Sunday, May 29, 2011

മൗദൂദിചിന്ത: ചോരണവാദത്തിന്റെ ഉപരിപ്ലവത


ഏത് പുരോഗമനാശയവും യൂറോപ്പില്‍ നിന്നേ ഉദിക്കൂ എന്ന അന്ധവിശ്വാസം ഒഴിയാ ബാധയായിത്തുടരുന്ന കുറേ പേര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഇനി യൂറോപ്പിനു പുറത്താണെങ്കില്‍ അത് യൂറോപ്യന്‍ ആശയാവലികളുടെ അനുകരണമാവാനേ തരമുള്ളൂ എന്ന യൂറോസെന്‍ട്രിസത്തിന്റെ മാറ്റൊലിയാണ് ഹമീദ് ചേന്ദമംഗല്ലൂര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2011 ജനുവരി 2) എഴുതിയ ലേഖനം. അബുല്‍ അഅ്‌ലാ മൗദൂദിയുടെ ആശയാവലികള്‍ കാള്‍മാക്‌സ്, ഹെഗല്‍, അന്റോണിയോ ഗ്രാംഷി എന്നിവരുടെ അനുകരണവും ചോരണവുമായിരുന്നു എന്നാണ് ഹമീദ് ആരോപിക്കുന്നത്. 
ഖുര്‍ആനെക്കുറിച്ചുതന്നെ ഹമീദിന്റെ ഗുരുവര്യന്‍മാര്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അത് ബൈബിളിന്റെ വികൃതാനുകരണം മാത്രമാണ്. അഥവാ പാശ്ചാത്യരുടെ മതസംസ്‌കൃതിയായ യഹൂദ ക്രൈസ്തവ പാരമ്പര്യത്തിന്റെ കോപ്പിയടിയാണ്. ഇത്തരം വാദഗതികള്‍ ഉല്‍പാതിപ്പിച്ച് വിതരണം ചെയ്യുന്ന പാശ്ചാത്യ പഠനശാഖയായ ഓറിയന്റലിസത്തെ ചോദ്യം ചെയ്യുന്ന പോസ്റ്റ്‌കൊളോണിയല്‍, പോസ്റ്റ്‌മോഡേണ്‍ ചിന്തകളോടുള്ള തന്റെ പക ഹമീദ് ചേന്ദമംഗല്ലൂര്‍ പലവട്ടം വെളിപ്പെടുത്തിയതാണ്.


''1962 ല്‍ താഖി നബാനി രൂപം നല്‍കിയ ഹിസ്ബുത്വാഹിര്‍'' എന്ന് ഹമീദ് എഴുതുന്നുണ്ട്. തഖിയുദ്ദീന്‍ നബാനിയാണ് സ്ഥാപകന്‍. താഖി നബാനിയല്ല, സംഘടനയുടെ പേര്‍ ഹിസ്ബു ത്വാഹിര്‍എന്നല്ല. ഹിസ്ബുത്തഹ്‌രീര്‍ എന്നാണ്. ത്വാഹിര്‍ എന്ന അറബി പദത്തിന്റെ അര്‍ത്ഥം ശുദ്ധിയുള്ളവന്‍ എന്നാണ്. തഹ്‌രീര്‍ എന്നാല്‍ സ്വാതന്ത്ര്യം. അറബി വികൃതമായും തെറ്റായും  എഴുകയും പറയുകയും ചെയ്താലേ വെസ്റ്റേണ്‍ സ്റ്റാന്റേഡ് ഉണ്ടാകൂ എന്ന പാശ്ചാത്യാനുരാഗത്തിന്റെ അല്‍പത്തമാണ് ഈ വികൃതാവതരണത്തിന്റെ കാരണം.
വൈജ്ഞാനിക രംഗത്ത് ഓറിയന്റലിസത്തെയും സാംസ്‌കാരിക രംഗത്ത് സവര്‍ണ മുഖ്യധാരയേയും രാഷ്ട്രീയ രംഗത്ത് ഭരണകൂട പ്രത്യയശാസ്ത്രത്തെയും കൃത്യമായി പിന്തുടരുന്ന ഒരാളാണ് ലേഖകന്‍. ഈ മൂന്നിനെതിരെയും ഉയരുന്ന എല്ലാ ശബ്ദങ്ങള്‍ക്കുമെതിരെ പൊരുതുക എന്നതാണ്   ഹമീദ് ചേന്ദമംഗല്ലൂര്‍ ഏറ്റെടുത്ത സാംസ്‌കാരിക രാഷ്ട്രീയ ദൗത്യം. പുതിയലോകത്തിന്റെ എല്ലാ ചിന്താ ഉണര്‍വ്വുകളോടും  ശത്രുത പ്രഖ്യാപിക്കുകയും ഒരുമാറ്റത്തിനും വിധേയനാകാതിരിക്കുകയും ലോകത്തിനോ ഇസ്‌ലാമിസ്റ്റുകള്‍ക്കോ സംഭവിക്കുന്ന ഗുണകരമായ  ഒരു മാറ്റത്തെയും മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്ന മരവിപ്പിന്റെ മലയാള അക്ഷരപ്രതിനിധാനമാണ് ഹമീദ് ചേന്ദമംഗല്ലൂര്‍. അദ്ദേഹം തന്റെ ലേഖനത്തില്‍ ഒന്നിലധികം തവണ ഉദ്ധരിക്കുന്ന ഇര്‍ഫാന്‍ അഹ്മദിന്റെ ISLAM AND DEMOCECY IN INDIA The Transformation of Jamaathe Islami എന്ന പുസ്തകം മുന്നോട്ടു വെക്കുന്ന കേന്ദ്രാശയം കഴിഞ്ഞ അറുപത് വര്‍ഷമായി ജമാഅത്തെ ഇസ്‌ലാമിയും പൊതുസമൂഹവും തമ്മിലുള്ള സംവാദത്തിന്റെയും ഇടപഴകലിന്റെയും ഫലമായി ജമാഅത്തിനും പൊതുസമൂഹത്തിനുമുണ്ടായ ഗുണപരമായ മാറ്റങ്ങളാണ്.
മാറ്റങ്ങളുടെ വൈരാളിയാണ് ഹമീദ്. പക്ഷെ അദ്ദേഹത്തിന് അദ്ദേഹം പോലുമറിയാതെ മാറേണ്ടിവരുന്നു എന്നതിന്റെ സാക്ഷ്യം കൂടിയാണീ ലേഖനം എന്നതാണ് രസകരമായ വസ്തുത. മൗദൂദി ഗോള്‍വാള്‍ക്കറുടെ ഇസ്‌ലാം പതിപ്പാണെന്നാണ് ഹമീദ് ഇക്കാലമത്രയും പറഞ്ഞതും എഴുതിയതും. ഗോള്‍വാള്‍ക്കര്‍ കാള്‍മാക്‌സിനെയും ഗ്രാംഷിയെയും അനുകരിച്ചതായി പറഞ്ഞുകേട്ടിട്ടില്ല. ഹിറ്റ്‌ലറെയും മുസ്സോളിനിയെയും അനുകരിച്ചു എന്നാണ് സത്യം. മൗദൂദിയുടെ അസ്സല്‍ ഗോള്‍വാള്‍ക്കറാണെന്ന നിരന്തര പ്രചരണത്തില്‍ നിന്ന് അത് ഹെഗല്‍ മുതല്‍ ഗ്രാംഷി വരെയുള്ളവരാണെന്ന അഭിപ്രായമാറ്റം ശ്രദ്ധേയമാണ്. ഒരു മാറ്റത്തിനും ഒരുക്കമല്ലാത്തവരെ പോലും മാറ്റിക്കളയുന്ന ചരിത്രത്തിന്റെ ഡൈനാമിക്‌സ് അത്യുജ്വലമാണ്, പ്രതീക്ഷാ നിര്‍ഭരമാണ്.
