Tuesday, October 12, 2010

ബാബരി മസ്ജിദും ഇന്ത്യന്‍ മുസ്‌ലിംകളുടെ അജണ്ടയും

ബാബരി മസ്ജിദ് ഇന്ത്യയുടെ സാമൂഹികരാഷ്ട്രീയ ചരിത്രത്തില്‍ രാസത്വരകമായി എണ്‍പതുകളുടെ അന്ത്യം മുതല്‍ തൊണ്ണൂറുകളുടെ മധ്യംവരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. മണ്ഡലും മസ്ജിദുമാണ് ഇന്ത്യയില്‍ പുതിയ ചില രാഷ്ട്രീയ പ്രവണതകള്‍ക്ക് നിമിത്തമായത്. ഒരു ജനത എന്നനിലയില്‍ മുസ്‌ലിംകള്‍ക്ക് അതിനെ ഏറെ ഉപയോഗപ്പെടുത്താനൊന്നുമായിട്ടില്ല. മണ്ഡലിനെത്തുടര്‍ന്ന് ഉത്തരേന്ത്യയിലെങ്കിലും ദലിത് പിന്നോക്കരാഷ്ട്രീയം ഉയര്‍ന്നുവന്നു. എന്നാല്‍ മുസ്‌ലിം മുന്‍കൈയില്‍ ഒരു രാഷ്ട്രീയത്തെ ഉയര്‍ത്തിക്കൊണ്ടുവരാനോ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയാവസ്ഥയില്‍ മാറ്റം രചിക്കാനോ മുസ്‌ലിം നേതൃത്വത്തിന് ബാബരിധ്വംസനത്തെത്തുടര്‍ന്നും സാധിച്ചില്ല. ബാബരിധ്വംസനത്തെ തുടര്‍ന്ന് മുസ്‌ലിം ഇന്ത്യ ചവിട്ടിപുറത്താക്കയ കോണ്‍ഗ്രസിനെത്തന്നെ ചെറിയ തിരുത്തലോടെ അതിനു സ്വീകരിക്കേണ്ടിവന്നു. ദലിത് പിന്നോക്കരാഷ്ട്രീയം അവര്‍ക്ക് സുരക്ഷിതത്വം നല്‍കിയെങ്കിലും അധികാരപങ്കാളിത്തം നല്‍കാന്‍ വിസമ്മതിച്ചു.

പക്ഷേ, ബാബരി മൂവ്‌മെന്റ് ഒരു പരാജയമായിരുന്നില്ല. ഇന്ത്യന്‍ മുസ്‌ലിമിന്റെ എല്ലാ പരാധീനതകളും അതിനുണ്ടായിരുന്നെങ്കില്‍ തന്നെയും. ബാബരിമസ്ജിദ് ഒഴികെയുള്ള രാജ്യത്തെ എല്ലാ ദേവാലയങ്ങളുടെയും ഉടമസ്ഥാവകാശം 1947 ആഗസ്റ്റ് 15നെ കട്ട്ഓഫ് ഡേറ്റായി കണക്കാക്കി നിശ്ചയിക്കാനുള്ള ബില്‍ ബാബരി പ്രക്ഷോഭം നേടിയെടുത്ത വിജയമായിരുന്നു. അല്ലെങ്കില്‍ ആ പ്രക്ഷോഭത്തിന്റെ ഉപോല്‍പന്നമായിരുന്നു. രാജ്യത്തെ മതേതര ജാഗ്രതയെ ശക്തിപ്പെടുത്തുന്നതില്‍ ബാബരി പ്രക്ഷോഭം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകള്‍ നയിച്ച അങ്ങേയറ്റം മതേതരമായ ഒരു പ്രസ്ഥാനമായിരുന്നു അത്.

എന്നാല്‍ പുതിയ വിധിയുടെ മുമ്പ് മുസ്‌ലിംനേതാക്കള്‍ നടത്തിയ പ്രസ്താവനകളിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ബാബരി പ്രശ്‌നത്തെ തെരുവിലേക്കെടുക്കരുതെന്നതായിരുന്നു. ബാബരി ഇപ്പോള്‍ ഒരു തെരുവുപ്രശശ്‌നമല്ല. ബാബരി തെരുവ് പ്രശ്‌നമായത് അതിനെതിരെ ഫാഷിസ്റ്റുകള്‍ നിയമം കൈയിലെടുക്കുകയും സര്‍ക്കാര്‍ അനീതി കാണിക്കുകയും ചെയ്ത സന്ദര്‍ഭങ്ങളിലാണ്. ഇപ്പോള്‍ ബാബരി മസ്ജിദ് ഒരു കോടതിവിഷയമാണ്. പ്രത്യേകിച്ച് അതൊരു സിവില്‍ തര്‍ക്കമാണ്. രാഷ്ട്രീയ തീരുമാനങ്ങള്‍ക്കെതിരില്‍ പങ്കൊന്നും വഹിക്കാനില്ല.

