Thursday, April 5, 2012

20-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ്‌; ഭിത്തിയില്‍ തട്ടിത്തകരുന്ന ഇസ്‌ലാം മാര്‍കിസ്റ്റ്‌ സൗഹൃദങ്ങള്‍


1990 സമകാലിക ചരിത്രത്തിലെ ഒരു നിര്‍ണായക വര്‍ഷമായിരുന്നു. സമയപരമായി അത്‌ ഇരുപതാം നൂറ്റാണ്ടിന്റെ അസ്‌തമയ ദശകമായിരുന്നു. 90-കള്‍ ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്‌ട്രീയ പ്രത്യേയശാസ്‌ത്രം എന്നുവിളിക്കാവുന്ന കമ്യൂണിസത്തിന്റെ അസ്‌തമയസമയത്ത്‌ കൂടിയായത്‌ യാദ്യശികമാവാം. യാദൃശികതക്ക്‌ ഇടമില്ല എന്നതാണ്‌ കമ്യൂണിസത്തിന്റെ വലിയൊരു പരിമിതി എന്ന്‌ അലിജാ അലി ഇസ്സത്ത്‌ ബഗോവിച്ച്‌ നിരീക്ഷിക്കുന്നുണ്ട്‌. കാരണം, കമ്യൂണിസത്തെ സംബന്ധിച്ചിടത്തോളം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ചരിത്ര നിയമത്തിനകത്ത്‌ വെച്ച്‌ മാത്രമേ എന്തും സംഭവിക്കുകയുള്ളൂ. സ്വന്തമായ ഭാഗധേയം സ്വയം നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ചരിത്രകാലം വര്‍ഗ്ഗരഹിത സമൂഹം മാത്രമാണ്‌. 
90-കള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഏകധ്രുവലോകത്തിന്റെ രാഷസപ്പേറിന്റെ കാലമായിരുന്നു. 60-കളുടെ അന്ത്യത്തോടെ പിറവികൊണ്ട നവസാമൂഹ്യ പ്രസ്ഥാനങ്ങളും ജനകീയ സമരങ്ങളും ലോകത്തിന്റെ കണ്ണില്‍ കൂടുതല്‍ തെളിച്ചത്തില്‍ പതിയാന്‍ തുടങ്ങിയതും ഇക്കാലത്ത്‌ തന്നെയാണ്‌. ഇസ്‌ലാം ജനകീയ സമരങ്ങളുടെ അടുത്ത സുഹൃത്തും സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ പ്രധാന പതാകയുമായി മാറാന്‍ തുടങ്ങി. അവശേഷിക്കുന്ന കമ്യൂണിസം പലതരം അഴിച്ചുപണികള്‍ക്ക്‌ സ്വയം വിധേയമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ സി.പി.ഐയും സി.പി.എമ്മും തത്വത്തില്‍ ക്ലാസിക്കല്‍ കമ്യൂണിസത്തിന്റെ ഒരു ഭേദഗതിക്കും ഒരുക്കമല്ലെന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ പ്രയാണം തുടരാന്‍ തീരുമാനിച്ചു. 
പക്ഷെ, അപ്പോഴേക്കും മുതലാളിത്തത്തോട്‌ മാത്രമല്ല, ജനകീയ സമരങ്ങളോടും ഇസ്‌ലാമിനോടും നിലപാടെടുത്തേ മുന്നോട്ടുപാവാനൊക്കൂ എന്നിടത്തേക്ക്‌ ലോകസാഹചര്യങ്ങള്‍ എത്തിക്കഴിഞ്ഞിരുന്നു. ഇടതുപക്ഷത്തിന്റെ മുന്‍കൈയില്‍ അല്ലാതെ നടക്കുന്ന ജനകീയ സമരങ്ങള്‍ സാമ്രാജ്യത്വത്തിന്റെ ഭാഗമാണ്‌ എന്നു പറയാനാണ്‌ സി.പി.ഐ.എം എന്നും താല്‍പ്പര്യം കാണിച്ചത്‌. സോവിയറ്റ്‌ യൂണിയനുള്ള കാലത്ത്‌ ജനകീയ സമരങ്ങളെക്കുറിച്ച്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പറഞ്ഞത്‌ അത്‌ സി.ഐ.എ സഹായത്തോടെ നടക്കുന്ന സമരങ്ങളാണെന്നാണ്‌. സോവിയറ്റാനന്തര യുഗത്തില്‍ ജനകീയ സമരങ്ങളെയും ആത്മീയമായ-രാഷ്‌ട്രീയ ചെറുത്തുനില്‍പ്പുകളേയും സാമ്രാജ്യത്വത്തിന്റെ അതേ ശബ്‌ദകോശമുപയോഗിച്ച്‌ തീവ്രവാദം എന്നു വിളിക്കാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. 