ഹെഗലിനെയും മൗദൂദിയെയും താരതമ്യം ചെയ്യുന്ന ലേഖകന്റെ വാദമുഖം മാത്രം പരിശോധിച്ചാല്‍ ഈ മോഷണാരോപണം എത്ര ഉപരിപ്ലവമാണെന്ന് ബോധ്യമാകും.''ഇന്ന് മനസ്സിലാക്ക പ്പെടുന്ന അര്‍ത്ഥത്തിലുള്ള സ്റ്റേറ്റ് എന്ന സങ്കല്‍പം ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്തോ തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ലെന്ന വസ്തുത മൗദൂദി വിസ്മരിക്കുന്നു. പക്ഷെ പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്റ്റേറ്റിനെ ദൈവത്തിന്റെ അടയാളമായി ഹെഗല്‍ അവതരിപ്പിച്ചിട്ടുണ്ട്. മൗദൂദിയുടെ ഇസ്‌ലാമികസ്റ്റേറ്റിന് അതിനോടാണ് സാമ്യം''.എന്നാണ് ലേഖകന്‍ പറയുന്നത്. രാഷ്ട്രമാണ് ആത്യന്തികമായ ആശയത്തിന്റെ (idea) അല്ലെങ്കില്‍ ആത്മാവിന്റെ (soul) പ്രകാശിത രൂപം എന്നാണ് ഹെഗല്‍ സിദ്ധാന്തിച്ചത്. കാള്‍മാക്‌സ് ഇതിനെ വിമര്‍ശിച്ചുകൊണ്ട് പറയുന്നത് ജനങ്ങളല്ല രാഷ്ട്രമാണ് പ്രധാനമെന്ന് ഹെഗല്‍ വിവക്ഷിക്കുന്നു വെന്നാണ്. രാഷ്ട്രമെന്ന യാഥാര്‍ത്ഥ്യം ആത്മാവിന്റെ ദൃഷ്ടി പ്രകടനമാണെങ്കില്‍ അതിന് അതിന്റേതായ ഇച്ഛാശക്തിയുണ്ടായിരിക്കണം. ഇച്ഛാശക്തിയുടെ (will) ദൃഷ്ടിരൂപമാണ് പരമാധികാരം. (soveriengty ) എന്ന് ഹെഗല്‍ വാദിച്ചു. അപ്പോള്‍ രാഷ്ട്രമുണ്ടാകുന്നത് ജനങ്ങളില്‍ നിന്നല്ല. ആത്മാവാകുന്ന യാഥാര്‍ത്ഥ്യം ദൃഷ്ടരൂപം കൈകൊള്ളുന്നതാണ് രാഷ്ട്രം. ആ ദൃഷ്ട യാഥാര്‍ത്ഥ്യത്തിന്റെ ഇഷ്ടികകള്‍ മാത്രമാണ് വ്യക്തികളും കുടുംബങ്ങളുമെന്ന് ഹെഗല്‍ ചിന്തിച്ചതായി തോന്നുമെന്ന് മാര്‍ക്‌സ് നിരീക്ഷിക്കുന്നു. ഹെഗലിന്റെ ചിന്തയില്‍ രാജാവെന്നു പറയുന്ന യാഥാര്‍ത്ഥ്യം സമൂഹത്തില്‍നിന്നുണ്ടാവുന്നതല്ല. അത് സ്വയംഭൂ ആണെന്നു വദിക്കുവാന്‍ മാത്രം അത്രക്ക് ആസ്ത്രിയന്‍ മൊണാര്‍ക്കിയുടെ അടിമയായിരുന്നു ഹെഗലെന്ന് മാര്‍ക്‌സ് നിരൂപിക്കുന്നുണ്ട്.
ഇനി അധികാരത്തെക്കുറിച്ച് ഇസ്‌ലാം മുന്നോട്ടു വെക്കുന്നതും മൗദൂദി ആധുനിക രാഷ്ട്രീയ ചര്‍ച്ചാമണ്ഡലത്തില്‍ അവതരിപ്പിച്ചതുമായ കാഴ്ചപ്പാട് എന്തായിരുന്നു ?. അധികാരത്തിന്റെ പ്രഭവ കേന്ദ്രം ദൈവമാണ്. ഭൂമിയില്‍ അതവന്‍ നല്‍യിരിക്കുന്നത് മനുഷ്യര്‍ക്കാണ് (ഖുര്‍ആന്‍ 2:30). ദൈവത്തെ അംഗീകരിക്കുന്നവര്‍ക്കാണ്. ''ഇത്തരം ഒരു സൊസൈറ്റിയാല്‍ ഒരു വ്യക്തിയുടെയോ വിഭാഗത്തിന്റെയോ ഏകാധിപത്യത്തിന് തീരെ പഴുതുണ്ടാവുകയില്ല. ഇവിടെ ഓരോ വ്യക്തിയും ഖലീഫയാണ്. മുസ്‌ലിംജനസാമാന്യത്തിന്റെ ഖിലാഫത്തധികാരം അപഹരിച്ച് സ്വയം ഏകാധിപതി ചമയുവാന്‍ യാതൊരാള്‍ക്കും അവകാശമില്ല. ഇവിടെ എല്ലാ മുസ്‌ലിംകളും സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍, എല്ലാ ദൈവ പ്രതിനിധികളും തങ്ങളുടെ പ്രാതിനിധ്യാവകാശം  യഥാഹിധം ഒരു വ്യക്തിയില്‍ അര്‍പിച്ചിരിക്കയാണ്. അഥവാ കേന്ദ്രീകരിച്ചിരിക്കയാണ്. ഭരണ സൗകര്യത്തിനു വേണ്ടി. ഈ വ്യക്തിയാവട്ടെ ഒരുവശത്ത് ദൈവത്തോടും മറുവശത്ത് തന്നില്‍ ഖിലാഫത്തധികാരമേല്‍പിച്ച പൊതു ഖലീഫമാരോടും തികച്ചും ഉത്തരവാദപ്പെട്ടവനും. ഇതാണ് ഇസ്‌ലാമിലെ ഭരണാധികാരിയുടെ യഥാര്‍ത്ഥനിലപാട്'' (ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം: അബുല്‍ അഅ്‌ലാ മൗദൂദി). മനുഷ്യനെ ഭൂമിയിലെ പ്രതിനിധി എന്ന അര്‍ത്ഥത്തില്‍ ഖലീഫ എന്നാണ് ഇസ്‌ലാം വിളിക്കുന്നത്. ഭരണാധികാരിയെ വിവക്ഷിക്കാനും ഖലീഫ എന്നപദമാണ് സാങ്കേതികമായി ഉപയോഗിക്കുന്നത്. ജനത്തിന്റെ പ്രാതിനിധ്യാവകാശത്തില്‍ നിന്നുമാത്രം ഉല്‍ഭൂതമാവുന്നതാണ് ഭരണാധികാരികളുടെ അധികാരം. സത്താപരമായി അധികാരം ജനത്തിന്റെതാണ്.
മൗദൂദി ഇവിടെ പറയുന്ന മുസ്‌ലിം സമൂഹം കേവല പാരമ്പര്യ വംശീയ സമുദായമല്ല, ആദര്‍ശസമൂഹമാണ്. ഇക്കാര്യം ഹമീദ്തന്നെ സമ്മതിക്കുന്നുണ്ട്. മൗദൂദി ഇസ്‌ലാമിനെ മതമല്ലാതാക്കുകയും മുസ്‌ലിംകളെ സമുദായമല്ലാതാക്കുകയും ചെയ്യുന്നു എന്നാണ് ഹമീദ് ഇതേക്കുറിച്ച്  വലിയ ഒരാരോപണമായ് അദ്ദേഹം പറയുന്നത്. ഹെഗല്‍ രാഷ്ട്രത്തെ ദൈവത്തിന്റെ അടയാളമായിക്കണ്ടു എന്ന തീര്‍ത്തും ഉപരിപ്ലവമായ ഒരു വാചകസാദൃശ്യത്തിന്റെ പേരില്‍ മൗദൂദി ഹെഗലിനെപകര്‍ത്തുകയായിരുന്നു വെന്ന് ഒരു വൈജ്ഞാനിക ഉത്തരവാദിത്തവുമില്ലാതെ അലസമായി ആരോപിക്കുകയാണ് ലേഖകന്‍ ചെയ്യുന്നത്. സി.പി.എം പാര്‍ട്ടികോണ്‍ഗ്രസെന്നുകേട്ടാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഒന്നാണെന്നുപറയുന്ന വങ്കത്തം പോലെ ഒന്നുമാത്രമാണിത്.