പുതിയ കോടതിവിധി മുസ്‌ലിംകളില്‍ നിരാശ സൃഷ്ടിച്ചു എന്നത് വാസ്തവമാണ്. എന്നാല്‍ കോടതി വിധി മാനിക്കും എന്നാണ് ഈ വിഷയത്തിന്റെ ഓരോ ഘട്ടത്തിലും മുസ്‌ലിംനേതൃത്വം പറഞ്ഞിരുന്നത്. കോടതിവിധി തങ്ങള്‍ക്കനുകൂലമായാല്‍ അംഗീകരിക്കും എന്നതല്ലല്ലോ അതിനര്‍ഥം. കോടതിവിധി അംഗീകരിക്കില്ല എന്നുപറഞ്ഞവര്‍ക്കനുകൂലമായി കോടതിവിധി വന്നിരിക്കുന്നു. ഇത് പ്രയാസകരമാണെങ്കിലും ധാര്‍മികമായ ഒരു പരീക്ഷണം ഇതിനകത്തുണ്ട്. അതിനെ മുസ്‌ലിം നേതൃത്വവും സാമാന്യജനവും അത്യുജ്വലമായി അഭിമുഖീകരിച്ചു.  അഭിമാനാര്‍ഹമായ വിധത്തില്‍ വിജയിച്ചു. ഒരു പള്ളിയുടെ അവകാശ ലബ്ധിയേക്കാള്‍ വലുതാണ് വാക്കിന്റെ സത്യമെന്നത്, മൂല്യമെന്നത്. പള്ളിതന്നെയും മൂല്യങ്ങളെ അനുശീലിപ്പിക്കാനും പ്രകാശിപ്പിക്കാനുമാണല്ലോ?

അതേസമയം, ഇത് രാജ്യത്തിന്റെ പക്വതയെ വെളിപ്പെടുത്തിയ സന്ദര്‍ഭമാണെന്ന വിലയിരുത്തല്‍ അസ്ഥാനത്താണ്. കാരണം സത്യം വിധിച്ചാല്‍ അതിനെ സംയമനത്തോടെ സ്വീകരിക്കാനുള്ള ജനാധിപത്യവളര്‍ച്ച രാജ്യം കൈവരിച്ചിട്ടില്ല എന്നതാണ് വിധി തെളിയിക്കുന്നത്. ലഖ്‌നോ ബെഞ്ചിന് നേതൃത്വം നല്‍കിയ സിബ്ഗത്തുല്ലാഖാന്‍ തന്റെ വിധിന്യായത്തിന്റെ ആമുഖത്തില്‍ പറയുന്നത് കണക്ക് പരിശോധിച്ചുള്ള തീര്‍പ്പല്ല, രമ്യതയുടെ പാതയിലേക്ക് വഴിനടത്താനാണ് കോടതിയുടെ ശ്രമമെന്നാണ്. സത്യംകൊണ്ട് രമ്യത കൈവരിക്കാന്‍ കഴിയുന്ന പാകതയിലേക്ക് ഇന്ത്യന്‍ ജനാധിപത്യസമൂഹത്തിന് ഇനിയും വളരാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് കോടതിവിധി നല്‍കുന്ന സന്ദേശം.

കോടതിവിധി മാനിക്കില്ല എന്ന നിലപാട് വേണമെങ്കില്‍ മുസ്‌ലിം സമൂഹത്തിനും സ്വീകരിക്കാമായിരുന്നു. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ പിന്തുടരുന്ന ഹനഫീ കര്‍മശാസ്ത്ര സരണിയിലെ വിധിപ്രകാരം ഒരു സ്ഥലം പള്ളിയായി വഖഫ് ചെയ്തുകഴിഞ്ഞാല്‍ അത് എക്കാലത്തും പള്ളിയാണ്. അതിന്റെ ആകാശഭാഗവും ഭൂമിയുടെ അന്തര്‍ഭാഗവും പള്ളിയും പവിത്രവുമാണ്. വിശ്വാസികള്‍ക്ക് തന്നെ അതിനെ മാറ്റാനധികാരമില്ല. പക്ഷേ, എന്നിട്ടും കോടതിവിധി അംഗീകരിക്കും എന്ന നിലപാടെടുക്കാന്‍ കാരണം ഇതാണ്. ന്യായമായ സ്ഥലത്ത് നിര്‍മിക്കുന്ന പള്ളി മാത്രമേ സാധുവാകുകയുള്ളള്ളൂ. രണ്ട്, ഒരു വസ്തു അവകാശതര്‍ക്കം വിശ്വാസപരമായല്ല പരിഹരിക്കേണ്ടത്. അത് ഇസ്‌ലാമിന്റെ തന്നെ നീതിശാസ്ത്രത്തിനെതിരാണ്. വസ്തു അവകാശതര്‍ക്കങ്ങള്‍ തീര്‍പ്പുകല്‍പിക്കാനുള്ള അടിസ്ഥാനമായി വിശ്വാസത്തെ അംഗീകരിച്ചുകൊണ്ട് ഒരു ബഹുസ്വരസമൂഹത്തിനു മുന്നോട്ടുപോകാനാവില്ല. ദൗര്‍ഭാഗ്യവശാല്‍ ഇത്തരമൊരു പ്രതിസന്ധിയിലേക്കാണ് ഈ കോടതിവിധി ഇന്ത്യന്‍ ജനാധിപത്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. പക്ഷേ, അംബേദ്കര്‍ ചൂണ്ടിക്കാട്ടിയപോലെ 'ഇത് ജനാധിപത്യയുഗമാണ്. ജനാധിപത്യം വേണ്ടത്ര ജനാധിപത്യമായിട്ടില്ലെങ്കില്‍ വേണ്ടത്ര ജനാധിപത്യമാക്കേണ്ടത് നാം പൗരന്മാര്‍ തന്നെയാണ്.' ഹൈക്കോടതി വിധിക്കെതിരായ സുന്നി വഖഫ്‌ബോര്‍ഡിന്റെ അപ്പീലിന്റെ പ്രസക്തി അതാണ്. സുപ്രീംകോടതിയിലും പരാജയപ്പെടാം. വസ്തുതയേക്കാള്‍ വിശ്വാസമാണ് പ്രമാണം എന്ന് പരമോന്നതകോടതിയും വിധിക്കാം. അപ്പോഴും അവശേഷിക്കുന്നത് ഇനിയും പരിഹരിക്കപ്പെടേണ്ട ദൗര്‍ബല്യങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ടെന്ന വസ്തുത മാത്രമാണ്. ബാബരിമസ്ജിദിന് ഭൂരിപക്ഷ ന്യൂനപക്ഷ മതവികാരത്തിന്റെ പ്രശ്‌നമല്ല. ജനാധിപത്യത്തിന്റെ ആരോഗ്യാനാരോഗ്യത്തിന്റെ പ്രശ്‌നമാണ്. ജനാധിപത്യത്തിന്റെ പ്രശ്‌നങ്ങളെ ജനാധിപത്യപരമായി മാത്രമേ പരിഹരിക്കാന്‍ കഴിയൂ. ജനാധിപത്യം അതിന്റെ ഉത്തരം രോഗാതുരതകളെ എല്ലാം ഭേദമാക്കി പൂര്‍ണാരോഗ്യം നേടിയെടുക്കുകതന്നെ ചെയ്യും. അവകാശത്തര്‍ക്കത്തില്‍ ഏതെങ്കിലും വസ്തുതകളെ അവലംബിച്ച് കോടതി വിശ്വഹിന്ദു പരിഷത്തിനനുകൂലമായി വിധിക്കുകയായിരുന്നെങ്കില്‍ അത് ഇത്ര അപകടകരമാവുമായിരുന്നില്ല. അത് ഉടമാവകാശം ആര്‍ക്കുനല്‍കി എന്നതിനേക്കാള്‍ അതിനവംബലിച്ചത് വിശ്വാസത്തെയാണെന്നതാണ് കോടതിവിധിയെ ഇന്ത്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ ഒരു പ്രതിസന്ധിയാക്കി മാറ്റുന്നത്.