സി.പി.ഐ.എം ഭരിക്കുന്ന തലശ്ശേരി മുന്‍സിപ്പാലിറ്റി നടത്തുന്ന നിയമവിരുദ്ധമായ മാലിന്യനിക്ഷേപത്തിനെതിരെ പെട്ടിപ്പാലത്തെ സാധാരണ ജനങ്ങള്‍ നടത്തിയ നിയമവിധേയമായ സമരത്തിനു നേരെ കോണ്‍ഗ്രസ്സ്‌ ഗവണ്‍മെന്റിന്റെ പോലീസ്‌ അതിഭീകരമായ അക്രമണങ്ങള്‍ അഴിച്ചുവിടുകയും അത്‌ മാധ്യമങ്ങള്‍ വലിയ അളവില്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്‌തപ്പോള്‍ സമരത്തിനെതിരെ തീവ്രവാദം എന്ന സാമ്രാജ്യത്വ വാളെടുത്ത്‌ വീശാന്‍ മാര്‍ക്കിസ്റ്റ്‌ പാര്‍ട്ടിക്ക്‌ പ്രത്യേകിച്ചൊരു മടിയുമുണ്ടായില്ല. അതിനുകാരണം ജനകീയ സമരങ്ങളെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചുമുള്ള സി.പി.ഐ.എം കാഴ്‌ചപ്പാട്‌ സാമ്രാജ്യത്വത്തില്‍ നിന്ന്‌ ഏറെയൊന്നും ഭിന്നമല്ല എന്നതാണ്‌. വിഷയം ജനകീയ സമരവും നേതൃത്വം നല്‍കുന്നതില്‍ നല്ലൊരു വിഭാഗം പര്‍ദ്ദയിട്ട്‌ സ്‌ത്രീകളുമാകുമ്പോള്‍ തീവ്രവാദം എന്ന്‌ തെറിവിളിക്കാന്‍ സി.പി.ഐ.എംന്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ട ആവശ്യമില്ല.
90-കള്‍ മുതല്‍ ഇസ്‌ലാമും മുസ്‌ലിം സമൂഹവും ഏറെ തീക്ഷ്‌ണമായ ഒരു ചരിത്രസാഹചര്യത്തിലൂടെ കടന്നുപോവുകയാണ്‌. സാമ്രാജ്യത്വം തെമ്മാടിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ മതവും സമുദായവും എന്നതാണ്‌ അവരുടെ ചരിത്ര പ്രാധ്യാന്യം. സാമ്രാജ്യത്വ പാദസേവകരായ പ്രാദേശിക ഭരണകൂടങ്ങള്‍ അവരെ ചാപ്പയടിക്കലുകള്‍ക്കും കുരിശുകയറ്റലുകള്‍ക്കും വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്‌. ഫാഷിസം സാമ്രാജ്യത്വത്തിന്റെ തണലില്‍ രക്ത നിര്‍ത്തങ്ങളും കബന്ധ നിര്‍ത്യങ്ങളും സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. പോരാട്ടങ്ങളും പീഢനങ്ങളും അപഭ്രംശങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്ന ചരിത്രത്തിലെ മറ്റേത്‌ പോരാളി സമൂഹത്തേയും പോലുള്ള വര്‍ത്തമാനം തന്നെയാണ്‌ അവര്‍ക്കും പറയാനുള്ളത്‌.