ഇന്നു കാണുന്ന രീതിയിലുള്ള സ്റ്റേറ്റ് ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലത്തില്ലായിരുന്നു എന്ന വസ്തുത മൗദൂദി മറക്കുന്നു എന്നാണ് മറ്റൊരാരോപണം. ഇന്നുകാണുന്ന രീതിയിലുള്ള മാര്‍ക്കറ്റോ ഭരണ രീതിയോ പള്ളിപോലുമോ അന്നുണ്ടായിരുന്നില്ല എന്നത് ഇസ് ലാമില്‍ അതൊന്നുമില്ല എന്നതിന് തെളിവാകുന്നില്ല. സാമൂഹിക പരിണാമങ്ങള്‍കൊപ്പം വികസിക്കാന്‍ ശേഷിയുണ്ടെന്നതാണ് പ്രവാചക മതത്തിന്റെ സവിശേഷത. മതത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് മദീനയില്‍ പ്രവാചകന്‍ ലിഖിത ഭരണഘടനയുള്ള ഒരു ബഹുമതരാഷ്ട്രം സ്ഥാപിച്ചു. ഹമീദ് പറയുന്നത് കേട്ടാല്‍ തോന്നുക ഇസ്‌ലാമില്‍ രാഷ്ട്രമുണ്ടെന്ന് ആദ്യമായും പുതുതായും പറഞ്ഞവ്യക്തിയാണ് മൗദൂദി  എന്നാണ്. പ്രവാചകന്‍ മുഹമ്മദിന്റെ കാലം മുതല്‍ ഇന്നുവരെയുള്ള ഒരു ആധികാരിക പണ്ഡിതനെ പോലും ഇസ്‌ലാമിനെക്കുറിച്ച് മൊത്തത്തില്‍ സംസാരിച്ചിട്ട്, രാഷ്ട്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കാത്തതായ് കാണാന്‍കഴിയില്ല. രാഷ്ട്രവും രാഷ്ട്രീയവും ഇസ്‌ലാമിന്റെ അവിഭാജ്യതയാണ്. അതിനെ ആധുനിക സന്ദര്‍ഭത്തില്‍ അവതരിപ്പിക്കുക മാത്രമാണ് മൗദൂദി ചെയ്യുന്നത്.
എ.ഡി. 14-ാം നൂറ്റാണ്ടില്‍ ജനിച്ച പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സാമൂഹ്യശാസ്ത്രത്തിന്റെ പിതാവെന്ന് യൂറോപ്പ് തന്നെ വിളിക്കാറുള്ള മനീഷിയുമായ ഇബ്‌നുഖല്‍ദൂന്‍ (1332-1406) തന്റെ വിഖ്യാതമായ മുഖദ്ദിമയില്‍ എഴുതുന്നു ''രാഷ്ട്രമെന്നാല്‍ മനുഷ്യന്റെ സാമൂഹികമായ അനിവാര്യതയാണ്. അടിച്ചമര്‍ത്താനും മറ്റുള്ളവരുടെ മേല്‍ അധികാരം വാഴാനുമുള്ള മനുഷ്യന്റെ അഭിവാഞ്ചയാണ് അതിന്റെ പ്രേരകം. അവയാകട്ടെ ദ്വേഷവികാരത്തില്‍ നിന്നുടലെടുക്കുന്നതും തിര്യക് സഹജവുമായ സ്വഭാവവിശേഷത്തിന്റെ പ്രതിഫലനങ്ങളുമാണ്. അങ്ങിനെ വരുമ്പോള്‍ രാഷ്ട്രമേധാവിയുടെ അനുശാസനകള്‍ മിക്കപ്പോഴും സത്യത്തിന്റെ പരിധിലംഘിക്കുകയും പ്രജകളുടെ ജീവിതസാഹചര്യങ്ങളില്‍ അക്രമം കെട്ടിയേല്‍പിക്കുന്നതുമായിരിക്കും. കാരണം, മിക്കപ്പോഴും സ്വാഭീഷ്ടങ്ങള്‍ക്കും സ്വേഛകള്‍ക്കും അനുസരിച്ച് അവരുടെ കഴിവിന്നതീതമായത് അയാള്‍ അവരെ വഹിപ്പിക്കും. അപ്പോള്‍ ഭരണാധികാരിയെ അനുസരിക്കുക പ്രയാസകരമായിത്തീരുകയും കലാപത്തിലേക്കും കുരുതിയിലേക്കും നയിക്കുന്ന സംഘബോധം ഉടലെടുക്കുകയും ചെയ്യുന്നു. തദവസരത്തില്‍ എല്ലാവര്‍ക്കും ബാധകമായ രാഷ്ട്രീയ നിയമങ്ങള്‍ അവലംബിക്കാന്‍ നിര്‍ബന്ധമാകുന്നു.....  ഈ നിയമങ്ങള്‍ രാഷ്ട്രത്തിലെ പ്രമാണിവര്‍ഗവും ബുദ്ധിജീവികളുമാണ് രൂപവല്‍ക്കരിക്കുന്നതെങ്കില്‍ അത് ബൗദ്ധിക രാഷ്ട്രീയമായിരിക്കും.
അവ ദൈവത്തിങ്കല്‍ നിന്ന് അനുശാസിതമാവുകയും ഒരു നിശ്ചിതവക്താവിലൂടെ അത് നടപ്പില്‍ വരുത്തുകയുമാണെങ്കില്‍ ഐഹിക ജീവിതത്തിലും പാരത്രിക ജീവിതത്തലും ഒരുപോലെ പ്രയോജനപ്രദമായ മതാത്മക രാഷ്ട്രീയമായിരിക്കും അത്. കാരണം സൃഷ്ടിയുടെ ലക്ഷ്യം ഈ ലോകത്ത്മാത്രം പരിമിതമല്ല.... മനുഷ്യന് പാരത്രിക സൗഭാഗ്യം നേടിക്കൊടുക്കുന്നത് മതമാണ്; ആകാശഭൂമികളിലുള്ള സകലത്തിന്റെയും ഉടമയായ ദൈവത്തിന്റെ പാത. അതിന്നായി ദൈവത്തിന്റെ നിയമങ്ങള്‍ അവതീര്‍ണമായി; ആരാധനകളും ലൗകിക വ്യവഹാരങ്ങളും തൊട്ട് മാനവ സാമൂഹ്യതയുടെ  സഹജ പ്രതിഭാസമായ രാഷ്ട്രംവരെയുള്ള എല്ലാകാര്യങ്ങളിലും. ആ നിയമങ്ങള്‍ രാഷ്ട്രത്തെ മതത്തിന്റെ പന്ഥാവിലൂടെ നടത്തിച്ചു..... അതിനാല്‍ മനുഷ്യന്‍ സ്വയം നിയമങ്ങളാവിഷ്‌കരിക്കല്‍ ദൈവത്തിങ്കല്‍ ആക്ഷിപ്തമായ കാര്യമത്രെ. എന്ത് കൊണ്ടെന്നാല്‍ അത് ദൈവത്തിന്റെ വെളിച്ചം സ്വീകരിക്കാതെയുള്ള വിചിന്തനമാണ്. സാക്ഷാല്‍ പരമാധികാരിയായ ദൈവം മാത്രമാണ് എല്ലാവരുടെയും നന്മകള്‍ ഏതില്‍ സ്ഥിതിചെയ്യുന്നു എന്നതിനെക്കുറിച്ച് അഭിജ്ഞന്‍''.(മുഖദ്ദിമ. ഖിലാഫത്തും ഇമാമത്തും എന്ന അദ്ധ്യായം)
രാഷ്ട്രമുള്‍പ്പെടെയുള്ള ജീവിതത്തിലെ പരമാധികാരം എന്നത് മൗദൂദി റൂസോയില്‍നിന്നോ മറ്റു പാശ്ചാത്യ പണ്ഡിതരില്‍ നിന്നോ പകര്‍ത്തിയതാണെന്നുപറയാന്‍ ഇസ്‌ലാമിക വൈജ്ഞാനിക ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയുടെ അപാരതയും യൂറോപ്യന്‍ ആരാധനയുടെ മതിഭ്രമത്തിനും മാത്രമേ സാധിക്കൂ. ശരീഅത്തിന്റെ സമഗ്രതയെക്കുറിച്ച ഏതുകാലത്തെ എത്ര പണ്ഡിതപ്രസ്താവനകള്‍ വേണമെങ്കിലും ഉദ്ധരിക്കാന്‍ കഴിയും. ഹമീദ് ഇപ്പോള്‍ അവതരിപ്പിക്കുന്നപോലെ ഇസ്‌ലാമെന്നാല്‍ പൊതുജീവിതവ്യവഹാര മുക്തമായ മതവിശ്വാസാരാധന ക്രമം മാത്രമാണെന്ന് പറഞ്ഞ ഒരു ക്ലാസിക്കല്‍ പണ്ഡിതനെയും ഉദ്ധരിക്കാന്‍ കഴിയില്ല.