ബാബരി മസ്ജിദും ഇന്ത്യന്‍ മുസ്‌ലിംകളും
അതേസമയം ബാബരി മസ്ജിദ് ഇന്ത്യന്‍ മുസ്‌ലിംകളുടെ അജണ്ടയുടെ കേന്ദ്രസ്ഥാനമാവേണ്ടതുണ്ടോ എന്ന ആലോചനക്കും സമാന്തരമായിതന്നെ ഏറെ പ്രസക്തിയുണ്ട്. ഒരു പള്ളി അവകാശതര്‍ക്കത്തില്‍ മുസ്‌ലിം സമൂഹത്തെ തളച്ചിടാന്‍ കഴിയുക എന്നത് ശത്രുവിന്റെ വിജയമാണ്. പ്രത്യേകിച്ച് കൃത്രിമമായെങ്കിലും സൃഷ്ടിച്ചെടുത്ത മറ്റൊരു മതവികാരത്തിനെതിരായ പള്ളി പ്രശ്‌നത്തില്‍. എന്തു വിലകൊടുത്തും ഒരു പള്ളി വിമോചിപ്പിക്കുക എന്നതല്ല ഇന്ത്യന്‍ മുസ്‌ലിംകളുടെ ദൗത്യം. ഒരു പള്ളിയുടെ വിമോചനത്തേക്കാള്‍ രാജ്യത്തിന്റെ തന്നെ ആത്മീയവും ഭൗതികവുമായ വിമോചനമാണ് മുസ്‌ലിം സമൂഹത്തിന്റെ അജണ്ടയാവേണ്ടത്. ജനാധിപത്യവിരുദ്ധമായ അവസ്ഥകളില്‍ നിന്ന് ജനാധിപത്യപരമായി രാജ്യവാസികളെ വിമോചിപ്പിക്കുക എന്നതാണ് മുസ്‌ലിം സമൂഹത്തില്‍ ഭരമേല്‍പിക്കപ്പെട്ട അടിസ്ഥാനഉത്തരവാദിത്തം. അങ്ങനെ രാജ്യത്ത് ക്ഷേമവും സമാധാനവും സൃഷ്ടിക്കുക. ആ ദൗത്യനിര്‍വഹണത്തിനു സഹായകമാവുന്ന വിധത്തില്‍ ബാബരിപ്രശ്‌നത്തെയും നോക്കിക്കാണുകയാണ് ചെയ്യേണ്ടത്. വിശാലമായ ലക്ഷ്യങ്ങളുള്ളവര്‍ക്ക് താല്‍ക്കാലികമായ വികാരവിക്ഷോഭങ്ങളെ മറികടക്കാന്‍ കഴിയണം. ഇന്ത്യന്‍ മുസ്‌ലിം അജണ്ട ഒരു പള്ളിവിമോചന കമ്മിറ്റിയായി ചുരുങ്ങാതിരിക്കണം. അത് മനുഷ്യവിമോചന യത്‌നമായി വികസിക്കണം.