പോരാട്ടത്തിന്റേയും വേദനയുടേയും ചുട്ടുപൊള്ളുന്ന ഈ ചരിത്രകാലാവസ്ഥയില്‍ ഇസ്‌ലാമും അതിനെ പ്രതിനിധീകരിക്കുന്ന സമുദായവും സഖ്യകക്ഷികളെയും സുഹൃത്തുക്കളെയും തേടുക എന്നത്‌ സ്വാഭാവികമായിരുന്നു. അങ്ങനെയാണ്‌ ബാബരി ധ്വംസനത്തിന്റെയും അമേരിക്കന്‍ അധിനിവേശങ്ങളുടെയും ദേശീയ- അന്തര്‍ദേശീയ പശ്ചാത്തലത്തില്‍ കേരളത്തിലെ മുസ്‌ലിം സമൂഹം ഇടതുപക്ഷ പാര്‍ട്ടികളില്‍ അണിനിരന്നില്ലെങ്കിലും തെരഞ്ഞെടുപ്പുകളിലും പ്രക്ഷോഭങ്ങളിലും അവരെ വലിയ അളവില്‍ പിന്തുണച്ചത്‌. 1996ലെ പാര്‍ലിമെന്റ്‌ നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2006-ലെ നിയമസഭാ തെരെഞ്ഞെടുപ്പുകളിലും 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും മുസ്‌ലിം സമൂഹം ഇടതുപക്ഷത്തെ വ്യാപകമായി പിന്തുണച്ചിരുന്നു. ഈ രാഷ്‌ട്രീയ ഭാവുകത്വത്തിന്റെ സംഘടനാ പ്രതിനിധാനമാണ്‌ ഇന്ത്യന്‍ നാഷണല്‍ ലീഗ്‌. എന്തെല്ലാം പരിമിതികള്‍ അതിനുണ്ടായിരുന്നെങ്കിലും ദേശീയവും അന്തര്‍ദേശീയവുമായ പുതിയ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന പുതിയ മുസ്‌ലിം രാഷ്‌ട്രീയ പാര്‍ട്ടിയാണ്‌ ഐ.എന്‍.എല്‍.
പാര്‍ട്ടിയില്‍ ഉണ്ടായിരുന്നവരില്‍ പലരും പലഘട്ടങ്ങളില്‍ മുസ്‌ലിം ലീഗിലേക്ക്‌ തിരികെ പോയിട്ടും, രാഷ്‌ട്രീയ വിജയങ്ങള്‍, പ്രത്യേകിച്ച്‌ മുസ്‌ലിംലീഗുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെയൊന്നും നേടാതിരിന്നിട്ടും പാര്‍ട്ടി അവശേഷിക്കാന്‍ ഒറ്റക്കാരണം മാത്രമേയുള്ളൂ. മുസ്‌ലിം ലീഗില്‍ നിന്നു വ്യത്യസ്‌തമായി ഒരു ഇടതുപക്ഷ മുസ്‌ലിം പ്രതിനിധാനമായിരുന്നു അത്‌ എന്നതാണ്‌. പക്ഷെ, മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള അത്തരമൊരു രാഷ്‌ട്രീയ ആവിഷ്‌കാരത്തെ അര്‍ഹമായി പരിഗണിക്കാന്‍ സി.പി.ഐ.എം ഒരിക്കലും സന്നദ്ധമായിട്ടില്ല. കോണ്‍ഗ്രസ്സിന്‌ വലതുപക്ഷത്തരം പോരാഞ്ഞിട്ട്‌ രൂപീകരിക്കപ്പെട്ട വലതുപക്ഷ പാര്‍ട്ടിയായ എന്‍.സി.പിക്കും നേരത്തെ എന്‍.ഡി.എയുടെ ഭാഗമായിരുന്ന പി.സി തോമസിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കകത്ത്‌ മാന്യമായ ഇടം നല്‍കിയ സി.പി.ഐ.എം നാഷണല്‍ ലീഗിന്‌ പഴയ ഐത്തക്കാരന്റെ പദവി നല്‍കുന്നതിന്റെ കാരണം അതൊരു മുസ്‌ലിം രാഷ്‌ട്രീയ പ്രതിനിധാനമാണ്‌ എന്നതാണ്‌. പള്ളിപ്പേരില്‍ ഉണ്ടായ പാര്‍ട്ടിയാണെന്നതാണ്‌. എന്തൊക്കെ പറഞ്ഞാലും പള്ളിപ്പേരില്‍ ഉണ്ടായ പാര്‍ട്ടിയല്ലേ എന്നതാണ്‌. പള്ളിയെ ചൊല്ലി ഉണ്ടായ ഒരു പാര്‍ട്ടിക്ക്‌ എങ്ങനെ ഇടതുപക്ഷമാവാന്‍ കഴിയും. അതും ഒരു മുസ്‌ലിം പള്ളി നിമിത്തമുണ്ടായ പാര്‍ട്ടിക്ക്‌.