മൗദൂദി മതത്തെ രാഷ്ട്രീയത്തിലേക്ക് ന്യൂനീകരിച്ചു എന്ന ആരോപണം ഉന്നയിക്കുന്നത് ഇസ്‌ലാമിനെ പ്രാര്‍ത്ഥന, വ്രതം, തീര്‍ത്ഥാടനം തുടങ്ങിയ ആരാധനാനുഷ്ഠാനങ്ങളില്‍ ന്യൂനീകരിക്കാനുള്ള തന്റെ ശ്രമത്തെ മറച്ചുവെക്കാനാണ്. ഇതൊരു സ്ഥിര തസ്‌കരസൂത്രമാണ്. മറ്റൊരുത്തനെ നോക്കി കള്ളന്‍ കള്ളന്‍ എന്നാര്‍ത്തുവിളിച്ച് തന്റെ കളവില്‍ നിന്ന് ജനശ്രദ്ധതിരിക്കുന്ന രീതി. ഇസ്‌ലാമെന്നാല്‍ ഒരു രാഷ്ട്രീയ വ്യവസ്ഥ മാത്രമാണെന്ന് മൗദൂദി ഒരിക്കലും വാദിച്ചിട്ടില്ല. വാദിച്ചിട്ടില്ലെന്ന് ലേഖകനു തന്നെ സമ്മതിക്കേണ്ടിവരുന്നുണ്ട്. മൗദൂദിയുടെ പ്രസിദ്ധ ദൈവശാസ്ത്ര ഗ്രന്ഥമായ ഖുര്‍ആനിലെനാലു സാങ്കേതിക ശബ്ദങ്ങളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു. ''ഈ ചതുഷ്പദ വ്യാഖ്യാനത്തിലൂടെ ദൈവത്തെ അതിഭൗതികതലത്തില്‍ (ആത്മീയ) തലത്തില്‍ നിന്ന് ഭൗതിക (രാഷ്ട്രീയ) തലത്തിലേക്ക് ഇറക്കിക്കൊണ്ടു വരികയാണ് ജമാഅത്ത് ഗുരു ചെയ്യുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആധ്യാത്മിക ലോകത്തിന്റെയും രാഷ്ട്രീയം ഉള്‍പെടുന്ന ഭൗതികലോകത്തിന്റെയും പരമാധികാരി ദൈവമാണ്''.
ആധ്യാത്മിക ലോകത്തിന്റെ പരമാധികാരത്തിന്റെ അംഗീകാരവും അതിനോടുള്ള സ്‌നേഹവുമായാണ് ഇസ്‌ലാം വിശ്വാസികള്‍ ദൈവത്തിന് ആരാധനകള്‍ അര്‍പിക്കുന്നത്. അപ്പോള്‍ അധ്യാത്മിക ലോകത്തെ മാറ്റിവെച്ച് ഭൗതിക ലോകത്തെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയല്ല മൗദൂദി ചെയ്തതെന്ന് വിമര്‍ശകനുതന്നെ സമ്മതിക്കേണ്ടിവരികയാണ്.
സത്യാസത്യ സംഘര്‍ഷം എന്നത് ഹെഗല്‍, മാര്‍ക്‌സ് തുടങ്ങിയ യൂറോപ്യന്‍ ധിഷണാശാലികളില്‍നിന്ന് മുറിച്ചെടുത്ത് മൗദൂദി ഇസ്‌ലാമില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു എന്ന വിമര്‍ശനത്തെ ഖുര്‍ആനിനെ റഫറന്‍സാക്കി പരിശോധിക്കാം. ഖുര്‍ആനിലെ പ്രവാചകന്‍മാര്‍ എന്ന അദ്ധ്യായത്തിലെ 17,18 വാചകങ്ങളില്‍ പറയുന്നു. ''പ്രപഞ്ച സൃഷ്ടിപ്പിലൂടെ ഒരു വിനോദം ഉണ്ടാക്കുവാന്‍ നാം ഉദ്ധേഷിച്ചിരുന്നെങ്കില്‍ അത് നമ്മുടെ അടുക്കല്‍ തന്നെ ഉണ്ടാകുമായിരുന്നു. നാം (അത്) ചെയ്യുന്നതല്ല. എന്നാല്‍ നാം സത്യമായുള്ളത് കൊണ്ട് അസത്യമായുള്ളതിന്‍മേല്‍ എറിയുന്നു. അപ്പോള്‍ അതു (സത്യം) അതിനെ തകര്‍ത്തുകളയുന്നു. അപ്പോഴേക്കും അതാ അത് നാമാവശേഷമായി പോകുന്നു. (പരിഭാഷ: മുഹമ്മദ് അമാനി മൗലവി, എ. അലവി മൗലവി, പി.കെ.മൂസ മൗലവി. പ്രസാധകര്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍). ഇത് ഹെഗല്‍ മൗദൂദിയെയും മൗദൂദി കേരളത്തിലെ മുജാഹിദ് പണ്ഡിതന്‍മാരെയും സ്വാധീനിച്ചു എന്ന് ഹമീദ് പറഞ്ഞുകളയുമോ ആവോ ?.

മാര്‍ക്‌സിസവും ഇസ്‌ലാമും
വിമോചനം അടിസ്ഥാനപരമായി ദൈവികമായ ഒരാശയമാണ്. പ്രവാചകന്‍മാരാണ് ചരിത്രത്തില്‍ അതിന്റെ കൊടിവാഹകര്‍. മതം ജീര്‍ണിച്ചപ്പോള്‍ അതിന് വിമോചനാത്മകത ചോര്‍ന്നു പോവുകയായിരുന്നു. അത്തരമൊരു മത ജീര്‍ണതയുടെ കരാളകാലത്താണ് യൂറോപ്പില്‍ മാര്‍ക്‌സിസം കടന്നുവരുന്നത്. ജീര്‍ണിച്ചമതം ചൂഷകന്റെ കയ്യിലെ മികച്ച ഉപകരണമാണ്.
യഥാര്‍ത്ഥത്തില്‍ മര്‍ദകശക്തികള്‍ക്കെതിരായ പോരാട്ടം, മര്‍ദ്ദിതന്റെ വിമോചനം മുതലായ ആശയങ്ങള്‍ മൗദൂദി മാര്‍ക്‌സില്‍ നിന്നെടുത്തതല്ല. തിരിച്ച് മാര്‍ക്‌സ് മതത്തില്‍ നിന്നെടുത്തതാണ്. വിമോചനചിന്തയുടെകാര്യത്തില്‍ തന്റെ സെമിറ്റിക് മതപാരമ്പര്യം മാര്‍ക്‌സിനെ അഗാധമായി സ്വാധീനിച്ചിരുന്നു എന്ന് ധാരാളമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മാര്‍ക്‌സിസത്തിന്റെ ആത്മാവ് ആത്മീയവും അതിന്റെ ശരീരം ഭൗതികവുമാണ്. ആ ആത്മാവാകട്ടെ മതത്തില്‍ നിന്നും സ്വീകരിക്കപ്പെട്ടതുമാണ്.
മാക്‌സിസത്തെ സെമിറ്റിക് മതത്തോട് സാദൃശ്യപ്പെടുത്തുന്നതില്‍ ചിലത് ഹമീദിന്റെ ജമാഅത്ത്-പാശ്ചാത്യ ചിന്താസമീകരണവാദം പോലെത്തന്നെ ബാലിശമാണ്. മാര്‍ക്‌സിസത്തിനു പിറകിലെ യഹൂദ 
പ്രചോദനത്തെപറ്റി -അഥവാ വേദപ്രവാചക- പ്രചോദനത്തെപറ്റി പ്രസിദ്ധ ചരിത്രകാരന്‍ ആര്‍നോള്‍ഡ് ടോയന്‍ബി പറയുന്നുണ്ട്. പുരോഹിതവല്‍ക്കരിക്കപ്പെടാത്ത യഹൂദ മതമാണ് മാര്‍ക്‌സിസത്തിന്റെ രൂപത്തില്‍ ആധുനിക വേഷത്തില്‍ രൂപപ്പെട്ടതെന്ന് ടോയന്‍ബി പറയുന്നു.