രാജ്യം നേരിടുന്ന ദാരിദ്ര്യവും അസമാധാനവും നിരക്ഷരതയും പോഷകാഹാരക്കുറവും ഭൂമിയില്ലായ്മയും മൂലധന ചൂഷണവും എല്ലാം അപ്രസക്തമാവുകയും അമ്പലവും പള്ളിയും അതിന്റെ അവകാശതര്‍ക്കവും പ്രസക്തമാവുകയും ചെയ്യുന്നത് മതത്തിനോ രാജ്യത്തിനോ ഗുണകരമല്ല. മതത്തിന്റെ തെറ്റായ പ്രതിച്ഛായ നിര്‍മിതിക്ക് മാത്രമേ അത് ഉപകരിക്കൂ. ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ തല തിരിച്ചിടലാണത്. നാം മുന്‍കൈയെടുത്തല്ലെങ്കിലും ഇത്തരമൊരന്തരീക്ഷം നിര്‍മിക്കപ്പെടുന്നതിനെ എങ്ങനെ മറികടക്കാം എന്നത് ഇന്ത്യന്‍ മുസ്‌ലിംനേതൃത്വം ഗൗരവത്തിലാലോചിക്കേണ്ടതാണ്. പട്ടിണിയും ദാരിദ്ര്യവും അസമാധാനവും പ്രശ്‌നമാകാത്ത, പള്ളിയും അമ്പലവും മാത്രം പ്രശ്‌നമാകുന്ന മതമെന്നത് മതത്തിന്റെ വികൃതാവതരണമാണ്.

മക്കയിലെ ഭൗതികവും ആത്മീയവുമായ എല്ലാ വിഷയങ്ങളും ഉന്നയിച്ച് രംഗത്തുവന്ന പ്രവാചകന്‍ കഅബയുടെ യഥാര്‍ഥ അവകാശികള്‍ മുസ്‌ലിംകളായിരുന്നിട്ടും അതിന്റെ അവകാശത്തെ ഒരിക്കലും ഉന്നയിക്കുന്നില്ല. കാരണം ഒരു പള്ളി വിമോചിപ്പിക്കുക എന്നതിനേക്കാള്‍ ആ ജനതയെത്തന്നെ ആത്മീയമായും ഭൗതികമായും വിമോചിപ്പിക്കുക എന്നതായിരുന്നു പ്രവാചകന്റെ ദൗത്യം. അതിന്റെ സ്വാഭാവിക ഫലം മാത്രമായിരുന്നു പ്രവാചകന് കഅബയുടെ വിമോചനം. കഅബ ഖുറൈശികളുടെ വൈകാരിക വിഷയമായിരുന്നു. അതിനെ അവരുടെ പക്ഷത്തുനിന്നുകൊണ്ടുതന്നെ ഏകദൈവ പ്രബോധനത്തിനുവേണ്ടി ഖുര്‍ആന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്ക് വിശപ്പില്‍ നിന്ന് ഭക്ഷണവും ഭയത്തില്‍ നിന്ന് സുരക്ഷിതത്വവും നല്‍കിയത് കഅബയല്ലേ? എങ്കില്‍ പിന്നെ അതിന്റെ നാഥനെയല്ലേ നിങ്ങള്‍ ഉപാസിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത്. (സൂറഃ ഖുറൈശ്, അല്‍ ഖസസ് 57) കേവല പള്ളി വിമോചനമെന്നത് വൈകാരികവും സാമുദായികവുമായ ഒരജണ്ടയാണ്. എന്നാല്‍ ജനതയുടെ വിമോചനമെന്നത് വൈചാരികവും മാനവികവുമായ അജണ്ടയാണ്. രാജ്യത്തിലെ മനുഷ്യരെ ദുരിതങ്ങളില്‍ നിന്നും അവകാശ നിഷേധങ്ങളില്‍ നിന്നും വിമോചിപ്പിക്കാനുള്ള പരിശ്രമത്തിനു ശക്തിപകരുന്ന സ്വഭാവത്തില്‍ ബാബരി വിഷയത്തെയും സെറ്റ് ചെയ്യാന്‍, അതിന്റെ ട്യൂണ്‍ ക്രമീകരിക്കാന്‍, അതുമായി ബന്ധപ്പെട്ട നിലപാടുകള്‍ സ്വീകരിക്കാന്‍ മുസ്‌ലിം സമൂഹത്തിനു സാധിക്കേണ്ടതുണ്ട്.

കഅബ പടുത്തുയര്‍ത്തയിട്ട് ഇബ്‌റാഹിം നബി നടത്തുന്ന പ്രാര്‍ഥന ഈ നാടിന് നീ സുരക്ഷിതതവും ക്ഷേമവും നല്‍കണേ എന്നാണ്. പള്ളി ഒരു കാരണവശാലും ഒരു നാടിന്റെ അരക്ഷിതത്വത്തിനും പിന്നാക്കാവസ്ഥക്കും കാരണമാവരുത്. കഅബ ആ ജനതക്ക് നല്‍കിയ സുരക്ഷിതത്വത്തെക്കുറിച്ച്, സമാധാനത്തെക്കുറിച്ച് എത്ര വ്യാപ്തിയിലാണ് ഖുര്‍ആന്‍ വാചാലമാവുന്നത്.

14 comments:

  1. "കഅബ പടുത്തുയര്‍ത്തയിട്ട് ഇബ്‌റാഹിം നബി നടത്തുന്ന പ്രാര്‍ഥന ഈ നാടിന് നീ സുരക്ഷിതതവും ക്ഷേമവും നല്‍കണേ എന്നാണ്. പള്ളി ഒരു കാരണവശാലും ഒരു നാടിന്റെ അരക്ഷിതത്വത്തിനും പിന്നാക്കാവസ്ഥക്കും കാരണമാവരുത്. കഅബ ആ ജനതക്ക് നല്‍കിയ സുരക്ഷിതത്വത്തെക്കുറിച്ച്, സമാധാനത്തെക്കുറിച്ച് എത്ര വ്യാപ്തിയിലാണ് ഖുര്‍ആന്‍ വാചാലമാവുന്നത്"
    You said it
    Thanks T Muhammed

    ReplyDelete
  2. "രാജ്യം നേരിടുന്ന ദാരിദ്ര്യവും അസമാധാനവും നിരക്ഷരതയും പോഷകാഹാരക്കുറവും ഭൂമിയില്ലായ്മയും മൂലധന ചൂഷണവും എല്ലാം അപ്രസക്തമാവുകയും അമ്പലവും പള്ളിയും അതിന്റെ അവകാശതര്‍ക്കവും പ്രസക്തമാവുകയും ചെയ്യുന്നത് മതത്തിനോ രാജ്യത്തിനോ ഗുണകരമല്ല"
    It is Nice

    ReplyDelete
  3. leaders are nearing to truth..it is hopeful

    ReplyDelete
  4. Babri Masjid Revisited
    http://timesofindia.indiatimes.com/home/opinion/edit-page/Babri-Masjid-revisited/articleshow/6730622.cms

    ReplyDelete
  5. ആത്മീയതയെ കയ്യൊഴിഞ്ഞു ഭൌതീകതയിലേക് നീങ്ങനമെന്നാണോ താങ്കള്‍ ഉദേശിക്കുന്നത്. അതല്ലേ അല്ലാഹുവിന്റെ ഭവനതെക്കാള്‍ പ്രസക്തി താങ്കള്‍ ഭൌതീക സുക സൌകര്യങ്ങള്‍ക്കും അധിക്കരങ്ങള്‍ക്കും നല്‍കുന്നത്. ഇസ്ലാമിക വീക്ഷനതിലാനെകില്‍ ഒരു വിഷയത്തില്‍ നിന്നും ഒളിചോടിയിട്ടല്ല മറ്റൊരു വിഷയത്തെ നേരെയാകിയെടുക്കേണ്ടത്. അതല്ല ഇനി ജനാതിപത്യ പരമായിട്ടാനെങ്കില്‍ ഇന്ത്യയുടെ നീതി നിര്‍വഹണ സംവിധാനവും ഭരണകൂടവും ഏതെങ്കിലും ഒരു സങ്കടിത ശക്തിയുടെ അക്രമത്തെ ഭയന് കൊണ്ട് അനീതി പ്രക്യാപിച്ചാല്‍ അതിനെ അന്ഗീകരിക്കണം എന്ന് പറയുന്നത് രാജ്യത്തു സമാധാനം നിലനില്‍ക്കണമെങ്കില്‍ കുറെ അനീതിയും വേണമെന്നാണോ? സന്കെടിത ശക്തികളുടെ അക്രമത്തെ ഭയന്ന് അവര്‍ക്ക് അനുകൂലമായി വിധിപ്രക്യാപിക്കുകയും അതിനെ പിന്താങ്ങുന്ന ഒരു ഭരണകൂടത്തിനും എങ്ങനെയാണ് ഒരു ബാഹ്യ ശക്തിയുടെ അക്രമത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കഴിയുക? ഇത് മുസ്ലിം സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ മുസ്ലിം ലീഗ് സ്വീകരിക്കുന്ന രാഷ്ട്രീയ സമീപനം മാത്രമാണ്. അവര്‍ സമാധനമെന്നത് അധികാരത്തിലേക് ഉള്ള കുറുക്കു വഴിയായിട്ടാണ് ഉപയോഗിച്ച് കൊണ്ടിരിക്കുനത്.

    ReplyDelete
  6. വെളുക്കുവോളം രാമായണം വായിച്ചിട്ട് സീതയുടെ ഭര്‍ത്താവ് ആരാണ് എന്ന് ചോദിച്ചപ്പോ ദേവേന്ദ്രന്‍ എന്ന് ഉത്തരം പറഞ്ഞത് പോലയായല്ലോ താങ്കളുടെ കമെന്റ് . ലേഖനം വായിച്ചിട്ട് പ്രതികരിക്കുക.
    "അതേസമയം, ഇത് രാജ്യത്തിന്റെ പക്വതയെ വെളിപ്പെടുത്തിയ സന്ദര്‍ഭമാണെന്ന വിലയിരുത്തല്‍ അസ്ഥാനത്താണ്. കാരണം സത്യം വിധിച്ചാല്‍ അതിനെ സംയമനത്തോടെ സ്വീകരിക്കാനുള്ള ജനാധിപത്യവളര്‍ച്ച രാജ്യം കൈവരിച്ചിട്ടില്ല എന്നതാണ് വിധി തെളിയിക്കുന്നത്. ലഖ്‌നോ ബെഞ്ചിന് നേതൃത്വം നല്‍കിയ സിബ്ഗത്തുല്ലാഖാന്‍ തന്റെ വിധിന്യായത്തിന്റെ ആമുഖത്തില്‍ പറയുന്നത് കണക്ക് പരിശോധിച്ചുള്ള തീര്‍പ്പല്ല, രമ്യതയുടെ പാതയിലേക്ക് വഴിനടത്താനാണ് കോടതിയുടെ ശ്രമമെന്നാണ്. സത്യംകൊണ്ട് രമ്യത കൈവരിക്കാന്‍ കഴിയുന്ന പാകതയിലേക്ക് ഇന്ത്യന്‍ ജനാധിപത്യസമൂഹത്തിന് ഇനിയും വളരാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് കോടതിവിധി നല്‍കുന്ന സന്ദേശം."
    പിന്നെ പള്ളികള്‍ എന്തിനാണ് പണിയേണ്ടത് എന്ന പ്രശ്നം . കേവലം ആത്മീയ ആരാധനക്കുള്ള മാര്‍ഗമായല്ല പള്ളികള്‍ വേണ്ടത്. അത് കൊണ്ടാണ് ക'അബ പണിത ഇബ്രാഹിം നബി പ്രാര്‍ത്ഥിച്ചത്‌
    ""കഅബ പടുത്തുയര്‍ത്തയിട്ട് ഇബ്‌റാഹിം നബി നടത്തുന്ന പ്രാര്‍ഥന ഈ നാടിന് നീ സുരക്ഷിതതവും ക്ഷേമവും നല്‍കണേ എന്നാണ്. പള്ളി ഒരു കാരണവശാലും ഒരു നാടിന്റെ അരക്ഷിതത്വത്തിനും പിന്നാക്കാവസ്ഥക്കും കാരണമാവരുത്. കഅബ ആ ജനതക്ക് നല്‍കിയ സുരക്ഷിതത്വത്തെക്കുറിച്ച്, സമാധാനത്തെക്കുറിച്ച് എത്ര വ്യാപ്തിയിലാണ് ഖുര്‍ആന്‍ വാചാലമാവുന്നത്"