ഒരു ഘട്ടത്തില്‍ മുസ്‌ലിം സമുദായം വ്യാപകമായി പിന്തുണ നല്‍കിയിട്ടും അതിനെ നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിന്‌ കഴിയാതെ പോയതെന്തുകൊണ്ട്‌ എന്ന്‌ ആത്മപരിശോധന നടത്തപ്പെടേണ്ട കാര്യമാണ്‌. 
മുസ്‌ലിം സമുദായം എന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ ഇടതുപക്ഷം പകച്ചുനില്‍ക്കുകയാണ്‌. ഇന്നു കാണുന്ന മതങ്ങളെ സൃഷ്‌ടിച്ചത്‌ അല്ലെങ്കില്‍ മതങ്ങളെ ഇന്നു കാണുന്ന രൂപഭാവങ്ങളിലേക്ക്‌ വാര്‍ത്തെടുത്തത്‌ യൂറോപ്യന്‍ നവോത്ഥാനമാണ്‌. ആ നവോത്ഥാനത്തിന്റെ തന്നെ സന്തതിയാണ്‌ മാര്‍കിസം. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ പാകപ്പെടുത്തലിന്‌ ഏറെയൊന്നും വിധേയപ്പെടാത്ത മതവും സമുദായവുമാണ്‌ ഇസ്‌ലാമും മുസ്‌ലിംകളും. ഈ സമുദായത്തെ മനസ്സിലാക്കുന്നതിലും അവരുമായി ഇടപഴകുന്നതിലും ഈ വിഷയം ഒരു തടസ്സമായി കടന്നുവരുന്നുണ്ട്‌. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അവര്‍ക്കും മുസ്‌ലിംകള്‍ക്കുമിടയിലെ ഈ ഭിത്തി യൂറോപ്യന്‍ ജ്ഞാനശാസ്‌ത്രം നിര്‍മ്മിച്ചതാണെന്ന്‌ തിരിച്ചറിയാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല എന്നതാണ്‌ വസ്‌തുത. 