മതത്തിന്റെ ജീര്‍ണകാലത്ത് അതില്‍ നിന്നെടുത്ത വിമോചനമെന്ന ആശയം പില്‍കാലത്ത് ജമാഅത്തെ ഇസ്‌ലാമി പോലുള്ള പ്രസ്ഥാനങ്ങളില്‍ തുടിച്ചുകാണുമ്പോള്‍ ഇത് മാര്‍ക്‌സിസത്തില്‍ നിന്നെടുത്തതാണെന്ന് പറയുന്നവര്‍ക്ക് ആശയ ചരിത്രത്തെക്കുറിച്ച് ആഴത്തില്‍ ഒന്നുമറിയില്ലെന്നതാണ് വസ്തുത.
 മാര്‍ക്‌സിസത്തിന്റെ മാത്രമല്ല നേരത്തെ ഹമീദ് ഉദ്ധരിച്ച റൂസോയില്‍ തന്റെ വിമോചന സങ്കല്‍പ  രൂപീകരണത്തില്‍ പ്രവാചകന്റെ സ്വാധീനത്തെക്കുറിച്ചും പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനര്‍ത്ഥം മാര്‍ക്‌സിസം, സോഷ്യലിസം, ആധുനിക ശാസ്ത്രം ഇതെല്ലാം പണ്ട് ഖുര്‍ ആന്‍ പറഞ്ഞതാണെന്ന ഭൂതകാലാരാധനാ വാദമല്ല. പുതിയ ഏത് ശാസ്ത്രകണ്ടു പിടുത്തം നടത്തിയാലും അത് ഖുര്‍ആനിലുണ്ട് പുരാണത്തിലുണ്ട് എന്ന് അവകാശപ്പെടുന്ന മതമനോരോഗം ഇവിടെ നിലവിലുണ്ട്. ഇതേപോലെ ഒരു മതേതരമനോരോഗമാണ് ഹമീദ് പ്രകാശിപ്പിക്കുന്നത്. മതസമൂഹങ്ങളും പ്രസ്ഥാനങ്ങളും പ്രകടിപ്പിക്കുന്ന എല്ലാ ധനാത്മകതകളും പാശ്ചാത്യ ഭൗതിക നാഗരികതയില്‍ പണ്ടേയുള്ളതാണെന്നാണ് ലേഖകന്‍ പ്രകടിപ്പിക്കുന്ന ഭൗതിക അന്ധവിശ്വാസം. ഹമീദ് ചേന്ദമംഗല്ലൂര്‍ ഉന്നയിക്കുന്ന സാമ്യതാവാദം ചിലത് കേവലം ഉപരിപ്ലവത മാത്രമാണ്. ഹെഗലിനും മാര്‍ക്‌സിനും ഗ്രാംഷിക്കും മുമ്പേവന്ന ആശയരൂപങ്ങള്‍ എന്ന നിലക്ക് ഇസ്‌ലാം അവയെ സ്വാധീനിച്ചതാവാനുള്ള സാധ്യത ഹമീദിന് ചിന്തിക്കാന്‍ പോലും സാധ്യമല്ലെങ്കിലും ഒരു യാഥാര്‍ത്ഥ്യമാണ്. യൂറോപ്യന്‍ നവോഥാനം രൂപപ്പെടുന്നതില്‍ ഇസ്‌ലാം വഹിച്ച പങ്ക് പ്രസിദ്ധമാണ്. 
അബുല്‍ അഅലാ മൗദൂദിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും ചരിത്രപരമായ പ്രാധാന്യം അത് യൂറോപ്യന്‍ നവോഥാനത്തോടെയും കോളനിവല്‍കരണത്തിലൂടെയും സംഭവിച്ച ആശയമണ്ഡലത്തിലെ പാരഡൈം ഷിഫ്റ്റിനെ ഇസ്‌ലാമിന്റെ പക്ഷത്തുനിന്നുകൊണ്ട് അഭിമുഖീകരിച്ചു എന്നതാണ്. ആധുനികമായ എല്ലാ ആശയാവലികളോടും ഉയര്‍ന്ന സംവേദനക്ഷമതയും സംവാദാത്മകതയുമാണ് അത് പുലര്‍ത്തിയത്. ആധുനികതയില്‍ നിന്ന് സ്വാംശീകരിക്കാവുന്നതെല്ലാം തീര്‍ച്ചയായും സ്വന്തം അടിത്തറയില്‍ കാലുറപ്പിച്ച് നിന്ന്‌കൊണ്ട് അത് സ്വീകരിച്ചിട്ടുണ്ട്. ഇത് ഇസ്‌ലാമിന്റെ പാരമ്പര്യമാണ്. സ്വന്തം അടിത്തറയില്‍ ഉറച്ചുനിന്ന് പല നാഗരികതകളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും സ്വാംശീകരിച്ച് പുഷ്‌കലമായതാണ് ഇന്നുകാണുന്ന ഇസ്‌ലാമിക സംസ്‌കൃതി. ഇതിനര്‍ത്ഥം ഹമീദ് പലപ്പോഴും പറയാറുള്ള പോലെ തനതായ, യഥാര്‍ത്ഥവുമായ ഇസ്‌ലാമിക സംസ്‌കൃതി എന്ന ഒന്നില്ല എന്നല്ല. യഥാര്‍ത്ഥമായ ഇസ്‌ലാമികമായ സംസ്‌കൃതി എന്ന ഒന്നുണ്ടങ്കില്‍ അതിന് സ്വാംശീകരണ ശേഷിയും സംവാദക്ഷമതയും ഉണ്ടാവില്ല എന്ന വാദത്തിന്റെ മറുപുറം തന്നെയാണത്. സ്വന്തം ആശയാടിത്തറകളില്‍ നിന്നു വഴുതാതെ തന്നെ മറ്റുപലതിനെയും സ്വാംശീകരിക്കുമ്പോഴാണ് അത് ഇസ്‌ലാമിക സംസ്‌കാരമാവുന്നത്.
സംവാദാത്മകതയും നവീനപരതയും
മതത്തിന് നവീകരിക്കാനും പുതിയ പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും പ്രാപ്തി ഉണ്ടോ ഇല്ലേ എന്നതാണ് ഹമീദ് ചേന്ദമംഗല്ലൂരിനും ജമാഅത്തെ ഇസ്‌ലാമിക്കുമിടയിലെ അടിസ്ഥാന തിര്‍ക്കവിഷയം. ഇസ്‌ലാമിന് അടിസ്ഥാനപരമായിത്തന്നെ ഈ നവീകരണക്ഷമതയും ഇലാസ്തികതയും സംവാദാത്മകതയും സ്വാംശീകരണസ്വഭാവവും ഉണ്ടെന്നതിനെയാണ് ജമാഅത്തെ ഇസ്‌ലാമി സൈദ്ധാന്തികമായും പ്രായോഗികമായും പ്രതിനിധീകരിക്കുന്നത്. അത്‌കൊണ്ട് തന്നെ ഏറ്റവും പുതിയ സാമൂഹ്യ സിദ്ധാന്തങ്ങളോടും അത് സംവാതാത്മക ബന്ധം പുലര്‍ത്തുന്നതു. മതം വികാസക്ഷമോ സംവാദ സാധ്യതയുള്ളതോ പുതിയകാലത്ത് ആരാധനക്കപ്പുറം സാമൂഹ്യ രാഷ്ട്രീയ ജീവിതത്തില്‍ എന്തെങ്കിലും പങ്ക് നിര്‍വ്വഹിക്കാന്‍ കഴിയുന്നതോ അല്ലെന്നാണ് ഹമീദ് നിരന്തരംപറയാന്‍ശ്രമിക്കുന്നത്. തന്റെ വാദമുഖം സമര്‍ത്ഥിക്കാന്‍ അദ്ദേഹം മുന്നോട്ടുവെക്കുന്ന തെളിവുകള്‍ ബുദ്ധിപരമായി സത്യസന്ധമോ ആശയപരമായി സൂക്ഷമത പുലര്‍ത്തുന്നവയോ അല്ല. ചില ഉദ്ധരണികള്‍ അവിടെനിന്നുമിവിടെനിന്നും എടുത്ത് വാചകത്തിലും ശൈലിയിലുമുള്ള ചില സാദൃഷ്യങ്ങള്‍ ചേര്‍ത്തുവെച്ച് വലിയ സിദ്ധാന്തം രൂപീകരിക്കുന്ന വൈജ്ഞാനിക നിലവാരമില്ലായ്മ മാത്രമാണത്. ജമാഅത്തെ ഇസ്‌ലാമിക്കും മറുവാദക്കാര്‍ക്കുമിടയില്‍ പൊതുമണ്ഡലത്തില്‍ ഗൗരവപൂര്‍ണവും സത്യന്ധവുമായ സംവാദങ്ങള്‍ നടന്നാല്‍ അത് രണ്ട് കൂട്ടര്‍ക്കും സമൂഹത്തിനു പൊതുവിലും പ്രയോജനപ്പെടും. ഇത്തരമൊരു ക്രിയാത്മക സംവാദത്തിനുമുന്നിലെ മാര്‍ഗതടസ്സത്തെക്കുറിച്ച് ഇര്‍ഫാന്‍ അഹമ്മദ് എഴുതുന്നു ''യൂറോപ്പിലെ സെക്യുലര്‍ വാദങ്ങളോട് അവിടങ്ങളിലെ കുടിയേറ്റക്കാരും ന്യൂനപക്ഷങ്ങളും എങ്ങിനെയാണ് പ്രതികരിക്കുന്നത് എന്നത് കൗതുകരമാണ്. മതവൈവിധ്യങ്ങളോട് തുറന്നസമീപനം രൂപ പ്പെടുത്താനും ചരിത്രോചിതമായി സ്വയം നവീകരിക്കാനും സെക്ക്യുലര്‍വാദികള്‍ക്ക് കഴിയേണ്ടതുണ്ട്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, യൂറോപ്പിനെ സംബന്ധിച്ചിടത്തോളം മതേതരത്വം ഇനിയും മതേതരവല്‍ക്കരിക്കപ്പെടാനുണ്ട്! നിലവില്‍ അധീശ സാംസ്‌കാരിക വാദങ്ങളാണ് സെക്യുലറിസം എന്ന വ്യാജേന അവിടെ നടപ്പിലാക്കപ്പെടുന്നത്. നാഗരികനിയമങ്ങള്‍ രൂപപ്പെടുത്തുന്നതുപോലും ആ സംസ്‌കാരത്തിന്റെ സാമൂഹിക പ്രതിഫലനമായിട്ടാണ്. നമ്മള്‍ മുന്‍ധാരണകളൊക്കെയും മാറ്റിവെച്ച് നിരന്തരം ജനാധിപത്യവല്‍കരിക്കപ്പെടേണ്ടതുണ്ട്. എല്ലാ ആശയധാരകളോടും തുറന്ന സമീപനം സ്വീകരിക്കേണ്ടതുണ്ട്. നിലവില്‍ മതേതര ഉദാരവാദികളെ അപേക്ഷിച്ച് മതസമൂഹങ്ങളാണ് ഈ സമീപനം സൂക്ഷിക്കുന്നത് എന്നാണ് യാഥാര്‍ത്ഥ്യം. ഇന്ന് പൊതുവെ മതത്തിന്റെ ആളുകള്‍ തുറന്ന സംവാദമനസ്സ് കാത്തുസൂക്ഷിക്കുമ്പോള്‍ നമ്മുടെ കൊട്ടിഘോഷിക്കപ്പെടുന്ന ലിബറല്‍  സെക്യുലറിസ്റ്റ് ബുദ്ധിജീവികള്‍ അതിന് ശ്രമിക്കുന്നതേയില്ല''

Monday, May 2, 2011

വികസന ഫോറത്തിന്റെ പ്രത്യാശകള്‍




വികസനം എന്ന നാലക്ഷരത്തിന് ഒരു സമൂഹത്തിന്റെ മൊത്തം ഗതിയെ നിര്‍ണയിക്കാനുള്ള കരുത്തുണ്ട്. ഒരു ജനതയുടെ മുന്നോട്ടുപോക്കിനെക്കുറിച്ച മുഴുവന്‍ പ്രത്യാശകളും ഉള്‍ക്കൊള്ളുന്ന വ്യവഹാരമാണ് വികസനം. മുതലാളിത്ത വ്യവസ്ഥക്കകത്ത് അറിവിന്റെ വമ്പിച്ച അധികാരം ഘനീഭവിക്കുന്ന ആശയമാണ് വികസനം. അതിന് മുതലാളിത്തത്തിനകത്ത് നിര്‍ണിതമായ അര്‍ഥങ്ങളുണ്ട്. അതിനെ എതിര്‍ക്കുന്നവരെ വികസന വിരുദ്ധരെന്ന അറിവധികാര പ്രയോഗം കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് കുടിയൊഴിപ്പിക്കും. വികസനം എന്ന സങ്കല്‍പത്തിനു മുന്നില്‍, തലമുറകളായി പാര്‍ക്കുന്ന ആവാസവ്യവസ്ഥകള്‍ക്കകത്തുനിന്ന് നിങ്ങള്‍ പറിച്ചെറിയപ്പെടാം. മലയും പാടവും പുഴയും സമനിരപ്പാക്കാനുള്ള ശേഷി ആ വാക്കിനുണ്ട്. ഫാഷിസ്റ്റ് ഭരണാധികാരികളുടെ മനുഷ്യവിരുദ്ധതകളെ വെള്ളപൂശാനുള്ള കഴിവ് വികസനമെന്ന വിഭാവനക്കുണ്ട്. നരേന്ദ്രമോഡി ഫാഷിസ്റ്റാണെങ്കിലും നമ്മുടെ വികസനത്തിന്റെ പ്രതീകമാണ്. ഒരുപാട് നിലവിളികളെ നിശ്ശബ്ദമാക്കാന്‍ കഴിയുന്ന ഒരു പ്രയോഗമാണത്. ആധുനികയുഗം വികസനത്തിന്റെ യുഗം കൂടിയാണ്. ആധുനിക യുഗത്തെ സൃഷ്ടിച്ചത് വികസനം എന്ന പ്രത്യയശാസ്ത്രമാണ്. മുതലാളിത്തത്തിന് പര്യായമായി പറയാവുന്ന വാക്ക്. വികസിത രാഷ്ട്രം, വികസ്വരരാഷ്ട്രം, അവികസിത രാഷ്ട്രം എന്നതിന്റെ ശരിയായ വിവര്‍ത്തനം മുതലാളിത്തവത്കരിക്കപ്പെട്ട രാഷ്ട്രം, മുതലാളിത്തവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രം, മുതലാളിത്തവത്കരിക്കപ്പെടാത്ത രാഷ്ട്രം എന്നാണ്. മുതലാളിത്തത്തില്‍ സമൂഹങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡാണ് വികസനം. മുതലാളിത്തത്തിന്റെ അച്ചുതണ്ടില്‍ കറങ്ങുന്ന ലോകത്തെ സൃഷ്ടിച്ചത് വികസനമെന്ന ആശയാവലിയാണ്. മുതലാളിത്തത്തിന്റെ കോളനിയാത്രകള്‍ എന്നും ന്യായീകരിക്കപ്പെട്ടത് വികസനം എന്ന ആദര്‍ശത്തിന്റെ പേരിലാണ്. മുസ്‌ലിം സ്ത്രീയെ വിമോചിപ്പിക്കാനാണ് ഒബാമ അഫ്ഗാനില്‍ സ്വന്തം പട്ടാളത്തെ തീറ്റിപ്പോറ്റുന്നത്.
മറുഭാഗത്ത് അല്ല, അതേ ഭാഗത്ത് കാലാവസ്ഥാ വ്യതിയാനം മുതല്‍ ആവര്‍ത്തിക്കപ്പെടുന്ന സൂനാമികള്‍ വരെ ഈ വികസനത്തിന്റെ സംഭാവനകളാണ്. റാഷല്‍ ഗരോഡിയുടെ ഭാഷയില്‍ 'ജീവിക്കാന്‍ കാരണമില്ലാത്തത് കൊണ്ട് ആത്മഹത്യ ചെയ്യുന്ന പാശ്ചാത്യ ഭൗതിക സമൂഹത്തെ' നിര്‍മിച്ചത് ഈ വികസന സങ്കല്‍പമാണ്.