    ReplyDelete
  7. നാടിന്റെ സുരക്ഷിതത്തിനു കോട്ടം വരുത്താന്‍ പറ്റുന്ന ആയിരത്തോളം പള്ളികള്‍ ഉണ്ടെന്നാണ് സന്കുപരിവാരത്തിന്റെ കണക്കു. ""കഅബ പടുത്തുയര്‍ത്തയിട്ട് "പടുത്തുയര്‍ത്തയിട്ട്" ഇബ്‌റാഹിം നബി നടത്തുന്ന പ്രാര്‍ഥന ഈ നാടിന് നീ സുരക്ഷിതതവും ക്ഷേമവും നല്‍കണേ എന്നാണ്:'" ആ പ്രാര്‍ത്ഥന ഇപ്പോള്‍ ചില മുസ്ലിം സങ്കടനകളും മുസ്ലിം ലീഗും നടത്താറുള്ളത് പള്ളികള്‍ പോളിക്കപെടുംപോഴും. എന്ത് വിചിത്രമായ വളചോടിപ്പുകള്‍. ആര്‍ക്കാണ് സീതയുടെ കണവനെ മനസിലാകതതെന്നു സ്വയം ചിന്തിച്ചു നോക്കുക

    ReplyDelete
  8. പള്ളിയും ക്ഷേത്രവും ചരിത്രത്തിലുടനീളം അയോദ്ധ്യകള്‍ ഒത്തിരി തീര്‍ത്തു.ബലിയായും കാണിക്കയായും ജീവനുകള്‍ ഹോമിക്കപ്പെട്ടു.എന്നാണാവോ സുബഹിയുടെ സുപ്രഭാതം ?

    ReplyDelete
  9. buji nurungukal jamath shoorayil ayavirakkiyaal mathi,.5 shathamaanam varunna jamathe ghandisa kkaralla allahuvintte palliude kariyathil theerumaanamedukkuka....qiyamath naal vare allahuvintte pallikk ventti kathirikkan indian muslim kal thayyaraan ,

    ReplyDelete
  10. സാദിക്ക്‌---വലിയ വായില്‍ വര്‍ത്തമാനം പറയാതെ---നിങ്ങള്‍ ബാബരി മസ്ജിദ്‌ കാര്യത്തില്‍ എന്ത് ചെയ്തു...ഒരു ചുക്കും ചെയ്യാതെ കമാണ്ടിക്കല്ലേ????//

