാണമാണ് മനുഷ്യന്റെ നൈതികവും ദൈവികവുമായ ഏത് സര്‍ഗാവിഷ്‌ക്കാരവും. അപൂര്‍ണതയുടെ പൂര്‍ണതയിലേക്കുള്ള ഈ സഞ്ചാരവഴിയില്‍ എല്ലാ നിരൂപകരും വിമര്‍ശകരും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ  സഹായികളാണ്.

2 comments:

  1. Very Good article. Thanks a lot.

    ReplyDelete
  2. ഏറെ നാളായി കാത്തിരിക്കുന്നു..കുശാലായി,വെപ്പും വിളമ്പും!

    ReplyDelete