പാവപ്പെട്ടവനെ കുടിയൊഴിപ്പിക്കുന്ന, കീഴടക്കലിന്റെ പടയോട്ടങ്ങള്‍ക്ക് ന്യായമൊരുക്കുന്ന, പണക്കാരനെ പ്രബലനും പാവപ്പെട്ടവനെ അധമനുമാക്കുന്ന, പ്രകൃതിയെ കാര്‍ന്നുതിന്നുന്ന വികസനം എന്ന ജ്ഞാനാധികാരത്തെ അപനിര്‍മിച്ചും പുനര്‍നിര്‍മിച്ചും മാത്രമേ യഥാര്‍ഥ മനുഷ്യനും പ്രകൃതിക്കും നിലനില്‍ക്കാനും മുന്നോട്ടു പോകാനും കഴിയൂ. സമരത്തിനപ്പുറം, ആശയപരമായ മുതലാളിത്തത്തിന്റെ മേല്‍ക്കോയ്മയെ തകര്‍ത്തു മാത്രമേ മനുഷ്യന്റെ കൊടി ഇനി ഉയര്‍ത്താനാവൂ.
വികസനം എന്ന സങ്കല്‍പത്തിന്റെ ഗുണപരമായ വശം, അത് നിശ്ചലതയെ നിരാകരിക്കുന്നു എന്നതാണ്. ആ പദം മുന്നോട്ടുപോക്കിനെക്കുറിച്ച പ്രത്യാശയാണ് വിനിമയം ചെയ്യുന്നത്. മുതലാളിത്തത്തിന് എതിര് പറയുമ്പോഴും സമൂഹത്തിന്റെ മുന്നോട്ടുപോക്കിനെ നിരാകരിക്കാനാവില്ല. മുതലാളിത്തത്തെ മറികടക്കാനുള്ള വഴി അതിന്റെ രചനാത്മകതയെ പ്രതിരോധ പ്രവര്‍ത്തകര്‍ സ്വാംശീകരിക്കുക എന്നതാണ്. മുതലാളിത്തത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് സമരത്തിന്റെ ഭാഷയില്‍ മാത്രമല്ല, വികസനത്തിന്റെ ഭാഷയിലും സംസാരിക്കാന്‍ സാധിക്കേണ്ടതുണ്ട്. അങ്ങനെ വികസനമെന്ന ജ്ഞാനാധികാരത്തെ അട്ടിമറിക്കാന്‍ കഴിയണം. ജ്ഞാനത്തിന്റെ ബുള്‍ഡോസറാണ് സാമാന്യ ജനത്തിനും പ്രകൃതിക്കുമെതിരെ ആദ്യമായി പ്രയോഗിക്കപ്പെടുന്നത്. അതിനെ തടഞ്ഞുനിര്‍ത്താന്‍ സമരത്തെ ജ്ഞാനത്തിന്റെ മണ്ഡലത്തിലേക്ക് വികസിപ്പിക്കേണ്ടതുണ്ട്. ഇരകളുടെ അനുഭവങ്ങളെ അറിവുകളാക്കി മാറ്റേണ്ടതുണ്ട്. അനുഭവങ്ങളെ അറിവുകളാക്കി മൊഴിമാറ്റം ചെയ്യുന്ന പ്രക്രിയക്ക് സമരസമൂഹം നേതൃത്വം നല്‍കണം. ഇപ്പോള്‍ അറിവ് മുതലാളിത്തത്തിനും അനുഭവം ഇരക്കുമാണ്.
സോളിഡാരിറ്റി ഒരു സംഘടന എന്ന നിലയില്‍ പിറന്നു വീണതുതന്നെ വികസന സംവാദത്തിനകത്താണ്. കേരളത്തിലെ വികസനത്തിന്റെ പ്രതിപക്ഷം നയിക്കുന്ന അതിജീവന സമരങ്ങളുടെ തോഴനും തേരാളിയുമായാണ് അത് തുടക്കം മുതലേ മുന്നോട്ടുപോയത്. 2004-ല്‍ പാലക്കാട്ട് വെച്ച് നടന്ന അതിന്റെ പ്രഥമ സംസ്ഥാന സമ്മേളനം കൈമാറിയ സന്ദേശം 'മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത്' എന്നതായിരുന്നു. കേരളത്തിന് വേണ്ടാത്ത വികസനത്തിനെതിരെ അത് ഒരുപാട് സംസാരിച്ചിട്ടുണ്ട്. സമരങ്ങള്‍ വെറും സമരം മാത്രമല്ല, അത് വികസനത്തെക്കുറിച്ച പ്രതികാഴ്ചപ്പാട് കൂടിയാണ്.
വികസനം എന്ന പരികല്‍പനയെ മുതലാളിത്തത്തിന്റെ അച്ചുകൂടത്തില്‍ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. കാരണം ആ വാക്ക് ഒരു നാടിന്റെ വളര്‍ച്ചയെക്കുറിച്ച സ്വപ്നങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. അവരുടെ ഭാവിയെ നിശ്ചയിക്കുന്നുണ്ട്. ജനങ്ങളുടെ യഥാര്‍ഥവും ആരോഗ്യകരവുമായ സ്വപ്നങ്ങളെ വരക്കാനുള്ള കാന്‍വാസായി അതിനെ പുതുക്കിപ്പണിയണം. അത്തരമൊരു ശ്രമമാണ് മാര്‍ച്ച് 11-13 തീയതികളില്‍ എറണാകുളത്ത് വെച്ച് സോളിഡാരിറ്റി സംഘടിപ്പിച്ച പുതിയകേരളം വികസന ഫോറവും ജനപക്ഷ വികസന സമ്മേളനവും. മൂന്ന് ദിവസം സമരങ്ങളെ, മുതലാളിത്തത്തിനെതിരായ വിമര്‍ശനങ്ങളെ വികസനത്തിന്റെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. കേരളത്തിനെന്തുവേണ്ട എന്നായിരുന്നു സോളിഡാരിറ്റി ഇതുവരെ പറഞ്ഞതെങ്കില്‍ കേരളത്തിന് യഥാര്‍ഥത്തില്‍ എന്താണ് വേണ്ടതെന്ന് വിശദമായി പറയാനാണ് വികസന ഫോറം ശ്രമിച്ചത്.
അതിവേഗം ബഹുദൂരം വികസിക്കുന്ന മുതലാളിത്തത്തെ പിടിച്ചുകെട്ടുക എന്നതുതന്നെ വലിയ ഒരു നൈതിക പ്രവര്‍ത്തനമാണ്. പക്ഷേ, അതുകൊണ്ട് മാത്രം മുതലാളിത്തത്തെ തോല്‍പിക്കാനാവില്ല. വികസനം അഥവാ വളര്‍ച്ച എന്ന ഊര്‍ജം മുതലാളിത്തത്തിന്റെ അതിജീവനശേഷിയുടെ വലിയ ഒരു കാരണമാണ്. എത്ര വിനാശകരമാണെങ്കിലും അത് മുന്നോട്ടുപോക്കിനെ പ്രതിനിധീകരിക്കുന്നു. മുതലാളിത്തത്തെ ചെറുക്കുന്നവര്‍ക്ക് എങ്ങനെ മുന്നോട്ടു പോവരുത് എന്നതിനപ്പുറം എങ്ങനെ മുന്നോട്ടുപോവണം എന്നു പറയാനുള്ള ബാധ്യത കൂടിയുണ്ട്. അപ്പോഴാണ് ഇപ്പോള്‍ മുതലാളിത്തത്തിന്റെ കൈയിലുള്ള സമൂഹഗാത്രത്തിന്റെ മൂക്കുകയര്‍ അതിനെ പ്രതിരോധിക്കുന്നവരുടെ കൈകളില്‍ വന്നുചേരുക.
സോളിഡാരിറ്റി വികസനഫോറത്തിന്റെ ഏറ്റവും വലിയ സവിശേഷത നമ്മുടെ വികസന വ്യവഹാരങ്ങളില്‍ ഇടം ലഭിക്കാത്ത നിരവധി വിഷയങ്ങളെ അത് വികസന വ്യവഹാരത്തിനകത്തേക്ക് കൊണ്ടുവന്നു എന്നതാണ്. വികസനത്തെ ഒരു സമൂഹത്തിന്റെ എല്ലാ നല്ല സ്വപ്നങ്ങളെയും ഉള്‍ക്കൊള്ളുന്ന വാക്കാക്കി വികസിപ്പിച്ചു എന്നതാണ്.