    ReplyDelete
  11. ആദര്‍ശം പറയാന്‍ എളുപ്പമാണ്.....
    എഴുതാനും..
    ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ഇതുവരെ കണ്ടിട്ടുള്ളതും അതുതന്നെയാണ്...
    ഒരു ഉദാഹരണമല്ല, ഇന്നുവരെയുള്ള ജമാഅത്തിന്റെ ഓരോ കാര്യങ്ങളും അങ്ങിനെ തന്നെയാണ്...
    അബ്ദുല്‍ നാസര്‍ മഅ്ദനി ഐ.എസ്.എസ്. ഉണ്ടാക്കി. ബാബരി ധ്വംസനത്തെത്തുടര്‍ന്ന് അതു നിരോധിച്ചു. തുടര്‍ന്ന് പി.ഡി.പി. ഉണ്ടാക്കി. ബാബരി വിഷയത്തില്‍ മുസ്‌ലിം സംഘടനകളുടെ നിലപാടില്‍ ക്ഷുഭിതരായ വലിയൊരു യുവത മഅ്ദനിയുടെ പിന്നാലെ പോകുന്നത് കണ്ട ജമാഅത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു പുറപ്പാടായിരുന്നു സോളിഡാരിറ്റി.
    പക്ഷേ, സോളിഡാരിറ്റി ഒരു പരിധിവരെ വ്യത്യസ്തമായിരുന്നു.. നാളിതുവരെയായി അത് ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിശോധിച്ചാല്‍ അതു മനസ്സിലാകും. പ്ലാച്ചിമട, കരിമണല്‍, എന്‍ഡോസള്‍ഫാന്‍, വിളച്ചിക്കാല, മുക്കാല്‍സെന്റ്, മൂലമ്പിള്ളി, ഞെളിയന്‍പറമ്പ്, കിനാലൂര്‍..... തുടങ്ങി നിരവധി വിഷയങ്ങള്‍ സോളിഡാരിറ്റി ഏറ്റെടുത്തു. ഈ പ്രശ്‌നങ്ങളിലൊന്നും മുസ്‌ലിം സമുദായത്തിന് പ്രത്യേകിച്ച് ഒരു റോളും ഉണ്ടായിരുന്നില്ല.
    സോളിഡാരിറ്റി എന്തിനു രൂപീകരിച്ചു എന്നത് ഇതില്‍ നിന്നും മനസ്സിലാക്കാം. മാറാട്, ബീമാപള്ളി വെടിവെപ്പ്, ലൗജിഹാദ്, വ്യാജ തീവ്രവാദ ഏറ്റുമുട്ടല്‍.... ഏറ്റവുമൊടുവില്‍ ബാബരി വിധി..... ഇതിലെല്ലാം സോളിഡാരിറ്റിയുടെ നിലപാട് എന്തായിരുന്നു..?
    മറ്റു വിഷയങ്ങളിലെല്ലാം സോളിഡാരിറ്റി സോളിഡാരിറ്റി ആശയത്തോടൊപ്പം കായികമായും സാമ്പത്തികമായും മുന്നിട്ടിറങ്ങിയപ്പോള്‍ സമുദായപ്രശ്‌നങ്ങളില്‍ വെറും ചില പ്രസ്താവന, അതല്ലെങ്കില്‍ ഒരു പോസ്റ്റര്‍ വിപ്ലവം... അതില്‍ക്കൂടുതല്‍ ഒന്നും ഇവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല....
    ഇതില്‍ നിന്നും ഒരു കേരളമുസല്‍മാന്‍ എന്താണ് മനസ്സിലാക്കേണ്ടത്...?
    എന്‍.ഡി.എഫിനെപ്പോലെ ആയുധം കയ്യിലെടുക്കണമെന്നോ നിയമം കയ്യിലെടുക്കണമെന്നോ എന്നല്ല ഞാന്‍ ആവശ്യപ്പെടുന്നത്. മറ്റു വിഷയങ്ങള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം സമുദായവിഷയങ്ങള്‍ക്ക് കൂടി കൊടുക്കണം എന്നാണ് ഞാന്‍ പറയുന്നത്.
    തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജമാഅത്ത് രൂപപ്പെടുത്തിയ ജനകീയമുന്നണി ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ഭരണകൂടത്തില്‍ പങ്കാളിയാകാനുള്ള ഒരു മാര്‍ഗമായിട്ടാണോ സോളിഡാരിറ്റിയെ നിര്‍മിച്ചത്..?
    ടി. മുഹമ്മദില്‍ നിന്നും മറുപടി പ്രതീക്ഷിക്കുന്നു.

    ഇസ്മായില്‍ ലബ്ബ - മലപ്പുറം

    ReplyDelete
  12. ഇസ്മാഇല്‍ ലബ്ബ മലപ്പുറത്തിന്റെ കമന്റ് ഏറെ ശ്രദ്ധേയമാണ്. വളരെ ഗൗരവത്തോടെ ഞാനതിനെ നോക്കിക്കാണുന്നു. എന്‍.ഡി.എഫിനെപ്പോലെ ആയുധവും നിയമവും കൈയിലെടുക്കണമെന്നല്ല ഞാനുദ്ദേശിച്ചത് എന്ന പ്രസ്താവന വളരെ ശ്രദ്ധേയാണ്. സോളിഡാരിറ്റി മറ്റ് വിഷയങ്ങള്‍ സമാധാനപരമായും ജനാധിപത്യപരമായും ഏറ്റെടുക്കുന്നതുപോലെ മുസ്‌ലിം സമുദായപ്രശ്‌നങ്ങളും ഏറ്റെടുക്കണമെന്ന ഇസ്മാഇല്‍ ലബ്ബയുടെ മനസ്സ് നന്നായി മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നാണ്. സമുദായ വിഷയങ്ങളെ സമുദായവിഷയമായി കാണുന്നതിനുപകരം പൊതുവിഷയമായി കാണുക എന്നതാണ് സോളിഡാരിറ്റിയുടെ സമീപനം.