ഇന്ത്യയിലേയും കേരളത്തിലെയും മറ്റു സമുദായങ്ങളില്‍ നിന്നു വ്യത്യസ്‌തമായ രീതിയിലാണ്‌ മുസ്‌ലിം സമുദായത്തില്‍ നവോത്ഥാന ശ്രമങ്ങള്‍ നടക്കുന്നത്‌. നമ്പൂതിരിയെ മനുഷ്യനാക്കുക എന്നതായിരുന്നു നമ്പൂതിരി സമുദായ നവോത്ഥാന നായകനായ വി.ടി ഭട്ടതിരിപ്പാടിന്റെ മുദ്രാവാക്യം. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന മനുഷ്യകേന്ദ്രീകൃതവും മതേതരവുമായ നവോത്ഥാന ആശയമാണ്‌ ശ്രീ നാരായണ ഗുരു മുന്നോട്ടു വെച്ചത്‌. എന്നാല്‍ മുസ്‌ലിമിനെ കൂടുതല്‍ നല്ല മുസ്‌ലിമാക്കാനാണ്‌ ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങള്‍ ശ്രമിച്ചത്‌. ഈ വ്യത്യാസത്തെ ഗുണപരമായ്‌ തിരിച്ചറിയുന്നതിനു പകരം ചുരുങ്ങിയത്‌ ഒരു വ്യത്യസ്‌തതയെങ്കിലുമായി മനസ്സിലാക്കുന്നതിനു പകരം മുസ്‌ലിം സമൂഹം വേണ്ടത്ര പരിഷ്‌ക്കരിക്കപ്പെടുന്നില്ല എന്ന കൊളോണിയല്‍ മനസ്സാണ്‌ മാര്‍കിസ്റ്റ്‌ പാര്‍ട്ടി സൂക്ഷിക്കുന്നത്‌. മതത്തിന്റെ ആത്മസത്തയെ തന്നെ തകര്‍ക്കുന്ന, അതിനെ കേവല ഭൗതികതക്ക്‌ കൂട്ടിക്കൊടുക്കുന്ന ഒരു മതപരിഷ്‌കരണത്തെയാണ്‌ മുസ്‌ലിം സമൂഹത്തില്‍ നിന്ന്‌ അവര്‍ ഇന്നും ആഗ്രഹിക്കുന്നത്‌. അതുകൊണ്ടാണ്‌ പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര പ്രദര്‍ശനത്തില്‍ മുസ്‌ലിം നവോത്ഥാനനായകനായി ചേകന്നൂര്‍ മൗലവിയെ അവതരിപ്പിക്കുന്നത്‌. ഇസ്‌ലാമിക നവോത്ഥാനത്തിന്‌ ഒരു ചേകന്നൂരിനെ ആഗ്രഹിക്കുന്ന മനസ്സിന്‌ മുസ്‌ലിം സമുദായത്തെയും അതിന്റെ ചലനാത്മകതയെയും തിരിച്ചറിയാനും സൗഹൃദപ്പെടാനും വലിയ പ്രയാസം തന്നെയായിരിക്കും ഇത്‌ ആശയതലമാണെങ്കില്‍ പ്രായോഗിക തലത്തില്‍ ചേകന്നൂരിന്റെ രക്തം പുരണ്ട കൈകളോടാണ്‌ വോട്ടുരാഷ്‌ട്രീയത്തില്‍ എറെക്കാലമായ്‌ സി.പി.ഐ.എം കൂട്ടുകൂടാറുള്ളത്‌ എന്നത്‌ മറ്റൊരു തമാശയാണ്‌.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച്‌ യൂറോകേന്ദ്രീകൃതവും അതിന്റെ ഇന്ത്യന്‍ പതിപ്പായ സവര്‍ണ്ണമതേതര മുന്‍വിധികളെ മറികടക്കാനുള്ള ജ്ഞാനശേഷി ആര്‍ജിക്കാതെ പോയി എന്നതാണ്‌ ഇടതുപക്ഷവും ഇസ്‌ലാമും തമ്മിലുള്ള സൗഹൃദം ഒരു രാഷ്‌ട്രീയ പരാജയമായി കലാശിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം. നവജനാധിപത്യത്തെ ഏറെ ആവേശം കൊള്ളിച്ച മുല്ലപ്പൂ വിപ്ലവത്തെ സി.പി.ഐ.എംന്‌ ചീത്തവിളിക്കേണ്ടി വന്നത്‌ നേരത്തെപ്പറഞ്ഞ ഭീതി നിമിത്തമാണ്‌. അറബ്‌ വസന്തത്തെ തള്ളിപ്പറയുമ്പോള്‍ മാര്‍കിസ്റ്റ്‌ പാര്‍ട്ടി അറബ്‌ നാടുകളിലെ ഇടതുപക്ഷത്തെ അടക്കമാണ്‌ തള്ളിക്കളയുന്നത്‌. പാശ്ചാത്യേതരമായ അറിവുറവിടങ്ങളില്‍ നിന്ന്‌ വിമോചന പോരാട്ടങ്ങളും വിപ്ലവങ്ങളുമുണ്ടാവുന്നത്‌ അംഗീകരിക്കാന്‍ സി.പി.ഐ.എം ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിവരും.