കേരള വികസനമോഡലിന്റെ അപരമായി പോലും വികസന ചര്‍ച്ചയില്‍ ഇതുവരെ മലബാര്‍ കടന്നുവന്നിട്ടില്ല. എന്നാല്‍ മലബാറിനോടുള്ള വിവേചനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് വികസന ഫോറം ചര്‍ച്ചക്കെടുത്തത്. മലയാള മാനക ഭാഷയുടെ രൂപീകരണത്തില്‍ പോലും മലബാറിന്റെ ഉപഭാഷകള്‍, ഭാഷാ ഭേദങ്ങള്‍ എങ്ങനെയാണ് പുറംതള്ളപ്പെട്ടത് എന്ന് ഫോറം വിശദമാക്കി. സംവരണം വികസനത്തിന്റെ വിലങ്ങുതടിയായാണ് മനസ്സിലാക്കപ്പെടുന്നത്. സവര്‍ണ പൊതുബോധം വികസനത്തെക്കുറിച്ചും മെറിറ്റിനെക്കുറിച്ചും സൃഷ്ടിച്ച അന്ധവിശ്വാസമായിരുന്നു അത്. കേരള വികസനവും സംവരണവും എന്ന വിഷയം ചരിത്രത്തിലാദ്യമായി ഫോറം ചര്‍ച്ചക്കെടുത്തു. ലിംഗ പ്രശ്‌നങ്ങള്‍ നമുക്ക് വികസന പ്രശ്‌നമാണ്. സംവരണ പ്രശ്‌നങ്ങള്‍ വികസന വിഷയങ്ങളേയല്ല.
മാനവിക വികസനത്തില്‍ ഒരു സമൂഹത്തിന്റെ മനുഷ്യാവകാശ സംരക്ഷണത്തിന്റെ തോത് ഒരു സൂചകമായി പരിഗണിക്കപ്പെടണമെന്ന നവീനാശയവും അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തെക്കുറിച്ച വിലയിരുത്തലും മാനവിക വികസന ചര്‍ച്ചയില്‍ നടന്നു. വികസനത്തെ ഇങ്ങനെ നോക്കിക്കണ്ടാല്‍ നരേന്ദ്രമോഡി വികസനത്തിന്റെ ഉടല്‍ രൂപമാവില്ല. വിദ്യാഭ്യാസത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞ പോലെ ഒരു സമൂഹത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയായിരിക്കണം വികസനം. കേരളത്തിലെ മുസ്‌ലിം സ്ത്രീ വികസന വിശകലനങ്ങളിലെ അപരമായി മാറുന്നതിന്റെ കാരണവും മുസ്‌ലിം സ്ത്രീകളുടെ യഥാര്‍ഥമായ പ്രശ്‌നങ്ങളും പ്രതിവിധികളും ഫോറം ചര്‍ച്ചക്കെടുത്തു. മാറേണ്ടത് മുസ്‌ലിം സ്ത്രീ മാത്രമല്ല, മുസ്‌ലിം സ്ത്രീയെക്കുറിച്ച പൊതു സമൂഹത്തിന്റെ ശാഠ്യങ്ങള്‍ കൂടിയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് വേറിട്ട വഴികള്‍ നിര്‍ദേശിച്ചു. എന്താണ് വികസനമെന്ന ചോദ്യം ഫോറം ഉറക്കെ ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു. ജി.ഡി.പി വളര്‍ച്ച സമം വികസനം എന്ന സൂത്രവാക്യത്തെ, മുഖ്യധാരാ വികസന വ്യവഹാരത്തിന്റെ താക്കോല്‍ വാക്കിനെ അത് യുക്തിഭദ്രമായി ഖണ്ഡിച്ചു.
വരവ് വെക്കപ്പെടാത്ത ഒരുപാട് കര്‍മശേഷികള്‍ നമ്മുടെ വികസന ചര്‍ച്ചക്ക് പുറത്തുണ്ട്. കുടുംബത്തെയും ജനകീയ ആരോഗ്യ പ്രവര്‍ത്തനത്തെയുമെല്ലാം വികസന വ്യവഹാരത്തിനകത്ത് ദൃശ്യവത്കരിക്കാന്‍ ഫോറം ശ്രമിച്ചു. വികസനം അദൃശ്യമാക്കിയവരെ വികസനത്തിനകത്തുതന്നെ ദൃശ്യമാക്കുക എന്നതായിരുന്നു ഫോറം നിര്‍വഹിച്ച ദൗത്യം.
സമരപക്ഷത്തിന് പ്രതിപക്ഷമാവാനുള്ള ശേഷി മാത്രമല്ല ഭരണപക്ഷമാവാനുള്ള പ്രാപ്തിയുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വികസന ഫോറം. ഓരോ സമരവും ഒരു സ്‌കൂളാണ്. അല്ലെങ്കില്‍ സര്‍വകലാശാലയാണ്. അത് ഉല്‍പാദിപ്പിക്കുന്ന അറിവുകളെ ഓരോ രംഗത്തും അത് മുന്നോട്ടുവെച്ചു. വികസനാനന്തര ലോകത്തിന്റെ വികസന കാഴ്ചപ്പാടുകളും മതേതരാനന്തര കാലത്തിന്റെ മത രാഷ്ട്രീയ കാഴ്ചപ്പാടുകളുമായിരുന്നു ഫോറവും സമ്മേളനവും പൊതുസമൂഹത്തോട് പങ്കുവെച്ചത്. അപ്പോള്‍ സോളിഡാരിറ്റി ഒരു സംഘടന മാത്രമല്ല, ഒരു വിദ്യാലയം കൂടിയാണ്. പ്രതിജ്ഞാനത്തെയും ജ്ഞാനിമത്തെയും (വിജ്ഞാനത്തിന്റെ ചട്ടക്കൂട്, അടിസ്ഥാന കാഴ്ചപ്പാട്) ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന കലാശാല. കേരളത്തിന്റെ വളര്‍ച്ചയുടെ സമഗ്രമായ ഉത്തരവാദിത്വമാണ് പരിപാടിയിലൂടെ സോളിഡാരിറ്റി കേരളത്തിലെ പൗരസമൂഹത്തിനു വേണ്ടി ഏറ്റെടുത്തത്. കേരളത്തിലെ ഇസ്‌ലാമിക സമൂഹിക മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ കേരളീയ സമൂഹത്തെക്കുറിച്ച സര്‍വതല സ്പര്‍ശിയും ഉത്തരവാദിത്വപൂര്‍ണവുമായ കാല്‍വെപ്പാണ് വികസന ഫോറം. കേരളത്തെ ഭൗതികമായും സാംസ്‌കാരികമായും മുന്നോട്ടു നയിക്കാനുള്ള ചുമതല പഠനപൂര്‍വം അത് ഏറ്റെടുക്കുകയാണ്. കേരള വികസന ചര്‍ച്ച ഇനി മുതല്‍ ഇത്രമേല്‍ നൈതികമായിരിക്കും. കേരളത്തെക്കുറിച്ച എല്ലാം സോളിഡാരിറ്റിയുടെ പ്രധാന വിഷയങ്ങളാണ്. സമൂഹത്തിന്റെ ഏതെങ്കിലും ഇടങ്ങളില്‍ ഒതുങ്ങിനിന്ന് പ്രവര്‍ത്തിക്കാനല്ല അത് ശ്രദ്ധിക്കുന്നത്. മൗലികാശയത്തില്‍ നിന്ന് അതിന്റെ പ്രയോഗതലത്തിലേക്കുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ വഴിയിലെ നാഴികക്കല്ലായിരിക്കും പുതിയ കേരളം വികസന ഫോറവും വികസന സമ്മേളനവും. സമരത്തിലും രാഷ്ട്രീയത്തിലും സേവന രംഗത്തും മാത്രമല്ല, വൈജ്ഞാനിക രംഗത്തും അതിന് നിരവധി സുഹൃത്തുക്കള്‍ ഉണ്ടെന്ന് തെളിയിച്ച പരിപാടിയായിരുന്നു അത്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബഹുസ്വര പരിപാലനശേഷിയെ അടിവരയിട്ട് തെളിയിച്ച പരിപാടി കൂടിയായിരുന്നു അത്. വിശ്വാസികളും അവിശ്വാസികളും പലതരം വിശ്വാസികളും സ്ത്രീകളും പുരുഷന്മാരും എല്ലാം പങ്കുചേര്‍ന്ന വൈജ്ഞാനിക സംഗമമായിരുന്നു വികസന ഫോറം. പ്രതിരോധത്തിന്റെയും സമന്വയത്തിന്റെയും കലയും സംഗീതവും പരിപാടികളുടെ സൗന്ദര്യത്തിന് ഏറെ മാറ്റുകൂട്ടി.