    ഈ പ്രവര്‍ത്തനകാലയളവില്‍ (2009-11) സോളിഡാരിറ്റി ആദ്യമായി നടത്തിയ റാലിയും സമ്മേളനവും ലിബര്‍ഹാന്‍ കമ്മീഷന്‍ വിഷയത്തിലായിരുന്നു. സോളിഡാരിറ്റി മനസ്സിലാക്കുന്നത് ബാബരിമസ്ജിദ് ഒരു മുസ്‌ലിം വിഷയമല്ല, രാജ്യത്തിന്റെ പൊതുവിഷയമാണ്. ബാബരിധ്വംസനം മുസ്‌ലിംകള്‍ക്ക് നേരെ നടന്ന കൈയേറ്റമെന്നതിനേക്കാള്‍ രാജ്യത്തെ നിയമവാഴ്ചക്കെതിരെ നടന്ന കൈയേറ്റമാണ്. ബീമാപള്ളി വെടിവെപ്പിനെതിരെ സോളിഡാരിറ്റി കേരളത്തിലെ എല്ലാ എസ്.പി. ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തി. മുസ്‌ലിം പ്രശ്‌നത്തില്‍ മാത്രമല്ല DHRM നെതിരെ പോലീസ് വേട്ട ഉണ്ടായപ്പോഴും സോളിഡാരിറ്റി ഇടപെട്ടിരുന്നു. മാറാട് കലാപത്തെത്തുടര്‍ന്നാണ് സൗഹൃദകേരളത്തിന് യുവജനാഹ്വാനം എന്ന കാമ്പയിന്‍ നടന്നത്. അവിടെ വളരെ കടുത്ത സാമുദായിക സംഘര്‍ഷമുണ്ടായതോടെ ജമാഅത്തെ ഇസ്‌ലാമിയുടെ അന്നത്തെ കേരള അമീര്‍ പ്രൊഫ. കെ.എ. സിദ്ദീഖ് ഹസന്‍ സാഹിബ് മാറാട് സന്ദര്‍ശിക്കുകയും അത് സംഘര്‍ഷാവസ്ഥയില്‍ അയവ് വരുത്തുകയും ചെയ്തിരുന്നു. അരയസമാജവുമായി സംസാരിച്ച ആദ്യത്തെ മുസ്‌ലിംലീഡര് അദ്ദേഹമാണ്. അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ നിയമപരവും നിത്യജീവിതസംബന്ധിയുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിംസംഘടനകളുമായി ചേര്‍ന്ന് പൊതുസംവിധാനം ഉണ്ടാക്കുകയും അതില്‍ സജീവമായി ഭാഗവാക്കാവുകയും ചെയ്യുന്നു. വ്യാജ തീവ്രവാദി ഏറ്റുമുട്ടല്‍ ബട്‌ലാ ഹൗസില്‍ നടന്നപ്പോള്‍ അതിനെതിരെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധ വിശദീകരണ സദസ്സുകള്‍ സംഘടിപ്പിച്ചു. കേരളത്തിലെ പ്രഗല്‍ഭരായ പൊതുവ്യക്തിത്വങ്ങള്‍ അതില്‍ പങ്കെടുത്തിരുന്നു. സാമുദായിക വിഷയങ്ങളിലെ ഇടപെടല്‍ ഇവിടെ ഫാഷിസ്റ്റുകളും സാമ്രാജ്യത്വവും ആഗ്രഹിക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാവരുതെന്ന് സോളിഡാരിറ്റി നിര്‍ബന്ധമുണ്ട്. മഅ്ദനിയുടെ അറസ്റ്റിന്റെ വിഷയത്തില്‍ അതിനെതിരായി ഉയര്‍ന്നുവന്ന പ്രസ്ഥാനത്തില്‍ നേതൃപരമായ പങ്കാണ് ജമാഅത്തും സോളിഡാരിറ്റിയും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. മുസ്‌ലിം സാമുദായിക രാഷ്ട്രീയത്തോട് മുഖാമുഖം പൊരുതിയാണ് അത് നിര്‍വഹിക്കുന്നത്. മഅ്ദനി മനുഷ്യാവകാശ പ്രസ്ഥാനം അസാധ്യമാകണമെന്നത് ലീഗിന് നിര്‍ബന്ധബുദ്ധിയുള്ള കാര്യമാണ്.

    തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി രൂപപ്പെടുത്തിയ ജനകീയ മുന്നണിയുടെ പശ്ചാത്തലത്തില്‍ അധികാരത്തില്‍ പങ്കാളിയാകാനുള്ള ഒരു മാര്‍ഗമായിട്ടാണോ സോളിഡാരിറ്റി നിര്‍മിച്ചത് എന്നു ചോദിക്കുന്നുണ്ട്. അധികാരം നിഷിദ്ധമാണെന്നോ അനാശാസ്യമാണെന്നോ ജമാഅത്തും സോളിഡാരിറ്റിയും മനസ്സിലാക്കുന്നില്ല. നമ്മുടെ രാഷ്ട്രീയക്കാര്‍ അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാക്കിയ അധികാരത്തെക്കുറിച്ച പ്രതിച്ഛായയാണത്. അതിനെ തിരുത്തുക എന്നതാണ് ധാര്‍മികതയില്‍ വിശ്വസിക്കുന്ന പൊതുപ്രവര്‍ത്തകരുടെ ഉത്തരവാദിത്തം. ജനസേവനം സോളിഡാരിറ്റിക്കും ജമാഅത്തിനും ദൈവാരാധനയാണ്. ജനസേവനത്തിനുള്ള പലവഴികളില്‍ ഒന്നാണ് അധികാരം എന്നല്ല ഏറ്റവും വലിയ വഴി അധികാരമാണ്. അധികാരം ആസക്തിയോ അലങ്കാരമോ അല്ല, കഠിനമായ ഉത്തരവാദിത്തമാണ്. സാമൂഹ്യജീവിതത്തിന്റെ എല്ലാരംഗവും സ്പര്‍ശിക്കുന്ന ഒരു പ്രസ്ഥാനം അധികാരത്തെ മാത്രം തൊടാന്‍ ശ്രമിക്കരുത് എന്നത് അരാഷ്ട്രീയവാദമാണ്. നിലവിലെ ജീര്‍ണവും ജനവിരുദ്ധവുമായ അധികാരശക്തികളെ സംരക്ഷിക്കാന്‍ മാത്രം സഹായിക്കുന്ന വാദമുഖമാണ്. ജനസേവനത്തിനും ജനവിമോചനത്തിനും വേണ്ടിയുള്ള നിസ്വാര്‍ഥവും ധാര്‍മികവുമായ അധികാരം സോളിഡാരിറ്റിയുടെയും ജമാഅത്തിന്റെയും ലക്ഷ്യം തന്നെയാണ്. ജാതിമത വ്യത്യാസമില്ലാതെയാണ് ആ പോരാട്ടവഴിയില്‍ മനുഷ്യരെ അണിനിരത്തേണ്ടത്. അതിന്റെ അടിത്തറയും പ്രചോദനവും സോളിഡാരിറ്റിക്കും ജമാഅത്തിനും ഇസ്‌ലാമാണ്.

    ReplyDelete