മാര്‍കസാണ്‌ ശരി എന്നതാണ്‌ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സന്ദേശങ്ങളില്‍ ഒന്ന്‌. സി.പി.ഐ.എം ഇസ്‌ലാമിന്റെ കാര്യത്തില്‍ അനുഭവിക്കുന്ന പരിമിതി മാര്‍കസിന്റെ തന്നെ പരിമിതിയാണ്‌. ഇസ്‌ലാമിന്റെ കാര്യത്തില്‍ മറ്റേത്‌ യൂറോകേന്ദ്രീകൃത രാഷ്‌ട്രീയ വീക്ഷണത്തിന്റേയും പരിമിതി മാര്‍കസിനേയും ബാധിച്ചിരിന്നു. അതിനെ മറികടക്കാനുള്ള സൈദ്ധാന്തിക ഉപകരണങ്ങളൊന്നും മാര്‍കസോ ഏംഗല്‍സോ കണ്ടെത്തിയിരുന്നില്ല. ഫ്രഞ്ച്‌ കോളനി വാഴ്‌ചക്കെതിരെ അള്‍ജീരിയയില്‍ സ്വാന്ത്ര്യസമരം നടക്കുമ്പോള്‍ 1882- ല്‍ ഒരു ചികിത്സാവശ്യാര്‍ത്ഥം മാര്‍ക്‌സ്‌ രണ്ട്‌ മാസക്കാലം അവിടെ ചെലവഴിക്കുന്നുണ്ട്‌. പക്ഷെ, മാര്‍കസ്‌ ഒരിക്കലും വൈജ്ഞാനികമായി പോലും അതില്‍ ഇടപെടുന്നത്‌ കാണാന്‍ കഴിയില്ല. ബദുക്കളായ അള്‍ജീരിയക്കാര്‍ക്ക്‌ അവരെ നഗരവല്‍ക്കരിക്കാന്‍ കഴിയുന്ന പരിഷ്‌കൃതരായ ഫ്രഞ്ചുകാര്‍ സ്വാതന്ത്ര്യം നല്‍കരുതെന്ന്‌ ഏംഗല്‍സ്‌ എഴുതിയതും കാണാന്‍ സാധിക്കും. (Engels, French Rule in Algiers, The Northern Star, January 22, 1848, in: MECW, Vol.6, pp 469-472;) ബദുക്കളായ അറബികള്‍ പരിഷ്‌കൃതരായ പാശ്ചാത്യര്‍ എന്ന സ്വന്തം ജനതയുടെയും വംശത്തിന്റേയും വര്‍ഗീയ യുക്തിയില്‍ നിന്നും പുറത്തുകടക്കാന്‍ കഴിഞ്ഞില്ല എന്നതാണ്‌ മാര്‍കസ്‌ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഒരു പരാജയമായി മാറിയതിന്റെ കാരണങ്ങളിലൊന്ന്‌.
യൂറോപ്യന്‍ വംശീയ മുന്‍വിധികളെ മറികടക്കാത്ത മാര്‍കസിനെ തന്നെ പുനര്‍വായിച്ചും ഇന്ത്യന്‍ മതേതരത്തിനകത്തെ ഇസ്‌ലാം വിരുദ്ധ മുന്‍വിധികളെയും മറികടന്നുമാത്രമേ മാര്‍കസിറ്റ്‌ പാര്‍ട്ടിക്ക്‌ മുസ്‌ലിം സമൂഹവുമായി ആഴമുള്ള ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാനാവൂ. അതല്ലെങ്കില്‍ മുസ്‌ലിം സമൂഹം എത്ര സൗഹൃദസമീപനങ്ങള്‍ സ്വീകരിച്ചാലും ഈ മുന്‍വിധികളുടെ ഭിത്തിയില്‍ത്തട്ടി അവ തകര്‍ന്നുപോവുക തന്നെ ചെയ്യും.